ചീറ്റിപ്പോയത്
പൊലീസിട്ട കുശു

‘‘വിനായകന്റെ സ്വകാര്യത ലംഘിച്ച് പൊലീസ് പുറത്തു വിട്ട വീഡിയോയിൽ വിനായകൻ ഭീഷണി മുഴക്കുകയോ, സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടത്തുകയോ ചെയ്യുന്നില്ല, വിനായകൻ പരാതി ഉന്നയിക്കുകയാണ് വീഡിയോയിൽ ഉടനീളം. അതേസമയം ഓഫീസർ രണ്ടിലേറെ തവണ വിനായകനെ ശരീരത്തിൽ കയറി പിടിക്കുകയും തള്ളുകയും ചെയ്യുന്നുണ്ട്. നീ, എടാ- തുടങ്ങിയ പദങ്ങൾ പൗരനോട് ഉപയോഗിക്കുന്നുണ്ട്.’’

വിനായകനെ അറസ്റ്റ് ചെയ്യുകയും മാധ്യമങ്ങളെ വിളിച്ചു വരുത്തി പ്രദർശനം നടത്തുകയും ചെയ്യുന്ന രാത്രി എറണാകുളം നോർത്ത് സ്റ്റേഷനിൽ ഞാൻ പോയി. അധികാരം അന്യായമായി പിടിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹത്തെ. ആ അന്യായത്തെ ന്യായീകരിക്കാൻ ചെയ്തതിലും വലിയ അന്യായം സംഭവിച്ചേക്കാം. വിനായകൻ കൊല്ലപ്പെട്ടേക്കാം. കഴുവേറാനുള്ള ''കഴുത്തളവ് പാകമായ ഗോവദ്ധനൻ'' തന്നെയാണ് അദ്ദേഹം. ആ ഭയമാണ് വാർത്തയറിഞ്ഞ ഉടൻ എന്നെ സ്റ്റേഷനിലേക്ക് പായിച്ചത്. ഭാഗ്യം- വിനായകൻ കൊല്ലപ്പെട്ടിട്ടില്ല.

മാത്രമല്ല പത്തുമണിയോടെ അവിടെ എത്തുമ്പോൾ, വിനായകൻ സ്റ്റേഷൻ ജാമ്യവും നേടിക്കഴിഞ്ഞിരുന്നു. ഇനി വീട്ടിലേക്ക് പോയാൽ മതി.

സ്റ്റേഷനിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ:

  1. വിനായകൻ പൊലീസ് സ്റ്റേഷനിൽ എത്തിയത് നീതി തേടിയാണ്. ഒന്നര മണിക്കൂറിലധികം കാത്തിരുന്നിട്ടും ഓഫീസർ വിനായകനെ കാണാനോ, കേൾക്കാനോ കൂട്ടാക്കാത്തതിനെ തുടർന്നാണ് വിനായകന് തന്റെ ആവശ്യം ഉറക്കെ ഉന്നയിക്കേണ്ടി വന്നത്.

  2. വിനായകനെ മെഡിക്കൽ എടുക്കാൻ ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മാധ്യമങ്ങളെ പൊലീസുകാർ വിവരമറിയിച്ചത്. മാധ്യമങ്ങൾ ജനറൽ ആശുപത്രി മുതലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

  3. വിനായകൻ സ്റ്റേഷനിൽ ഉയർന്ന ശബ്ദത്തിൽ തനിക്കു വേണ്ടി നീതി അഭ്യർത്ഥിക്കുന്ന വീഡിയോ പകർത്തുകയും സ്റ്റേഷനിൽ അസഭ്യം പറയുന്നു, അതിക്രമം നടത്തുന്നു- എന്ന വിധത്തിൽ മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തത് പൊലീസാണ്.

  4. സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തി/ ആ പരാതി പറയാനെത്തിയ വ്യക്തിയുടെ സ്വകാര്യതയെ പൂർണ്ണമായി ലംഘിച്ച്, വീഡിയോ പുറത്തു വിട്ട പൊലീസ് മറ്റൊരു അന്യായമാണ് ചെയ്തത്.

  5. പ്രശ്‌നം പരാതിയായി പറയാനാണ് വിനായകൻ എത്തിയത്. അയാളെ പ്രശ്‌നക്കാരനാക്കി അറസ്റ്റ് രേഖപ്പെടുത്തി, കുറ്റക്കാരനാക്കാണ് പൊലീസ് ഓഫീസർ അനാവശ്യമായ തിടുക്കം കാണിച്ചു. (അയാൾ, ജന്മനാൽ തന്നെ പ്രശ്‌നമാണ്, അയാളുടെ വംശമേ ഇല്ലാതാകേണ്ടതാണ് എന്ന അധികാര പ്രയോഗം വ്യക്തം)

  6. സ്റ്റേഷൻ പരിസരത്ത് പുകവലിച്ചു, സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തി പോലുള്ള കേസുകളാണ് ചുമത്തിയത്. ഇത് രണ്ടും സംഭവിച്ചത്, ഓഫീസറോട് ഉയർന്ന ശബ്ദത്തിൽ തന്റെ ആവശ്യം ഉന്നയിച്ചതിനു മാത്രമാണ് (അനുസരണയോടെ, ഓച്ഛാനിച്ച് നിന്ന്, കീഴ്‌പ്പെട്ട്, ശബ്ദം താഴ്ത്തി സംസാരിച്ചില്ല എന്നതാണ് കുറ്റം)

  7. പൊതുസ്ഥലത്ത് പുകവലിക്കുന്നത് ഒരു പെറ്റിക്കേസ്. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ശബ്ദം ഉയർത്തിയതാണ് കുറ്റമെങ്കിൽ, ശബ്ദമലിനീകരണത്തിനു വേണമെങ്കിൽ കേസെടുക്കാം. അറസ്റ്റിനൊന്നുമുള്ള വകുപ്പില്ല.

പിന്നെ എന്താണ് സംഭവിച്ചത്:

സംഭവിച്ചത് എന്താണെന്ന്, വിനായകൻ മാധ്യമങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ പൊലീസുകാർ ചിത്രീകരിച്ച് പുറത്തു പ്രചരിപ്പിച്ച വീഡിയോയിൽ തന്നെ കാരണങ്ങൾ വ്യക്തമാണ്.

  1. ''തീട്ടം തിന്നു വളർന്ന പട്ടിയെ കുശു ഇട്ടു പേടിപ്പിക്കരുത്''- എന്ന പഴഞ്ചൊല്ല്, ഒരു അസഭ്യമല്ല തത്വശാസ്ത്രമാണ് എന്ന് വിനായകൻ ആവർത്തിച്ച്, ശബ്ദം കൊണ്ട് അടിവരയിട്ട് പറയുന്നുണ്ട്. പക്ഷെ, ഓഫീസർക്ക് അത് മനസിലാകുന്നില്ല. വിനായകൻ അത് തത്വശാസ്ത്രമാണ് എന്നു പറയുന്നിടത്താണ്, അതു മനസിലാകാതെയാണ് ആ 'സാറ്' അറസ്റ്റ് ചെയ്യാനും മെഡിക്കൽ എടുക്കാനും ഓഫീസർ തീരുമാനിക്കുന്നത് എന്ന് വീഡിയോയിൽ വ്യക്തം. വിനായകൻ, സ്റ്റേഷനിൽ കുറ്റകരമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ല. (മദ്യപിച്ചവർക്ക് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ പ്രവേശനമില്ല എന്ന നിയമമൊന്നും ഇല്ലല്ലോ)

  2. വിനായകനു മുന്നിൽ ഓഫീസർ ഉത്തരം മുട്ടുന്നത്, വീട്ടിൽ വന്ന സ്ത്രീ ആരാണ് എന്ന ചോദ്യത്തിലാണ്. യൂണിഫോം ഇട്ടവരെ, പൊലീസുകാർ എന്നു തിരിച്ചറിഞ്ഞു എന്നും പൊലീസാണെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കു, എന്നാവശ്യപ്പെട്ട സ്ത്രീ, അതു കാണിച്ചില്ലെന്നും അവരാരാണ് എന്നു തനിക്ക് അറിയണമെന്നും വിനായകൻ ആവശ്യപ്പെടുന്നു. അപ്പോൾ, നിന്റെ വീട്ടിലെ വേലക്കാരല്ല, നീ ചോദിക്കുന്നതിന് ഉത്തരം തരാനെന്നാണ് ഓഫീസർ പറയുന്നത്. (വീട്ടുജോലികൾ ചെയ്യുന്നവരോട് എന്തുമാകാം എന്ന് ഓഫീസർ പറയുന്നു). പൗരന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് അപ്പോൾ ഓഫീസറോട് വ്യക്തമായും പറയുന്നു. നീ, എടാ- എന്ന് വിനായകനെ ഓഫീസർ വിളിക്കുമ്പോഴും സാർ- എന്നാണ് വിനായകൻ ഉടനീളം സംബോധന ചെയ്യുന്നത്.

  3. വിനായകൻ, വീഡിയോയിൽ പറയുന്ന മറ്റൊരു കാര്യം തന്റെ ഫോൺ മോഷ്ടിച്ചു കൊണ്ടുവന്നതിനെ കുറിച്ചാണ്. വ്യക്തിപരമായ കേസ് എന്ന് തൊട്ടടുത്ത ദിവസം എസിപി പറയുന്നുണ്ട്. ഇത്തരം ഒരു കേസിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള എന്ത് അവകാശമാണ് പൊലീസിനുള്ളത്?

  4. മറ്റൊന്ന്, വീഡിയോയിൽ ഉടനീളം വിനായകൻ കൈ പുറകിലേക്ക് കെട്ടിയാണ് നിൽക്കുന്നത്. കയ്യെടുത്തോ, വിരൽ ചൂണ്ടിയോ സംസാരിക്കുന്നില്ല. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാലും വിനായകന്റെ ശരീരഭാഷ അതു തന്നെയാണ്. അതായത്, കയ്യെടുത്ത് പൊലീസുകാരെ അതിക്രമിച്ചു എന്നെഴുതാനുള്ള സാധ്യതയെ വിനായകൻ മുന്നേ കാണുന്നുണ്ട്. തെളിഞ്ഞ ബുദ്ധിയോടെയും വിവേകത്തോടെയുമാണ് വിനായകന്റെ പ്രവർത്തികൾ.

  5. ഈ സംഭവത്തിൽ വിനായകൻ മാധ്യമങ്ങളിലൂടെ ജനത്തോട് പറഞ്ഞത്, എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് ഓഫീസറോട് ചോദിക്കു എന്നാണ്. തനിക്ക് പറയാനുള്ളത് സ്റ്റേഷനിൽ പറഞ്ഞോളാമെന്നും. അല്ലാതെ, ജനത്തിനു കേൾക്കാനായി/ അറിയാനായി വിനായകൻ ഒന്നും പറയുന്നില്ല. അയാൾ ജനാധിപത്യത്തിൽ പൊലീസ് സ്റ്റേഷനിലൂടെ ലഭിക്കും എന്നു കരുതുന്ന നീതിയിൽ വിശ്വസിക്കുന്നു.

  6. ജീപ്പിൽ കയറുന്ന സമയത്ത് എതിർക്കുന്നില്ല. നിങ്ങൾ പറയുന്ന ഇടത്ത് ഇരിക്കാം എന്നാണ് പറയുന്നത്. അപകടകാരിയായ ഒരു കുറ്റവാളി എന്ന നിലയിൽ അയാളെ അപമാനിക്കുന്ന വിധത്തിലാണ് ഇരിപ്പിടം നൽകുന്നത് (മദ്യപിച്ച് മനംമറിഞ്ഞ് ബൈക്കിടിപ്പിച്ച് ജേർണലിസ്റ്റിനെ കൊലപ്പെടുത്തിയ ഐ.എ.എസുകാരന്റെ മെഡിക്കൽ, മദ്യം ഇറങ്ങിയ ശേഷം എടുത്ത പൊലീസ് ഈ വിഷയത്തിൽ കാണിക്കുന്ന ജാഗ്രത, പ്രത്യേകം ശ്രദ്ധിക്കണം).

  7. വിനായകന്റെ സ്വകാര്യത ലംഘിച്ച് പൊലീസ് പുറത്തു വിട്ട വീഡിയോയിൽ വിനായകൻ ഭീഷണി മുഴക്കുകയോ, സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടത്തുകയോ ചെയ്യുന്നില്ല, വിനായകൻ പരാതി ഉന്നയിക്കുകയാണ് വീഡിയോയിൽ ഉടനീളം. അതേസമയം ഓഫീസർ രണ്ടിലേറെ തവണ വിനായകനെ ശരീരത്തിൽ കയറി പിടിക്കുകയും തള്ളുകയും ചെയ്യുന്നുണ്ട്. നീ, എടാ- തുടങ്ങിയ പദങ്ങൾ പൗരനോട് ഉപയോഗിക്കുന്നുണ്ട്.

  8. തന്റെ സ്വത്ത് നഷ്ടപ്പെട്ടതിനെ കുറിച്ച് വിനായകൻ പറയുന്നുണ്ട്. അതിന് കോടതിയിലാണ് പോകേണ്ടത് എന്നു വിനായകനോട് ഓഫീസർ പറയുന്നുണ്ട്.

  9. വിനായകന്റെ വീട്ടിൽ വന്ന സ്ത്രീ, ഒരു വനിതാ പൊലീസാണ് എന്ന് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് വിനായകനെ ബോധ്യപ്പെടുത്തുകയും സമാധാനപ്പെടുത്തി ക്രമത്തിലാക്കി മടക്കി അയക്കുകയും ചെയ്യേണ്ട ചുമതല ഓഫീസർ മറക്കുകയും സ്വന്തം അഹംഭാവത്തെ തൃപ്തിപ്പെടുത്തും വിധം ഒരു പൗരനോട് പെരുമാറുകയുമാണുണ്ടായത്. അയാൾ ഓഫീസർ എന്ന നിലയ്ക്ക് തൽസ്ഥാനത്ത് തുടരാൻ അയോഗ്യനാണ്.

ശ്രീറാം വെങ്കിട്ടരാമൻ
ശ്രീറാം വെങ്കിട്ടരാമൻ

തുടർന്ന് നടക്കുന്നത്:

  1. വിനായകനെ തെറി പറഞ്ഞാൽ മാധ്യമങ്ങളിൽ ഇടം നേടാമെന്ന് കരുതുന്ന ചിലരുടെ ബ്ലാബ്ലാ.

  2. വിനായകനെ ഒരു സി.പി.ഐ.എം സഖാവാക്കാനുള്ള ശ്രമം (കഴിഞ്ഞിടെ അഭിമുഖത്തിൽ വിനായകൻ പറയുന്നുണ്ട്, അയാളൊരു കമ്യൂണിസ്റ്റല്ല എന്ന്).

  3. ജാത്യാക്രമണമാണ് വിനായകന് എതിരെ ഓഫീസർ നടത്തിയത് എന്ന യാഥാർത്ഥ്യം മറച്ചു വെക്കാൻ ചിലർ നടത്തുന്ന ശ്രമം.

  4. ജയിലർ, ധ്രുവനച്ചത്തിരം- തുടങ്ങിയ തമിഴ് സിനിമകൾ ആ പ്രതിഭയ്ക്കു നൽകുന്ന വലിയ ഇടങ്ങളെ പേടിയോടെ കാണുന്നവരുടെ കരച്ചിൽ.

  5. ഇപ്പുറത്ത് വിനായകനായതു കൊണ്ട്, പൊലീസ് ചെയ്തതാണ് ന്യായം- എന്നു പറയാൻ നാണമില്ലാത്തവരുടെ ഉളുപ്പില്ലായ്മ.

  6. വിനായകനൊപ്പമാണ്, പക്ഷെ വിനായകൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന ആട്ടിൻ തോലിട്ട ഉപദേശങ്ങൾ.

പക്ഷെ, ഒരൊറ്റ തിരിമറിച്ചിലായിപ്പോയി:

  1. പൊലീസ് പുറത്തുവിട്ട വീഡിയോ വിശദമായി പരിശോധിക്കപ്പെടുകയും ആവർത്തിച്ച് കാണുകയും ചെയ്ത വകതിരിവുള്ള മനുഷ്യർ, വിനായകന്റെ ഭാഗത്ത് അന്യായമൊന്നും കാണുന്നില്ല. പകരം, അതൊരു കലാപ്രവർത്തനമായി തന്നെ കാണുന്നു. വിനായകൻ ആടിയത്, പൊലീസ് ക്യാമറയ്ക്കു മുന്നിലാണ്. വിനായകന് അറിയാമായിരുന്നു ആ ദൃശ്യങ്ങൾ പുറത്തിറങ്ങുമെന്ന്. പുറത്തിറങ്ങുന്ന 'സിനിമയിലെ' തന്റെ വേഷം എന്തുതരത്തിൽ വിനിമയം ചെയ്യപ്പെടണമെന്ന നടനബുദ്ധി ഉടനീളമുണ്ട്. കമ്യൂണിക്കേറ്റ് ചെയ്യപ്പെടണം എന്ന വിധം ആ നടൻ ആ ദൃശ്യങ്ങളിൽ ഒളിപ്പിച്ചു വെച്ച ശരീര- വാചിക ഭാഷയും സംഭാഷണങ്ങളും മനസിലാകേണ്ടവർ മനസലിലാക്കുകയും. അതിലെ ഊർജ്ജം ആവാഹിക്കുകയും ചെയ്യുന്നു. ആയിരങ്ങൾ അണിനിരന്ന ഒരു പൊലീസ്റ്റേഷൻ മാർച്ചിനെക്കാളും ശക്തമായി, സ്റ്റേഷനിൽ കയറി ചെന്നു തന്നെ അയാൾ, ജീവിതമാടി.

  2. ആ ദൃശ്യങ്ങളിലെ വിനായകൻ, പിന്നിലേക്ക് കൈകെട്ടി- പുതിയൊരു ശരീരഭാഷ, അധികാരത്തിന് എതിരെയുള്ളത്, ചോദ്യം ചെയ്യുന്നത്, പുറത്തുവിട്ടു. തന്റെ ഇടങ്കൈകൊണ്ട് പിന്നിലൂടെ വലങ്കൈയെ പിടിച്ചു വെച്ചിരിക്കുകയാണ്. ആ പിടിച്ചു വെക്കൽ, അക്രമത്തിന്റെ ഭാഷയല്ല. എന്നാലത്, താക്കീതിന്റെ ഭാഷയാണ്. സ്വയം പിടിച്ചു വെച്ച ആ വലങ്കൈ സൃഷ്ടിക്കുന്ന ആഗോള ഭാഷ, എക്കാലവും വിറളിപിടിപ്പിക്കുന്നത് എല്ലാവിധ അധികാര കേന്ദ്രങ്ങളേയുമാണ്. പിടിവിട്ടാൽ അടി, എന്നു ചിലരതിനെ ഭയത്തോടെയോ ആവേശത്തോടെയോ വായിച്ചേക്കാം.

  3. ആവശ്യം ഉച്ചത്തിലുറക്കെ പറയുമ്പോഴും, ഉന്നയിക്കുന്ന വിഷയങ്ങൾ കൃത്യമായി തന്നെയാണ്. താനൊരു പൗരനാണെന്നും തന്റെ അവകാശമാണ് ഹനിക്കപ്പെടുന്നത് എന്നുമുള്ള ബോധ്യത്തോടെ അയാൾ ജനാധിപത്യത്തിലെ സമരം എന്ന പ്രയോഗം നടത്തുന്നു. അഥവ കലാപ്രയോഗം.

  4. വിനായകൻ, സ്റ്റേഷനിൽ മുഴക്കിയ വാക്കുകളും ആശയങ്ങളും മുദ്രാവാക്യ സ്വഭാവമുള്ളതാണ്. മുദ്രാവാക്യം തന്നെയാണ്. ചോദ്യം ചെയ്യപ്പെട്ടതും വിനായകനു മുന്നിൽ വിരണ്ടതും മുട്ടിടിച്ചതും അധികാരത്തിനാണ്- എന്ന് തിരിച്ചറിയുന്ന തലമുറ ഇവിടെയുണ്ട്. വിനായകന്റെ പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾക്ക് അവർ ജയിലറിലെ ബിജിഎം ഇട്ട് ആഘോഷിക്കുന്നു.

  5. മറ്റൊന്ന്, മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയത്തിൽ വിനായകന്റെ ന്യായം കാണാൻ ശ്രമിച്ചതാണ്. ജയിലറും ധ്രുവനച്ചത്തിരവും കടന്നുയരുന്ന വിനായകന്റെ താരമൂല്യത്തെ/ വിപണി മൂല്യത്തെ മാധ്യമങ്ങൾക്ക് ഇനി തള്ളിക്കളയാനാവില്ല. വിനായകന്റെ അഭിമുഖങ്ങൾ എന്ന റീച്ചേറിയ കണ്ടന്റിനെ വെറുതെയങ്ങ് വേണ്ടന്നു വെക്കാൻ അവർക്കാവില്ല.

വിനായകനെ ജയിപ്പിക്കുന്ന പൊലീസിന്റെ തെളിവ്:

1. കേസിൽ വിനായകന് അനുകൂലമാകുന്ന തെളിവ് പൊലീസ് പുറത്തു വിട്ട വീഡിയോ തന്നെയാണ്. ആ വീഡിയോ വിനായകനു വേണ്ടി കോടതിയിൽ സാക്ഷി പറയും.

2. പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച്, തന്റെ സ്വകാര്യത ലംഘിക്കുന്ന വിധം വീഡിയോ ചിത്രീകരിക്കുകയും പുറത്തു വിടുകയും ചെയ്ത പൊലീസുകാരനെ കണ്ടെത്തി മറ്റൊരു കേസ് വിനായകന് തീർച്ചയായും ഫയൽ ചെയ്യാൻ പറ്റും.

100 ശതമാനം പൗരനാണ് താനെന്ന്, വിനായകൻ ആ പൊലീസ് സ്റ്റേഷനിൽ തെളിയിച്ചു- മനസിലായോ സാറേ...


ലാസർ ഷൈൻ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, 'കൂ', 'ഡ്രൈവിങ്ങ് സ്‌ക്കൂൾ' എന്നിവ പുസ്തകങ്ങൾ

Comments