പൗരസമൂഹത്തിന് നിയമവ്യവസ്ഥയോടും നീതിന്യായ വിചാരണയോടും കൂറും വിശ്വസ്തതയും ഉണ്ടാകുന്നത് നീതിവ്യവഹാരം തുല്യമായി നിർവ്വഹിക്കപ്പെടുമ്പോഴാണ്. നീതിയുടെ ഇടപെടൽ എല്ലാ മനുഷ്യർക്കും ന്യായത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഇത് സാധ്യമാകാത്ത വിധം സാമൂഹ്യ പദവികളും സമ്പത്തും കൈവശവമുള്ളവർക്കിടയിൽ ശക്തിപ്പെട്ടുവരുന്ന അധീശത്വമനോഭാവം സാധാരണ മനുഷ്യർക്ക് ലഭിക്കേണ്ട നീതിയെ നിഷധിക്കുകയാണ്. ഈ വസ്തുതയെ പൊതുവിടങ്ങളിൽ ഉപയോഗിക്കാനും അനുഭവിക്കാനും സമൂഹത്തിലെ ഉന്നതകുലജാതരെന്ന് അവകാശപ്പെടുന്ന ചില മനുഷ്യർ ധൈര്യപ്പെട്ടിരിക്കുന്നു. സമ്പത്തും സാമൂഹ്യപദവികളും നിയമവ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ നേരിട്ട് സ്വാധീനിക്കുന്നു എന്നതിൻ്റെ ഒടുവിലത്തെ തെളിവാണ് ചേരാനല്ലൂരിലെ ദാരുണമായ സംഭവം. ജഡ്ജിയുടെ 17 വയസുകാരനായ മകനാൽ, തട്ടുകട ജീവനക്കാരനായിരുന്ന, 55 വയസ് പ്രായമായ ജയബാലകൃഷ്ണൻ്റെ അപകടമരണം ഉയർത്തുന്ന ചോദ്യങ്ങൾ ഗൗരവപ്പെട്ടതാണ്.
സംഭവം നടന്നതിനുശേഷം നീതിന്യായ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടൽ അങ്ങേയറ്റം പക്ഷപാതപരമായിരുന്നു. അത് പ്രിവിലേജ് ഇല്ലാത്ത സാധാരണ മനുഷ്യർക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതിൻ്റെ തെളിവാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ പുരോഗമന മൂല്യബോധത്തെ നിർണയിക്കുന്നത് ഉയർന്ന രാഷ്ട്രീയസാക്ഷരതയാണ്. അതിൽ തന്നെ നീതിനിർവ്വഹണത്തോടുള്ള സാധാരണ മനുഷ്യരുടെ വിശ്വസ്തയാണ് നിയമവ്യവസ്ഥയെ എല്ലാ കാലത്തും സമൂഹത്തിൻ്റെ പ്രതീക്ഷയായി നിലനിർത്തുന്നത്. ആ പ്രതീക്ഷ തകരുമ്പോഴാണ് വ്യക്തികളും ആൾക്കൂട്ടവും നേരിട്ട് നിയമവ്യവസ്ഥയ്ക്ക് പുറത്ത് നീതിവിചാരണ ആരംഭിക്കുന്നത്. പിതാവിൻ്റെ വിയോഗത്തിൽ ദുഃഖം പേറുന്ന മക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷന്റെ കവാടത്തിൽ പ്രതിഷേധിച്ച് ഇരിക്കേണ്ടി വന്നതിന്റെ കാരണം, നീതി നിർവഹണം എല്ലാവർക്കും തുല്യമല്ലാത്തതുകൊണ്ടാണ്. അവർക്ക് പ്രിയപ്പെട്ട പിതാവിൻ്റെ വിയോഗം താങ്ങാൻ കഴിയാത്തതിന് പല കാരണങ്ങളുണ്ട്. മകൾ പറയുന്നത് പ്രകാരം അച്ഛൻ അവർക്ക് വേണ്ടി ചെയ്ത കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒരു തട്ടുകടക്കാരന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിതാവിന് നല്ലൊരു ജീവിതം നൽകുക എന്നത് ഏതൊരു മക്കളുടെയും സ്വപ്നമാണ്. അതിലേക്കുള്ള യാത്രയിലാണ് പ്രിയപ്പെട്ട അച്ഛൻ അവർക്ക് നഷ്ടമാവുന്നത്. അത്തരം ഒരു മരണത്തെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയാത്ത വിധം സമ്പത്തും സ്വാധീനവുമുള്ള മനുഷ്യർ അവർക്ക് അനുകൂലമായി നിയമ സംവിധാനത്തെ ദുരുപയോഗിക്കുകയാണ്. ഒരു ഫോൺകോളിലൂടെ ഇത്തരം ഉന്നതരായ മനുഷ്യർ നിയമ സംവിധാന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥ സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. അത് കൃത്യമായി തിരിച്ചറിയുന്നുണ്ട് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ അദ്ദേഹം പറഞ്ഞത് അതിൻ്റെ തെളിവാണ്.
തുടക്കത്തിൽ പോലീസ് സ്വീകരിച്ച നടപടി ശരിയായിരുന്നില്ലെന്നും പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ നാല് പോലീസുകാർക്കെതിരെ പിന്നീട് നടപടി ഉണ്ടായി. CI ശ്യാംകുമാർ കെ. എസ്, SI വിശ്വജിത്ത്, ഗ്രേഡ് SI മനോജ് K.T, CPO അരുൺജോഷി എന്നിവരെയാണ് സസ്പെൻഷൻഡ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത മകൻ അമിത വേഗതയിൽ കാർ ഓടിക്കുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഈ സമയത്തൊന്നും മകനെ നിയന്ത്രിക്കാൻ കഴിയാത്ത വിധം പിതാവിൻ്റെ ഭാഗത്തുണ്ടായത് തെറ്റു തന്നെയാണ്. ഇത് ഒരു പിതാവിൻ്റെ മാത്രം അനുഭവമല്ല. കുട്ടികളെ നിയന്ത്രിക്കാനും അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും കഴിയാത്ത അവസ്ഥ പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത്തരം ഘട്ടങ്ങളിൽ തെറ്റിലേക്ക് നീങ്ങുന്ന മക്കളെ തിരുത്താനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടത്. അതിനുപകരം അവർക്ക് അനുകൂലമായ ചെറിയൊരു നീക്കം പോലും അവരെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നയിക്കും. ഇത്തരം വസ്തുതകൾക്കിടയിലാണ് സമൂഹത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടവർ തന്നെ നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിനെ ഗൗരവത്തോടെ നോക്കി കാണേണ്ടത്. ചേരാനല്ലൂർ വാഹനാപകടത്തിൽ കാറോടിച്ച 17 വയസ്സുകാരന് ജാമ്യം നൽകിയത് മുതൽ ഒരു ജഡ്ജിയുടെ മകൻ എന്ന പരിഗണന പ്രതിക്ക് ലഭിക്കുകയാണ്. അതായത്, ഏത് തെറ്റിനെയും തെറ്റല്ലാതാക്കാൻ കഴിയുന്ന വിധം ഉന്നതവ്യക്തികൾക്ക് അവരിലെ സ്ഥാനവും സാമൂഹ്യബന്ധങ്ങളും പ്രയോഗിക്കാൻ കഴിയും എന്നതിൻ്റെ തെളിവുകൂടിയാണ് ഈ സംഭവത്തിലൂടെ പോലീസ് സമൂഹത്തിന് നൽകിയ സന്ദേശം. ഇതിന് എതിരെ ഉയർന്ന സാർവ്വത്രികമായ പ്രതികരണം എന്തുകൊണ്ടും ആശാവഹമാണ്. കേരളത്തിലെ സാധാരണ മനുഷ്യർ തങ്ങൾക്ക് ലഭിക്കേണ്ടുന്ന നീതി നിഷേധിക്കപ്പെടുമ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ബോധ്യമായിട്ടുണ്ട്. എന്നാൽ ഇത്തരം ബോധ്യങ്ങളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവത്തിനു മുകളിലാണ് അധികാരത്തിന്റെ പ്രിവിലേജ്. അത് പല രീതിയിലാണ് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുന്നത്.

ഒക്ടോബർ 12-ന് അങ്കമാലി നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ വന്ന മിനികൂപ്പർ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത് ദേവിക, ഇയാസ്, ഗോപിക എന്നീ 21 വയസ് മാത്രം പ്രായമുള്ളവരാണ്. കാർ ഓടിച്ച സുഹൈൽ ആകട്ടെ മദ്യപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മാത്രമല്ല മൂന്നുപേരുടെ മരണം സംഭവിച്ചപ്പോൾ ഈ ചെറുപ്പക്കാരൻ പ്രതികരിച്ചതാണ് സമൂഹ്യമനുഷ്യരെ ഞെട്ടിച്ചത്. "എല്ലാം വാപ്പ നോക്കിക്കൊള്ളും" ഈ ഒറ്റ കമന്റിലുണ്ട് മകന് വാപ്പ നൽകുന്ന സംരക്ഷണത്തിൻ്റെ കരുത്ത്. അപകടത്തിന്റെ ഞെട്ടലോ അതിനോടുള്ള സഹതാപമോ അല്ല. മറിച്ച്, എനിക്ക് എന്ത് പിഴവ് സംഭവിച്ചാലും എന്നെ സംരക്ഷിച്ചുനിർത്താൻ കഴിയുന്നത്ര ശക്തിയും കരുത്തുമുള്ള ഒരു പിതാവ് തനിക്കുണ്ട് എന്ന ധാർഷ്ട്യമുള്ള മനോഭാവം. മകൻ്റെ ആ ബോധ്യം തെറ്റിനെ തിരുത്തുന്നതിനു പകരം തെറ്റിനെ ശക്തിപ്പെടുത്തുകയാണ്. ഇത്തരം മനോഭാവം സമൂഹത്തിലുണ്ടാക്കുന്ന അപകടകരമായ പ്രവണത സാമൂഹ്യസുരക്ഷിതത്വത്തെപ്പോലും ബാധിക്കുന്നതാണ്.

രണ്ട് സംഭവത്തിന്റെയും പശ്ചാത്തലം പരിശോധിക്കുമ്പോൾ, കുട്ടികൾ വളർന്നുവന്ന ജീവിതചുറ്റുപാടുമായി അപകടങ്ങൾക്ക് ബന്ധമുണ്ടെന്ന് നിരീക്ഷിക്കാവുന്നതാണ്. ഒരാൾക്ക് സമ്പത്ത് ഉണ്ടാക്കിയ സാമൂഹിക സംരക്ഷണമാണെങ്കിൽ രണ്ടാമത്തെയാൾക്ക് പിതാവിൻ്റെ ഉന്നതമായ പദവി തന്റേത് കൂടിയായ സാമൂഹ്യപദവിയായി ധരിച്ചുവെച്ചിരിക്കുകയാണ്. രണ്ടുപേരും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിൽ എന്തോ അധികാരം തങ്ങൾക്ക് ഉണ്ടെന്ന് മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇത്തരമൊരു നിരീക്ഷണത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് രണ്ടുപേരുടെയും പ്രവൃത്തികൾ. 17 വയസ്സിൽ തന്നെ ഒരാൾ ലൈസൻസ് ഇല്ലാതെ കാറുമായി റോഡിൽ ഇറങ്ങുന്നുണ്ടെങ്കിൽ നിയമപരമായി അത് തെറ്റാണെന്ന് മനസ്സിലാക്കാനുള്ള അറിവ് കുട്ടിക്ക് ഉണ്ടാകാത്ത രീതിയിലാണ് ജീവിത ചുറ്റുപാട്. ഇത്തരം അവസ്ഥയിലാണ് പ്രിവിലേജ് കൊണ്ട് മാത്രം മകനും പിതാവും നിയമത്തെ കയ്യിലെടുക്കുന്നു എന്ന വിമർശനം നിലനിൽക്കുന്നത്. മറുഭാഗത്ത് ഇതു ബാധിക്കുന്നത് സാധാരണ മനുഷ്യരുടെ ജീവിതത്തെയാണ്. തട്ടുകടക്കാരനായ പിതാവിൻ്റെ ദാരുണമായ മരണം ആ കുടുംബത്തെ ഇനിയുള്ള കാലം എത്രമാത്രം ദുഃഖത്തിലാഴ്ത്തും. അതൊന്നും കുട്ടികളെ സംബന്ധിച്ച് മാനുഷിക വിഷയമായി വരുന്നില്ല. മൂന്നുപേരുടെ മരണം സംഭവിച്ചപ്പോഴും തനിക്ക് ഒരു പോറലുമേൽക്കാതെ സാധാരണ ജീവിതത്തിലേക്ക് കടന്നു വരാൻ കഴിയും എന്ന് ഒരു വ്യക്തിക്ക് തോന്നുന്നുണ്ടെങ്കിൽ ആ വ്യക്തി സാമൂഹ്യയാഥാർത്ഥ്യങ്ങളെ എത്രത്തോളം ഉൾക്കൊളളുന്നുണ്ട് എന്ന ചോദ്യം ബാക്കിയാവുന്നു. അപ്പോഴാണ് എന്തുകൊണ്ട് അത്തരം അവസ്ഥയിലേക്ക് കുട്ടികൾ മാറുന്നു എന്നത് ശ്രദ്ധിക്കേണ്ടതായി വരുന്നത്. താൻ എന്ത് തെറ്റ് ചെയ്താലും രക്ഷപ്പെടാൻ കഴിയുമെന്ന വിശ്വാസം കുട്ടികളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതുണ്ടാക്കുന്ന അപകടം ചെറുതല്ല.
അധികാരവും പണവുമുള്ള മനുഷ്യർക്ക് പോലീസ് സ്റ്റേഷനിലും മറ്റ് നീതിവ്യവഹാര കേന്ദ്രങ്ങളിലും കിട്ടുന്ന പരിഗണന പതിവ് കാഴ്ചയാണ്. സാധാരണ മനുഷ്യർക്ക് ആവട്ടെ തങ്ങളുടെ പരാതി ബോധിപ്പിക്കാനുള്ള വിവിധ പ്രയാസങ്ങൾ നാം കാണുന്നതാണ്. ഇത്തരം കാഴ്ചകൾക്കും അനുഭവങ്ങൾക്കും ഇടയിലാണ് സമൂഹത്തിൽ പരിഗണന അർഹിക്കുന്ന മനുഷ്യർ എല്ലാ നിയമങ്ങളെയും കവർന്നെടുക്കുന്നതിലൂടെ വ്യവസ്ഥയെ കൂടി ഹൈജാക്ക് ചെയ്യുന്നത്. അങ്കമാലിയിൽ ഇത് പണത്തിന്റെ കരുത്ത് കൊണ്ടാണെങ്കിൽ, ചേരാനല്ലൂരിൽ പദവിയുടെ ശക്തി കൊണ്ടാണ്. ഈ പ്രവണതയെ നിയമം കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്തിടത്താണ് സിവിൽ സമൂഹം ജനകീയ പ്രതിരോധത്തിന്റെ രാഷ്ട്രീയശക്തിയെ സിസ്റ്റത്തെ തിരുത്താൻ വേണ്ടി ഉപയോഗിക്കേണ്ടത്. അത് തിരിച്ചറിയാൻ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞു.

"നീതി എല്ലാവർക്കും ഒരേ പോലെയാണ്. അതിൽ പണക്കാരൻ പാവപ്പെട്ടവനെന്ന് വ്യത്യാസമില്ല." ആഭ്യന്തരമന്ത്രിയുടെ ഈ പ്രസ്താവന ഒരു സ്വാഭാവിക പ്രതികരണമാണ്. ഇത്തരം പ്രസ്താവനകൾ ഇതിനുമുമ്പും എത്രയോ തവണ നമ്മൾ കേട്ടതാണ്. രാഷ്ട്രീയ അധികാരവ്യവസ്ഥ നീതിയെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് നിർവചിച്ചതിൻ്റെയും നടപ്പാക്കിയതിൻ്റെയും എത്രയോ തെളിവുകൾ നമുക്ക് മുമ്പിലുണ്ട്. അത്തരം അന്യായങ്ങൾക്കു മുമ്പിൽ നിശബ്ദരായവരും ഉണ്ടായിരുന്നു. എന്നാൽ മാറിയ കാലം അത്തരം അവസ്ഥയെ തിരുത്തുകയാണ്. നീതിക്ക് വേണ്ടി ശബ്ദിക്കാൻ തയ്യാറായ ജെൻസി നമുക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
പ്രിയപ്പെട്ട പിതാവിൻ്റെ വിയോഗ വേദന കടിച്ചമർത്തിക്കൊണ്ട് അധികാര സ്ഥാപനങ്ങൾക്ക് മുമ്പിൽ നീതിക്ക് വേണ്ടി പോരാടാനുള്ള ആർജ്ജവം പരേതനായ ജയബാലകൃഷ്ണൻ്റെ മക്കൾ പ്രകടിപ്പിക്കുമ്പോൾ അതൊരു അസാധാരണ കാഴ്ചയല്ല. മറിച്ച് തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തന്നെയാണ്. ആ പോരാട്ടത്തിന് സാമൂഹ്യ പിന്തുണ ലഭ്യമാക്കേണ്ടതുണ്ട്. അധികാരവും സമ്പത്തും തെറ്റിനെ തിരുത്താനുള്ള ശക്തിയായി മാറുമ്പോൾ സാധാരണപ്പെട്ട മനുഷ്യർക്കു മുമ്പിൽ പ്രതീക്ഷയായി മാറുന്നത് ജനാധിപത്യപരമായ ഇടപെടലുകളാണ്. ഈ യാഥാർത്ഥ്യങ്ങളെ സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന വിധം ഇത്തരം പ്രതിരോധങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്. "നിയമം എല്ലാവർക്കും തുല്യമാണ് " എന്ന ആലങ്കാരിക പ്രയോഗത്തിന്ന് മുമ്പിൽ നിന്നുകൊണ്ട്, അല്ല എന്ന് പറയാനുള്ള രാഷ്ട്രീയ ബോധമാണ് ഒരു സമൂഹം ഇത്തരം ഘട്ടങ്ങളിൽ പ്രകടിപ്പിക്കേണ്ടത്. അങ്ങനെ നിയമ വ്യവസ്ഥയും നീതിന്യായ വിചാരണയും സാധാരണ മനുഷ്യരുടെ പൗരാവകാശങ്ങളുടെ ഭാഗമാണെന്ന് ജയബാലകൃഷ്ണൻ്റെ മക്കൾ പറയുന്നത് രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളീയരോട് തന്നെയാണ്. അത് നമ്മൾ പൂർണ്ണാർത്ഥത്തിൽ ബോധ്യപ്പെട്ട്, കൂടുതൽ ജാഗ്രത്തായ പ്രതിരോധ ശ്രമങ്ങളിലേക്ക് ഉയരേണ്ടതുണ്ട്.

