ജാതി സർട്ടിഫിക്കറ്റിനുപകരം എസ്.എസ്.എൽ.സി ബുക്ക്, റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം ആധാർ, സർക്കാർ നടപടി ലളിതമാക്കുന്നു

സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകുന്നതിനുള്ള സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ മന്ത്രിസഭാ തീരുമാനം. സേവനങ്ങൾ പരമാവധി ഓൺലൈനിലൂടെ ലഭ്യമാക്കും

News Desk

ർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കി സർട്ടിഫിക്കറ്റുകളും സേവനങ്ങളും അതിവേഗം ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾക്ക് മന്ത്രിസഭാ തീരുമാനം. പരമാവധി ഓൺലൈനിലൂടെ സേവനവും സർട്ടിഫിക്കറ്റുകളും എത്തിക്കും. സേവനങ്ങളുടെ നടപടി ക്രമം ലഘൂകരിക്കും. അപേക്ഷാ ഫോറങ്ങൾ ഒരു പേജിൽ പരിമിതപ്പെടുത്തും. എന്നാൽ വ്യവസായ - വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും.

  • വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മതി.

  • അപേക്ഷകരുടെ എസ്.എസ്.എൽ.സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ ജാതി കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ജാതി സർട്ടിഫിക്കറ്റിനുപകരം അടിസ്ഥാന രേഖയായി പരിഗണിക്കാം.

  • റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുണ്ടെങ്കിൽ റേഷൻ കാർഡ് കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരമായി സ്വീകരിക്കാം. അല്ലാത്ത പക്ഷം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

  • അപേക്ഷകരുടെ എസ്.എസ്.എൽ.സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല.

  • വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകളും സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി.

  • ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കാലയളവ് അതാത് വകുപ്പുകൾക്ക് തീരുമാനിക്കാം. ഇത് പരമാവധി ഒരു വർഷമായിരിക്കും. ഒരു പ്രേത്യേക ഉപയോഗത്തിനെന്ന് ഇനി മുതൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തില്ല.

  • അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പ്പെട്ടവരാണെങ്കിൽ അതിലൊരാളുടെ എസ്.എസ്.എൽ.സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ രേഖപ്പെടുത്തിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

  • തിരിച്ചറിയൽ രേഖയില്ലാത്തവർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകരുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

  • റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

  • റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാം.

  • ഇ.ഡബ്ല്യു.എസ് സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ്, എസ്.സി - എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള രീതി തുടരും. സേവനങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കിൽ ഭേദഗതി വരുത്തും.

  • കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും.

  • ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 'ജീവൻ പ്രമാൺ' എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം.

  • ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലോ വിദ്യാഭ്യാസ രേഖയിലോ ജാതി കൃത്യമായി രേഖപ്പെടുത്തുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും.

  • ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യമുണ്ടാവും.


Summary: Cabinet decision to ease government procedures for issuing various certificates and services. services will be provided online.


Comments