ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പൊലീസിന്
തെറ്റു പറ്റിയെന്ന് സമ്മതിച്ച ആഭ്യന്തരമന്ത്രിയ്ക്ക് പൂച്ചെണ്ട്, ഇനിയെന്ത്?

ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ കാറിടിച്ചുകൊന്ന തട്ടുകടക്കാരൻ്റെ കേസിൽ, പൊലീസിന് തെറ്റു പറ്റിയെന്ന് സമ്മതിക്കുകയും നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും എതിരെ നടപടിയെടുക്കുകയും ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വാഗതാർഹമായ നിലപാടിൻ്റെ ആത്മാർത്ഥത അർത്ഥശങ്കയില്ലാതെ തെളിയിക്കാൻ ഇനിയും തുടർനടപടികൾ ആവശ്യമാണ്: രാധാകൃഷ്ണൻ എം.ജി എഴുതുന്നു.

പോലീസിന് തെറ്റു പറ്റിയെന്ന് സമ്മതിക്കുന്ന കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയാകാം രമേശ് ചെന്നിത്തല. ഇത് ചർച്ചയായയുടൻ മുൻ സർക്കാരുകൾ തങ്ങളുടെ പോലീസിൻ്റെ പല വീഴ്ചകളും ഏറ്റു പറഞ്ഞതും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുത്തതും ചൂണ്ടിക്കാട്ടുന്നുണ്ട്.

ശരിയാണ്. അതൊക്കെ വളരെ പതുങ്ങിയ സ്വരത്തിൽ നിവൃത്തിയില്ലാതെ സർക്കാർ എന്ന പൊതുസ്ഥാപനത്തിൻ്റെ പേരിൽ നടത്തിയവയാണ്. ഒരു ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് വന്ന് നിയമസഭയിൽ നാടാകെ ടെലിവിഷനിലൂടെ കാണുന്ന രീതിയിൽ തന്നെ ഇങ്ങനെ കുറ്റം സമ്മതിക്കുകയും നടപടി പ്രഖ്യാപിക്കുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ടോ? രണ്ടും നൽകുന്ന സന്ദേശങ്ങളിൽ വലിയ വ്യത്യാസമുണ്ട്.

ഇന്നലെ വരെയുള്ള ആഭ്യന്തരമന്ത്രിമാർ പോലീസിൻ്റെ ഏറ്റവും നഗ്നമായ തെറ്റുകളെപ്പോലും ന്യായീകരിക്കുകയോ പരമാവധി അവയെകുറിച്ച് നിശ്ശബ്ദത പാലിക്കുകയോ മാത്രമേ ചെയ്തിട്ടുള്ളൂ. 1957- ലെ ഒന്നാം ഇ.എം.എസ് സർക്കാരിൻ്റെ കാലത്ത് രണ്ട് പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെട്ട ചന്ദനത്തോപ്പ് വെടിവെയ്പിനെ ന്യായീകരിക്കേണ്ടിവന്നതിലുണ്ടായ കടുത്ത അന്തഃസംഘർഷങ്ങളെയും കുറ്റബോധത്തെപ്പറ്റിയും CPI നേതാവ് കെ. ദാമോദരൻ തുറന്നുപറഞ്ഞത് മാത്രമേ, ആഭ്യന്തരമന്ത്രി അല്ലെങ്കിലും ഒരു ഭരണപക്ഷനേതാവിൽ നിന്ന് മുമ്പുണ്ടായിട്ടുള്ളൂ.

അടിയന്തരാവസ്ഥക്കാലത്തെ ഭീകരതകളെപ്പറ്റി ആഭ്യന്തരമന്ത്രി കെ. കരുണാകരനോ പിന്നീട് അടിയന്തരാവസ്ഥയെയും കരുണാകരനെയും എതിർത്ത ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് പോലുമോ തുറന്ന് വിമർശിച്ചതായി ഓർക്കുന്നില്ല.

മാത്രമല്ല, പോലീസിൻ്റെ അമിതാധികാരപ്രയോഗം നിയന്തിക്കണമെന്ന ആവശ്യത്തെ സേനയുടെ മനോവീര്യത്തെ തളർത്തുമെന്ന വാദമുയർത്തി തള്ളിക്കളയുകയാണ് എല്ലാ ആഭ്യന്തരമന്ത്രിമാരിൽ നിന്നും ഇതുവരെയുണ്ടായത്. ഇന്നലെ വരെ പ്രതിപക്ഷത്തിരുന്ന് പോലീസ് അതിക്രമത്തെ നിശിതമായി വിമർശിച്ചവരാണ് ഭരണത്തിലേറുമ്പോൾ ഈ കരണംമറിച്ചിൽ നടത്തുന്നത് എന്നും ഓർക്കണം.

പ്രതിപക്ഷത്തിരുന്നപ്പോൾ തങ്ങൾ അതിശക്തമായി വിമർശിച്ച കുപ്രസിദ്ധ പോലീസ് മേധാവികളെ അധികാരത്തിൽ നിലനിർത്താനോ നിയമിക്കാനോ പോലും ഭരണത്തിലേറുമ്പോൾ പലരും മടിക്കാറില്ല. രമൺ ശ്രീവാസ്തവയോടുള്ള അമിത സ്നേഹത്തിൻ്റെ പേരിൽ കരുണാകരനെ ആക്ഷേപിച്ച ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ മേധാവിയാക്കിയതും അദ്ദേഹം വിരമിച്ചശേഷവും ഉപദേശകനായി പിണറായി വിജയൻ സ്വീകരിച്ചതും ഓർക്കാം.

പോലീസിൻ്റെ പരസ്യമായ അക്രമത്തിന് ലഭിച്ച ഏറ്റവും ജുഗുപ്‌സാവഹമായ ന്യായീകരണമാണ് കഴിഞ്ഞ സർക്കാരിൽ ആഭ്യന്തരവും ഭരിച്ച മുഖ്യമന്ത്രിയുടെ കുപ്രസിദ്ധമായ ജീവൻരക്ഷാവാദം. കേരളത്തിലെ ഒരു ആഭ്യന്തരമന്ത്രിയും അനുഭവിച്ചിട്ടില്ലാത്തവിധം ക്രൂരമായ പോലീസ് മർദ്ദനത്തിനിരയായ ആളാണ് ഈ വാദം ഉയർത്തിയത് എന്നതാണ് വിരോധാഭാസം.

ചേരാനല്ലൂരിൽ ജഡ്ജിയുടെ 17 വയസുകാരനായ മകന്റെ വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ്‌സ്റ്റേഷനിൽ.
ചേരാനല്ലൂരിൽ ജഡ്ജിയുടെ 17 വയസുകാരനായ മകന്റെ വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ്‌സ്റ്റേഷനിൽ.

എന്നാൽ കേരളത്തിലെ രണ്ട് ഉന്നത പോലീസ് മേധാവികളെങ്കിലും സേനയുടെ അമിതാധികാര പ്രയോഗത്തെ വിമർശിച്ചിട്ടുണ്ട്. മേലധികാരികളുടെ ഉത്തരവ് നിയമാനുസൃതമല്ലെങ്കിൽ അനുസരിക്കേണ്ടതില്ല എന്ന് സർവീസിൽ തുടരുമ്പോൾ തന്നെ പറഞ്ഞ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസും സേനയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വലിയ തെറ്റുകൾ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുള്ള മുൻ ഡി.ജി.പി എ. ഹേമചന്ദ്രനും.

എ. ഹേമചന്ദ്രനെ ആഭ്യന്തര വകുപ്പ് ഉപദേശകനായി ചെന്നിത്തല നിയമിച്ചപ്പോൾ തന്നെ ഇതൊരു മാറ്റത്തെ കുറിക്കുന്നു എന്ന് ഈ ലേഖകൻ അടക്കം വിശ്വസിച്ചു. എത്രനാൾ അദ്ദേഹത്തിന് അവിടെ തുടരാനാവുമെന്ന് സംശയവും പ്രകടിപ്പിച്ചു. പക്ഷേ ആ നിയമനത്തിൻ്റെ തുടർച്ചയായി മന്ത്രിയുടെ പ്രസ്താവനയെ കാണാമെന്ന് തോന്നുന്നു.

ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ കാറിടിച്ചുകൊന്ന തട്ടുകടക്കാരൻ്റെ കേസിൽ അക്ഷന്തവ്യമായ പിഴവുകൾ വരുത്തിയ പോലീസുകാർക്ക് വലിയ തെറ്റ് പറ്റിയെന്ന് മരിച്ച വ്യക്തിയുടെ മക്കളുടെ ഒരു ദിവസം നീണ്ട സമരത്തിനും മാധ്യമങ്ങളുടെ പ്രതിഷേധത്തിനും ശേഷമെങ്കിലും മന്ത്രി പരസ്യമായി സമ്മതിക്കുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. ഏതാനും ദിവസങളുടെ മാത്രം വ്യത്യാസത്തിൽ ഒരേ പ്രദേശത്താണ് പ്രമാണിമാരായ രണ്ടുപേരുടെ പ്രായപൂർത്തി എത്താത്ത മക്കൾ സമാനമായ രണ്ട് കുറ്റകൃത്യങ്ങൾ നടത്തിയതെന്നതും ഈ പ്രശ്നത്തിൻ്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.

മുൻമന്ത്രിമാരെക്കാൾ കൗശലക്കാരനായതു കൊണ്ടാണ് ചെന്നിത്തല ഈ തന്ത്രം പയറ്റിയതെന്ന് ചില ദോഷൈകദൃക്കുകളുടെ വിമർശനം അസ്ഥാനത്താകാം. പക്ഷേ ചെന്നിത്തലയുടെ തികച്ചും സ്വാഗതാർഹമായ ഈ നിലപാടിൻ്റെ ആത്മാർത്ഥത അർത്ഥശങ്ക ഇല്ലാതെ തെളിയിക്കാൻ ഇനിയും തുടർനടപടികൾ ആവശ്യമാണ്.

ഒരേ പ്രദേശത്ത് നടന്ന രണ്ട് സമാന സംഭവങളിലും നടപടികളിലും വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോ?

താഴേക്കിടയിലുള്ള പോലീസുകാരിൽ മാത്രം കുറ്റം ചാർത്തി ഉന്നതരെ രക്ഷപ്പെടാൻ അനുവദിക്കുമോ?

ഇപ്പോൾ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർ ആറ് മാസം ശമ്പളം അടക്കമുള്ള സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ വീണ്ടും പഴയ ലാവണങ്ങളിൽ തിരിച്ചെത്തുമോ?

ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സേനക്കുള്ളിൽ സ്ഥായിയായ പരിഷ്കാരങ്ങൾക്കും നിയമനിർമ്മാണങ്ൾക്കും തയ്യാറാകുമോ?

പോലീസിൻ്റെ പൊതുവായ ജനാധിപത്യ വിരുദ്ധ രീതികൾക്കും അമിതാധികാര പ്രവണതകൾക്കും തടയിടാനുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് തയ്യാറാകുമോ?

പോലീസ് പരിഷ്ക്കാരങ്ങൾക്കായി ജസ്റ്റിസ് തോമസ് അടക്കമുള്ളവർ തയ്യാറാക്കിയ നിർദേശങ്ങൾ ധാരാളമുണ്ട്. അവ നടപ്പിലാക്കുമോ?

(ഇത് എഴുതിക്കഴിഞ്ഞപ്പോൾ എറണാകുളം സിറ്റി പോലീസ് കമീഷണറെ നീക്കി എന്ന് വാർത്ത. തികച്ചും സ്വാഗതാർഹം).

Comments