'രാം കെ നാം' പ്രദർശനം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ, ഒത്താശയുമായി പൊലീസും

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം ആനന്ദ് പഠ് വർധന്റെ ഡോക്യുമെന്ററി ‘രാംകെ നാം’ പ്രദർശിപ്പിക്കുന്നത് തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്ക് ഒത്താശയുമായി പൊലീസ്.

യോധ്യയിലെ രാമേക്ഷത്ര പ്രതിഷ്ഠയുടെ ദിവസം, ​പ്രതിഷേധ സൂചകമായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം ആനന്ദ് പഠ് വർധന്റെ ഡോക്യുമെന്ററി ‘രാംകെ നാം’ പ്രദർശിപ്പിക്കുന്നത് തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ഡോക്യുമെന്ററി പ്രദർശനത്തിനിടെയാണ് സംഘർഷം. പോലീസ് അനുമതി തേടിയതിന് ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്ത് ഡോക്യുമെന്ററി പ്രദർശനം നടത്താൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, സമീപത്തെ ബി.ജെ.പി പ്രവർത്തകർ ഭീഷണികളും വാക്കേറ്റങ്ങളുമായി ബഹളമുണ്ടാക്കി. സംഘർഷങ്ങൾക്കൊടുവിൽ പോലീസെത്തി പ്രദർശനം തടയുകയായിരുന്നെന്നും വിദ്യാർഥികൾ ആരോപിച്ചു.

കാമ്പസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട വസ്തുതകൾ പൊതുജനങ്ങളെ കൂടി അറിയിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്ത് ഓപ്പൺ സ്‌ക്രീനിങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് ആക്ടിങ്ങ് കോഴ്‌സ് ഒന്നാം വർഷ വിദ്യാർഥി അശ്വിൻ കൃഷ്ണ ആർ.എസ് പറഞ്ഞു:

വൈകുന്നേരം ആറരക്ക് ഇൻസ്റ്റിറ്റ്യൂട്ട് കവാടത്തിന് പുറത്ത് സ്‌ക്രീനിങ്ങ് നടത്താമെന്നാണ് വിചാരിച്ചിരുന്നത്. അതിന് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയത്താണ് ബി.ജെ.പി പ്രവർത്തകർ വന്ന് സംഘർഷങ്ങളുണ്ടാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുമ്പിൽ തന്നെ ഒരു അമ്പലമുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അവിടെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പായസവിതരണം നടന്നിരുന്നു. അതു കഴിഞ്ഞ് അവർ പോകാൻ നിൽക്കുമ്പോഴാണ് സ്‌ക്രീനീങ്ങിന് വേണ്ടിയുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകൾ കാണുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മതിലിലും ഇലക്ട്രിക്ക് പോസ്റ്റിലുമൊക്കെ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകളും ബാനറുകളും ഒട്ടിച്ചിരുന്നു. അത് അഴിച്ചുമാറ്റണമെന്നും സ്‌ക്രീനിങ്ങ് നിർത്തണമെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് വന്ന് സ്‌ക്രീനിങ്ങിന് വെച്ചിരുന്ന സാധനങ്ങളൊക്കെ അഴിച്ചുമാറ്റാൻ പറയുകയും ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്ത് പ്രദർശിപ്പിക്കാൻ കഴിയില്ലെന്നൊക്കെ പറഞ്ഞു. ഞങ്ങൾ എന്തോ കുറ്റകൃത്യം ചെയ്യുന്ന രീതിയിലാണ് പോലീസ് പ്രതികരിച്ചത്.

ആനന്ദ് പഠ് വർധന്റെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും മതസംഘർഷത്തിന് ഇടയാക്കുമെന്നൊക്കെയാണ് ബി.ജെപി പ്രവർത്തകർ പ്രദർശനം തടയുന്നതിന് കാരണമായി പറഞ്ഞത്. പോലീസും ഇതിനെ ശരിവെക്കുന്ന തരത്തിലാണ് പ്രതികരിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു. അനുമതി നൽകിയിട്ടും ഡോക്യുമെന്റി പ്രദർശിപ്പിക്കുന്നതിന് തടസ്സമെന്താണെന്ന് വിദ്യാർഥികൾ ചോദിച്ചിരുന്നെങ്കിലും നിലവിൽ പുറത്ത് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയായിരുന്നു പോലീസ്. ഇതിനുശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റ ഗേറ്റിനകത്തായി പൊതുജനങ്ങൾക്ക് കൂടി കാണാവുന്ന രീതിയിൽ പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അതിനും പോലീസും ബി.ജെ.പി പ്രവർത്തകരും അനുവദിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തിറങ്ങിയാൽ കൈയ്യും കാലും വെട്ടുമെന്നൊക്കെയുള്ള ഭീഷണിസ്വരത്തിലാണ് ബി.ജെ.പി പ്രവർത്തകർ സംസാരിച്ചിരുന്നെന്നാണ് സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ശ്രീദേവൻ കെ. പെരുമാൾ പറയുന്നത്:

“ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനുമുമ്പുതന്നെ പോലീസിനെ വിളിച്ച് പറഞ്ഞിരുന്നു. ഗതാഗത തടസ്സമില്ലാത്ത രീതിയിൽ പ്രദർശനം നടത്തുമെന്നും ഉറപ്പുകൊടുത്തു. പ്രദർശനം നടത്തുന്നതിന് പ്രശ്‌നമില്ലെന്നും എന്തെങ്കിലും പ്രശ്മുണ്ടാകുന്ന സമയത്ത് വിളിച്ചാൽ മതിയെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. ആ ഉറപ്പിന്റെ പുറത്താണ് ഞങ്ങൾ പ്രദർശനം നടത്തുന്നത്. ബി.ജെ.പി പ്രവർത്തകർ സംഘർഷങ്ങളുണ്ടാക്കിയശേഷമാണ് പ്രദർശനം പുറത്ത് നടത്താൻ പറ്റില്ലെന്നും അകത്ത് നടത്തണമെന്നുമൊക്കെ പോലീസ് പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ നേരത്തെ പ്രദർശനം നടത്താൻ പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്ന തരത്തിലാണ് പോലീസ് പറഞ്ഞത്. പോലീസിന് വ്യക്തമായ മറുപടി പറയാനുണ്ടായിരുന്നില്ല.”

ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് കാന്റിനടുത്ത് വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ഒടുവിൽ ഡോക്യുമെൻററി പ്രദർശനം നടത്തിയത്. കുറെ സമയം കഴിഞ്ഞാണ് ബി.ജെ.പി പ്രവർത്തകർ കാമ്പസിൽ നിന്ന് പോയതെന്ന് വിദ്യാർഥികൾ പറഞ്ഞു.

കെ.ആർ ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് നടന്ന ഡോക്യുമെൻറി പ്രദർശനത്തിൽ നിന്ന്

പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കാമ്പസുകളിൽ നടന്ന പ്രതിഷേധങ്ങളിലെല്ലാം ഇത്തരം സംഘർഷങ്ങളും അടിച്ചമർത്തലുകളും റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ സംഘ്പരിവാർ ക്ലബ് ഒരുക്കിയ കാവി ഭൂപടത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സംഘ് അനുകൂലികൾ മർദ്ദിച്ചിരുന്നു. സോഷ്യൽ ആൻഡ് സ്പിരിച്ചൽ ക്ലബ് എന്ന സംഘപരിവാർ അനുകൂല സംഘടനയിലെ ഉത്തരേന്ത്യൻ വിദ്യാർഥികളാണ് പ്രതിഷേധിച്ച വിദ്യാർഥികളെ മർദ്ദിച്ചത്. കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിൽ രാമരാജ്യം എന്ന് പ്രതീകവത്കരിച്ച് അമ്പും വില്ലും വരച്ചതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ‘ഇന്ത്യ രാമരാജ്യമല്ലെന്ന’ പ്ലക്കാർഡുമായിട്ടായിരുന്നു പ്രതിഷേധം. ജയ്ശ്രീറാം വിളികളോടെ എസ്.എൻ.എസ് സംഘടന പ്രവർത്തകർ പ്രതിഷേധത്തെ എതിരിടുകയും സംഘർമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. പോലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സമാനമായി ഹൈദരാബാദിലെ മാർലീസ് ജോയിന്റ് ബിസ്‌ട്രോ റസ്‌റ്റോറന്റിൽ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാം വസ്തുതകളെയും ചരിത്രത്തിൽ നിന്നുതന്നെ മായ്ച്ചുകളയാൻ നടക്കുന്ന ആസൂത്രിത ശ്രമത്തിൽ പൊലീസ് കൂടി പങ്കാളികളാകുന്ന നടുക്കുന്ന യാഥാർഥ്യമാണ് ഈ സംഭവങ്ങളിൽനിന്ന് വെളിപ്പെടുന്നത്.

Comments