‘ഓർക്കാം, ഗാസയുടെ പേരുകൾ’; ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ
സംഗമങ്ങൾ നടത്തുന്നു

2023 ഒക്ടോബർ ഏഴു മുതൽ ഗാസയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെയും, കുട്ടികളുടെയും, പുരുഷന്മാരുടെയും പേരുകൾ സ്മരിക്കുകയും കൊല്ലപ്പെട്ട കുട്ടികളുടെ മുഴുവൻ പേരുകൾ വായിക്കുകയും ചെയ്ത്, ചിന്ത രവി ഫൗണ്ടേഷൻ ജില്ലകളിൽ സംഗമം സംഘടിപ്പിക്കുന്നു.

News Desk

ലച്ചിത്രകാരനും എഴുത്തുകാരനുമായിരുന്ന ചിന്ത രവീന്ദ്രന്റെ ഓർമ്മ നിലനിർത്താൻ രൂപീകരിക്കപ്പെട്ട ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ ‘ഗാസയുടെ പേരുകൾ’ എന്ന ശീർഷകത്തിൽ കേരളത്തിലെ ജില്ലകളിൽ സംഗമങ്ങൾ സംഘടിപ്പിക്കുന്നു.

2023 ഒക്ടോബർ ഏഴു മുതൽ ഗാസയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെയും, കുട്ടികളുടെയും, പുരുഷന്മാരുടെയും പേരുകൾ സ്മരിക്കുകയും കൊല്ലപ്പെട്ട കുട്ടികളുടെ മുഴുവൻ പേരുകൾ വായിക്കുകയും ആയിരിക്കും ഈ പരിപാടികളിലെ മുഖ്യ ഇനം. 18,000-ൽ കൂടുതലാണ് കൊല്ലപ്പെട്ട കുട്ടികളുടെ സംഖ്യ. ഓരോ വേദിയിലും അരമണിക്കൂർ വച്ച് 14 വേദികളിലായി വായന മുഴുവനാക്കുവാൻ കഴിയുമെന്ന് ഫൗണ്ടേഷൻ പ്രതീക്ഷിക്കുന്നു.

ഈ വായന റിലേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഓരോ വേദിയും കഴിഞ്ഞ വേദി അവസാനിപ്പിച്ചിടത്തു നിന്നു പേരുവായന തുടരുന്നത് വഴി, ജില്ലയിൽ നിന്ന് ജില്ലയിലേക്ക്, കേരളത്തിലെമ്പാടും, ഗാസയിലെ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് - അവരുടെ സംഖ്യ അറുപതിനായിരത്തിൽ കൂടുതലാണ് - ശ്രദ്ധാജ്ഞലി അർപ്പിക്കാനാകുമെന്ന് ഫൗണ്ടേഷൻ പറയുന്നു.

ഇതോടൊപ്പം, പരിപാടികളെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നിവയിലൂടെ ഡിജിറ്റൽ ഷെയറിങും നടത്തേണ്ടിയിരിക്കുന്നു. കൂടാതെ പ്രസംഗം, പാട്ട്, ലഘുനാടകം, ചിത്രരചന, കവിതവായന തുടങ്ങിയ പ്രാദേശികതലത്തിലുള്ള സർഗാത്മക ഇടപെടലുകൾക്കും പരിപാടികളിൽ ഇടം ഉൾപ്പെടുത്താം.

ചിന്ത രവി ഫൗണ്ടേഷന്റെ പ്രസ്താവനയിൽനിന്ന്: ‘‘ഗാസ ഇപ്പോൾ കടന്നുപോകുന്നത് ഇസ്രായേൽ നടപ്പിലാക്കുന്ന വംശഹത്യയിലൂടെയാണ്. വീടുകളും വീഥികളും ബോംബിട്ട് തകർക്കപ്പെടുന്നു; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആശുപത്രികളിൽ കല്ലിനുമേൽ കല്ല് അവശേഷിക്കുന്നില്ല; സ്കൂളുകൾ മണൽകൂമ്പാരങ്ങളായി മാറിയിരിക്കുന്നു. പട്ടിണി മൂലം ഉരിയാടൽ നിലച്ച ഗാസയൊട്ടാകെ മുഴങ്ങുന്നത് കുട്ടികളുടെ കരച്ചിലാണ്. അവിടെ ശ്വസിക്കുക എന്നതുതന്നെ ചെറുത്തുനിൽപ്പിന്റെ ഭാഗമായിരിക്കുന്നു.

ഒരുകാലത്ത് നീതിയെ സംരക്ഷിക്കുമെന്ന് ആണയിട്ടിരുന്ന രാഷ്ട്രങ്ങൾ ഇന്ന് സത്യത്തിനെതിരെ മുഖം തിരിച്ചു നിൽക്കുന്നു; അധികാരവും പണക്കൊതിയും മാത്രമാണ് അവരെ നയിക്കുന്നത്. മാധ്യമങ്ങളിൽ പലതിനും ഇതൊന്നും കണ്ട ഭാവമേ ഇല്ല. ഈ ക്രൂരതയെ ആഘോഷിക്കുന്ന ചിലരും ഉണ്ട്. നിത്യേന ആവർത്തിയ്ക്കുന്ന മരണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളുടെ മനസ്സിന്റെ ആർദ്രത ചോർത്തി കളയുന്ന മരവിപ്പ് ഉളവാക്കുന്നു. പക്ഷേ, മിണ്ടാതിരിക്കുന്നത് ഈ കൂട്ടകൊലപാതകത്തിൽ പങ്ക് ചേരുന്നതിന് തുല്യമാണ്’’.

‘‘ഓർമ്മകൾ നിലനിർത്താനും, ദുഃഖം പങ്കുവയ്ക്കാനും, പ്രതിരോധിക്കാനും നമുക്ക് ഒരുമിച്ച് കൈകോർക്കാം. കൊല്ലപ്പെട്ട ഒരോ ഗാസാവാസിയേയും ഓർക്കുന്നതിലൂടെ നമുക്ക്, ലോകനേതാക്കൾ ഇട്ടെറിഞ്ഞുപോയ ധാർമ്മികത തിരിച്ചുപിടിക്കാൻ ശ്രമിക്കാം– ഒരു മനുഷ്യജീവന്റെ പോലും വില കുറച്ചുകാണിക്കുന്നതിന് കൂട്ടുനിൽക്കില്ലെന്ന് ഉറപ്പിച്ചു പറയാനും’’.

Comments