ആർ.എസ്.പിയുടെ കുത്തക മണ്ഡലം. 1977 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 2016 ഒഴികെ, ആർ.എസ്.പി മാത്രമേ വിജയിച്ചിട്ടുള്ളൂ. 2016ൽ സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) ക്ക് നൽകിയ സീറ്റിൽ ഇടതുസ്വതന്ത്രനായി മൽസരിച്ച എൻ. വിജയൻ പിള്ള 6189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആർ.എസ്.പിയിലെ ഷിബു ബേബിജോണിനെ തോൽപ്പിച്ചത്. കഴിഞ്ഞവർഷം അദ്ദേഹം മരിച്ചതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്നില്ല, സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പേ ഷിബു ബേബിജോൺ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. "തെക്കിന്റെ വല്യേട്ടൻ' എന്നാണ് പ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. "ചവറയുടെ രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം' എന്ന പ്രഖ്യാപനത്തോടെയാണ് ഷിബുവിന്റെ പ്രചാരണം. "വല്യേട്ടനെ' മറികടക്കാൻ എൽ.ഡി.എഫും ഒരാളെ കണ്ടെത്തിക്കഴിഞ്ഞു, മരിച്ച മുൻ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത്. "ജനകീയ ഡോക്ടർ' എന്ന വിശേഷണമാണ് അദ്ദേഹത്തിന്. മറ്റു സ്ഥാനാർഥികളെക്കുറിച്ച് ഇടതുമുന്നണി ആലോചിച്ചിട്ടില്ല. എന്നാൽ, ചവറയിൽമേൽ കേരള കോൺഗ്രസ് (എം) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്, അത് മുന്നണി തള്ളിക്കളഞ്ഞിട്ടുമില്ല.
ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളും കൊല്ലം കോർപറേഷനിലെ ശക്തികുളങ്ങര, മരുത്തടി, മീനത്തുചേരി, കാവനാട്, വള്ളിക്കീഴ്, കുരീപ്പുഴ വെസ്റ്റ്, തങ്കശ്ശേരി വെസ്റ്റ്, തിരുമുല്ലവാരം എന്നീ ഡിവിഷനുകളും ചേർന്നതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് പഞ്ചായത്തിലും യു.ഡി.എഫും എട്ട് കോർപറേഷൻ ഡിവിഷനുകളിൽ ആറിൽ എൽ.ഡി.എഫുമാണ് ജയിച്ചത്.
കരിമണൽ, മത്സ്യ, കശുവണ്ടി തൊഴിലാളികളുടെ നാടാണ് ചവറ. "കേരള കിസിഞ്ജർ' എന്ന് വിശേഷിപ്പിക്കപ്പെട്ട ബേബിജോൺ ആറുതവണ തുടർച്ചയായി ചവറയെ പ്രതിനിധീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യ എം.എൽ.എ. 1982ലായിരുന്നു ബേബിജോണിന്റെ രാഷ്ട്രീയ ജീവിതം വിവാദത്തിൽ മുങ്ങിയ സരസൻ സംഭവം. 1981 ജനുവരി ഒന്നിന് സരസൻ എന്ന യുവാവിനെ ചവറയിൽനിന്ന് കാണാതായി. ആർ.എസ്.പിക്കാരനായിരുന്ന സരസൻ കോൺഗ്രസിൽ ചേർന്നിരുന്നതുകൊണ്ട് മാധ്യമങ്ങളിൽ പലതരം കഥകൾ വന്നു. സരസനെ കൊന്ന് ഫിഷിംഗ് ബോട്ടിൽ പുറംകടലിൽ കൊണ്ടുപോയി കെട്ടിത്താഴ്ത്തി എന്നായിരുന്നു ആരോപണം. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബേബിജോണിനും വി.പി. രാമകൃഷ്ണപ്പിള്ളക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു പ്രചാരണം. 1982ലെ തെരഞ്ഞെടുപ്പിൽ "സരസൻ' ആയിരുന്നു ചവറയിൽ ബേബിജോണിന്റെ യഥാർഥ എതിരാളി. "എന്റെ മകൻ എവിടെ' എന്ന പേരിൽ സരസന്റെ അമ്മ ബേബിജോണിന് എഴുതിയ കത്ത് മണ്ഡലത്തിൽ വാരിവിതറി. ഇന്ദിരാഗാന്ധി ചവറയിലെത്തി സരസന്റെ അമ്മയെ കണ്ട്, കോൺഗ്രസിന് വോട്ടുചെയ്യാൻ അഭ്യർഥിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണവും ബേബിജോൺ മറികടന്നു, 621 വോട്ടിന് കോൺഗ്രസിലെ കെ. സുരേഷ്ബാബുവിനെ തോൽപ്പിച്ചു. കാണാതായി അഞ്ചര വർഷത്തിനുശേഷം സരസനെ കർണാടകയിൽ കണ്ടെത്തി.
1998ൽ രോഗബാധിതനായി മൽസരരംഗത്തുനിന്ന് പിന്മാറുന്നതുവരെ അദ്ദേഹം ചവറയുടെ പ്രതിനിധിയായിരുന്നു. 2001ൽ മകൻ ഷിബു ബേബിജോൺ യു.ഡി.എഫ് സ്ഥാനാർഥിയായി, വി.പി. രാമകൃഷ്ണപിള്ളയെ 12,483 വോട്ടിന് തോൽപ്പിച്ചു. 2006ൽ എൻ.കെ. പ്രേമചന്ദ്രൻ 1786 വോട്ടിന് ഷിബുവിനെ തോൽപ്പിച്ചു. 2011ൽ ഷിബു ബേബിജോൺ മണ്ഡലം തിരിച്ചുപിടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായുള്ള തർക്കത്തെതുടർന്ന് ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയപ്പോൾ, ഇരു ആർ.എസ്.പികളും ഒന്നായി.