സാമൂഹ്യ കൂട്ടായ്മയിലൂടെ അവകാശങ്ങൾ നേടിയെടുക്കാനും കരുത്താർജ്ജിക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നായിരുന്നു കുടുംബശ്രീ എന്ന കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ. വിവിധ മേഖലകളിലെ ജനകീയശ്രമങ്ങളിലെ മുന്നനുഭവങ്ങളിലെ വിജയപരാജങ്ങൾ വിശകലനം ചെയ്ത്, ഗുണപരമായ സമീപനരീതികൾ സ്വാംശീകരിച്ചാണ് കുടുംബശ്രീയുടെ പ്രവർത്തനരീതി രൂപീകരിച്ചത്. ഇന്ന്, സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ദൃശ്യതയും ശബ്ദവും ഇടവും നൽകിയ കുടുംബശ്രീ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിരോധവും ആയുധവുമായി നിലകൊള്ളുന്നു. ദാരിദ്ര്യനിർമാർജ്ജനം എന്ന ലക്ഷ്യത്തിൽ തുടങ്ങി, സാമൂഹ്യ ശാക്തീകരണത്തിലൂടെ, ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന കുടുംബശ്രീ എന്ന സംവിധാനത്തിന്റെ കാഴ്ചപ്പാടിന്റെയും സംവിധാനത്തിന്റെയും വളർച്ചയുടെ നാൾവഴികൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് കുടുംബശ്രീയുടെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. മാത്രമല്ല, ആദ്യകാലങ്ങളിൽ അയൽക്കൂട്ട രൂപീകരണം നടന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഗ്രാമവികസനവകുപ്പുവഴി സർക്കാർ ഫണ്ടിന്റെ പിന്തുണയോടെ സ്വയം സഹായസംഘങ്ങൾ രൂപീകരിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ധനസഹായമില്ലാതെ കാമ്പയിൻ മാതൃകയിലാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപീകരിക്കപ്പെട്ടത്. ഒരു സ്വയംസഹായ സംഘത്തിന്റെ രൂപീകരണത്തിനും പ്രവർത്തനത്തിനുമായി 10,000 രൂപ വരെ ഗ്രാമവികസന വകുപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, അയൽക്കൂട്ട രൂപീകരണവും ആദ്യ ഘട്ട പരിശീലനങ്ങളും ഉൾപ്പെടെ കുടുംബശ്രീയിൽ ഒരു അയൽക്കൂട്ടത്തിന് ചെലവായത് 300 രൂപയിൽ താഴെയാണ്.
2003-ൽ കുടുംബശ്രീ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ജനകീയാസൂത്രണപ്രക്രിയയിൽ ഭാഗഭാക്കായിരുന്ന റിസോഴ്‌സ് പേഴ്‌സൺമാർക്കും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്കും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർക്കും സംസ്ഥാന തലത്തിൽ ആദ്യഘട്ട പരിശീലനം നൽകി. ഇവർ മുഖേനയാണ് പഞ്ചായത്ത്/നഗരസഭാതലങ്ങളിൽ തുടർപരിശീലനം നടത്തിയത്.
ഇതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് /നഗരസഭാ തല കൺവെൻഷനുകൾ നടത്തി. അതുവരെ നടപ്പാക്കിയിരുന്ന പരിപാടികൾ ചർച്ച ചെയ്യാനും ദാരിദ്ര്യ നിർമാർജനത്തിന് മാർഗരേഖ തയ്യാറാക്കാനുമായി ചേർന്ന ‘പഞ്ചായത്തുതല കൺവെൻഷനി'ൽ, അയൽക്കൂട്ടത്തിൽ ചേരേണ്ടവരുടെ വിവരങ്ങൾ, അയൽക്കൂട്ടം രൂപീകരിക്കേണ്ട പ്രാദേശിക ഇടം എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി. തുടർന്ന് വാർഡ് തല പൊതുയോഗം നടത്തി അയൽക്കൂട്ടത്തിന്റെ പ്രത്യേകത വിവരിച്ചു. പ്രസ്തുത യോഗം തന്നെ ചെറുയോഗങ്ങളായി കൂടിയിരിക്കുകയും അയൽക്കൂട്ട രൂപീകരണം നടക്കുകയും ചെയ്തു. ഇപ്രകാരം ഒരേ ദിവസം അമ്പതിനായിരത്തോളം അയൽക്കൂട്ടങ്ങൾ വരെ അക്കാലത്ത് രൂപീകരിക്കപ്പെട്ടതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
ഏകീകൃത ബൈലൊയും തെരഞ്ഞെടുപ്പും
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ വികസന പ്രക്രിയയിലെ പ്രധാന ഏജൻസിയായി കുടുംബശ്രീ മാറിയെങ്കിലും ചിലയിടത്തെങ്കിലും കുടുംബശ്രീ സി. ഡി.എസുകളുടെ സ്വയംഭരണരീതിയെ മാനിയ്ക്കാത്ത സവിശേഷ സാഹചര്യമുണ്ടായി. അപൂർവ്വം ചിലയിടങ്ങളിലെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപന സമിതി നിശ്ചയിക്കുന്നവർ ഭാരവാഹികളാകുന്ന അവസ്ഥയും ആ ഭാരവാഹിത്വം തന്നെ വ്യക്തികേന്ദ്രീകൃതമാകുന്ന അവസ്ഥയുമുണ്ടായി. ഈ സവിശേഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീ ബൈലോയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന ആശയം പാലോളി മുഹമ്മദ്കുട്ടി മുന്നോട്ടുവെക്കുന്നത്. തുടർന്ന് ശാരദ മുരളീധരൻ, ടി. എൻ. സീമ എന്നിവരുടെ നേതൃത്വത്തിൽ ബൈലോ പരിഷ്‌കരണ കമ്മിറ്റി രൂപീകരിക്കുകയും 2008-ൽ കുടുംബശ്രീ ഏകീകൃത ബൈലോ നിലവിൽവരികയും ചെയ്തു.
സർക്കാരുകളുടെ വികസന പങ്കാളി
25ാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ പ്രാദേശിക സർക്കാരുകളുടെ വികസന പങ്കാളി എന്ന രീതിയിൽ പ്രത്യക്ഷത്തിൽത്തന്നെ കുടുംബശ്രീ മാറിയതായി കാണാൻ കഴിയും. ഗ്രാമസഭ പ്രവർത്തനം, ആശ്രയ, ബഡ്‌സ് തുടങ്ങി സമൂഹത്തിലെ അതിദുർബലർക്കുവേണ്ടിയുള്ള ഇടപെടലുകൾ, പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തങ്ങളായ ഭവനം, ശുചിത്വം, ദുരന്ത നിവാരണം എന്നീ മേഖലകളിലെ ഇടപെടലുകൾ തുടങ്ങി പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിനും പ്രവർത്തനഫലം ഉറപ്പാക്കുന്നതിനും പിന്തുണ നൽകുന്നതിനും കുടുംബശ്രീ മുന്നിലുണ്ട്. ലോകം ഇന്നു നേരിടുന്ന പല പ്രധാന വെല്ലുവിളികൾക്കുമുള്ള കേരളത്തിന്റെ മറുപടി കൂടിയാണ് കുടുംബശ്രീ.
യു.എൻ മുന്നോട്ടുവെയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിശോധിച്ചാൽ, എല്ലാ പ്രധാന മേഖലകളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങളുള്ളതായി കാണാം. പ്രാദേശിക സാമ്പത്തിക വികസനം, കാർഷിക മേഖല, ഭക്ഷ്യസുരക്ഷ, തൊഴിൽ പങ്കാളിത്തം, സാമൂഹ്യനീതി, പാർശ്വവൽക്കരിയ്ക്കപ്പെട്ടവരുടെ മുഖ്യധാരാവൽക്കരണം തുടങ്ങി എല്ലാ വികസന മേഖലകളിലും പ്രധാന പ്രവർത്തന ഏജൻസിയായും ശക്തിശ്രോതസ്സായും കുടുംബശ്രീ നിലനിൽക്കുന്നു.
പിര്യോഡിക്കൽ ലേബർ സർവെ റിപ്പോർട്ട് പ്രകാരം, നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 28.3 ആണ്. 2001 ലെ സെൻസസ് പ്രകാരം ഇത് 15.3 ആയിരുന്നു. ഈ നിരക്ക് ഉയർന്നതിൽ കുടുംബശ്രീയുടെ പങ്ക് കാണാതെ വയ്യ. തൊഴിൽമേഖലയിലെ സാന്നിധ്യം പോലെ തന്നെ പ്രധാനമാണ് രാഷ്ട്രീയ മേഖലയും. പ്രാദേശിക തെരഞ്ഞെടുപ്പിൽ ആദ്യം 33 ശതമാനം സ്ത്രീകൾക്ക്സംവരണം എന്ന പ്രഖ്യാപനം വന്നപ്പോൾ മത്സരിക്കാൻ സ്ത്രീകൾ മുന്നോട്ടുവരാത്ത അവസ്ഥയുണ്ടായിരുന്നു. അല്ലെങ്കിൽ, ഏതെങ്കിലും പുരുഷൻ പ്രത്യക്ഷമായി അധികാരം കൈവശപ്പെടുത്തി, ഭാര്യയോ സഹോദരിയോ അമ്മയോ സ്ഥാനാർത്ഥിയാകുന്ന സ്ഥിതിവിശേഷവുമുണ്ടായിരുന്നു. എന്നാലിന്ന് ഇത്തരം അവസ്ഥകൾ ഇല്ലെന്നുതന്നെ പറയാം. 2010-ൽ ഈ സംവരണം 50 ശതമാനമാക്കി ഉയർത്താൻ സർക്കാറിനു ധൈര്യം പകർന്നത് കുടുംബശ്രീ പ്രസ്ഥാനം കൂടിയാണ്.
ഏതു രാഷ്ട്രീയപാർട്ടിയായാലും വനിതാ സ്ഥാനാർത്ഥികളാകുന്നത് ഭൂരിഭാഗവും കുടുംബശ്രീ അംഗങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന്റെ പ്രാക്റ്റീസ് ആണ് കുടുംബശ്രീയിൽ നടക്കുന്നതെന്ന് വിമർശനപരമായി പലരും പറയാറുണ്ട്. ആ വിമർശനം സത്യത്തിൽ ഒരംഗീകാരം കൂടിയാണ്. നിലവിലെ രാഷ്ട്രീയ- സാമൂഹ്യ വികസന പ്രവർത്തനങ്ങളുടെ ഇടം കൂടുതലും പുരുഷകേന്ദ്രീകൃതമാണ്. ഈ സാഹചര്യത്തിൽ, മുന്നറിവോ അനുഭവ പരിചയമോ ഇല്ലാത്തതായിരുന്നു രാഷ്ട്രീയ രംഗത്ത് സ്ത്രീകളെ പിന്നോട്ടുവലിക്കാനുള്ള പ്രധാന കാരണം. എന്നാൽ കുടുംബശ്രീ വഴി, പൊതുരംഗത്തും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുമുള്ള സാമൂഹ്യ ഇടപെടലുകളും സാമൂഹികാനുഭവവും പൊതുരംഗത്തേക്ക് കടന്നു വരാനുള്ള ധൈര്യം സ്ത്രീകൾക്കു നൽകി. പൊതുഇടങ്ങളിലേക്ക് കൂടുതൽ സ്ത്രീകൾ വരിക, പണ്ടു കാലങ്ങളിലുണ്ടായിരുന്ന ഡമ്മി സ്ഥാനാർത്ഥിത്വത്തിനുപകരം ഇടപെടാനും പൊരുതാനും കഴിവുള്ള സ്ത്രീശബ്ദങ്ങൾ ഉയർന്നുവരിക, രാഷ്ട്രീയമുൾപ്പെടെ എല്ലാ പൊതുമണ്ഡലങ്ങളിലും സ്ത്രീകളുടെ ദൃശ്യത ഉയർത്തുക എന്നതെല്ലാം കുടുംബശ്രീയുടെ സ്ത്രീസമീപന കാഴ്ചപ്പാടിന്റെ അനുരണനം കൂടിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന വനിതാ ജനപ്രതിനിധികളിൽ 7071 പേർ കുടുംബശ്രീ വനിതകളാണ് എന്നു കൂടി ഈ അവസരത്തിൽ ഓർമിക്കാതെ വയ്യ.
കേരളത്തിലെ അടിസ്ഥാനവർഗ സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ പ്രധാന കണ്ണിയായി കുടുംബശ്രീ മാറിയിരിക്കുന്നു. പൊതു പാട്രിയാർക്കൽ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ, അഹങ്കാരികളും അനുസരണയില്ലാത്തതവരുമായ സ്ത്രീകളെ സൃഷ്ടിക്കുകയാണ് കുടുംബശ്രീ. എന്നാൽ മറ്റൊരു കാഴ്ചയിൽ, സമൂഹത്തിലെ എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് ഇടം നേടിക്കൊടുക്കാൻ കുടുംബശ്രീക്കു സാധിച്ചു. കുടുംബത്തിലായാലും തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, വീട്ടുകാര്യങ്ങൾ, സാമ്പത്തികം കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലായാലും സ്ത്രീകളുടെ ശബ്ദം കേട്ടുതുടങ്ങി, ആ ശബ്ദത്തിന് അംഗീകാരം കിട്ടിത്തുടങ്ങി. സ്വന്തമായി വരുമാനമുള്ള സ്ത്രീകളുടെ എണ്ണം, ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം, രാഷ്ട്രീയ പാർട്ടികളിലും സൊസൈറ്റികളിലുമുള്ള സ്ത്രീകളുടെ എണ്ണം എന്നിവയിലുണ്ടായ വർധനവ് എടുത്തുപറയേണ്ടതാണ്.
ചിതറി നിൽക്കുന്ന ഒരുവളല്ല എന്നും ഒരു കൂട്ടത്തിന്റെ പ്രതിനിധിയാണ് എന്നുമുള്ള പിന്തുണയാണ് കുടുംബശ്രീ നൽകുന്നത്. വീട്ടിനകത്തും പുറത്തും അതിക്രമങ്ങളോ വിവേചനങ്ങളോ നേരിടുമ്പോഴും പിന്തുണാ സംവിധാനങ്ങൾ ഒപ്പമുണ്ട് എന്ന ധൈര്യവും കുടുംബശ്രീ നൽകുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ പദവിയിൽ മാതൃകാപരമായ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഒരു പ്രധാന കാരണം കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇടപെടലാണെന്ന് സംശയലേശമെന്യേ പറയാൻ കഴിയും. രണ്ടാംതര പൗരരെന്ന നിലയിൽ സ്ത്രീകളെ കണ്ടിരുന്ന ഒരു കാലത്തുനിന്നും സ്വത്തിനും സമ്പത്തിനും തൊഴിലിനും അവകാശമോ സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന ഒരു കാലത്തുനിന്നുമാണ് ഈ മാറ്റം. ഇത് ഒരു നിമിഷത്തിലോ വളരെ പെട്ടെന്നോ സംഭവിച്ച ഒന്നല്ല. തുടർച്ചയായ ഇടപെടലുകളിലൂടെ, എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടുതന്നെ, ആശയ സംവാദങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സംഭവിച്ച നിശ്ശബ്ദവിപ്ലവം എന്നു വേണമെങ്കിൽ ഈ മാറ്റത്തെ സൂചിപ്പിക്കാം
ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ പൂർണ്ണ രൂപം
കുടുംബശ്രീയുടെ കാൽനൂറ്റാണ്ട് -
ദാരിദ്ര്യത്തിന് രാഷ്ട്രീയ പരിഹാരവഴി വെട്ടിയ കഥ - എൻ. ജഗജീവൻ, ബിനു ആനമങ്ങാട്