ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്നും കൂട്ടുകൂടിയിട്ടുണ്ടെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന പ്രത്യേകിച്ചൊരു വെളിപ്പെടുത്തലിന്റെ സ്ഫോടനാത്മകതയുണ്ടാക്കുന്ന ഒന്നല്ല. എന്നാലതൊരു രാഷ്ട്രീയ നിലപാടിലെ ഇരട്ടത്താപ്പിനേയും ഇപ്പോഴുള്ള ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ സി പി എം നിലപാടിലെ പൊള്ളത്തരത്തെയും തുറന്നുകാട്ടുന്നതാണ്.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 27-വരെ നീണ്ടുനിന്ന, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു നടപ്പിലാക്കിയ ആഭ്യന്തര അടിയന്തരാവസ്ഥ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭരണകൂടം നേരിട്ട് പൗരാവകാശങ്ങളും ജനാധിപത്യ ഘടനയും റദ്ദാക്കിയ കാലമായിരുന്നു. കോൺഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭരണത്തിനുള്ള, തെരഞ്ഞെടുപ്പുകളിൽ നിന്നടക്കമുള്ള പ്രത്യക്ഷ ഭീഷണികളടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്. രാജ്യത്ത് ശക്തിയാർജിച്ചുവന്നിരുന്ന സാധാരണ ജനങ്ങളുടെ രാഷ്ട്രീയ ചെറുത്തുനിൽപ്പുകളും അതിനു പിന്നിലുണ്ട്. പൗരാവകാശങ്ങളെയൊന്നാകെ റദ്ദാക്കിയും ജനാധിപത്യ രാഷ്ട്രീയഘടനയെ തകർത്തുകൊണ്ടുമാണ് ഇന്ദിരാഗാന്ധി ആ ഘട്ടത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ജയപ്രകാശ് നാരായന്റെ നേതൃത്വത്തിൽ വടക്കേ ഇന്ത്യയിൽ ശക്തി പ്രാപിച്ച സർക്കാർ വിരുദ്ധ രാഷ്ട്രീയനീക്കങ്ങൾ ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും ആകമാനം ദുർബ്ബലമാക്കാൻ പോന്നതായിരുന്നു. ഗുജറാത്തിലും ബിഹാറിലുമുണ്ടായ വിദ്യാർത്ഥി മുന്നേറ്റങ്ങളും അടിയന്തരാവസ്ഥയിലേക്കുള്ള നീക്കത്തിലേക്ക് ഇന്ദിരാ സർക്കാരിനെ തള്ളി. ബംഗ്ളാദേശ് യുദ്ധത്തിനുശേഷമുള്ള ‘വീരദുർഗ്ഗ’ പരിവേഷമൊക്കെ ഇന്ദിരാഗാന്ധിയിൽ നിന്ന് അതിവേഗം കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു.
അറബ്- ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായി എണ്ണയുത്‌പ്പാദക ഗൾഫ് രാജ്യങ്ങൾ ക്രൂഡ് ഓയിൽ വില ഇരട്ടിയാക്കിയതൊക്കെ രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരുന്ന കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയെ വീണ്ടും തീക്ഷ്ണമാക്കി. നക്സൽബാരിയടക്കം നിരവധി കലാപങ്ങൾ ഉയർന്നുവന്നു. ഗുജറാത്ത്, ബിഹാർ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയും അടിത്തറ ഈ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളായിരുന്നു. ഭരണഘടനാ കോടതികളെ സർക്കാരിന്റെ വാലാട്ടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി മൂന്ന് മുതിർന്ന ന്യായാധിപന്മാരെ മറികടന്ന് എ.എൻ. റേയെ കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കി നിയമിച്ചു. കേശവാനന്ദഭാരതി കേസിൽ കേന്ദ്ര സർക്കാരിനെ ദുർബ്ബലമാക്കിയ വിധി പറഞ്ഞവരെ കൂടിയാണ് ഇത്തരത്തിൽ തഴഞ്ഞത്. ഇതിൽനിന്നെല്ലാമാണ് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം.
അടിയന്തരാവസ്ഥ എല്ലാത്തരം പൗരാവകാശങ്ങളെയും ഇല്ലാതാക്കുന്ന ഒന്നായെന്നത് അതിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ പ്രതിപക്ഷ കക്ഷികളും രാജ്യത്തെ രാഷ്ട്രീയ സമൂഹവും തിരിച്ചറിഞ്ഞു. മാധ്യമസ്വാതന്ത്ര്യമെന്നത് സമ്പൂർണ്ണമായി ഇല്ലാതാക്കി. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയെല്ലാം തടവിലാക്കി. നക്സലൈറ്റുകൾക്കെതിരെ അതിഭീകര വേട്ട നടത്തി. പോലീസ് സ്റ്റേഷനുകൾ കൊലയറകളായി മാറി. ഒരു ജനാധിപത്യരാജ്യമെന്ന ദുർബ്ബലമായ മേലങ്കിപോലും ഇന്ത്യയിൽനിന്നും അഴിഞ്ഞുവീണു.

ഈ ഘട്ടത്തിൽ അതിനെതിരായ ചെറുത്തുനിൽപ്പ് പലരൂപത്തിലും ഉയർന്നുവന്നു. എന്നാൽ വ്യവസ്ഥാപിത രാഷ്ട്രീയസംഘടനകളെയെല്ലാം അറസ്റ്റുകളും നിരോധനവുമൊക്കെക്കൊണ്ട് ഞെരിച്ചതിനാൽ അത്തരം പ്രതിഷേധങ്ങളെല്ലാം ഒരുതരത്തിൽ സാഹസികമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൂടിയായി മാറി. ഒടുവിൽ 1977-ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ രാജ്യത്ത് ഇനിയിങ്ങനെയൊരു ഭരണകൂടഭീകരത അനുവദിക്കാനാകില്ലെന്ന പൊതുതീരുമാനത്തിൽ ഒരു തരത്തിൽ ഉദാര ജനാധിപത്യ രാഷ്ട്രീയകക്ഷികളടക്കമുള്ളവ എത്തിയതിന്റെ ഫലമായി സി പി എം അടക്കമുള്ള പ്രതിപക്ഷം ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ, ഇക്കാര്യത്തിൽ കറുപ്പും വെളുപ്പുമായൊരു ചിത്രം വരച്ചെടുക്കൽ സാധ്യമല്ല. കാരണം, ഹിന്ദുത്വ വർഗീയ കക്ഷിയായ ജനസംഘവും അതിന്റെ മാതൃസംഘമായ ആർ. എസ്.എസും അക്കൂട്ടത്തിലുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ. ആർ.എസ്.എസിനെ എങ്ങനെയാണ് ഒരു ജനാധിപത്യ മുന്നണിയിൽ ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ സന്ദേഹങ്ങൾ പ്രതിപക്ഷകക്ഷികൾക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ജനസംഘം സോഷ്യലിസ്റ്റുകൾക്ക് നേതൃത്വമുള്ള ജനതാകക്ഷിയിൽ ലയിക്കുന്നത്. ജനസംഘം നേതാക്കളായ അടൽ ബിഹാരി വാജ്‌പേയിയും ലാൽ കൃഷ്ണ അദ്വാനിയുമൊക്കെ ജനതാ കക്ഷിക്കാരായാണ് ഇന്ദിരാ കോൺഗ്രസ് നിലംപരിശായ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചത്. അതിനുശേഷമുണ്ടായ സർക്കാർ തകരാനുള്ള കാരണവും ഈ മുൻ ജനസംഘക്കാരുടെ ആർ.എസ്.എസ് അംഗത്വവും രാഷ്ട്രീയവുമായിരുന്നു.
ഈയൊരു രാഷ്ട്രീയകാലത്ത് സി പി എം, ഈയൊരു ആർ.എസ്.എസ്- ജനസംഘം- ജനതകക്ഷി പ്രതിപക്ഷ മുന്നണി പരീക്ഷണത്തിനൊപ്പമായിരുന്നു. എം.വി.ഗോവിന്ദൻ പറഞ്ഞത് ഇതുകൂടി പശ്ചാത്തലമാക്കിയാണ്. ഇതൊന്നും ഗോവിന്ദൻ പറയുമ്പോൾ മാത്രം നമ്മളറിയുന്ന ഒന്നല്ല. അപ്പോളെന്താണ് ഇതിലെ സമകാലിക പ്രശ്നവും രാഷ്ട്രീയ സമസ്യയും?. ഗോവിന്ദൻ പറഞ്ഞ ചരിത്ര സാഹചര്യത്തിൽ മാത്രമല്ല, ഇപ്പോഴും സി പി എം ഹിന്ദുത്വ വർഗീയതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അപായത്തെ അതിന്റെ പൂർണ്ണമായ രൂപത്തിൽ രാഷ്ട്രീയമായി തിരിച്ചറിഞ്ഞെതിർക്കുന്നതിൽ കാണിക്കുന്ന അപകടകരമായ ശൂന്യതകളാണ് ഗോവിന്ദന്റെ പ്രസ്താവനയെ യാഥാർത്ഥ്യവുമായി ചേർത്തുനിർത്തുന്നത്.

ജനസംഘവും ആർ.എസ്.എസുമായി കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയമായ സമരൈക്യമുണ്ടാക്കുന്നത് അതിഭീഷണമായൊരു ഭാവിയിലേക്കുള്ള ചാലുകീറലായിരിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് അന്നത്തെ സി പി എം ദേശീയ ജനറൽ സെക്രട്ടറി പി.സുന്ദരയ്യ രാജിവെച്ചത്. ഹിന്ദുത്വ ഫാഷിസവുമായി ഏതുതരത്തിലുള്ള കൂട്ടുകെട്ടും ആത്മഹത്യാപരമായിരിക്കുമെന്നും ഇന്ത്യക്കകത്തും പുറത്തുമുള്ള ജനാധിപത്യ ജനസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാകുമെന്നും സുന്ദരയ്യ തന്റെ രാജിക്കത്തിൽ പറയുന്നുണ്ട്.
‘അടിയന്തരാവസ്ഥയെ നേരിടാൻ എല്ലാവരും ഒന്നിച്ചു എന്നതിന്റെ ഭാഗമായി തങ്ങളും ആർ എസ് എസുമായി ചേർന്നു’ എന്നാണ് ഗോവിന്ദൻ പറയുന്നത്. ഏറ്റവും ഉദാരമായി അനുവദിച്ചുകൊടുക്കാവുന്ന ഏറ്റവും പരമാവധി ന്യായവും അതാണ്. അത്തരമൊരു നിലപാടിൽ രാഷ്ട്രീയ ഭിന്നതകൾ പാർട്ടിയിൽ അന്നുതന്ന ഉണ്ടായിരുന്നുവെന്നതാണ് സുന്ദരയ്യയുടെ രാജിയിൽ കലാശിച്ച പ്രശ്നം. എന്നാൽ ഉൾപ്പാർട്ടി ജനാധിപത്യമെന്നത് സാങ്കേതികാർത്ഥത്തിലുള്ളൊരു അലങ്കാരമായി നിലനിൽക്കുന്നൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അത്തരം ചർച്ചകൾ അത്രയൊന്നും ഫലവത്തോ ഗുണസമ്പന്നമോ ആവുക സാധ്യമല്ലായിരുന്നു.
സുന്ദരയ്യ പറഞ്ഞ, മുൻകൂട്ടിക്കണ്ട അപകടം യാഥാർത്ഥ്യമായി എന്നതാണ് വസ്തുത. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതിപക്ഷ നിരയിലേക്കും അതിന്റെ മുന്നണിയിലേക്കും രാഷ്ട്രീയസാധുത ലഭിച്ച ആർ.എസ്.എസ് പിന്നീടങ്ങോട്ട് സ്വന്തമായിത്തന്നെ അതിനുള്ളിൽ അതിവേഗം ഇടമുണ്ടാക്കി. ബി.ജെ.പിയുടെ രൂപവത്ക്കരണവും അതിതീവ്രഹിന്ദുത്വ രാഷ്ട്രീയ പ്രയോഗങ്ങളിലേക്കുള്ള യാത്രയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കലുമൊക്കെ നാം കാണുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയവുമായി പിന്നീടങ്ങോട്ട് ഇന്ത്യയിലെ മിക്ക രാഷ്ട്രീയകക്ഷികളും കോൺഗ്രസും ഇടതുപക്ഷകക്ഷികളും ഒഴികെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ഉണ്ടാക്കി. അടിയന്തരാവസ്ഥകാലത്തും ശേഷവും ജയപ്രകാശ് നാരായണന്റെ കാർമ്മികത്വത്തിൽ നടന്ന ആർ.എസ് .എസിന്റെ ശുദ്ധികലശപ്രക്രിയ അതിന്റെ ചരിത്രപശ്ചാത്തലമായിരുന്നു.
അടിയന്തരാവസ്ഥക്കെതിരായ രാഷ്ട്രീയ സമരത്തിൽ ആർ.എസ്.എസുമായി ഒന്നിച്ചുനിന്നതിനെ സ്വയംവിമർശനപരമായും ഇന്നത്തെ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരാന്തരീക്ഷത്തിൽ ചരിത്രപരമായ കാർക്കശ്യത്തോടെയും വിലയിരുത്തുന്നതിന് പകരം അങ്ങനെ ചെയ്തിട്ടുണ്ട് എന്നും അതിലൊരു തെറ്റുമില്ല എന്നും പറയുമ്പോൾ, അനിവാര്യമായ രാഷ്ട്രീയസന്ദർഭങ്ങളിൽ സി പി എമ്മിന് കൂട്ടുകൂടാവുന്ന രാഷ്ട്രീയ സംഘമാണ് ആർ എസ് എസ് എന്നാണ് ഗോവിന്ദൻ പറഞ്ഞുവെക്കുന്നത്. അതിലാണ് വലിയ അപകടം ഒട്ടും ഒളിക്കാതെ കിടക്കുന്നത്.

ഫാഷിസ്റ്റുകളുമായുള്ള രാഷ്ട്രീയ സഖ്യമെന്നത് കേവലം തെരഞ്ഞെടുപ്പിന്റെ പ്രശ്നം മാത്രമല്ല. അത് ഫാഷിസ്റ്റ് പ്രത്യശാസ്ത്രത്തെയും അതിന്റെ സംഘടനാരൂപങ്ങളെയും ഒരു ജനാധിപത്യ രാഷ്ട്രീയശരീരത്തിലേക്ക് സാധൂകരിച്ചെടുക്കുന്നതിന് തുല്യമാണ്. അടിയന്തരാവസ്ഥക്കുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം ഈ ഹിന്ദുത്വ ഫാഷിസത്തിന്റെ സ്വാഭാവിക സാധൂകരണത്തെ വരച്ചിടുന്നുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി ആർ എസ് എസ് ബന്ധത്തെ ഇത്തരത്തിൽ ചരിത്രപരമായി ന്യായീകരിക്കുന്നത് ഒട്ടും നിഷ്ക്കളങ്കമല്ല. അത് നിരന്തരമായി ഇസ്‌ലാമിക് രാഷ്ട്രീയത്തെ എതിർവശത്ത് നിർത്തുന്ന ഒരു വാചാടോപം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്. ജമാ അത്തെ ഇസ്‌ലാമിയുമായി യു ഡി എഫ് സഖ്യമുണ്ടാക്കി, ജമാ അത്തെ ഇസ്‌ലാമി വർഗീയവാദികളാണ് എന്നെല്ലാം ആരോപിക്കുന്ന സി പി എം, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ആർ എസ് എസുമായി ചേർന്നുനിൽക്കണമെങ്കിൽ അങ്ങനെയാകാമെന്നും അതൊന്നും പറയുന്നതിൽ തങ്ങൾക്കൊരു മടിയുമില്ലെന്നും പറയുമ്പോൾ, ഭൂരിപക്ഷ ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ രാഷ്ട്രീയ വോട്ടുകൾ തങ്ങൾക്ക് ലഭിക്കാനുള്ളൊരു കുടിലതന്ത്രം കൂടിയാണ്.
പഹൽഗാം ഭീകരാക്രമണത്തെ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ല എന്ന ഗോവിന്ദന്റെ മുൻ പ്രസ്താവനയുമായി ഇത് ചേർത്തുവായിക്കണം. സംഘപരിവാറിന്റെ അതേ രാഷ്ട്രീയാരോപണമാണ് ഇസ്‌ലാമിക രാഷ്ട്രീയ സംഘങ്ങൾക്കെതിരെ സി പി എം ഉയർത്തുന്നത്. അത് മതവർഗീയതക്കെതിരായ തൊഴിലാളി വർഗ കാഴ്ചപ്പാടിന്റെ ഭാഗമായുള്ള രാഷ്ട്രീയ വ്യക്തതയുള്ളതല്ല, മറിച്ച് സങ്കുചിത ദേശീയതയുടെ മുസ്‌ലിം വിരോധത്തിന്റെ സംഘപരിവാർ ഭാഷയിലാണ് എന്നതാണ് അതിനെ അപകടകരമാക്കുന്നത്.

മുസ്ലീങ്ങൾക്ക് ഇന്ത്യ പുണ്യഭൂമിയല്ലെന്നും അതുകൊണ്ടുതന്നെ അവർ പൂർണ്ണാവകാശങ്ങളുള്ള ഇന്ത്യക്കാരാവുക അസാധ്യമാണെന്നുമാണ് സവർക്കർ മുതലുള്ള ഹിന്ദുത്വ രാഷ്ട്രീയ നിലപാട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യക്കുള്ളിൽ രണ്ടു ദേശങ്ങളാണെന്ന നിലപാട് ലീഗിന്റെ ദ്വിരാഷ്ട്രവാദത്തിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയസംഘങ്ങളും ഇന്ത്യയിൽ ഉയർത്തിയിരുന്നു. വിഭജനാനന്തരം ആർ എസ് എസ് എക്കാലത്തും ആരോപിക്കുന്നത് ഇന്ത്യൻ മുസ്ലിംകളുടെ കൂറ് പാകിസ്ഥാനോടാണ്, അവർ ഇസ്‌ലാമിക് തീവ്രവാദത്തിന്റെ sleeping cell- കളാണ് എന്നാണ്. ഓരോ ഭീകരാക്രമണത്തിനുശേഷവും ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾ നിരന്നുനിന്ന് ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന ആവശ്യം സംഘ്പരിവാറിന്റേതാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പായപ്പോൾ അത് സി പി എം സെക്രട്ടറിയുടേതുമാണ്.
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി എത്ര ഹീനമായ രീതിയിലാണ് മുസ്‌ലിം അപരവത്ക്കരണത്തിന്റെ സംഘപരിവാർ രാഷ്ട്രീയത്തെ സി പി എം വർഗീയ വിരുദ്ധരാഷ്ട്രീയത്തിന്റെ മറക്കുട ചൂടി ആനയിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ, കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പാകിസ്ഥാൻ അനുകൂലികളായ വിഭാഗങ്ങളുണ്ട് എന്ന സംഘപരിവാർ വാദത്തിനെയാണ് ഗോവിന്ദൻ സാധൂകരിച്ചുകൊടുക്കുന്നത്. ഇന്ത്യയിലെ ഒരു ഹിന്ദു സംഘടനയോ ക്രിസ്ത്യൻ സംഘടനയോ നേരിടേണ്ടാത്ത “രാജ്യസ്നേഹ പരീക്ഷ” മുസ്‌ലിം സംഘടനകൾ നേരിടേണ്ടതുണ്ട് എന്ന് പറയുന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമുണ്ടാക്കിയ The new normal ആണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം എന്ന നിലയിൽ മുസ്ലീങ്ങൾ വോട്ടു ചെയ്തില്ല എന്ന് തിരിച്ചറിഞ്ഞതോടെ, എന്നാൽപ്പിന്നെ ഒലിച്ചുപോകുന്ന ഹിന്ദു വോട്ടുകളെ തടഞ്ഞുനിർത്താൻ അല്പം മുസ്‌ലിം വിരോധമായിക്കളയാമെന്ന നെറികെട്ട അവസരവാദ രാഷ്ട്രീയമാണ് സി പി എം നടത്തുന്നത്. അതുകൊണ്ടാണ് പലസ്തീനും ഗാസയും തെരഞ്ഞെടുപ്പ് കഥാപ്രസംഗങ്ങളിൽ അത്ര പൊലിപ്പിക്കാത്തത്.
കേരളത്തിലെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും , അതേതു തെരഞ്ഞെടുപ്പായാലും ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയപ്രശ്‌നം ഇന്നത്തെ ഇന്ത്യൻ കാലാവസ്ഥയിൽ ഹിന്ദുത്വ ഫാഷിസമാണ്. എന്നാൽ സി പി എം വളരെ കൗശലത്തോടെ ശ്രമിക്കുന്നത്, ഇസ്‌ലാമിക രാഷ്ട്രീയത്തെയും ഇസ്‌ലാമിക മതവർഗീയതയെയും ഹിന്ദുത്വ രാഷ്ട്രീയഭീഷണിയും അതിന്റെ രാഷ്ട്രീയാധികാര പ്രയോഗവുമായി തുല്യം നിർത്തി സമീകരിക്കാനാണ്. നിലമ്പൂരിലും ഇതുതന്നെയാണ് നടക്കുന്നത്. വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും ദീർഘകാല അജണ്ടയിൽ സി പി എം ആയിരിക്കും ഗുണഭോക്താവെന്ന രാഷ്ട്രീയ സന്ദേഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഗോവിന്ദന്റെ ആർ എസ് എസ് ബന്ധസാധൂകരണം.
ഹിന്ദുത്വ ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുടെ ജനാധിപത്യസമരത്തിനാണോ കേവലമായ അധികാരത്തിനാണോ സി പി എം മുന്നിൽ നിൽക്കുന്നതെന്ന ചോദ്യത്തിന്; മതേതര- ഇടതുപക്ഷ- ജനാധിപത്യ രാഷ്ട്രീയചേരിക്ക് ആത്മവിശ്വാസം പകരുന്ന നിലപാടല്ല സി പി എമ്മിന്റേത്. ഗോവിന്ദന്റെ പ്രസ്താവന, ഫാഷിസ്റ്റ് വിരുദ്ധസമരത്തിൽ സി പി എമ്മിലുള്ള അവിശ്വാസത്തെ കേവലസന്ദേഹത്തിൽ നിന്നും ഹിന്ദുത്വ ഫാഷിസവുമായി അതൊരുപക്ഷേ എത്തിപ്പെടാൻ സാധ്യതയുള്ള ഗൂഢധാരണകൾക്കുള്ള മൂർത്തസാധ്യതകളെ നമുക്കു മുന്നിൽ നിർത്തുന്നു.
