മഹാഭൂരിപക്ഷം ജനങ്ങളെയും ഭയപ്പെടുത്തിയും അടിച്ചമർത്തിയും നിലനിൽക്കുന്ന ഭരണകൂടങ്ങൾ പോലും തങ്ങളുടേതായ ഒരു ധാർമികത അതിന്റെ നടത്തിപ്പുന്യായമായി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കും. ‘ഇത് ഞങ്ങളുടെ ഇഷ്ടമാണ്, ഞങ്ങൾക്കങ്ങനെ തോന്നിയാൽ ഞങ്ങളങ്ങനെ ചെയ്യും, ആരുണ്ടിവിടെ ചോദിക്കാൻ’ എന്ന് അവർ പ്രത്യക്ഷമായി പറയുക വളരെ അപൂർവമായിരിക്കും. പകരം അത് എതിരാളികളോടുള്ള വെല്ലുവിളിയായി ഇടയ്ക്കൊക്കെ പറഞ്ഞാൽപ്പോലും, പൊതുവിൽ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണയിട്ടുകൊണ്ടുള്ള ഒരു യുദ്ധമായിട്ടാണ് തങ്ങളുടെ അധികാരപ്രയോഗങ്ങളെയെല്ലാം അവർ അവതരിപ്പിക്കുക.
എല്ലാത്തരം അധികാരഘടനയും അതിന്റേതായ ധാർമികത രൂപപ്പെടുത്തുന്നുണ്ട്. അത് ഏതുതരം അധികാരത്തെയാണ് നിലനിർത്തുന്നത് എന്നതാണ് പ്രശ്നം. ഏതു തരത്തിലുള്ള സമൂഹത്തെയാണ് അത് സൃഷ്ടിക്കുന്നത് എന്നതിലാണ് കുഴപ്പം. അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ഭരണകൂടങ്ങളും അധികാരവും സമൂഹവും നിരന്തരം തർക്കങ്ങളിലും ഏറ്റുമുട്ടലുകളിലും ഉൾപ്പെടുന്നതും അതിന്റെ കടുത്ത വൈരുധ്യങ്ങളിൽ നിന്നും പുതിയ രാഷ്ട്രീയവും പുതിയ ധാർമികതയും പുതിയ സാമൂഹ്യഘടനയും ഉണ്ടാകുന്നതും. ഈ പ്രക്രിയയുടെ നൈരന്തര്യമാണ് മനുഷ്യരാശിയെ കൂടുതൽ മെച്ചപ്പെട്ട നാഗരികതകളുടെ സ്ഥാപനത്തിലേക്ക് നയിക്കുന്നത്. അതിലെ ഇടർച്ചകളിലും തകർച്ചകളിലും നാം നൽകുന്ന വിലയും ഭയാനകമായിരിക്കും.
ഒരു ജൈവപ്രക്രിയ എന്ന നിലയിൽ ജനങ്ങളുടെ സാമൂഹ്യേച്ഛയെ പ്രതിഫലിപ്പിക്കാതിരിക്കുകയും ഭരണകൂടത്തിന്റെ അധികാരം എന്നത് വാസ്തവത്തിൽ ജനങ്ങളുടെ ജനാധിപത്യാധികാരങ്ങളെയും അവകാശങ്ങളെയും കൊള്ളയടിക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയാധികാര സംവിധാനത്തിൽ, ഭരണകൂടത്തിന് തങ്ങളുടെ ജനാധിപത്യ വിരുദ്ധതയെ പൊതുസമൂഹത്തിനുള്ളിൽ സാമൂഹ്യമായ സ്വീകാര്യതയുള്ള ഒന്നാക്കി മാറ്റേണ്ടതുണ്ട്. അതെത്ര ചെറിയൊരു വിഭാഗത്തിനു വേണ്ടിയായാൽപ്പോലും ഇത്തരത്തിലൊരു രാഷ്ട്രീയ- സാമൂഹ്യ ധാർമികതയെ സ്ഥാപിപ്പിച്ചെടുക്കുക എന്നത് വളരെ നിർണായകമായൊരു പദ്ധതിയാണ്. ജനാധിപത്യ സമൂഹം അതിന്റെ രാഷ്ട്രീയ- സാമൂഹ്യ ധാർമികതയെ നിരന്തര സംവാദങ്ങളിലൂടെയും ജനസമൂഹം പല രീതികളിലും ഇടപെടുകയും നിർണയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പരിപാടികളിലൂടെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കും. അതാണ് ജനാധിപത്യത്തിന്റെ ജൈവികമായ നൈരന്തര്യം, അതിന്റെ ആരോഗ്യവും. അതുകൊണ്ട് ജനാധിപത്യത്തിന്റെ രാഷ്ട്രീയപ്രക്രിയയുടെ നൈരന്തര്യമാണ് അതിന്റെ സ്ഥായിയായ ധാർമികത. മറ്റെല്ലാ ഉള്ളടക്കവും അതിനുള്ളിൽ നിരന്തരമായി ഉരുത്തിരിഞ്ഞുകൊണ്ടേയിരിക്കും.
എന്നാൽ, ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനോ ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രപദ്ധതിക്കോ ഈ പ്രക്രിയ അന്യമാണ്. അതിന്റെ ഘടന ഇത്തരത്തിലൊരു ജനാധിപത്യപ്രക്രിയയെ ഉൾക്കൊള്ളുന്നില്ല. എന്നാൽ തങ്ങളുടേതായ രാഷ്ട്രീയ- സാമൂഹ്യ ധാർമികതയുടെ നിർമ്മാണം അവർക്കുപേക്ഷിക്കാനാവുമില്ല. കാരണം ഏതു തരത്തിലുള്ള രാഷ്ട്രീയ- സാമൂഹ്യാധികാര ഘടനയ്ക്കും അതിന്റേതായ ധാർമികതയുടെ ന്യായങ്ങൾ ആവശ്യമാണ്. അതില്ലാതെ ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് നിലനിന്നുപോകാനാകില്ല. സ്വാഭാവികമായും ജനാധിപത്യത്തിന്റെ എതിർവശത്ത് നിൽക്കുന്ന ഇത്തരം രാഷ്ട്രീയ സംവിധാനങ്ങൾ പ്രചണ്ഡമായ പ്രചാരണ പ്രക്രിയ കൊണ്ട് ഈ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയെ പകരം വെക്കുന്നു.
പ്രത്യക്ഷത്തിൽ അത് ജനങ്ങളെ ഇളക്കിമറിക്കുകയും ജനങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യും. ഇപ്പോഴാണെങ്കിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ മുൻകാലങ്ങളിലേക്കാൾ നൂറുമടങ്ങ് വ്യാപ്തിയിൽ ഇത് നടത്താനാകും. എന്നാൽ, സാന്നിധ്യത്തിനും ആൾക്കൂട്ട ഉന്മാദത്തിനുമപ്പുറം രാഷ്ട്രീയാവകാശങ്ങളും അധികാരങ്ങളുമുള്ള ഒരു ജനത്തെ അവിടെ കാണാനാവില്ല. ജനങ്ങളുടെ സക്രിയമായ പങ്കാളിത്തം ആ പ്രക്രിയയിലില്ല. എന്നാൽ ജനങ്ങൾക്കിടയിൽ തങ്ങളെ വലിയ തോതിൽ പരിഗണിക്കുന്നുവെന്നും കേൾക്കുന്നുവെന്നും തങ്ങൾക്കുവേണ്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും തോന്നിപ്പിക്കാൻ ഇതുകൊണ്ട് കഴിയും. ഭരണകൂടത്തിന് പുറമെ സൂക്ഷ്മമായ സാമൂഹ്യാധികാരഘടനകളിലും ഒരു വലിയ വിഭാഗം എന്ന നിലയിൽ ജനങ്ങളെ കൈകാര്യം ചെയ്യുന്ന ഏതൊരു രാഷ്ട്രീയ-സാമൂഹ്യാധികാര പ്രക്രിയയയിലും ഇത് നടക്കും. അങ്ങനെ വ്യാജമായ നിർവൃതിയുടെ സീൽക്കാരങ്ങൾ മുഴക്കുന്ന ആൾക്കൂട്ടം ഒരൊറ്റ ചായത്തിൽ മുഖമില്ലാതെ വരച്ചുവെച്ച കോലങ്ങൾ മാത്രമാണ്. അവർ ജനാധിപത്യപ്രക്രിയയുടെ എതിരാളികളായി മാറും. ഫാഷിസം അതിന്റെ ബഹുജനപിന്തുണ സൃഷ്ടിക്കുമ്പോൾ ഇത്തരത്തിൽ ജൈവമായ ജനാധിപത്യ പ്രക്രിയയയുടെ എതിരാളികളായി രൂപപ്പെടുത്തിയ ഒരു വലിയ ജനസമൂഹത്തിന്റെ പിന്തുണകൂടി ഉറപ്പുവരുത്തുന്നു.
ഒരു സമഗ്രാധിപത്യ ഭരണകൂടം എങ്ങനെയാണോ ജനങ്ങളെ കേവലം കാഴ്ചക്കാരായും അവരെ വരികളിലൊതുങ്ങിനിൽക്കുന്ന അച്ചടക്കസദസുകളായും മാറ്റുന്നത് എന്നത് ചരിത്രത്തിൽ ധാരാളമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്.
ഇത് ഫാഷിസ്റ്റ് ഭരണകൂടങ്ങളും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘടനകളും മാത്രമല്ല ചെയ്യുന്നത്, വളരെ പ്രതിബദ്ധതയോടെ സമഗ്രാധിപത്യ ഭരണകൂടങ്ങളും അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയഘടനകളുമൊക്കെ ചെയ്യുന്നതാണിത്. ഫാഷിസത്തിന്റെ പ്രയോഗപരിപാടിയുടെ കൈപ്പുസ്തകമാണ് ഇതേറ്റവും കൃത്യമായി ചെയ്യുന്നത്. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരും അതിനെ സാധ്യമാക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഇപ്പോൾ ചെയ്യുന്നത് ഒരുതരത്തിൽ ഇതാണ്. രാഷ്ട്രീയാധികാരത്തിൽ എത്തുന്നതിനു മുമ്പുള്ള സംഘപരിവാർ പ്രചാരണപരിപാടികളിൽ നിന്ന് ബഹുകാതങ്ങൾ മുന്നോട്ടുപോവുകയും എന്നാൽ അതിന്റെ അടിസ്ഥാനതത്വങ്ങളൊന്നും മാറ്റാതിരിക്കുകയും ചെയ്യുന്ന പ്രചാരണസംവിധാനമാണ് ബി ജെ പിയുടേയും മോദി സർക്കാരിന്റേതും. ഈ പ്രചാരണ സംവിധാനത്തിന്റെ അധികാരയുക്തിയെയാണ് കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും അതിന്റെ രാഷ്ട്രീയസംഘങ്ങളും പിന്തുടരുന്നത് എന്നത്, നിർഭാഗ്യകരമെങ്കിലും വസ്തുതയാണ്.
ജനങ്ങളെ അവരുടെ ജനാധിപത്യ രാഷ്ട്രീയാവകാശങ്ങളുടെ നടത്തിപ്പിൽ നിന്ന് അകലങ്ങളിലേക്ക് മാറ്റുകയും രക്ഷാധികാരികളായി മാറുന്ന നേതാക്കൾക്ക് ആർപ്പുവിളിക്കുന്ന ആൾക്കൂട്ടമാക്കി മാറ്റുകയും ചെയ്യുന്ന പരിപാടിയാണ് കേരളത്തിൽ നവകേരള സദസ് എന്ന, പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രചാരണയാത്ര. നവകേരള രഥയാത്ര എന്ന് വിളിക്കാവുന്ന ഒന്നാണതെന്ന് തുടക്കം മുതലേ തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു സമഗ്രാധിപത്യ ഭരണകൂടം എങ്ങനെയാണോ ജനങ്ങളെ കേവലം കാഴ്ചക്കാരായും അവരെ വരികളിലൊതുങ്ങിനിൽക്കുന്ന അച്ചടക്കസദസുകളായും മാറ്റുന്നത് എന്നത് ചരിത്രത്തിൽ ധാരാളമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒരു സംഗതിയാണ്. എന്തുതരം രാഷ്ട്രീയമാണ് നിങ്ങൾ സംവദിക്കുന്നത് എന്നതിനെയും എന്തുതരം രാഷ്ട്രീയാവബോധമാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നതിനെയും ആശ്രയിച്ചു മാത്രമാണ് ഒരു രാഷ്ട്രീയപരിപാടിയെ വിലയിരുത്തേണ്ടത്. അത്തരത്തിൽ നോക്കിയാൽ കേരളത്തിലെ ‘പിണറായി വിജയൻ സർക്കാർ’ നടത്തുന്ന നവകേരള സദസ് ഫാഷിസ്റ്റ്, സമഗ്രാധിപത്യ പ്രചാരണ പരിപാടികളുടെ മാതൃകയിൽ, സമഗ്രാധിപത്യ ഭരണകൂട സംവിധാനത്തിന്റെ ധാർമികതയെ പൊതുബോധമാക്കി മാറ്റാൻ ശ്രമിക്കുന്നൊരു ഭരണകൂട രാഷ്ട്രീയ പദ്ധതിയാണ്.
നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം അഥവാ 'നവകേരളരഥം' വേദികൾക്കരികിലേക്കെത്തുമ്പോൾ അനുയായികൾ വാഹനത്തിനു മുന്നിലേക്ക് ആർപ്പുവിളിച്ച് പൂവെറിഞ്ഞാണ് സ്വീകരിക്കുന്നത്.
ജനാധിപത്യത്തെക്കുറിച്ചുള്ള തലതിരിഞ്ഞ യുക്തിയിൽ നിന്നാണ് നവകേരള രഥയാത്ര തുടങ്ങുന്നത്. അധികാരം ജനങ്ങൾക്ക് എന്ന രാഷ്ട്രീയ പരിപാടിക്കുപകരം മന്ത്രിസഭയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് ഒന്നിച്ചു ചെല്ലുന്നു എന്ന കെട്ടുകാഴ്ചയാണ് ആഘോഷിക്കപ്പെടുന്നത്. ഇത് ബൂർഷ്വാ ജനാധിപത്യത്തിലെ 'കാര്യക്ഷമമായ ഭരണം' (Good Governance) എന്ന ചട്ടക്കൂടിൽപ്പോലും വളരെ പിന്തിരിപ്പനായ ഒരു ആശയമാണ്. ഇത് മുന്നോട്ടുവെക്കുന്നത് ജീർണമായ ഫ്യൂഡൽ അധികാരബന്ധങ്ങളുടെ ഛായാചിത്രങ്ങളാണ്. പ്രജാക്ഷേതത്പരനായി നടിക്കുന്ന രാജാവിന്റെ എഴുന്നള്ളത്തിനു സമമാണ് ഈ പരിപാടി. അതിന്റെ സംഘാടനം പോലും അമ്പരപ്പിക്കും വിധത്തിൽ അത്തരം ഫ്യൂഡൽ മാതൃകകളെ പിന്തുടരുന്നതാണ്. നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം അഥവാ 'നവകേരളരഥം' വേദികൾക്കരികിലേക്കെത്തുമ്പോൾ അനുയായികൾ വാഹനത്തിനു മുന്നിലേക്ക് ആർപ്പുവിളിച്ച് പൂവെറിഞ്ഞാണ് സ്വീകരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ പരിപാടിയാണതൊക്കെ. അത്തരം പരിപാടികളിലെ ജനാധിപത്യവിരുദ്ധമായ അശ്ലീലം തിരിച്ചറിയാനുള്ള സാമാന്യമായ ജനാധിപത്യബോധം നഷ്ടപ്പെട്ടു എന്നുമാത്രമല്ല അതാസ്വദിക്കുന്ന പുത്തൻ രാജാക്കന്മാരായി കമ്യൂണിസ്റ്റുകാർ എന്നവകാശപ്പെടുന്ന ഒരു സംഘം മാറി എന്നത് ചരിത്രത്തിലെ മറ്റൊരു ദുരന്തമാണ്.
മന്ത്രിസഭയെ ജനങ്ങൾ ദീപം തെളിച്ചും പൂക്കളമിട്ടും വരവേറ്റു എന്നാണ് മന്ത്രിസഭയിലെ ഒരംഗം എഴുതിയത്. തങ്ങളുടെ അധികാരപദവി ഏതു തലത്തിലാണ് എന്നത് എത്ര സൂക്ഷ്മമായാണ് അവർ നിർമിച്ചെടുക്കുന്നത് എന്നാണത് കാണിക്കുന്നത്. പ്രജകൾ പൂക്കളമിട്ട് വരവേൽക്കുന്ന മഹാദാനശാലിയായ മഹാബലിയായി, മലയാളിയുടെ രാജാക്കന്മാരായി അവർ തങ്ങളെ പ്രതിഷ്ഠിക്കുകയാണ്. നവകേരള സദസിന്റെ ദൈനംദിന പ്രചാരണങ്ങളിൽ മന്ത്രിമാർ നിറയ്ക്കുന്നതിൽ പാതിയും ഔദാര്യത്തിന്റെ കഥകളാണ്. ചികിത്സാസഹായം മുതൽ ഏതെങ്കിലും ബുദ്ധിമുട്ടുള്ള ഒരു മനുഷ്യനെ സഹായിക്കുകയും അതൊരു ഔദാര്യ വാർത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
ജനാധിപത്യ ബോധമുള്ള പൗരസമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെ നടത്തിക്കൊടുക്കാനുള്ള ബാധ്യതയെ തങ്ങളുടെ ഔദാര്യത്തിന്റെയും മഹാമനസ്കതയുടെയും പ്രകടനപരതയുടെ ജീർണ്ണസാക്ഷ്യങ്ങളാക്കി മാറ്റി, മനുഷ്യരുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും ഒരു വിലയുമില്ലാതെ വെറും പരസ്യങ്ങളാക്കി അവഹേളിക്കുകയാണ് അവർ ചെയ്യുന്നത്. ഏതെങ്കിലും പൗരർക്ക് എന്തെങ്കിലും സഹായം നവകേരള സദസിൽ ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമായി നൽകിയാൽ അത് അന്നുതൊട്ടുള്ള എല്ലാ സദസുകളിലും മന്ത്രിമാരടക്കം വിളിച്ചുപറയും. അതൊരു മഹാകാര്യമായി ഘോഷിക്കും. ഒരു രോഗത്തിന് ചികിത്സ ഏർപ്പാടാക്കിയ കാര്യമോ, വല്ല വില്ലേജാപ്പീസിലും മുടങ്ങിക്കിടക്കുന്ന കടലാസ് ശരിയാക്കിയ കാര്യമോ ഒക്കെയാണ് ഈ എഴുന്നള്ളത്തിലെ മഹാസംഭവങ്ങൾ. മന്ത്രിസഭ മുഴുവനും ഒരു ബസിൽ കയറി നാടു ചുറ്റി ശരിയാക്കുന്ന പരിപാടികളാണ് ഇതൊക്കെ!
മന്ത്രിസഭ ജനങ്ങളിലേക്കിറങ്ങിവരുന്ന ഈ നാടകം വാസ്തവത്തിൽ ജനാധിപത്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഒരു നിശ്ചിതകാലത്തേക്ക് ഭരിക്കാനുള്ള ചുമതലകൾ നല്കുമ്പോഴുള്ള കരാറിലെ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള പുച്ഛത്തിൽ നിന്നാണുണ്ടാകുന്നത്. എങ്ങോട്ടെങ്കിലും ഇറങ്ങിവരാൻ വേണ്ടി മുകളിലേക്ക് കയറ്റിവിടുന്നതല്ല ഈ ജനപ്രതിനിധികളെയും മന്ത്രിമാരെയും. നാല് കോടി മലയാളികൾക്ക് ഒരുമിച്ചിരുന്ന് ഭരിക്കുക എന്നത് സാധ്യമല്ലാത്തതുകൊണ്ട് അതിനുള്ള ചുമതല സാമൂഹ്യവും രാഷ്ട്രീയവുമായ നിരന്തരമായ പൊതുസമൂഹ പരിശോധനകൾക്ക് വിധേയമായി നടത്തുക എന്നതാണ് ഭരിക്കുന്നവരുടെ ചുമതല. അതിനുവേണ്ടത് ജനങ്ങളുടെ പൗരാവകാശങ്ങളെ, ഭരണനിർവ്വഹണത്തിലുള്ള അവരുടെ ഇടപെടലുകളെ, അത്തരം ഇടപെടലുകൾക്കുള്ള പല തലങ്ങളിലുള്ള വേദികളെ, ജനങ്ങൾക്ക് നേരിട്ട് ഭരണനിർവ്വഹണത്തെയും അതിനെ നിശ്ചയിക്കുന്ന രാഷ്ട്രീയ നയപരിപാടികളെയും പരിശോധിക്കാനും അതിനെ നിർണയിക്കാനും കഴിയുന്ന അധികാരത്തെ ഭരണാധികാരസംവിധാനത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള അവകാശങ്ങൾ സംവിധാനത്തിന്റെ ഭാഗമാകേണ്ടത് നവകേരള സദസ് പോലുള്ള പ്രചാരണ, പൊറാട്ട് നാടകങ്ങളിലൂടെയല്ല. മറിച്ച് കൃത്യമായ രാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിൽ ഉരുത്തിയേണ്ടതും ജനങ്ങളിൽനിന്ന് തിരിച്ചെടുക്കാൻ കഴിയാത്തവിധത്തിൽ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാകേണ്ടതുമായ വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ സൃഷ്ടിയിലൂടെയാണ്. പന്തലുകെട്ടി, ആളെക്കൂട്ടി, ഗാനമേള നടത്തി, ചെണ്ടമേളവും തിരുവാതിരയും നടത്തി, രാജാവെഴുന്നള്ളുന്നേ എന്ന കുരവ വിളിയോടെ നടത്തുന്ന നവകേരള സദസ് എന്ന രഥയാത്രയും അതിന്റെ പ്രഘോഷണവേദികളും അങ്ങനെയൊരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തെയല്ല സൃഷ്ടിക്കുന്നത്. മറിച്ച് അത് രൂപപ്പെടുത്തുന്നത് പൗരാവകാശങ്ങളെയും ജനാധിപത്യ രാഷ്ട്രീയാവകാശങ്ങളെയും ഭരണനിർവ്വഹണത്തിന്റെ ബഹുതലങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ കഴിയാതെ പരാജയപ്പെടുന്നൊരു ജനതയെയാണ്.
മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്നതിന് തിക്കിത്തിരക്കുന്ന ഒരു ജനതയെ സാമോദം പ്രദർശിപ്പിക്കുന്ന മന്ത്രിമാർ എന്തുതരം പൗരസമൂഹത്തെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നത് നവകേരള സദസ് നൽകുന്ന പാഠങ്ങളിലൊന്നാണ്.
ജനങ്ങൾക്ക് അപ്രാപ്യരാണ് മന്ത്രിമാരും ഭരണസംവിധാനവുമെന്ന ഗതികേട് പരിഹരിക്കേണ്ടത് അത്തരം മേൽക്കീഴ് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്ന ഇത്തരം പരിപാടികളിലൂടെയല്ല. ‘നവകേരള രഥയാത്ര’യിലെ മന്ത്രിമാരുടെ ബഹുജനസമ്പർക്ക നാടകങ്ങളെല്ലാം ഇത്തരം ഫ്യൂഡൽ ഭാഷ്യങ്ങളെയാണ് ശക്തിപ്പെടുത്തുന്നത്. വേലികൾക്കപ്പുറത്ത് നിർത്തിയിരിക്കുന്ന ജനങ്ങൾ, അവർ മന്ത്രിയെ കാണുന്നതോടെ അതിനപ്പുറത്ത് സുരക്ഷാ (അതാണ്, ജനങ്ങളിലേക്ക് ഇറങ്ങുന്നതിലെ കരുതൽ!) വേലിയിലേക്ക് തള്ളിനിൽക്കുന്നു. അവർക്ക് തിക്കിത്തിരക്കിനിൽക്കാനുള്ള ഇടമേയുള്ളൂ. മന്ത്രി സുഗമമായി നടക്കാനുള്ള ഇപ്പുറത്തുകൂടെ നടന്ന് ആളുകൾക്ക് കൈകൊടുത്ത് ജനങ്ങളെ സന്തോഷിപ്പിക്കുന്നു. വേലിക്കപ്പുറത്ത് തിക്കിത്തിരക്കുന്ന ജനവും ഇപ്പുറത്ത് സുഗമഗമന സ്വതന്ത്രനായ മന്ത്രിയും എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ. നമ്മൾ തെരഞ്ഞെടുത്തയച്ച, ഒരു നിശ്ചിതകാലത്തേക്ക് ഭരണനിർവ്വഹണത്തിനുള്ള രാഷ്ട്രീയചുമതലയേൽപ്പിച്ചുകൊടുത്ത, ജനങ്ങളുടെ പ്രതിനിധികളായ ആളുകൾ എങ്ങനെയാണ് ഇത്തരത്തിൽ സ്വയം "താരങ്ങളായി" പ്രഖ്യാപിക്കുന്നത് എന്നത് വളരെ ബോധപൂർവ്വം നടത്തുന്നൊരു പരിപാടിയാണ്. മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്നതിന് തിക്കിത്തിരക്കുന്ന ഒരു ജനതയെ സാമോദം പ്രദർശിപ്പിക്കുന്ന മന്ത്രിമാർ എന്തുതരം പൗരസമൂഹത്തെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നത് നവകേരള സദസ് നൽകുന്ന പാഠങ്ങളിലൊന്നാണ്.
ജനങ്ങളുമായി സംവദിക്കാനുള്ള മന്ത്രിസഭയുടെ /സർക്കാരിന്റെ പരിപാടിയാണ് നവകേരള സദസ് എന്നത് വെറും വ്യാജമായ പ്രചാരണമാണ്. ഇതിൽ സംവാദവുമില്ല, ആശയങ്ങളുടെയോ അഭിപ്രായങ്ങളുടെയോ കൊടുക്കൽ വാങ്ങലുകളുമില്ല. ബഹുജനങ്ങളോടുള്ള ആശയവിനിമയത്തിനുള്ള പൊതു ഉപാധികളും, സാങ്കേതിക സംവിധാനങ്ങളും വളരെ ഏകപക്ഷീയമായി ഉപയോഗിക്കുന്ന, കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ‘നേതാവേ അങ്ങാണ് ശരി’ എന്ന് പാവകളെപ്പോലെ പറയാൻ ബോധാബോധങ്ങളിൽ പരിശീലിപ്പിക്കപ്പെട്ട ആസൂത്രിത ആൾക്കൂട്ടത്തിനു മുന്നിൽ നടത്തുന്ന ആവർത്തനവിരസമായ തങ്ങൾപ്പോരിമയുടെ കഥാകഥനങ്ങളെ ‘സംവാദം’ എന്നൊക്കെ വിളിക്കുന്നതിലൂടെ നമ്മുടെ സമൂഹത്തിൽ സംവാദമെന്ന ആശയത്തിന് വന്ന രൂപമാറ്റമാണ് നമ്മെ ഞെട്ടിക്കേണ്ടത്.
ഇടതുപക്ഷ രാഷ്ട്രീയം നിലവിലെ ഭരണവ്യവസ്ഥയ്ക്കുള്ളിൽ ഇടപെടുമ്പോൾ 'അധികാര വികേന്ദ്രീകരണം' എന്ന പരിപാടി നടപ്പാക്കാൻ ശ്രമിക്കേണ്ടത്, അതൊരു രാഷ്ട്രീയ പരിപാടിയാണ് എന്നതുകൊണ്ടാണ്.
ജനങ്ങൾക്കിടയിലെ രാഷ്ട്രീയ സംവാദവും ജനങ്ങളുമായുള്ള രാഷ്ട്രീയസംവാദവും ഒരു ജനാധിപത്യ സമൂഹത്തിൽ നടക്കേണ്ടത് ഇത്തരം ഏകപക്ഷീയ ഭരണകൂട ഭാഷണങ്ങളിലൂടെയല്ല. ഇത് കേന്ദ്രത്തിലെ മോദി സർക്കാർ അതിന്റെ ഫാഷിസ്റ്റ് പ്രചാരണ പരിപാടിയിലൂടെ നടത്തുന്ന ‘ജനസംവാദ’ത്തിന്റെ മറ്റൊരു പതിപ്പാണ്. സർവ്വശക്തനായ നേതാവിനു ചുറ്റും ഇരമ്പുന്ന അനുസരണയുള്ള ആൾക്കൂട്ടമാണ് ജനാധിപത്യമെന്ന നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ജനാധിപത്യ വിരുദ്ധമായൊരു പൊതുബോധത്തെ, അതിന്റെ രാഷ്ട്രീയ ധാർമികതയെ സൃഷ്ടിച്ചെടുക്കുകയാണ്. പ്രതിഷേധങ്ങളെയും വിമതശബ്ദങ്ങളെയും അടിച്ചമർത്തുകയും പല രൂപത്തിൽ ഒതുക്കുകയും ചെയ്യുന്ന ഭരണകൂടം തങ്ങൾക്ക് പരിപൂർണനിയന്ത്രണമുള്ളൊരു സദസിനോട് നടത്തുന്ന വിരസഭാഷണങ്ങളെ ‘സംവാദം’ എന്ന് വിളിക്കുന്നതിലും വലിയ തമാശയെന്തുണ്ട്?
ഇടതുപക്ഷ രാഷ്ട്രീയം നിലവിലെ ഭരണവ്യവസ്ഥയ്ക്കുള്ളിൽ ഇടപെടുമ്പോൾ 'അധികാര വികേന്ദ്രീകരണം' എന്ന പരിപാടി നടപ്പാക്കാൻ ശ്രമിക്കേണ്ടത്, അതൊരു രാഷ്ട്രീയ പരിപാടിയാണ് എന്നതുകൊണ്ടാണ്. അത് കേവലമായ മെച്ചപ്പെട്ട ഭരണനിർവഹണ പരിപാടി മാത്രമായല്ല. കേന്ദ്രീകൃത മഹാഭൂരിപക്ഷം ജനങ്ങളെയും ഭരണാധികാരത്തിന്റെയും ഭരണനിർവഹണത്തിന്റെയും പുറത്തുനിൽനിക്കുന്ന വെറും വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമാക്കി ചുരുക്കുകയും ചെയ്യുന്ന വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള അധികാരാവകാശങ്ങളെ വിശാലമാക്കുന്നതിനാണ് ഇടതുപക്ഷം അധികാര വികേന്ദ്രീകരണത്തെ ഒരു രാഷ്ട്രീയ പരിപാടിയാക്കുന്നത്. അത് പഞ്ചായത്തിൽ കിണറു കുത്താനോ പാലം പണിയാനോ മാത്രമുള്ളതല്ല. കേന്ദ്രീകൃത ഭരണകൂട സംവിധാനത്തെ ദുർബ്ബലമാക്കുകയും ജനങ്ങളുടെ ജനാധിപത്യാധികാരത്തെ സാധ്യമാകുന്നത്ര വിപുലമാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ പരിപാടിയാണത്. അത്തരത്തിലുള്ള അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയ പരിപാടിക്ക് പകരം മന്ത്രിസഭാ മുഴുവൻ ഒരു ബസിൽ കയറി, കുറെ ഉദ്യോഗസ്ഥരെയും കൂട്ടി നടത്തുന്ന ഈ പരിപാടി എന്ത് തരം അധികാര വികേന്ദ്രീകരണ രാഷ്ട്രീയമാണ് രൂപപ്പെടുത്തുന്നത്?
"എല്ലാ അധികാരവും സോവിയറ്റുകൾക്ക്" എന്നത് റഷ്യൻ വിപ്ലവത്തിലെ മുദ്രാവാക്യമായിരുന്നു. വിപ്ലവം നടന്നില്ലെങ്കിലും ബൂർഷ്വാ ജനാധിപത്യത്തിനുള്ളിലും അധികാരം ജനങ്ങൾക്ക് എന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ മുദ്രാവാക്യമാണ്. സാധ്യമായത്ര അത് നേടിയെടുക്കുകയും അതിനപ്പുറത്തേക്കുള്ളതിനുവേണ്ടി നിരന്തരമായ സമരം നടത്തുകയും ചെയ്യുകയാണ് വേണ്ടത്. എന്നാൽ എല്ലാ അധികാരവും നവകേരള രഥത്തിലേക്ക് എന്ന മട്ടിലുള്ള കോമാളിത്തരത്തതിനെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏതെങ്കിലുമൊരു ഭാഗംകൊണ്ടുപോലും ന്യായീകരിക്കാനാകില്ല. ഇതതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ച എല്ലാ പ്രയോഗഭാവനകളുടെയും മരണമാണ് നാം കാണുന്നത്.
അതുകൊണ്ടാണ് മന്ത്രിസഭയുടെ എഴുന്നള്ളത്തിന് പൗരപ്രമുഖർക്കൊപ്പം പ്രാതലെന്ന പരിപാടിയൊക്കെ അവർക്ക് ഇത്രയേറെ സ്വാഭാവികമായി തോന്നുന്നത്. കെ- റെയിൽ പദ്ധതി വിശദീകരിച്ചതും പൗരപ്രമുഖർക്ക് മുന്നിലായിരുന്നു എന്നോർക്കണം. അതായത് കേരളത്തിന്റെ പൊതുസമ്പത്തിൽനിന്ന് ലക്ഷക്കണക്കിന് കോടി രൂപ ചെലവാകുന്ന, കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിലെ മാറ്റങ്ങളിൽ കേവലം ധനികരെ ചുമക്കുന്ന പല്ലക്കായി മാറുന്നൊരു പദ്ധതിയെക്കുറിച്ച് സർക്കാരിന് വിശദീകരിക്കാൻ തോന്നിയത് ക്ഷണിച്ചുവരുത്തിയ പൗരപ്രമുഖർക്ക് മുന്നിലായിരുന്നു!
അതേ പൗരസങ്കൽപ്പനത്തിന്റെ തുടർച്ചയാണ് നവകേരള സദസിന്റെ ഭാഗമായുള്ള പൗരപ്രമുഖ പ്രാതൽ. ഒരു പ്രാതലിൽ ഒരു സംവാദവും നടക്കില്ല എന്ന് നമുക്കറിയാം. അപ്പോൾപിന്നെ എന്താണ് നടക്കുന്നത്. മഹാരാജാവിനൊപ്പവും മന്ത്രിമാർക്കൊപ്പവുമൊക്കെ ഇരിക്കാവുന്ന കുറച്ചു പൗരപ്രമുഖരെ വിളിച്ചുവരുത്തുകയാണ്. ജനാധിപത്യത്തിൽ പൗരപ്രമുഖരില്ല, പൗരന്മാരേയുള്ളു. നാനാകോണുകളിൽ നിന്ന് ഇതിനെതിരെയുള്ള വിമർശനങ്ങൾ ഉയർന്നപ്പോൾ തങ്ങളുടെ ദയാദാക്ഷിണ്യങ്ങളുടെ കഥകളിലെ കഥാപത്രങ്ങളായി പരസ്യചിത്രീകരണം നടത്താൻ സാധ്യതയുള്ള, തങ്ങൾക്ക് മുന്നിൽ തുല്യതാബോധത്തോടെ നിർത്താത്ത, ‘സാധാരണക്കാർ’ എന്ന് വീണ്ടും വീണ്ടും വിളിക്കപ്പെടുന്ന, ഇവരാണ് ഞങ്ങളുടെ പൗരപ്രമുഖർ എന്ന വാത്സല്യം നിറയ്ക്കുന്ന മനുഷ്യരെ വേഷംകെട്ടിച്ചിരുത്തുന്ന ഒരു ഭാഗംകൂടി പൗരപ്രമുഖ പ്രാതലിനൊപ്പം കൂട്ടിച്ചേർത്തു. ആർക്കാണ് മന്ത്രിക്കൊപ്പമിരുന്ന് പ്രാതൽ കഴിക്കേണ്ടത്? ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കൊപ്പമിരുന്ന് പ്രാതൽ കഴിക്കുന്നതിൽ എന്താണൊരു പ്രത്യേകത? എങ്ങനെയാണ് ‘ബസിലെ മന്ത്രിസഭ’ ‘സാധാരണ പൗരരേക്കാൾ’ വലിയവരാകുന്നത്? എന്തുതരം ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ തുല്യതയാണ് നിങ്ങളുടെ ഈ ഒപ്പമിരുത്തി ഊട്ടുന്ന പ്രാതൽ നാടകങ്ങൾ?
നവകേരള രഥയാത്രക്കുനേരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധമടക്കമുള്ള പ്രതിഷേധങ്ങളെ സർക്കാരും അതിനു നേതൃത്വം നൽകുന്ന ഭരണകക്ഷികളും കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ പൊതുസമൂഹത്തിൽ നിന്നുമുള്ള ജനാധിപത്യചോർച്ചയുടെ അപായകരമായ വേഗത്തിനെയാണ് കാണിക്കുന്നത്. മന്ത്രിസഭയുടെ സംരക്ഷണത്തിന് പോലീസ് മാത്രമല്ല ഭരണകക്ഷിയുടെ രാഷ്ട്രീയ സംഘടനസേന കൂടി ഒപ്പം സഞ്ചരിക്കുകയും വഴിയിൽ നിന്ന് കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്നവരെ പൊലീസും ഈ രാഷ്ട്രീയ സംഘവും ചേർന്ന് മർദ്ദിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നതിനെ യാതൊരു മടിയുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു എന്നുമാത്രമല്ല വീണ്ടും അങ്ങനെത്തന്നെയാണ് ചെയ്യേണ്ടത് എന്നദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മന്ത്രിസഭയിലെ മറ്റംഗങ്ങളും ‘നാട്ടുകാർ കൈകാര്യം ചെയ്യും’ എന്ന ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു.
തങ്ങൾക്ക് വേണ്ടപ്പെട്ട സമരങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ മാത്രം നടക്കുന്ന നിയന്ത്രിത ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ എപ്പോഴത്തെയും ആവശ്യം.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശത്തെ എങ്ങനെയാണോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം നാനാവിധ വഴികളിലൂടെ അടിച്ചമർത്തുന്നത്, അതേ കൈപ്പുസ്തകമാണ് പിണറായി വിജയൻ സർക്കാരും അതിന്റെ രാഷ്ട്രീയ സംഘടനകളും ഉപയോഗിക്കുന്നത്. സർക്കാരിനോ മന്ത്രിമാർക്കോ എതിരെ പ്രതിഷേധിച്ചാൽ വധശ്രമത്തിനും കലാപാഹ്വാനത്തിനും പൊലീസ് കേസെടുക്കുന്ന കേരളം എന്തുതരത്തിലുള്ള നവകേരളമാണ്? തങ്ങൾക്ക് വേണ്ടപ്പെട്ട സമരങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ മാത്രം നടക്കുന്ന നിയന്ത്രിത ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ എപ്പോഴത്തെയും ആവശ്യം. നവകേരള സദസിലും അതാണ് കാണുന്നത്. മാവോവാദികളെ നേരിടാനെന്ന പേരിൽ ആദിവാസികളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൽവാ ജുഡും എന്ന ആദിവാസികളെത്തന്നെ അംഗങ്ങളാക്കിയ സ്വകാര്യ സായുധ സേനയുണ്ടാക്കിയ ഭരണകൂടയുക്തിയുടെ മറ്റൊരു രൂപമാണ് ജനങ്ങളുടെ പ്രതിഷേധത്തെ ഇത്തരത്തിലുള്ള അനുയായി സംഘങ്ങളെക്കൊണ്ട് തല്ലിയൊതുക്കുന്നത്.
നവകേരള സദസിലൂടെ സർവ്വശക്തനായ രക്ഷകൻ എന്ന പിണറായി വിജയനെന്ന നേതാവിന്റെ ബിംബനിർമ്മാണം അതിന്റെ അശ്ലീലമായ മാനങ്ങളിലെത്തിനിൽക്കുകയാണ്. ഇത്തരത്തിലുള്ള സർവ്വശക്തനും ആരെയും കൂസാത്തവനും രക്ഷകനുമായ നേതാവിന്റെ ബിംബനിർമാണം ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും ഒരു അവശ്യ പശ്ചാത്തലമാണ്. ഒരു രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി അതുപയോഗിക്കുന്നത് ഫാഷിസമാണ്. ഇന്ത്യയിൽ നരേന്ദ്ര മോദിയെ എങ്ങനെയാണ് ഇത്തരത്തിൽ നിർമിച്ചെടുത്തത് എന്നും ഇപ്പോഴും ആ പരിപാടി തുടരുന്നത് എന്നതും നമ്മൾ കാണുന്നുണ്ട്. പിണറായി വിജയന്റെ കാര്യത്തിലും സംശയങ്ങളൊന്നുമില്ലാതെ കേരളത്തിലെ സർക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയും നടത്തുന്നത് ഈ 'മോദി രക്ഷക ബിംബനിർമിതിയുടെ' കേരള മാതൃകയാണ്. പിണറായി വിജയന്റെ രക്ഷക, സർവ്വശക്ത പരിവേഷം പൊലിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയുടെ നേതാക്കളും മന്ത്രിസഭയിലെ അംഗങ്ങളുമെല്ലാം പരസ്പരം മത്സരിക്കുകയാണ്. ‘കപ്പലിനൊരു കപ്പിത്താനുണ്ട് സാർ’ എന്ന നിയമസഭാ പ്രസംഗത്തിൽ നിന്ന് മന്ത്രിയായ വീണ ജോർജ്ജ് മുതൽ അതിനെയൊക്കെ ബഹുദൂരം കടത്തിവെട്ടുന്ന വാസവന്മാർ വരെയായി ആ വാഴ്ത്തുപാട്ട് സംഘം വലുതായിക്കൊണ്ടിരിക്കുന്നു. ‘പിണറായി വിജയൻ കേരളത്തിന് കിട്ടിയ ദൈവത്തിന്റെ വരദാനമാണെ’ന്നാണ് മന്ത്രി വാസവൻ പറഞ്ഞത്. ഇത്രയേറെ തന്നെ തള്ളിപ്പറഞ്ഞിട്ടും കമ്യൂണിസ്റ്റുകാർക്കുവേണ്ടി തന്റെ കയ്യിലുള്ള ഇത്ര അമൂല്യമായൊരു വരത്തെ നൽകിയ ആ ദൈവമെന്തൊരു ദൈവം എന്നുകൂടിയാകണമായിരിക്കും ഇനി നവകേരള പ്രാർത്ഥന. "പോപ്പ് വന്ന മൈതാനം പോപ്പ് മൈതാനം എന്ന പോലെ പിണറായിയുടെ പാദസ്പർശമേറ്റ മൈതാനം പിണറായിയുടെ പേരിലും" അറിയപ്പെടണമെന്നുവരെ വാസവൻ തൊണ്ടയിടറി പ്രാർത്ഥിക്കുന്നുണ്ട്. ഇവരൊക്കെ സ്വയം വിളിക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നാണ്.
മോദി ദൈവത്തിന്റെ അവതാരമാണെന്ന് പറയാൻ വെങ്കയ്യ നായിഡു മുതൽ കിരൺ റിജിജുവും ശിവരാജ് ചൗഹാനും അടക്കം ബി ജെ പി നേതാക്കന്മാർ തമ്മിൽ മത്സരമായിരുന്നു. എത്ര കൃത്യമായാണ്, വള്ളിപുള്ളി വിസർഗം വിടാതെ അത് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം പകർത്തുന്നത്.
ഇതൊന്നും പോരാഞ്ഞ്, മുൻകാലങ്ങളിൽ തനിക്കു നേരെ ചൂണ്ടിയ തോക്കിനു മുന്നിലൂടെ നടന്നതും ബ്രണ്ണൻ കോളേജിൽ ‘വഴിമാറടാ കുമ്പക്കുടി സുധാകരാ’ എന്നു പറഞ്ഞതുമൊക്കെയായ കഥകൾ സ്വയം പറഞ്ഞുകൊണ്ട് തന്റെ സംഗ്രാമധീര പരിവേഷത്തിന്റെ കുപ്പായം പിണറായി വിജയൻ സ്വയം തുന്നുന്നുണ്ട്. വലിയ, ദുർഘടമായ കാര്യങ്ങൾ നടപ്പാക്കാൻ ദൈവം തെരഞ്ഞെടുത്തയച്ചതാണ് തന്നെയെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടതിന്റെ ബാക്കിയാണിവിടെ നടക്കുന്നത്. ‘പിണറായി മുത്തച്ഛനെ കാണാൻ സ്‌കൂൾ വിദ്യാർത്ഥികൾ ഓടിവരികയാണ്’ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പിണറായി തന്നെയും പറയുമ്പോൾ കലാലയങ്ങളിലും സർവ്വകലാശാലകളിലും 'മോദിക്കൊപ്പമുള്ള സെൽഫി പോയന്റുകൾ' ഉണ്ടാക്കിവെച്ച കേന്ദ്ര സർക്കാർ പരിപാടിയുടെ ആവേശത്തിന്റെ പകർപ്പ് നമുക്ക് കാണാം. മോദി ദൈവത്തിന്റെ അവതാരമാണെന്ന് പറയാൻ വെങ്കയ്യ നായിഡു മുതൽ കിരൺ റിജിജുവും ശിവരാജ് ചൗഹാനും അടക്കം ബി ജെ പി നേതാക്കന്മാർ തമ്മിൽ മത്സരമായിരുന്നു. എത്ര കൃത്യമായാണ്, വള്ളിപുള്ളി വിസർഗം വിടാതെ അത് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം പകർത്തുന്നത് എന്ന് കാണുമ്പോഴാണ്, എത്ര സുഗമമായാണ് ഫാഷിസം അതിന്റെ രാഷ്ട്രീയ- സാമൂഹ്യ ശരീരത്തെ നിർമ്മിച്ചെടുക്കുന്നത് എന്ന് നമുക്ക് മനസിലാകുന്നത്.
യാതൊരുവിധ ജനാധിപത്യ സംവാദവും നടത്താൻ ശേഷിയില്ലാത്ത ഒരു ജനതയെ ഉണ്ടാക്കിയെടുക്കുന്ന പരിപാടിയാണിത്. അത്തരത്തിലൊരു വലിയ വിഭാഗം ജനം ഉണ്ടാകും എന്നതിന് ചരിത്രത്തിലെയും ഇപ്പോഴുമുള്ള നിരവധി സമൂഹങ്ങൾ സാക്ഷിയാണ്. അതായത് ഭൂരിപക്ഷത്തിന്റെ ജനാധിപത്യരഹിതമായ വിശ്വാസരതിയുടെ നിർവ്വാണ ശബ്ദങ്ങൾ ജനാധിപത്യത്തിന്റെ വെളിപ്പെടലല്ല, മറിച്ച് ജനാധിപത്യരഹിതമായി സൃഷ്ടിച്ചെടുക്കപ്പെട്ട ഒരു ജനക്കൂട്ടത്തിന്റെ ആക്രോശങ്ങളാണ്. അതുകൊണ്ടാണ് മോദിക്കൊപ്പമുള്ള ജനം ജനാധിപത്യവിരുദ്ധമായ ഭൂരിപക്ഷമാകുന്നത്. ഭൂരിപക്ഷത്തിന്റെ ശരികളല്ല എല്ലായ്പ്പോഴും ചരിത്രത്തിൽ ശരികളായത്. ഹിംസാത്മകമായ ആൾക്കൂട്ട ബലത്തിന്റെ കോയ്മയിൽ തങ്ങളെ സ്ഥാപിച്ചെടുക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയയുക്തിയിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷം സ്വന്തം രാഷ്ട്രീയചരിത്രത്തെ മാത്രമല്ല ജനാധിപത്യ സമൂഹത്തെയുമാണ് വഞ്ചിക്കുന്നത്.
സമൂഹത്തിലെ ഭൂരിഭാഗം വരുന്ന മനുഷ്യർ കേരളത്തിലെ ധനകാര്യ വ്യവസ്ഥിതിയിലെ ഏറ്റവും ദുർബ്ബലരായ വിഭാഗമായാണ് നിൽക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നടക്കേണ്ട ചർച്ചകളോ തർക്കങ്ങളോ ഒന്നും തന്നെ നടക്കാതാവുകയും ഭാഗ്യാന്വേഷികളുടേയും അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളുടെയും കൂട്ടമായി പാർട്ടിയും അതിന്റെ ചുറ്റുമുള്ള സഹയാത്രികരും മാറുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മരണം വളരെ സ്വാഭാവികമായി നടന്നുകഴിഞ്ഞതിനാൽ അത്തരത്തിലൊരു സംവാദമണ്ഡലത്തിന് പൊതുസമൂഹത്തിൽ നിലനിൽപ്പുണ്ടാക്കണമെന്ന് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന് കരുതാനാവുന്നില്ല. അതുകൊണ്ടുതന്നെ പൗരസമൂഹത്തിലെ ഏതുതരത്തിലുള്ള വിയോജിപ്പുകളേയും കൂട്ടംകൂടി ആക്രമിക്കുക എന്നതിലേക്ക് അവർ എത്തുന്നു. ഇത് ഫാഷിസ്റ്റുകൾ വളരെ ഫലപ്രദമായി ഇന്ത്യയിൽ നടപ്പാക്കുന്നൊരു പരിപാടിയാണ് എന്നുകൂടി കാണണം. അതായത് എതിർപ്പുകളോടും വിയോജിപ്പുകളോടുമുള്ള സംവാദവും ജനാധിപത്യപരമായ ഏറ്റുമുട്ടലും അതിൽനിന്നുണ്ടാകുന്ന പുതിയ ചിന്താമണ്ഡലവും പ്രയോഗപദ്ധതികളും ഒരുതരത്തിലും അനുവദിക്കാതിരിക്കുകയും ഞങ്ങളും ശത്രുക്കളും എന്ന മട്ടിൽ സമൂഹത്തെ ചുരുക്കുകയും ചെയ്യലാണത്. ഇതാ ശത്രുക്കൾ, ഒന്നിക്കൂ, ആക്രമിക്കൂ എന്ന വ്യാജമായ അപായശബ്ദം നിരന്തരം പുറപ്പെടുവിക്കുകയാണ് ചെയ്യുക. എല്ലാവരും കൂടി വളഞ്ഞിട്ടാക്രമിച്ചിട്ടും പിടിച്ചു നിൽക്കുന്ന മോദിയെക്കുറിച്ചുള്ള പാട്ടിന്റെ അതേ ഈണത്തിലാണ് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ഇതുപോലെ ആക്രമിക്കപ്പെട്ട നേതാവില്ല എന്ന് പിണറായി വിജയനെക്കുറിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗം പാടുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി എന്നത് ഒരു ബദൽ രാഷ്ട്രീയത്തെക്കൂടിയാണ് മുന്നോട്ട് വെക്കേണ്ടത്. ഇത്തരത്തിലുള്ള ബദൽ രാഷ്ട്രീയത്തെ മുന്നോട്ടു വെക്കുന്നില്ല എന്ന് മാത്രമല്ല അത്തരത്തിലുള്ള ചർച്ചകളെ അടിച്ചമർത്തുക കൂടിയാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ചെയ്യുന്നത്. കെ- റെയിൽ സമരകാലത്ത് നാമത് കണ്ടു. യു.എ.പി.എ പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾ പ്രയോഗിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾ കൊണ്ടുവരാനും (പ്രതിഷേധം മൂലം പിൻവലിച്ച 118 A ഓർഡിനൻസ്) യാതൊരു മടിയുമില്ലാത്ത സർക്കാരാണിത്. പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദന കൊലപാതകങ്ങളും പൊലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെടുന്നതും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമെല്ലാം സ്വാഭാവികമായ സംഗതികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.
നവ- ഉദാര സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ നയസമീപനങ്ങളിൽ നിന്നും വലിയ വ്യത്യാസമൊന്നും കേരളത്തിലെ സർക്കാർ കാണിക്കുന്നില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയിലായാലും കെ- റെയിലിന്റെ കാര്യത്തിലായാലും ഇത് വ്യക്തമായതാണ്. കേരളത്തിന്റെ ധനകാര്യ വിനിയോഗം എന്നത് അടിസ്ഥാനപരമായ ദൗർബ്ബല്യങ്ങൾ പരിഹരിക്കാനുള്ള ആലോചനകളില്ലാതെ ഉപരിപ്ലവമായ താത്ക്കാലിക വരുമാന തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. നവ-ഉദാര സാമ്പത്തിക നയങ്ങളുടെ ഒരേ ഭാഷയിലാണ് കേന്ദ്രവും കേരളവും സംസാരിക്കുന്നത് എന്നതുകൊണ്ടാണത്. സമൂഹത്തിലെ ഭൂരിഭാഗം വരുന്ന മനുഷ്യർ കേരളത്തിലെ ധനകാര്യ വ്യവസ്ഥിതിയിലെ ഏറ്റവും ദുർബ്ബലരായ വിഭാഗമായാണ് നിൽക്കുന്നത്. ‘പുത്തൻ വർഗം’ എന്ന് വിളിക്കാവുന്ന പ്രവാസി ധനികർ, കേരളത്തിനകത്തുള്ള ധനികരും ഉയർന്ന മധ്യവർഗക്കാരും, സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗമടങ്ങുന്ന സാമ്പത്തിക സുരക്ഷിതത്വമുള്ള ധനികർ എന്നിവർ പ്രബലമായി നിൽക്കുന്ന ഒരു 'പുത്തൻ വർഗ’ത്തിന് വേണ്ടിയാണ് കേരളത്തിലെ സാമ്പത്തിക നയങ്ങൾ ഉണ്ടാക്കുന്നത്. കൊളോണിയൽ ആധുനികതയും പ്രവാസതൊഴിലുകളിൽ നിന്നുള്ള വരുമാനവുമടക്കമുള്ള ജീവിതാവബോധ നിർമ്മാണത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുസമൂഹത്തിന്റെ ജീവിതമാനദണ്ഡത്തിൽ നമുക്ക് സമാനമായ പൊതുജീവിതപ്രകടനാംശങ്ങൾ കാണാനാവുമെങ്കിലും സമ്പത്തിന്റെയും വിഭവങ്ങളുടെ മുകളിലുള്ള ഉടമസ്ഥതയുടെയും കാര്യത്തിൽ അപകടകരമായ തരത്തിലുള്ള അസന്തുലിതാവസ്ഥയാണ് കേരള സമൂഹത്തിൽ പെരുകുന്നത്. ഈ പ്രശ്നത്തെ നേരിടുന്നതിന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിപാടിയല്ല, മറിച്ച്, ഈ പ്രശ്നത്തിന്റെ ഗുണഭോക്താക്കളാകുന്ന മുതലാളിത്തത്തിന്റെയും സമ്പന്ന വർഗത്തിന്റെയും പരിപാടിയാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം പ്രയോഗിക്കുന്നത്. ഇത് തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ പരമ്പരാഗത കക്ഷിരാഷ്ട്രീയ ഗുസ്‌തികളുടെ തല്ലുമാലയിൽ അഭിരമിക്കുന്ന ഒരു അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുക്കേണ്ടത് നിലവിലെ നേതൃത്വത്തിന്റെ ആവശ്യം കൂടിയാണ്. അതിനുള്ള വെപ്രാളം നിറഞ്ഞ പ്രചരണപരിപാടി കൂടിയാണ് നവ കേരള സദസ്.
രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ ആക്രമിക്കുന്ന ബി ജെ പി / കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ജി എസ് ടി നടപ്പാക്കാൻ തീരുമാനിക്കുകയും സംസ്ഥാനങ്ങളുടെ നികുതി അധികാരത്തെ ഇല്ലാതാക്കുകയും ചെയ്തപ്പോൾ അതിനെതിരെ നിപാടെടുക്കേണ്ടതിനുപകരം വളരെ സങ്കുചിതമായ രീതിയിൽ, ജി എസ് ടി വന്നാൽ കേരളത്തിന് സുഭിക്ഷമായി ആഘോഷിക്കാം എന്ന സങ്കുചിതവാദം മുന്നോട്ടുവെച്ച് ആ ഫെഡറൽ വിരുദ്ധ നീക്കത്തെ പിന്തുണയ്ക്കുകയായിരുന്നു കേരളത്തിലെ ഇടതുപക്ഷ നേതൃത്വം ചെയ്തത്. ഇപ്പോഴാകട്ടെ എടുത്തതുമില്ല, പിടിച്ചതുമില്ല എന്ന മട്ടിലാണ് ജി എസ് ടിയിൽ നിന്നുള്ള വരുമാനത്തിന്റെ അവസ്ഥ. സാമ്പത്തികരംഗത്ത് കേന്ദ്ര അവഗണന എന്നത് പുതിയൊരു കാര്യമല്ല. അത് നിലനിൽക്കുമ്പോൾത്തന്നെ കേരളത്തിന്റെ തനതായ രാഷ്ട്രീയ ബദലുകൾക്കുള്ള അന്വേഷണവും നടപ്പാക്കലുമാണ് ഇടതുപക്ഷം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അതിനുപകരം കെ-റെയിൽ പോലുള്ള പദ്ധതികളെ യാതൊരു പൊതുചർച്ചയും കൂടാതെ തിരുകിക്കയറ്റി നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അദാനിയുടെ തുറമുഖവും ലക്ഷക്കണക്കിന് കോടിയുടെ കെ-റെയിലും പോലുള്ള വികസനത്തെക്കുറിച്ചുള്ള മുതലാളിത്ത ആഖ്യാനത്തെ അതേപടി പകർത്തുന്ന പരിപാടിയാണിത്.
മൂന്നോ നാലോ കൊല്ലത്തേക്ക് മാത്രം ആശ്വാസം കിട്ടാവുന്ന കേന്ദ്ര സഹായത്തിന്റെ കണക്കിൽ കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ അടിസ്ഥാനപ്രശ്നങ്ങളെ മുഴുവൻ കൂട്ടിക്കെട്ടുന്നത് ആത്മഹത്യാപരവും ഇടതുപക്ഷത്തിന്റെ തനതായ രാഷ്ട്രീയ കടമകളെ കയ്യൊഴിയുകയുമാണ്. മുതലാളിത്ത വികസനാഖ്യാനത്തെ ചോദ്യം ചെയ്യുന്നവരെ മുഴുവൻ വികസനവിരുദ്ധരായി ചിത്രീകരിക്കുകയാണ് ഭരണപക്ഷ ഇടതുപക്ഷം ചെയ്യുന്നത്. പത്തു ശതമാനം വരുന്ന ധനികർ 77% സമ്പത്തും കൈവശം വെക്കുന്നൊരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ നിലപാട് യാതൊരു കുറ്റബോധവുമില്ലാതെ കയ്യൊഴിഞ്ഞിട്ട് ഏതു ത്രം സാമ്പത്തിക പ്രതിസന്ധിയാണ് നിങ്ങൾ തീർക്കാൻ പോകുന്നത് എന്നതാണ് മൗലികമായ ചോദ്യം. സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ ഒരു കമ്പനിയുണ്ടാക്കിയാൽ ആ കമ്പനി അതിനുവേണ്ടിയെടുക്കുന്ന കടം സർക്കാരല്ലാതെ മറ്റാർക്കും കൊടുത്തുതീർക്കാനുള്ള മാർഗ്ഗമില്ലെന്നിരിക്കെ, ഇത്തരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന പരിപാടികൾ വെച്ച് എത്രകാലം ഈ ആത്മഹത്യാപരമായ ധനകാര്യ വിനിയോഗം നടത്തും എന്നതിനു മുന്നിൽ സംസ്ഥാന വിരുദ്ധനെന്നും വികസന വിരുദ്ധരെന്നുമുള്ള പതിവ് ആക്ഷേപങ്ങൾക്കു മാത്രമായി നിൽക്കാനാകില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവരെ സംസ്ഥാന വിരുദ്ധരും കേന്ദ്ര സർക്കാരിന്റെ കുഴലൂത്തുകാരുമാക്കിയാണ് ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ കാര്യങ്ങൾ തിരിച്ചാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ- സാമൂഹ്യ അജണ്ടകൾക്കെതിരായുള്ള സമരത്തെ കേരളത്തിലെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം കൊണ്ടുപോകുന്നില്ല എന്നതാണ് വാസ്തവം. ഒരു സാമൂഹ്യഘടനയെ ഫാഷിസ്റ്റ്‌വത്ക്കരിക്കുക എന്നതതാണ് ഫാഷിസ്റ്റുകൾ ചെയ്യുന്ന ഏറ്റവും നിർണായകമായ ഇടപെടൽ. അത് കേരളത്തിലും നടക്കുന്നുണ്ട്. ഭരണപക്ഷ ഇടതുപക്ഷമാകട്ടെ അത്തരത്തിലുള്ള ഫാഷിസ്റ്റ് സാമൂഹ്യശരീരത്തെ തങ്ങളുടെ സംഘടനശേഷിയും നിലവിലെ മേൽക്കോയ്മയും കൊണ്ട് ഉപയോഗിക്കാം എന്ന സൗകര്യം കണ്ടെത്തുകയാണ്. കേരളത്തെ അനതിവിദൂരമല്ലാത്ത ഭാവിയിൽ അപകടകരമായ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ മുനമ്പിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുക. സമൂഹത്തിലെ എല്ലാ ജീർണ്ണ മത, സാമുദായിക ശക്തികളുമായും ‘ഞാൻ മുമ്പേ ഞാൻ മുമ്പേ’ എന്ന മട്ടിൽ സഖ്യവും ഒത്തുതീർപ്പുമുണ്ടാക്കിയാണ് ഭരണപക്ഷ ഇടതുപക്ഷം ഈ ഫാഷിസ്റ്റ് സാമൂഹ്യശരീര നിർമ്മിതിയെ സഹായിക്കുന്നത്. എൻ എസ് എസ് മുതൽ സമസ്ത, കൃസ്ത്യൻ സഭാ നേതൃത്വങ്ങളുമൊക്കെയായി കൂടിപ്പിണഞ്ഞുകിടക്കുന്ന ഈ സാമൂഹ്യ കൈകാര്യ മിടുക്ക് ഇടതുപക്ഷ രാഷ്ട്രീയത്തെ കാർന്നുതിന്നുകഴിഞ്ഞു.
ഇടതുപക്ഷം ചരിത്രപരമായിത്തന്നെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ വലിയ വെല്ലുവിളിയുണ്ടായിട്ടും സാർവ്വദേശീയ ഫാഷിസ്റ്റ് വിപത്തിനെതിരെ സോവിയറ്റ് യൂണിയനും ബ്രിട്ടനുമടങ്ങുന്ന സഖ്യകക്ഷികളുടെ യുദ്ധത്തെ പിന്തുണച്ചത് അങ്ങനെയാണ്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് മാറിനിന്ന സാർവ്വദേശീയ നിലപാടുകൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സമരഅജണ്ടയെ കൂട്ടിച്ചേർക്കാൻ കഴിയാതെ പോയ ആ തീരുമാനത്തിന്റെ വിശകലനം എന്തൊക്കെയായാലും ശരി, അത് ഫാഷിസ്റ്റ് ഭീഷണിക്കെതിരായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ചില ചെറിയ താത്പര്യങ്ങളെ മാത്രം നോക്കിക്കൊണ്ട് ദേശീയ തലത്തിലെ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയെ ദുർബ്ബലമാക്കുന്ന കേവലമായ കോൺഗ്രസ് വിരോധത്തിൽ കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിന് അഭിരമിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകൾ മറ്റ് കക്ഷികളുടെ സങ്കുചിത നിലപാടുകളുടെ ക്ഷുദ്രമായ പ്രതികരണമാകരുത്. എന്നാൽ അതും അതിലേറെയുമാണ് എന്നതാണ് വസ്തുത.
കേരളം എന്തൊക്കെയാണോ അതിന്റെ രാഷ്ട്രീയ-സാമൂഹ്യ മികവുകളായി ഉണ്ടാക്കിയെടുത്തിട്ടുള്ളത്, അത്തരം മൂല്യങ്ങളുടെ എതിർവശത്താണ് നവകേരള സദസ് എന്ന ഈ ഫ്യൂഡൽ മൂല്യങ്ങളുടെ തമ്പുരാൻ സദസ് നടക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലും നടക്കേണ്ട ജനാധിപത്യപരമായ തിരുത്തൽപ്രക്രിയ ഇല്ലാതായിക്കഴിഞ്ഞു എന്നതാണ് ഈ പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ ഇടതുപക്ഷ സമൂഹത്തിനെ കരകയറുന്നതിന് തടയിടുന്ന പ്രധാന പ്രശ്നം. ഇന്ത്യയിലെമ്പാടും തോറ്റുപോയിടങ്ങളിൽ അമ്പരപ്പിക്കുന്ന വേഗത്തിൽ മാഞ്ഞുപോകുന്നൊരു രാഷ്ട്രീയമായി ഇടതുപക്ഷം മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം, കേരളത്തിലേതുപോലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വലിച്ചെറിഞ്ഞുകളഞ്ഞ നേതൃത്വമാണ്. എന്തെങ്കിലും തരത്തിലുള്ള കമ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയാരോഗ്യം ഇത്തരത്തിലൊരു തിരുത്തൽ പ്രക്രിയക്കുവേണ്ടി തങ്ങളിൽ അവശേഷിക്കുന്നു എന്നൊരു സൂചനയും സി പി ഐ (എം), സി പി ഐ എന്നീ ഭരണ ഇടതുപക്ഷ കക്ഷികൾ നൽകുന്നില്ല. കേരളം എന്തൊക്കെയാണോ അതിന്റെ രാഷ്ട്രീയ-സാമൂഹ്യ മികവുകളായി ഉണ്ടാക്കിയെടുത്തിട്ടുള്ളത്, അത്തരം മൂല്യങ്ങളുടെ എതിർവശത്താണ് നവകേരള സദസ് എന്ന ഈ ഫ്യൂഡൽ മൂല്യങ്ങളുടെ തമ്പുരാൻ സദസ് നടക്കുന്നത്. അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനാധിപത്യബോധത്തെയും തുല്യതയെയും സമത്വത്തെയും കുറിച്ച് കേരളത്തിലെ നവോത്ഥാന സമരകാലങ്ങളും ദേശീയ സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റ് രാഷ്ട്രീയ സമരങ്ങളും ചേർന്നുണ്ടാക്കിയ രാഷ്ട്രീയ- സാമൂഹ്യ ഘടനയിലെ പരിമിതമായ ജനാധിപത്യ സമത്വ സങ്കൽപ്പനങ്ങളെയും ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെയും ആസൂത്രിതമായി ചോർത്തിക്കളയുന്ന ഭരണകൂട രാഷ്ട്രീയ പരിപാടിയാണ്. ഇടതുപക്ഷ രാഷ്ട്രീയം ചോർത്തിക്കളഞ്ഞ, ജനാധിപത്യ പൊതുസമൂഹത്തിന്റെ ഇടപെടലുകളെ ഇല്ലാതാക്കുന്ന അച്ചടക്കമുള്ള ആൾക്കൂട്ടമാണ് നവകേരള സദസിലേത്. ഒരു ജനാധിപത്യ സമൂഹത്തിന്, അതിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ അച്ചടക്കത്തിന്റെ ജഡാവസ്ഥയെ തകർക്കേണ്ടതുണ്ട്.