കാനത്തിന്റെ പാർട്ടി പിണറായിയുടെ പാർട്ടിയോട്​ മുന്നാക്ക സംവരണത്തെക്കുറിച്ച്​ എന്തു പറയും?

2025ൽ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന സി.പി.ഐയുടെ, ഇടതുമുന്നണിയിലെ ഘടകകക്ഷി എന്ന നിലയിലുള്ള അസ്തിത്വത്തിന് കുറെക്കൂടി ക്രിയാത്മകമായൊരു വികാസം സാധ്യമാകണമെങ്കിൽ, മുന്നാക്ക സംവരണക്കാര്യത്തിൽ നടത്തിയതുപോലെ, മറ്റു പ്രധാനപ്പെട്ട വിഷയങ്ങളിലും സമാന ചർച്ചകളിലൂടെയും തിരുത്തലുകളിലൂടെയും സഞ്ചരിക്കേണ്ടിവരും.

വിജയവാഡയിൽ നടന്ന സി.പി.ഐ 24ാം പാർട്ടി കോൺഗ്രസ് ശ്രദ്ധേയമായത്, മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പേരിലാണ്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം എന്ന വ്യവസ്ഥ പാർട്ടി പരിപാടിയിൽനിന്ന് ഒഴിവാക്കണമെന്ന ഭേദഗതി നിർദേശത്തിന് പാർട്ടി കോൺഗ്രസിൽ വലിയ പിന്തുണയാണ് കിട്ടിയത് എന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സൂചിപ്പിക്കുന്നു. വി.എസ്. സുനിൽകുമാർ കൊണ്ടുവന്ന ഭേദഗതി പാർട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ച കമീഷനിലാണ് അവതരിപ്പിച്ചത്. സാമ്പത്തിക സംവരണം എന്നത് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമാണെന്നാണ് സുനിൽകുമാർ വാദിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്രത്യേക പാക്കേജ് ആകാം എന്നും അദ്ദേഹം നിർദേശിച്ചു. പുതിയ ദേശീയ കൗൺസിലിന്റെ തീരുമാനം എന്തായാലും, ഒരു കമ്യൂണിസ്റ്റ് പാർട്ടി യാഥാർഥ്യബോധത്തോടെ ഈ വിഷയം അതിന്റെ നയതീരുമാനവേദിയിൽ ചർച്ച ചെയ്തു എന്നതിന് ഏറെ പ്രാധാന്യമുണ്ട്.

മുന്നാക്ക സംവരണത്തിനെതിരായ നിലപാട് ഇതുവരെ സി.പി.ഐ സ്വീകരിച്ചിട്ടില്ലെങ്കിലും, ജനറൽ സെക്രട്ടറി ഡി. രാജ അടക്കമുള്ള നേതാക്കൾ പല അവസരങ്ങളിലും എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിൽനിന്ന് രാജ ഇറങ്ങിപ്പോയിരുന്നു. മാത്രമല്ല, കേരളത്തിൽ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കളിൽ പലരും മുന്നാക്ക സംവരണത്തെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. നിലപാട് തിരുത്തിക്കാൻ നേതൃത്വത്തിനുമേലുള്ള ഇത്തരം സമ്മർദങ്ങൾക്ക്, വി.എസ്. സുനിൽകുമാറിന്റെ ഭേദഗതിയോടെ ഔദ്യോഗിക ശ്രദ്ധ ലഭിച്ചിരിക്കുന്നു.
2015ലെ പോണ്ടിച്ചേരി പാർട്ടി കോൺഗ്രസിലാണ് സാമ്പത്തിക സംവരണം എന്ന നിർദേശം സി.പി.ഐ പരിപാടിയിൽ ഉൾപ്പെടുത്തിയത്.

സി.പി.ഐ 24ാം പാർട്ടി കോൺഗ്രസ് / Photo: Balram Nedungadi

ഇടതുസർക്കാർ, സി.പി.എം, സി.പി.ഐ

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സാമ്പത്തിക സംവരണം എന്നത് കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏറെ കാലമായുള്ള നയമാണ്. പ്രകടനപത്രികകളിലടക്കം അത് ഉറപ്പുനൽകാറുമുണ്ട്. കേരളത്തിൽ, ഇ.എം.എസ് അടക്കമുള്ളവർ ഈ നയത്തിന്, ‘ജാതി ശാശ്വതീകരണ' വ്യാഖ്യാനങ്ങളും ചമച്ചുവച്ചിട്ടുണ്ട്.

സംവരണത്തെ സാമൂഹികനീതിയുടെയും പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടത് എന്നും അതിന്റെ മാനദണ്ഡം സാമ്പത്തികസ്ഥിതി ആകരുതെന്നുമാണ്, ഭരണഘടന വിശദീകരിക്കുന്നത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം നിയോഗിക്കപ്പെട്ട നിരവധി കമീഷനുകൾ, ഭരണകൂട- അധികാര സംവിധാനങ്ങളിൽ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും നിഷേധിക്കപ്പെടുന്നതിന്റെ വസ്തുതകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ 2000 - ൽ നിയമിച്ച ജസ്റ്റിസ് കെ. കെ. നരേന്ദ്രൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട്, പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങൾക്ക് മതിയായ സംവരണമില്ലെന്നും സംവരണ നഷ്ടമുണ്ടായി എന്നുമാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ മുസ്‌ലിംകളിൽ ഭൂരിപക്ഷത്തിന്റെയും സാമൂഹിക- സാമ്പത്തിക സ്ഥിതി ദലിതരുടേതിന് തുല്യമാണ് എന്നായിരുന്നു ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മിറ്റി കണ്ടെത്തിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തിൽ, സർക്കാർ ജോലികളിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ, മുസ്‌ലിം- പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘സർക്കാർ ഉദ്യോഗം എന്നത് സാമൂഹിക- സാമ്പത്തിക അവസ്ഥ നിർണയിക്കുന്നതിൽ ഒരു സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തിൽ ഈ അസന്തുലിതാവസ്ഥ അടിയന്തര ശ്രദ്ധ അർഹിക്കുന്നു' എന്ന് കേരള പഠനം അഭിപ്രായപ്പെടുന്നു.

ജസ്റ്റിസ് രജീന്ദ്ര സച്ചാർ / Photo: Shafeeq Thamarasssery

ഇത്തരം സാമൂഹിക യാഥാർഥ്യങ്ങളെ പാടേ അവഗണിച്ചാണ്, ‘കുടുംബ വരുമാനവും സാമ്പത്തിക പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് സംവരണത്തിന് അർഹമായവരെ തീരുമാനിക്കുന്ന' നയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നത്. അതായത്, സംവരണം ദാരിദ്ര്യനിർമാർജന പരിപാടിയാണ് എന്ന കാഴ്ചപ്പാട്, ഇന്ത്യൻ സാഹചര്യത്തിൽ പിന്തിരിപ്പനാണ് എന്ന് സി.പി.എമ്മിന് ഇതുവരെയും ബോധ്യമായിട്ടില്ല എന്നർഥം.

ദാരിദ്ര്യനിർമാർജന നടപടികൾ ഏറക്കുറെ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. അതിന്, സാമ്പത്തിക സംവരണത്തിന്റെ അകമ്പടി ആവശ്യമില്ല. ശാസ്ത്രസാഹിത്യപരിഷത്ത് 2018-19 -ൽ പൂർത്തീകരിച്ച രണ്ടാം കേരള പഠനത്തിൽ (ഈ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചിട്ടില്ല) പറയുന്നത്, 1987 മുതൽ 2019 വരെയുള്ള കാലത്ത് കേരളത്തിൽ വന്ന വലിയ മാറ്റം, ദരിദ്രർ കൂടുതലായുണ്ടായിരുന്ന ഒരു സമൂഹം മിഡിൽക്ലാസ് സമൂഹമായി മാറി എന്നതാണ് എന്നാണ്​. അതായത്, ഇന്ന് കേരളത്തിൽ 75 ശതമാനവും മിഡിൽക്ലാസാണ്, 25 ശതമാനമാണ് പോവർട്ടി. അതിൽ തന്നെ, അതിദരിദ്രർ എന്നു പറയാവുന്നത് നാലോ അഞ്ചോ ശതമാനമാണ് എന്ന്, പഠനത്തിൽ പങ്കാളിയായ ഡോ. കെ.പി. അരവിന്ദൻ പറയുന്നു. അതായത്, സാമ്പത്തിക പുരോഗതിയുടെയും ജീവിതഗുണനിലവാരം മെച്ചപ്പെട്ടതിന്റെയും സൂചനയാണിത്. സർക്കാർ ഇടപെടലുകളുടെ കൂടി ഫലമായാണ് ഈ മാറ്റം.

അതേസമയം, പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെയും അവർക്ക് കൈവരിക്കാനായ സാമൂഹിക നീതിയുടെയും കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ എൽ.ഡി.എഫ്​ സർക്കാറും സി.പി.എമ്മും തയാറല്ല എന്നതിന് തെളിവാണ്, എയ്ഡഡ് സ്‌കൂൾ- കോളജ് നിയമനങ്ങളിൽ സംവരണം കൊണ്ടുവരണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ നിലപാട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ തന്നെ ഈ ആവശ്യമുന്നയിച്ചെങ്കിലും അതിന് പാർട്ടി നേതൃത്വത്തിൽ നിന്ന് അനുഭാവപൂർവമായ ഒരു പരിഗണനയും ലഭിച്ചില്ല. എസ്.എൻ.ഡി.പിയെയും എം.ഇ.എസിനെ​യും പോലുള്ള ചില സാമുദായിക സംഘടനകൾ ഈ ആവശ്യത്തെ പേരിനെങ്കിലും പിന്തുണച്ചതിനെ ഒരു സാമൂഹിക ആവശ്യമായി ഏകോപിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം, അത്തരമൊരു നിലപാടില്ല എന്ന്​ ഉറപ്പിച്ചുപറയുകയായിരുന്നു സി.പി.എം.

എ.കെ. ബാലൻ / Photo: F.B, A.K Balan

അതേസമയം, പാർലമെൻറ്​ പാസാക്കിയ ഭേദഗതിയെതുടർന്ന്, കേരളത്തിൽ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കൊണ്ടുവരാൻ അനാവശ്യമായ ധൃതി പ്രകടിപ്പിച്ചതും ഇതേ സർക്കാറാണ്. ഇതിന് ഒരു വർഷം മുമ്പേ ദേവസ്വംബോർഡിനുകീഴിലുള്ള സ്ഥാപനങ്ങളിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കി ‘മാതൃക'യും സൃഷ്ടിച്ചു. 82 ശതമാനം നായർ സമുദായവും 14 ശതമാനം മറ്റ് മുന്നാക്ക സമുദായവുമാണ് ദേവസ്വം ബോർഡിലുള്ളത്. ഫലത്തിൽ, 96 ശതമാനം മുന്നാക്കക്കാരുള്ളിടത്താണ്, 10 ശതമാനം കൂടി മുന്നാക്ക സംവരണം ഏർപ്പെടുത്തിയത് എന്നും ഓർക്കണം.
‘‘സംസ്ഥാന സർക്കാർ എന്നു പറയുന്നത് ബൂർഷ്വാ നിയമത്തിന്റെ ചില്ലറ കച്ചവടക്കാരാണ്. അവർക്ക് സാമ്പത്തികരംഗം നിയന്ത്രിക്കുന്ന സമ്പന്നരെ തൊടാൻ കഴിയില്ല. എന്നാൽ, തങ്ങൾ പാവപ്പെട്ടവർക്ക് ഒപ്പമാണെന്ന ഒരു ധാരണ ഉണ്ടാക്കുകയും വേണം, അതിനാണ് സംവരണം ഒരു തന്ത്രമായി ഉപയോഗിക്കുന്നത്. അതൊരു നയസമീപനമല്ല, തന്ത്രമാണ്. സാമ്പത്തിക സംവരണം നയരാഹിത്യത്തെ കാണിക്കുന്നു, നയത്തെയല്ല'' എന്ന് എം. കുഞ്ഞാമൻ പറയുന്നത്, ഇടതുപക്ഷ സർക്കാറിന്റെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കൃത്യമാണ്.

വർഗ കാഴ്ചപ്പാടിലൂന്നി സംവരണത്തെ വ്യാഖ്യാനിക്കുന്ന സി.പി.എമ്മും സി.പി.ഐയും ജാതി എന്ന യാഥാർഥ്യത്തെ നേരിടുന്നതിൽ പുലർത്തുന്ന ക്രൂരമായ നിസ്സംഗത തുടരുകയാണ്. മുന്നാക്ക- പിന്നാക്ക സമുദായങ്ങളിലെ പാപ്പരീകരണത്തെ മുൻനിർത്തിയാണ്, സംവരണത്തെ തന്നെ അവർ വിശദീകരിക്കുന്നത്. എന്നാൽ, ഇന്ത്യനവസ്ഥയിൽ ഈ സമീകരണം എത്രമാത്രം അയഥാർഥമാണ് എന്ന് സി.പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടില്ല. ഈ സാഹചര്യത്തിലാണ്, സി.പി.ഐയിൽ നടന്ന ചർച്ച വലിയൊരു തിരിച്ചറിവുകൂടിയായി മാറുന്നത്.

കാനവും പിണറായിയും

മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാണ് എന്ന കാഴ്ചപ്പാടാണ് സി.പി.ഐ സ്വീകരിക്കാൻ പോകുന്നത് എങ്കിൽ, കേരളത്തിൽ, അതിന് വിരുദ്ധമായ നിലപാട് പിന്തുടരുന്ന ഒരു സർക്കാറിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകളുടെ സ്വഭാവം നോക്കിയാൽ, കേരളത്തിൽ യഥാർഥ പ്രതിപക്ഷം സി.പി.ഐയാണ് എന്നേ തോന്നൂ. അത്ര കടുത്ത ഭാഷയിലാണ് പ്രതിനിധികൾ ഇടതുസർക്കാറിനെ വിമർശിച്ചത്. കാനം രാജേന്ദ്രൻ പിണറായി വിജയന്റെ അടിമയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന വിമർശനം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലുയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ‘ദിവസവും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്ത വിളിക്കാൻ എന്നെ കിട്ടില്ല' എന്ന നിസ്സാരവൽക്കണത്തോടെ, പാർട്ടിക്കുള്ളി​ലെ ആ വിമർശനങ്ങളെയെല്ലാം നിർവീര്യമാക്കിക്കളഞ്ഞു, കാനം രാജേന്ദ്രൻ. അതുകൊണ്ട്, മുന്നാക്ക സംവരണ വിഷയത്തിൽ, നയപരമായ നിലപാടുമാറ്റമാണ് സി.പി.ഐ സ്വീകരിക്കുന്നത് എങ്കിൽ, അത് കാനം രാജേന്ദ്രന്റെ സംസ്ഥാന നേതൃത്വം എങ്ങനെയാണ് ഉൾക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

2025 - ൽ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന സി.പി.ഐയുടെ, ഇടതുമുന്നണിയിലെ ഘടകകക്ഷി എന്ന നിലയിലുള്ള അസ്തിത്വത്തിന് കുറെക്കൂടി ക്രിയാത്മകമായൊരു വികാസം സാധ്യമാകണമെങ്കിൽ, മുന്നാക്ക സംവരണക്കാര്യത്തിൽ നടത്തിയതുപോലെ, മറ്റു പ്രധാനപ്പെട്ട വിഷയങ്ങളിലും സമാന ചർച്ചകളിലൂടെയും തിരുത്തലുകളിലൂടെയും സഞ്ചരിക്കേണ്ടിവരും.

Comments