കറുപ്പിനെ അധിക്ഷേപിക്കുന്ന അദ്ധ്യാപകർ
വിദ്യാത്ഥികൾക്കും പൊതുസമൂഹത്തിനും നൽകുന്ന സന്ദേശമെന്ത്?

രാഷ്ട്രീയപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും കലാകാരരും അധ്യാപകരും വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമെല്ലാം അടങ്ങിയ പൊതുസമൂഹം നിരുപാധികം തള്ളിപ്പറഞ്ഞ കലാമണ്ഡലം സത്യഭാമ എന്ന അദ്ധ്യാപിക ഇനി അവരുടെ കലാ അധ്യാപനം തുടരണമോ വേണ്ടയോ എന്ന് സ്വയം തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

സാധാരണ, വിദ്യാഭ്യാസം ഒരു വ്യക്തിയെ പ്രത്യേകിച്ച്, അദ്ധ്യാപകരുൾപ്പെടെയുള്ളവരെ വിവേകത്തോടും യുക്തിസഹമായും ചിന്തിക്കാനും അവസരോചിതമായി പ്രവർത്തിക്കാനും പ്രാപ്തമാക്കുന്നതാണ്. വിദ്യാഭ്യാസം ലഭിച്ച ഒരു വ്യക്തി സമൂഹത്തെയും സാമൂഹ്യപ്രശ്നങ്ങളെയും കൂടുതൽ അടുത്തറിയുന്നവനും സാമൂഹ്യ പ്രശ്നങ്ങളെ വിമർശനാത്മകമായി കാണുകയും അത്തരം സങ്കീർണതകളെ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നവരുമായിരിക്കും.

നമ്മുടെ രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും സാമൂഹ്യനീതി പ്രശ്നങ്ങളെയെല്ലാം വളരെ പ്രായോഗികമായി അഭിമുഖീകരിച്ചുതുടങ്ങിയതും എല്ലാവർക്കും
സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതും നവോത്ഥാനം ഉള്‍പ്പടെ ഉണ്ടായതും പ്രത്യേകിച്ച്, വിദ്യാഭ്യാസത്തിന്റെ വളർച്ചയോടെയാണ്.

ജാതി, മതം. വർണം എന്നീ സാമൂഹ്യ പ്രശ്നങ്ങളെയും സാമൂഹ്യ ഉച്ചനീചത്വങ്ങളെയും ചെറുക്കുന്നതിൽ അധ്യാപക ലോകത്തിന് വലിയ പങ്കുണ്ടായിരുന്നു. അധ്യാപകർ നടത്തിയ അത്തരം പ്രവർത്തനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു സംഭവമാണ് ഈയിടെ ഒരു നൃത്താധ്യാപികയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഈ ഒരു സംഭവത്തെ സാമൂഹ്യനീതിയുടെ പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുകയാണ്.

വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയർ

കലാമണ്ഡലം സത്യഭാമ എന്ന അദ്ധ്യാപിക നർത്തകനായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെക്കുറിച്ച് നടത്തിയ അധിക്ഷേപം പുതുതലമുറയിലെ വിദ്യാത്ഥികൾക്കും പൊതുസമൂഹത്തിനും കൊടുക്കുന്ന സന്ദേശങ്ങൾ പലതാണ്; അത് വർണവിവേചനത്തിന്റെയും, വർണാശ്രമധർമങ്ങളുടെയും സന്ദേശമാണ്. സാമൂഹ്യനീതി പരസ്യമായി നിഷേധിക്കുന്നതിന്റേതാണ്, പ്രചോദനരഹിതവും അസഹിഷ്ണുതയും അല്പജ്ഞാനവും നിറഞ്ഞതുമായ അധ്യാപകരെക്കുറിച്ചുള്ളതാണ്, അതിലുപരി, കലയുടെ കമ്പോളവൽക്കരണത്തെക്കുറിച്ചുമാണ്.

ദലിതനും കറുത്തവനുമായ ആർ.എൽ.വി. രാമകൃഷ്ണൻ കലാരംഗത്ത് പ്രസിദ്ധനാകുന്നതിൽ വളരെ അസഹിഷ്ണുതയുള്ള ഒരു നൃത്താധ്യാപികയുടെ ജല്പനമായിട്ടേ അവരുടെ അധിക്ഷേപത്തെ കാണാനാകൂ. അവരുടെ വർത്തമാനങ്ങളിൽ പ്രതിഫലിക്കുന്ന ഒരു പ്രശ്നം നിറത്തിന്റേതാണ്. കറുത്ത നിറമുള്ളവർ പൊതുവെയും, കറുത്ത നിറമുള്ള ആൺകുട്ടികൾ പ്രത്യേകിച്ചും മോഹിനിയാട്ടം അവതരിപ്പിക്കാൻ പാടില്ലെന്നു പറയുമ്പോൾ ഒരു കലയുടെ അടിസ്ഥാന ഘടകങ്ങളിൽ മുഖ്യം നിറമാണെന്നാണ് അവർ പറഞ്ഞുവക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് അവരുടെ തന്നെ മറ്റൊരു പ്രസ്താവന: "എന്റെ കൂടെ നൃത്തം അഭ്യസിക്കുന്ന കറുത്ത കുട്ടികളോട് ഞാൻ പറയാറുണ്ട്, നിങ്ങൾ മത്സരത്തിൽ പങ്കെടുക്കരുതെന്ന്. മാത്രമല്ല കറുത്ത കുട്ടികൾ വല്ല ക്ഷേത്രത്തിലോ മറ്റു പരിപാടികളിലോ അവതരിപ്പിക്കാൻ വേണ്ടി മാത്രം നൃത്തം പഠിച്ചാൽ മതി’’.

രസകരവും അതിലുപരി ബ്രാഹ്മണിക്കൽ ഹെജിമണി പ്രതിഫലിപ്പിക്കുന്നതുമായ മറ്റൊരു പ്രസ്താവന ഇതാണ്: ‘‘കറുത്ത നിറമുള്ളവരെ ഞാൻ മോശമായി കാണുന്നില്ല. കാരണം ചില നായർ, നമ്പ്യാർ, ബ്രാഹ്മണ കുടുംബങ്ങളിൽ വളരെ സുന്ദരികളായ കറുത്ത കുട്ടികളുണ്ട്’’. എന്നാൽ ഇത്തരക്കാർക്ക് ഉത്സവപ്പറമ്പുകളിൽ പള്ള നിറക്കാൻ നൃത്തം പ്രദർശിപ്പിക്കുന്നതിനപ്പുറം മത്സരങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നോ പങ്കെടുക്കാമെന്നോ പറയുന്നില്ല. പക്ഷെ അവർ സുന്ദരികളാണ്, സൗന്ദര്യം നൃത്തത്തിന്റെ പ്രത്യേകിച്ച് മോഹിനിയാട്ടത്തിന്റെ അഭിവാജ്യഘടകമാണെന്നുപറയുമ്പോൾ ഇക്കൂട്ടർക്ക് നൃത്തം മത്സരത്തിനായും അഭ്യസിക്കാം, ഈ ടീച്ചർ പഠിപ്പിക്കുകയും ചെയ്യും എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നത് പച്ചയായ വർണ്ണവിവേചനമാണ്.

വർണ്ണം എന്നത് സംസ്കൃത പദമാണ്, അതിന്റെ അർത്ഥം നിറം അല്ലെങ്കിൽ വർഗ്ഗം എന്നാണ്. പുരാതന ഹൈന്ദവ സമൂഹം മാനവരാശിയെ നിറത്തിന്റെയും ജാതിയുടെയും പ്രവർത്തിയുടെയും അടിസ്ഥാനത്തിൽ നാലു തട്ടുകളായി തിരിച്ചിരുന്നു. ആ ഇരുണ്ട ഭൂതകാലത്തെ പുനരുദ്ദീപിപ്പിക്കുന്നതിനായുള്ള ആഹ്വാനമാണ് ആ അധ്യാപികയുടെ അധിക്ഷേപം.

വർണാശ്രമ ധർമപ്രകാരം ഓരോ വർണത്തിനും അന്നത്തെ സാമൂഹ്യക്രമം നിശ്ചയിക്കുന്ന തൊഴിലുകളുണ്ടായിരുന്നു. ജീവിതാവസാനംവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ തൊഴിലുകൾ ചെയ്തു ജീവിക്കുക എന്ന വർണാശ്രമധർമവ്യവസ്ഥ വർത്തമാനകാലത്തും തുടരണമെന്നാവണം ഇത്തരം വാദങ്ങളുടെ ഗൂഢലക്ഷ്യം. വർണാശ്രമധർമപ്രകാരം കറുത്ത വംശക്കാരൻ വിദ്യ അഭ്യസിക്കാൻ പാടില്ല, അതുപ്രകാരം അവൻ നൃത്തവും അഭ്യസിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലാത്തതാണ്. അഭ്യസിച്ചാലും മത്സരരംഗത്ത് വരരുത്, വല്ല പ്രദർശനങ്ങൾക്കും പോകാം എന്ന ഒരു അയവ് നൽകുന്നുണ്ട് എന്നത് മഹനീയ കാര്യമായി കാണണമായിരിക്കും.

ആർ.എൽ.വി രാമകൃഷ്ണൻ

സാമൂഹ്യനീതിയുടെ പരസ്യ നിഷേധം

സാമൂഹ്യ നീതി എന്ന ആശയം ഭരണഘടനയുടെ കരുതലുകളിലൊന്നാണ്. സാമൂഹ്യനീതിയെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അവകാശങ്ങൾ എന്നിവയുടെ പരിപ്രേക്ഷ്യത്തിൽ നോക്കുമ്പോൾ ഏതു മനുഷ്യർക്കും സർവ്വ പ്രവർത്തനങ്ങളിലും (നൃത്തം ഉൾപ്പെടെ) ഏർപ്പെടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന ഭരണഘടനയുടെ പരാമർശം പാടെ നിഷേധിക്കുന്നതാണ് ഈ നൃത്താധ്യാപികയുടെ സമീപനം.

കറുത്തവർ അല്ലെങ്കിൽ കീഴാളർ സവർണ്ണർക്കുമാത്രം തീറെഴുതിയ നൃത്തം എന്ന കല അഭ്യസിക്കരുത്, പൊതുവേദികളിൽ മത്സരിക്കരുത് എന്നാണ് ഈ വാദത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. അത് ഒരു മനുഷ്യന്റെ അവകാശമായ സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധത്തിന്റെ സ്വരമാണ്. സാമൂഹ്യ നീതിയെക്കുറിച്ച് സംസാരിക്കാനും അത് പ്രയോഗത്തിൽ വരുത്താനും ബാധ്യതയുള്ള ഒരു അധ്യാപികയ്ക്ക് ഇത്തരമൊരു ശ്രേണീകരണം നടത്തുന്നതിന് ആരാണ് അധികാരം നൽകിയത്?. .

പുരാതന ഹൈന്ദവ സമൂഹം മാനവരാശിയെ നിറത്തിന്റെയും ജാതിയുടെയും പ്രവർത്തിയുടെയും അടിസ്ഥാനത്തിൽ നാലുതട്ടുകളായി തിരിച്ചിരുന്നു.

പ്രചോദനമല്ലാതാകുന്ന അധ്യാപകർ

അദ്ധ്യാപകർക്കുണ്ടാകേണ്ട അവശ്യം ഗുണങ്ങളിലൊന്നാണ് പ്രചോദന ഗുണം. അതോടൊപ്പം, വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് മാറ്റിനിർത്തപ്പെടുന്ന ദുർബല- പാർശ്വവൽകൃത സമൂഹത്തെ മുഖ്യധാരയുമായി ഉൾ​ച്ചേർക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നവരാണ് അധ്യാപകർ. വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് അകന്നുപോകുമ്പോൾ അവരെ ചേർത്തുനിർത്താന പ്രചോദനമാകേണ്ട വ്യക്തിത്വമാണ് അധ്യാപകരുടേത്. എന്നാൽ കറുത്തവർ നൃത്തം ചെയ്യരുതെന്ന് പറയുന്ന അദ്ധ്യാപിക എന്ത് പ്രചോദനസന്ദേശമാണ് നൽകുന്നത്?.

ഇത്തരം അധ്യാപകർ വിദ്യാഭ്യാസം നിങ്ങൾക്ക് യോജിച്ചതല്ല എന്ന പ്രഖ്യാപനത്തിലൂടെ അവരെ പാർശ്വവൽക്കരിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യ ഉൾച്ചേരലുകൾക്ക് ഇത്തരം സമീപനങ്ങൾ ഒട്ടും ഗുണകരമാവില്ല, ഇത്തരം അധ്യാപകർ വിദ്യാഭ്യാസരംഗത്ത് തുടരണമോ വേണ്ടയോ എന്നത് തീരുമാനിക്കുന്നതിനുള്ള സാമൂഹ്യ സമ്മർദ്ദം സജീവമാകേണ്ട സമയമായിരിക്കുന്നു എന്നാണ്, സമീപകാലത്ത് ഒറ്റപ്പെട്ടതെങ്കിലും, പൊതുമണ്ഡലത്തിലെത്തിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അസഹിഷ്ണുവായ അധ്യാപകർ

അധ്യാപകർക്ക്, അത് നൃത്താധ്യാപകരായാലും മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നവരായാലും, ആവശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്നാണ് സഹിഷ്ണുത. സമൂഹത്തെ ജ്ഞാനസമൂഹമായി വളർത്തിയെടുക്കേണ്ട അധ്യാപകർ എത്രമാത്രം അസഹിഷ്ണുതയുള്ളവനാണെന്ന തെറ്റായ ആശയമാണ് ഈ നൃത്താധ്യാപികയുടെ സമീപനത്തിൽനിന്ന് വിദ്യാർത്ഥി സമൂഹവും അധ്യാപകരും പൊതുസമൂഹവും മനസ്സിലാക്കുന്നത്. ഒരുവേളയെങ്കിലും തെറ്റായ ആലോചനകൾ അധ്യാപകരിലുണ്ടാകുന്ന പക്ഷം ആത്മനിയന്ത്രണത്തിലൂടെയും സാമൂഹികമായ ഉൾക്കാഴ്ചയിലൂടെയും അത്തരം ചിന്തകളെ നിയന്ത്രിക്കാൻ കഴിയേണ്ടതാണ്. അതിനുപോലും സാധിക്കാതെ വർണ വിവേചനത്തിന്റെയും സാമൂഹ്യ അനീതിയുടെയും സന്ദേശങ്ങൾ നൽകുന്ന അധ്യാപകർ എത്രമാത്രം അസഹിഷ്ണുവായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?. ഡോ. ആർ. എൽ. വി രാമകൃഷ്ണന്റെ കലാരംഗത്തുണ്ടായ നേട്ടങ്ങളിൽ അവർ അത്രമാത്രം അസ്വസ്ഥയാകാൻ എന്താണ് കാരണം? നിറമല്ലാതെ മറ്റൊന്നുമല്ല എന്നുതന്നെയാണ് ഉത്തരം.

അധ്യാപകർക്ക് തീർച്ചയില്ലാത്ത കാര്യങ്ങൾ വിദ്യാർത്ഥികളൊട് വിളിച്ചുപറയരുത്. ഈ അദ്ധ്യാപിക, താൻ നടത്തിയ അധിക്ഷേപങ്ങളെ സമർത്ഥിക്കുന്നതിനായി പൊതുസമൂഹത്തോട് ചോദിക്കുന്ന ചോദ്യം ഇതാണ്, ‘‘കറുപ്പിന് സൗന്ദര്യമുണ്ടെങ്കിൽ എന്തുകൊണ്ടാണ് കറുത്തവർക്ക് സുന്ദരിപ്പട്ടം ലഭിക്കാത്തത്?’’. യഥാർത്ഥത്തിൽ ഇന്ത്യയിൽ മിസ് വേള്‍ഡായി 2000-ൽ  തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ചോപ്രയുൾപ്പെടയുള്ളവരുടെ നിറമെന്താണെന്ന് ഈ നർത്തകി അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അറിഞ്ഞിട്ട് അതിനെ മറച്ചുവെച്ചു എന്നുവേണം മനസ്സിലാക്കാൻ.

അതുപോലെ നൃത്തത്തിന്റെ ജഡ്ജ്മെന്റ് ഷീറ്റിൽ സൗന്ദര്യം എന്ന കോളത്തിൽ പരിഗണിക്കേണ്ട കാര്യങ്ങളെന്താണെന്ന് ചോദിക്കുമ്പോൾ വെളുപ്പല്ലാതെ മറ്റെന്ത് എന്നാണ് വാദം. അധ്യാപകരുടെ സൗന്ദര്യ നിരീക്ഷണം വെളുപ്പ് എന്ന കേവലവൃത്തത്തിലൊതുങ്ങുമ്പോൾ, അതിലധിഷ്ഠിതമായ വർണ, ജാതി രാഷ്ട്രീയമെന്താണെന്ന് ഏവർക്കും മനസ്സിലാകുന്നതാണ്.

2001 ലെ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ട നൈജീരിയയുടെ അഗ്ബാനി ഡാരെഗോയെ കിരീടമണിയിക്കുന്ന പ്രിയങ്ക ചോപ്ര

നൃത്തകലയുടെ കമ്പോളവൽക്കരണം

വർത്തമാനകാല കലാരംഗം പ്രത്യേകിച്ച് നൃത്തം അമിതമായ കമ്പോളവൽക്കരണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. അത് അത്യാവശ്യമാണെന്ന നവലിബറൽ ആശയങ്ങൾ കൂടി അദ്ധ്യാപിക വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും മുൻപിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നു. പുത്തൻ ചമയ സംവിധാനങ്ങളും ആടയാഭരണങ്ങളും ഉപയോഗിക്കുന്നതുവഴി കറുപ്പെന്ന നാണക്കേടിനെ മറച്ചുവെക്കാമെന്നാണ് അവരുടെ വാദം. അത്, ചമയക്കമ്പോളത്തിനുള്ള ഒരാഹ്വാനം കൂടിയാണ്.

അനേകം നാളത്തെ രാഷ്ട്രീയ- സാമൂഹ്യ ഇടപെടലുകളുടെയും പ്രക്ഷോഭങ്ങളുടെയും സമരപോരാട്ടങ്ങളുടെയും ഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, അവകാശങ്ങളുടേയുമൊക്കെ ആനന്ദങ്ങൾ. ഇവയൊക്കെ ചേർത്തുവെച്ചാണ് സാമൂഹ്യനീതി എന്ന് വിളിക്കപ്പെടുന്നത്. ഇവയിലേതെങ്കിലും നിഷേധിക്കപ്പെടുന്നത് അല്ലെങ്കിൽ നിഷേധിക്കാനുള്ള ആഹ്വാനങ്ങൾ നൽകുന്നത് സാമൂഹ്യനീതിനിഷേധത്തിൽനിന്നാണ്.

അധ്യാപക സമൂഹത്തിൽനിന്ന് ഇത്തരം നീതിക്കു നിരക്കാത്ത സമീപനങ്ങൾ പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. ദൗർഭാഗ്യവശാൽ അതു സംഭവിച്ചിരിക്കുന്നു. അത്തരം പുഴുക്കുത്തുകളെ നിർലോഭം ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളു. ആധുനിക സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം അനീതികൾക്കെതിരെ പോരാട്ടങ്ങൾ നയിക്കേണ്ടവർ അധ്യാപക-വിദ്യാത്ഥി സംഘടനകളും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരുമാണ്.

കലാപ്രവർത്തനങ്ങളിലേക്ക് എല്ലാ വിഭാഗം മനുഷ്യർക്കും കടന്നുവരാനാകണം. ദുർബലരെ ചേർത്തുപിടിക്കുന്ന സംസ്‍കാരം കൂടുതൽ ശക്തിപ്രാപിക്കേണ്ടതുണ്ട്. അവർക്ക് പ്രചോദനമാവുന്ന അധ്യാപകരും ഉണ്ടാവണം. രാഷ്ട്രീയപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും കലാകാരരും അധ്യാപകരും വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമെല്ലാം അടങ്ങിയ പൊതുസമൂഹം നിരുപാധികം തള്ളിപ്പറഞ്ഞ ഈ അദ്ധ്യാപിക ഇനി അവരുടെ കലാപ്രവർത്തനം തുടരണമോ വേണ്ടയോ എന്ന് സ്വയം തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

തന്റെ പേരിനറ്റം ചേർത്തുവച്ചിരിക്കുന്ന സ്ഥാപനം ഉൾപ്പെടെ തള്ളിപ്പറഞ്ഞിട്ടും സ്വന്തം തെറ്റ് മനസ്സിലാക്കാത്തിടത്താണ് ആ അധ്യാപികയുടെ കറുപ്പിനോടുള്ള വെറുപ്പും വിദ്വേഷവും അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കേണ്ടത്.

Comments