പണത്തിനു മുന്നിൽ നഗ്നമാക്കപ്പെടുന്നു, ബ്രാഹ്മണദൈവം

അമൂർത്ത ദൈവത്തിന്റെ കസ്റ്റോഡിയനായിരിക്കാൻ ബ്രാഹ്മണർക്ക് യോഗ്യത ഇല്ല എന്ന നവോത്ഥാനയുക്തിയുടെ പുതിയ വികാസമായി വേണം, മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവനയെ കാണാൻ. പണം, ബ്രാഹ്മണ്യത്തേക്കാൾ വലിയ സാമൂഹ്യശക്തിയായി മാറിക്കഴിഞ്ഞ ഘട്ടത്തിൽ, ദൈവത്തെ പണം റീപ്ലെസ് ചെയ്യുന്നു. അവിടെ ആചാരത്തിന്റെ പരിച പരിഹാസ്യമായി മാറുന്നു. ശുദ്ധി, ശുദ്ധ ഭോഷ്കായി മാറുന്നു. അതായത്, ഈ സംഭവം ശരിക്കും വെളിപ്പെടുത്തുന്നത് ദലിതരുടെ അപകർഷത അല്ല, ബ്രാഹ്മണ്യത്തിന്റെ അപകർഷതയാണ്.

കീഴാള ഭക്തർ നൽകുന്ന പണം പൂജാരിക്ക് സ്വീകാര്യമാണ്. കീഴാളരാകട്ടെ അസ്പൃശ്യരും. ജാതിയുടെ മൊത്തം ആന്തര ലോജിക്കിനെയും അത് പുതിയ കാലത്ത് നേരിടുന്ന പ്രതിസന്ധികളെയും സംഗ്രഹിക്കുന്ന കാര്യമാണിത്. പയ്യന്നൂരിലെ കൊവ്വൽ ശിവക്ഷേത്രത്തിൽ നടന്ന ജാതിവിവേചനം ചൂണ്ടിക്കാട്ടി, പണത്തെയും ജാതിയെയും ബന്ധിപ്പിച്ച്, മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ നിരീക്ഷണം അത്തരത്തിൽ കേവലം ആത്മാനുഭവപരമല്ല (Lived Experience). ജാതി വേറെ, സാമ്പത്തിക ഘടന വേറെ എന്ന തരത്തിലുള്ള പരമ്പരാഗത യുക്തിയിൽ മനസിലാക്കാൻ കഴിയുന്ന കാര്യമല്ല അത്. സാമൂഹ്യ ബന്ധങ്ങൾ പണത്തിന്റെ പൊതുമാനകത്തിലൂടെ നിർണയിക്കപ്പെടുന്ന ചലനാത്മകമായ പുതിയ കാലത്തിന്റെ വസ്തുനിഷ്ഠ പരിസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നാണ് മന്ത്രിയുടെ നിരീക്ഷണം.

സൗകര്യത്തിന്, ആധുനിക ജാതിവ്യവസ്ഥയും മനുസ്മൃതി മുന്നോട്ടുവെക്കുന്ന ബ്രാഹ്മണ്യ സങ്കൽപ്പവും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് തുടങ്ങാം. ആധുനിക സമൂഹത്തിലെ ഒരു പൂജാരി സ്വയം കരുതുന്നത് 'ദൈവത്തിന്റെ' പ്രതിനിധാനമാണ് താൻ എന്നാണ്. അയാൾ സ്വയം തന്നെ ദൈവമല്ല. ദൈവത്തെ ഉൾവഹിക്കുന്ന ശരീരമാണ്. അയാൾ തന്നെ ഒരു ശരീരം ആയിരിക്കെ, ശാരീരികമായ എന്തിനെയും എത്രയും വർജിക്കാമോ അതാണ് ദാർശനികമായി അയാളെ ദൈവത്തിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത്. സ്ത്രീകളും കീഴാളരും പാപയോനിയിൽ പിറന്നവരുമൊക്കെ ഇത്തരത്തിൽ അയാളിലെ ദൈവാംശത്തിന്റെ ശത്രുക്കളാണ്. സ്വയം തന്നെ അയാൾ ദൈവം ആണെങ്കിൽ അയാൾക്ക് ഈ കീഴാളഭീതി ആവശ്യമില്ല. മറിച്ച്, ദൈവത്തിന്റെ ഇംഗീതം നടപ്പാക്കാൻ നിയുക്തനായ ദൈവത്തിന്റെ പ്രതിപുരുഷനാണ് അയാൾ എന്നാണ്‌സങ്കൽപ്പം. അതായത് അയാൾ അയിത്തം ആചരിക്കുമ്പോഴും അയാൾ അതിൽ പ്രതിയല്ല; കാരണം ഒരു ഉപരിയാഥാർഥ്യത്തിന്റെ (ദൈവത്തിന്റെ) ഇംഗിതമാണ് അയാൾ നിർവഹിക്കുന്നത്. അതുകൊണ്ടാണ് അയിത്തത്തെ സാങ്കേതികത ചൂണ്ടിക്കാട്ടി ന്യായീകരിക്കാൻ തന്ത്രികൾക്ക് മടിയില്ലാതെ വരുന്നത്.

ഇതേ യുക്തി, നേരിട്ടുള്ള ബ്രാഹ്‌മണ്യത്തിൽ മറ്റൊരു വിധത്തിലാണ് പ്രവർത്തിക്കുക. ബ്രാഹ്മണ്യത്തിൽ ബ്രാഹ്മണൻ ഏതാണ്ട് ദൈവം തന്നെയാണ്. മനുസ്മൃതിയാണ് ഇതിന്റെ കോഡിഫിക്കേഷൻ. അതനുസരിച്ച് ദൈവത്തിന്റെ ഇംഗിതവും ബ്രാഹ്മണന്റെ ഇംഗിതവും തമ്മിൽ വേർതിരിവില്ല. സ്വാഭാവികമായും മനുസ്മൃതിയുടെ ദണ്ഡനീതി നടപ്പാക്കാൻ ഐഡിയോളജി ആവശ്യമില്ല. കാരണം അവിടെ കീഴാളർ ശാരീരികമായും വ്യവസ്ഥാപിതമായും അടിച്ചമർത്തപ്പെട്ടവരാണ്. ഫ്യുഡൽ സാമൂഹ്യക്രമത്തിൽ ഐഡിയോളജിക്കലായ ഒരു സമ്മതി ഇല്ലാതെ തന്നെ ജാതിവിഭജനം പ്രവർത്തനക്ഷമാകും. ജാതിയിലേക്ക് ഐഡിയോളജി കടന്നുവരുന്ന സന്ദർഭത്തിലാണ് ബ്രാഹ്മണരും ദൈവവും തമ്മിലുള്ള, മുകളിൽ പറഞ്ഞ വേർതിരിവ് വരുന്നത്. അതായത് മനുസ്മൃതിയുടെ അടിത്തറയിലുള്ള ബ്രാഹ്മണ്യം ചോദ്യം ചെയ്യപ്പെടുന്ന ആധുനികതയുടെ സന്ദർഭത്തിൽ. ഇവിടെ ബ്രാഹ്മണരുടെ ദൈവപദവി ചോദ്യം ചെയ്യപ്പെട്ടു. പകരം ബ്രാഹ്മണർ എടുത്തണിയുന്ന വേഷമാണ് ദൈവത്തിന്റെ പ്രതിനിധാനം എന്നത്. ഈ പ്രതിനിധാനഘട്ടമാണ് ജാതിക്ക് ഐഡിയോളജിക്കൽ പദവി നൽകുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം വിചാരിച്ചാൽ ബ്രാഹ്മണർ ദൈവപുരുഷനായി മാറില്ല. അതിന് കീഴാള ജാതി വിഭാഗങ്ങളുടെ കൂടി പൊതുസമ്മതം വേണം. അതായത് ഐഡിയോളജിക്കൽ സമ്മതി വേണം.

ഈ സമ്മതത്തെയാണ് ‘caste is a mindset’ എന്നതുകൊണ്ട് ഡോ. അംബേദ്‌കർ ഉദ്ദേശിക്കുന്നത് എന്നുവേണം കരുതാൻ. കാസ്റ്റിന്റെ ഭൗതിക അടിത്തറയെ കുറിച്ചുള്ള അജ്ഞതയല്ല അംബേദ്കറെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്, (Caste is an enclosed class എന്ന നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട്) മറിച്ച്, കാസ്റ്റിന്റെ പ്രവർത്തന മെക്കാനിസത്തിൽ ഐഡിയോളജി നിർണായകമായി തീർന്ന ചരിത്രഘട്ടത്തെ (മുതലാളിത്ത ബന്ധങ്ങളുടെ വ്യാപനം, ലിബറൽ പ്രവണതകൾ, കമ്യൂണിറ്റിക്ക് പകരം വ്യക്തി സാമൂഹിക യൂണിറ്റായി മാറുന്ന പ്രക്രിയ തുടങ്ങിയവ ഈ ചരിത്രഘട്ടത്തിന്റെ പ്രത്യേകതയാണ്) ആണ് അംബേദ്കർ ശരിയായി മനസ്സിലാക്കുന്നത്. ഐഡിയോളജിയുടെ കസ്റ്റോഡിയൻ എന്ന ബ്രാഹ്മണ പദവി അംബേദ്‌കർ ചോദ്യം ചെയ്യുന്നു. ഈ ഘട്ടത്തിൽ ബ്രാഹ്മണർ നിർവചിക്കപ്പെടുന്നത് നേരിട്ടുള്ള ഒരു മർദ്ദകൻ എന്നതിനേക്കാൾ മർദകരുടെ ഐഡിയലോഗ് എന്ന നിലയിലാണ്. ബ്രാഹ്മണിക് ക്ലാസിനെ ഗവേണിംഗ് ക്ലാസ് ആക്കിമാറ്റുന്നത് ഈ പദവി കൂടിയാണ്.

ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

മുതലാളിത്ത ബന്ധങ്ങൾ പൂർണമായി വേരാഴ്ത്തിയിട്ടില്ലാത്തതും സാമുദായിക - ജാതി ബന്ധങ്ങൾക്ക് ഭൗതിക അടിത്തറ ഉള്ളതുമായ സാമൂഹ്യ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരു അഭിമുഖീകരിച്ചതും ബ്രാഹ്മണരുടെ 'പ്രാതിനിധാന പദവി' അഥവാ ഐഡിയോളജിക്കൽ റോൾ ആയിരുന്നു. ദൈവത്തെ ബ്രാഹ്മണർ നിർണയിക്കുന്നു എന്നതിനേക്കാൾ, ബ്രാഹ്മണർ ദൈവത്തിനാൽ നിർണയിക്കപ്പെടുന്നു എന്നാണെങ്കിൽ അത്തരം ആത്മീയതക്ക് ഇരുതലമൂർച്ചയുള്ള വ്യാഖ്യാന സാധ്യതയുണ്ടല്ലോ. ദൈവത്തിന്റെ പ്രതിപുരുഷനാകാൻ ആർക്കും കഴിയുമല്ലോ. ഇതിന്റെ റാഡിക്കൽ പൊട്ടൻഷ്യൽ ആണ് ഗുരുവിന്റെ ആത്മീയതയുടെ അടിത്തറ. ദൈവത്തെ മനുഷ്യൻ നിർണയിക്കും എന്ന ഒരു നിലപാടോ ദൈവം തന്നെ വേണ്ട എന്ന ഭൗതികവാദ നിലപാടോ സ്വീകരിക്കാതിരിക്കേ തന്നെ ഗുരു കേരളീയ നവോത്ഥാനത്തിന്റെ വിളക്കുമരമായി മാറിയത് അങ്ങനെയാണ്.

19- 20 നൂറ്റാണ്ടുകളിലെ സാമുദായിക ആധുനികത ചെയ്യുന്നത് ഇത്തരത്തിൽ അമൂർത്ത ദൈവത്തെ കീഴാളരുടെ കൂടി ദൈവമായി വ്യാഖ്യാനിച്ചെടുക്കുകയാണ്. ഇതിന്റെ പശ്ചാത്തലമായി പ്രവർത്തിക്കുന്നതാകട്ടെ ധനകാര്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള സമൂഹത്തിന്റെ പ്രവേശമാണ്. സാമൂഹ്യബന്ധങ്ങളിൽ സംഭവിക്കുന്ന മാറ്റത്തിൻറെ ഭാഗമായി കീഴാള ജാതിവിഭാഗങ്ങൾ വിദ്യാഭ്യാസത്തിലൂടെയും സമുദായവൽക്കരണത്തിലൂടെയും ശാക്തീകരിക്കപ്പെടുന്ന ഘട്ടമാണിത്. ബ്രാഹ്മണ്യത്തിന്റെ ഐഡിയോളജിക്കൽ സമ്മതി ഇവിടെ കൃത്യമായി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യർ, ജന്മം കൊണ്ട് ആരുടെയും മെറിറ്റ് നിശ്ചയിക്കപ്പെടുന്നില്ല എന്നിവ പോലുള്ള പൗരസമൂഹ നിലപാടുകൾക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങുന്നു. എന്നാൽ ധനകാര്യ (മോണറ്ററി) ഇക്കണോമിയിലൂടെ സമൂഹം സമഗ്രമായി ആധുനികവൽക്കപ്പെട്ടുകഴിഞ്ഞ ഒരു കാലമല്ല നവോഥാന ഘട്ടം. അതിന്റെ പ്രാരംഭഘത്തിലെ ഐഡിയോളജിക്കൽ പ്രകമ്പനങ്ങളാണ് നവോഥാന മുദ്രാവാക്യങ്ങളായി പടർന്നുതുടങ്ങുന്നത് എന്നേ പറയാൻ കഴിയൂ.

മോണിറ്ററി എക്കണോമിയിലേക്കുള്ള കേരളത്തിന്റെ പ്രവേശം സംഭവിക്കുന്ന മുറയ്ക്കാണ് കേരളീയ നവോത്ഥാനത്തിന്റെ പിന്തുടർച്ച കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുന്നത്. ഇത് കേവലം സാമുദായികപരമല്ല. ജാതി ഇവിടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയ്ക്ക് (പൊളിറ്റിക്കൽ എക്കണോമി) കീഴ്പ്പെടുകയാണ് ചെയ്യുന്നത്. പൗരസമൂഹനിർമിതിയുടെ മധ്യസ്ഥതയിലാണ് തുടർന്നുള്ള ജാതി വൈരുധ്യങ്ങൾ പ്രകടമാകുന്നത് എന്നുകാണാം. ഇത്തരത്തിൽ ഇടതുപക്ഷത്തിന്റെ സമീപനം കേവലമായി സാമുദായിക യുക്തി പിൻപറ്റിക്കൊണ്ടുള്ളതല്ല. അതേസമയം ജാതിയെ മനസിലാക്കാത്ത ഒന്നുമല്ല. കീഴാളമോ സവർണമോ ആയ സാമുദായികവാദത്തിലൂടെ ഒരു ഭാഷാ സംസ്ഥാനം എന്ന നിലയിൽ ആധുനിക കേരളത്തെ വിഭാവനം ചെയ്തെടുക്കാനാകുമായിരുന്നില്ല. ജാതിയുടെ പേരിൽ ഇടതുപക്ഷത്തെയും കേരളത്തെ തന്നെയും സാമുദായികവായനയിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങൾ ചരിത്രപരമായി സമഗ്രമല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നുവെന്നേയുള്ളൂ. അതിനാൽ തന്നെ സാമുദായിക, ജാതിവായനകളിലൂടെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പലവിധ ശ്രമങ്ങൾ എതിർക്കപ്പെടുക തന്നെ വേണം.

മോണിറ്ററി എക്കണോമിയിലേക്കുള്ള കേരളത്തിന്റെ പ്രവേശം സംഭവിക്കുന്ന മുറയ്ക്കാണ് കേരളീയ നവോത്ഥാനത്തിന്റെ പിന്തുടർച്ച കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുന്നത്
മോണിറ്ററി എക്കണോമിയിലേക്കുള്ള കേരളത്തിന്റെ പ്രവേശം സംഭവിക്കുന്ന മുറയ്ക്കാണ് കേരളീയ നവോത്ഥാനത്തിന്റെ പിന്തുടർച്ച കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുന്നത്

ജാതി അതിന്റെ ഐഡിയോളജിക്കൽ സമ്മതി ഇക്കാലത്ത് കൈവരിക്കുന്നത് കുറേക്കൂടി സങ്കീർണമായ തരത്തിലാണ്‌. രാഹുൽ ഈശ്വറിനെ പോലുള്ളവർ മുന്നോട്ടുവയ്ക്കുന്ന വാദം ഇത്തരത്തിലുള്ളതാണ്‌: ‘ഹിന്ദുസമാജത്തിൽ പല തെറ്റുകളും കടന്നുകൂടിയിരുന്നു, അതിൽ പലതും കാലക്രമേണ തിരുത്തപ്പെട്ടിട്ടുണ്ട്; ഇനിയും കുറേക്കൂടി തിരുത്താനുണ്ട്; അതൊക്കെ സ്വാഭാവികമായി അങ്ങ് സംഭവിക്കുകയും ചെയ്യും.’

പിന്നാക്ക ഹിന്ദു വിഭാഗങ്ങൾ (കേരളത്തിൽ അത് പൊതുസമൂഹവുമായി ഒന്ന് ചേരുന്നു) അതിശക്തമായി 'ഹിന്ദു / സവർണ സമാജത്തെ' പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോഴാണ് രാഹുൽ ഈശ്വർ അടക്കമുള്ളവരുടെ 'കുറ്റസമ്മതം' പുറത്തുവരാറുള്ളത്. എന്നാൽ ശബരിമലയുടെ കാര്യത്തിലോ ക്ഷേത്രങ്ങളിൽ പ്രത്യക്ഷവും പരോക്ഷവുമായ തരത്തിൽ സവർണാധികാരം തുടരുന്ന കാര്യത്തിലോ രാഹുൽ ഈശ്വറിന് കുറ്റം കാണാനാവുന്നില്ല. അത് വിശ്വാസപരവും അതിനാൽ തന്നെ ശാശ്വതവുമാണ്. അവ തിരുത്താൻ കഴിയുന്ന ഒന്നല്ല.

അതായത്, തങ്ങളുടെ അധികാരത്തിനും പാരമ്പര്യ പ്രിവിലേജിനും പിന്നാക്കവിഭാഗങ്ങൾ വെല്ലുവിളി ഉയർത്തുകയാണെന്ന ബോധം രാഹുൽ ഈശ്വർ അടക്കമുള്ളവർക്കുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിൽ ആ വെല്ലുവിളിയെ പ്രത്യക്ഷമായി തടഞ്ഞുനിർത്താൻ കഴിയില്ല എന്ന ബോധ്യവും. അതിനാൽ 'ഹിന്ദു സമാജത്തിലെ തെറ്റിനെ' കാലത്തിന്റെ സ്വാഭാവികതയിൽ വന്നടിഞ്ഞുകൂടിയതും കാലത്തിന്റെ സ്വാഭാവികതയിൽ ഇല്ലാതാകേണ്ടതുമായ നിസംഗമായ കാര്യമായി രാഹുൽ വ്യാഖ്യാനിച്ചെടുക്കുന്നു. ഗുരു മുതൽ അയ്യങ്കാളി മുതൽ അംബേദ്‌കർ വരെ ഈ സ്വാഭാവികതയിലെ കണ്ണികൾ മാത്രം. അവരെ അവർ പ്രതിനിധീകരിച്ച സാമൂഹ്യസംഘർഷത്തിന്റെ ചരിത്രത്തിൽ നിന്നും ജാതിക്കോമരങ്ങൾക്കും ജാതിവ്യവസ്ഥക്കും എതിരായ പ്രവർത്തനങ്ങളുടെ പ്രക്ഷുബ്ധ ഭൂതകാലത്തിൽ നിന്നും അതിന്റെ വർത്തമാനകാല അനുരണനങ്ങളിൽ നിന്നും എടുത്തുമാറ്റുന്നു. യുക്തിവാദശൈലിയിൽ അമൂർത്തവൽക്കരിച്ചെടുക്കുന്നു. ആരും പ്രതിസ്ഥാനത്ത് ഇല്ലാത്ത, മൂല്യനിരപേക്ഷമായ ഒരു ജാതിആഖ്യാനം ഇതിലൂടെ സൃഷ്ടിക്കുന്നു.

ജാതിയെ അതിന്റെ സാമൂഹ്യ സംഘർഷത്തിൽ നിന്ന് അടർത്തി മാറ്റിയെടുത്ത് ഹിന്ദുത്വ ആഖ്യാനത്തിനായി അപ്രോപ്രിയേറ്റ് ചെയ്യുന്ന പണിയാണിത്. ഇതിന്റെ മറ്റൊരു പതിപ്പാണ് യുക്തിവാദത്തിലൂടെ സി. രവിചന്ദ്രൻ ചെയ്യുന്നത്. പിന്നാക്കവിഭാഗം, ജാതിയെ സ്വാഭാവികത എന്നതിനേക്കാൾ ‘പ്രോബ്ലമാറ്റിക്’ അഥവാ സാമൂഹ്യമായ രോഗമായി തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ്, അത് പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് പിന്തിരിപ്പൻ സവർണ മധ്യവർത്തികൾ, ജാതിക്കെതിരെ ലാട വൈദ്യവുമായി ഇറങ്ങാൻ തുടങ്ങിയത് എന്നു കാണാം. ഈ ലാട വൈദ്യത്തിന്റെ രാഷ്ട്രീയ രൂപവൽക്കരണമാണ് ബി.ജെ.പി. ജാതിയുടെ വൈരുധ്യങ്ങൾക്കുമേൽ ഹിന്ദു സമാജത്തിന്റെ കാലാതീതമായ തുടർച്ച സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഹിന്ദുത്വ. കേരളത്തിൽ അതിന്റെ ലക്ഷണമൊത്ത ആഖ്യാതാവ് എന്ന നിലയിൽ രാഹുൽ ഈശ്വറിന്റെ കാര്യം പരാമർശിച്ചു എന്നേയുള്ളൂ.

കെ. രാധാകൃഷ്‌ണനിൽ അപകർഷത ആരോപിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവന സമാനദിശയിലുള്ളതാണ്‌. ഇത്തരത്തിലുള്ള വാദത്തിൽ പുതുമയില്ലെങ്കിലും അതിൽ അന്തർലീനമായ മറ്റൊരു പ്രധാന കാര്യം ചികഞ്ഞെടുക്കേണ്ടതുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ പുതിയ കാലത്ത് പണത്തിനുമുന്നിൽ സന്ദിഗ്ധമാക്കപ്പെടുന്ന ജാതിയെ കുറിച്ചുള്ള സൂചന അത് നൽകുന്നു.

അയിത്തം ന്യായീകരിച്ച് തന്ത്രിമാർ പറയുന്ന ആചാരത്തിന്റെ സാങ്കേതികത്വം, അവരുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ ശരിയാണോ തെറ്റാണോ എന്നത് ഇവിടെ തീർത്തും അപ്രസക്തമാണ്‌. അത് കേവലം യുക്തിവാദശൈലിയിലുള്ള പരിശോധന മാത്രമേ ആകുന്നുള്ളൂ. ഈ യുക്തിയുടെ വിപുലീകരണമാണ് കെ. സുരേന്ദ്രൻ പറയുന്ന 'അപകർഷത' തന്നെയും. (അതായത്, പൂജാരിമാർ ദൈവത്തിന്റെ ഏജന്റുമാർ ആണ്, ദൈവസാന്നിധ്യം ഇല്ലാത്തപ്പോൾ അവരും മനുഷ്യർ തന്നെ. അയിത്തത്തിനു സാന്ദർഭികമൂല്യം മാത്രമേയുള്ളൂ. അതിനാൽ തന്ത്രിമാർ കുറ്റക്കാരല്ല. അങ്ങനെ പറയുന്നത് അപകർഷത കൊണ്ടാണ്.) ഈ സാഹചര്യത്തിൽ, അമൂർത്ത ദൈവത്തിന്റെ കസ്റ്റോഡിയനായിരിക്കാൻ ബ്രാഹ്മണർക്ക് യോഗ്യത ഇല്ല എന്ന നവോത്ഥാനയുക്തിയുടെ പുതിയ വികാസമായി വേണം, കെ രാധാകൃഷ്ണന്റെ പ്രസ്താവനയെയും കാണാൻ. അദ്ദേഹം ദൈവത്തിനുപകരം പണത്തിന്റെ മാനകം ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ കാലഘട്ടത്തിൽ സാമൂഹ്യവിനിമയത്തിന്റെ അമൂർത്തമായ പ്രധാന മാനകം പണം ആണ്. (ബ്രാഹ്മണദൈവത്തിനുപകരം മറ്റൊരു ദൈവം എന്നത് നവോത്ഥാന സാമുദായികതയുടെ മുദ്രാവാക്യമാണ്, അവിടെ ധനകാര്യ സമ്പദ് വ്യവസ്ഥ അതിന്റെ ആരംഭദശയിലായിരുന്നു എന്ന് നാം കണ്ടു.)

Courtesy: Velivada.com
Courtesy: Velivada.com

ദൈവത്തെ പോലെ, പണവും അമൂർത്തമാണ്. പണത്തിന്റെ മൂല്യം അതിന്റെ കടലാസിന്റെ ഉപയോഗമൂല്യം അല്ലല്ലോ. ദൈവം അതിന്റെ അമൂർത്തത കൊണ്ട് എല്ലാ മനുഷ്യർക്കും പ്രാപ്യമാണ് എന്നതായിരുന്നു ഗുരുവിന്റെ വാദം എങ്കിൽ, പണത്തിനുമുന്നിൽ ബ്രാഹ്മണദൈവം നഗ്നമാക്കപ്പെടുന്നു എന്നതാണ് പുതിയ കാലത്തിന്റെ പോയിന്റ്. ആ പോയിൻറ് ഉന്നയിക്കുന്നിടത്താണ് കെ. രാധാകൃഷ്ണന്റെ വാദം ജാതിയുടെ ആത്മനിഷ്ഠവായനകളെ മറികടക്കുന്നത്.

കീഴാളർക്ക് അപകർഷതയുണ്ടോ, മേലാളർക്ക് സുപ്പീരിയോരിറ്റി ഉണ്ടോ എന്നതല്ല, ഈ അപകർഷതക്കും സുപ്പീരിയോരിറ്റിക്കും മേൽ മറ്റൊരു ധനകാര്യ എക്കോസിസ്റ്റം രൂപപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പണം ആണ് അതിന്റെ ഏകമാനകം. അതിന് ആത്യന്തികമായി സ്വീകാര്യമായ സാമൂഹ്യവിനിമയരീതി പൗരസമൂഹയുക്തിയിൽ ഊന്നിക്കൊണ്ടുള്ളതാണ്‌. പണമല്ല ജാതി എന്നോ പണം കൊണ്ട് ജാതിയെ മറികടക്കാൻ കഴിയില്ല എന്നോ പണവും ജാതിയും പരസ്പരം വേർതിരിഞ്ഞുനിൽക്കുന്ന കാര്യങ്ങൾ ആണ് എന്നതോ അല്ല, മറിച്ച് പണത്തിന്റെ നിർണായകത്വം ജാതിയുമായി വൈരുദ്ധ്യാത്മകമായി പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന കാര്യമാണ് മന്ത്രിയുടെ പ്രസ്താവനയിൽ അന്തർലീനമായിട്ടുള്ളത്. അപകർഷത ഇല്ലാത്ത കീഴാളരുടെ പണവും അപകർഷതയുള്ള കീഴാളരുടെ പണവും തമ്മിൽ വ്യത്യാസമില്ല. അപകർഷത ഇല്ലാത്ത കീഴാളരുടെ പണം മതിയോ നിങ്ങൾക്ക് എന്ന് അതിന് ബ്രാഹ്മണ്യത്തോട് ചോദിക്കാവുന്ന സന്ദർഭമാണിത്. തനിക്ക് അപകർഷതയില്ലെന്ന് ദലിതർ തെളിയിക്കേണ്ട സന്ദർഭം അല്ല. അതായത്, ഈ സംഭവം ശരിക്കും വെളിപ്പെടുത്തുന്നത് ദലിതരുടെ അപകർഷത അല്ല, ബ്രാഹ്മണ്യത്തിന്റെ അപകർഷതയാണ്. പണത്തിനു മുന്നിലുള്ള ബ്രാഹ്മണരുടെ അപകർഷകത്വത്തെ ദലിതരിലേക്ക് തിരിച്ചുവെക്കാനുള്ള ദുർബല ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നത്.

താൻ സ്വീകാര്യനല്ലാതിരിക്കെ തന്റെ പണം സ്വീകാര്യമാകുന്നത് എങ്ങനെ എന്ന മന്ത്രിയുടെ ചോദ്യം നവോത്ഥാന യുക്തിയുടെ തുടർച്ചയായിരിക്കുമ്പോൾ തന്നെ അതിൽ നിന്നുള്ള വികാസം കൂടിയാണെന്ന് കാണാം. ബ്രാഹ്മണിക് ക്ലാസും പുരോഹിത വിഭാഗവും, സ്വയം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുകൊണ്ടുള്ളതും ഐഡിയോളജിക്കൽ പൊതുസമ്മതി കൈവരിച്ചുകൊണ്ടുള്ളതുമായ ജാത്യാധീശത്വമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പണം, ബ്രാഹ്മണ്യത്തേക്കാൾ വലിയ സാമൂഹ്യശക്തിയായി മാറിക്കഴിഞ്ഞ ഘട്ടത്തിൽ, ദൈവത്തെ പണം റീപ്ലെസ് ചെയ്യുന്നു. അവിടെ ആചാരത്തിന്റെ പരിച പരിഹാസ്യമായി മാറുന്നു. ശുദ്ധി, ശുദ്ധ ഭോഷ്കായി മാറുന്നു. ഈഴവശിവനിൽ നിന്ന് ബ്രാഹ്മണന് മുഖം തിരിഞ്ഞുനിൽക്കാം. എന്നാൽ ജാതിഭേദമില്ലാത്ത പണത്തിൽനിന്ന് മുഖം തിരിക്കാനാകില്ല എന്ന യാഥാർത്ഥ്യം അവർ അനുഭവിച്ചുതുടങ്ങുന്നു.

Comments