മൂലധനത്തോടോ, നിസ്വവർഗത്തോടോ?

കേരളത്തിലെ സഹകരണ പ്രസ്ഥാനംസഹകരിക്കുന്നത് ആരോടാണ്?

കേരളീയ സാമൂഹ്യജീവിതത്തെ നവീകരിക്കുന്നതിൽ വലിയ തോതിലിടപെടുകയും വേരുകളാഴ്ത്തുകയും ചെയ്ത സഹകരണ പ്രസ്ഥാനം ഇന്ന്​ എവിടെയെത്തിനിൽക്കുന്നു?

രുപക്ഷേ ജനജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കേരളത്തിന്റെ സഹകരണമേഖല, വലിയതോതിൽ ജനകീയ ഓഡിറ്റിങ്ങിന് വിധേയമായി കൊണ്ടിരിക്കുന്ന കാലമാണിത്. സഹകരണമേഖലയെ തകർക്കാൻ മൂലധനശക്തികൾ ശ്രമിക്കുന്നു എന്ന ആക്ഷേപം ഒരുവിഭാഗം കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നുണ്ട്. കേരളീയ സാമൂഹ്യജീവിതത്തെ നവീകരിക്കുന്നതിൽ വലിയതോതിലിടപെടുകയും വേരുകളാഴ്ത്തുകയും ചെയ്ത ഒരു പ്രസ്ഥാനം, കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കും അഴിമതിക്കും വേണ്ടി കുരുതികൊടുക്കപ്പെടുന്നു എന്ന ആക്ഷേപവും ശക്തമാണ്.

‘ഇടതുപക്ഷ' നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പണം അവിടത്തെ ഉദ്യോഗസ്ഥരും ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് കവർന്നതുമായി ബന്ധപ്പെട്ടാണ് ഈ ചർച്ചകൾ ചൂടുപിടിച്ചത്. 200 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ടതായാണ് ആദ്യം അംഗീകൃത ഏജൻസികൾ തന്നെ പുറത്തുവിട്ട കണക്ക്. എന്നാൽ അടുത്ത ദിവസങ്ങളിൽ അത്രയൊന്നുമില്ല, 100 കോടിക്കുമുകളിൽ മാത്രമാണ് നഷ്ടപ്പെട്ടത് എന്ന് സഹകരണവകുപ്പ് മന്ത്രിയുടെ ഒരു പ്രസ്​താവനയും പുറത്തുവന്നു. ഏതാണ്ട്​ രണ്ടുവർഷം മുമ്പുതന്നെ ഈ തട്ടിപ്പിന്റെ വിവരങ്ങൾ പൊതുമണ്ഡലത്തിലുണ്ടായിരുന്നു. ഒരുവർഷം കൊണ്ട് തട്ടിപ്പുനടത്തിയവരുടെ സ്വത്ത്​ പിടിച്ചെടുത്തിട്ടായാലും നിക്ഷേപകരുടെ പണം പൂർണമായി തിരിച്ചേൽപ്പിക്കുമെന്ന് ബാങ്ക് ഭരണസമിതിയും പാർട്ടിയും സർക്കാരുമൊക്കെ വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് നടപ്പിലായില്ല. 1000, 2000 രൂപ എന്ന നിലയിൽ തുച്ഛമായ തുകയല്ലാതെ ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല.

നോട്ടുനിരോധനം കേരളത്തിൽ ഇടതുപക്ഷത്തെ അത്രയൊന്നും പ്രകോപിപ്പിച്ചിരുന്നില്ല. എന്നാൽ അതിന്റെ തുടർച്ചയായി സഹകരണ ബാങ്കുകൾക്കെതിരായ നീക്കം അമിത്ഷായും കേന്ദ്ര സർക്കാരും ശക്തിപ്പെടുത്തി.

ഇതിനിടെ, ഫിലോമിന എന്ന റിട്ടയേർഡ് നഴ്‌സിന്റെ വിദഗ്ധ ചികിത്സക്ക്​ പണം ആവശ്യപ്പെട്ട് കുടുംബം ബാങ്കിനെ സമീപിച്ചു. 36 ലക്ഷം രൂപ അവർക്ക് ബാങ്കിൽ നിക്ഷേപമുള്ളപ്പോഴും ചികിത്സക്ക് ഒരു പൈസ പോലും ലഭിക്കാതെ ഫിലോമിന മരിച്ചു. പണം ലഭിച്ചില്ലെന്നുമാത്രമല്ല, അധിക്ഷേപം കേൾക്കേണ്ടിയും വന്നു എന്നാണാ കുടുംബം ആരോപിക്കുന്നത്. ഇതേത്തുടർന്ന് അവരുടെ എം.എൽ.എ.യും ഉന്നത വിദ്യാഭ്യാസമന്ത്രിയുമായ ആർ. ബിന്ദു പ്രശ്‌നത്തിൽ നടത്തിയ പ്രതികരണം വിവാദമായി. സ്വാഭാവികമായും പ്രതിപക്ഷവും മാധ്യമങ്ങളും ഇതൊരു വലിയ പ്രശ്‌നമായി ഉയർത്തിക്കൊണ്ടുവന്നു.

കൃത്യസമയത്ത് പണം പിൻവലിക്കാനാവാതെ വന്നതോടെ ചികിത്സ മുടങ്ങി മരണപ്പെട്ട ഫിലോമിനയുടെ മൃതദേഹവുമായി കരുവന്നൂർ ബാങ്കിനു മുന്നിൽ പ്രതിഷേധിക്കുന്ന ഭർത്താവ് ദേവസി.

ആ​രോപണങ്ങൾ, ക്രമക്കേടുകൾ

ഏതാനും മാസങ്ങൾക്കുമുമ്പ്, മുസ്​ലിംലീഗ്​ നിയന്ത്രണത്തിലുള്ള മലപ്പുറം സർവീസ് സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപ, ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമായി ഉള്ളതായി ഒരാരോപണം, മുൻമന്ത്രി കെ.ടി. ജലീൽ ഉന്നയിക്കുകയും നിയസഭയിലും പുറത്തും ചർച്ചയാവുകയും ചെയ്തു. ഈ വിഷയത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഇ.ഡി.യെ സമീപിക്കാനൊരുങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നത്തിൽ നേരിട്ടിടപെട്ടു. ജലീലിന്റെ ഇ.ഡി. പ്രണയത്തെ കണക്കിന് പരിഹസിച്ച അദ്ദേഹം, ജലീലിന്റെ തുടർനടപടികൾക്ക് വിലങ്ങുവെച്ചു. കേരളത്തിലെ സഹകരണവകുപ്പിനുതന്നെ ഈ കാര്യങ്ങൾ അന്വേഷിക്കാവുന്നതേയുള്ളൂവെന്നും സർക്കാർ- ഡിപ്പാർട്ട്‌മെൻറ്​ തലങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നാളിതുവരെ യാതൊരു നടപടിയും സംസ്ഥാന സഹകരണവകുപ്പ് സ്വീകരിച്ചതായി വിവരമില്ല. തനിക്ക് രാഷ്ട്രീയ എതിരാളിയായിരിക്കേണ്ട കുഞ്ഞാലിക്കുട്ടിക്കും മുസ്​ലിംലീഗിനുമെതിരെ ശക്തമായ നീക്കത്തിന് അവസരം കിട്ടിയിട്ടും അതുപയോഗിക്കാതെ, കുഞ്ഞാലിക്കുട്ടിയെ ആപത്ഘട്ടങ്ങളിലെല്ലാം രക്ഷിക്കുന്ന ഒരാളാണ് പിണറായി വിജയൻ എന്നൊരു ധാരണയാണ് അത് പൊതുജനങ്ങളിൽ സൃഷ്ടിച്ചത്.

കേരളത്തിന്റെ സവിശേഷത, മറ്റെല്ലാ നോൺ ക്രഡിറ്റ് സ്ഥാപനങ്ങളും പല പേരിൽ ഡെപ്പോസിറ്റ് സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നുണ്ട്​. ഫസ്റ്റ് ക്ലാസ് അംഗങ്ങളിൽ നിന്നുമാത്രമേ ഡെപ്പോസിറ്റ് സ്വീകരിക്കാവൂ എന്ന് നിയമമുണ്ടെങ്കിലും ഒരിക്കലും അവയൊന്നും പാലിക്കപ്പെടുന്നില്ല.

കോൺഗ്രസ്​, ജനതാദൾ, കേരളാ കോൺഗ്രസ്​, ബി.ജെ.പി. തുടങ്ങിയ കക്ഷികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലും ഇതേപോലുള്ള ക്രമക്കേടുകളും അഴിമതിയും നടന്നതായി പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാകുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി., സഹകരണമേഖലക്കെതിരെ തുടർച്ചയായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതായി ഇടതുപക്ഷം ആരോപിക്കുന്നു. നോട്ടുനിരോധനം കേരളത്തിൽ ഇടതുപക്ഷത്തെ അത്രയൊന്നും പ്രകോപിപ്പിച്ചിരുന്നില്ല. എന്നാൽ അതിന്റെ തുടർച്ചയായി സഹകരണ ബാങ്കുകൾക്കെതിരായ നീക്കം അമിത്ഷായും കേന്ദ്രസർക്കാരും ശക്തിപ്പെടുത്തി. സഹകരണ ബാങ്കുകളെ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു എന്നായിരുന്നു ആക്ഷേപം. ബി.ജെ.പി. ആക്ഷേപിച്ചപോലെ കള്ളപ്പണം വ്യാപകമായ തോതിൽ വെളുപ്പിച്ചെടുത്തു എന്ന് പറയാൻ കഴിയുംവിധമുള്ള തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ, കുറച്ചൊക്കെ ഇത് നടന്നിട്ടുണ്ടാവാം എന്നനുമാനിക്കാവുന്ന വിവരങ്ങൾ, പലയിടത്തുനിന്നായി പുറത്തുവന്നു. ഇടതുപക്ഷ നിയന്ത്രണത്തിലുള്ളതെങ്കിലും ഇത്തരം ഇടപാടുകൾ നടത്തുന്ന ചില ബാങ്കുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി അനുമാനിക്കാവുന്ന ദൃഷ്ടാന്തങ്ങൾ, ആവശ്യമെങ്കിൽ ചൂണ്ടിക്കാണിക്കാനുണ്ടുതാനും.

നിരോധനത്തോടുള്ള പ്രതികരണം കേവലം പ്രസ്​താവനകളിലൊതുക്കിയ ഇടതുപക്ഷം പക്ഷേ സഹകരണ ബാങ്കുകൾക്കുനേരെ ബി.ജെ.പി. കയ്യുയർത്തിയതോടെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. കോൺഗ്രസ്​ ഉൾപ്പെടെയുള്ള കക്ഷികളെയും സഹകാരികളെയും ജീവനക്കാരെയുമൊക്കെ ഒന്നിച്ചണിനിരത്തി പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ ഇടതുപക്ഷം തയ്യാറായി. ഇതുകാണിക്കുന്നത്, സഹകരണസംഘങ്ങൾക്കുമേലെ പിടിവീഴുന്നത്, തങ്ങളുടെ നിലനില്പിനെ തന്നെ ചോദ്യംചെയ്യുന്ന നടപടിയായി ഇടതുപക്ഷം കാണുന്നു എന്നാണല്ലോ. അപ്പോഴും തുടക്കത്തിലുണ്ടായ ആവേശത്തോടെ കള്ളപ്പണ നീക്കവുമായി ബി.ജെ.പി. മുന്നോട്ടുപോയില്ല എന്നതും പ്രധാനമാണ്.

കെ.ടി. ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി

അലസിപ്പോയ ലക്ഷ്യങ്ങൾ

സഹകരണ രജിസ്ട്രാറുടെ കീഴിൽ, കേരളത്തിൽ 15,428 സഹകരണസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിലുള്ളതിന്റെ ഏതാണ്ട് പകുതിക്കുമുകളിൽ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഒന്നരലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ജീവനക്കാർ ഈ മേഖലയിലുണ്ടാവും. ഇൻഡസ്ട്രീസ്‌
ഡിപ്പാർട്ട്‌മെൻറ്​, കയർ, ഡയറി, ഫിഷറീസ്, ഖാദി ആൻഡ്‌ വില്ലേജ്, പട്ടികജാതി/പട്ടികവർഗവികസനം തുടങ്ങിയ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾ 3236 എണ്ണമാണെന്നാണ് ലഭ്യമായ കണക്ക്. അതുകൂടി പരിഗണിച്ചാൽ മൂന്നുലക്ഷത്തിലധികം ജീവനക്കാർ ഈ മേഖലയിൽ നേരിട്ട് പണിയെടുക്കുന്നുതായി കാണാം. അതിന്റെ രണ്ടോ മൂന്നോ ഇരട്ടി ആളുകൾക്ക് പരോക്ഷമായും സഹകരണമേഖലയിൽ ജോലി നൽകുന്നുണ്ടാകും. 6539 സംഘങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഹൗസിങ് ബോർഡ് 2.26 കോടി രൂപയും മാർക്കറ്റ്‌ഫെഡ് 40.4 ലക്ഷം രൂപയും ലാഭമുണ്ടാക്കി.

1604 പ്രാഥമിക വായ്പാസംഘങ്ങളിൽ 1207 എണ്ണം ലാഭത്തിൽ പ്രവർത്തിക്കുന്നവയാണ് എന്ന് 2019 -20 ലെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സഹകരണമേഖലയിലെ ആകെ നിക്ഷേപം 2,18,020 കോടി രൂപയാണ്. വായ്പയായി നൽകിയിരിക്കുന്നത് 16.162 കോടിയും. 26,518 രൂപ കടമെടുത്തിട്ടുണ്ട്. കേന്ദ്ര ഏജൻസികളിലുൾപ്പെടെ 1791 കോടി രൂപ നിക്ഷേപമുണ്ട്. അംഗങ്ങളുടെ ഓഹരി മൂലധനം 6989 കോടി രൂപയാണ്. ആകെ 597 കോടി രൂപ ലാഭമുളളപ്പോൾ 9543 കോടി രൂപ നഷ്ടവുമുണ്ട്. 2.96 കോടി അംഗങ്ങളാണുള്ളത്. കേരള ജനസംഖ്യ മൂന്നര കോടിക്കുതാഴെയാണെന്നോർക്കണം. എത്ര വിപുലമാണ് ഈ മേഖലയിലെ കൊള്ളക്കൊടുക്കലുകൾ എന്ന്​ ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇവയിൽ നേരിട്ട് ബാങ്കിങ് പ്രവർത്തനം നടത്തുന്ന 1640 സർവീസ് സഹകരണ ബാങ്കുകളുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന അറുപതിലധികം അർബൻ സഹകരണ ബാങ്കുകളും 78 താലൂക്കുകളിലായി 78 കാർഷിക വികസന ബാങ്കുകൾ കൂടി ചേരുമ്പോൾ 1800 ലധികമാകും. ഇവക്കൊക്കെ മിനിമം മൂന്ന് എന്ന നിലയിൽ ശാഖകളെങ്കിലുമുണ്ടാവും. ഇവരാണ് സഹകരണമേഖലയിൽ നേരിട്ട് പണമിടപാട് നടത്താൻ അധികാരപ്പെട്ട സ്ഥാപനങ്ങൾ.

എന്നാൽ കേരളത്തിന്റെ സവിശേഷത, മറ്റെല്ലാ നോൺ ക്രെഡിറ്റ് സ്ഥാപനങ്ങളും പല പേരിൽ ഡെപ്പോസിറ്റ് സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നുണ്ട്​. ഫസ്റ്റ് ക്ലാസ് അംഗങ്ങളിൽ നിന്നുമാത്രമേ ഡെപ്പോസിറ്റ് സ്വീകരിക്കാവൂ എന്ന് നിയമമുണ്ടെങ്കിലും ഒരിക്കലും അവയൊന്നും പാലിക്കപ്പെടുന്നില്ല. അംഗങ്ങളുടെ ക്ഷേമം എന്നൊക്കെ പ്രഖ്യാപിച്ച് ചിട്ടികൾ നടത്തുന്നതുൾപ്പെടെ പലവിധത്തിലുള്ള ധനകാര്യ പ്രവർത്തനങ്ങൾ എല്ലാ നോൺ ക്രെഡിറ്റ് സഹകരണസംഘങ്ങളും നടത്തുന്നുണ്ട്. കാർഷിക വികസനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ആ മേഖലയിൽ കാര്യമായ ഇടപെടലുകളില്ല. കാർഷികവായ്പ എന്ന പേരിൽ കുറഞ്ഞ പലിശയ്ക്ക് കിട്ടുന്ന വായ്പകൾ വാങ്ങിക്കൊണ്ടുപോകുന്നത് മിക്കവാറും കർഷകരല്ല. വാർഷിക പൊതുയോഗത്തിന് സൗജന്യമായി ചില വിത്തുപാക്കറ്റുകളൊക്കെ വിതരണം ചെയ്യുന്നതാണ് കാർഷിക ഇടപെടൽ. മിക്കവാറും ഉത്സവകാലങ്ങളിൽ കോർപറേറ്റുകളുടെ ടി.വി., ഫ്രിഡ്ജ് പോലുള്ള ഗൃഹോപകരണങ്ങളുടെ വിപണനമേളകൾ സംഘടിപ്പിക്കാറുണ്ട്. പട്ടികജാതി, വനിത, ലേബർ കോൺട്രാക്ട്, ആശുപത്രി, ഹൗസിങ്, എംപ്ലോയീസ് കോ- ഓപറേറ്റീവുകൾ, ഇൻഡസ്​ട്രീസ്​, ക്ഷീരസഹകരണ സംഘങ്ങൾ, ഖാദി ആൻഡ്‌ വില്ലേജ് സഹകരണസംഘങ്ങൾ, കമേഴ്‌സ്യൽ സംഘങ്ങൾ, പട്ടികജാതി/പട്ടികവർഗ സഹകരണസ്ഥാപനങ്ങൾ എന്നുതുടങ്ങി, നോൺ ക്രെഡിറ്റ് വിഭാഗങ്ങളിൽ പെടുന്നവയാണെങ്കിലും പല പഴുതുകളുപയോഗിച്ച് അവയും നടത്തുന്നത് പല നിലയിലും ധനകാര്യ പ്രവർത്തനങ്ങൾ തന്നെയാണ്. സംസ്ഥാന ഭരണം, തദ്ദേശ ഭരണം, സഹകരണസംഘങ്ങളുടെ ഭരണം എന്നിവ നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തൻപിള്ളകളുടെ തെറ്റുകൾ മൂടിവെക്കാനും അപരന്റേത് പർവതീകരിക്കാനും കഴിയും.

തങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ ഭരണസമിതിയാണ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് എന്നത്, സഹകരണ സ്ഥാപനങ്ങളുമായി ഒരാത്മബന്ധം സ്ഥാപിക്കാൻ ജനങ്ങൾക്ക് സഹായകമാണ്.

‘കരുവന്നൂർ മോഡൽ’

ദേശസാത്കൃത ബാങ്കുകൾ ഉൾപ്പെടെ 6213 വാണിജ്യ ബാങ്കുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായാണ് കണക്ക്. 3.7 ലക്ഷം കോടി രൂപ ഇവ പ്രതിവർഷം പിരിച്ചെടുക്കുന്നു. ഇതിൽ എത്ര ശതമാനം തുക കേരളത്തിന്റെ വികസനത്തിനായി ചെലവഴിക്കുന്നു എന്നതിന്റെ കണക്ക് ലഭ്യമായിട്ടില്ല. സഹകരണ ബാങ്കുകൾ ശേഖരിക്കുന്ന പണത്തിന്റെ 80 ശതമാനവും കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. കേരളീയ ജനജീവിതം എല്ലാ അർഥത്താലും സഹകരണ മേഖലയോട് ചേർത്തുവെച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്. ഏതെങ്കിലുമൊരു സഹകരണ ബാങ്കിൽ നിക്ഷേപമോ വായ്പയോ ഇല്ലാത്ത കുടുംബങ്ങൾ കേരളത്തിൽ വിരളമായിരിക്കും. ഒന്നിലധികം സഹകരണസംഘങ്ങളിൽ അംഗത്വമുള്ളവയായിരിക്കും മിക്കവാറും വ്യക്തികൾ.

നാട്ടിൻപുറത്തെ സാധാരണക്കാർക്ക്​ ഒരു സാമ്പത്തികപ്രശ്‌നം വന്നാൽ പെ​ട്ടെന്ന് സമീപിക്കാവുന്ന കേന്ദ്രം സഹകരണസ്ഥാപനങ്ങൾ തന്നെയായിരിക്കും. തങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ ഭരണസമിതിയാണ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് എന്നത്, സഹകരണസ്ഥാപനങ്ങളുമായി ഒരാത്മബന്ധം സ്ഥാപിക്കാൻ ജനങ്ങൾക്ക് സഹായകമാണ്. വാണിജ്യബാങ്കുകളുടെ കെട്ടും മട്ടുമൊന്നുമല്ല നാട്ടിൻപുറങ്ങളിലെ സഹകരണ ബാങ്കുകൾക്ക് പൊതുവേയുള്ളത്, എന്നതുകൊണ്ട് അവർക്ക് അവിടെ ഇടപെടാൻ പൊതുവിൽ ബുദ്ധിമുട്ട് കുറവായിരിക്കും. പലിശ അല്പം കൂടുതലാണെങ്കിലും വായ്പയ്ക്ക് സഹകരണസ്ഥാപനങ്ങളെ സമീപിക്കാനായിരിക്കും നാട്ടിൻപുറത്തുകാർക്ക് താത്പര്യം.

നാട്ടിൻപുറത്തെ സാധാരണക്കാർക്ക്​ ഒരു സാമ്പത്തിക പ്രശ്‌നം വന്നാൽ പെ​ട്ടെന്ന് സമീപിക്കാവുന്ന കേന്ദ്രം സഹകരണ സ്ഥാപനങ്ങൾ തന്നെയായിരിക്കും. / Photo: ILRI, Flickr

കുടുംബശ്രീകൾ, അയൽക്കൂട്ടങ്ങൾ എന്നിവയുടെയൊക്കെ പണമിടപാട് ഈ സ്ഥാപനങ്ങൾ വഴിയാണ് നടക്കുന്നത്. സഹകരണസ്ഥാപനങ്ങൾക്കുള്ളതുപോലെ നഗര ഗ്രാമവ്യത്യാസമില്ലാതെ വിപുലമായ നെറ്റ്​വവർക്ക് മറ്റ് വാണിജ്യ ബാങ്കുകൾക്കില്ല. കമേഴ്‌സ്യൽ സ്റ്റോറുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, കോൺട്രാക്ട് ജോലികൾ, കൂടിച്ചേരലുകൾക്കുള്ള ഓഡിറ്റോറിയങ്ങൾ, ഗ്രാമീണ ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിലൊക്കെ പൊതുവിപണിയിൽ നടക്കുന്ന കൊള്ളയിൽനിന്ന് ഒരുപരിധിവരെ സംരക്ഷണം നൽകാൻ ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങൾക്ക് കഴിയുന്നുമുണ്ട്. ഇതുകൊണ്ടൊക്കെയാണ് സഹകരണമേഖല ജനങ്ങൾക്ക് പൊതുവേ സ്വീകാര്യമാകുന്നതും അവയുടെ തകർച്ച ജനജീവിതത്തെ ഗൗരവമായി ബാധിക്കാനിടയാക്കുന്നതും.

പത്തുപതിനഞ്ച് വർഷം മുമ്പുവരെ, ഇതര രാഷ്ട്രീയപാർട്ടികൾ നിയന്ത്രിക്കുന്ന സഹകരണസ്ഥാപനങ്ങളേക്കാൾ, അഴിമതിയും വൃത്തികേടുകളും കുറവായിരുന്നത് ഇടതുപക്ഷ നിയന്ത്രണത്തിലുളള സഹകരണസ്ഥാപനങ്ങളിൽ തന്നെയായിരുന്നു. അന്ന് എല്ലാം ഭദ്രമായിരുന്നു എന്നല്ല. സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പണം വാങ്ങുന്ന രീതി മറ്റു പാർട്ടികളിൽപെട്ടവർക്കിടയിൽ വ്യാപകമായിരുന്നെങ്കിലും, ഇടതുപക്ഷത്ത് അത്ര വിപുലമായിരുന്നില്ല. എന്നാൽ ജില്ലാ ബാങ്കുകളിലൊക്കെ പണം വാങ്ങുന്നതിന് ഉപജാപസംഘങ്ങൾ അന്നും പ്രവർത്തിച്ചിരുന്നത് കാണാതിരിക്കുന്നില്ല. ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും ചെയ്തുകൊടുക്കുന്ന ചില വഴിവിട്ട സഹായങ്ങൾ, ആരുമറിയാതെ മുക്കുപണ്ടം വെച്ച് വായ്പ നൽകൽ, കടം പിരിച്ചെടുക്കുന്നതിൽ സ്വന്തം പാർട്ടിക്കാർക്കുനേരെ കണ്ണടയ്ക്കൽ, സാധനസാമഗ്രികൾ വാങ്ങുമ്പോൾ കമീഷനടിക്കൽ, പ്രമാണിമാർക്ക് വഴിവിട്ട് വായ്പ നൽകൽ എല്ലാം അന്നും നടന്നിരുന്നു.

തട്ടിപ്പു നടത്തിയവർ സംരക്ഷിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഭയാനകം. ആദ്യം അറസ്റ്റിലായ നാലു ജീവനക്കാരും ജാമ്യത്തിൽ പുറത്തിറങ്ങി. പത്ത് ഭരണസമിതി അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, പത്താളും ഇപ്പോൾ പുറത്ത് പാർട്ടി പ്രവർത്തകരായി നടക്കുന്നു.

ഇപ്പോൾ കൈവിട്ട നിലയിലാണ് കാര്യങ്ങൾ. അതിന്റെ മകുടോദാഹരണമാണ് കരുവന്നൂർ ബാങ്ക്. 312.71 കോടിയുടെ നിക്ഷേപവും 381.45 കോടി വായ്പയുള്ള വിചിത്രനിലയാണ് ഇന്ന് ഈ ബാങ്കിനുള്ളത്. നിക്ഷേപത്തിന്റെ 70 ശതമാനത്തിലധികം വായ്പ പാടില്ല എന്നാണ് സഹകരണനിയമം. 219.34 കോടി രൂപയുടെ തട്ടിപ്പ് ഇവിടെ നടന്നതായാണ് സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്വേഷണ അന്തിമ റിപ്പോർട്ടിന്റെ 45-ാം പേജിൽ വ്യക്തമാക്കിയിട്ടുള്ളത്. തട്ടിപ്പു നടത്തിയവർ സംരക്ഷിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഭയാനകം. ആദ്യം അറസ്റ്റിലായ നാല് ജീവനക്കാരും ജാമ്യത്തിൽ പുറത്തിറങ്ങി. പത്ത് ഭരണസമിതി അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, പത്താളും ഇപ്പോൾ പുറത്ത് പാർട്ടി പ്രവർത്തകരായി നടക്കുന്നു. ഇവരുടെ സ്വത്തുകൾ കണ്ടുകെട്ടും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. സസ്​പെൻറ്​ ചെയ്യപ്പെട്ട 17 സഹകരണവകുപ്പ് ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു. കേസെടുത്തിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ബാങ്ക് തകർച്ചയിലേക്കുപോകുന്നു എന്ന് ജീവനക്കാർക്കും ഭരണസമിതിക്കും ബോധ്യമായതോടെ തങ്ങളുടെ ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും നിക്ഷേപം പിൻവലിക്കാൻ അവസരം ഒരുക്കിക്കൊടുക്കുകയാണ് ഭരണസമിതി ചെയ്തത്. 2016-നും 2020-നുമിടയിൽ 200 കോടി രൂപ ഇങ്ങനെ പിൻവലിച്ചതായി 2020-21 ലെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തൃശൂർ ജില്ല കേന്ദ്രീകരിച്ച് ബാങ്കിംഗ് കൺസോഷ്യം രൂപീകരിച്ച്, അമ്പത് ലക്ഷം രൂപ വീതം ഓരോ സഹകരണ സ്ഥാപനത്തിൽ നിന്നും സമാഹരിച്ചും കേരളാ ബാങ്കിൽ നിന്ന് 25 കോടി രൂപ ഓവർ ഡ്രാഫ്റ്റും 10 കോടി രൂപ വായ്പയുമെടുത്തും നിക്ഷേപകർക്ക് പണം നൽകുമെന്ന് മന്ത്രിയുൾപ്പെടെ ഉറപ്പുനൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. മാത്രമല്ല, തങ്ങൾക്ക് തിരിച്ചുകിട്ടാനുള്ള 36.92 കോടി രൂപ വായ്പത്തുക തിരിച്ചുപിടിക്കാൻ കരുവന്നൂർ ബാങ്കിന്റെ ഉറപ്പുളള വായ്പകൾ ഏറ്റെടുക്കുകയാണ് കേരളാ ബാങ്ക് ചെയ്യുന്നത്. അതായത്, കേരളാബാങ്കിന് കിട്ടാനുള്ള തുക എങ്ങനെയെങ്കിലും ഈടാക്കാൻ കഴിയുമോ എന്നാണവർ നോക്കുന്നത്. പണ്ട് ജില്ലാ സഹകരണ ബാങ്കുകളുണ്ടായിരുന്ന കാലത്ത് പ്രാഥമിക ബാങ്കുകൾ തകർച്ച നേരിടുമ്പോൾ, ജില്ലാ ബാങ്കുകളുടെ മുൻകൈയിൽ, നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇടപെടുമായിരുന്നു. ജില്ലാബാങ്കുകൾ ഇല്ലാതാക്കി കേരളാ ബാങ്ക് വന്നതോടെ അത്തരം സംരക്ഷണം ഇല്ലാതായി എന്നുതന്നെയാണ് ഇത് കാണിക്കുന്നത്.

312.71 കോടിയുടെ നിക്ഷേപവും 381.45 കോടി വായ്പയുള്ള വിചിത്രനിലയാണ് ഇന്ന് കരുവന്നൂർ ബാങ്കിനുള്ളത്.

സ്ഥാവര- ജംഗമസ്വത്തുക്കളായി 8.7 കോടി രൂപയുടെ ആസ്തി മാത്രമുള്ള കരുവന്നൂർ ബാങ്കിന് 219.34 കോടിയുടെ ബാദ്ധ്യത ഒരിക്കലും തിരിച്ചു നൽകാനാവില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് ആരുടെയെങ്കിലും നോട്ടപ്പിശകുകൊണ്ട് ആകസ്മികമായി സംഭവിച്ചതല്ല. 2004-ൽ ബേബി ജോൺ സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറിയായ കാലം തൊട്ട്​ ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായി വെളിവാക്കപ്പെട്ടിട്ടുണ്ട്. ബാങ്കിലെ തട്ടിപ്പ് ചോദ്യംചെയ്ത മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറി സുരേഷ് കണ്ണാട്ടിനെയും പൊറത്തശ്ശേരി ലോക്കൽ കമ്മറ്റി അംഗവും അക്കൗണ്ടന്റുമായ വി.എ. സുരേഷിനെയും, ബാങ്കിന്റെ പേരിലും നേതാക്കളുടെ പേരിലും അപവാദം പ്രചരിപ്പിച്ചു എന്ന കുറ്റമാരോപിച്ച് പുറത്താക്കുകയാണ് ചെയ്തത്. മാത്രമല്ല, മറ്റെല്ലാ കാര്യത്തിലുമെന്നപോലെ സാമൂഹ്യമാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് സംഘടിതമായി നുണ പ്രചരിപ്പിച്ച്, ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു. തട്ടിപ്പിനെ വെള്ളപൂശുന്നു, കുറ്റവാളികളെ സംരക്ഷിക്കുന്നു, സഹകരണമേഖലയെ തകർക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നു എന്ന് പാർട്ടി മുൻകൈയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ബാങ്ക് തകർച്ചയിലേക്കുപോകുന്നു എന്ന് ജീവനക്കാർക്കും ഭരണസമിതിക്കും ബോധ്യമായതോടെ തങ്ങളുടെ ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും നിക്ഷേപം പിൻവലിക്കാൻ അവസരം ഒരുക്കിക്കൊടുക്കുകയാണ് ഭരണസമിതി ചെയ്തത്.

വ്യാജക്കള്ളുസംഘവും അഴിമതിക്കൃഷിയും

2010-നുശേഷം കേരളത്തിലെ സഹകരണസ്ഥാപനങ്ങളിലുണ്ടായ തീവെട്ടിക്കൊള്ള ഭയാനകമാണ്. രേഖകളിൽ കൃ​ത്രിമം നടത്തിയും വ്യാജപ്രമാണങ്ങളുപയോഗിച്ചുമൊക്കെ വലിയ വെട്ടിപ്പുകൾ നടത്തുന്നതാണ്, സഹകരണസ്ഥാപനങ്ങളുടെ നിലനിൽപ്പിനെതന്നെ പ്രതിസന്ധിയിലാക്കുന്നത്. നടത്തുന്ന എല്ലാ പണികളിൽ നിന്നും കമീഷൻ പിടുങ്ങുന്നത് പരസ്യവും പതിവുമായി മാറി. ആളുകൾ വിഷക്കള്ള് കുടിക്കുന്നത് ഒഴിവാക്കാനും നല്ല കളള് നൽകാനുമാണ് കള്ളുചെത്ത് സഹകരണസംഘങ്ങൾ നിലവിൽവന്നത്. സൊസൈറ്റി നടത്തിയ കോഴിക്കോട് ജില്ലയിലെ കള്ളുഷാപ്പുകളിൽ, വില്പന നടത്തിയത് പാലക്കാട്ടുനിന്ന് കൊണ്ടുവന്ന വ്യാജക്കള്ളാണ് എന്നത് എല്ലാവർക്കുമറിയാവുന്ന രഹസ്യമാണ്. സൊസൈറ്റിയുടെ ഷാപ്പിൽ കയറി എക്‌സൈസ് പാർട്ടി വ്യാജക്കള്ള് പിടികൂടിയ സംഭവം വരെയുണ്ടായി. പാലക്കാട്ടുനിന്ന് മൂന്നിലൊന്ന് നല്ല കള്ളും, അഞ്ചുരൂപക്കുതാഴെ മാത്രം വിലയുള്ള വ്യാജക്കള്ളും കൂട്ടിചേർത്താണ് സൊസൈറ്റിയുടെ ഷാപ്പുകളിൽ വിറ്റുകൊണ്ടിരുന്നത്. ഇതിന്റെ മറവിൽ കോടികൾ വെട്ടിച്ച നേതാക്കളെ തൊഴിലാളികൾക്കറിയാം. അവർ തെളിവുസഹിതം നൽകിയ പരാതികൾ ഭരണസ്വാധീനമുപയോഗിച്ച് പൂഴ്​ത്തുകയായിരുന്നു. സൊസൈറ്റി വൻ ലാഭമുണ്ടാക്കിയപ്പോഴും കർഷകർക്ക് തെങ്ങുപാട്ടം വർധിപ്പിച്ച് സഹായമെത്തിക്കാൻ സൊസൈറ്റികൾക്ക് താൽപര്യമുണ്ടായില്ല.

സൊസൈറ്റി നടത്തിയ കോഴിക്കോട് ജില്ലയിലെ കള്ളുഷാപ്പുകളിൽ, വില്പന നടത്തിയത് പാലക്കാട്ടുനിന്ന് കൊണ്ടുവന്ന വ്യാജക്കള്ളാണ് എന്നത് എല്ലാവർക്കുമറിയാവുന്ന രഹസ്യമാണ്. / Representational Image

ദരിദ്രകർഷകർ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തി, ഭൂരഹിതർക്ക് 50 സെൻറ്​ വീതം ഭൂമി ലഭിച്ച, വിശാലമായ ഒരു കോൾനിലമുണ്ട് കൊയിലാണ്ടി താലൂക്കിൽ. ഇവിടെ ഒരു കോൾനില സഹകരണസംഘം രൂപീകരിച്ച് ആദ്യവർഷം നടത്തിയ നെൽകൃഷി ആവേശകരമായിരുന്നു. അത്ര വലിയ വിളവാണ് അന്ന് ലഭിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം മുതൽ അവിടെ കൃഷി നടന്നില്ല. പൊന്നുവിളയുന്ന ഈ കോൾനിലം സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഉന്നതനായ അഭിഭാഷകന്, ചെമ്മീൻ കൃഷിക്ക്​ പാട്ടത്തിന് നൽകാൻ, ചില ഉന്നത നേതാക്കൾ ചരടുവലിച്ചു. അദ്ദേഹത്തിന് പാട്ടത്തിന് നൽകി. അദ്ദേഹത്തിന് ചെമ്മീൻ കൃഷി വേണ്ടപോലെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കുഞ്ഞാലിക്കുട്ടി/റഊഫ് പോരുകാലത്ത് ഈ അഭിഭാഷകന് നൽകിയതും അഭിഭാഷകൻ നൽകിയതുമായ ലക്ഷങ്ങളുടെ കണക്കൊക്കെ പുറത്തുവന്നു. പൊന്നുവിളയുന്ന ഈ പാടത്ത് പിന്നീട് നാളിതുവരെ ഒരു കൃഷിയും നടത്താൻ സഹകരണസംഘത്തിനായില്ല.

കേരളാ ബാങ്ക് രൂപീകരിക്കുമ്പോൾ 300 കോടിയലധികം വരുന്ന തുകയാണ് സംസ്ഥാന സർക്കാർ റബ്കോയുടെ ബാദ്ധ്യത ഏറ്റെടുത്ത് അടച്ചുതീർത്തത്. പ്രതിപക്ഷത്തിനുപോലും ഇതിലൊന്നും വലിയ എതിർപ്പുണ്ടായില്ല.

പിണറായി വിജയന്റെ സഹായിയായി പ്രവർത്തിച്ച ഒരു സഹകാരിയാണ് കൊട്ടിഘോഷിച്ച് റബ്കോ പോലുള്ള ‘സഹകരണ' സ്ഥാപനങ്ങൾ സ്ഥാപിച്ചത്. അത് വെള്ളാനയാണ് എന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. അവസാനം കേരളാ ബാങ്ക് രൂപീകരിക്കുമ്പോൾ 300 കോടിയലധികം വരുന്ന തുകയാണ് സംസ്ഥാന സർക്കാർ ഈ സ്ഥാപനത്തിന്റെ ബാധ്യത ഏറ്റെടുത്ത് അടച്ചുതീർത്തത്. പ്രതിപക്ഷത്തിനുപോലും ഇതിലൊന്നും വലിയ എതിർപ്പുണ്ടായില്ല.
ഏഷ്യയിലെ ഏറ്റവും വലിയ കോൺട്രാക്ട് സൊസൈറ്റിയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാൾ ‘പ്രൊക്ലൈനർ വാടകയ്ക്ക് നൽകി' പണം പറ്റുന്നതിന്റെ കഥ വരെ കേരളം തമാശയായി കേട്ടുനിന്നു. നേരിട്ടറിയുന്ന ഏതാനും ഉദാഹരണങ്ങൾ മാത്രമാണിവ. ഇങ്ങനെ സഹകരണസംഘങ്ങളെ ഉപയോഗിച്ച് നടത്തുന്ന വൻ അഴിമതികളുടെ കഥ എത്ര വേണമെങ്കിലും പറയാം.

സഹകരണം എന്ന പ്രത്യയശാസ്​ത്രം

സഹകരണപ്രസ്ഥാനത്തിന് അതിന്റേതായ ലക്ഷ്യവും രാഷ്ട്രീയവും ചരിത്രവുമുണ്ട്. ഉട്ടോപ്പ്യൻ സോഷ്യലിസത്തിന്റെ വക്താവായ റോബർട്ട് ഓവൻ തന്നെയാണ് സഹകരണപ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മുതലാളിത്തത്തെയും മൂലധനമേധാവിത്തത്തെയും ചെറുത്ത് മനുഷ്യർക്കിടയിൽ സ്ഥിതിസമത്വം സ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഇന്ത്യയിൽ ഇതേ ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധി ട്രസ്റ്റിഷിപ്പ് സിദ്ധാന്തം മുന്നോട്ടുവെച്ചത്. പാശ്ചാത്യമാതൃകയിൽ സഹകരണസംഘങ്ങളെ ഇന്ത്യയിലും പ്രാവർത്തികമാക്കുന്നതിന് മുൻകൈയെടുത്തത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായി സഹകരണപ്രസ്ഥാനത്തെ നോക്കിക്കണ്ടവരായിരുന്നു ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ. രാംമനോഹർ ലോഹ്യയെ പോലുള്ള ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്ക് ഗാന്ധിയുടെ ട്രസ്റ്റിഷിപ്പ് ആശയങ്ങളും കമ്യൂണിസ്റ്റുകാരുടെ പ്രൊഡ്യൂസേഴ്‌സ് കോ-ഓപറേറ്റീവ് ആശയങ്ങളും ഒരുമിച്ചുചേർന്ന ഒരു പദ്ധതിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുയായികളായ സോഷ്യലിസ്റ്റുകൾ ഇത് ഇന്ത്യയിൽ പല സ്ഥലത്തും പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

റോബർട്ട് ഓവൻ

നമുക്ക്​ ഇന്ന് പരിചയമുള്ള ഒട്ടുമിക്ക സഹകരണസംഘങ്ങളും സർവീസ് ക്രെഡിറ്റ്/ നോൺ ക്രെഡിറ്റ് സഹകരണസംഘങ്ങളായാണ് പ്രവർത്തിക്കുന്നത്. അത്തരമൊരു കാഴ്ചപ്പാടായിരുന്നില്ല സഹകരണസംഘങ്ങളെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായിരുന്നത്. സർവീസ് സംഘങ്ങളിൽ അതിന്റെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും അംഗമാകാം. അവരെല്ലാം ആ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാകണമെന്നില്ല. ഒരു തൊഴിലും ചെയ്യണമെന്നുമില്ല. പൊതുവേ മേലിളകി ഒരു ജോലിയും ചെയ്യാത്ത രാഷ്ട്രീയപ്രവർത്തകരാണ് അതിന്റെ മേൽത്തട്ടിലുണ്ടാവുക. സംഘത്തിന്റെ മേൽവിലാസത്തിൽ ബത്തകളും അലവൻസുകളുമെല്ലാം കൈപ്പറ്റുന്ന ഇവരായിരിക്കും സംഘത്തിന്റെ നയം തീരുമാനിക്കുക. സംഘത്തിന്റെ തലപ്പത്തെത്തുന്നതിനുവേണ്ടിയുള്ള ഇത്തരക്കാരുടെ മത്സരങ്ങൾ കടുത്തതായിരിക്കും. വന്നുകഴിഞ്ഞാൽ ആജീവാന്തം അവിടെ തുടരുക എന്നതിനപ്പുറം മറ്റജണ്ടകളൊന്നും ഇവർക്കുണ്ടാവില്ല. നിലവിലുള്ള വ്യവസ്ഥയ്ക്കകത്ത് തങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതിനപ്പുറത്ത് ഒരു വ്യവസ്ഥാമാറ്റം അവരുടെ അജണ്ടകളിൽ ഒരിക്കലും ഇടംപിടിക്കുന്നില്ല. ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ സംഘടനാസ്വരൂപവും പ്രവർത്തനരീതിയും ലക്ഷ്യവുമൊക്കെയാണ് കമ്യൂണിസ്റ്റുകാർ സഹകരണമേഖലയെക്കുറിച്ച് മുന്നോട്ടുവെച്ചിരുന്നത്.

സർവീസ് സംഘങ്ങളിൽ അതിന്റെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും അംഗമാകാം. അവരെല്ലാം ആ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാകണമെന്നില്ല. ഒരു തൊഴിലും ചെയ്യണമെന്നുമില്ല. പൊതുവേ മേലിളകി ഒരു ജോലിയും ചെയ്യാത്ത രാഷ്ട്രീയപ്രവർത്തകരാണ് അതിന്റെ മേൽത്തട്ടിലുണ്ടാവുക.

കോളനി രാജ്യങ്ങളിലെ ജനാധിപത്യ കാർഷിക വിപ്ലവങ്ങളെക്കുറിച്ച് ചർച്ചചെയ്ത കമ്യൂണിസ്റ്റ് ഇന്റർനാഷണലിലാണ് ലെനിൻ സഹകരണ കാര്യപരിപാടി മുന്നോട്ടുവെച്ചത്. അത് ഒരു കാർഷികവിപ്ലവ പരിപാടിയുടെ ഭാഗമായിരുന്നു. മുതലാളിത്ത/ജന്മിത്ത ഉത്പാദനബന്ധങ്ങളാൽ കടുത്ത ചൂഷണത്തിനിരയാകുന്ന കർഷക ജനസാമാന്യത്തെ ഒരു ബദൽ ഉത്പാദനക്രമത്തിൽ അണിനിരത്തി ചൂഷണസംവിധാനങ്ങളെ പരമാവധി പ്രതിരോധിക്കുക. അതോടൊപ്പം ഒരു വ്യവസ്ഥാമാറ്റത്തിന് കർഷകസമൂഹത്തെ സജ്ജമാക്കുകയും തൊഴിലാളിവർഗവത്കരണത്തിന് (Proletarise) വിധേയമാക്കുകയുമാണ് ലെനിൻ വിഭാവനം ചെയ്തത്. കാർഷിക മേഖലയിൽ ഉത്പാദനപ്രക്രിയകളിലേർപ്പെട്ട കർഷകതൊഴിലാളികൾ, കർഷകർ തുടങ്ങിയവരുടെ ഉത്പാദക സഹകരണസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുകയാണ് കാര്യപരിപാടി. ഉല്പാദന മേഖലയിൽ പണിയെടുക്കുന്നവർക്കാണ് സംഘത്തിൽ അംഗമാകാൻ കഴിയുക. കർഷകർക്കും കർഷക തൊഴിലാളികൾക്കും അംഗമാകാം. പണിയെടുക്കുന്ന കർഷക തൊഴിലാളിക്ക് തൊഴിൽ ചെയ്തതിനുളള ന്യായമായ വേതനം ലഭിക്കും. ഇത് ഭൂപ്രമാണിമാർ നൽകുന്നതിനേക്കാൾ എത്രയോ കൂടുതലായിരിക്കും. സംഘത്തിന്റെ അറ്റാദായത്തിൽ നിന്നുള്ള വിഹിതവും ഇവർക്ക് പ്രതിവർഷം ലഭിക്കും. സംഘത്തിൽ അംഗമായ ചെറുകിട കർഷകർക്ക് അവർ ചെയ്യുന്ന തൊഴിലിനുള്ള ന്യായമായ വേതനം, സംഘത്തിന് നൽകിയിട്ടുളള ഭൂമിയുടെ പാട്ടം, അറ്റാദായത്തിൽനിന്ന് അർഹമായ വിഹിതം എന്നിവയാണ് ലഭിക്കുക. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ആരോഗ്യപരിരക്ഷ എന്നിവയിലൊക്കെ ഇടപെട്ട് പ്രവർത്തിക്കാനും കാർഷികവിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും വിപണനം ചെയ്യാനുമൊക്കെയുള്ള തൊഴിലവസരങ്ങളും സംഘാംഗങ്ങൾക്കും കുടുംബത്തിനും ലഭിക്കും. കൂട്ടായി കൃഷി ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ മാത്രമല്ല; കൃഷിക്കാർക്ക് സഹജമായ ഭൂമിയോടുളള ആസക്തി കുറയ്ക്കാനും സംഘകൃഷിയിലൂടെ സംഘബോധവും രാഷ്ട്രീയബോധവും വികസിപ്പിക്കാനും, അതുവഴി തൊഴിലാളിവർഗവത്കരണം സാധ്യമാക്കി വിപ്ലവത്തിന്റെ സഖ്യശക്തികളാക്കി കർഷക വർഗത്തെ മാറ്റാനുമാണ് ലെനിൻ ഉദ്ദേശിച്ചത്.

ലെനിൻ

നിരന്തരചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന, ആത്മാഭിമാനം നഷ്ടപ്പെട്ട കർഷകരെയും കാർഷിക തൊഴിലാളികളെയും ആത്മബോധമുള്ള മനുഷ്യരാക്കി മാറ്റിത്തീർക്കുകയും അവരെ വിപ്ലവകാരികളാക്കി പരിവർത്തിപ്പിക്കാനും ലെനിൻ ലക്ഷ്യമിട്ടു. ഇവിടെ പ്രധാന പ്രശ്‌നം ഒരു ജോലിയും ചെയ്യാത്ത ഒരാൾക്ക് സംഘത്തിന്റെ തലപ്പത്തിരുന്ന് കർഷകരെ ഭരിക്കാനും തീരുമാനമെടുക്കാനും അവസരമുണ്ടാവില്ല എന്നതാണ്. വർഷത്തിൽ ഒരു നിശ്ചിത ദിവസം ജോലിചെയ്യുകയും അതിന്റെ വേതനം കൈപ്പറ്റുകയും ചെയ്യുന്നവർക്കേ സംഘത്തിൽ തുടരാനാവൂ. അവരിൽനിന്ന് ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെടുന്നവരായിരിക്കും സംഘത്തിന്റെ ഭരണച്ചുമതലകളേറ്റെടുക്കുക. അതിന് വർഗപരിഗണന മാത്രമാണ് ബാധകം. കക്ഷിപരിഗണനകളല്ല. ഒരിക്കൽ ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടാൽ ജീവിതാവസാനം വരെ ആ നിലയിൽ തുടരാനുമാകില്ല. അംഗത്വത്തിനുള്ള അർഹത എതെങ്കിലും രാഷ്ട്രീയപാർട്ടിയിലോ ​ട്രേഡ്​യൂണിയനിലോ അംഗമാണോ എന്നതല്ല, വർഗപരമായി തൊഴിലാളിയോ കർഷകനോ ആണോ എന്നതുമാത്രമാണ്. ഇതാകട്ടെ വിപ്ലവാനന്തരം നടത്താനുള്ള പദ്ധതിയായല്ല, കാർഷിക ജനാധിപത്യ വിപ്ലവങ്ങളിലേക്ക് മുന്നേറേണ്ട കോളനി രാജ്യങ്ങളിൽ, വിപ്ലവപൂർത്തീകരണത്തിനുവേണ്ടിയുള്ള പൊതു അടവുനയമായാണ് (General tactical line) നടപ്പിലാക്കപ്പെട്ടത്. വിപ്ലവപൂർവകാലത്ത് റഷ്യയിലും ചൈനയിലുമൊക്കെ ഇത്തരം ഉത്പാദക സഹകരണസംഘങ്ങൾ കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യകളിലുണ്ടായ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്. അതനുസരിച്ച് ക്ലാസിക്കൽ മാർക്‌സിസത്തിന്റെ കാഴ്ചപ്പാടുകൾ പലതും കാലഹരണപ്പെട്ടിട്ടുണ്ട്​. അവയിൽ എടുത്തുപറയേണ്ടതാണ്, ലെനിൻ മുന്നോട്ടുവെച്ച പല സംഘടനാരൂപങ്ങളും, അവക്ക് നിദാനമായ പല പരികല്പനകളും. ഉദാഹരണത്തിന് വർഗം, വർഗവിപ്ലവം, വർഗസർവാധിപത്യം തുടങ്ങിയവയൊക്കെ പുതുക്കുകയോ വികസിപ്പിക്കുകയാ ഒക്കെ അനിവാര്യമായിരിക്കാം. അപ്പോൾ പിന്നെ ലെനിനെപ്പോലൊരാൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് മുന്നോട്ടുവെച്ച ആശയങ്ങൾ അതേപടി നമുക്ക് പകർത്താനാവുമോ എന്ന ചോദ്യമുയരാം. പക്ഷേ അത്തരമൊരു ആശയത്തിനുപിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിമോചനം എന്ന ലക്ഷ്യം ഇപ്പോഴും പ്രസക്തം തന്നെയാണ്. കാലത്തിനനുസരിച്ച് പഴയ സങ്കല്പനങ്ങളെ പുതുക്കിപ്പണിത് നമ്മുടെ കാലത്തിനും ദേശത്തിനുമനുസരിച്ച് നിർമിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ വിമോചനസ്വപ്നങ്ങളെ തന്നെ കൈയൊഴിയുകയല്ല.

കാണാനില്ല, ഇടതുപക്ഷ ബദൽ

ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷകസമരമാണല്ലോ കഴിഞ്ഞ വർഷങ്ങളിലുണ്ടായത്. കാർഷികമേഖലയുടെ കോർപറേറ്റ്​വത്കരണമാണ് ആ സമരത്തിന് കാരണമായത്. ശാസ്ത്രസാങ്കേതിക വികാസം, ഭൂബന്ധങ്ങളിൽ കോർപറേറ്റുകൾക്കനുകൂലമായി വന്ന നിയമങ്ങൾ, എല്ലാം ചേർന്ന് ഇന്ത്യയുടെ കാർഷികഹൃദയത്തിൽ പിടിമുറുക്കാൻ കോർപറേറ്റുകൾക്ക് സാധിച്ചു. ഇത് പഴഞ്ചൻ കൃഷിരീതികളെയും വിപണനരീതികളെയുമെല്ലാം കാലഹരണപ്പെത്തുന്നുണ്ട്. ഈ അവസരമുപയോഗിച്ച് സാധാരണ കർഷകർക്ക് ഭൂമിയിലുള്ള അവകാശാധികാരങ്ങൾ ഇല്ലാതാക്കി അതേറ്റെടുക്കാനാണ് വൻകിട മുതലാളിവർഗം ശ്രമിക്കുന്നത്.

2021-ലെ കർഷക പ്രക്ഷോഭത്തിൽ നിന്ന് / Photo: Jaskaran, Wikimedia Commons

കോർപറേറ്റുകൾക്കനുകൂലമായി കാർഷികബന്ധങ്ങളിൽ മാറ്റം വരുത്താൻ ഭരണകൂടം ഇടപെടുന്നു. അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെയാണ് ബാധിക്കുന്നത് എന്ന് കർഷകർ ന്യായമായും ആശങ്കപ്പെടുന്നു. തങ്ങൾക്കനുകൂലമായ നിലയിൽ പുതിയ കാർഷികബന്ധ പരിപാടികൾ വികസിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവർക്ക് കൈവരുന്നുമില്ല. അത് ഉണ്ടാക്കിനൽകേണ്ട ഇടതുപക്ഷം പരമ്പരാഗത മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. പുതിയതൊന്ന് തങ്ങൾക്ക് പരിചയമില്ലാത്തതുകൊണ്ടാണ് പരമ്പരാഗത കാർഷികബന്ധങ്ങളിൽ തന്നെ അള്ളിപ്പിടിച്ചുനിൽക്കാൻ അവർ നിർബന്ധിതരാകുന്നത്. കോർപറേറ്റുവത്കരണത്തിന് ബദലായി മറ്റൊരു പുരോഗമനസ്വഭാവമുള്ള കാർഷികബന്ധ പരിപാടിയാണ് കർഷകർക്കുവേണ്ടത്. ബദലുകൾ അവതരിപ്പിച്ചു കൊണ്ടായിരുന്നില്ല കർഷകസമരം മുന്നേറിയത്. ആരുടെയെങ്കിലും തലച്ചോറിൽ അതുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ കൃഷിഭൂമിയിലുണ്ടായിരുന്നില്ല.

വൻതോതിലുള്ള യന്ത്രവത്കരണവും അവക്കനുരോധമായ ഉത്പാദന വിപണന രീതികളും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള കാർഷിക വ്യവസായ സ്ഥാപനങ്ങളും ബാങ്കിങ്ങും എല്ലാം പടിപടിയായി വികസിക്കുന്ന ഉത്പാദന സഹകരണസംഘങ്ങളാണ് ബദൽ എന്നുപറയാനുള്ള ശേഷി ഇന്ത്യൻ ഇടതുപക്ഷത്തിനുണ്ടായില്ല. യഥാർത്ഥത്തിൽ ഇതിനകം കാലഹരണം സംഭവിച്ച പരമ്പരാഗതരീതികൾക്കെതിരെ പുതിയതൊന്ന് കർഷകപക്ഷത്തുനിന്ന് മുന്നോട്ടുവെക്കാൻ കഴിയേണ്ടിയിരുന്നത് ഇടതുപക്ഷത്തിനായിരുന്നു. കോർപറേറ്റ് വത്കരണം ചെറുക്കാൻ, കാർഷികമേഖലയിലെ വൻകിട കർഷകർ മുതൽ കർഷക തൊഴിലാളികൾ വരെ ഒരുമിച്ചണിനിരക്കണമെന്ന സീതാറാം യെച്ചൂരിയുടെ കാഴ്ചപ്പാട് കാണാതിരിക്കുന്നില്ല. അത് ശരിയുമാണ്. പക്ഷേ അതുപോലെ പാർട്ടി പരിപാടിയിൽ വരുത്തുന്ന ഭേദഗതികൾ കൊണ്ടുമാത്രം കാർഷികമേഖലയിൽ ഒരു ബദൽനയം മുന്നോട്ടുവെക്കപ്പെടില്ല.

സീതാറാം യെച്ചൂരി

ബദൽ എന്ന് പറയുന്നത് ഉത്പാദന സഹകരണസംഘങ്ങൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. സമരത്തെ എല്ലാ അർഥത്തിലും പിന്തുണക്കുമ്പോഴും ഉത്തരം ഒരു ബദൽ, ഇടതുപക്ഷം അവർക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും മുന്നോട്ടുവെക്കുന്നില്ല. കേരളത്തിൽ നിയമസഭയിൽ ബദൽ നിയമം അവതരിപ്പിച്ചതായി പ്രചാരണപരമായ ചില നീക്കങ്ങളുണ്ടായതല്ലാതെ ബില്ലിന്റെ ഉള്ളടക്കമെന്താണെന്നുപോലും പുറംലോകമറിയില്ല. അതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും പുറത്തുണ്ടായില്ല. ചുരുക്കത്തിൽ പതിവു വാചകം പുഴുങ്ങലുകൾക്കപ്പുറത്ത് ഒരു ബദലും നാളിതുവരെ കേരളത്തിൽ പോലും മുന്നോട്ടുവെക്കുകയുണ്ടായില്ല.

കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണകാലത്ത് കാർഷികമേഖലയെ ജനാധിപത്യവത്കരിക്കുന്നതിനും തൊഴിലാളിവർഗവത്കരിക്കുന്നതിനുമായി കാർഷികവിപ്ലവ പരിപാടി (Agrarian Revolution Program) ഇന്ത്യയിലും മുന്നോട്ടുവെച്ചിരുന്നു. അതവരുടെ പരിപാടിയുടെ ഭാഗവുമായിരുന്നു. ഈ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾ രൂപീകരിക്കാനും കർഷകർക്ക് മാന്യമായ ജീവിതം ഉണ്ടായിയെടുക്കാനുമൊക്കെ വലിയ പരിശ്രമങ്ങൾ അന്ന് നടന്നിരുന്നു. ജാതിക്ക് കാർഷികമേഖലയിലുള്ള സ്വാധീനം പരിഗണിക്കാതെ, കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം, കർഷകർക്ക് ഭൂമി നൽകിയിയെങ്കിലും പട്ടികജാതിക്കാരുടെയും ആദിവാസികളുടെയുമൊന്നും ഭൂപ്രശ്‌നം പരിഹരിക്കാൻ പര്യാപ്തമായിരുന്നില്ല. ഈ ഭൂപരിഷ്‌കരണ നടപടികളുടെ തുടർച്ചയായി കാർഷികപരിഷ്‌കരണ നടപടികൾ നടപ്പിലാക്കപ്പെടേണ്ടതുണ്ടായിരുന്നു.

ബദൽ എന്ന് പറയുന്നത് ഉല്പാദന സഹകരണ സംഘങ്ങൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. സമരത്തെ എല്ലാ അർത്ഥത്തിലും പിന്തുണക്കുമ്പോഴും ഉത്തരം ഒരു ബദൽ, ഇടതുപക്ഷം അവർക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും മുന്നോട്ടു വെക്കുന്നില്ല.

കൃഷിക്കാരുടെ ഉത്പാദക സഹകരണസംഘങ്ങൾ നിലവിൽവരികയും അവയുടെ നേതൃത്വത്തിൽ സംഘകൃഷി, മൂല്യവർദ്ധക ഉത്പന്നങ്ങളുണ്ടാക്കുന്ന വ്യവസായ യൂനിറ്റുകൾ, വിപണനശൃഖല, ബാങ്കിങ്, കയറ്റുമതി സംവിധാനം എന്നിവ വികസിക്കുകയും ചെയ്​തിരുന്നുവെങ്കിൽ കേരളത്തിന്റെ ജീവിതം തന്നെ ഇന്നത്തെ നിലയിലാകുമായിരുന്നില്ല. ഒന്നും നടന്നില്ലെന്നല്ല. എ.കെ.ജി.യുടെ നേതൃത്വത്തിൽ ഈ ദിശയിൽ കുറേ നീക്കങ്ങളുണ്ടായി. കയർ, കൈത്തറി, കശുവണ്ടി, ഈറ്റ, പനമ്പ് മേഖലയിലൊക്കെ ചില നീക്കങ്ങളുണ്ടായെങ്കിലും അവയെല്ലാം അതിവേഗം സർവീസ് സഹകരണസംഘങ്ങളായി പരിണമിച്ചു. തൃശൂർ ജില്ലയിലെ ആനമല സഹകരണസംഘം പൂർണാർഥത്തിൽ ഉത്പാദക സഹകരണസംഘമല്ലെങ്കിലും ആ ആശയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. പ്ലാവ് പ്ലാന്റേഷൻ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കർഷകരുടെ സഹകരണസംഘമാണത്. പ്ലാവ് തടിയിൽ നിന്നും ചക്കയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന സംഘമാണിത്. വയനാട്ടിലെ ബത്തേരിയിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്‌മെൻറ്​ സൊസൈറ്റിയുടെ മാംസനിർമാണ ഫാക്ടറി, ഈ ഛായയിലുള്ള ഒന്നാണ്.

കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം, കർഷകർക്ക് ഭൂമി നൽകിയിയെങ്കിലും പട്ടിക ജാതിക്കാരുടേയും ആദിവാസികളുടേയുമൊന്നും ഭൂപ്രശ്‌നം പരിഹരിക്കാൻ പര്യാപ്തമായിരുന്നില്ല. / Photo: Thovarimala protesters, Shafeeq Thamarassery

തുടക്കം മുതൽ ഒടുക്കം വരെയുള്ള ഉത്പാദനപ്രക്രിയയിൽ കർഷകർക്ക് പങ്കില്ല. കർഷകർ വളർത്തുന്ന ഉരുക്കളെ മാർക്കറ്റ് വിലയിൽനിന്ന് പത്ത് ശതമാനം അധികം നൽകി വാങ്ങുന്നതോടെ കൃഷിക്കാർക്ക്​ സംഘവുമായുള്ള ബാധ്യതകൾ അവസാനിക്കുന്നു. തുടർന്ന് ഒരു കമ്പനി സ്വഭാവത്തോടെയാണ് സംഘം പ്രവർത്തിക്കുക. അംഗത്വം കക്ഷിപരിഗണനകൾക്ക് വിധേയമാണ്, വർഗ- തൊഴിൽ പരിഗണനയിലല്ല. എങ്കിലും ഇതൊരു പുരോഗമനപരമായ സംരംഭം തന്നെയാണ്. ദിനേശ് ബീഡി സഹകരണസംഘം, ഇന്ത്യൻ കോഫി ഹൗസ് എന്നിവയൊക്കെ എ.കെ.ജി.യുടെ നേതൃത്വത്തിൽ പടുത്തുയർത്തിയത് ഈയൊരു ഉത്പാദക സഹകരണസംഘ കാഴ്ചപ്പാടോടെയായിരുന്നു. കാലാന്തരത്തിൽ അവയെല്ലാം സർവീസ് സംഘങ്ങളായി പരിണമിക്കുകയായിരുന്നു. അവർക്കും ധനവ്യാപാരത്തിന് അവസരമില്ലാത്ത നോൺ ക്രെഡിറ്റ് സ്വഭാവങ്ങളിൽനിന്ന് അതിനവസരങ്ങളുള്ള ക്രെഡിറ്റ് സൊസൈറ്റികളാവാനാണ് മോഹം. കോഫീ ബോർഡിൽ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ കക്ഷിരാഷ്ട്രീയ പരിഗണനകൾക്കും ട്രേഡ്​ യൂണിയൻ വേർതിരിവുകൾക്കും അതീതമായി സംഘടിപ്പിച്ചാണ് ഇന്ത്യൻ കോഫി ഹൗസ് എന്ന സഹകരണപ്രസ്ഥാനം എ.കെ.ജി. പടുത്തുയർത്തിയത്.

ഏതൊരു പ്രസ്ഥാനവും, അത് മതപരമോ പ്രത്യയശാസ്ത്രപരമോ ആകട്ടെ, അതിനെ അതിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ പ്രാപ്തമാക്കുന്നത് മൂല്യബോധമാണ്. ആത്മീയതയുടെ ധർമബോധം നഷ്ടപ്പെട്ട ഒരു മതവും പീഡിതനെ ചേർത്തുപിടിക്കുന്നില്ല. അതിനുള്ള നൈതികത അത് ഇതിനകം കളഞ്ഞുകുളിച്ചിരിക്കും. പിന്നെ അത് വാരിപ്പുണരുന്നത് മൂലധനത്തെയായിരിക്കും. ഇത് മതങ്ങൾക്കുമാത്രം ബാധകമായ ഒന്നല്ല. പ്രത്യയശാസ്ത്രങ്ങൾക്കും ഇത് ബാധകമാണ്. ഗാന്ധിയൻ ആദർശങ്ങൾക്കും ലോഹ്യയേറ്റ് ചിന്തയ്ക്കും മാർക്‌സിസത്തിനുമൊക്കെ എന്താണ് സംഭവിക്കുന്നത് എന്ന് വെറുതെ നോക്കിയാൽ പോലും നമുക്കിത് മനസ്സിലാകും. പ്രത്യയശാസ്ത്രങ്ങൾക്ക് ബാധകമാകുന്നത് ആത്മീയതയിലധിഷ്ടിതമായ ധർമബോധമല്ല. അവരുടെ നിസ്വവർഗങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയമാണ്. അത് നഷ്ടപ്പെടുന്നതോടെ എത് പ്രത്യയശാസ്ത്രവും മൂലധനശക്തികളുടെ കൈയിലെ കളിപ്പാവ മാത്രമാകും. രാഷ്ടീയനേതാക്കളും മതപുരോഹിതന്മാരും കോർപറേറ്റ് അകത്തളങ്ങളിൽ പരസ്പരം രമിക്കും. മതവും രാഷ്ട്രീയവുമൊക്കെ പകൽകൊള്ളയ്ക്കുള്ള മുഖംമൂടികൾ മാത്രമാകും. ഈ സിദ്ധാന്തം വിശദീകരിക്കാൻ കേരളം പോലെ ടിപ്പിക്കലായ മറ്റൊരു ഉദാഹരണം നമുക്ക് കണ്ടെത്താനാവില്ല. തങ്ങളുടെ കുഞ്ഞാടുകളെ തീറ്റിപ്പോറ്റാനും അവ തൊഴുത്തു മാറാതെ, ആ ചന്ദ്രതാരം തങ്ങളുടെ തൊഴുത്തിൽ തന്നെ നിൽക്കാനും, അതുവഴി അധികാരം എല്ലാകാലത്തും തന്റെ കൈയിൽ ഭദ്രമായിരിക്കാനുമുളള ഉപകരണങ്ങളിലൊന്നു മാത്രമാണവർക്ക് സഹകരണമേഖല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. വി. ബാലകൃഷ്ണൻ

എഴുത്തുകാരൻ. 'മതം ലൈംഗികത മൂലധനം പരിസ്ഥിതി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments