സി.പി.എം 23ാം പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ സംബന്ധിയ്ക്കുന്ന ഒരു പ്രസ്താവന, പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിയിൽ നിന്നുണ്ടാകുന്നത്. നിലവിൽ അത് ഫാസിസ്റ്റ് അല്ല എന്നാണ് ബേബി പറഞ്ഞത്. 2016 സെപ്റ്റംബറിൽ, ഇന്ത്യൻ എക്സ്പ്രസിൽ ഹിന്ദുത്വ ഫാസിസത്തെ സംബന്ധിച്ച് ഇതേ കാഴ്ചപ്പാടോടെ ഒരു ലേഖനം പ്രകാശ് കാരാട്ടും എഴുതിയിരുന്നു. ബേബിയും, കാരാട്ടും പുലർത്തുന്ന ഈ സമാനവീക്ഷണം പാർലമെന്ററി ഇടതിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തിന്റെ പ്രത്യക്ഷ തെളിവായേ കാണാനാവൂ.
ഫാസിസം അടിസ്ഥാനപരമായി പട്ടാള ചിട്ടകളുള്ള ഒരു തീവ്രവാദ സംഘടനയോ അവർ നടത്തുന്ന ഭരണക്രമമോ മാത്രമല്ല, ആഴത്തിൽ സാമൂഹിക വേരുകളുള്ള ഒരു ബഹുജന പ്രസ്ഥാനമാണ്. അത് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെതിരായ പ്രതിരോധം തീർക്കാൻ കഴിയൂ. ലിബറൽ ബുദ്ധിജീവികളെയും ചില മത ന്യൂനപക്ഷങ്ങളെയും എതിർചേരിയിൽ നിർത്തുന്ന ഒരു രാഷ്ട്രീയയുക്തിയായി മാത്രമേ കാരാട്ടിനെ പോലെയുള്ള പാർട്ടി കമ്യൂണിസ്റ്റുകൾക്ക് ഹിന്ദുത്വയെ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

പ്രത്യയശാസ്ത്ര സന്ദേഹങ്ങൾ
ഫാസിസം ഭരണകൂടാധികാരത്തെ കേന്ദ്രീകരിയ്ക്കുന്ന സ്ഥൂല രാഷ്ട്രീയവ്യവഹാരം മാത്രമല്ല, അത് സാമൂഹിക കോശങ്ങളിൽ സക്രിയമായി പ്രവർത്തിയ്ക്കുന്ന സൂഷ്മ രാഷ്ട്രീയവുമാണ്. ഫാസിസം പൗരസമൂഹത്തിന്റെ കോശങ്ങളിൽ ആശയപരമായി ഇടപെട്ട് സൂക്ഷ്മരാഷ്ട്രീയമായും ഭരണകൂടരൂപം പൂണ്ട് സ്ഥൂലരാഷ്ട്രീയമായും പ്രവർത്തിയ്ക്കുന്ന ഒന്നാണ്. ഫാസിസത്തെ സംബന്ധിക്കുന്ന പൊതുബോധം രൂപം കൊണ്ടിരിയ്ക്കുന്നത്, യൂറോപ്യൻ ഫാസിസത്തെ മാനദണ്ഡമാക്കിയാണ്. യൂറോപ്യൻ ഫാസിസം (historical fascism) ജർമനിയിലും ഇറ്റലിയിലും ഭരണകൂടശക്തിയായി പ്രവർത്തിച്ച സ്ഥൂലരാഷ്ട്രീയമായിരുന്നു. അൽത്തൂസർ പറഞ്ഞ ഭരണകൂടത്തിന്റെ മർദ്ദനോപാധികളിൽ കൂടിയാണ് യൂറോപ്യൻ ഫാസിസം പ്രവർത്തിച്ചത്. ഹിറ്റ്‌ലറെയും മുസോളിനിയെയും അധികാരത്തിൽനിന്ന് പുറത്താക്കിയതിലൂടെ യൂറോപ്യൻ ഫാസിസം ഏതാണ്ട് തകർന്നടിഞ്ഞു.
എന്നാൽ, ഇന്ത്യൻ ഹിന്ദുത്വ ഫാസിസം ഭരണകൂടാധികാരത്തെ ആശ്രയിച്ച് നിലനിൽക്കുന്ന ഒന്നല്ല. മോദിയെയോ യോഗിയെയോ അധികാരത്തിൽ നിന്ന് പുറത്താക്കിയോ ബി. ജെ.പിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയോ മാത്രം ഹിന്ദുത്വ ഫാസിസത്തെ തകർക്കാനാവില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ യുക്തി കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ഭരണകൂടാധികാരഘടനക്കുപുറത്ത് സാമൂഹിക ജീവിതത്തിന്റെ സൂക്ഷ്മകോശങ്ങളിലാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി പൗരസമൂഹത്തിൽ ആശയപരമായി ഇടപെട്ട്, സൂക്ഷ്മവും സ്ഥൂലവുമായ രാഷ്ട്രീയ- സാംസ്‌കാരിക വ്യവഹാരങ്ങളിൽ കൂടി പടർന്ന് വളർന്ന ഹിന്ദുത്വ ഫാസിസം വാസ്തവത്തിൽ ഭരണകൂടം എന്നതിനേക്കാൾ ഭരണകൂടത്തെ ചൂഴ്ന്നുനിൽക്കുന്ന ‘സോഷ്യൽ അൺ കോൺഷ്യസ്’ ആണ്. അതുകൊണ്ടുതന്നെ ബി.ജെ.പി അധികാരത്തിലില്ലെങ്കിൽ കൂടിയും ഹിന്ദുത്വ പ്രോജക്ടുകൾ ഇവിടെ സാധൂകരിയ്ക്കപ്പെടും. ഹിന്ദുത്വ ഫാസിസം ഒരുതരം സൂപ്പർ ഫ്‌ളൂയിഡിക് ഫാസിസം ആണ്. ഭരണകൂടാധികാരമില്ലാതെ തന്നെ നമ്മുടെ സാംസ്‌കാരിക- സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഘർഷണമില്ലാതെ അതിന് പരക്കാനും സക്രിയമാകാനും കഴിയും. പാർലമെന്റിൽ കിട്ടുന്ന ആധിപത്യം തീർച്ചയായും ഭരണകൂട സംവിധാനങ്ങളെ പ്രത്യക്ഷത്തിൽ തന്നെ തങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്നു എന്നുമാത്രം. പാർലമെന്ററി അധികാരമില്ലാതെതന്നെയാണ്, ഹിന്ദുത്വ ഫാസിസം നമ്മുടെ സാമൂഹിക- സാംസ്‌കാരിക മണ്ഡലങ്ങളെ മാത്രമല്ല, എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും വരെ ഒരളവോളം വർഗീയവൽക്കരിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ന്യായവിധികൾ തന്നെ അതിന്റെ ഭാഗമായി ഉണ്ടാകുന്നു (Ref: Cossman and Kapur- The Supreme Court hindutva judgements).
-932f.jpg)
സൂക്ഷ്മ രാഷ്ട്രീയപ്രവർത്തനം എന്ന നിലയിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ നടത്തുന്ന പ്രത്യയശാസ്ത്ര സമരത്തിന് നേതൃത്വം കൊടുക്കുക വഴി ഇടതുപക്ഷം സ്വയം നവീകരിയ്ക്കപ്പെടുക കൂടി ചെയ്യും.
അതുകൊണ്ടുതന്നെ, ഭരണകൂട ശക്തിയായി, സമഗ്രാധിപത്യമായി ചുരുങ്ങിയ കാലം നിലകൊണ്ട ജർമൻ - ഇറ്റാലിയൻ ഫാസിസത്തേക്കാൾ അത്യപകടകരമായ ഒന്നാണ് ഹൈന്ദവ ഫാസിസം. നിമിഷനേരം കൊണ്ട് കൂട്ടക്കൊലകൾ സാധ്യമാക്കുന്ന ഗ്യാസ് ചേമ്പറുകൾക്കുപകരം, ഒരു വംശഹത്യയെ ഉദാസീനമായി ആസ്വദിയ്ക്കാനും ലെജിറ്റിമൈസ് ചെയ്യാനും തയ്യാറാറുള്ള ഒരു സോഷ്യൽ കോൺഷ്യസിനെ ഇതിനോടകം വാർത്തെടുത്ത ഐഡിയോളജിയ്ക്കൽ ഗ്യാസ് ചേമ്പറുകളിലാണ് ഹിന്ദുത്വ ഫാസിസം അതിന്റെ അടിത്തറ പണിതിരിയ്ക്കുന്നത്. നിരുപദ്രവകരമായി നീണ്ടുവളർന്ന ഒരു താടിയിൽ, തലയിൽ തിരുകിയ തൊപ്പിയിൽ, ഒരു ഹിജാബിൽ ഒക്കെ നിർണയനം നടത്തിക്കൊണ്ടിരിയ്ക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിയ്ക്കുന്നത് സൂക്ഷ്മ രാഷ്ട്രീയവ്യവഹാരങ്ങളിൽ കൂടി പ്രവർത്തിയ്ക്കുന്ന സാമൂഹിക അബോധമാണ്. മുസ്ലിംകൾ ജന്മനാ അപരിഹാര്യമായ വൈകൃതങ്ങളുടെ ഉറവിടമാണെന്ന കൃത്രിമ ബോധം നിർമിച്ചാണ്ഹിന്ദുത്വ ഫാസിസം സാമൂഹിക സാധുത നേടുന്നത്.
തിളച്ച വെള്ളത്തിലേക്ക് തവളയെ ഇട്ടാൽ അത് ചാടി രക്ഷപ്പെടും.
എന്നാൽ, ഇളം ചൂടുവെള്ളത്തിലിട്ടാൽ അത് ചാടില്ല. പകരം, പതിയെ ചൂട് കൂട്ടാം, തവള ചാടില്ല, അത് ഉയരുന്ന താപനിലയുമായി താദാത്മ്യപ്പെടാൻ ശ്രമിയ്ക്കുകയും ഒടുക്കം ചൂട് കൂടി വെട്ടിത്തിളച്ച വെള്ളത്തിൽ വെന്തുചാവുകയും ചെയ്യും.
ഇളംചൂടുള്ള ഹിന്ദുത്വവെള്ളത്തിലാണ് നമ്മുടെ ഭരണകൂടവും അനുബന്ധ വ്യവഹാരങ്ങളും നിലകൊള്ളുന്നത്. പതിയെ തിളയ്ക്കുന്ന ഹിന്ദുത്വവെള്ളത്തിനോട് അത് സാവധാനം സമന്വയത്തിലെത്തുന്നു. ഗാന്ധിവധത്തെ തുടർന്ന് മുഖ്യധാരയിൽ നിന്നകറ്റപ്പെട്ട ഹിന്ദുത്വ ശക്തികൾക്ക് ഇന്ന് ഗോഡ്‌സേയെ ആനയിച്ച് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാൻ കഴിയുന്നത് ഈ പ്രക്രിയയിലൂടെയാണ്. തവളയെ ഇട്ട് പതിയെ തിളപ്പിയ്ക്കുന്ന ഈ വെളളത്തെ കൃത്യമായി തിരിച്ചറിയുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രദൗത്യം. നിർഭാഗ്യവശാൽ അവർക്കതിന് കഴിയുന്നില്ല. ഈ പ്രത്യയശാസ്ത്ര പാപ്പരത്തത്തിൽ നിന്നാണ് ബേബിയ്ക്കും, കാരാട്ടിനുമൊക്കെ ഹിന്ദുത്വയെ പറ്റി സന്ദേഹങ്ങളുണ്ടാകുന്നത്. ഹിന്ദുത്വയുടെ തിളയ്ക്കുന്ന വെള്ളത്തിൽ ചെകിള വീർപ്പിച്ച് പൊരുത്തപ്പെടുന്ന പ്രത്യയശാസ്ത്ര ഉദാസീനത. എന്നാൽ, ഈ പാർട്ടി കോൺഗ്രസ് ആ നിലപാട് തിരസ്‌കരിച്ചതായാണ് മനസിലാക്കാൻ കഴിയുന്നത്.

കോൺഗ്രസും സംഘ്പരിവാറും
ഹിന്ദുത്വ ഫാസിസത്തിനെതിരെ രണ്ടുതരത്തിലുള്ള പ്രതിരോധ നിര കെട്ടിപ്പടുക്കേണ്ടതുണ്ട്. സൂക്ഷ്മ സാമൂഹിക- സാംസ്‌കാരിക വ്യവഹാരങ്ങളിൽ കൂടി പ്രത്യയശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് ഹിന്ദുത്വ ഐഡിയോളജിയെ പുരോഗമനാശയങ്ങൾ കൊണ്ട് നേരിടുക. അതിന് മാർക്‌സിസ്റ്റ്- അംബേദ്ക്കറിസ്റ്റ് ആശയങ്ങളെ ഭൗതികശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഒപ്പം, ഭരണകൂട ശക്തിയായി മൂർത്തരൂപം പ്രാപിച്ച ഹിന്ദുത്വ ഫാസിസത്തെ പാർലമെന്ററി തലത്തിൽ പരാജയപ്പെടുത്തുക. ഇങ്ങനെ രണ്ടുതരം സമരങ്ങളാണ് ഒരേസമയം നടത്തേണ്ടത്.
സൂക്ഷ്മ രാഷ്ട്രീയപ്രവർത്തനം എന്ന നിലയിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ നടത്തുന്ന പ്രത്യയശാസ്ത്ര സമരത്തിന് നേതൃത്വം കൊടുക്കുക വഴി ഇടതുപക്ഷം സ്വയം നവീകരിയ്ക്കപ്പെടുക കൂടി ചെയ്യും. സൂപ്പർ ഫ്‌ളൂയിഡിക് ആയ ഹിന്ദുത്വ ഫാസിസത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കകത്തും സൂക്ഷ്മകോശങ്ങളുണ്ട്. ഫാസിസത്തെ സൂക്ഷ്മരൂപത്തിൽ നേരിടാനുള്ള സമരത്തിൽ തങ്ങൾക്കുപുറത്ത് നിൽക്കുന്ന ഫാസിസത്തെ മാത്രമല്ല, തങ്ങൾക്കുള്ളിൽ കുടിയിരിയ്ക്കുന്ന ഫാസിസത്തെയും അതിന് പുറംതള്ളേണ്ടിവരും. പാർട്ടിയെ ഗ്രസിച്ചിരിയ്ക്കുന്ന ഫ്യൂഡൽ ബ്യൂറോക്രസിയെയും ഈ സൂക്ഷ്മരാഷ്ട്രീയ സമരത്തിൽ അതിന് പുറം തള്ളാൻ കഴിയും. അധീശസ്വത്വത്തിനെതിരായ ഈ രാഷ്ട്രീയ ബോധ്യം പാർട്ടി ബ്യൂറോക്രസിയെയും ദുർബലമാക്കും. ഫാസിസം സമഗ്രാധിപത്യ ശക്തിയായി ഭരണകൂടരൂപത്തിലും അപരവിദ്വേഷം കൊണ്ട് സമ്പുഷ്ടമായ സാമൂഹിക ഭാവനകളിലും എന്തിനേറെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിയിലെ സൂക്ഷ്മാണുവായും, ആണധികാര കുടുംബ ഘടനയിലൂടെ വ്യക്തികൾക്കുള്ളിലും പീലി നിവർത്തുന്നു. ഫാസിസ്റ്റ് വിരുദ്ധ സൂക്ഷ്മരാഷ്ട്രീയ യുദ്ധത്തിൽ ഇതിനെയൊക്കെ ചോദ്യം ചെയ്യേണ്ടി വരും.
പാർലമെന്ററി തലത്തിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റുക എന്നതാണ് ഫാസിസത്തിനെതിരായ സ്ഥൂല രാഷ്ട്രീയലക്ഷ്യം. നിർഭാഗ്യവശാൽ സി.പി.എമ്മിന്റെ ഈ പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയരേഖ അതിന് പര്യാപ്തമായ ഒന്നല്ല. മൃദുഹിന്ദുത്വത്തിന്റെ പേരിൽ കോൺഗ്രസിനെ സംഘ് പരിവാറുമായി സമീകരിയ്ക്കുക വഴി സി.പി.എം സ്വീകരിയ്ക്കുന്നത് വളരെ അപകടകരമായ നിലപാടാണ്. ഫാസിസത്തിനെതിരെ പടുത്തുയർത്തേണ്ട പാർലമെന്ററി രാഷ്ട്രീയ മുന്നണിയിലുള്ളവരെല്ലാം മതേതരത്വത്തോട് കറതീർന്ന പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരും നിയോലിബറൽ സാമ്പത്തിക യുക്തിയെ നിരാകരിക്കുന്നവരും ആകണമെന്ന സൈദ്ധാന്തിക ദുശ്ശാഠ്യം ഗുണകരമായ ഒന്നല്ല. സവർണ ഹിന്ദുത്വ ഫാസിസം ദേശീയ വെല്ലുവിളിയാണ്. അതിനെതിരെ ദേശീയ ഐക്യം ഉണ്ടാക്കേണ്ടതുണ്ട്. പ്രയോജനകരമല്ലാത്ത ഫെഡറൽ സമീപനമാണ്സി.പി.എം സ്വീകരിച്ചത്.

ഇരുപത് ശതമാനം വോട്ടുള്ള, രാജ്യമെമ്പാടും വേരുള്ള കോൺഗ്രസിനെ മൃദുഹിന്ദുത്വത്തിന്റെ പേരിൽ സംഘപരിവാറുമായി സമീകരിച്ച് മാറ്റിനിർത്തി നിലവിലെ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വ ഫാസിസത്തെ പാർലമെന്ററി അധികാരത്തിൽ നിന്ന് ഒഴിവാക്കുക സാധ്യമല്ല.
നാസികളെ പ്രതിരോധിക്കാൻ ജർമൻ കമ്യൂണിസ്റ്റ് പാർട്ടി അവിടുത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് മുന്നണിയുണ്ടാക്കണമെന്ന് ട്രോട്‌സ്‌കി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം ജർമൻ കമ്യൂണിസ്റ്റ് പാർട്ടി തള്ളി. ആ നിർദ്ദേശം സ്വീകരിച്ചിരുന്നെങ്കിൽ ജർമനിയുടെ മാത്രമല്ല ലോകത്തിന്റെയും ചരിത്രം മറ്റൊന്നായേനെ. ജർമൻ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഇത്തരം നിഷേധാത്മക നിലപാടാണ് ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയത്. ഇവിടെയും അതാവർത്തിയ്ക്കുന്നു. ജ്യോതി ബസു പ്രധാനമന്ത്രിയായിരുന്നെങ്കിൽ, ആണവക്കരാറിന്റെ പേരിൽ യു.പി.എ സർക്കാറിന് പിന്തുണ പിൻവലിക്കാതിരുന്നുവെങ്കിൽ, യു.പി.എ സർക്കാരിൽ ഇടതുപക്ഷം ചേർന്നിരുന്നുവെങ്കിൽ തീർച്ചയായും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദലുകളെ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാനും കൂടുതൽ ജനപിന്തുണ ആർജിക്കാനും സി.പി.എമ്മിന്കഴിയുമായിരുന്നു. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവം കൃത്യമായി നിർണയിക്കാൻ ഇടതുരാഷ്ട്രീയത്തിന് കഴിയുമായിരുന്നില്ല. അതിന് കഴിഞ്ഞിരുന്നുവെങ്കിൽ സൈദ്ധാന്തിക ദുശ്ശാഠ്യം വെടിഞ്ഞ് കോൺഗ്രസടക്കമുള്ള ബൂർഷ്വാ ജനാധിപത്യ പാർട്ടികളുമായി ദേശീയ ഐക്യനിര കെട്ടിപ്പടുക്കാൻ മുഖ്യധാരാ ഇടതുപക്ഷം തയ്യാറായേനേ. ഇക്കാര്യത്തിൽ, കഴിഞ്ഞ പാർട്ടി കോൺഗ്രസ് പുറത്തുകൊണ്ടുവരുന്നത് സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തമാണ്. ഇരുപത് ശതമാനം വോട്ടുള്ള, രാജ്യമെമ്പാടും വേരുള്ള കോൺഗ്രസിനെ മൃദുഹിന്ദുത്വത്തിന്റെ പേരിൽ സംഘപരിവാറുമായി സമീകരിച്ച് മാറ്റിനിർത്തി നിലവിലെ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വ ഫാസിസത്തെ പാർലമെന്ററി അധികാരത്തിൽ നിന്ന് ഒഴിവാക്കുക സാധ്യമല്ല.
നിരന്തരം പരാജയപ്പെടുന്ന പാർട്ടി
സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും പരാജയപ്പെടുകയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ ലളിതമായി രേഖപ്പെടുത്താൻ കഴിയുക അതിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം കൊണ്ടാണ്. അമിത രാഷ്ട്രീയ യാഥാർഥ്യ ബോധത്തെ ഗ്രാംഷി വിമർശിക്കുന്നുണ്ട്. നിലവിലുള്ള രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കി പ്രതിരോധം തീർക്കുകയാണ് വേണ്ടത്. ഈ യാഥാർഥ്യബോധമാണ് വാസ്തവത്തിൽ പാർട്ടിനയത്തിൽ ഇല്ലാതെ പോകുന്നത്. നിലവിലുള്ള മൂർത്ത സാഹചര്യത്തിൽ യാഥാർഥ്യബോധത്തോടെ ഇടപെട്ട് പുരോഗമനസാധ്യതകളെ വികസിപ്പിയ്ക്കുക എന്നതാവണം ഇടതുപക്ഷത്തിന്റെ നയം.

സി.പി.എമ്മിൽ തലമുറമാറ്റം എന്ന നിലയിൽ ചില പരിഷ്‌ക്കരണങ്ങൾ കാണാൻ കഴിയുന്നുണ്ട്. ചെറുപ്പക്കാർക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നു. ചെറുപ്പക്കാരെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ, ഒരു മാതൃക എന്ന നിലയിൽ ഇത് എത്ര സ്വീകാര്യമാണ് എന്നത് ബൂർഷ്വാ പ്രത്യയശാസ്ത്ര ബോധം കൊണ്ടല്ല വിലയിരുത്തേണ്ടത്. പോഷകസംഘടനകളിൽ നിന്ന് സമർത്ഥർ എന്ന് തോന്നുന്നവരെ കണ്ടെത്തി, അവർക്ക് കൂടുതൽ പാർട്ടി വിദ്യാഭ്യാസം നൽകി നേതൃനിരയിലേക്ക് കൊണ്ടുവരുന്നു. പുരോഗമനപരം എന്നുതോന്നുമെങ്കിലും അതിൽ ചില അപകടങ്ങളുണ്ട്. പാർട്ടി വിദ്യാഭ്യാസത്തിന് പാർട്ടി പ്രവർത്തനത്തേക്കാൾ പ്രാധാന്യം വരുമ്പോൾ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് കൂടും. പാർട്ടി പ്രവർത്തനം എന്നത് പാർലമെന്ററി ഇടതിന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് പിന്തുണ സമാഹരിക്കലല്ല. ഈയൊരു പ്രവണത കാരണം ട്രേഡ് യൂണിയൻ രംഗത്തുനിന്നുള്ളവർ നേതൃനിരയിൽ നിന്നൊഴിവാക്കപ്പെടുകയും പാർട്ടി നേതൃത്വം വിദ്യാർത്ഥി- യുവജന സംഘടനയിൽ നിന്ന് വരുന്നവരിലേക്ക് ചുരുങ്ങുകയും ചെയ്യും. തൊഴിലാളി വർഗത്തിന്റെ ജീവിതാനുഭവ പരിസരങ്ങളെ, ആ വർഗത്തിൽ നിന്ന് വരുന്നവരേക്കാൾ മധ്യവർഗത്തിൽ നിന്നെത്തുന്ന പാർട്ടി വിദ്യാഭ്യാസം ലഭിച്ച, വർഗരാഷ്ട്രീയത്തോട് കാൽപനിക അഭിനിവേശം പുലർത്തുന്നവർക്ക് മനസിലാക്കാൻ കഴിയും എന്നത് അതിരുവിട്ട ഭാവനയാണ്. അതുവഴി, ‘യാഥാർത്ഥ്യം ഞങ്ങൾ പറയുന്നതാണെന്നും പാർട്ടിക്ക് പുറത്തുള്ളവർക്ക് ഒരു ചുക്കുമറിയില്ല’ എന്നുള്ള തെറ്റിദ്ധാരണ നേതൃത്വത്തിനുണ്ടാകുന്നു. ഒരു നല്ല കമ്യൂണിസ്റ്റാവാൻ കേവല മതേതര ബോധം മാത്രം പോരാ. ഈ ചെറുപ്പക്കാരായ നേതാക്കൻമാരൊക്കെ മതേതരത്വത്തെയും ജനാധിപത്യത്തെയും പറ്റി മനോഹരമായി സംസാരിയ്ക്കും. പക്ഷേ പൊളിറ്റിക്കൽ ഇക്കോണമിയിൽ ഈ ശേഷി പ്രകടമല്ല.

മാർക്‌സിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നി ഒരു ഓർഗാനിക് കമ്യൂണിസ്റ്റ് പാർട്ടി രൂപപ്പെടുത്താൻ ഇവിടെ കഴിഞ്ഞില്ല. പകരം സോവിയറ്റ് ബോൾഷെവിക് മാതൃകയെ യാന്ത്രികമായി അനുകരിച്ചു. ഇന്ത്യൻ സാമൂഹിക ഘടനയിലും അധികാര ബന്ധങ്ങളിലും ജാതിയ്ക്കുള്ള പ്രാധാന്യത്തെ അവർ വില കുറച്ചുകണ്ടു. ജാതി ഒരു മൂലധനമായി കമ്യൂണിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചു. ആറുപതിറ്റാണ്ട് വേണ്ടി വന്നു, സി.പി.എമ്മിന് ഒരു ദലിത് അംഗത്തെ പി.ബിയിലെത്തിക്കാൻ. കമ്യൂണിസ്റ്റുകൾക്ക് ജാതിയോ മതമോ ഇല്ലെങ്കിലും ജാതി ഒരു ഭൗതികശക്തിയായി പാർട്ടിക്കുള്ളിലും പ്രവർത്തിയ്ക്കുന്നു. ജാതിയെ കമ്യൂണിസ്റ്റുകൾ ഉപേക്ഷിച്ചാലും ജാതിയുടെ സാംസ്‌കാരിക മൂലധനം അവരുടെ മേൽ ഒരു ഭൗതികശക്തിയായി പ്രവർത്തിയ്ക്കുന്നു. ഒരു പ്രത്യേക ജാതിയിൽ ജനിച്ച എട്ടു പേർ- അവർക്ക് ജാതിയോ മതമോ ഇല്ലായിരിയ്ക്കാം- സംസ്ഥാന സെക്രട്ടറിയറ്റിൽ എത്തുന്നതും ഒരു ദലിത് പ്രതിനിധിക്ക് പി.ബിയിലെത്താൻ ആറു പതിറ്റാണ്ട് വേണ്ടിവരുന്നതും ജാതിയുടെ സാംസ്‌കാരിക മൂലധനം ഭൗതികശക്തിയായി പ്രവർത്തിയ്ക്കുന്നതുകൊണ്ടാണ്. നേതൃത്വത്തിൽ ദലിതർക്ക് പ്രാതിനിധ്യമില്ലാതെ പോയത് എന്തുകൊണ്ട് എന്നെ ചോദ്യത്തിന് ഉത്തരം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഉത്തരമുണ്ടെങ്കിൽ, അത് തങ്ങൾക്ക് പറ്റിയ വീഴ്ച എന്നല്ലാതെ മറ്റൊന്നാവില്ല. നേരെ മറിച്ച്, കീഴാള വിരുദ്ധ, വർണ സിദ്ധാന്തത്തിലധിഷ്ടിതമായ ഹിന്ദുത്വ ഫാസിസത്തിന് പതാകയേന്താൻ കീഴാളർ തന്നെ മുന്നോട്ട് വരുന്ന അവസ്ഥയാണ്. ദലിതനെ പ്രസിഡണ്ടാക്കിയും സ്ഥാനങ്ങൾ നൽകിയും കീഴാളരെ പൊളിറ്റിക്കലി ഡിസ്ലൊക്കേറ്റ് ചെയ്യാൻ ഹിന്ദുത്വയ്ക്ക് കഴിഞ്ഞു.
വികസനം കൊണ്ട് പുറത്താക്കപ്പെടുന്നവർ
ഒരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാർട്ടി അവിടങ്ങളിൽ നിലനിൽക്കുന്ന മൂർത്തമായ ചരിത്രസാഹചര്യത്തെ മുൻനിർത്തി വേണം പാർട്ടി ഘടനയ്ക്ക് രൂപം കൊടുക്കേണ്ടത്. ഇത് ലെനിൻ തന്നെ പറയുന്നുണ്ട്. പക്ഷേ വികലമായ അനുകരണങ്ങളാവിടെ നടന്നത്. മുതലാളിത്തത്തെയും സോഷ്യലിസത്തെയും താരതമ്യം ചെയ്ത് ലെനിൻ പറഞ്ഞ ചില വസ്തുതകളെ വർത്തമാനകാല സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്. ‘ജനാധിപത്യത്തിന്റെ പൂർണ വികാസമാണ് സോഷ്യലിസം. ബൂർഷ്വാ ജനാധിപത്യത്തിൽ രണ്ട് കൂട്ടർ മാത്രമേ ഗുണഭോക്താക്കളായുള്ളൂ, പണക്കാരും തൊഴിലാളി വർഗത്തിലെ ചിലരും.’ തൊഴിലാളി വർഗ്ഗത്തിലെ ചിലർ എന്നത് തീർച്ചയായും അതിന്റെ രാഷ്ട്രീയ നേതൃത്വമാവും.
_0-4e6d.jpg)
ഇന്ത്യയിലാകമാനം ഒരു മാതൃക എന്ന നിലയിൽ കേരള മോഡൽ ഉയർത്തിക്കാട്ടാം. ഈ മോഡൽ ബൂർഷ്വാ ജനാധിപത്യ സർക്കാരുകൾ മുന്നോട്ടുവെക്കുന്ന മാതൃകയിൽ നിന്ന് ഭിന്നവുമാണ്. ബൂർഷ്വാ ജനാധിപത്യത്തിന്റെ പരിധിക്കുള്ളിൽനിന്നുതന്നെ ഇതിലും കൂടുതൽ ഇടപെടൽ നടത്താൻ കഴിയും
ഒരു കമ്യൂണിസ്റ്റിന്റെ വളരെ പ്രധാനപ്പെട്ട പൊളിറ്റിയ്ക്കൽ സ്‌പേസ് ആണ് അവരുടെ ദൈനംദിന ജീവിതം. കേരള മുഖ്യമന്ത്രിയും സി.പി.എമ്മും അടുത്തകാലത്തായി സ്വീകരിച്ച ചില പ്രവർത്തന രീതികൾ, ഈയൊരു അടിസ്ഥാനത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്ന്, കേരള വികസന യാത്രയാണ്. അതിൽ ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മറ്റൊന്ന് കെ റെയിലാണ്. അതിൽ അദ്ദേഹം പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജനാധിപത്യം ആരുടേത് എന്ന മൗലിക ചോദ്യമാണ് ഇവിടെ ഉയരുന്നത്. വോട്ട് തേടാൻ ജനങ്ങളിലേക്കും അധികാരം കിട്ടിയാൽ നയരൂപീകരണത്തിന് പൗരപ്രമുഖരിലേക്കും എന്നത് ഒരു നല്ല കാര്യമല്ല. ഇത് ഫ്യൂഡൽ യുക്തിയുടെ പുനരുൽപ്പാദനമാണ്. ഫ്യൂഡൽ വ്യവസ്ഥിതിയുടെ സവിശേഷത അസമത്വത്തിന്റെ നിയമസാധുത്വം ആയിരുന്നു. പൗരന്മാരുടെ അസമത്വം എന്നത് ആ വ്യവസ്ഥ സ്വാഭാവികമായാണ് കണ്ടത്. തുല്യമായ പൗരാവകാശങ്ങളോ രാഷ്ട്രീയാവകാശങ്ങളോ സാമ്പത്തിക അവകാശങ്ങളോ പൗരന്മാർക്ക് ലഭ്യമല്ലായിരുന്നു. എന്നാൽ, ഫ്യൂഡലിസത്തെ തുടർന്നുവന്ന മുതലാളിത്തത്തിലൂടെ, ഉദാര ജനാധിപത്യ വ്യവസ്ഥയിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്ന ആശയം ഉയർന്നുവന്നു. പൗരന്മാർ വാസ്തവത്തിൽ സമത്വം അനുഭവിക്കുന്നില്ല എങ്കിലും നിയമപരമായി അവർക്ക് തുല്യത അവകാശപ്പെടാം. ഈ വ്യവസ്ഥ പൗരർക്ക് തുല്യമായ രാഷ്ട്രീയ- സാമ്പത്തിക, പൗരാവകാശങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഫലത്തിൽ ലഭ്യമല്ലെങ്കിലും.

പൗരത്വ നിയമ ഭേദഗതിയെ വാസ്തവത്തിൽ നാം എതിർക്കുന്നത്, ഒരു കൂട്ടം ജനങ്ങളെ പൗരസമൂഹത്തിൽ നിന്ന് പുറംതള്ളാൻ വേണ്ടിയുള്ളതാണ് ആ നിയമം എന്നതുകൊണ്ടാണ്. മുസ്ലിംകളെ സിവിൽ സൊസൈറ്റിയിൽ നിന്ന് പുറത്താക്കി വെറും പോപ്പുലേഷൻ ആക്കി മാറ്റുക. പൗരസമൂഹത്തിന്റെ പരിധിയിൽ വരാത്ത, ഭരണകൂടത്തിന് ബാധ്യതയായ ഒരു കൂട്ടം. സിവിൽ സമൂഹത്തിൽ നിന്നുള്ള പുറത്താക്കൽ, ഭരണകൂടം ഏൽപ്പിക്കുന്ന മാരകമായ മുറിവാണ്. മനുഷ്യൻ പൗരസമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ വാസ്തവത്തിൽ അവർ കേവല മൃഗമായി ചുരുക്കപ്പെടുകയാണ്.
വികസന പദ്ധതികൾ കൊണ്ടും നിങ്ങൾക്ക് ആളുകളെ സിവിൽ സമൂഹത്തിൽ നിന്ന് പുറത്താക്കാം എന്നതാണ് പാർത്ഥാ ചാറ്റർജിയുടെ പഠനങ്ങൾ നൽകുന്ന ഒരു പാഠം. നമ്മൾ പൗരപ്രമുഖരുടെ വികസനം നടപ്പിലാക്കുമ്പോൾ മറുപുറത്തേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യരെ കാണാൻ കഴിയാതെ പോകുന്നത് തീർച്ചയായും വികസനത്തെ സംബന്ധിയ്ക്കുന്ന വികലമായ കാഴ്ചപ്പാടു കൊണ്ടാണ്. ബൂർഷ്വാ വർഗ അധീശത്വത്തിന്റെ ബാഹ്യരൂപം മാത്രമായി ഒരു ഇടതുപക്ഷ ഗവൺമെൻറ് മാറിക്കൂടാ. ബംഗാൾ പഠിപ്പിക്കുന്ന വലിയ പാഠമാണത്. ഇന്ത്യയിലാകമാനം തീർച്ചയായും ഒരു മാതൃക എന്ന നിലയിൽ കേരള മോഡൽ ഉയർത്തിക്കാട്ടാം. ഈ മോഡൽ ബൂർഷ്വാ ജനാധിപത്യ സർക്കാരുകൾ മുന്നോട്ടുവെക്കുന്ന മാതൃകയിൽ നിന്ന് ഭിന്നവുമാണ്. ബൂർഷ്വാ ജനാധിപത്യത്തിന്റെ പരിധിക്കുള്ളിൽനിന്നുകൊണ്ടുതന്നെ ഇതിലും കൂടുതൽ ഇടപെടലുകൾ നടത്താൻ കഴിയും. ഭൂപരിഷ്‌കരണത്തെ പ്ലാന്റേഷൻ മേഖലയിലേക്ക് വ്യാപിപ്പിച്ച് സാമൂഹിക ഘടനയിൽ പുരോഗമനാത്മക മാറ്റമുണ്ടാക്കാൻ അതിനുകഴിയും. പക്ഷേ, അതുണ്ടാവുന്നില്ല. ആത്മ വിമർശനങ്ങളെ ഒഴിവാക്കിയാകരുത് മാതൃകകളെ നാം ഉയർത്തിക്കാട്ടേണ്ടത്.
ഭരിക്കുന്ന വർഗ്ഗത്തോട് ചേർന്നുനിന്ന് ഇടതുവീക്ഷണം എന്ന നിലയിൽ ഈ ‘ബുദ്ധി'ജീവികൾ പുനരുല്പാദിപ്പിക്കുന്നത് വാസ്തവത്തിൽ വ്യവസ്ഥയുടെ യുക്തിയാണ്, മുതലാളിത്ത യുക്തിയാണ്.
സ്വന്തം മുറ്റത്തുമുണ്ട് ഫാസിസം
ശബ്ദിക്കാനുള്ള അവകാശവും അഭിപ്രായം പറയാനുള്ള അവകാശവും തുല്യമാണെങ്കിലും, നിങ്ങളുടെയെല്ലാം അഭിപ്രായം ഒരേപോലെ പരിഗണിക്കപ്പെടില്ല. നിങ്ങളുടെയെല്ലാം ശബ്ദം ഒരുപോലെ കേൾക്കപ്പെടില്ല. ചിലരുടെ ശബ്ദം മെച്ചത്തിൽ കേൾക്കുകയും അവരുടെ അഭിപ്രായം പ്രത്യേകം പരിഗണിക്കുകയും ചെയ്യും. ഇങ്ങനെ സവിശേഷമായി പരിഗണിക്കപ്പെടുന്നവർ ഭരണകൂട താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്നവരും മൂലധനശക്തികളും ആയിരിക്കും. ഇങ്ങനെ സവിശേഷമായി പരിഗണിക്കപ്പെടുന്നവരെ വേണമെങ്കിൽ ‘പൗര പ്രമുഖർ' എന്നുവിളിയ്ക്കാം. മൂലധന, രാഷ്ട്രീയ ജന്മികൾ എന്നും പറയാം. ഇങ്ങനെ ജന്മിവത്ക്കരിക്കപ്പെട്ട ഒരു പൊതുമണ്ഡലത്തെയാണ് വാസ്തവത്തിൽ ഇടതുപക്ഷം പരിപോഷിപ്പിക്കുന്നത്. പൗരപ്രമുഖർ എന്ന പ്രയോഗത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയോ ജനാധിപത്യ വിരുദ്ധതയോ അതിന്റെ പ്രതിലോമകരമായ രാഷ്ട്രീയ ഉള്ളടക്കമോ മനസ്സിലാക്കാൻ ഇടതുപക്ഷത്തിനോ അതിനോട് ചേർന്നുനിൽക്കുന്ന മീഡിയോക്കർ ബുദ്ധിജീവികൾക്കോ കഴിയുന്നില്ല.

ഭരിക്കുന്ന വർഗ്ഗത്തോട് ചേർന്നുനിന്ന് ഇടതുവീക്ഷണം എന്ന നിലയിൽ ഈ ‘ബുദ്ധി'ജീവികൾ പുനരുല്പാദിപ്പിക്കുന്നത് വാസ്തവത്തിൽ വ്യവസ്ഥയുടെ യുക്തിയാണ്, മുതലാളിത്ത യുക്തിയാണ്. കെ റെയിൽ പോലുള്ള പദ്ധതികൾ വേണമോ വേണ്ടയോ എന്നല്ല, അതിനെ കേന്ദ്രീകരിച്ച് ജനാധിപത്യപരമായി, യുക്തിഭദ്രവും വസ്തുനിഷ്ഠവുമായി പൊതുമണ്ഡലത്തിലുണ്ടാവേണ്ട സംവാദത്തെയാണ് ഈ മീഡിയോക്കർ ബുദ്ധിജീവികൾ ഹിംസ കൊണ്ട് റദ്ദ് ചെയ്യുന്നത്. ഇത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്, നമ്മുടെയുള്ളിലെ ഫാസിസമാണ്.
പങ്കാളിത്ത ജനാധിപത്യത്തെയും സോഷ്യലിസത്തെയും ശക്തിപ്പെടുത്താനുള്ള പ്രധാന വഴി പൊതുമണ്ഡലത്തിന്റെ വ്യാപനവും അവിടെ രൂപപ്പെടുന്ന വിമർശന യുക്തിയുമാണ്.
പൊതുമണ്ഡലത്തെ ഹിംസാത്മകമാക്കുന്നത് ഏതുനിറം കൊണ്ട് എന്നതല്ല പ്രശ്‌നം. ഭരണകൂടയുക്തിയും കമ്പോളയുക്തിയും ഒന്നായിത്തീരുകയും പൊളിറ്റിക്‌സും ഇക്കോണമിയും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാകുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ പങ്കാളിത്ത ജനാധിപത്യത്തെയും സോഷ്യലിസത്തെയും ശക്തിപ്പെടുത്താനുള്ള പ്രധാന വഴി പൊതുമണ്ഡലത്തിന്റെ വ്യാപനവും അവിടെ രൂപപ്പെടുന്ന വിമർശന യുക്തിയുമാണ്. ഈ പൊതുമണ്ഡലത്തെ ദുർബലമാക്കിയും ഹിംസാത്കമാക്കിയും ആണ് ദേശീയ ഫാസിസം ഇന്ത്യയിൽ വളർന്നത്. അർത്ഥവത്തായ സംവാദങ്ങൾക്കുള്ള സാമൂഹിക ഇടങ്ങൾ ചുരുങ്ങുമ്പോൾ ദുർബലമാകുന്നത് ജനാധിപത്യമാണ്. ഇപ്പോൾ കേരളത്തിൽ കെ റെയിലുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ സംഭവിയ്ക്കുന്നതും അതാണ്. ജനാധിപത്യ സംവാദങ്ങളെ നേരിടാൻ പരിസ്ഥിതി പ്രവർത്തകരുടെ ആസ്തി രജിസ്റ്ററുണ്ടാക്കുന്ന ഫാസിസ്റ്റ് യുക്തിയെ നാം പ്രോത്സാഹിപ്പിച്ച് കൂടാ. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ മുറ്റത്തെ ഫാസിസത്തെയും ചോദ്യം ചെയ്യേണ്ടതുണ്ട്.
ഫാസിസത്തെ തടയുന്നതിൽ ഇറ്റാലിയൻ- ജർമൻ കമ്യൂണിസ്റ്റുകൾക്ക് സംഭവിച്ച അതേ പിഴവ് ഇന്ത്യൻ കമ്യൂണിസ്റ്റുകളും ആവർത്തിയ്ക്കുകയാണ്. ഈ പിഴവിന്റെ മുറ്റത്തുനിന്നാണ് ബൃന്ദാ കാരാട്ടിന് ജാഹാംഗിർപുരിയിലെ ഫാസിസ്റ്റ് ബുൾഡോസറിന്റെ മുന്നിലേക്ക് നടക്കേണ്ടിവരുന്നത്. തെരുവിലെ ബൃന്ദയുടെ ഈ പ്രതിരോധം ഒരു ഭൗതികശക്തിയായി വളരട്ടെ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.