പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിക്കുന്ന ബി.ജെ.പി നേതാക്കളും അവരോടൊപ്പം ചേർന്നിരിക്കുന്ന ഹരീഷ് പേരടി തൊട്ടുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെയും അധികാരങ്ങളെയും സംബന്ധിച്ച് അജ്ഞരായിരിക്കാം. അജ്ഞതയാണല്ലോ ആളുകളെ ഫാഷിസത്തിെൻ്റ സ്തുതിപാഠകരാക്കുന്നത്.
പ്രത്യേകിച്ച്, ഹരീഷിനെപോലുള്ള ന്യൂജെൻ മോദിയിസ്റ്റുകൾക്ക് എന്ത് ഭരണഘടന? എന്ത് മതേതരത്വം? എന്ത് പൗരത്വം? മതാധിഷ്ഠിതമായ പൗരത്വനിയമം, പൗരത്വത്തെ സംബന്ധിച്ച മാനവികവും നൈതികവുമായ സർവ്വ ആധുനിക ജീവിതമൂല്യങ്ങളെയും നിരാകരിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് ജന്മംകൊള്ളുന്നതാണ്. നാസികൾ 70 ലക്ഷത്തോളം ജൂതരെ കൊന്നുകൂട്ടുന്നതിനായി ഉണ്ടാക്കിയതാണ് ന്യൂറംബർഗ് വംശീയനിയമങ്ങൾ.
1930–കളിൽ സെമറ്റിക് മതവംശങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിൽനിന്നാണ് നാസിസം യൂറോപ്പിലാകെ മരണം വിതച്ചത്. അതിൽനിന്ന് ആവേശംകൊണ്ടാണ് ഗോൾവാൾക്കർ ‘നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ തുടങ്ങിയ പുസ്തകങ്ങൾ എഴുതുന്നത്. അപരവംശങ്ങളെ ഉന്മൂലനം ചെയ്ത ജർമനിയെ മാതൃകയാക്കാനാണ് ഗോൾവാൾക്കർ അനുയായികളെ ഉപദേശിച്ചത്.
വംശീയ ഉന്മൂലനത്തിെൻ്റ ഉന്മാദം പടർത്തുന്ന അമ്മാതിരി ഫാഷിസ്റ്റ് ഗ്രന്ഥങ്ങളിൽനിന്നാണ് സുരേന്ദ്രനെ പോലുള്ളവർ ആവേശം കൊള്ളുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഹരീഷ്മാർക്ക് ഉണ്ടാവേണ്ടതായിരുന്നു. അതൊക്കെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ.
ഫാഷിസത്തിന്റെ വിദ്വേഷപ്രത്യയശാസ്ത്രം ചിന്താപരമായ ശേഷിയില്ലാത്തവരുടെ ബോധത്തിലേക്ക് അതിവേഗം തുളച്ചുകയറും. വിഭജനത്തിെൻ്റയും വെറുപ്പിന്റെയും വൈറസുകൾ സിനിമയിലും സംഗീതത്തിലും നമ്മൾ ആരാധനയോടെ കാണുന്ന പലരുടെയും ഉള്ളിലേക്ക് പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ട്. മാനവികതയുടേതായ ആശയാദർശങ്ങളുടെ പ്രതിരോധശേഷിയില്ലാത്ത ദീനം പിടിച്ച മനസ്സുകളിൽ ഫാഷിസത്തിന്റെ വൈറസുകൾ പ്രജനനം ചെയ്തുകൊണ്ടിരിക്കും. സമൂഹശരീരത്തിലാകെ വെറുപ്പ് പടർത്താനവർ ആൾക്കൂട്ടങ്ങളിലേക്കിറങ്ങി ഒച്ചയിട്ടുകൊണ്ടിരിക്കും. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം.
2019–ൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ മൗലിക അവകാശങ്ങൾക്കും സമത്വതത്വങ്ങൾക്കും വിരുദ്ധമാണ്. നിയമത്തിനുമുമ്പിൽ എല്ലാവരെയും തുല്യരായി കാണുന്ന ഭരണഘടനാ അനുച്ഛേദങ്ങൾക്ക് വിരുദ്ധമായ ഈ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന കേരള സർക്കാറിന്റെ ഇച്ഛാശക്തിയോടുകൂടിയുള്ള നിലപാട് ഭരണഘടനാതത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ളതാണെന്ന് മനസ്സിലാക്കാൻ ബി.ജെ.പി നേതാക്കൾക്ക് കഴിഞ്ഞെന്നുവരില്ല. വെറുപ്പിെൻ്റ വൈറസ്സുകൾ കടന്ന് നിശ്ചേതനമായ മസ്തിഷ്ക കോശങ്ങൾക്കും അത് കഴിഞ്ഞെന്നുവരില്ല.
ഇന്ത്യൻ ഭരണഘടനയെ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ബി.ജെപി നേതാക്കളുടെ വിടുവായത്തങ്ങൾ അർഹിക്കുന്ന അവതയോടെ കേരളജനത തള്ളിക്കളയുമെന്ന കാര്യം ഹരീഷ് പേരടിമാർ മനസ്സിലാക്കേണ്ടതാണ്. വിദ്വേഷ വൈറസ്സുകളുടെ കടന്നാക്രമണത്തിൽ ചിന്താശേഷി നഷ്ടപ്പെട്ടുപോയവർക്ക് അത്തരം തിരിച്ചറിവുകൾ അസാധ്യമാകുന്നത് സ്വാഭാവികമെന്ന് സമാധാനിക്കാം.
പൗരത്വഭേദഗതി നിയമം മതപരമായി രാജ്യത്തെ വിഭജിക്കുന്നതും മുസ്‍ലിംകളെ സ്വന്തം നാട്ടിൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമാണ്. നാഷണൽ പോപ്പുലേഷൻ രജിസ്റ്ററും നാഷണൽ സിറ്റിസൺ രജിസ്റ്ററുമായി ചേർന്നാണ് പൗരത്വഭേദഗതി നിയമം ബി.ജെ.പി സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്ന കാര്യം അറിയാത്തവരാണ് കേരളത്തിൽ ഈ നിയമം ആരെയും ബാധിക്കില്ലെന്ന് പ്രചരിപ്പിച്ച് സി.എ.എയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
2019–ൽ സി.എ.എ പാർലമെൻ്റിൽ കൊണ്ടുവരുന്നതിന് മുൻകൈയടുത്ത അന്നത്തെ നിയമമന്ത്രി രവിശങ്കർപ്രസാദ് തന്നെ എൻ.പി.ആർ, എൻ.ആർ.സിക്ക് അവലംബമായേക്കുമെന്ന് വ്യകതമാക്കിയതാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുവേണ്ടി ശേഖരിക്കുന്ന വിവരങ്ങളെകൂടി അടിസ്ഥാനമാക്കിയാണ് ദേശീയപൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്നാണ് രവിശങ്കർപ്രസാദ് അന്നുതന്നെ വിശദീകരിച്ചിട്ടുള്ളത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നിർവ്വചിക്കുന്നതിനുമായിട്ടാണ് കേന്ദ്രസർക്കാർ ദേശീയപൗരത്വ രജിസ്റ്റർ ഉണ്ടാക്കുന്നതെന്ന് വാജ്പേയ് സർക്കാരിന്റെ കാലത്തുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈയൊരു നിലപാടിൽ നിന്ന് പൗരത്വ രജിസ്റ്റർ ഉണ്ടാക്കാനുള്ള നീക്കമാണ് ആസാമിൽ തദ്ദേശീയരായ ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും അനധികൃത കുടിയേറ്റക്കാരാക്കി മാറ്റിയത്.
സുപ്രീംകോടതി നിർദ്ദേശപ്രകാരം 2018–ൽ ആസാമിലുണ്ടാക്കിയ പൗരത്വ രജിസ്റ്ററിൽ 40 ലക്ഷത്തോളം പേർ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കൾ ഉൾപ്പെടെ അനധികൃത കുടിയേറ്റക്കാരായി മാറുകയാണുണ്ടായത്. ഈയൊരു സാഹചര്യത്തിലായിരുന്നു ബംഗാളി ഹിന്ദുക്കളിൽ നിന്ന് മോദി സർക്കാരിന് വലിയ സമ്മർദ്ദമുണ്ടായതും പൗരത്വരജിസ്റ്റർ പുനഃക്രമീകരിക്കേണ്ടിവന്നതും. അതുപ്രകാരം 19 ലക്ഷം പേരാണ് പൗരത്വപട്ടികയിൽ നിന്ന് പുറത്തായത്. അതിൽ പതിനാലര ലക്ഷം പേർ ഹിന്ദുക്കളും നാലര ലക്ഷത്തോളം മുസ്‍ലിംകളുമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് മുസ്‍ലിംകളെ മാത്രം പുറത്താക്കാൻ കഴിയുന്ന രീതിയിൽ പൗരത്വഭേദഗതി ബിൽ മോദി സർക്കാർ പടച്ചുണ്ടാക്കിയതും പാർലമെൻ്റിൽ ഇടതുപക്ഷമതേതര കക്ഷികളുടെ എതിർപ്പുകളെ അവഗണിച്ച് പാസാക്കിയെടുത്തതും. ഈ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് 250 ഓളം ഹരജികൾ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇതിനെതിരാണ് കേരളീയ പൊതുസമൂഹത്തിന്റെ നിലപാട്. അതുകൊണ്ടാണ് മുഖ്യമന്ത്രി പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞത്.
ആ അടിവരയുടെ അർത്ഥം സുരേന്ദ്രനും പേരടിമാർക്കും മനസ്സിലാകാത്തത് ഇന്ത്യൻ ഭരണഘടനയോടും അത് മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത ഉൾപ്പെടെയുള്ള സാമൂഹ്യദർശനങ്ങളോടും പ്രതിബദ്ധതയോ പ്രതിപത്തിയോ തെല്ലും ഇല്ലാത്തതുകൊണ്ടാണ്. പൗരത്വത്തിെൻ്റ മാനുഷികതയെയും നൈതികതയെയും നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന രാഷ്ട്രീയ ഇച്ഛാശകതിയുടെ തുറന്ന പ്രഖ്യാപനമാണ് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അടിവരയുടെ അർത്ഥം. ഫാഷിസത്തിന്റെ സ്തുതിപാഠകർക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല.