കുപ്രസിദ്ധമായ ‘കോ- ലീ- ബി സഖ്യം അരങ്ങേറിയ മണ്ഡലം. യു.ഡി.എഫും ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കി ‘പൊതുസ്വതന്ത്രനെ' നിർത്തിയിട്ടുപോലും സി.പി.എം ജയിച്ചുകയറിയ മണ്ഡലം.
പി.എം. മുഹമ്മദ് റിയസിന്റെ പേരാണ് ഇത്തവണ സി.പി.എം പട്ടികയിൽ. 2016ൽ സി.പി.എമ്മിലെ വി.കെ.സി. മമ്മദ് കോയ 14,363 വോട്ടിനാണ് കോൺഗ്രസിലെ എം.പി. ആദം മുൽസിയെ തോൽപ്പിച്ചത്. ബേപ്പൂർ ഇത്തവണ ലീഗിന് ലഭിച്ചേക്കും. അങ്ങനെയാണെങ്കിൽ 1996ലും 2006ലും മത്സരിച്ച ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല തന്നെയാകും ഇത്തവണയും. കോൺഗ്രസിനാണെങ്കിൽ പി.എം. നിയാസിനാണ് സാധ്യത. എന്നാൽ, ലീഗ് ബേപ്പൂർ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമാകേണ്ടതുണ്ട്.
1965ൽ മണ്ഡലം നിലവിൽവന്നശേഷം 13 തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണയൊഴികെ എൽ.ഡി.എഫിനായിരുന്നു ജയം. എൻ.പി. മൊയ്തീനാണ് ജയിച്ച ഏക കോൺഗ്രസുകാരൻ.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി പ്രകാശൻ 27,958 വോട്ട് നേടി. രമ്യ മുരളി, പ്രകാശ്ബാബു എന്നിവരാണ് ബി.ജെ.പി സാധ്യതാപട്ടികയിൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 14ൽ 13 വാർഡും എൽ.ഡി.എഫിനായിരുന്നു. അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ വാർഡുകളാണ് എൽ.ഡി.എഫ് സ്വന്തമാക്കിയത്. കടലുണ്ടി പഞ്ചായത്തും എൽ.ഡി.എഫിനൊപ്പമായിരുന്നു. രാമനാട്ടുകര, ഫറോക്ക് നഗരസഭകളാണ് യുഡിഎഫ് നേടിയത്.
1965, 1967, 1970 വർഷങ്ങളിൽ സി.പി.എമ്മിലെ കെ. ചാത്തുണ്ണി മാസ്റ്ററാണ് ജയിച്ചത്. 1970ലാണ് ലീഗ് ആദ്യമായി മത്സരിച്ചത്. പി.കെ. ഉമ്മർഖാനെ ചാത്തുണ്ണി മാസ്റ്റർ തോൽപ്പിച്ചത് 2315 വോട്ടിന്. 1977ൽ കോൺഗ്രസിലെ എൻ.പി. മൊയ്തീൻ ചാത്തുണ്ണി മാസ്റ്റർക്കെതിരെ അട്ടിമറി ജയം നേടി. 1980ൽ മൊയ്തീൻ സി.പി.എം പിന്തുണയുള്ള കോൺഗ്രസ്- യു സ്ഥാനാർഥിയായിരുന്നു, ലീഗിലെ എൻ.കെ. അബ്ദുല്ലക്കോയയെയാണ് തോൽപ്പിച്ചത്. 1980ൽ സി.പി.എമ്മിലെ കെ. മൂസക്കുട്ടിക്ക് ജയം. 1987, 1991, 1996 വർഷങ്ങളിൽ ടി.കെ. ഹംസയാണ് ജയിച്ചത്.
1991ലായിരുന്നു കുപ്രസിദ്ധ കോ- ലീ- ബി സഖ്യം. യു.ഡി.എഫ് നേതൃത്വം ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി ഡോ.കെ. മാധവൻകുട്ടി എന്ന ‘പൊതുസ്വതന്ത്ര' സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. ഒപ്പം,
വടകര ലോക്‌സഭാ മണ്ഡലത്തിൽ അഡ്വ. രത്‌നസിങ്ങിനെയും മൽസരിപ്പിച്ചു. മഞ്ചേശ്വരത്ത് കെ.ജി. മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ. രാമൻപിള്ള, തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ഒ. രാജഗോപാൽ എന്നിവർക്ക് യു.ഡി.എഫ് പിന്തുണയും ഈ ധാരണയുടെ ഭാഗമായിരുന്നു.
ഈ അവസരവാദ സഖ്യം ജനങ്ങൾ തന്നെ പൊളിച്ചുകൊടുത്തു. ടി.കെ. ഹംസ 6270 വോട്ടിനാണ് മാധവൻകുട്ടിയെ തോൽപ്പിച്ചത്. 1996ൽ ഹംസ ഉമർ പാണ്ടികശാലയെ 12,096 വോട്ടിന് തോൽപ്പിച്ചു. 2001ൽ എം.സി. മായിൻഹാജി വി.കെ. മമ്മദ് കോയയോട് 5071 വോട്ടിന് തോറ്റു. ബി.ജെ.പി സ്ഥാനാർഥിയായി എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയും മത്സരിച്ചിരുന്നു. 10,934 വോട്ടാണ് ലഭിച്ചത്.
2006ൽ സി.പി.എമ്മിലെ എളമരം കരീം ഉമർ പാണ്ടികശാലയെ തോൽപ്പിച്ചു. 2011ലും എളമരം കരീം ജയം ആവർത്തിച്ചു, കോൺഗ്രസിലെ ആദം മുൽസിയെയാണ് തോൽപ്പിച്ചത്. കോഴിക്കോട് മേയറായി മാസങ്ങൾ തികയും മുമ്പായിരുന്നു 2016ൽ വി.കെ.സി. മമ്മദ് കോയ വീണ്ടും സ്ഥാനാർഥിയായത്.
രാമനാട്ടുകര, ഫറോഖ് നഗരസഭകളും കടലുണ്ടി പഞ്ചായത്ത്, കോർപറേഷന്റെ അരീക്കാട് നോർത്ത്, അരിക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളും അടങ്ങിയ മണ്ഡലം.