രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായ പരാതികളെ കേരളത്തിലെ രാഷ്ട്രീയകക്ഷികളും മുഖ്യധാരാ മാദ്ധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതി, സ്ത്രീകളെ തുല്യാവകാശങ്ങളും തുല്യ അന്തസ്സുമുള്ള പൗരജനങ്ങളായി കാണാൻ ആഗ്രഹിക്കുന്നവരെയും, കുട്ടികളുടെ നൽവാഴ്-വിനോട് പ്രതിബദ്ധതയുള്ളവരെയും ശരിക്കും ഞെട്ടിക്കുന്നു.
സ്ത്രീസംരക്ഷണനിയമങ്ങൾ, തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള മത്സരത്തിൽ ആയുധങ്ങളായി പ്രയോഗിക്കപ്പെടുന്ന ഈ കാഴ്ച വാസ്തവത്തിൽ, ആ നിയമങ്ങൾക്കുള്ള പൊതുസമ്മതത്തെ മൊത്തത്തിൽ ഇല്ലാതാക്കുന്നതിനെ ആശങ്കയോടു കൂടി മാത്രമേ ഞങ്ങൾക്ക് കാണാനാകുന്നുള്ളൂ. ഇപ്പോൾത്തന്നെ ചാനലുകളിൽ നടക്കുന്ന തീർത്തും നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങിനും ചർച്ചകൾക്കും താഴെ പ്രത്യക്ഷപ്പെടുന്ന കമൻറുകളിൽ സ്ത്രീകളോടുള്ള കടുത്ത അവജ്ഞയും അവിശ്വാസവും കുമിഞ്ഞുകൂടുന്നത് കാണാം. പരാതിക്കാരിയായ ട്രാൻസ് വനിതയുടെ രാഷ്ട്രീയകക്ഷിയിൽ പെട്ട ഒരു ചാനൽചർച്ചക്കാരൻ തന്നെ ട്രാൻസ് സ്ത്രീകളോട് ലൈംഗികാഭിലാഷമുണ്ടാകുന്നതുപോലും എന്തോ ലൈംഗികവൈകൃതമാണെന്ന മട്ടിൽ പറഞ്ഞുചിരിക്കുന്നു. ഗർഭത്തെപ്പറ്റിയുള്ള ചർച്ചയുടെ ഭാഷയിൽ കടുത്ത വലതുപക്ഷ അബോർഷൻവിരുദ്ധ നിലപാടുകൾ കയറിപ്പറ്റുന്നത് അങ്ങേയറ്റം ആശങ്കയോടുകൂടി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഉദാഹണത്തിന് ‘ഭ്രൂണഹത്യ’ എന്ന് വാക്ക് ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞിന്റെയത്ര ജീവൻ കല്പിക്കുന്നു. ‘ഗർഭഛിദ്രം’ എന്ന വാക്ക് ഭയങ്കരഹിംസയെയാണ് മനസ്സിലുയർത്തുന്നത്.

ആ ശബ്ദസന്ദേശത്തിൽ കേൾക്കുന്ന പുരുഷശബ്ദം നേരിട്ട് നിഷേധിക്കുന്നത് ആ സ്ത്രീയുടെ പ്രജനന സ്വയംനിർണയാവകാശത്തെയാണ്. ആ അവകാശത്തിൽ പ്രസവിക്കാനുള്ള അവകാശം മാത്രമല്ല, ഗർഭം അവസാനിപ്പിക്കാനുള്ള അവകാശവും ഉണ്ട്. ഗർഭം അവസാനിപ്പിക്കാനായിരുന്നു അവർ തീരുമാനിച്ചതെങ്കിൽ അവരെ ‘ഭ്രൂണഹത്യക്കാരി’യെന്നോ ‘ഛിദ്രക്കാരി’യെന്നോ നാം വിശേഷിപ്പിക്കുമോ? ഈ കേസിലെ നില എന്തുതന്നെയായാലും ലോകത്തിൽ പൊതുവെ ഗർഭം അവസാനിപ്പിക്കാനുള്ള അവകാശം സ്ത്രീകൾ സമരം ചെയ്തു നേടിയതാണെന്നും, ‘ഭ്രൂണഹത്യ’ അല്ല, ഗർഭം അവസാനിപ്പിക്കൽ മാത്രമാണെന്നും ഉറപ്പിച്ചുപറഞ്ഞത് ഫെമിനിസ്റ്റുകളാണെന്നും മറക്കാനാവില്ല.
കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ധാരാളം സ്ത്രീകളുണ്ടെങ്കിലും, കേരളത്തിൽ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാദ്ധ്യമസംസ്കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
കേരള ഫെമിനിസ്റ്റ് ഫോറം തങ്ങളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ഭാഷയും, ഈ പ്രശ്നത്തിലുയർന്നു വരുന്ന പിതൃമേധാവിത്വ ധ്വനികളെപ്പറ്റിയുള്ള അവരുടെ ശുഷ്കധാരണകളും ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നു. പരാതിക്കാരികളായ സ്ത്രീകളോടോ പൊതുജീവിതത്തിനെ ജനാധിപത്യവത്ക്കരിക്കുന്ന മൂല്യങ്ങളോടോ അല്പം പോലും നീതിപുലർത്താത്ത മാദ്ധ്യമങ്ങളും, ലിംഗനീതിയെ തങ്ങളുടെ കടിപിടികളിൽ തട്ടുപന്താക്കാൻ മാത്രം ഉത്സാഹിക്കുന്ന രാഷ്ട്രീയക്കാരും നിർണയിക്കുന്ന ചർച്ചാവ്യവസ്ഥകൾക്കുള്ളിൽ, അവരുടെ ഭാഷ പങ്കുവച്ചുകൊണ്ടുള്ള ഈ പ്രതികരണം മുഖ്യധാരാ ഫെമിനിസത്തിന് ചേർന്നതല്ലെന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫെമിനിസ്റ്റ് രാഷ്ട്രീയ- ധാർമ്മികചർച്ചകളിൽ ഇത്തരം ചർച്ചകളിൽ നീതിപൂർവം ഇടപെടാൻ നമ്മെ സഹായിക്കുന്ന വിഭവങ്ങളുള്ളപ്പോൾ, തികഞ്ഞ പിതൃമേധാവിത്വഭാഷയും രാഷ്ട്രീയസംസ്കാരവും വരയ്ക്കുന്ന വരയ്ക്കുള്ളിൽ നിൽക്കുന്നത് കഷ്ടമാണ്.

മേൽപ്പറഞ്ഞ വാക്കുകൾ മാദ്ധ്യമപ്രവർത്തകരായ സ്ത്രീകൾ തന്നെ മുദ്രാവാക്യങ്ങൾ പോലെ വിളിച്ചുപറയുമ്പോഴുണ്ടാകുന്ന സാംസ്കാരിക വലതുപക്ഷവത്ക്കരണം ചില്ലറയല്ല. കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ധാരാളം സ്ത്രീകളുണ്ടെങ്കിലും, കേരളത്തിൽ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാദ്ധ്യമസംസ്കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്നാൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളെ നിസ്സാരമായി തള്ളിക്കളയാൻ വിസമ്മതിക്കാത്ത കോൺഗ്രസ് വനിതാനേതാക്കളെയും കെ.കെ. രമയെയും ഞങ്ങൾ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
കേരളത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുള്ള എല്ലാ അധികാരിപുരുഷന്മാർക്കെതിരെയും പ്രതിഷേധമുയർത്തുന്ന വലിയൊരു സമരപരിപാടിയായി ഇത് ഉയരുകയാണ് വേണ്ടത്.
ഇത്തരത്തിൽ കുറ്റാരോപിതനായ ഒരാൾ അധികാരത്തിൽ തുടരണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പരാതിക്കാരികൾ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന ഏകകാരണത്താൽ ചർച്ച അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവുന്നില്ല – ഭരണകൂടത്തോടു പരാതിപ്പെട്ടാൽ മാത്രമേ പരാതിയാകൂ എന്നു ഞങ്ങൾ വിചാരിക്കുന്നില്ല. അതുകൊണ്ട് അദൃശ്യരായതുകൊണ്ടുമാത്രം പരാതിക്കാരികളിൽ നിന്ന് പൊതുശ്രദ്ധ തിരിയുകയും, അത് ഒറ്റയടിക്ക് കുറ്റാരോപിതനിലേക്കും രാഷ്ട്രീയകക്ഷികളുടെ പിടിവലിയിലേക്കും നീങ്ങുകയും ചെയ്യുന്നതിനെ അനുകൂലിക്കാനാകുന്നില്ല.
ഗുരുതരമായ കുറ്റങ്ങൾ - അതായത്, ഭരണഘടനാപരമായ തുല്യമാന്യതയെ ഹനിക്കുന്ന കുറ്റങ്ങൾ - സംബന്ധിച്ച ആരോപണങ്ങളെ നേരിടുന്നവർ (അതായത്, സ്ത്രീപീഡനം കൂടാതെ ജാതിപീഡനം, ആദിവാസിപീഡനം, ഇസ്ലാം ഭീതിപടർത്തൽ മുതലായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ) അധികാരസ്ഥാനത്ത് തുടർന്നുകൂടാ എന്നുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. അതാണ് പിതൃമേധാവിത്വത്തോടൊപ്പം ജാതിയേയും വർഗത്തെയും സുപ്രധാന അധികാര-അച്ചുതണ്ടുകളായി കണക്കാക്കുന്ന ഫെമിനിസ്റ്റ് ധാർമ്മികത ആവശ്യപ്പെടുന്നതും. സ്ത്രീകൾ പിതൃമേധാവിത്വഹിംസാപരമായ കുറ്റങ്ങൾ ആരോപിക്കുന്ന പുരുഷന്മാർ തങ്ങളിരിക്കുന്ന അധികാരസ്ഥാനങ്ങളിൽ നിന്ന് മാറണം, മാറ്റപ്പെടണം – ഞങ്ങൾക്ക് അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും അതുതന്നെയാണ് ശരി.

പക്ഷേ ഈ മാനദണ്ഡം എല്ലാ രാഷ്ട്രീയകക്ഷികളിലും ഒരുപോലെ പ്രാവർത്തികമാണമെന്നും അങ്ങനെയല്ലാത്തപക്ഷം സ്ത്രീസുരക്ഷാനിയമങ്ങൾ അധികാരത്തിലിരിക്കുന്ന കക്ഷിക്കാർക്ക് തങ്ങളുടെ എതിരാളികളെ വീഴ്ത്താനുള്ള കല്ലുകൾ മാത്രമായി അധഃപതിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുള്ള എല്ലാ അധികാരിപുരുഷന്മാർക്കെതിരെയും പ്രതിഷേധമുയർത്തുന്ന വലിയൊരു സമരപരിപാടിയായി ഇത് ഉയരുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ പൊതുവെ രാഷ്ട്രീയരംഗത്തെ പ്രബലർ തമ്മിൽ സ്ത്രീകളുടെ രണ്ടാംനിലയെപ്പറ്റി ഇന്നു നിലനിൽക്കുന്ന രഹസ്യസമ്മതം പരസ്യമാകും, അതിനെ തകർക്കാൻ നമുക്കു കഴിയും.
ഒന്നുകിൽ ആരോപണങ്ങളുന്നയിച്ച സ്ത്രീകളെ പഴിക്കുക, അല്ലെങ്കിൽ മാങ്കൂട്ടത്തിലിനെയും കോൺഗ്രസിനെയും ആക്രമിക്കുക, അതല്ലെങ്കിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുക, കോൺഗ്രസിനുള്ളിലോ സി.പി.എമ്മിൽ നിന്നോ ഉള്ള ഗൂഢാലോചന എന്നു വിധിക്കുക – ഇതു മാത്രമാണ് നമ്മുടെ പൊതുമണ്ഡലചർച്ചകളുടെ താത്പര്യം.
ഈ ബഹളത്തിനിടയിൽ ഞങ്ങൾക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്, ഇനിയും പുറത്തുവരാത്ത ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടത്തിലുമായി തനിക്കുണ്ടായ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ശബ്ദസന്ദേശമാണ്. ഏതു സാഹചര്യത്തിലുണ്ടായതെന്ന സൂചന തീരെയില്ലാത്തതും, എന്നാൽ ഗുരുതരവുമായ വിഷയമാണ് അതിൽ ഉന്നയിക്കപ്പെടുന്നത്. ആ കുഞ്ഞ് ജനിച്ചോ, എങ്കിൽ അതിപ്പോൾ എവിടെയുണ്ട്, ആരുടെ സംരക്ഷണത്തിൽ, ആരാണ് അതിന്റെ രക്ഷകർത്താക്കൾ, അതിന്റെ നില എന്ത്, അതിന്റെ സുരക്ഷ ഉറപ്പാണോ, ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് – ഇത്തരം ചോദ്യങ്ങൾ ഒന്നും ആരും ചോദിക്കുന്നില്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഒന്നുകിൽ ആരോപണങ്ങളുന്നയിച്ച സ്ത്രീകളെ പഴിക്കുക, അല്ലെങ്കിൽ മാങ്കൂട്ടത്തിലിനെയും കോൺഗ്രസിനെയും ആക്രമിക്കുക, അതല്ലെങ്കിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുക, കോൺഗ്രസിനുള്ളിലോ സി.പി.എമ്മിൽ നിന്നോ ഉള്ള ഗൂഢാലോചന എന്നു വിധിക്കുക – ഇതു മാത്രമാണ് നമ്മുടെ പൊതുമണ്ഡലചർച്ചകളുടെ താത്പര്യം.
ഈ പിടിവലിയിൽ ഏറ്റവും നിസ്സഹായവും ശബ്ദരഹിതവുമായ നില, പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പരോക്ഷമായി പരാമർശിക്കപ്പെട്ട കുഞ്ഞിന്റേതാണ്. ശരിയാണ്, സ്ത്രീശബ്ദം എടുത്തുപറയുന്ന ഗർഭം ഏതു ഘട്ടത്തിലാണെന്നോ, ഈ സംഭാഷണത്തിന്റെ ആത്യന്തികലക്ഷ്യം, അതിന്റെ ധാർമ്മികത, ഇതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടാകാം. പക്ഷേ അവയെല്ലാം തത്കാലത്തേയ്ക്കു മാറ്റിവെച്ച്, ആ സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായ ആ ശിശു പിറന്നുവോ, പിറന്നെങ്കിൽ അത് സംരക്ഷിതമാണോ എന്നാണ് പൊതുബോധം അന്വേഷിക്കേണ്ടത്. ആ അന്വേഷണത്തിനു ശേഷം മാത്രമേ ഇപ്പോൾ കേൾക്കുന്ന കടിപിടികൾക്ക് പ്രസക്തിയുള്ളൂ. അതാണ് കരുണാപൂർവവും മാന്യവുമായ പൊതുപ്രതികരണം. നമുക്കതിനു സാധിക്കുന്നില്ലെന്നു മാത്രമല്ല, ആ സ്ത്രീ ആരെന്ന് സ്വയം വെളിപ്പെടാത്ത ഒറ്റക്കാരണം കൊണ്ട് അത് അപ്രസക്തമാണെന്നു വിധിക്കാനുള്ള സിനിസിസത്തെ പരസ്യമായി പുണരാൻ നമുക്ക് മടിയുമില്ല.

കരുണാപൂർവവും നീതിയുക്തവുമായ പൊതുപ്രതികരണത്തിനു മുന്നിലുള്ള രണ്ടാമത്തെ പരിഗണന തന്റെ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ സ്ത്രീയ്ക്കായിരിക്കണം. പ്രസവിച്ച കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കുഞ്ഞിനെ പങ്കാളിയുടെ യാതൊരു സഹായവുമില്ലാതെ പോറ്റിവളർത്താനുള്ള ശേഷി വളരെ ചുരുക്കം സ്ത്രീകൾക്കു മാത്രമേ ഉള്ളൂ. അവരധികവും വരേണ്യവിഭാഗക്കാരാണുതാനും. എന്നാൽ കേരളത്തിലിന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്ന നവലിബറൽ ഫെമിനിസ്റ്റ് ആദർശം – ജീവിതത്തിൽ തികച്ചും ഒറ്റയ്ക്ക്, പരസഹായം ഏറ്റവും കുറച്ച്, പൊരുതി നേടുന്ന അവസ്ഥയാണ് സ്ത്രീവിമോചനം എന്നു നേരിട്ടോ അല്ലാതെയോ കരുതുന്ന നിലപാട് – വരേണ്യരല്ലാത്ത, എന്നാൽ ജീവിതത്തിൽ ഉയരാൻ ശ്രമിക്കുന്ന, സ്ത്രീകളും സ്വീകരിക്കുന്നുണ്ട്. താൻ കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്ന് വെല്ലുവിളിശബ്ദത്തിൽ പറയുന്ന ആ സ്ത്രി ഒരുപക്ഷേ അതിനുള്ള സാമ്പത്തിക-സാമൂഹ്യശേഷിയുള്ളവരാകണമെന്നില്ല എന്നർത്ഥം. അതുകൊണ്ടുതന്നെ അവരുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചറിയേണ്ടതും അത്യാവശ്യമാണ്. കുട്ടികളെ ജനിപ്പിക്കണോ വേണ്ടയോ എന്നത് പങ്കാളികൾക്കു മാത്രം ഉഭയസമ്മതപ്രകാരം മാത്രം എടുക്കാവുന്ന തീരുമാനമാണെങ്കിലും ജനിച്ചുകഴിഞ്ഞ കുഞ്ഞിന് ആവശ്യമായ ഭൗതികവിഭവങ്ങളും കരുതലും പരിചരണവും കൊടുക്കാൻ പ്രസവതീരുമാനമെടുത്ത മാതാവിന് എന്തു തരം പിന്തുണയാണ്, എന്തു സഹായമാണ് വേണ്ടത് - ഇത് സമൂഹം അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, ഉഭയസമ്മതം സ്ത്രീയ്ക്ക് സ്വന്തം പ്രജനനശേഷിയുടെ മേലുള്ള സ്വയംനിർണയാധികാരത്തിനു മീതെയല്ല, ഒരു സാഹചര്യത്തിലും.
മൂന്നാമതായി, ലൈംഗിക അനീതിയെ അധികാരസ്ഥാനത്തിരിക്കുന്ന പുരുഷന്മാർ തങ്ങളുടെ സ്വകാര്യപെരുമാറ്റങ്ങളിൽ വളർത്തുന്ന രീതികളുടെ വേരറുക്കാൻ എന്തുചെയ്യാമെന്ന ചോദ്യമാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികസദാചാരം പിതൃമേധാവിത്വപരമായിരിക്കാം – തികഞ്ഞ ആൺകോയ്മ ഇപ്പോഴും നിലനിൽക്കുന്ന ലോകത്ത് അത് പ്രതീക്ഷിതമാണ്. അതിനെ ചെറുക്കാൻ തുറന്നുപറച്ചിലുകൾ വേണമെന്നും തർക്കമില്ല. പക്ഷേ തുറന്നുപറച്ചിലുകൾ തുറന്നുപറച്ചിലുകളാകാതെ പാതിമറയത്ത് പലതും ഒളിപ്പിക്കുന്ന ഭാവത്തിൽ നടത്തുന്ന പരസ്യപ്രസ്താവനകളാകുമ്പോൾ, അവ എത്ര തന്നെ ആത്മാർത്ഥതയുള്ളവയാണെങ്കിലും പരാതിക്കാരികൾക്ക് ഗുണത്തെക്കാളധികം ദോഷമാണ് വരുത്താനിട.

അതിക്രമം നേരിട്ട സ്ത്രീക്ക് എന്ത് കാരണമായാലും ശരി പരാതി ശരിയായ രീതിയിൽ പറയാൻ പോലും കഴിയുന്നില്ല എന്ന കേരളാവസ്ഥ വളരെ ദുഃഖകരമാണ്. എങ്കിലും നിയമവ്യവസ്ഥയുടെ പരിരക്ഷ മാത്രമല്ല, വലിയൊരളവുവരെ പൊതുജനസമ്മതവും ലൈംഗികപീഡനത്തിനെതിരെ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സ്ത്രീകൾ, വിശേഷിച്ചും വരേണ്യസാമൂഹ്യമെച്ചങ്ങൾ അനുഭവിക്കുന്നവരായ സ്ത്രീകൾ, പോലീസ് പരാതി നൽകാനോ, അതല്ലെങ്കിൽ നടന്ന സംഭവങ്ങളെ പേരുകൾ മറച്ചുവയ്ക്കാതെ തന്നെ പരസ്യമാക്കാനോ മടിക്കേണ്ടതില്ല എന്നു തന്നെ ഞങ്ങൾ പറയുന്നു. തങ്ങൾക്കുണ്ടായ അനുഭവങ്ങളെ അല്പം പോലും കൂട്ടാതെ, കുറയ്ക്കാതെ, ആരെക്കുറിച്ചാണോ പരാതിപറയുന്നത്, അവരുടെ എതിരാളികൾക്ക് ഗുണകരമാക്കാൻ വേണ്ടി എരിവും പുളിയും ചേർക്കാതെ, അവതരിപ്പിക്കാൻ പരാതിക്കാരികൾക്കു കഴിഞ്ഞാൽ അവർക്ക് യാതൊന്നിനെയും പേടിക്കേണ്ടിവരില്ല.
ഇവിടെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മകൾക്ക് പരാതിക്കാരികളെ സഹായിക്കാൻ കഴിയുന്നത്. നിയമത്തിന്റെ സങ്കീർണതകളിൽ കാലുടക്കി വീഴാതെയും, പരാതിക്കാരികളുടെ സങ്കടത്തെ മുതലെടുത്ത് സ്വന്തം കാര്യം നേടാൻ നോക്കുന്ന അവസരവാദികളായ മൂന്നാംകക്ഷികളുടെ കുതന്ത്രങ്ങളിൽ അകപ്പെടാതെയും, പരാതിക്കാരികളെ സഹായിക്കാൻ ഫെമിനിസ്റ്റ്സംഘങ്ങൾക്ക് കഴിയണം. ഇതു ചെയ്യാതെ കുറ്റാരോപിതനോടുള്ള രോഷം അയാളുടെ പൗരാവകാശങ്ങളെ ചവിട്ടിക്കൂട്ടുംവിധം പ്രകടിപ്പിക്കുന്നത് പലരുടെയും ഉൾതാപത്തെ ശമിപ്പിക്കുമായിരിക്കും. പക്ഷേ നിയമത്തിനു മുമ്പിലും ജനങ്ങൾക്കു മുമ്പിലും പരാതിക്കാരികളുടെ ജയസാദ്ധ്യത, പൊതുസമ്മതി, ഇവയെ കുറയ്ക്കാനെ അത് ഉതകൂ. പരാതിക്കാരികളുടെ മുറിവുണങ്ങലും അവർക്കു നീതിയുമാണ് വേണ്ടത്, അല്ലാതെ പ്രതികാരവും സിനിസിസം നിറഞ്ഞ മുതലെടുപ്പുമല്ല.
