ഞങ്ങളുടെ നാട്ടിൽ തുലാമാസത്തോടെ ഉത്സവ സീസൺ ആരംഭിക്കുകയായി. തുറവൂർ മഹാക്ഷേത്രത്തിലെ പത്തു ദിവസത്തെ ദീപാവലി ഉത്സവമാണ് ഇതിന് തുടക്കമിടുന്നത്. അതു കഴിഞ്ഞാൽ പഴുക്കാട്ട്, നാലുകുളങ്ങര, പാട്ടുകുളങ്ങര, കാടാതുരുത്ത്, കളരിക്കൽ, ചമ്മനാട്, വിളഞ്ഞൂർ, പുരന്ദരേശ്വരം, പുത്തൻകാവ്, കണ്ടമംഗലം, തൈക്കാട്ടുശ്ശേരി, തിരുമല ദേവസ്വം എന്നിങ്ങനെ അമ്പലങ്ങളിൽ മേടമാസം വരെ ഉത്സവങ്ങളായി. ചെറുപ്രായത്തിൽ അടുത്തുള്ള ഉത്സവത്തിനു വീട്ടുകാർക്കൊപ്പം അവരുടെ എളിയിലിരുന്നു പോയെങ്കിൽ, പ്രായം കൂടിയതിനൊത്ത് കൂട്ടുകാർക്കൊപ്പം അകലങ്ങളിലെ അമ്പലപ്പറമ്പുകളിൽ ഞങ്ങൾ എത്തി. അന്നൊക്കെ ഗാനമേള, ബാലെ, നാടകം ഇവയുള്ളപ്പോൾ അമ്പലപ്പറമ്പുകൾ നിറഞ്ഞു കവിയുമായിരുന്നു. എല്ലാവരും എന്തെങ്കിലുമൊക്കെ ബഹളം കൂട്ടിക്കൊണ്ട് വെറും മണ്ണിൽ നിലത്തിരിക്കും, പാതിരാത്രി പരിപാടി തുടങ്ങുന്നതും കാത്ത്.
അമ്പലപ്പറമ്പിലെ
ഏയ്ഞ്ചൽ വോയ്സും
ഇടവാ ബഷീറും
തുറവൂർ അമ്പലത്തിൽ ഏറ്റവും ആളു കൂടുന്നത് ബാലേക്കും ഗാനമേളക്കുമാണ്. മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ചാക്കോയുടെ ‘ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടി വരും തെന്നലേ’ അന്നു ഹരമായിരുന്നു. ‘മുക്കുവനെ സ്നേഹിച്ച ഭൂത’ത്തിൽ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം പാടി പിന്നണി ഗായകനായി പേരെടുത്ത ഇടവാ ബഷീറും സംഘവും തുറവൂർ അമ്പലത്തിലും വന്നിരുന്നു. ഇടപ്പള്ളി അശോക രാജ്, കോട്ടയം ചെല്ലപ്പൻ, അമൃതം ഗോപിനാഥ് എന്നിവരുടെ ബാലേ കണ്ടതും തുറവൂർ ഉത്സവത്തിനാണ്. ബാലെയുടെ കഥ മിക്കവാറും പുരാണങ്ങൾ തന്നെ. ചിലപ്പോൾ കോവിലനും കണ്ണകിയും പോലെ കഥകൾ ഉണ്ട്. ഗാനമേളയിലാകട്ടെ "അകലെയകലെ നീലാകാശം" പോലുള്ള പ്രേമഗാനങ്ങൾ, "സത്യനായക മുക്തിദായക", "റസൂലേ നിൻ കനിവാലേ", "പള്ളിക്കെട്ട് ശബരിമലക്ക്" തുടങ്ങി സർവ്വമതസ്ഥരുടെയും ഭക്തിഗാനങ്ങൾ, കോമഡിപ്പാട്ടുകൾ എന്നിങ്ങനെ ഉണ്ടാകും.

നാടകങ്ങൾ തുറവൂർ അമ്പലത്തിൽ വന്നിരുന്നില്ല. ജനപ്രിയ കലകളെന്ന നിലയിൽ അവിടെ ബാലെയും ഗാനമേളയും കഥാപ്രസംഗവുമേ കണ്ടിരുന്നുള്ളൂ. തുറവൂർ അമ്പലത്തിൽ നാടകമില്ലാത്തതിന്റെ കാരണം പറഞ്ഞുകേട്ടിരുന്നത്, ദേവസ്വം ബോർഡിന്റെ കീഴിലാണ് തുറവൂർ ക്ഷേത്രം എന്നതാണ്. ക്ഷേത്രകലകൾക്കേ ദേവസ്വം ബോർഡ് അനുമതി നൽകുന്നുള്ളൂ എന്ന്. ഗാനമേള ക്ഷേത്രകലയിൽ പെട്ടില്ലെങ്കിലും തുറവൂർ ഉത്സവത്തിനു ഉൾപ്പെട്ടിരുന്നു എന്നത് വേറെ കാര്യം. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണമില്ലാത്ത കളരിക്കലും കാടാതുരുത്തിലും പുത്തൻകാവിലും നാലുകുളങ്ങരയിലും ഉത്സവങ്ങൾ പ്രൊഫഷണൽ നാടകങ്ങൾ കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞു.
വില്യം ഡിക്രൂസ്, സെയ്ത്താൻ ജോസഫ്, ഒ. മാധവൻ, റിസബാവ ഇവരെല്ലാം സ്റ്റേജിൽ വിളങ്ങിയ താരങ്ങൾ അന്ന്. കോട്ടയം നാഷണൽ തിയേറ്റേഴ്സ്, ചാലക്കുടി സാരഥി, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെ പോകുന്നു നാടകസംഘങ്ങൾ. അവരുടെ കർട്ടനുയരുന്നതും കാത്ത് മണിക്കൂറുകൾ ഞങ്ങൾ ഇരുന്നു; സ്റ്റെയർകേസ് ഇറങ്ങിവരുന്നവരും കോട്ടിട്ടവരും പൈപ്പു വലിക്കുന്നവരുമായ കഥാപാത്രങ്ങൾ; കുടുംബ കലഹം, സാമൂഹിക - രാഷ്ട്രീയ വിമർശനങ്ങൾ,തമാശകൾ എല്ലാം കണ്ട് കാണികൾ കൈയടിച്ചു.

അന്നത്തെ മറ്റൊരു ജനപ്രിയ കലയായ കഥാപ്രസംഗവും നാട്ടിലെ ഉത്സവങ്ങളുടെ ഭാഗമായിരുന്നു. ഷേക്സ്പിയർ നാടകങ്ങളും വയലാർ കവിതയും ബിമൽമിത്രയുടെ നോവലും സാംബശിവന്റെ കഥാപ്രസംഗമായി ആളുകളെ പിടിച്ചിരുത്തി അമ്പലപ്പറമ്പുകളിൽ. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" പോലെ തനി രാഷ്ട്രീയ നാടകങ്ങളും ഉത്സവങ്ങളിൽ കളിച്ചു. ഇന്നും ഉത്സവങ്ങളിൽ നാടൻപാട്ടുസംഘങ്ങൾ, മിമിക്സ് ട്രൂപ്പുകൾ എന്നിവ പരിപാടി അവതരിപ്പിക്കുന്നു. അറിയപ്പെടുന്ന മേളവാദ്യകലാകാരൻ ശിവമണിയുടെ പെർഫോമൻസ് കഴിഞ്ഞ വർഷം കണ്ടത് ഗുരുവായൂർ അമ്പലത്തിൽ ഉത്സവത്തിനാണ്.
ഒ.ബി.സിക്കാരുടെ
‘ക്ഷേത്രപ്രവേശനം’
അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിക്കപ്പെട്ട കലകളുടെ ചരിത്രം ഉത്സവങ്ങളുടെ സാമൂഹികവൽക്കരണത്തിന്റെ ചരിത്രം കൂടിയാണ്. സ്വാതന്ത്ര്യപ്രാപ്തിയോടെ രാജാധിപത്യം അവസാനിച്ചു, തിരുവിതാംകൂറും കൊച്ചിയും 1949- ൽ തിരുക്കൊച്ചിയായി ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ, ഇരു നാട്ടുരാജ്യങ്ങളിലും രാജഭരണത്തിന്റെ (പൊതുസമൂഹത്തിന്റെ) കീഴിലുണ്ടായിരുന്ന മഹാക്ഷേത്രങ്ങളുടെ നടത്തിപ്പ് 1949- ൽ രൂപീകരിക്കപ്പെട്ട സർക്കാർ ദേവസ്വം ബോർഡുകളുടെ കീഴിലായി. സ്വാതന്ത്ര്യത്തിനു മുന്നോടിയായി ക്ഷേത്രപ്രവേശന വിളംബരം വരുകയും, രാജഭരണത്തിന്റെ മഹാക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കും തുറന്നു കൊടുക്കുകയും ചെയ്തിരുന്നല്ലോ. ക്ഷേത്രപ്രവേശനത്തിന്റെയും സ്വാതന്ത്ര്യപ്രാപ്തിയുടെയും ജനായത്തത്തിന്റെയും മാറ്റങ്ങൾ ആദ്യമായി അനുഭവിച്ച, 1940- കളിൽ ജനിച്ച ഒ.ബി.സി. സമുദായത്തിലെ തലമുറയ്ക്ക് പേരിനെങ്കിലും മഹാക്ഷേത്രങ്ങളുടെ ഉത്സവക്കമ്മറ്റികളിൽ ഇടം കിട്ടിയത് 1960- കളിലാണ്.

ഇതേകാലത്തു തന്നെയാണ് രാജഭരണത്തിന്റെ മഹാക്ഷേത്രങ്ങളിൽ പെടാത്തതും, നാട്ടിലെ പരമ്പരാഗത അധികാരജാതി കുടുംബങ്ങളുടെ ഉടമയിലുണ്ടായിരുന്നതുമായ പല ചെറിയ ക്ഷേത്രങ്ങളും, ജന്മിത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി നിവൃത്തിയില്ലാതെ വന്നപ്പോൾ, നാട്ടുകാർ ഏറ്റെടുത്തു ഉത്സവാഘോഷം നടത്തിയത്. മൂന്നാമത്തേത് ഒ.ബി.സി., എസ്. സി. സമുദായങ്ങളുടെ കുടുംബ പരദേവതാ കാവുകൾ, പൊതുവേ അടിത്തട്ടു ജനങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ഉണ്ടായപ്പോൾ, ജനകീയ പങ്കാളിത്തത്താൽ കൂടുതൽ വിപുലമായി. ഇതും കൂടാതെ നാലാമത്തെ വിഭാഗം ക്ഷേത്രങ്ങളും 1950 - 60 കളിൽ ശ്രദ്ധേയമായി ഉയർന്നുവന്നു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ തൊട്ട്, അദ്ദേഹം തന്നെ സ്ഥാപിച്ചതും, അതിന്റെ ഭാഗമായി അതേ രീതിയിൽ ഈഴവ സമുദായത്തിന്റെ ശക്തിയിൽ വളർന്നുവന്നതുമായ ക്ഷേത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ഇങ്ങനെ നാലു രീതിയിൽ ജനകീയമായി മാറിയ അമ്പലങ്ങളാൽ കേരളത്തിലെ ആധുനിക കലകൾക്ക് അനേകം വേദികൾ കിട്ടിയ സുവർണ്ണകാലമാണ് 1960- കൾ മുതൽ 1980- കൾ വരെയുള്ള നാളുകൾ. കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളൽ, വാദ്യമേളങ്ങൾ ഇവയ്ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന മഹാക്ഷേത്രങ്ങളിൽ സ്വാതിതിരുനാളിന്റെ കാലമായ 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതലാകണം കർണ്ണാടക സംഗീതത്തിനും അവസരം കൈവന്നത്. ഇന്നും ഈവിധ കലകൾക്കാണ് ദേവസ്വം ബോർഡിന്റെ ഭരണത്തിലായ ഇത്തരം അമ്പലങ്ങളിൽ മുൻതൂക്കം. എന്നാൽ നാട്ടുകാർ ഭരണം ഏറ്റെടുത്ത മറ്റു പഴയ ക്ഷേത്രങ്ങൾ, ഒ.ബി.സി, എസ്.സി. സമുദായങ്ങളാൽ 20-ാം നൂറ്റാണ്ടിൽ കെട്ടിപ്പടുത്ത പുതിയ അമ്പലങ്ങൾ, ജനകീയമാക്കപ്പെട്ട പുരാതന കുടുംബക്കാവുകൾ ഇവിടങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളോടനുബന്ധിച്ചു നാടകവും കഥാപ്രസംഗവും ബാലെയും ഗാനമേളയും ആവേശത്തോടെ സ്വീകരിക്കപ്പെടുകയും ഈ അമ്പലപ്പറമ്പുകളിൽ ജാതിയും മതവും വ്യത്യാസമില്ലാതെ ആയിരങ്ങൾ തടിച്ചു കൂടുകയും ചെയ്തു.

ജനകീയമായി സംഘടിപ്പിക്കപ്പെട്ട നാട്ടുത്സവങ്ങളിൽ അമ്പലപ്പറമ്പുകളിൽ സാംബശിവന്റെ "ഇരുപതാം നൂറ്റാണ്ടി’’നെ ആളുകൾ എതിരേറ്റു; കെ.പി.എ. സി. യുടെ "അശ്വമേധം" കണ്ട് നെടുവീർപ്പിട്ടു; കലാഭവന്റെ ഗാനമേളക്കു ഹർഷാരവം മുഴക്കി. തെക്ക് ചേർത്തലയിലും മറ്റുമുള്ള കഥാപ്രസംഗക്കാരുടെയും ബാലെക്കാരുടെയും വണ്ടികൾ വടക്കോട്ടോടി, മലബാറിലെ കാവുകളിലെത്തി പുരാണകഥകളും പുതിയ പ്രണയകഥകളും പറഞ്ഞു. നഗരങ്ങളിലെ ഫൈൻ ആർട്ട്സ് സൊസൈറ്റികളിൽ ടിക്കറ്റെടുത്തു പുത്തൻ മലയാളീ മധ്യവർഗ്ഗം കണ്ടിരുന്ന അതേ അഭിനയവും ആട്ടവും പാട്ടുമെല്ലാം അമ്പലപ്പറമ്പുകളിലേക്കും ആളുകൾ പിരിവെടുത്തു കാശുണ്ടാക്കി കൊണ്ടുവന്നു കളിപ്പിച്ചു. മതം - മതേതരം എന്ന സാമ്പ്രദായിക ഔദ്യോഗിക വേർതിരിവുകളെ അപ്രസക്തമാക്കുന്നതാണ് ജനങ്ങളുടെ നാട്ടമ്പലങ്ങൾ ഉത്സങ്ങളിലൂടെ ആതിഥ്യമരുളിയ ഈ കലാപരിപാടികൾ.
ദീപാരാധനയും എഴുന്നെള്ളത്തും കണ്ട് കൈകൂപ്പിയ അതേ ആളുകൾ തന്നെ, അടുത്തടുത്ത് മണ്ണിലിരുന്ന് ആലപ്പി തീയേറ്റേഴ്സിന്റെ "കടലിന്റെ മക്കളും’’ സൂര്യസോമയുടെ "കാട്ടുകുതിര"യും കണ്ടു; അവർ യേശുദാസിന്റെയും ദക്ഷിണാമൂർത്തിയുടെയും കച്ചേരിക്കു തിക്കിത്തിരക്കി സ്ഥാനം പിടിച്ചു. അവർക്കൊപ്പം അതേ അമ്പലപ്പറമ്പിൽ ഇതര വിശ്വാസികളും ഇടകലർന്നിരുന്നു. കഥകളിയും കച്ചേരിയും കൂത്തും മാത്രം നടത്തിയിരുന്ന മഹാക്ഷേത്രങ്ങളും പുത്തൻ കലകളുടെ ഈ ഉത്സവമേളത്തിൽ, അത്തരം ക്ഷേത്രങ്ങളിൽ ഉത്സവക്കമ്മറ്റികളിൽ കയറിപ്പറ്റാൻ അവസരം കിട്ടിയ ഒ.ബി.സി. മധ്യവർഗ്ഗത്താൽ പങ്കാളികളാക്കപ്പെട്ടു. ജാതിബാധയിൽ അയവുവന്ന ഉത്സവക്കമ്മറ്റിക്കാർ സൂപ്പർ ഗാനമേളക്കാരെ ബുക്കു ചെയ്യുകയും, അതിലെ പാട്ടുകാർ വന്ന് "പാവട വേണം, മേലാട വേണം" എന്നു മഹാക്ഷേത്ര മുറ്റത്ത് "അങ്ങാടി"യിലെ പാട്ട് ഉറക്കെ പാടുകയും ചെയ്തു. നെയ്യാറ്റിൻകര വാസുദേവനെപോലെ അടിത്തട്ടു സമൂഹങ്ങളിൽ നിന്നുവന്ന കലാകാരർക്കു വേണ്ടി മഹാക്ഷേത്രമണ്ഡപങ്ങൾ കുറച്ചെങ്കിലും തുറന്നു കൊടുക്കുന്നതും അക്കാലത്താണ്. സിനിമാക്കാരായ ശ്രീവിദ്യയും മഞ്ജുഭാർഗ്ഗവിയും ഈ മണ്ഡപങ്ങളിൽ നൃത്തം വെച്ചു.

അധികാരജാതി ക്ഷേത്രങ്ങളുടെ
തകർച്ച
രാജാക്കന്മാർ ഭരിച്ച നാളുകളിൽ മഹാക്ഷേത്രങ്ങളിൽ വിശ്വാസവും രാഷ്ട്രീയവും വേർതിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞിരുന്നു മാർത്താണ്ഡവർമ്മ ഭരിച്ചത് തന്നെ "ശ്രീപത്മനാഭ ദാസനാ’’യിട്ടാണല്ലോ. ശത്രുസൈന്യം ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ കാരണം വിശ്വാസപരമായിരുന്നില്ല പകരം, എതിരാളിയുടെ സാമ്പത്തിക -രാഷ്ട്രീയ ശക്തിയുടെ ദുർഗ്ഗങ്ങളായിരുന്നു മഹാക്ഷേത്രങ്ങൾ. അതിനെ അധികാരം പിടിച്ചെടുക്കാൻ വന്നവർ കീഴ്പ്പെടുത്തിയത് വിശ്വാസം നോക്കിയല്ല, രാഷ്ട്രീയാധികാരവും അതിനകത്ത് കുട്ടിവെച്ചിരുന്ന സ്വർണ്ണം - വെള്ളികളും കണ്ടിട്ടാണ്. രാജാക്കന്മാർ തങ്ങളുടെ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും മുറുകെ പിടിച്ചിരുന്നിരിക്കാം. തരം കിട്ടുമ്പോൾ അധികാരവും ജനപിന്തുണയും ലാക്കാക്കി വിശ്വാസങ്ങളെ അവർ മാറി മാറി സ്വീകരിക്കുകയും ചെയ്തിരിക്കാം. ശൈവനായ രാജാവ് വൈഷ്ണവനായും നേരേ തിരിച്ചും മാറിയെന്നു വരും. രാജാവിനെ സമീപിച്ചു, അവരെ തങ്ങളുടെ പക്ഷത്തേക്കു ചേർത്തു നിർത്തി, ആനുകൂല്യങ്ങൾ കിട്ടാതെ പുരോഹിത വർഗ്ഗത്തിനും അവരുടെ വിശ്വാസത്തിന്റെ വ്യാപനത്തിനും നിലനില്പില്ല. അതിനാൽ വിശ്വാസത്തിന്റെ പൗരോഹിത്യം ആദ്യം സ്വാധീനിക്കുന്നത് ഭരണാധികാരിയെ ആയിരിക്കും.

ചോളവംശത്തിലെ രാജരാജ ചോളൻ ഒന്നാമൻ (985–1014 CE) തന്റെ വൈഷ്ണവ - ജെെനവിശ്വാസങ്ങളെ വിട്ടു, ശൈവവിശ്വാസത്തിൽ ഉറച്ചതിന്റെ ഒരു കാരണം അന്നത്തെ ശക്തരായ ശൈവപൗരോഹിത്യത്തിന്റെ പിന്തുണ കിട്ടുന്നതിനാണെന്നു പറയപ്പെടുന്നു. ഇതേപോലെ രാഷ്ട്രകൂട രാജാക്കന്മാരും ജൈന - വൈഷ്ണവരീതികൾ വിട്ടു ശൈവരീതികൾ സ്വീകരിക്കുന്നുണ്ട്. ഹർഷൻ ശൈവമാർഗ്ഗത്തിൽ നിന്നും ബുദ്ധമാർഗ്ഗത്തിലേക്കു വന്നു. ചില രാജാക്കന്മാർ ഒന്നിലേറെ വിശ്വാസധാരകളെ പിന്തുണച്ചവരാണ്. വ്യക്തിപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ഭരണാധികൾക്കുണ്ടായ വിശ്വാസമാറ്റങ്ങളോ ചായ്‌വുകളോ ജനങ്ങളെ ബാധിച്ചിരുന്നില്ല. ആളുകൾ അർത്തുങ്കലും ചന്ദനക്കുടത്തിനും ആലുവാ മണപ്പുറത്തും മണ്ണാർക്കാട് പൂരത്തിനും ഒത്തുകൂടി; വട്ടിചട്ടികലങ്ങളും ഉലക്കയും ഉണക്കമീനും വാങ്ങി; എല്ലാത്തിന്റെയും വിശ്വാസികളായി. നാട്ടുവാണിജ്യവും വിനോദവിശ്രമങ്ങളും കലകളും വിശ്വാസത്തിന്റെ ഇടയിൽ വേർപെടുത്താനാവാതെ കൂടിക്കലർന്നു. ആരും നാട്ടുവാണിഭത്തിന്റെയോ അല്ലിമലർക്കാവിലെ വേലപൂരത്തിന്റെയോ ജാതിമതങ്ങൾ ചികഞ്ഞില്ല. മതം -മതേതരത്വം എന്ന വേർതിരിവ് അന്ന് സാധാരണ മനുഷ്യജീവിതത്തിന് അന്യമായിരുന്നു; കാരണം അവ അന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. വിശ്വാസങ്ങളെ പ്രതിയുള്ള വാദപ്രതിവാദങ്ങളും ചേരിതിരിവുകളും മേൽത്തട്ടിലെ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം വിഷയമായിരുന്നിരിക്കണം.
മതം - മതേതരം എന്നിങ്ങനെ ജീവിതകർമ്മങ്ങളെ രണ്ടായി വേർപെടുത്തി നിർവ്വചിക്കാത്ത അടിഞ്ഞട്ടു സാമൂഹിക ലോകത്തിന്റെ കാലാനുസൃതമായ തുടർച്ചയാണ് നമ്മുടെ വേലപൂരാഘോഷങ്ങൾ. ക്ഷേത്രപ്രവേശനവും രാഷ്ട്രീയസ്വാതന്ത്ര്യവും ജനായത്തവും വന്നപ്പോൾ, ഇടുങ്ങിയ കൂത്തമ്പലങ്ങളുടെ അധികാരജാതി ക്ഷേത്രങ്ങളും കൂടി, പയ്യെപ്പയ്യെ മത - മതേതര വിഭജനം തീണ്ടാത്ത നാട്ടുത്സവങ്ങളുടെ വഴിയിലേയ്ക്കു അല്പമെങ്കിലും മാറിവരാൻ നിർബന്ധിതമായി. അങ്ങനെയാണ് തിരുവിതാംകൂർ രാജാവിന്റെ കസ്റ്റഡിയിലുള്ളതും, പിന്നീട് ജനായത്ത ഭരണമായപ്പോൾ ദേവസ്വം ബോർഡിനു കീഴിലായതുമായ തുറവൂരിലേതു പോലെ മഹാക്ഷേത്രങ്ങളിൽ പരമ്പരാഗത കലാമാമൂലുകൾ തെറ്റിച്ചു, മൂവാറ്റുപ്പുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള കൊണ്ടുവരുന്നതും, അതിൽ ചാക്കോ എന്ന ക്രിസ്ത്യൻ നാമധാരി പാട്ടുകാരൻ "ഇല്ലിമുളം കാടുകളിൽ" പാടുന്നതും, ഇടവാ ബഷീർ വന്നു "ആഴിത്തിരമാലകൾ" പ്രേമഗാനം പാടുന്നതും, അതുകേട്ട് ജാതിയും മതവുമില്ലാതെ ആൾക്കാർ കൈയടിച്ചതും.

അതു മതപരം, ഇതു മതേതരം എന്നു രണ്ടായി മുറിച്ചു മാറ്റാത്ത ജീവിത സംസ്കാരത്തിന്റെ തുടർച്ചയും വളർച്ചയും അടയാളപ്പെടുത്തുകയാണ് ഷേക്സ്പിയർ നാടകകഥ പാടിയ കാഥികന്മാർക്കും കെ ടി മുഹമ്മദിന്റെ "ഇതു ഭൂമിയാണ്" നാടകത്തിനും അടിമുടി നിരീശ്വരവാദിയായ എൻ. എൻ. പിള്ളയുടെ "കാപാലിക"ക്കും രംഗവേദി തുറന്നിട്ടുകൊടുത്ത നമ്മുടെ അമ്പലപ്പറമ്പുകൾ. പരമ്പരായ രാജഭരണവും ജാതിമേധാവിത്വവും കൂടിച്ചേർന്ന മഹാക്ഷേത്രങ്ങളിൽ പുരാണകഥകളെ ഉള്ളടക്കം ചെയ്ത കഥകളി, കൂത്ത്, തുള്ളൽ, കൂടിയാട്ടം എന്നിങ്ങനെയുള്ള കലാപ്രകടന പാരമ്പര്യം നിലനിൽക്കെ തന്നെ, അത്തരം ക്ഷേത്രങ്ങളിൽ ഗാനമേള, കഥാപ്രസംഗം പോലുള്ള കലകൾ കടന്നു വരുന്നതിനും അവയുടെ ഉള്ളടക്കം പുരാണേതരങ്ങളായി മാറുന്നതിനും കാരണം, മഹാക്ഷേത്രങ്ങളുടെ ഉത്സവനടത്തിപ്പിൽ വന്ന മാറ്റമാണ്. നാട്ടുകാരിൽ നിന്നും മൊത്തം പിരിവെടുത്തിട്ടാണ് ഉത്സവാഘോഷങ്ങൾ നടത്തുന്നതെന്നു മാത്രമല്ല, ഉത്സവക്കമ്മറ്റികളിൽ ഒ.ബി.സി, എസ്.സി. മുതലായ സമുദായങ്ങളുടെ പങ്കാളിത്തവും നാമമാത്രമായെങ്കിലും വന്നുചേർന്നു. അതോടൊപ്പം സമീപസ്ഥങ്ങളും നാട്ടുകാർ നടത്തുന്നതും ഒ.ബി.സി. തുടങ്ങിയ സമുദായങ്ങൾ കെട്ടിപ്പെടുത്തതുമായ കോവിലുകളിലും കാവുകളിലും മതം - മതേതരം എന്ന വിഭജനമില്ലാത്ത നാട്ടുപാരമ്പര്യം എല്ലാ വിധത്തിലും ഉച്ചസ്ഥായിയെ പ്രാപിക്കുന്നുണ്ട് 1960 - 1980 കാലഘട്ടത്തിൽ. വിശ്വാസത്തിലും ഉത്സവത്തിലും കലാസംസ്ക്കാരത്തിലുമുള്ള അടിത്തട്ടു മാനുഷികതയെ അല്പമെങ്കിലും അനുകരിക്കാതെ പറ്റില്ലെന്നായി അപ്പോൾ ദേവസ്വം ബോർഡുകളിലൂടെ അധികാരജാതികൾ ഭരിക്കുന്ന മഹാക്ഷേത്രങ്ങളിൽ. അധികാരജാതികൾക്കുള്ളിൽ തന്നെ സ്വാതന്ത്ര്യപ്രാപ്തിയും ജനായത്തവും സൃഷ്ടിച്ച സമത്വ -സാഹോദര്യബോധം മഹാക്ഷേത്രങ്ങളിലെ മാമൂലുകളിൽ ചെറിയ വിള്ളൽ തീർക്കുന്നതിനു ആന്തരിക പ്രേരണയാകുകയും ചെയ്തു. കലാമണ്ഡലം ഹൈദരാലിക്കു ദേവസ്വം ബോർഡിന്റെ തന്നെ ക്ഷേത്രങ്ങളിൽ പാടാനായതും, ക്ഷേത്രത്തിനു പുറത്ത് നിന്നുപാടാൻ വേണ്ടി, ഹരിപ്പാട് ക്ഷേത്രമതിൽ പൊളിച്ചു സ്റ്റേജ് ഉണ്ടാക്കിയതും ഓർക്കുക.

ബ്രാഹ്മണ്യ ആത്മീയാധികാര കുത്തകയെ നിഷേധിച്ചു ശ്രീനാരായണഗുരു നേതൃത്വം നൽകിയതും, ജനായത്തപരവും അടിത്തട്ടു ആത്മീയമൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ -"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരുംസോദരത്വേന വാഴുന്ന" - കോവിലുകളുടെ നിർമ്മാണം, സമൂഹത്തിന്റെ പൊതുസ്വത്തായ രാജഭരണത്തിലെ മഹാക്ഷേത്രങ്ങളിലെ പ്രവേശന വിളംബരം, ഇന്ത്യയുടെ സ്വാതന്ത്ര്യം, നാട്ടുരാജ്യങ്ങളുടെ അന്ത്യം, ജനായത്ത ഭരണം, രാജഭരണ(പൊതു) ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർഡ് രൂപീകരണം, സംവരണത്താൽ അടിത്തട്ടു ജാതികളുടെ അധികാര പങ്കാളിത്തവും സാമൂഹിക -സാമ്പത്തിക ഉയർച്ചയും ഇവയെല്ലാം ചേർന്ന് 20-ാം നൂറ്റാണ്ടിൽ വരുത്തിയ മാറ്റങ്ങൾ, കേരളത്തിലെ അടിത്തട്ടു സമൂഹത്തിലെ ആത്മീയമെന്നും ഭൗതികമെന്നും വേർതിരിവില്ലാത്ത മാനുഷികമൂല്യങ്ങൾക്ക് (മതം, മതേതരം എന്നും വേർതിരിവില്ലാത്ത മൂല്യങ്ങൾക്ക് ) പരന്നൊഴുകാനും, എല്ലാത്തിനേയും ജലസേചനം ചെയ്യാനും അവസരം കൈവരുത്തിയതിന്റെ ഫലമാണ് ആധുനിക കേരളത്തിലെ നാട്ടുത്സവങ്ങളും അവയിലെ കലാവേദികളും എന്നു കാണാം.
ബ്രാഹ്മണ്യം പിടിമുറുക്കിയ ‘മഹാക്ഷേത്രങ്ങൾ’
ഉത്സവപ്പറമ്പുകളിലെ പുത്തൻ കലാവേദികൾ വഴി കേരളസമൂഹത്തിൽ ജാതിമത വിരുദ്ധവും മത - മതേതര അതീതവുമായ അടിത്തട്ടു മൂല്യങ്ങൾ ശക്തമായി വ്യാപിക്കുന്ന 1970 കളിലാണ് ആർ. എസ്. എസിന്റെ നേതൃത്വത്തിൽ കേരള ക്ഷേത്രസംരക്ഷണ സമിതി രൂപംകൊണ്ടത്. മലബാറിലെ ക്ഷേത്രങ്ങളുടെ സംരക്ഷണം മുൻനിർത്തി 1966- ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉണ്ടായ മലബാർ പ്രദേശ് ക്ഷേത്രസംരക്ഷണസമിതി പിന്നീട് ആർ.എസ്. എസ്. നേതാക്കൾ കേരള ക്ഷേത്രസംരക്ഷണ സമിതിയായി 1975- ൽ പുനഃസംഘടിപ്പിച്ചു; 1977- ൽ രജിസ്റ്റർ ചെയ്തു. ക്ഷേത്രങ്ങളെ ഉപാധിയാക്കി ഹിന്ദുവിന്റെ മതപരവും സാംസ്കാരികവുമായ വിദ്യാഭ്യാസമാണ് അതിന്റെ ഒരു ലക്ഷ്യം. മറ്റൊന്ന് പരമ്പരാഗത ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ദേവസ്വം ബോർഡുകളിൽ നിന്നും ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ വേറൊരു ക്യാമ്പയിൻ.

ആർ.എസ്.എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു വേരോട്ടമുള്ള ഹിന്ദുസമൂഹത്തെ, പ്രത്യേകിച്ച്, അധികാരരഹിത ജാതികൾക്കിടയിൽ രൂപീകരിക്കുക എന്ന സാംസ്കാരിക ദൗത്യം, വിശ്വാസത്തെയും ഭക്തിയെയും മുന്നിൽ നിർത്തി നടപ്പിലാക്കുക എന്നതാണ് ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവർത്തന പദ്ധതി. ക്ഷേത്രസംരക്ഷണ സമിതി വഴി ഹിന്ദുവംശീയവാദത്തെ പിന്തുണയ്ക്കുന്ന പുതിയൊരു തരം തീവ്രമത- ഭക്തിരാഷ്ട്രീയം കൊണ്ട് മത - മതേതര വ്യത്യാസമില്ലാത്ത മാനുഷിക വിശ്വാസത്തിന്റെ വിശാലമായ ആത്മീയതയുടെ കേരളീയ വ്യാപനത്തെ തടസ്സപ്പെടുത്താൻ, വിശേഷിച്ചും അടിത്തട്ടു സമൂഹങ്ങളിൽ ക്ഷേത്രങ്ങൾ വഴി ആർ. എസ്. എസിനു കഴിഞ്ഞിട്ടുണ്ട്. ബ്രാഹ്മണ്യം പിടിമുറുക്കിയ മഹാക്ഷേത്രങ്ങളുടെ പഴയ മാതൃകയിലേക്കു കുടുംബക്കാവുകൾ, നാട്ടുക്ഷേത്രങ്ങൾ എന്നിവയെ മാത്രമല്ല "സോദരത്വേന വാഴുന്നേ മാതൃകാസ്ഥാന’’മെന്നു ഗുരു വിശേഷിപ്പിച്ച പുത്തൻ കോവിലുകളെ കൂടി കൂടിയിരുത്താൻ ഇവർക്കു സാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവും നമുക്കു മുന്നിലുണ്ട്. ചേർത്തലയിൽ കണ്ടമംഗലത്ത് ക്ഷേത്രത്തിൽ ബ്രാഹ്മണ പുരോഹിതന്മാരെ വരുത്തി വിപുലമായ യാഗങ്ങൾ ചെയ്തത് ഈയടുത്താണ്.

മത - മതേതര വ്യത്യാസമില്ലാത്ത കേരളത്തിലെ വ്യക്തി -സാമൂഹിക ജീവിതത്തിൽ ക്ഷേത്രങ്ങൾ വഴി സമ്പൂർണ്ണ മതവൽക്കരണം ഏർപ്പാടാക്കുന്നതാണ് ആർ. എസ്. എസ്. നയം. അതിനു ഉത്സവങ്ങളിൽ തടസ്സമായി നിൽക്കുന്ന മതേതര കലാരംഗവേദികൾക്കെതിരെ അവർ സജീവമായി രംഗത്തുണ്ട്. ഇപ്പോൾ പല ഉത്സവങ്ങളിലും ഗാനമേളകൾ ഭക്തിഗാനമേളയായി മാറ്റിയിരിക്കുന്നു. കഥാപ്രസംഗത്തിൽ നിന്നും സാമൂഹിക- രാഷ്ട്രീയ വിഷയങ്ങൾ പിന്നോട്ടു നീങ്ങി മിക്കവാറും പുരാണ കഥകളിൽ ഒതുങ്ങി. അമ്പലങ്ങളിൽ പുരാണാധിഷ്ഠിത കലകൾ മാത്രം മതിയെന്ന നിലപാടിലേക്കു കുറേപ്പേരെ അധികാരരഹിത ജാതികൾക്കിടയിലും എത്തിക്കാൻ ഇവർക്കു കഴിഞ്ഞു. മത - മതേതര ഭേദമില്ലാത്ത അടിത്തട്ടു ജീവിതങ്ങളെ ഇപ്രകാരം മതവൽക്കരിക്കുകയാണ് കഴിഞ്ഞ 50 വർഷത്തെ ക്ഷേത്രസംരക്ഷണ സമിതി പ്രവർത്തനം. അധികാരമില്ലാത്ത ജാതികൾ തന്നെ സ്വയം പൂജ നടത്തിയിരുന്ന അവരുടെ വെച്ചാരാധനാസ്ഥലങ്ങളിൽ ബ്രാഹ്മണരെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പൂജ.

പണ്ട് തീണ്ടലും തൊടീലും കൊണ്ട് അകലം പാലിച്ചിരുന്ന ബ്രാഹ്മണ്യം ഇപ്പോൾ അടിത്തട്ടു ജാതികളുടെ അമ്പലങ്ങളിൽ പൂജയ്ക്കെത്തുമ്പോൾ, അതുവഴി അടിത്തട്ടു സമൂഹങ്ങളിൽ മതവൽക്കരണം സംഭവിക്കുമ്പോൾ, അത് ആധുനിക അധികാര കേന്ദ്രങ്ങളായ ജനപ്രതിനിധി സഭകളിൽ അധികാരജാതികളുടെ ആധിപത്യത്തിനും, അധികാരരഹിത ജാതികളുടെ വിധേയത്വത്തിനും പുതിയ മാനങ്ങൾ നൽകുന്നു. അതിനാൽ കേരളത്തിൽ നടക്കുന്നത് മത - മതേതര വിഭജനമില്ലാത്ത നാട്ടുത്സവങ്ങളുടെ മതവൽക്കരണമാണ്. പുണ്യപുരാണം പറയാത്ത കലകൾക്ക് ആർ.എസ്.എസ്. വിലക്കു കല്പിക്കുന്നത് അതുകൊണ്ടാണ്. മുസ്ലീം സമുദായത്തിൽ ജനിച്ചതിനാൽ മൻസിയ എന്ന നർത്തകിക്ക് ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ വേദി വിലക്കിയതും, അലോഷിയെന്ന ഗായകൻ വിപ്ലവഗാനം പാടിയെന്നു വിവാദം വരുത്തുന്നതും, ഏറ്റവും ഒടുവിൽ ‘വേടൻ അമ്പലങ്ങളെ പാടി അശുദ്ധമാക്കുന്നു’ എന്ന് ആർ. എസ്. എസ്. പത്രാധിപർ കയർത്തതും, ഈ കലാപ്രകടനങ്ങൾ അടിത്തട്ടു സമൂഹങ്ങൾക്കുമേൽ ക്ഷേത്രങ്ങളെ കേന്ദ്രമാക്കി, കഴിഞ്ഞ അരനൂറ്റാണ്ടായി മുന്നേറുന്ന ഹിന്ദുവംശീയതയുടെ മതവൽക്കരണ ദൗത്യത്തെ പിന്നോട്ടടിക്കും എന്നു ഭയന്നിട്ടാണ്. വേടനും അലോഷിക്കും മൻസിയക്കും അരങ്ങു കിട്ടാൻ പാകത്തിൽ ഇന്നും പ്രകാശിച്ചു നിൽക്കുന്നതും, ആത്മീയ ഭൗതിക വേർതിരിവില്ലാത്തതുമായ അടിത്തട്ടു മാനുഷികതയുടെ സാന്നിധ്യത്തെ സമ്പൂർണ്ണമായി തുടച്ചു നീക്കുക എന്നതാണ് ഉത്സവങ്ങൾ ലാക്കാക്കി ആർ.എസ്. എസിന്റെ ലക്ഷ്യം.

കേരളത്തിലെ അമ്പലങ്ങൾ താവളങ്ങളാക്കിയുള്ള ആർ. എസ്. എസ്. പ്രവർത്തനങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിഴൽപറ്റി മത- മതേതരത്വ കള്ളികളിൽ ഉൾക്കൊള്ളാത്ത അടിത്തട്ടു സമൂഹങ്ങളിലെ മാനുഷികതയെ ഇഞ്ചിഞ്ചായി നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. രാഷ്ട്രീയമായ ഏകാധിപത്യ ഭരണം കരസ്ഥമാക്കുന്നതിനുള്ള കുറുക്കുവഴിയെന്ന നിലയിൽ നിർമ്മിച്ചെടുത്ത ഹിന്ദുവംശീയവാദത്തിലേക്കു അടിത്തട്ടു മാനുഷികതയുടെ മതപരിവർത്തനവും അതോടൊപ്പം നടക്കുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിർമ്മാർജ്ജനം ചെയ്ത സാമൂഹിക മുന്നേറ്റങ്ങൾ, സംവരണം കൊണ്ടു അധികാരരഹിത ജാതികൾക്കു കൈവന്ന വിദ്യാഭ്യാസ-സാമൂഹിക - സാമ്പത്തിക പദവികൾ, ഇവയാൽ വളർന്ന സമത്വ സംസ്കാരത്തെ ഹിന്ദുക്കളെല്ലാം തുല്യരാണെന്ന വംശീയ മഹത്വവാദത്തിനുള്ള വളവും തെളിവുമാക്കി മാറ്റുകയാണ് കേരളത്തിൽ ആർ. എസ്.എസ്. ജന്മിത്തറവാട്ടുകാർ കൈവിട്ട ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണ പ്രോജക്ടിൽ കമ്മറ്റികളിൽ അധികാര രഹിത ജാതികളെ റിക്രൂട്ടു ചെയ്തു, അവർക്കു പദവികൾ നൽകി മുന്നിൽനിർത്തിയാണ് അവരിലെ അടിത്തട്ടു മാനുഷികതയെ ഊറ്റിക്കളഞ്ഞു, ഹിന്ദുവംശീയവാദമാക്കി മതപരിവർത്തനം നടത്തുന്നത്. "അഹിന്ദുക്കൾക്ക് ഇവിടെ പ്രവേശനമില്ല" എന്നു പൊതുകുളങ്ങളിലും അമ്പലവഴികളിലും ബോർഡുകൾ പ്രത്യക്ഷമാകുന്നത് ഈവഴിക്കു തന്നെ.

വെളുത്തവർഗ്ഗക്കാരുടെ വംശീയവാദത്തിൽ നിന്നും ഹിന്ദുവംശീയവാദത്തിനുള്ള വേർതിരിവ്, വെള്ളക്കാരുടെ വംശീയവാദത്തിനകത്ത് അവസര സമത്വം ഉണ്ടെങ്കിൽ, ഹിന്ദുവംശീയവാദം അതിനകത്ത് അംഗങ്ങൾ തമ്മിൽ അവസര സമത്വത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഹിന്ദുവംശീയവാദം സംവരണത്തെ എതിർക്കുകയും, ദുരാചാരക്കൊലകൾക്കു പരോക്ഷമായി പ്രോത്സാഹനം നൽകി മിശ്രവിവാഹത്തെ തടയുകയും, ദലിത് മർദ്ദനത്തെ എതിർക്കാത്ത മനസ്സുകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇപ്രകാരം സാമൂഹികമായ അനീതികളെ ന്യായീകരിക്കുന്നവരാക്കി അനുയായികളെ ഹിന്ദുവംശീയവാദം മാറ്റുന്നത് നേരിട്ടു ജാതിവ്യവസ്ഥയെ പിന്തുണച്ചുകൊണ്ടല്ല. അവർ പുറമേക്കു ജാതിവ്യവസ്ഥയെ വിമർശിക്കാൻ തന്നെ മുന്നിലുണ്ടാകും. എന്നാൽ വർണ്ണവ്യവസ്ഥയെയും ബ്രാഹ്മണമഹത്വത്തെയും ഈശ്വരകല്പിതമായി അവതരിപ്പിക്കുന്ന പുരാണകഥകളെ ക്ഷേത്രങ്ങൾ വഴി കലകളിലൂടെ പ്രോത്സാഹിപ്പിച്ചു കൊണ്ടു, അവയെ ഭാരതീയ സംസ്കാരത്തിന്റെ മാതൃകയായി ഹിന്ദുമഹത്വവാദം പുകഴ്ത്തി ജാതിസങ്കരത്തിനെതിരെ ആന്തരിക ജാഗ്രത തീർക്കുന്നു.

പുരാണകഥകളെ ചരിത്ര യാഥാർത്ഥ്യങ്ങളാക്കി അടിത്തട്ടു സമൂഹങ്ങളിൽ ഉറപ്പിക്കുന്നതിനുള്ള ദൗത്യം ക്ഷേത്രസംരക്ഷണ സമിതികൾ വഴിയാണ് നിർവ്വഹിക്കപ്പെടുന്നത്. ക്ഷേത്രങ്ങളിൽ പുരാണകഥനത്തിന്റെ ക്ഷേത്രകലകൾ മാത്രമേ പാടുള്ളൂ എന്ന നിലപാട് സമിതിയുടെ മുഖമുദ്രകളിൽ ഒന്നാണല്ലോ. പൂതനയെ കൊല്ലുന്നതിന് "പൂതനാമോക്ഷം" എന്നാണ് പുരാണം. ശത്രുനിഗ്രഹം ശത്രുവിനു മോക്ഷം കിട്ടാൻ ശത്രുവിനോടു ചെയ്യുന്ന പരമമായ ഉപകാരമായി ചിത്രീകരിക്കുന്ന സാമർത്ഥ്യം ലോകത്ത് മറ്റൊരു കഥകൾക്കും ഉണ്ടാകില്ല. അതുപ്രകാരം രാവണവധം രാവണന്റെ മോക്ഷപ്രാപ്തിക്കുള്ള ദൈവത്തിന്റെ ഉദാരമായ അത്യുപകാരമാണ്. സ്വന്തം ജാതിയിൽ പിറന്നു, സ്വജാതിയിൽ തന്നെ വിവാഹം കഴിക്കുന്നതാണ് ദൈവനിശ്ചിതമായ ധർമ്മം എന്നു പുരാണങ്ങൾ അടിവരയിടുന്നു. തൊഴിലുകൾ ആകപ്പാടെ പരിഷ്ക്കരിക്കപ്പെട്ട ലോകത്ത്, ഭരണവും പൗരോഹിത്യവും അനുബന്ധകാര്യങ്ങളും ഒഴികെയുള്ള അടിത്തട്ടു ജോലികൾ അധികാരരഹിത ജാതികൾക്കു വേണ്ടി സംവരണം ചെയ്തിട്ടുണ്ട്.

ബ്രാഹ്മണനിർമ്മിത പുരാണങ്ങളും ഐതിഹ്യങ്ങളും ഓരോ ജാതിക്കും ഒരേ സമയം പദവിയും അധഃകൃതത്വവും സമ്മാനിക്കുന്നു. പഞ്ചകമ്മാളരായ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, കല്ലാശാരി ഇവരെയെല്ലാം പുരാണം വിശ്വകർമ്മാവിന്റെ മക്കളായി അവതരിപ്പിക്കുന്നു. വിശ്വകർമ്മാവാകട്ടെ ബ്രഹ്മാവിന്റെ പുത്രനാണ്. അധികാരരഹിത ജാതികൾക്ക് കിട്ടുന്ന ഈ ഉന്നത പദവി മൂലം അവർ ഹിന്ദുവംശീയതയുടെ അവിഭാജ്യ ഘടകമാണെന്ന ബോധം നിർമ്മിക്കപ്പെടുന്നു. എന്നാൽ അവർക്ക് അധികാരവും പൗരോഹിത്യവും സ്വയം നേടാനുള്ള അവകാശങ്ങളെ നിഷേധിച്ചു, അതേ പുരാണം അവരെ അധഃകൃതരാക്കി നിർത്തി, അവരിലെ സജാതീയ വിവാഹത്തിനും ഇതര ചടങ്ങുകൾക്കും ബ്രാഹ്മണ പുരോഹിതന്റെ കാർമ്മികത്വം സാധ്യമാക്കിക്കൊടുക്കുന്നു. പുലയർ ചേരമരും പറയർ സാംബവരും ആയി പുനർനാമകരണം ചെയ്യുമ്പോൾ ജാതിമാഹാത്മ്യം അവരിലും കടന്നുകൂടുന്നു. ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിനകത്തേക്കു കയറുമ്പോൾ അവർ ഉയരുകയും, അതോടൊപ്പം ജാതിശ്രേണിയിലെ താഴ്ന്ന പദവിയാൽ ലജ്ജിതരാകുകയും, എന്നാൽ ബ്രാഹ്മണൻ വന്നു കർമ്മം ചെയ്തു തരുമ്പോൾ അവർ ഹിന്ദുവംശീയതയുടെ സൈന്യങ്ങളായി മാറുകയും ചെയ്യുന്നു.

ഹിന്ദുവംശീയതയിലേക്കുള്ള സ്വയംസേവക കാലാൾപ്പടകളെ ലഭ്യമാക്കാതെ അധികാരജാതികളുടെ രാഷ്ട്രീയ ഏകാധിപത്യം പാർലമെൻ്ററി ജനായത്തത്തിനുള്ളിൽ സാധ്യമല്ല. ഹിന്ദുവംശീയ കാലാൾപ്പടകളാക്കി അധികാരരഹിത ജാതികളെ റിക്രൂട്ട് ചെയ്യുന്നത് സപ്താഹങ്ങളും നാമജപഘോഷയാത്രകളും സത്രങ്ങളും തുടങ്ങി, പുരാണാധിഷ്ഠിത കഥനങ്ങളും കലകളും ഇടതടവില്ലാതെ അമ്പലങ്ങളിൽ സംഘടിപ്പിച്ചു അധികാരരഹിത ജാതികളെ സാംസ്കാരികമായി ഏകോപിപ്പിച്ചു കൊണ്ടാണ്. പണ്ട് ആനപ്പന്തലിലും കൂത്തമ്പലത്തിലും കഥകളി, കൂത്ത്, കൂടിയാട്ടം എന്നിവ അധികാരജാതികളിൽ സാംസ്കാരികമായ ഏകീകരണം നടത്തിയെങ്കിൽ, ഇന്ന് അത്തരം കഥകൾ ജനപ്രിയ രൂപങ്ങളായി നേർപ്പിച്ചു ഭക്തിപ്രഭാഷണങ്ങളും ദശാവതാര കഥകളും ഗീതാ ക്ലാസ്സുകളും സപ്താഹം വായനകളുമായി അടിത്തട്ടു ജനതയെ ഹിന്ദുവംശീയതയുടെ പടയാക്കി തീർക്കുന്ന സാംസ്കാരിക ഏകീകരണ ഡ്യൂട്ടി നിർവ്വഹിക്കുന്നു.

അമ്പലപ്പറമ്പുകളും അവിടുത്തെ കലാരംഗ മണ്ഡപങ്ങളും പിടിച്ചെടുത്തു, സാംസ്കാരികമായ ജനായത്തവൽക്കരണത്തെ അട്ടിമറിച്ചുകൊണ്ടാണ് ഹിന്ദുവംശീയതയുടെ ബദൽ സാംസ്ക്കാരികവൽക്കരണം മിത്തുകളിലൂടെ 1980 കൾ മുതൽ സാധ്യമാക്കുന്നത്. അതിന്റെ നൂറുമേനി ഫലം ഇപ്പോൾ കൊയ്തുകൊണ്ടിരിക്കുമ്പോൾ, അതേ അമ്പലമുറ്റത്ത് വേടൻ വന്ന് "നീ തമ്പുരാനാണെങ്കിൽ ഒരു മൈരുമില്ല" എന്നു, തിങ്ങിനിറഞ്ഞാടുന്ന ചെറുപ്പക്കാരെ ഹരം പിടിപ്പിച്ചു പാടിയാൽ സംഘപരിവാറിന് ഇതിൽപ്പരം പാരയായി മറ്റെന്താണ് കേരളത്തിലുള്ളത്? അതുകൊണ്ടാണ് ജാതിഭീകരവാദിയെന്നും വിഘടനവാദിയെന്നും തങ്ങൾക്കു ശരിക്കും ചേരുന്ന വിശേഷണം ഈ ചെറുപ്പക്കാരനും ചാർത്തുന്നത്. ഹിന്ദുവംശീയവാദികൾ പുരാണകഥകൾ പാടി അടിത്തട്ടു ജനങ്ങളുടെ മറവിയേലേക്കു മുക്കിത്താഴ്ത്തുന്ന ഇന്ത്യൻ ജാതിഭീകരതയെ, തന്റെ റാപ്പ് പാട്ടിൽ വേടൻ കേരള യുവസമൂഹത്തിന്റെ പച്ചബോധത്തിൽ കത്തിച്ചു നിർത്തുന്നതുപോലെ ഇരുട്ടടി മറ്റെന്താണ് ഇവർക്കു കിട്ടാനുള്ളത്? രാഷ്ട്രീയ ഏകാധിപത്യത്തിനായി ചമച്ചെടുക്കുന്ന കപടമായ ദേശ / വംശാഭിമാനത്തെ അമ്പലപ്പറമ്പിലെത്തി ഈ പയ്യൻ ചോദ്യം ചെയ്യുമ്പോൾ സംഘപരിവാറിന്റെ സ്വപ്നപദ്ധതിക്കാണ് വിഘടനം സംഭവിക്കുന്നത്.

ഹിന്ദുവംശമേന്മാവാദവും ദേശീയതയും ഒന്നാക്കി തീർത്ത സാംസ്കാരിക രാഷ്ട്രീയമാണ് ആർ. എസ്. എസിൻ്റേത്. ഗോത്രത്തിലും / വംശത്തിലും / വർഗ്ഗത്തിലും സാംസ്കാരികൈക്യം തീർക്കുന്നതിനുള്ള മാനുഷിക വൈകാരികോപാധിയാണ് കല. ഹിന്ദുവംശീയവാദത്തിന്റെ കപടമായ ഐക്യത്തിലേക്കു അധികാരമില്ലാത്ത ജാതികളെ ഉൾച്ചേർക്കുന്നത് പ്രധാനമായും കഥകളും പാട്ടുകളും ദൃശ്യകലകളും സമർത്ഥമായി ഉപയോഗിച്ചു കൊണ്ടാണ്. ആധുനിക ജനപ്രിയ കലയായ സിനിമയും വംശീയവാദത്തിന്റെ /തീവ്രദേശീയവാദത്തിന്റെ വളർച്ചയും തമ്മിൽ നേരിട്ടു തന്നെ ബന്ധമുണ്ട്. ഹോളിവുഡ് സിനിമയും അമേരിക്കൻ തീവ്രദേശീയവാദവും തന്നെ ഉദാഹരണം. ജനപ്രിയ സിനിമയുടെ മലയാളചരിത്രം നോക്കിയാലും, പടിപടിയായി അതു പരോക്ഷമായി വളർത്തി കൊണ്ടുവന്നത് ജാതിമേന്മാവാദവും, അതുവഴി ഹിന്ദുവംശീയ വാദവുമാണ്. മുമ്പ് അത് ചലച്ചിത്രത്തിന്റെ ഇതിവൃത്തത്തിൽ ഒളിച്ചിരുന്നു ഉദ്ദിഷ്ടകാര്യം സാധിച്ചിരുന്നെങ്കിൽ, 2015 മുതൽ സിനിമയെ പ്രത്യക്ഷമായി തന്നെ ഹിന്ദുവംശീയവാദം വ്യാപിപ്പിക്കുന്നതിനുള്ള സാംസ്കാരിക ഇന്ധനമാക്കി ഉപയോഗിക്കുന്നതിനു ഉദാഹരണമാണ് മാളികപ്പുറം, കേരളാ സ്റ്റോറി, കാശ്മീർ ഫയൽസ്, ആർട്ടിക്കിൾ 370, സ്വതന്ത്ര വീർ സർവക്കർ തുടങ്ങിയ ചിത്രങ്ങൾ.

നാസി ജർമ്മനിയിൽ ആൾക്കൂട്ടമനസ്സിനെ നിർമ്മിക്കാൻ സിനിമ ഏറ്റവും വലിയ മാധ്യമമായി ഉപയോഗിക്കപ്പെട്ടത് ഏവർക്കും അറിയാവുന്ന കലാചരിത്രമാണ്. ഫിലിം ഇൻഡസ്ട്രിയെ സമ്പൂർണ്ണ നിരീക്ഷണത്തിനു കീഴിലാക്കി സിനിമാനിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും നാസിഭരണം നിയന്ത്രിച്ചു. ഗീബൽസിന്റെ പ്രചരണമന്ത്രാലയത്തിലെ സൂക്ഷ്മപരിശോധന ചിത്രങ്ങൾക്കു കർശനമാക്കി. ഹിറ്റ്ലറെയും നാസികളെയും മഹത്വവൽക്കരിക്കുന്നതും ജൂതരെ നികൃഷ്ടരാക്കുന്നതും എന്നാൽ, സാങ്കേതികവിദ്യകൊണ്ട് അതിശയിപ്പിക്കുന്നതുമായ സിനിമകൾ അവർ നിർമ്മിച്ചു. നേരിട്ടു നാസി പ്രത്യയശാസ്ത്രം പുകഴ്ത്താത്ത കോമഡികളും പ്രേമകഥകളും, ഉള്ളിൽ ആര്യൻമഹിമയും അധികാരത്തോടുള്ള അനുസരണയും ആൺകോയ്മയും നിഷ്പക്ഷരൂപത്തിൽ നിക്ഷേപിച്ചു.

വംശമഹത്വത്തിന്റെ ഏകാധിപത്യ രാഷ്ട്രീയം ജനഹൃദയങ്ങളിൽ താവളമടിക്കുന്നത് വൈകാരിക ശക്തികളായ കലകളെ സാങ്കേതികവിദ്യയുടെ സകല സാധ്യതകളും മൂർച്ചകൂട്ടി ആയുധമാക്കിയാണ്. ഭാവനാസഞ്ചാരത്തിന്റെ സൃഷ്ടികളായ കലകളെ ചരിത്രയാഥാർത്ഥ്യങ്ങളായി വളച്ചൊടിച്ചു അവയെ ഹിന്ദുവംശീയവാദത്തിന്റെ സാംസ്കാരിക ഏകീകരണത്തിനുള്ള ഉപാധികളായി മാറ്റുന്നു. അമ്പലങ്ങളിൽ കഥയും പാട്ടും നൃത്തവും ഭാഗവത പ്രഭാഷണവും കൊണ്ടുള്ള ഹിന്ദുവംശീയവാദ പ്രത്യയശാസ്ത്ര പ്രചരണ യജ്ഞത്തെ, കലയുടെ അതേ ജനപ്രിയത കൊണ്ടു അമ്പലങ്ങളിൽ ചെന്നു നേരിടുന്നതിൽ വേടന്റെ റാപ്പ് അതിശയകരമായ വിജയം നേടിയിരിക്കുന്നു. ക്ഷേത്രസംരക്ഷണ സമിതികളാൽ അട്ടിമറിക്കപ്പെട്ട അമ്പലപ്പറമ്പുകളിലെ, വിശ്വാസത്തിന്റെയും കലകളുടെയും കേരളീയമായ ജനായത്തവൽക്കരണത്തിന്റെ "രണ്ടാം പിറവി’’യാണ് വേടന്റെ റാപ്പ്. ഇതു ശരിക്കും തിരിച്ചറിയുന്നതിനാൽ "ഞാൻ ഇനിയും അമ്പലപ്പറമ്പിൽ പാടു"മെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ ആ പാട്ടുകവി പറയുന്നു.
