മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച ഒരു വർഗ സമരത്തെക്കുറിച്ച്​

മുഖ്യധാരാ മാധ്യമങ്ങൾ ഓൺ ലൈനിലും ഓഫ് ലൈനിലും പുലർത്തിപ്പോരുന്ന തൊഴിലാളി വിരുദ്ധ ഭാവുകത്വം ഒരു പുത്തരിയല്ല. ഇതിനെ മറികടക്കാൻ തെരുവ് നാടകങ്ങൾ മുതൽ സോഷ്യൽ മീഡിയാ കാമ്പയിനുകൾ വരെ അനേകം ഉപാധികളുണ്ടെന്ന് അവരും മറന്നുപോകുന്നു. കഴിഞ്ഞ ദിവസം നടന്ന ബാങ്ക്​ ജീവനക്കാരുടെ പണിമുടക്കിനോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ മുൻനിർത്തി ഒരാലോചന

മ്പളവർദ്ധനവിന് വേണ്ടിയുള്ള പതിവ് ട്രേഡ് യൂണിയൻ സമരങ്ങൾക്കപ്പുറം ഒരു രാജ്യത്തിന്റെ പൊതുസമ്പാദ്യം അന്യാധീനപ്പെട്ട് പോവുന്നതിനെതിരായ ഒരു സമരപരിപാടിയായിരുന്നു മാർച്ച് 15, 16 തീയതികളിൽ നടന്ന ദ്വിദിന ബാങ്ക് സമരം.

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായുള്ള പ്രതിരോധം എന്ന നിലയ്ക്ക് ഈ സമരം വലിയ തോതിലുള്ള ദേശീയ ശ്രദ്ധയാകർഷിച്ചുവെങ്കിലും പതിവുപോലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വർഗസമരത്തെയും അവഗണിച്ചു. പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരായുള്ള ബാങ്ക് തൊഴിലാളികളുടെ ഈ തെരുവ് പ്രക്ഷോഭം പക്ഷേ എന്തിനും പോന്ന ജനകോടികളുടെ ശ്രദ്ധയാകർഷിക്കുവാൻ പര്യാപ്തമായിരുന്നു എന്ന് നിസ്സംശയം പറയാം.

തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടന്നിട്ടും സാമ്പത്തികമേഖല സർവത്ര സ്തംഭിച്ചപ്പൊഴും ഇനിയും കുറ്റിയറ്റ് പോവാത്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ അനേകകോടി മനുഷ്യർ ഈ സമരത്തെ പിന്തുണച്ചു.

തൊണ്ണൂറുകൾ മുതലുള്ള നവ ഉദാരവൽക്കരണ നയങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഓൺ ലൈനിലും ഓഫ് ലൈനിലും പുലർത്തിപ്പോരുന്ന തൊഴിലാളി വിരുദ്ധ ഭാവുകത്വം ഒരു പുത്തരിയല്ല. ഇതിനെ മറികടക്കാൻ തെരുവ് നാടകങ്ങൾ മുതൽ സോഷ്യൽ മീഡിയാ കാമ്പയിനുകൾ വരെ അനേകം ഉപാധികളുണ്ടെന്ന് അവരും മറന്നുപോകുന്നു. പൊതുപരീക്ഷ നടത്തി സംവരണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുപ്പെടുന്ന പൊതുമേഖലാ ബാങ്ക് തൊഴിലാളികളെ ദുർമുഖക്കാരായ് ചിത്രീകരിക്കുന്ന ഐ.ടി സെൽ ജാലവിദ്യ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്. സംഘടിതരായ ചുമട്ട് തൊഴിലാളികൾ അവർക്കെന്നും തെരുവ് തെമ്മാടികൾ മാത്രമായിരുന്നല്ലൊ.

മറുവശത്ത് ഒരു പൊതുപ്രശ്‌നമെന്ന നിലയ്ക്ക് ഈ നയങ്ങളെ കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയവും മുഖ്യധാരാ മാധ്യമങ്ങൾക്ക് കൈമോശം വന്നിരിക്കുന്നു. പെരുകുന്ന തൊഴിലില്ലാപ്പടയും കിട്ടാക്കടവും അമിത ചാർജുകളും ഒന്നും അവർക്ക് വിഷയമല്ല. അമ്പലവും പള്ളിയും തീ പിടിക്കുന്ന സെൻസേഷണൽ വിഭവങ്ങൾ വെച്ച് വിളമ്പാനെ അവർക്കറിയൂ.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബാങ്ക് തൊഴിലാളികൾ തന്നെ എളിയ ചില വീഡിയോകളും മറ്റും ചെയ്യാൻ നിർബന്ധിതരാവുന്നത്. ഇന്ത്യയിലെ വർഗപരമായ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ അത്തരം ചില കലാവൃത്തികൾ സൃഷ്ടിക്കേണ്ടത് ഒരിക്കൽ കൂടി അനിവാര്യമായിരിക്കുന്നു.

തൊഴിലാളികളും മർദ്ദിതരും കീഴാളരും അവരുടെ കല ഉത്പാദിപ്പിക്കുന്നത് രാഷ്ട്രീയം കൊണ്ടാണ്. അതുകൊണ്ടുതന്നെ നാടകീയതകൾക്കപ്പുറം ലളിതവിനിമയങ്ങളുടെ സാധ്യതകൾ ആരായുന്നവയാണ് ഈ സന്ദേശചിത്രങ്ങൾ എന്ന് പറയാം. കർഷകസമരങ്ങളടക്കമുള്ള വർഗസമരങ്ങൾ ഉൽപാദിപ്പിക്കുന്ന നവ വർഗ ഭാവുകത്വത്തിലേക്ക് തങ്ങളുടെതായ ഒരു പങ്ക് വിനീതമായി ചേർത്തുവെക്കുകയേ ബാങ്ക് തൊഴിലാളികളും ചെയ്യുന്നുള്ളൂ. എങ്കിലും ഒരിക്കൽ ഈ എളിയ കലാവിദ്യകൾ രാജ്യത്തിന്റെ മുഖ്യധാരാ ഭാവുകത്വത്തെ നിർണായകമായി സ്വധീനിക്കുമെന്ന കാര്യം നിസ്സംശയം പ്രഖ്യാപിക്കാവുന്നതാണ്.


Summary: മുഖ്യധാരാ മാധ്യമങ്ങൾ ഓൺ ലൈനിലും ഓഫ് ലൈനിലും പുലർത്തിപ്പോരുന്ന തൊഴിലാളി വിരുദ്ധ ഭാവുകത്വം ഒരു പുത്തരിയല്ല. ഇതിനെ മറികടക്കാൻ തെരുവ് നാടകങ്ങൾ മുതൽ സോഷ്യൽ മീഡിയാ കാമ്പയിനുകൾ വരെ അനേകം ഉപാധികളുണ്ടെന്ന് അവരും മറന്നുപോകുന്നു. കഴിഞ്ഞ ദിവസം നടന്ന ബാങ്ക്​ ജീവനക്കാരുടെ പണിമുടക്കിനോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ മുൻനിർത്തി ഒരാലോചന


Comments