കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നതാര് ?

വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നടപടിയിൽനിന്ന് വിമാനത്താവള അതോറിറ്റി പിൻവലിഞ്ഞതോടെ കോഴിക്കോട് വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന് താൽക്കാലിക തടയിടലായി. സുരക്ഷാ നടപടികളുടെ പേരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ നീളം കൂട്ടാനായി റൺവേയുടെ നിലവിലുള്ള നീളം കുറയ്ക്കുക എന്ന റിപ്പോർട്ട് വന്നതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ടാം സ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനത്തെ തകർക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു പോലെ കരിപ്പൂർ വിമാനത്താവളവും കോർപറേറ്റുകൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് അണിയറയ്ക്കു പിന്നിൽ തകൃതിയായി നടക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളം ഉൾപ്പെട്ടിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാർ കരിപ്പൂരിനെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അത് സാധാരണക്കാരുടെ യാത്രയെ സാരമായി ബാധിക്കുമെന്നുമാണ് യു.ഡി.എഫും എൽഡിഎഫും പറയുന്നത്.

15 പൊതുമേഖലാ വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. ഇതിൽ രണ്ടാം സ്ഥാനമാണ് കരിപ്പൂരിന്. ചെന്നൈ മാത്രമാണ് വരുമാനത്തിൽ കരിപ്പൂരിന് മുന്നിലുള്ളത്. സ്വകാര്യമേഖലയിലുള്ള വിമാനത്താവളങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ കരിപ്പൂർ അഞ്ചാം സ്ഥാനത്താണ്. സ്ഥലപരിമിതിയും പ്രയാസങ്ങളും ചുരുങ്ങിയ സർവീസുകളും മാത്രമുള്ള വിമാനത്താവളത്തെ ഏതു പ്രതിസന്ധിയിലും കൈവിടാത്ത യാത്രക്കാരാണ് കരിപ്പൂരിന്റെ കരുത്ത്. 2020 -21 കാലയളവിൽ 92 കോടി രൂപയോളമാണ് കോഴിക്കോട് വിമാനത്താവളം ലാഭമുണ്ടാക്കിയത്. 2021 -22 ൽ ഇത് 168 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഏപ്രിൽ ഡിസംബർ കാലയളവിൽ 7433 വിമാന സർവീസുകളാണ് നടത്തിയത്. 911756 അന്താരാഷ്ട്രയാത്രക്കാർ കരിപ്പൂർ വഴി യാത്രചെയ്തു. എന്നാൽ ചെന്നൈയിൽനിന്ന് 13482 സർവീസുകളിലായി 10,00,152 അന്താരാഷ്ട്രയാത്രക്കാരാണ് യാത്രചെയ്തത്. ഇരട്ടി സർവീസുകളുണ്ടായിട്ടും കരിപ്പൂരിനേക്കാൾ 88396 യാത്രക്കാർ മാത്രമാണ് കൂടുതൽ. വലിയ വിമാനങ്ങളോ പ്രീമിയം ക്ലാസ് സർവീസുകളോ ഇല്ലാതെയാണ് കരിപ്പൂർ ഈ നേട്ടം കൈവരിച്ചത്.

ഇവിടെനിന്നും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിമാനങ്ങളിൽ പോലും ഇരുന്നൂറിൽത്താഴെ ആളുകൾക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ യാത്രക്കാരില്ലാത്തതിനാൽ സർവീസുകൾ വെട്ടിക്കുറയക്കുന്ന വിമാനകമ്പനികൾ കരിപ്പൂരിൽ എപ്പോഴും സർവീസുകൾ കൂട്ടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ശ്രമങ്ങൾ തുടക്കത്തിലെ തടയപ്പെടുകയായിരുന്നു.

1988 ഏപ്രിൽ 13ന് പ്രവർത്തനം ആരംഭിച്ച കരിപ്പൂരിന് തുടക്കം മുതലെ പ്രതിസന്ധികളായിരുന്നു. വിദേശയാത്രക്കാരുണ്ടായിട്ടും തുടക്കത്തിൽ ആഭ്യന്തര സർവിസുകൾ മാത്രമായിരുന്നു. നാല് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര സർവിസ് തുടങ്ങിയത്. പിന്നീട് റൺവേ വികസനം, രാത്രികാല സർവിസ്, വലിയ വിമാന സർവിസ്, പുതിയ ടെർമിനൽ തുടങ്ങി ഇവയെല്ലാം മറ്റ് വിമാനത്താവളങ്ങളിൽനിന്ന് വിഭിന്നമായി നിരവധി കടമ്പകൾ കടന്നതിന് ശേഷമാണ് കരിപ്പൂരിന് അനുവദിച്ചത്. 13 വർഷത്തോളം സുരക്ഷിതമായ സർവിസ് നടത്തിയ വലിയ വിമാനങ്ങൾ 2015ൽ സർവീസ് നിർത്തി. പിന്നീട് നിരന്തര സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. 2020ലെ വിമാനാപകട ശേഷം വീണ്ടും അധികൃതരുടെ പിടിവീണു. 2020 ആഗസ്ത് 07 ന് കരിപ്പൂർ വിമാന താവളത്തിൽ നടന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനാപകടം പൈലറ്റിന്റെ കൈ പിഴവാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടും അന്ന് നിർത്തിവെച്ച വൈഡ് ബോഡി സർവീസുകൾ തുടർന്നുകൊണ്ടുപോകാൻ സാധിച്ചില്ല. മലബാറിലെ പ്രവാസികളുടെ സ്വപ്നസാക്ഷാത്കാരമായ കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വർഷം പൂർത്തിയാകുമ്പോഴും പറന്നുയരാൻ അനുവദിക്കാതെ ചിറകരിയാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.

Comments