പാലത്തായി കേസ്: ഇനി വിചാരണ, സത്യം തെളിയുമോ?

ണ്ണൂർ ജില്ലയിലെ പാലത്തായിയിൽ ഒമ്പതുവയസുകാരിയെ, അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്​ വിചാരണയിലേക്ക്​.
പോലീസ് അവഗണനയും കൃത്യവിലോപവും കൊണ്ട് ബി.ജെ.പി പ്രാദേശിക നേതാവുകൂടിയായ പ്രതി പദ്​മരാജൻ രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പെൺകുട്ടിയുടെ കുടുംബം നടത്തിയ നിയമപോരാട്ടത്തിന്റെയും പൊതുസമൂഹത്തിന്റെയും നിരന്തര ഇടപെടലിലൂടെയാണ്​ ഒരുവർഷത്തിനിപ്പുറം വിചാരണയിലേക്ക്​ നയിക്കുന്ന നടപടികൾക്ക്​ തുടക്കമാകുന്നത്​. പെൺകുട്ടിയെ കുനിയിൽ പത്മരാജൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കേസിൽ നിർണ്ണായക വഴിത്തിരിവാകും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ വിചാരണ ആരംഭിക്കും.

കേസിൽ കാര്യങ്ങൾ ഈ രൂപത്തിലെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന്​പാലത്തായി പെൺകുട്ടിയുടെ അമ്മാവൻ പറയുന്നു: ‘‘പത്ത് ദിവസങ്ങൾക്കുമുമ്പാണ് പൊലീസ് മൊഴിയെടുക്കാൻ വീട്ടിൽവന്നത്. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയില്ല. വാർത്തകളിൽ നിന്നുള്ള അറിവേയുള്ളൂ. ശാസ്ത്രീയമായി തെളിവ് ശേഖരിച്ചും സത്യസന്ധമായ അന്വേഷണത്തിലൂടെയും കണ്ടെത്തിയ തെളിവുകളാണ് അതൊക്കെ. കോടതിമുഖാന്തിരം നമ്മൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനങ്ങൾക്കും അത് ബോധ്യമാകും. ഇതിന്റെ വസ്തുതകൾ നോക്കി ജനങ്ങളും പൊതുപ്രവർത്തകരും വിലയിരുത്തട്ടെ, എന്താണ് സംഭവിച്ചതെന്ന്. കേസിൽ കുറ്റപത്രം സമർപ്പിച്ചെന്ന് ഔദ്യോഗിക വിവരം ലഭിച്ചാൽ അടിയന്തരമായി പ്രതിയുടെ ജാമ്യം റദ്ദുചെയ്യാൻ ശ്രമം നടത്തും.’’

വാദി ഭാഗം അഭിഭാഷകൻ കെ.പി. മുനാസ്: ‘‘കേസിൽ മാധ്യമങ്ങളിൽ വന്നത് മാത്രമേ അറിവുള്ളൂ. കോടതിയിൽ അത് ഫയൽ ചെയ്തു കഴിഞ്ഞിട്ടില്ല. ഞങ്ങൾ ആ റിപ്പോർട്ട് കണ്ടിട്ടില്ല. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് കോടതിയിൽ ഫയൽ ചെയ്യും എന്നാണ് പ്രതീക്ഷ. ഫയൽ ചെയ്ത് കഴിഞ്ഞാൽ സ്വാഭാവികമായും കോടതിയിൽ നിന്ന് സമൻസ് പോകും. തുടർന്ന് പ്രതി ഹാജരായി വിചാരണ നേരിടണം. അതിനുശേഷമാണ് കോടതി വിധി പറയേണ്ടത്.
അവർ മൊഴിയിൽ വൈരുധ്യമുണ്ടെന്ന്​ പറഞ്ഞ്​ ചൂണ്ടിക്കാണിച്ചവയൊന്നും വലിയ വൈരുധ്യങ്ങളായിരുന്നുല്ല. ഒരു പത്തുവയസുകാരി കുട്ടിയുടെ മൊഴിയിൽ സ്വാഭാവികമായി സംഭവിക്കാവുന്ന തിയതികളിലെ ആശയക്കുഴപ്പം മാത്രമായിരുന്നു അത്. വിചാരണസമയത്തു പോലും കോടതി പരിഗണിക്കുന്ന കാര്യമല്ല അത്.
കുറ്റപത്രം കൊടുക്കും എന്ന വാർത്ത ശരിയാണെങ്കിൽ ഒരു പോക്‌സോ കേസ് എങ്ങനെയാണോ അന്വേഷിക്കേണ്ടത് അങ്ങനെ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. ഒരു പ്രാഥമിക റിപ്പോർട്ട് നേരത്തെ കൊടുത്തിട്ടുണ്ട്. ഇനി ഫൈനൽ റിപ്പോർട്ടാണ് കൊടുക്കേണ്ടത്. ആ റിപ്പോർട്ടിൽ അവർക്ക് വേണമെങ്കിൽ പോക്‌സോ പ്രകാരമുള്ള കുറ്റം തെളിഞ്ഞിട്ടില്ല എ​ന്നോ, തെളിഞ്ഞു എന്നോ പറഞ്ഞ്​ കൊടുക്കാം. സാക്ഷികൾക്കെല്ലാം വിചാരണ തുടങ്ങുമ്പോൾ സമൻസ് അയക്കും. അതിന് ശേഷം അറിയാം ബാക്കി കാര്യങ്ങൾ.’’

കേസിന്റെ നാൾവഴി

കേസ്: കണ്ണൂർ ജില്ലയിലെ പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലത്തായി യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലെ അധ്യാപകൻ ലൈംഗികമായി ആക്രമിച്ചു.
പ്രതി: പാലത്തായി യു.പി സ്‌കൂൾ അധ്യാപകനായിരുന്ന പത്മരാജൻ, ബി.ജെ.പി. തൃപങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണ്. 2011 മുതൽ പാലത്തായി യു.പി സ്‌കൂളിൽ അധ്യാപകനാണ്.

2020 മാർച്ച് 16: ആക്രമണം നേരിട്ട പെൺകുട്ടിയുടെ കുടുംബം തലശ്ശേരി ഡി.വൈ.എസ്.പി. ഓഫിസിലെത്തി അധ്യാപകനെതിരെ പരാതി നൽകി.
മാർച്ച് 17: 12 മണിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. മൂന്നിന്​ പാനൂർ പൊലീസ് വീട്ടിൽ വന്ന് മൊഴിയെടുത്തു. തുടർന്ന് സഹപാഠിയുടേയും മൊഴിയെടുത്തു. മൊബൈൽഫോൺ രേഖകളടക്കം ശാസ്ത്രീയ പരിശോധനയും നടത്തി, രാത്രിയോടെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
പത്മരാജനാണ് പ്രതിയെന്ന് മനസിലായെന്നും ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് വീട്ടുകാരെ അറിയിച്ചു.
മാർച്ച് 18: തലശ്ശേരിയിൽ വെച്ച് കുട്ടിക്ക് വൈദ്യ പരിശോധന നടത്തി. വൈകുന്നേരം ആറിന്​ മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ കുട്ടി മൊഴി കൊടുത്തു.
മാർച്ച് 19: രാവിലെ 10 ന്​ പാനൂർ സി.ഐ. വനിതാ കോൺസ്റ്റബിളിനെയും കൂട്ടി വീട്ടിലെത്തി കുട്ടിയെ വീണ്ടും ചോദ്യം ചെയ്തു.

ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സഹപാഠി അധ്യാപകനെതിരെ നൽകിയ മൊഴി: അധ്യാപകനായ പത്മരാജൻ പല സമയത്തായി കൂട്ടുകാരിയെയും (പരാതി നൽകിയ പെൺകുട്ടി) മറ്റ് കുട്ടികളെയും ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കൽ ബാത്ത് റൂമിൽ നിന്ന് കരഞ്ഞുകൊണ്ടാണ് കൂട്ടുകാരി ഇറങ്ങിവന്നത്. സ്‌കൂളിലെ മറ്റ് അധ്യാപകരോട് സംഭവത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നു.

മാർച്ച് 21: തലശ്ശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാൽ കുട്ടിയേയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്തു.
അന്നേ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ എഫ്.ഐ.ആർ എന്ന പരിപാടിയിൽ തലശ്ശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാൽ, കുറ്റകൃത്യം നടന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കേസിന്റെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സ്‌കൂളിനകത്ത് ​അതേ സ്‌കൂളിലെ അധ്യാപകൻ വളരെ ക്രൂരമായി ലൈംഗികാക്രമണം നടത്തിയെന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്ക് ഒരു പഴുതും ഇല്ലാത്തവിധം ശിക്ഷ വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും വേണുഗോപാൽ പറയുന്നു.

കേസ് ആദ്യം അന്വേഷിച്ച സി.ഐ. ശ്രീജിത്ത് പാനൂരിൽ നിന്ന് ട്രാൻസ്ഫറായി കോഴിക്കോ​ട്ടേക്കു പോയി.

പരാതി നൽകി 30 ദിവസം തികഞ്ഞിട്ടും പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യാനോ പ്രതി എവിടെയുണ്ടെന്ന് കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. പ്രതി ബി.ജെ.പി നേതാവായതുകൊണ്ടുള്ള രാഷ്ട്രീയ സ്വാധീനം ഈ അട്ടിമറിക്ക് പിന്നിലുണ്ടെന്നും നടപടി വൈകുന്നതിൽ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്നും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മാവൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

വൈദ്യ പരിശോധനയിൽ ലൈംഗികാക്രമണം നടന്നതായി തെളിഞ്ഞിട്ടും പ്രതിയെ രക്ഷിക്കാനുളള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം ശക്തമായി. നിരവധി തവണ ആക്രമിക്കപ്പെട്ട കുട്ടിയെയും കുടുംബത്തെയും നിരന്തരം ചോദ്യം ചെയ്യുകയും കുട്ടിയുടെ മാനസിക നില പരിശോധിപ്പിക്കുകയും ചെയ്ത പൊലീസ്​ നടപടി ദുരൂഹമാണെന്നും ആരോപണമുയർന്നു. വിഷയത്തിൽ സോഷ്യൽ മീഡിയയിലും പുറത്തും ഉയർന്ന വ്യാപക പ്രതിഷേധത്തിന് ശേഷം ശിശു ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയും മുഖ്യമന്ത്രിയും സംഭവത്തിൽ പ്രതികരിച്ചു.

കേസ് അന്വേഷിച്ചിരുന്ന സി.ഐ. ശ്രീജിത്ത് രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പ് നടത്തിയെന്ന് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും മുസ്​ലിം ലീഗിന്റെയും പ്രാദേശിക നേതൃത്വം ഒരുപോലെ ആരോപിച്ചു. പാനൂർ പൊലീസ്​ നടപടി സംസ്ഥാന പൊലീസിന് നാണക്കേടുണ്ടാക്കിയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഈ സമയത്തൊന്നും ബി.ജെ.പി പദ്മരാജനെ തള്ളിപ്പറഞ്ഞില്ല. നടപടിയും എടുത്തില്ല. ജില്ലാനേതാക്കൾ പരസ്യമായി പദ്മരാജനെ പിന്തുണച്ച് രംഗത്തെത്തി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരണ സമയത്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെ അറിയിക്കുകയും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞിരുന്നു.
കൃത്യം ഒരുമാസത്തിന് ശേഷം 2020 ഏപ്രിൽ 15 ന് പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്ന് പത്മരാജനെ പൊലീസ് അറസ്റ്റുചെയ്തു.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ.ജി. ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല.
2020 ജൂലൈ 14 ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

അറസ്റ്റിലായി 90 ദിവസം പൂർത്തിയായപ്പോഴായിരുന്നു ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയത്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും കേസിൽ പോക്‌സോ നിയമപ്രകാരമുളള അന്വേഷണം തുടരുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കുമെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സമാനമായി നാല്​ കുട്ടികളെ അധ്യാപകൻ മർദിച്ചതായും കുറ്റപത്രത്തിലുണ്ടായിരുന്നു.

പോക്‌സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്‌സോ ഒഴിവാക്കി. കുട്ടി മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയും, പൊലീസിനു കൊടുത്ത മൊഴിയും, പൊലീസിൽ നൽകിയ പരാതിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നതായിരുന്നു പോക്‌സോ ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതിൽ തെറ്റില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് ക്രൈംബ്രാഞ്ച് പോക്‌സോ ഒഴിവാക്കിയത്.

കുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ ഏതെങ്കിൽ തരത്തിൽ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയെന്ന കുറ്റമാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പിനു കീഴിൽ വരുന്നത്. സ്‌കൂൾ പോലെ കുട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോ മറ്റോ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ മർദ്ദിക്കുന്നത് കുറ്റമരമാക്കുന്ന വകുപ്പാണ് സെക്ഷൻ 82.

2020 ജൂലൈ 16 ന് പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയും രണ്ട് ആൾജാമ്യത്തോടെയുമായിരുന്നു ജാമ്യം. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി. ശ്രീജിത്തിന്റേതെന്ന തരത്തിൽ പുറത്തുവന്ന ഫോൺ സംഭാഷണം വിവാദമായി.
അന്വേഷണം പൂർത്തിയാകാത്ത കേസിൽ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ പ്രതിക്ക് അനുകൂലമായി മാറാവുന്ന പോയിന്റുകൾ അടക്കം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയതാണ് വിവാദത്തിന് കാരണമായത്.

ഇതേതുടർന്ന്​ ഐ.ജിയെ നീക്കണമെന്നും കേസിന്റെ മേൽനോട്ട ചുമതല വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഐ. ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നു.

2020 നവംബർ 21 ന് ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

2021 മെയ് 27 പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ നിർണായക തെളിവ് ലഭിച്ചതായി പൊലീസ്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് അധ്യാപകൻ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പും മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. ഇതോടെ പാലത്തായി കേസ് വീണ്ടും വഴിത്തിരിവായി.
കേസിൽ വൈകാതെ തലശ്ശേരി പോക്‌സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഐ.ജി. ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദാന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

Comments