അങ്ങനെ സഖാവ് എം എം ലോറൻസ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അന്ന് ലോറൻസിന് ഇരുപത്തിയൊന്ന് വയസ്സാണ്.
ഇന്ന് ലോറൻസിന്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ദിവസമാണ്.
1950 മാർച്ച് മാസത്തെ അവസാനത്തെ ഒരു സന്ധ്യ. അന്ന് എറണാകുളം നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ആണ് സീവ്യൂ, സമയം പതുക്കെ ഇരുട്ടി തുടങ്ങി, ഹോട്ടലിൽ നല്ല തിരക്കാണ്, ഉടമസ്ഥന്റെ ക്യാബിനോട് ചേർന്ന് ഒരു വി ഐ പി മുറിയുണ്ട് അവിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ ഇരുന്ന് പതുക്കെ സംസാരിക്കുന്നു, കൂട്ടത്തിൽ പാനോപചാരവും നടക്കുന്നുണ്ട്, ലഹരി പതുക്കെ പടർന്ന് കയറിയപ്പോൾ ശബ്ദവും കൂടി, ഗ്ലാസ്സുകളും നിറഞ്ഞൊഴിയുന്നുണ്ട്.
'ഇന്ന് രാത്രി 12 മണി കഴിയുമ്പോൾ സാധനം ബോട്ട്ജെട്ടിയിൽ എത്തും. ഒരു സ്വകാര്യ ബോട്ട്, ജെട്ടിയിൽ കാത്തു കിടക്കുന്നുണ്ടാകും. സാധനം ബോട്ടിൽ കയറ്റുന്നു, നേരെ അഴിമുഖത്തേയ്ക്ക്. സാധനം ആഴത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് ബോട്ട് മടക്കും, ആരും അറിയില്ല. പോലീസ് സ്റ്റേഷൻ ആക്രമിക്കുക, അവനാണ് നേതാവ് അവനെ തീർക്കും ബോഡി പോലും ആരും കാണില്ല. അവനെ എത്ര തല്ലിയാലും അവൻ കുലുങ്ങില്ല. ആ ലോറൻസിനെ ഈ ലോകം ഇനി കാണില്ല.'
ആ സമയം അതു വഴി കടന്നുപോയ ഹോട്ടൽ ഉടമ പ്രാക്കുളം ഭാസിയുടെ ചെവിയിൽ അറിയാതെ ഈ സംഭാഷണപെട്ടു. ആ പോലീസുകാർ ഭാസിയ്ക്ക് സുപരിചിതർ ആണ്. അവസാനം ഭാസി കേട്ട വാചകം ആ ലോറൻസിനെ ഇനി ലോകം കാണില്ല എന്നതാണ്. പ്രാക്കുളം ഒരു നിമിഷം സ്തംഭിച്ചു നിന്നു. എം എം ലോറൻസിനെ വധിക്കാൻ ഉള്ള പരിപാടിയാണ്. ഇത് തടയണം. അദ്ദേഹം ഒരു കസേര വിലിച്ചിട്ട് അവരുടെ മുന്നിൽ ഇരുന്നു.
'നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടു, അത് നടക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് ഞാൻ അത് തടയും, ലോറൻസിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നിങ്ങൾ ആണ് എന്ന് ലോകം അറിയും, ഞാൻ അറിയിക്കും, പ്രാക്കുളം ഭാസിയാണ് പറയുന്നത്'. ഏമാന്മാർ വിഷണ്ണരായി, പദ്ധതി പൊളിഞ്ഞു എന്ന് അവർക്ക് ഉറപ്പായി. സീവ്യൂവിൽ വരാൻ തോന്നിയ നിമിഷത്തെ അവർ ശപിച്ചു. ഭാസിയുടെ സ്വാധീനം അവർക്ക് നന്നായി അറിയാം.
അങ്ങനെ സഖാവ് എം എം ലോറൻസ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അന്ന് ലോറൻസിന് ഇരുപത്തിയൊന്ന് വയസ്സാണ്.
ഇന്ന് ലോറൻസിന്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ദിവസമാണ്.