കാവിക്കൊടി പിടിച്ച ഭാരത മാതയുടെ രാഷ്ട്രീയച‍ർച്ചകൾ, പൊതുബോധം രൂപപ്പെടുത്തുന്ന ഇമേജറികൾ

“കേരളത്തിലെ ‘ഭാരത മാത’ വിവാദം രാഷ്ട്രീയ വിയോജിപ്പിന്റെ ക്ഷണികമായ ഒരു എപ്പിസോഡ് മാത്രമായി ചുരുക്കി കാണേണ്ട. പ്രത്യയശാസ്ത്ര വ്യാപനം, സാംസ്കാരിക നിയന്ത്രണം, പ്രതീകാത്മക യുദ്ധം എന്നിവയുടെ ഉപകരണങ്ങളായി മാറുന്നുവെന്ന് നിരീക്ഷിക്കാം. പൊതുബോധം രൂപപ്പെടുത്തുന്നതിൽ ഇമേജറികളുടെ പങ്ക് എന്താണ്? രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്ന ഒരു ചിഹ്നത്തിന് ഒരു ബഹു-മത, ബഹുഭാഷാ സമൂഹത്തിത്തെ ഉൾക്കൊള്ളാൻ കഴിയുമോ?,” ഡോ. ആന്റോ പി. ചീരോത എഴുതുന്നു.

“What do pictures want? They want to be looked at, to be recognized, to be interpreted, and perhaps even to be obeyed.” അമേരിക്കൻ സാംസ്കാരിക ചിന്തകൻ ഡബ്ല്യു.ജെ.ടി. മിച്ചലിന്റെ (W.J.T. Mitchell) പ്രശസ്തമായ ചോദ്യമാണ്: "What do pictures want?" ചിത്രങ്ങൾ കാണപ്പെടാൻ ആഗ്രഹിക്കുന്നു, അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവരിൽ വികാരങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ, കേരളത്തിൽ ‘ഭാരത മാതാവ്’ (Bharat Mata) ചിത്രത്തിന്റെ ഭരണഘടനാ ഓഫീസുകളിലെ പ്രദർശനങ്ങൾ വെറും ആകസ്മികമാകാൻ തരമില്ലെന്നാണ് തോന്നുന്നത്. അതിന് പിന്നിൽ ഒരു പ്രബലമായ പ്രത്യയശാസ്ത്രപരമായ ഉദ്ദേശങ്ങളുണ്ടാകാം. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇമേജുകൾ (ഇവിടെ ‘ഭാരത മാതാവ്’) എങ്ങനെ ഒരു സമൂഹത്തിന്റെ മനസ്സിനെയും രാഷ്ട്രീയത്തിനെയും സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുള്ള ചില അക്കാദമിക നിരീക്ഷണങ്ങളാണ് ഈ കുറുപ്പിൽ.

കഴിഞ്ഞ ജൂൺ 05-ന് കേരള കാർഷിക വകുപ്പ് പരിസ്ഥിതി ദിനാഘോഷം ഗവർണറുടെ രാജ്ഭവനിൽ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും 'ഭാരത് മാത'-യുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടന്ന് പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിലെ ദർബാർ ഹാളിലേക്ക് മാറ്റി. ഭാരത് മാതാവിന്റെ ഛായാചിത്രത്തിന് പുഷ്പം അർപ്പിക്കണമെന്ന രാജ്ഭവൻ അഭ്യർത്ഥനയെ തുടർന്നാണ് വകുപ്പ് മന്ത്രി രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ചത്. പരമ്പരാഗത നിലവിളക്കിനൊപ്പം 'കാവിക്കൊടി പിടിച്ച ഭാരത മാത' യുടെ ചിത്രം ഉൾപ്പെടുത്തിയതോടെ ഇമേജുകളുടെ രാഷ്ട്രീയ ഉപയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഗൗരവ സ്വഭാവമുള്ള ഒരു കേസ് സ്റ്റഡിയായി പോലും സംഭവത്തെ എടുക്കാമെന്ന അക്കാദമിക താൽപര്യത്തിൽ മാത്രമാണ് ഈ എഴുത്ത്.

 ഭാരത് മാതാവിന്റെ ഛായാചിത്രത്തിന് പുഷ്പം അർപ്പിക്കണമെന്ന രാജ്ഭവൻ അഭ്യർത്ഥനയെ തുടർന്നാണ് വകുപ്പ് മന്ത്രി രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ചത്
ഭാരത് മാതാവിന്റെ ഛായാചിത്രത്തിന് പുഷ്പം അർപ്പിക്കണമെന്ന രാജ്ഭവൻ അഭ്യർത്ഥനയെ തുടർന്നാണ് വകുപ്പ് മന്ത്രി രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ചത്

‘Bharat Matha’ എന്ന ഒറ്റ ഗൂഗിൾ സെർച്ചിൽ നമ്മുക്ക് വിവിധ തരത്തിലുള്ള ‘ഭാരത മാതാവിന്റെ’ ചിത്രങ്ങൾ ലഭിക്കും. ദേശീയ പതാക പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീ രൂപം, കാവികൊടി പിടിച്ച് സിംഹത്തിന്റ പുറത്തിരിയ്ക്കുന്ന രൂപം അങ്ങനെ പല വെറൈറ്റികൾ. എന്തോ അറിയില്ല ഈ വിവാദത്തിനുശേഷം ഗൂഗിൾ അൽഗോരിതും കുറച്ച് പ്രാധാന്യം കൊടുത്ത് കാണിക്കുന്നത് ‘കാവികൊടി പിടിച്ച് സിംഹത്തിന്റ പുറത്തിരിയ്ക്കുന്ന ഭാരത മാതാവിന്റെ’ ഇമേജുകൾക്കാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊളോണിയൽ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിൽ സങ്കൽപ്പിക്കപ്പെട്ട ‘ഭാരത മാത’, ഹിന്ദു ഐക്കണോഗ്രാഫിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ‘അമ്മ’ എന്ന നിലയിൽ രാഷ്ട്രത്തിന്റെ ഇമേജറിയായി മാറിയെന്ന നിരീക്ഷണങ്ങളുണ്ട്.

രാജ്യത്തിന്റെ ഐക്യത്തിനായി, ഒത്തൊരുമയ്ക്കായി ‘ഭാരത മാത’ ഇമേജറികൾ മാറുന്നതിൽ തെറ്റുപറയാനാകുമോ? ഒരു പുണ്യഭൂമിയായി നമ്മുടെ നാടിനെ കാണാനുള്ള ആശയത്തെ ഈ ചിത്രം സഹായിക്കുന്നുവെങ്കിൽ എന്താ കുഴപ്പമുണ്ടോ? എന്നാൽ റോളണ്ട് ബാർത്തസ് (1972) തൻറെ മിത്തോളജികളെ കുറിച്ചുള്ള ആശയത്തിൽ വാദിക്കുന്നതുപോലെ, സാംസ്കാരിക നിർമ്മിതികളെ സത്യങ്ങളായി അവതരിപ്പിക്കുന്നത് പോലെ ഇത്തരത്തിലുള്ള ‘ഭാരത മാത’ ഇമേജറികളെ പ്രത്യയശാസ്ത്ര ഉപകരണങ്ങളായി ഉപയോഗിക്കാൻ കഴിയും. മാത്രവുമല്ല, ഇപ്പോൾ ഗവർണറുടെ ഓഫീസിൽ വെച്ച തരത്തിലുള്ള ‘ഭാരത മാത’ ഇമേജുകൾ പതുക്കെ പതുക്കെ സാംസ്കാരിക ഓർമ്മകളെ (Cultural memories) മരിപ്പിക്കുമോ എന്ന് സംശയിക്കാം.

ഗൂഗിൾ സ്ക്രീൻഷോട്ട്
ഗൂഗിൾ സ്ക്രീൻഷോട്ട്

‘ഭാരത മാതാവ്’ പോലുള്ള (ഏത് രൂപത്തിലും ഭാവത്തിലുമുള്ളതാണെങ്കിലും) ഒരു ഇമേജറി സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടികളിൽ വിന്യസിക്കപ്പെടുന്നതിലൂടെ ആ ഇമേജറിയ്ക്ക് നിയമസാധുത ലഭിക്കാൻ ഇടയാകുമോ? പിന്നീട് ആ പ്രത്യേക സ്വഭാവത്തിലുള്ള ‘ഭാരത മാതാവ്’ മുന്നോട്ട് വെയ്ക്കുന്ന പ്രത്യയശാസ്ത്ര സന്ദേശം സമൂഹത്തിൽ നോർമലൈസ് ചെയ്യാൻ ഇടയാക്കാം. ചിഹ്നശാസ്ത്രപരമായി ഇമേജ് വെറും ഇമേജ് മാത്രമല്ലല്ലോ?

രാജ്ഭവന്റെ ഓരോ മിനിറ്റും സൂക്ഷ്മ തലത്തിൽ വിവരിയ്ക്കുന്ന പരിപാടിയുടെ ഷെഡ്യൂളുകളിൽ 'കാവിക്കൊടി പിടിച്ച ഭാരതമാത' യുടെ ചിത്രം പങ്കിടുകയും, മറ്റ് സർക്കാർ ചടങ്ങുകളിലും ഇടങ്ങളിലും പോലും വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെയാണ് 'കാവിക്കൊടി പിടിച്ച ഭാരത മാത' ഒരു പ്രചാരണ ചിഹ്നമായി (Propaganda Symbol) ഉപയോഗിക്കുന്നുവെന്ന കേരളത്തിലെ രാഷ്ട്രീയ പരിസരങ്ങളിലെ നിരീക്ഷണങ്ങൾ അക്കാദമികമായി തള്ളിക്കളയാൻ പറ്റാതാകുന്നതെന്നാണ് തോന്നുന്നത്. ഫ്രഞ്ച് ഫിലോസഫറും സോഷ്യോളജിസ്റ്റുമായ ജാക്വസ് എല്ലൂൾ (Jacques Ellul, 1965) ഇമേജറികളെ പ്രചാരണ ചിഹ്നമായി ഉപയോഗിക്കുന്നതിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ‘കാവി പതാക പിടിച്ചിരിക്കുന്ന ഭാരത മാതാവിന്റെ’ ചിത്രം ദേശസ്നേഹത്തെ പ്രതിനിധീകരിക്കുകയാണെങ്കിൽ ആർക്കാണ് കുഴപ്പം? കുഴപ്പമില്ല പക്ഷേ ഏത് തരത്തിലുള്ള ദേശസ്നേഹം (ആര് മുന്നോട്ട് വെയ്ക്കുന്ന പ്രത്യശാസ്ത്രപരമായ ദേശസ്നേഹം) സ്വീകാര്യമാണെന്ന് അടിച്ചേൽപ്പിക്കാനോ - നിർവചിക്കാനോ ശ്രമിച്ചാൽ പ്രശ്നമാകില്ലേ?

മാധ്യമ സൈദ്ധാന്തികനായ സ്റ്റുവർട്ട് ഹാളിന്റെ എൻകോഡിംഗ്/ഡീകോഡിംഗ് മോഡൽ (Stuart Hall’s theory of encoding and decoding, 1980) ഈ നീക്കത്തെ അനാവരണം ചെയ്യാൻ സഹായിച്ചേക്കും. ഇമേജുകൾ അതിന്റെ വക്താക്കൾ പ്രത്യേക ഉദ്ദേശത്തോടെ എൻകോഡ് ചെയ്തേക്കാമെങ്കിലും, പ്രേക്ഷകർ-പ്രത്യേകിച്ച് കേരളത്തിൽ-അതിന്റെ ഡീകോഡിംഗ് പ്രാദേശിക രാഷ്ട്രീയ സംസ്കാരത്തിൽ നിരവധി ബദൽ വായനകൾക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ്, കാവി ധരിച്ച ‘ഭാരത മാതാവിന്റെ’ ഇമേജുകൾ സംസ്ഥാനത്തിന്റെ മതേതര രാഷ്ട്രീയ പരിസരത്തിൽ അടിപിടിയ്ക്ക് കാരണമാകുന്നത്. അതുകൊണ്ട് കൂടിയാണ് ഈ വിവാദം കേരളത്തിലെ പൊതുസ്ഥാപനങ്ങളിലും, ജനങ്ങളുടെ ബോധത്തിലും, മന്ദഗതിയിലുള്ളതും - തന്ത്രപരവുമായ ‘ഹിന്ദുത്വ ചിഹ്നങ്ങൾ’ അടിച്ചേൽപ്പിക്കുന്നതാണെന്ന വാദം ശക്തമാകുന്നത്.

അർത്ഥങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന പോരാട്ടത്തിന്റെ ഒരു സ്ഥലമായാണ് (Culture is a battlefield of meaning) സാംസ്കാരിക സൈദ്ധാന്തികനായ റെയ്മണ്ട് വില്യംസിസ് നിരീക്ഷിക്കുന്നത്. ഇവിടെയാണ് ‘ഭാരത മാതാവിന്റെ’ വിവാദ ഇമേജറി അർത്ഥങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന പോരാട്ടത്തിന്റെ മീഡിയ രൂപമായി മാറുന്നത്. ഈ ഇമേജറിയുടെ തന്ത്രപരമായ ഉപയോഗം ഒരു സാംസ്കാരിക കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു -ദേശീയ സ്വത്വത്തിലും മതേതരത്വത്തിലും നിലനിൽക്കുന്ന സമവായം തിരുത്തിയെഴുതാൻ ശ്രമം നടക്കുന്നുവെന്ന മറുവാദവും പ്രബലമാകുന്നു.

റെയ്മണ്ട് വില്യംസിസ്
റെയ്മണ്ട് വില്യംസിസ്

‘ഭാരത മാതാവുമായി’ ബന്ധപ്പെട്ട് നേരത്തെ സൂചിപ്പിച്ച നിരവധി സാംസ്കാരിക ഓർമ്മകൾ നമ്മുടെ കൂടെയുണ്ട്. ജാൻ അസ്മാന്റെ (Jan Assmann) സാംസ്കാരിക സ്മരണയുടെ (Cultural Memory) സിദ്ധാന്തം സൂചിപ്പിക്കുന്നത് പോലെ, ഭാരത് മാതാ പോലുള്ള ചിഹ്നങ്ങൾ ചരിത്ര വിവരണങ്ങളുടെയും സ്വത്വ നിർമ്മിതികളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും കലവറയാണ്. ജാൻ അസ്മാൻ പറയുന്നത് - ചിഹ്നങ്ങളിലൂടെ കഥകൾ രൂപപ്പെടുന്നുവെന്നും ആ കഥകൾ നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള പരിപ്രേക്ഷ നിർമ്മിതിയിൽ പ്രധാനപ്പെട്ടതാണെന്നും നിർവചിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ ‘ഭാരത മാതാവിന്റെ’ ഇപ്പോഴത്തെ ഇമേജറി ഉയർത്തി വിട്ടിരിക്കുന്ന വിവാദം കൊളോണിയൽ വിരുദ്ധ പോരാട്ടം മുതൽ സമകാലിക ഹിന്ദുത്വ രാഷ്ട്രീയം വരെ പതിറ്റാണ്ടുകളുടെ സമാഹരണമാണ് ഇതിലൂടെ വഹിക്കുന്നത്.

കേരളത്തിലെ ‘ഭാരത മാത’ വിവാദം രാഷ്ട്രീയ വിയോജിപ്പിന്റെ ക്ഷണികമായ ഒരു എപ്പിസോഡ് മാത്രമായി ചുരുക്കി കാണേണ്ട. പ്രത്യയശാസ്ത്ര വ്യാപനം, സാംസ്കാരിക നിയന്ത്രണം, പ്രതീകാത്മക യുദ്ധം എന്നിവയുടെ ഉപകരണങ്ങളായി മാറുന്നുവെന്ന് നിരീക്ഷിക്കാം. പൊതുബോധം രൂപപ്പെടുത്തുന്നതിൽ ഇമേജറികളുടെ പങ്ക് എന്താണ്? രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്ന ഒരു ചിഹ്നത്തിന് ഒരു ബഹു-മത, ബഹുഭാഷാ സമൂഹത്തിത്തെ ഉൾക്കൊള്ളാൻ കഴിയുമോ? സാംസ്കാരിക ചിഹ്നങ്ങളെ പ്രത്യയശാസ്ത്രപരമായ ഏകശിലാത്മകമാക്കി മാറ്റുന്നതിന്റെ അപകടങ്ങൾ എന്തൊക്കെയാണ്?

Comments