കോൺഗ്രസിനും ബി.ജെ.പിക്കും ചിറയിൻകീഴിനെ സംബന്ധിച്ച് വലിയ അട്ടിമറി പ്ലാനുകളാണുള്ളത്. കാരണം, കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും സി.പി.ഐയിലെ വി. ശശിയാണ് ജയിച്ചത്. 2016ൽ ശശി 14,322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ കെ.എസ്. അജിത്കുമാറിനെ തോൽപ്പിച്ചത്. 2011ൽ കോൺഗ്രസിലെ കെ. വിദ്യാധരനായിരുന്നു എതിരാളി. മാത്രമല്ല, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു മേൽക്കൈ; മണ്ഡലത്തിൽ 9969 വോട്ടിന്റെ ഭൂരിപക്ഷം. മാത്രമല്ല, യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകൾ തിരിച്ചുപിടിക്കുകയും ചെയ്തു.
ഇതെല്ലാം വച്ച് ഒരു ഹാട്രിക് വിജയമാണ് സി.പി.ഐ ലക്ഷ്യം. എന്നാൽ, സ്ഥാനാർഥിയുടെ കാര്യത്തിൽ ആടിയാടി നിൽക്കുകയാണ്. രണ്ടുടേം നിബന്ധന സി.പി.ഐ കർശനമാക്കിയാൽ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ ശശി മാറിനിൽക്കേണ്ടിവരും. എന്നാൽ, ശശിക്കുതന്നെ ഒരു തവണ കൂടി ഊഴം നൽകണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. ശശി ഒഴിയുകയാണെങ്കിൽ മനോജ് ഇടമന, കൊല്ലം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവകി എന്നിവരെയാണ് പരിഗണിക്കുന്നത്.
എന്നാൽ, യു.ഡി.എഫിന്റെ മനക്കണക്കിന് ഈ വക കണക്കുകളുമായൊന്നും ഒരു പൊരുത്തവുമില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് 47,704 വോട്ട് നേടിയെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 50,370 ആയി വർധിച്ചു. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന് ചിറയിൻകീഴിൽ 8564 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ട്, ചിറയിൻകീഴിൽ ഒരു അട്ടിമറി സാധ്യമാണ് എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. കെ.എസ്. ഗോപകുമാറാണ് കോൺഗ്രസ് സാധ്യതാപട്ടികയിൽ. എന്നാൽ, എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ സർവേയിൽ മുന്നിലെത്തിയത് എസ്.എം. ബാലുവാണ്.
ബി.ജെ.പിക്കുമുണ്ട് സ്വപ്‌നങ്ങൾ. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 8377 വോട്ടുമാത്രമുണ്ടായിരുന്ന ബി.ജെ.പി 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 19,442 വോട്ടാണ് നേടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ ചിറയിൻകീഴിൽ നിന്ന് നേടിയത് 32,829 വോട്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വോട്ടുവർധനയുണ്ടായി. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളാണ് പാർട്ടിയെ പ്രലോഭിപ്പിക്കുന്നത്.
പഴയ കിളിമാനൂർ മണ്ഡലത്തിലെ മുദാക്കൽ, കഴക്കൂട്ടത്തെ മംഗലപുരം, കഠിനംകുളം പഞ്ചായത്തുകൾ, പഴയ ആറ്റിങ്ങൽ മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ചിറയിൻകീഴ്, അഴൂർ, കിഴുവിലം പഞ്ചായത്തുകൾ എന്നിവ ചേർന്നാണ് ചിറയിൻകീഴ് മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. ചിറയിൻകീഴ്, തിരുവനന്തപുരം താലൂക്കുകളിൽ ആയാണ് ഈ നിയമസഭാ മണ്ഡലം. ഇല്ലാതായ കിളിമാനൂർ മണ്ഡലത്തിനുപകരമാണ് പുതിയ സംവരണ മണ്ഡലമായ ചിറയിൻകീഴ് സി.പി.ഐക്കുതന്നെ നൽകിയത്.
ചിറയിൻകീഴ് മുമ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ ലോക്‌സഭാ മണ്ഡലം കൂടിയാണ്. 1971ൽ ആർ.ശങ്കറിനുപകരം സ്ഥാനാർഥിയായ 32കാരനായ വയലാർ രവി ഇവിടെനിന്നാണ് ലോക്‌സഭയിലെത്തിയത്. രവിക്കൊപ്പമായിരുന്നു അന്ന് കോൺഗ്രസിലെ ‘ന്യൂ ജനറേഷൻ'. പഴയ ചിറയിൻകീഴ് മണ്ഡലമായ ആറ്റിങ്ങലിൽനിന്ന് നടൻ പ്രേംനസീറിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, ബുദ്ധിമാനായ നസീർ കോൺഗ്രസ് രാഷ്ട്രീയം പ്രചാരണത്തിൽ ഒതുക്കി തടി രക്ഷിക്കുകയായിരുന്നു.