സാംസ്കാരിക സമുച്ചയങ്ങൾ വരുന്നു, അവയുടെ സാധ്യതകളെക്കുറിച്ച്​ ആലോചിച്ചുതുടങ്ങാം

സംസ്​ഥാനത്ത്​ എല്ലാ ജില്ലകളിലും സാംസ്​കാരിക സമുച്ചയങ്ങൾ ഉയരുകയാണ്​. ഈ സാഹചര്യത്തിൽ അവയുടെ നടത്തിപ്പിനെയും പ്രവർത്തനങ്ങളെയും പറ്റിയും പ്രാവർത്തികമാക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും​ ഒരാലോചന.

ല്ലാ ജില്ലയിലും സാംസ്​കാരിക സമുച്ചയങ്ങൾ ഉയരുകയാണല്ലോ. ഈ സാഹചര്യത്തിൽ അവയുടെ നടത്തിപ്പിനെയും അവിടങ്ങളിൽ നടത്താവുന്ന പ്രവർത്തനങ്ങളെയുംപറ്റി വിപുലമായ ആലോചന വേണം. അതിനു തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കുറിപ്പ്.

സാംസ്​കാരിക സമുച്ചയം എന്ന് ആവർത്തിച്ചുപറയുന്നത്​ ശ്രമകരം ആയതിനാലും സംസ്ഥാനബാഹ്യ സഹകരണം ഉൾപ്പെടെ സാദ്ധ്യമാകുകയാണെങ്കിൽ പേര് അവർക്കു വഴങ്ങുന്നതായാൽ കൊള്ളാം എന്നതിനാലും ആ പേര് ലളിതവും ലഘുവും ആക്കുന്നതു നന്നായിരിക്കും. കേരളത്തിലെ പ്രാചീന സർവകലാശാലകൾ ശാല എന്നാണല്ലോ അറിഞ്ഞിരുന്നത്. ആ പാരമ്പര്യം പിൻപറ്റി ‘സംസ്​കാര ശാല’ എന്ന പേര് ഉചിതമാകും എന്നു തോന്നുന്നു. കേരളം ഇന്ന് ഒരു ബ്രാൻഡ് ആയതിനാൽ അതും ചേർത്ത് ‘കേരള സംസ്​കാരിക ശാല’ എന്നാക്കാം. സംസ്​കാരയും ഒഴിവാക്കി ‘കേരള ശാല’ മതിയാകും എന്നു തോന്നുന്നു. ജില്ലാപ്പേരും ഒപ്പം എഴുതാം. ഉദാ: അയ്യങ്കാളി കേരള ശാല, തിരുവനന്തപുരം. ഇതു കേവലമൊരു നിർദ്ദേശം മാത്രം. കേരള ചേർത്ത ലളിതമായ ഇംഗ്ലിഷ് പേരും ആകാം. നല്ല പേരു കണ്ടെത്തി സർക്കാർ അംഗീകരിക്കട്ടെ.

യഥാർത്ഥ ലക്ഷ്യം നിറവേറണമെങ്കിൽ ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ്​സർക്കാർ സംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വിടാതെ ജനകീയ സമിതികളെ ഏൽപ്പിക്കണം. നടത്തിപ്പുരീതിയും ജനകീയ ചർച്ചകളിലൂടെ ജനാധിപത്യ മാതൃകയിൽ രൂപപ്പെടുത്തണം. ഓരോ ഭരണസമിതിയുടെ കാലാവധിയും നിജപ്പെടുത്തണം. ഒരേയാളുകൾ അട്ടിപ്പേറു കിടന്ന്​ കുടുംബസ്വത്തുപോലെ ആക്കുന്ന സ്ഥിതി ഒഴിവാക്കണം. ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ അവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കാനുള്ള ജാഗ്രതയും സാംസ്​കാരിക കേരളത്തിന്റെ മുൻകൈയിൽ ഉണ്ടാകണം.

വലിയ സാദ്ധ്യതകളാണ് ഈ ശാലകൾ തുറക്കുന്നത്. സാഹിത്യരചനകൾക്കും ചിത്ര- ശില്പ രചനകൾക്കും നാടക ക്യാമ്പുകൾക്കും മറ്റു കലകളുടെ ശില്പശാലകൾക്കും അവയുടെയെല്ലാം പ്രദർശനങ്ങൾക്കും വിപണനത്തിനും ആസ്വാദനത്തിനും ആസ്വാദകപരിശീലനത്തിനും വായനയ്ക്കും ജനകീയ ഗവേഷണങ്ങൾക്കും ഒക്കെ സൗകര്യമുള്ള കേന്ദ്രങ്ങൾ ആകണം അവ. ഇതിനൊക്കെയുള്ള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഇല്ലെങ്കിൽ അവ അതേ ക്യാമ്പസുകളിൽത്തന്നെ വികസിപ്പിക്കണം.

സാംസ്​കാരിക സമുച്ചയങ്ങളെ ഗുണമേന്മയുള്ള കലാ സാംസ്​കാരികോത്പന്നങ്ങളുടെ ഉത്പാദനശാലകൾ ആക്കണം. പതിനാലു സാംസ്​കാരിക സമുച്ചയങ്ങളും ഇക്കാര്യത്തിൽ നല്ലതിനായി മത്സരിക്കണം. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനുവേണ്ട എല്ലാ പിന്തുണയും സർക്കാരും പൊതുനന്മാഫണ്ടു വിനിയോഗിക്കുന്ന വ്യവസായ- വാണിജ്യ സംരംഭങ്ങളും ഒക്കെ നല്കണം. ഏതെങ്കിലുമൊക്കെ സാംസ്​കാരികോൽപ്പന്നങ്ങൾ സ്പോൺസർ ചെയ്യാനുള്ള അവസരവും സ്വകാര്യ സംരംഭകർക്കും സംഘടനകൾക്കും മറ്റും നല്കാം. എങ്കിൽ, സംശയിക്കണ്ടാ, അഞ്ചുകൊല്ലം‌കൊണ്ട്​ കേരളത്തിന്റെ സാംസ്​കാരിക രംഗം നമ്മെ വിസ്മയിപ്പിക്കും.

ഓരോ കേന്ദ്രവും ഓരോ വർഷവും ഉണ്ടാകേണ്ട സാംസ്​കാരികോൽപ്പന്നങ്ങളുടെയും നടക്കേണ്ട കലാ സാംസ്​കാരിക പ്രവർത്തനങ്ങളുടെയും കലണ്ടർ മുൻകൂട്ടി തയ്യാറാക്കാം.

പുതിയതിനു വേണ്ടിയുള്ള അന്വേഷണങ്ങൾക്കൊപ്പം കവിതകളുടെ ചൊൽക്കാഴ്ചയും ദൃശ്യകലാരൂപത്തിലുള്ള പുനരാഖ്യാനങ്ങളും അവയുടെ ഹ്രസ്വചിത്രങ്ങളും പോലെ ജനങ്ങൾ സ്വീകരിക്കും എന്നുറപ്പുള്ള നിലവിലെ ആവിഷ്​കാര രൂപങ്ങളും ധാരാളമായി നിർമിക്കാം. തെരുവുനാടകങ്ങൾ പോലെ ചെലവു കുറഞ്ഞതും ശക്തമായി സംവേദിക്കുന്നതുമായ കലകൾക്കും കാഴ്ചക്കാരെക്കൂടി പങ്കാളികളാക്കുന്ന തരം അവതരണങ്ങൾക്കും മുൻഗണന നല്കാം. മനസിലാക്കാൻ പ്രത്യേക അനുശീലനം വേണ്ട ക്ലാസിക്കൽ കലകളുടെ അവതരണത്തിന്റെ ഭാഗമായി അവ ആസ്വദിക്കാൻ പഠിപ്പിക്കുകയും സംസ്കൃത ശ്ലോകങ്ങളുടെയും പദങ്ങളുടെയും അർത്ഥവും മുദ്രകളും മറ്റു ഗഹനമായ കാര്യങ്ങളും സോദാഹരണപ്രഭാഷണങ്ങളിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നതു നിർബ്ബന്ധമാക്കണം.

ലോകോത്തര ജേണലുകളുടെ ഡിജിറ്റൽ പതിപ്പിന്റെ വരി ചേർന്ന് അവയെല്ലാം പൊതുജനങ്ങൾക്ക്​ ലഭ്യമാക്കണം. ഇവയുടെ ലോഗിൻ പരസ്യപ്പെടുത്തുന്നത് ഉചിതമല്ലാത്തതിനാൽ വായിക്കാൻ വരുന്നവർക്ക് ഏതാനും കിയോസ്കുകളോ ഇ-ബുക് റീഡറുകളോ ടാബുകളോ ലഭ്യമാക്കാം. ആവശ്യമായ ജേണൽ ലൈബ്രേറിയൻ ലോഗിൻ ചെയ്തു കൊടുത്താൽ മതിയാകും. അക്കാദമികരംഗത്തുള്ളവരെ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്താനും ഇതു സഹായിക്കും.

കേരളീയരില്ലാത്ത ലോകരാജ്യങ്ങൾ കുറവാണ്. അവിടങ്ങളിലെ പ്രവാസീ സഹോദരരുമായി ബന്ധപ്പെടാനും ഇന്നു പ്രയാസമില്ല. അവരിൽ ഇത്തരം കാര്യങ്ങളിൽ താത്പര്യവും ആ നാടുകളിൽ ഇടപെടൽശേഷിയും ഉള്ളവരെ കണ്ടെത്തിയാം പലതരം സാംസ്​കാരിക വിനിമയങ്ങൾ സാദ്ധ്യമാക്കാം. ആ ഭാഷകളിൽ ഉണ്ടാകുന്ന മികച്ച സിനിമകളിൽ ഇംഗ്ലിഷ് സബ്‌റ്റൈറ്റിൽ ഉള്ളവയുടെയും പുസ്തകങ്ങളിൽ ഇംഗ്ലീഷ് പരിഭാഷ ഉള്ളവയുടെയും 14 പതിപ്പുവീതം അവരുടെ സഹായത്തോടെ വരുത്താൻ കഴിഞ്ഞാൽ അവയുടെ ആർക്കൈവ് ഉണ്ടാക്കി ജനങ്ങൾക്കു ലഭ്യമാക്കാം. അത്യപൂർവ്വവും വിപുലവുമായ ശേഖരം ആയിരിക്കും ഇത്. (ഈ ആശയത്തിന്​ജയ ശ്രീകുമാറിനോടു കടപ്പാട്,) ഇവയിൽ വില കൊടുക്കേണ്ടവ അതതു രാജ്യത്തെ കേരളീയരുടെ സംഭാവനയാക്കി മാറ്റാൻ കഴിയും.

വിദേശങ്ങളിലെ കലാ സാംസ്​കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശീയ കലാരൂപങ്ങളുടെ കലാസംഘങ്ങളെ നാട്ടിലെത്തിച്ച് അവരുടെ പരിപാടികൾ നടത്താം. എല്ലാ ജില്ലയിലെയും സാംസ്​കാരിക സമുച്ചയങ്ങളിലായി ഒന്നോ രണ്ടോ ദിവസത്തെവീതം 14-ഓ 28-ഓ അവതരണം ഉണ്ടെങ്കിൽ ചെലവു ഗണ്യമായി കുറയും. സാംസ്​കാരിക സമുച്ചയങ്ങളുടെ ആഭിമുഖ്യത്തിൽ വികേന്ദ്രിതമായി ജില്ലയുടെ പലഭാഗങ്ങളിൽ അവതരണം നടത്തുകയുമാകാം. ഇവരുമായുള്ള എക്സ്‌ചേഞ്ച് എന്ന നിലയിൽ ജില്ലയിലെ കലാസംഘങ്ങളെയും കലാകാരരെയും ആ നാടുകളിലെത്തിച്ച്​ പരിപാടി അവതരിപ്പിക്കുകയും ചെയ്യാം. തനതായ കരകൗശലവിദ്യകളുടെ കാര്യത്തിലും ഇത്തരം കൈമാറ്റം ഗുണം ചെയ്യും.

ചിത്ര- ശില്പ കലകളും സംഗീതവും വാദ്യങ്ങളും നൃത്തങ്ങളുമൊക്കെ അഭ്യസിച്ചവർക്ക് ഉയർന്ന തലങ്ങളിലേക്കു സ്വയം ഉയരാൻ ആ രംഗത്തെ പ്രാമാണികരെ വരുത്തി ആഴ്ചകൾ നീളുന്ന ശില്പശാലകളും പരിശീലനങ്ങളും നല്കാം. അത് സ്ഥാപനത്തിന്റെ നടത്തിപ്പിനുള്ള വരുമാനമായും മാറും. വേണ്ടപ്പെട്ടവർക്ക്​ നാലു കാശു കൊടുക്കാനുള്ള ഉപാധിയാക്കി അതിനെ തുലയ്ക്കാതിരിക്കാൻ ആകാശവാണിയും മറ്റും ചെയ്യുന്നതുപോലെ ഒരാൾക്കു വീണ്ടും അവസരം നല്കുന്നത് ആറുമാസത്തിനുശേഷം മാത്രം എന്നതരം വ്യവസ്ഥകൾ വയ്ക്കണം.

ചോളമണ്ഡലം‌ പോലെ കലാകാരർക്കും എഴുത്തുകാർക്കും താമസിച്ചു സർഗപ്രവർത്തനം ചെയ്യാനുള്ള സൗകര്യം ഇത്തരം കേന്ദ്രങ്ങളോടനുബന്ധിച്ച് ഉണ്ടാകുന്നതു കൂട്ടായ ചർച്ചകൾക്കും ആശയോത്പാദനത്തിനും പുതിയതരം സൃഷ്ടികൾക്കും സഹായകമാകും. എന്നാൽ, ആരുടെയും സുഖവാസകേന്ദ്രം ആകാതിരിക്കാൻ വ്യവസ്ഥകൾ ഉണ്ടാക്കുകയും വേണം. മിതമായ വാടക വരുമാനമാകും.

അതതു ജില്ലയിലെ വീഡിയോ നിർമിക്കുന്ന പ്രതിഭകൾക്ക് എഡിറ്റിങ്ങിനും ശബ്ദലേഖനത്തിനും മറ്റു പ്രൊഡക്‌ഷൻ കാര്യങ്ങൾക്കും അത്യാവശ്യം വേണ്ട സംവിധാനം ഒരുക്കിയാൽ അതും ഒരു വരുമാനമാർഗ്ഗവും തൊഴിൽസൃഷ്ടിയും ആകും. അതതു ജില്ലയിൽ ബാനറെഴുത്തും സ്റ്റേജ് ഡിസൈനും ഡെക്കറേഷനും പരിപാടികളുടെ വീഡിയോ കവറേജും വെബ്‌കാസ്റ്റും ചെയ്യുന്നവരും കരകൗശലവിദഗ്ദ്ധരും മുതൽ തലമൂത്ത കലാസാഹിത്യപ്രവർത്തകരുടെ വരെയുള്ള സമഗ്രമായ ഡേറ്റാബേസ് ഓരോ സാംസ്ക്കാരികസമുച്ചയത്തിലും ഉണ്ടാകണം.

ഓരോ ജില്ലയുടെയും പ്രാദേശിക ചരിത്രഗവേഷണവും രചനയും പോലെ പ്രത്യേക പ്രൊജക്റ്റുകൾ ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ചെയ്യാം. ഇവയ്ക്കുവേണ്ട ധനവിഭവം സ്പോൺസർഷിപ്പോ പൊതുനന്മാഫണ്ടോ വഴി കണ്ടെത്താം. ചലച്ചിത്ര അക്കാദമിയും ജില്ലയിലെ ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെടുത്തി സംസ്ഥാന- ദേശീയ- അന്താരാഷ്ട്രതലത്തിലെ മികച്ച സ്ഥിരമായി സിനിമകൾ പ്രദർശിപ്പിക്കുന്ന ഓരോ തിയറ്റർ എല്ലാ കേന്ദ്രത്തിലും സജ്ജീകരിക്കുന്നത് നന്നായിരിക്കും. നമ്മുടെ രാജ്യാന്ത ചലച്ചിത്രോത്സവത്തിന്റെ കുട്ടിയുത്സവപ്പറമ്പുകളായും ഇവയെ ആ സമയം ഉപയോഗപ്പെടുത്താം.

ജനങ്ങളെ ആകർഷിക്കാൻ സർക്കാരിന്റെ സേവനങ്ങളെപ്പറ്റിയുള്ള അറിവും അപേക്ഷിക്കാൻ സഹായവും നല്കുന്ന ഒരു കൗണ്ടറും പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിപ്പിക്കാം. പിആർഡിയുടെ കൾച്ചറൽ ഡെവലപ്‌മെൻറ്​ ഓഫീസിന്റെ പ്രവർത്തനവുമായും ഈ ശാലകളെ നന്ധിപ്പിക്കാം.

ഈ കേന്ദ്രങ്ങളെ പുരോഗമന- ജനാധിപത്യ- മതനിരപേക്ഷ- ലിംഗനിരപേക്ഷ പൊതുവിടങ്ങളായി വികസിപ്പിക്കുകയും നിലനിർത്തുകയും വേണം. ഭിന്നശേഷീസൗഹൃദവും വനിതാ- ലിംഗ ലൈംഗികന്യൂനപക്ഷ സൗഹൃദവും ആയിരിക്കണം നിർമാണവും നടത്തിപ്പും. ഇതെല്ലാം നമ്മുടെ സാംസ്ക്കാരികപ്രവർത്തനങ്ങളുടെയും പൊതുവിടങ്ങളുടെയും മുഖമുദ്രയാക്കണം; പൊതുസമീപനവും ആകണം.

ഇനിയും എന്തെന്തെല്ലാം സാധ്യതകളുണ്ട്! നാം കൂട്ടായി ആലോചിച്ചാൽ അവയെല്ലാം സമാഹരിക്കാനാകും. തുടങ്ങുമ്മുമ്പേ അത്തരം ചർച്ചകൾ ഉണ്ടായില്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ എഴുതിവയ്ക്കുന്ന ചട്ടക്കൂട്ടിൽ അതു തളയ്ക്കപ്പെട്ടുപോകും. പല പരമ്പരാഗതസ്ഥാപനങ്ങളുംപോലെ പാഴായിപ്പോകും. നവകേരളസൃഷ്ടിയിൽ വലിയ പങ്കു വഹിക്കാൻ കഴിയുന്ന ഒരു സ്ഥാപനം അങ്ങനെ ആയിക്കൂടല്ലോ.

Comments