വയറ്റാട്ടി അല്ലെങ്കിൽ പേറെടുക്കുന്നവർ- ഒരു കാലത്ത് എല്ലാ ഗ്രാമങ്ങളിലും ഇങ്ങനെയൊരു കൂട്ടരുണ്ടായിരുന്നു. വീടുകളിലെത്തി പ്രസവമെടുക്കുന്നവരെന്ന് അവരെ ചുരുക്കിപ്പറയാം. അവരുടെ ‘മോഡേൺ’ ടീമാണ് ഇപ്പോൾ അക്യുപക്ചറെന്നും മറ്റും പേരിട്ട് വീടുകളിലെ പ്രസവം ആഘോഷിക്കുന്നത്. വീടുകളിൽ പ്രസവിക്കാൻ കാമ്പയിൻ നടത്തുന്ന വാട്‌സാപ് ഗ്രൂപ്പുകൾ, വീടുകളിൽ പ്രസവിച്ചവർക്ക് ആദരം, അവാർഡ് ദാനം- പൊതുജനാരോഗ്യമേഖലയിൽ ഏറെ മുന്നേറിയ കേരളത്തിലാണ് ഈ അന്ധവിശ്വാസം ഒരു മറയുമില്ലാതെ അരങ്ങേറുന്നത്. മതവിശ്വാസത്തിന്റെ അകമ്പടിയിൽ ഒരു മരണം കൂടി നടന്നതോടെ ഇതൊരു കുറ്റകൃത്യമാകുകയും അതിന് സാമൂഹികമായ മാനം കൂടി കൈവരികയുമാണ്.
നവജാതശിശു മരണനിരക്കും മാതൃമരണ നിരക്കും വളരെ കൂടുതലായിരുന്ന അരനൂറ്റാണ്ടുമുമ്പുള്ള ചരിത്രത്തിൽ നിന്ന് സമൂഹം ബഹുദൂരം മുന്നിലേക്ക് പോയി. ഇന്ത്യയിൽ ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങൾ ഇന്നും 89%-മാണ്. മാതൃമരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങളിൽ 97. കേരളത്തിലാകട്ടെ, സ്ഥിതി ഏറെ വ്യത്യസ്തമാണ്. ഏതാണ്ട് മുഴുവൻ സ്ത്രീകളും ആശുപത്രികളിലാണ് പ്രസവിക്കുന്നതെന്നു പറയാം. ഡോ. ബി. ഇക്ബാൽ എഴുതുന്നു: ‘‘മാതൃ-ശിശു മരണനിരക്ക് ഏതാണ്ട് വികസിത രാജ്യങ്ങൾക്കൊപ്പം നേടിക്കഴിഞ്ഞ സംസ്ഥാനമാണ് കേരളം എന്നതിൽ നമുക്കഭിമാനിക്കാം. കേരളത്തിൽ ശിശുമരണക്ക് ഇപ്പോൾ കേവലം 6- ഉം (ആയിരം കുട്ടികളിൽ ഒരു വയസ്സിനുമുൻപ് മരണമടയുന്നവർ), മാതൃമരണനിരക്ക് 19- ഉം (ഒരു ലക്ഷം സ്ത്രീകളിൽ ഗർഭാവസ്ഥയും പ്രസവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മരണനിരക്ക് ) ആണെങ്കിൽ രാജ്യത്ത് ഈ നിരക്ക് യഥാക്രമം 28, 97 എന്ന നിലയിൽ ഉയർന്നുനിൽക്കുന്നു. കേരളത്തിൽ ശിശുമരണനിരക്ക് വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട്. മാതൃമരണനിരക്ക് വർഷം തോറും കുറഞ്ഞും വരികയാണ് വൈകാതെ ലോകനിലവാവാരം കൈവരിക്കും എന്ന് ഉറപ്പാണ്’’.
കേരളത്തിൽ ശിശുമരണക്ക് ഇപ്പോൾ കേവലം 6- ഉം മാതൃമരണനിരക്ക് 19- ഉം ആണെങ്കിൽ രാജ്യത്ത് ഈ നിരക്ക് യഥാക്രമം 28, 97 എന്ന നിലയിൽ ഉയർന്നുനിൽക്കുന്നു.
അസ്മയ്ക്ക് സംഭവിച്ചത്
ഇത്തരമൊരു മുന്നേറ്റം കൈവരിച്ച കേരളത്തിലാണ്, അപകടം നിറഞ്ഞതും പ്രാകൃതവുമായ രീതിയിൽ മതവിശ്വാസത്തിന്റെ പിൻബലത്തിൽ മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാതെയുള്ള പ്രസവങ്ങൾ, ആശ വർക്കർമാരുടെയും അംഗനവാടി ജീവനക്കാരുടെയും പോലും ശ്രദ്ധയിൽ പെടാതെ, വീടുകളിൽ വച്ച് നടത്തുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ചട്ടിപറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം. പെരുമ്പാവൂർ സ്വദേശി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. മതപ്രഭാഷകനായ ഭർത്താവ് സിറാജുദ്ദീന്റെ അന്ധവിശ്വാസം വീട്ടുകാരുടെ മേൽ പരീക്ഷിക്കപ്പെട്ടതിന്റെ ഇര കൂടിയാണ് അസ്മ.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു, ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലുമായിരുന്നു. മൂന്നാമത്തെ പ്രസവത്തിലാണ് അസ്മ മരിക്കുന്നതും നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുന്നതും. സിറാജുദ്ദീൻ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനോ അസ്മ ഗർഭിണിയാണെന്ന കാര്യം വാർഡിലെ ആശാ വർക്കറെയോ അംഗനവാടിയിലോ അറിയിക്കാനോ തയ്യാറായില്ല. ആശുപത്രിയിൽ പോകരുത്, ചികിത്സിക്കരുത്, മരുന്നു കഴിക്കരുത്, പ്രസവം നിർത്തരുത് എന്നിവ അസ്മയ്ക്കുമേൽ അടിച്ചേൽപ്പിക്കുകയും അക്യുപക്ചർ, മന്ത്രവാദം തുടങ്ങിയ ഇവർക്കുമേൽ പ്രയോഗിക്കുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ മലപ്പുറം ചട്ടിപറമ്പിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. ‘മടവൂർ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങി മതപ്രഭാഷണവും ഇത്തരം അന്ധവിശ്വാസങ്ങളുടെ കച്ചവടവുമാണ് ഇയാൾ നടത്തുന്നത്. തന്റെ കാഴ്ചക്കാരായി എത്തുന്ന മതവിശ്വാസികൾക്കുമുന്നിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുതന്നെയാണ് ഇയാൾ പ്രാകൃത വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത്. വീടിനടുത്തുള്ളവർക്കൊന്നും അസ്മ ഗർഭിണിയാണെന്ന വിവരമറിയില്ലെന്നാണ് അറിയില്ലെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടിലെ പ്രസവത്തെ തുടർന്ന് അസ്മ മരിച്ചതോടെ സിറാജുദ്ദീൻ മൃതദേഹം പെരുമ്പാവൂരിലെത്തിക്കുകയായിരുന്നു. നവജാതശിശുവിനെയുമെടുത്താണ് ഒരുതരത്തിലുള്ളമുള്ള ആരോഗ്യസുരക്ഷയും പാലിക്കാതെ ഇയാൾ ഇത്രയും ദൂരം യാത്ര ചെയ്തത്.
സിറാജുദ്ദീനെതിരെ നരഹത്യാകുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ആത്മീയവും മതപരവുമായ കാരണങ്ങളാലാണ് പ്രസവം വീട്ടിലാക്കിയത് എന്നാണ് സിറാജുദ്ദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞതെന്ന് മലപ്പുറം എസ്.പി ആർ വിശ്വനാഥ് പറഞ്ഞു:
“പ്രതിയുടെ മൊഴി പ്രകാരം ആദ്യ രണ്ട് പ്രസങ്ങൾ ആശുപത്രിയിലും ഇപ്പോഴത്തേതടക്കം ബാക്കി മൂന്ന് പ്രസവങ്ങൾ വീട്ടിലും നടന്നു എന്നാണ് മനസിലാക്കുന്നത്. ഈ വ്യക്തി കുറച്ച് അധികമായി ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ളയാളാണ്. അതാണ് പ്രധാന കാരണങ്ങളായി പറയുന്നത്. മതപ്രഭാഷണങ്ങളും യൂട്യൂബ് ചാനലുമെല്ലാമാണ് പ്രതിയുടെ പ്രധാന വരുമാന മാർഗം. വീട്ടിൽ പ്രസവിക്കുന്നതിന് സിറാജുദ്ദീന്റെ പ്രേരണ കൂടുതലായി ഉണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്.”
പ്രസവം വീട്ടിലാക്കുന്ന, ചികിത്സ നിഷേധിക്കുന്നടക്കമുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാനും ഇക്കൂട്ടർ യുട്യൂബും വാട്സ്ആപ്പും അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് ഏറ്റവും വലിയ വിരോധാഭാസം.

മാതൃമരണ നിരക്ക്
അമേരിക്കയിൽ 33,
കേരളത്തിൽ 19
ഇത്രയും കാലം കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളിൽനിന്നുള്ള പിന്നാക്കം പോകലാണ് ഇപ്പോൾ നടക്കുന്നതെന്ന് IMA നമ്മുടെ ആരോഗ്യം മാഗസിൻ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“കേരളത്തിന്റെ ആരോഗ്യരംഗം നടന്നുതീർത്ത ദൂരങ്ങളെല്ലാം തിരിച്ചു നടക്കുന്ന ഉത്കണ്ഠാജനകമായ അവസ്ഥയാണിത്. 1947- ൽ സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു ലക്ഷം പ്രസവത്തിൽ 2000 പേരായിരുന്നു മരിച്ചിരുന്നത്. കേരളത്തിലടക്കം ഇത് സ്വാഭാവികമായിരുന്നു. 2025- ൽ കേരളത്തിലെ മാതൃ മരണനിരക്ക് (maternal mortality rtae) 19 ആണ്. അതായത് ഒരു ലക്ഷം അമ്മമാർ പ്രസവിക്കുമ്പോൾ 19 പേരാണ് മരിക്കുന്നത്. അമേരിക്കയിലിത് 33 ആണ്. അതിനർഥം ലോകത്തിൽ തന്നെ പ്രസവത്തിന് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ് എന്നാണ്. 1970- കളിൽ കേരളത്തിലെ Infant Mortality Rate (IMR), അതായത് ഒരു വയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 54 ആയിരുന്നു. ഇന്നത് ആറായി കുറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലും ആലപ്പുഴ ജില്ലയിലും ഇത് നാലാണ്. (1970- കളിൽ ഇന്ത്യയിലെ ശിശുമരണനിരക്ക് 142 ആയിരുന്നു.) ആശുപത്രിയിലെ പ്രസവം നമ്മുടെ ശീലമായി മാറിയതോടെയാണ് കേരളത്തിലെ ശിശുമരണ നിരക്കും മാതൃമരണനിരക്കും നിർണ്ണായകമായി കുറക്കാനായത്. അമ്മ വേണോ കുട്ടി വേണോ എന്ന പഴയ കാലത്തെ ചോദ്യത്തിൽ നിന്നാണ് ഇപ്പോൾ അമ്മയെയും കുട്ടിയേയും ഒരു ലക്ഷത്തിൽ 19 പേർ മാത്രം നഷ്ടപ്പെടുന്ന രൂപത്തിലേക്ക് എത്തിയത്’’.
സാമൂഹിക ജീവിതത്തിൽ മതങ്ങളുടെ നെഗററ്റീവ് ഇംപാക്ട് വർധിക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് ഡോ. മുരളീധരൻ പറയുന്നു: ‘‘അസ്മ ഗർഭിണിയാണെന്ന കാര്യം ഭർത്താവ് അംഗനവാടി ജീവനക്കാരിൽ നിന്നും ആശ വർക്കർമാരിൽ നിന്നും മറച്ചുവെച്ചിട്ടുണ്ട്. ഇത് കുറ്റകരമാണ്. വളരെ ബോധപൂർവം ചെയ്തതാണിത്. അതിനു പിന്നിലെ ഘടകം സാമൂഹികമാണോ രാഷ്ട്രീയമാണോ മതപരമാണോ എന്ന് അന്വേഷിക്കണം’’.
1880-ൽ ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ആയിരം ജനനങ്ങളിൽ 509 ആയിരുന്നു. ഇതിനർത്ഥം 1880-ൽ ജനിച്ച കുട്ടികളിൽ പകുതിയിലധികവും അഞ്ച് വയസ്സ് കഴിഞ്ഞിട്ടും അതിജീവിച്ചില്ല.

കേരളത്തിലെ ഒരു കണക്ക് പരിശോധിച്ചാൽ 1970 കാലഘട്ടത്തിൽ ഗർഭിണിയായിരിക്കെയോ പ്രസവത്തെ തുടർന്നോ മരിക്കുന്ന സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തിൽ 75 ആയിരുന്നു. ഇപ്പോഴത് ഒരു ലക്ഷം പ്രസവത്തിന് 19 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിലെ തന്നെ ഏറ്റവും താഴ്ന്ന മാതൃമരണ നിരക്കാണിത്. ഒരു കാലത്ത് 1000 കുട്ടികൾ ജനിക്കുന്നതിൽ 53 പേർ ഒരു വയസ്സെത്തും മുന്നേ മരിച്ചിരുന്നുവെങ്കിൽ ഇന്നത് ആറ് പേർ മാത്രമാണ്. ശിശുമരണ നിരക്കിൽ ഭീമമായ കുറവ് സംഭവിച്ചത് മോഡേൺ മെഡിസിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃശിശു മരണങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് യൂട്യൂബിലൂടെയും വാട്സ്ആപ്പ് ഗ്രൂപുകളിലൂടെയും മതവിശ്വാസത്തിന്റെ കൂട്ടുപിടിച്ച് ഇത്തരം അന്ധവിശ്വാസങ്ങൾ നിർബാധം നടക്കുന്നത്.
‘ധീര വനിത’കൾക്ക് അവാർഡുദാനവും
അസ്മയുടെ മരണമോ അവർക്ക് മൂന്നു പ്രസവങ്ങളിലും ചികിത്സ നിഷേധിക്കപ്പെട്ടതോ ഒറ്റപ്പെട്ട സംഭവമല്ല. സാമൂഹികമാധ്യമങ്ങളിൽ ഒരു അപൂർവ്വ അവാർഡ് ദാന ചടങ്ങിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഏതെങ്കിലും കോളജിലെ അവാർഡ് ദാനമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകാമെങ്കിലും വീട്ടിൽ പ്രസവിച്ചവർക്കുള്ള അവാർഡ് ദാനത്തിന്റെ വീഡിയോയാണിത്. വീട്ടിൽ അക്യൂ മാസ്റ്ററുടെ സഹായത്തോടെ പ്രസവം നടത്തിയ ‘ധീര വനിത’കൾക്കുള്ള ആദരമെന്നാണ് പറയുന്നത്. അസ്മയെ കൊലക്കുകൊടുത്ത സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തതുപോലെ മതത്തിന്റെ പേരിൽ ഇത്തരം ചടങ്ങുകൾ സംഘടിപ്പിച്ചവർക്കെതിരെയും നിയമനടപടികൾ വേണം.

വീട്ടിലെ പ്രസവങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത്തരം കാമ്പയിനെതിരെ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും യൂട്യൂബിലൂടെയും ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വീട്ടിലെ പ്രസവത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണെന്നും പൊതുജനാരോഗ്യ പ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചത്.
‘പ്രസവത്തിന് ആന
ആശുപത്രിയിൽ പോകുന്നില്ലല്ലോ?’
മനുഷ്യരുടെ പ്രസവത്തെ മൃഗങ്ങളുടേതിന് സമാനപ്പെടുത്തി, മൃഗങ്ങൾ ആശുപത്രിയിൽ പോവാറില്ലല്ലോ എന്ന അന്ധവിശ്വാസ പ്രചാരണങ്ങൾക്ക് മറുപടി പറയുകയാണ് ഡോ. എം.മുരളീധരൻ:
“പ്രസവം സ്വാഭാവികമായ കാര്യമല്ലേയെന്ന് പലപ്പോഴും നമ്മൾ വിചാരിക്കും. വീടുകളിലെ പ്രസവത്തിന്റെ അപ്പോസ്തലൻമാർ ഇങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യും- മൃഗങ്ങൾ ആശുപത്രിയിൽ പോകുന്നുണ്ടോ, എന്റെ അമ്മമ്മയുടെ അമ്മ 12 പ്രസവിച്ചിട്ടുണ്ട് എന്നെല്ലാം പറയും. പക്ഷെ ആ 12 കുട്ടികളിൽ എത്ര കുട്ടികൾ ജീവിച്ചിട്ടുണ്ട് എന്ന് ആരും അന്വേഷിക്കുന്നില്ല. മിക്കവാറും 12 പ്രസവത്തിൽ എട്ടോ, ഒമ്പതോ കുട്ടികളേ ഉണ്ടാകുള്ളൂ. മൃഗങ്ങൾ പ്രസവിക്കാൻ ആശുപത്രിയിൽ പോകുന്നില്ല എന്നത് ശരിയാണ്. മൃഗങ്ങളും മനുഷ്യരും തമ്മിൽ പരിണാമപരമായി തന്നെ വലിയ വ്യത്യാസങ്ങളുണ്ട്. മനുഷ്യന്റെ ഇടുപ്പെല്ല് മൃഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്. അതേസമയം എല്ലാ ജീവികളെക്കാളും വലിയ തലച്ചോറാണ് മനുഷ്യന്റേത്. വലിയ തലയും ചെറിയ സ്പേസും. ഇതാണ് സങ്കീർണ്ണത സൃഷ്ടിക്കുന്നത്. മൃഗങ്ങളുടെ പ്രസവം അര മണിക്കൂറും ഒരു മണിക്കൂറും കൊണ്ട് കഴിയും. ആടും പശുവുമെല്ലാം പ്രസവിക്കുന്നത് ശ്രദ്ധിക്കാറില്ലേ. ഒരു മണിക്കൂറു പോലും വേണ്ട. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ പലപ്പോഴും ഇന്ന് രാവിലെ വേദന തുടങ്ങി നാളെ വൈകീട്ടൊക്കെയേ പ്രസവിക്കുകയുള്ളൂ. അത്രയും സമയദൈർഘ്യമുള്ള പ്രക്രിയയാണ്. അതിൽ പലപ്പോഴും ഗുരുതരാവസ്ഥക്ക് സാധ്യത വളരെ കൂടുതലാണ്. മറ്റൊന്ന്, Postpartum hemorrhage (PPH) ആണ്. പ്രസവശേഷമുള്ള ബ്ലീഡിങ്. പ്രസവത്തിനു ശേഷം മരിക്കുന്നതിനുള്ള പ്രധാന കാരണമിതാണ്. അസ്മ മരിച്ചതും അങ്ങനെയാണ്. ഏത് ഘട്ടത്തിലും പ്രസവം സങ്കീർണമാകാം. നോർമൽ ഡെലിവറി എന്ന് പറഞ്ഞാലും ബ്ലീഡിങ് തുടരാം. വീടുകളിൽ വെച്ചായാൽ ഇതിന് ഒന്നും ചെയ്യാൻ കഴിയില്ല. ക്രിട്ടിക്കൽ കെയർ പരിചരണം ഉടൻ നൽകിയാലേ രക്ഷപ്പെടുത്താൻ പറ്റുകയുള്ളൂ. ഈ സാഹചര്യം മൃഗപ്രസവങ്ങളിലില്ല. കുട്ടികൾ ജനിച്ചു വീണ് അമ്മ ഒന്ന് നക്കിത്തുടച്ചുകഴിഞ്ഞാൽ മൃഗങ്ങൾ എണീറ്റ് നിൽക്കുന്നത് കാണാം. മനുഷ്യരിൽ അതില്ല. പരിണാമകരമായി മൃഗങ്ങൾക്കുള്ള ഈ കഴിവ് മനുഷ്യരിലില്ല. കുട്ടി കമിഴ്ന്നു കിടക്കാനും എണീറ്റു നിൽക്കാനും നടക്കാനും വളരെ സമയമെടുക്കും. അത്രയും കാലം കുട്ടികൾ ഡിപ്പന്റഡാണ്. പ്രസവത്തിനു ശേഷമുള്ള ഇൻഫെക്ഷൻ മനുഷ്യന് വളരെ കൂടുതലാണ്. ഇത് മൃഗങ്ങളിൽ വളരെ കുറവാണ്. മനുഷ്യന്റെ പ്രസവവും മൃഗങ്ങളുടെ പ്രസവവും തമ്മിൽ ഇത്തരത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്” - ഡോ. എം.മുരളീധരൻ പറയുന്നു.
ബ്ലേഡ് കൊണ്ട് പൊക്കിൾക്കൊടി
മുറിച്ചുകളഞ്ഞ ഭർത്താവ്
മറ്റൊരു സംഭവം പരിശോധിക്കാം. 2025 മാർച്ചിൽ, വീട്ടിൽ പ്രസവം നടന്നുവെന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി കോഴിക്കോട് കോട്ടുളി സ്വദേശി ഷറഫാത്തും ഭർത്താവും പരാതിയുമായി എത്തി.

2024 നവംബറിൽ കുട്ടി ജനിച്ചിട്ട് നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നായിരുന്നു പരാതി. മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലെന്നും അതുകൊണ്ടാണ് പ്രസവം വീട്ടിലാക്കിയതെന്നും തെല്ലും കൂസലില്ലാതെ തന്നെ ഇവർ പറയുന്നു. തങ്ങൾ അക്യുപക്ചർ പഠിച്ചവരാണെന്നാണ് ഇവരുടെ വാദം. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലാണ് ഷറഫാത്തിനെ കാണിച്ചിരുന്നത്. ഒക്ടോബർ 28 ന് പ്രസവത്തിന് ഡേറ്റ് നൽകുകയും ചെയ്തു. എന്നാൽ, ഈ ദിവസം വേദന ഉണ്ടാവാത്തതുകൊണ്ട് ഇവർ ആശുപത്രിയിൽ പോയില്ല. വേദന വരാത്ത സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോയാൽ മരുന്ന് നൽകി പ്രസവം നടത്തുമെന്നും അതിന് താൽപര്യമില്ലെന്നുമാണ് ഇവർ പറഞ്ഞത്. തുടർന്ന് നവംബർ 2 നു രാവിലെ പെട്ടെന്ന് വേദന വരികയും പ്രസവിക്കുകയുമായിരുന്നു. പൊക്കിൾ കൊടി മുറിക്കുന്നതടക്കമുള്ള അതിസങ്കീർണമായ കാര്യങ്ങൾ ചെയ്തത് ഭർത്താവാണ്. ‘പ്രസവം കഴിഞ്ഞശേഷം പുറത്തുപോയി ബ്ലേഡ് വാങ്ങി വന്ന് കട്ട് ചെയ്തു’ എന്നാണ് ഏറെ ലാഘവത്തോടെ ഇവർ പറഞ്ഞത്. രണ്ടു പേരും അക്യുപക്ചർ പഠിച്ചവരാണെന്നാണ് പറയുന്നത്. നാലു വർഷമായി തങ്ങൾ മരുന്നുകളൊന്നും കഴിക്കാറില്ലെന്നും ഇവർ പറയുന്നു.
മൂന്നോ നാലോ മാസം കൊണ്ട് ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാവുന്ന അക്യുപക്ചറിന്റെ മറവിലാണ് ജീവൻ പണയപ്പെടുത്തിയുള്ള ഈ നൂലിൻമേൽ കളി നടക്കുന്നത്. പലപ്പോഴും മതവിശ്വാസത്തെ കൂട്ടുപിടിച്ചാണ് ഗർഭിണികളെയും കുഞ്ഞുങ്ങളെയും കൊലക്ക് കൊടുക്കുന്ന പ്രാകൃതരീതികൾ അരങ്ങേറുന്നത്. എത്രയോ ആളുകളുടെ ജീവനു ഭീഷണി ഉണ്ടാകുന്ന തരത്തിലാണ് അക്യുപക്ചർ ചികിത്സകർ രോഗികളിലേക്കെത്തുന്നത്.

വ്യാജ ചികിത്സയ്ക്ക്
മതവിശ്വാസത്തിന്റെ അകമ്പടി
മതപരമായ പിന്തുണയോടെ നടക്കുന്ന വ്യാജ ചികിത്സയെ കാര്യമായി അഡ്രസ് ചെയ്യേണ്ടതുണ്ടെന്ന് ഡോ. എം.മുരളീധരൻ പറയുന്നു:
“സമാന്തര ചികിത്സകർ പ്രസവം സ്വാഭാവിക പ്രക്രിയയാണെന്ന കാര്യം പ്രചരിപ്പിക്കുന്നുണ്ട്. പ്രസവിച്ച് കഴിഞ്ഞ് എല്ലാം ശുഭമായിക്കഴിഞ്ഞാൽ മാത്രമേ നോർമൽ എന്ന പദം ഉപയോഗിക്കാനാവൂ. അതൊരു retrospective diagnosis ആണ്. പ്രകൃതിചികിത്സ, അക്യുപക്ചർ തുടങ്ങിയ ചികിത്സാരീതികളിൽ ഗാർഹിക പ്രസവത്തിന്റെ സ്വാധീനം വർദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിന്റെ കൂടെയാണ് മതപരമായ പിന്തുണ കൂടിവരുന്നത്. മതപരമായ പിന്തുണയാണ് ഇത് ഗുരുതരമാക്കുന്നത്. ഈ പ്രശ്‌നം വളരെ കാര്യമായി തന്നെ അഡ്രസ് ചെയ്യപ്പെടണം” .
2023 മാർച്ച് മുതൽ 2024 മാർച്ച് വരെ കേരളത്തിൽ 523 വീട്ടിലെ പ്രസവങ്ങളാണ് ഉണ്ടായത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീട്ടിലെ പ്രസവം നടക്കുന്നത്. 2023-24 വർഷത്തിനിടയിൽ മലപ്പുറം ജില്ലയിൽ മാത്രം 253 പ്രസവങ്ങളാണ് വീട്ടിൽ നടന്നത്. തിരുവനന്തപുരം - 31, കൊല്ലം - 23, പത്തനംതിട്ട - 8, ആലപ്പുഴ - 14, കോട്ടയം - 8, ഇടുക്കി - 25, എറണാകുളം - 26, തൃശൂർ - 14, പാലക്കാട് - 29, കോഴിക്കോട് - 24, വയനാട് - 42, കണ്ണൂർ-16, കാസർഗോഡ് - 10 എന്നിങ്ങനെയാണ് വീട്ടിലെ പ്രസവത്തിന്റെ മറ്റ് ജില്ലകളിലെ കണക്കുകൾ.
വൈദ്യശാസ്ത്രം വൈജ്ഞാനികമായും സാങ്കേതികമായും ഏറെ വളർന്ന കാലത്തും പ്രാകൃതമായ മതവിശ്വാസങ്ങളെ കൂട്ടുപിടിച്ചു നടക്കുന്ന ഇത്തരം പ്രവണതകൾ എതിർക്കപ്പെടേണ്ടതും പൗരരുടെ മൗലികാവകാശമായ ആരോഗ്യം സംരക്ഷിക്കുന്നതിന് എതിരെ നിൽക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതുമാണ്. മതവിശ്വാസത്തിന്റെ പേരിൽ വളരെ എളുപ്പം ആളുകളെ തെറ്റിദ്ധരിപ്പിച്ചും ആധുനിക ചികിത്സാരീതികളെ എതിർത്തും മരണത്തിലേക്ക് തള്ളിവിടുന്ന മുഴുവൻ അന്ധവിശ്വാസങ്ങളും ഇല്ലാതാക്കപ്പെടുക തന്നെ വേണം.