സ്വർണത്തിൻ്റെയും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെയും സ്ത്രീവിരുദ്ധതയുടേയും വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അഭിനേത്രി ഹണിറോസ് നൽകിയ പരാതി കേരളീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ കൂടുതൽ ആഴവും പരപ്പുമുള്ള ചർച്ചകൾക്ക് കാരണമാവേണ്ടതുണ്ട്.
കാരണം ബോബി ചെമ്മണ്ണൂർ ഒറ്റയൊരാളല്ല. അയാൾ അശ്ലീല ആഭാസൻമാരുടെ കടലിലെ വെള്ളയുടുപ്പിട്ടു നൃത്തം ചെയ്യുന്ന ഒരു തിരമാത്രമാണ്.
സ്ത്രീകളെ കുറിച്ച് പൊതു സമൂഹം പുലർത്തിപ്പോരുന്ന വികല ധാരണകൾ കയ്യടികളോടെ ആഘോഷിക്കപ്പെടുമെന്നും അതിന് പിന്തുണക്കാർ ഒരുപാടുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂരിനറിയാം. അതയാൾക്ക് ഹണിറോസ് കൊടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റിൽ കഴിയുമ്പോഴും ധാരാളമായിത്തന്നെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.