ഇന്ദിരാഭവനിലെ പി.സി.സി പ്രസിഡൻറുമാരുടെ ഫോട്ടോ പട്ടികയിൽ ഒരു ദലിതനോ ആദിവാസിയോ ഇല്ലാത്തത് ചൂണ്ടിക്കാണിച്ചതിന് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കോൺഗ്രസ് സൈബർ ടീം വ്യക്തിപരവും വംശീയവുമായ ആക്രമണം നടത്തുകയാണ്. പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് പറയുന്നയാളിന്റെ അധികാരമോഹമായി ചിത്രീകരിച്ച് വിഷയത്തിന്റെ മെറിറ്റിനെ നശിപ്പിക്കുകയെന്ന സവർണ്ണ ഗൂഢാലോചന ‘ഭംഗിയായി’ പ്രചരിപ്പിക്കപ്പെടുന്നു.
പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം സാമൂഹ്യനീതിയുടെ രാഷ്ടീയമാണെന്ന് പറഞ്ഞ് ദേശീയതലത്തിൽ പുരപ്പുറത്ത് കയറുമെങ്കിലും കേരളത്തിലെ കോൺഗ്രസിന് ഇതുവരെ അത് മനസ്സിലായിട്ടില്ല. മാറിയ രാഷ്ടീയ കാലാവസ്ഥയിൽ അഖിലേന്ത്യാ കോൺഗ്രസ് ബി.ജെ.പിയോട് കിടപിടിക്കാൻ നടത്തുന്ന പൊളിറ്റിക്കൽ ഡ്രാമ മാത്രമാണ് ദലിതരേയും പിന്നാക്കക്കാരെയും ചേർത്തുപിടിക്കുന്ന നീതിയുടെ പേരിലെ വാചാല രാഷ്ട്രീയമെന്ന് സംശയിക്കുന്നതിൽ എന്താണ് തെറ്റ്?.
തൊണ്ണൂറുകളിൽ പിന്നാക്കക്കാരുടെ പ്രാതിനിധ്യത്തിനായി നടപ്പാക്കിയ മണ്ഡൽ കമ്മിഷൻ ശുപാർശകളെ പരസ്യമായി എതിർത്തുകൊണ്ട് സവർണ്ണപക്ഷ നിലപാടെടുത്തതിൽ തുടങ്ങുന്നതാണ് കോൺഗ്രസിന്റെ തകർച്ച.
ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ ദലിത് എഴുത്തുകാരുടേയും ചിന്തകരുടേയും സമ്മേളനത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞത്, ചരിത്രത്തിൽ ദലിതരുടേയും പിന്നാക്ക വിഭാഗങ്ങളുടേയും പുരോഗതിക്കായി ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളും കോൺഗ്രസ് ചെയ്തിട്ടില്ല എന്നും, അക്കാര്യത്തിൽ നിങ്ങളോട് കളവ് പറയാൻ ആഗ്രഹിക്കാത്തതുകൊണ്ട് അതിവിടെ തുറന്നുപറയുകയുമാണ് എന്നുമാണ്. ഈ പറച്ചിൽ ആത്മാർത്ഥതയുള്ളതാണെന്ന് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾ എങ്ങനെ വിശ്വസിക്കും. ഇതേ ദേശീയ നേതൃത്വത്തിന് കീഴിലുള്ള കേരളത്തിലെ കോൺഗ്രസ് എങ്ങനെയാണ് ദലിതരേയും ആദിവാസികളേയും പരിഗണിക്കുന്നതെന്നതിന്റെ ആത്മരോഷമാണ് കൊടിക്കുന്നിൽ പ്രകടിപ്പിച്ചത്. പാർലമെൻ്ററി രംഗത്ത് സംവരണ മണ്ഡലങ്ങളിലെ പ്രാതിനിധ്യത്തിനപ്പുറം എന്ത് പരിഗണനയാണ് ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് കേരളത്തിലെ കോൺഗ്രസ് നൽകിയിട്ടുള്ളത്. ഐക്യ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ പട്ടിക വിഭാഗങ്ങളിൽപ്പെട്ടവരെ നിയമസഭയിലേക്ക് ജനറൽ സീറ്റിൽ മത്സരിപ്പിച്ചിട്ടുള്ളത് സി പി എം മാത്രമാണ്. അതും ഒറ്റ തവണ, 1996- ൽ കോന്നിയിലും തളിപ്പറമ്പിലും. കോൺഗ്രസിന്റെ സ്വാഭാവിക ചർച്ചകളിൽപോലും ഇതൊന്നും വരാറേയില്ല.
കോൺഗ്രസിൽ എപ്പോഴും പ്രിവിലേജ്ഡ് സമൂഹങ്ങളെ ചുറ്റിപ്പറ്റി മാത്രമാണ് പങ്കുവെയ്പ്പ് നടക്കുന്നത്. പാർലമെൻ്ററി രംഗത്ത് മാത്രമല്ല സംഘടനാരംഗത്തും അതുതന്നെയാണ് അവസ്ഥ.

ഇപ്പോഴത്തെ പി.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ മാത്രം ജാതി രാഷട്രീയത്തെക്കുറിച്ചല്ല കൊടിക്കുന്നിൽ പറയുന്നത്. ദലിത് കോൺഗ്രസ് ഒഴിച്ച്, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി അടക്കം കോൺഗ്രസിന്റെ ഏതെങ്കിലും അനുബന്ധ സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമാരോ ജില്ലാ പ്രസിഡൻ്റുമാരോ ദലിത്- ആദിവാസി വിഭാഗങ്ങളിൽ പെട്ടവരുണ്ടോ? 14 ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരിലോ 284 ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻമാരിലോ ഒരാളെ ഈ വിഭാഗത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാനുണ്ടോ, സാമൂഹ്യനീതിയുടെ സ്വയം പ്രഖ്യാപിത വക്താവായ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പാർട്ടിക്ക്.
കേരളത്തിൽ അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് ചക്കളത്തിപ്പോരിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം നായർ സമുദായക്കാരാണ്.
ജാതീയതയെ ആന്തരികമായി ഒളിപ്പിച്ചുകൊണ്ടുനടക്കുന്നവരാണ് കോൺഗ്രസ് എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവു വേണം. പ്രാതിനിധ്യത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞുപോയതിന്റെ പേരിൽ, മൂടിവയ്ക്കപ്പെടുന്ന അനീതി ചൂണ്ടി കാണിച്ചതിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷിനെ വളഞ്ഞിട്ട് അക്രമിക്കുകയാണ് സൈബറിടങ്ങളിലെ ഗാന്ധി പട്ടാളം.
മല്ലികാർജുൻ ഖാർഗെയെ ദേശീയ പ്രസിഡൻ്റാക്കിയത് ചൂണ്ടിയാണ് കൊടിക്കുന്നിലിനെതിരായ പ്രചാരണത്തിന് കോൺഗ്രസ് നീതിശാസ്ത്രം കണ്ടെത്തുന്നത്. മുഖ്യമന്ത്രിമാരായിരുന്നവരെയടക്കം നേതാക്കളെ ബി. ജെ.പിക്ക് സംഭാവന നൽകിയ പാർട്ടിയാണ് കോൺഗ്രസ്. ഇന്നേവരെ ഒരു ചലനവുമില്ലാതെ കോൺഗ്രസ് പക്ഷത്ത് അചഞ്ചലമായി നിലകൊണ്ട നേതാവാണ് ഖാർഗെ. രാഷ്ട്രീയമായ അടിയടരുകൾ തകർന്നുപോയ ഈ പാർട്ടിയെ നയിക്കാൻ ഈ കെട്ടകാലത്ത് വേറാരെന്ന ചോദ്യം കോൺഗ്രസുകാർ പരസ്പരം ചോദിക്കട്ടെ.

കേരളത്തിലെ കോൺഗ്രസിൽ പാർശ്വ വത്കൃതരാക്കപ്പെട്ടവരുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് പറയുമ്പോൾ, ഖാർഗെയുടെ സ്ഥാനത്തെ ചൂണ്ടി അനീതിയെ വെള്ള പൂശുന്നതിലെ യുക്തിയുടെ പേര് ജാതിബോധമെന്നല്ലാതെ വേറെന്താണ്? കോൺഗ്രസ് പ്രസിഡൻറുമാരിൽ ഖാർഗെയെ മാത്രം അദ്ദേഹത്തിന്റെ സമുദായവുമായി കൂട്ടിക്കെട്ടുന്നതെന്തിനാണ്? ഏഴര പതിറ്റാണ്ടിന്റെ ധൈഷണികവും ആദർശബോധം നിറഞ്ഞതുമായ അദ്ദേഹത്തിന്റെ രാഷട്രീയ ജീവിതം ചർച്ചചെയ്യപ്പെടേണ്ട യോഗ്യതയേ ആകുന്നില്ലേ? പട്ടികവിഭാഗക്കാർ എവിടെ എത്തിയാലും, ഇത് ഞങ്ങൾ പ്രിവിലേജുകാരുടെ ഔദാര്യമാണെന്ന് നിരന്തരം പറയുക. ഇതു തന്നെയാണ് ജാതി.
കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയപ്പോഴും ഇതേ സവർണ്ണബോധം കേരളം കണ്ടതാണ്. കേരളത്തിൽ അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് ചക്കളത്തിപ്പോരിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം നായർ സമുദായക്കാരാണ്. കോൺഗ്രസ്സിന്റെ ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും വലിയ അധികാരകേന്ദ്രവുമായ കെ.സി. വേണുഗോപാലും ഇതേ സമുദായക്കാരനാണല്ലോ.

ഖാർഗെ - കൊടിക്കുന്നിൽ യുക്തി മാനദണ്ഡമാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റു സമുദായക്കാരെ പരിഗണിക്കണമെന്ന ഒരു ചർച്ചപോലും കോൺഗ്രസിൽ ഉയരാത്തതെന്തുകൊണ്ടാണ്?
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ തിട്ടൂരത്തെ പേടിച്ച് ഉമ്മൻചാണ്ടിയിൽ നിന്ന് ആഭ്യന്തരം പിടിച്ചുവാങ്ങി രമേശ് ചെന്നിത്തലക്ക് നൽകിയ കോൺഗ്രസാണ് കൊടിക്കുന്നിൽ സുരേഷിനോട് ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നത്. സിറിയൻ കത്തോലിക്ക സഭ ലറ്റർപാഡിൽ എഴുതികൊടുത്ത പട്ടികയിൽ നിന്ന് കെ.പി.സി.സി പ്രസിഡൻറിനെ തെരഞ്ഞെടുത്ത കോൺഗ്രസ്സാണ് കൊടിക്കുന്നിൽ സുരേഷിനോട് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്.
സാമൂഹ്യനീതിയുടെ കാര്യത്തിൽ കോൺഗ്രസിനുള്ളത് ആത്മാർത്ഥതയല്ല, അടവുനയങ്ങൾ മാത്രമാണ്. പാർട്ടിക്ക് അധികാരവും സ്വാധീനവുമുള്ളിടത്ത് എല്ലാത്തരം സവർണ്ണതയോടും ലയിച്ചുചേരും. ജാതി പ്രിവിലേജുകളെ സാമാന്യവത്ക്കരിക്കും. ഒന്നുമില്ലാത്തിടത്ത് പുരപ്പുറത്ത് കയറി വിപ്ലവം പ്രസംഗിക്കും.

തെലങ്കാനയിൽ പത്തു വർഷക്കാലത്തെ ടി.ആർ.എസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ കോൺഗ്രസ് അനുകൂല രാഷ്ട്രീയ സാഹചര്യമൊരുക്കിയത് മല്ലുഭട്ടി വിക്രമാർക്കയെന്ന ദലിതനായ പ്രതിപക്ഷ നേതാവായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയ ബാലപാഠങ്ങളിൽ തുടങ്ങി ടി.ആർ.എസ് വഴി ടി.ഡി.പി യിലും തുടർന്ന് 2017- ൽ കോൺഗ്രസിലും എത്തിയ രേവന്ത് റെഡ്ഡി എന്ന സവർണ്ണ ഹിന്ദുവിനെ 2023- ൽ തെലങ്കാനയുടെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന് ഒരു നീതിബോധവും തടസ്സമായില്ല.
വർത്തമാനകാലത്ത് നിലനിൽപ്പിനു വേണ്ടിയാണ് കോൺഗ്രസ് സാമൂഹ്യനീതിയുടെ പടച്ചട്ടയണിയുന്നത്. അല്ലാതെ നീതിബോധത്തിൽ തിളിർത്തുവന്നതല്ല കോൺഗ്രസിന്റെ പിന്നാക്ക പ്രേമം.
തൊണ്ണൂറുകളിൽ പിന്നാക്കക്കാരുടെ പ്രാതിനിധ്യത്തിനായി നടപ്പാക്കിയ മണ്ഡൽ കമ്മിഷൻ ശുപാർശകളെ പരസ്യമായി എതിർത്ത് സവർണ്ണപക്ഷ നിലപാടെടുത്തതിൽ തുടങ്ങുന്നതാണ് കോൺഗ്രസിന്റെ തകർച്ച. മണ്ഡൽ - കമണ്ഡൽ രാഷ്ടീയ പോര് എന്നൊക്കെയാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ മണ്ഡൽ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിയിൽ കോൺഗ്രസ്സായിരുന്നു. രാജീവ് ഗാന്ധി ശക്തമായ പിന്നാക്ക വിരുദ്ധ നിലപാടാണ് പാർലമെൻ്റിന് അകത്തും പുറത്തും അന്ന് കൈകൊണ്ടത്. തൊണ്ണൂറുകൾക്കുശേഷം ഹിന്ദുത്വ രാഷട്രീയത്തിന്റെ ശക്തിപ്പെടലോടെ സവർണ്ണ ഹിന്ദുവിഭാഗങ്ങൾ ദേശീയ തലത്തിൽ തന്നെ അവർക്കൊപ്പം ചേർന്നു. കോൺഗ്രസിന്റെ മതേതര സവർണ്ണതയെക്കാർ അവർ ആകർഷിക്കപ്പെട്ടത് ബി ജെ പിയുടെ ഹിന്ദുത്വ സവർണ്ണതെയാണ്. വർത്തമാനകാലത്ത് നിലനിൽപ്പിനു വേണ്ടിയാണ് കോൺഗ്രസ് സാമൂഹ്യനീതിയുടെ പടച്ചട്ടയണിയുന്നത്. അല്ലാതെ നീതിബോധത്തിൽ തിളിർത്തുവന്നതല്ല കോൺഗ്രസിന്റെ പിന്നാക്ക പ്രേമം.

സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയം സമഗ്രാധിപത്യം പുലർത്തുന്ന ഈ കെട്ടകാലത്ത്, കോൺഗ്രസിന്റെ ഭൂതകാലം എത്ര വൃത്തിക്കെട്ടതാണെന്ന് ബോധ്യമുണ്ടെങ്കിലും നീതിയ്ക്കൊപ്പം നിൽക്കുമെന്ന് ആശിച്ചവരാണ് യഥാർത്ഥത്തിൽ നിരാശരാകുന്നത്. അവിടെയാണ് കൊടിക്കുന്നിൽ സുരേഷുമാർ അധികാരവും അവകാശങ്ങളുമില്ലാത്ത വെറും കുടിക്കിടപ്പുമാർ മാത്രമാകുന്നത്.
