ആശമാരുടെ സമരം പരിഹരിക്കണം, എം.എ. ബേബി ആദ്യദൗത്യമായി ഏറ്റെടുക്കണമെന്ന് കെ.ആർ. മീര

ആശാ വർക്കർമാരുടെ സമരം പരിഹരിക്കുന്നതാവണം സി.പി.എമ്മിൻെറ പുതിയ ജനറൽ സെക്രട്ടറി എം.എ ബേബിയുടെെ ആദ്യ ദൗത്യമെന്ന് എഴുത്തുകാരി കെ.ആർ. മീര.

News Desk

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരം എത്രയും പെട്ടെന്ന് പരിഹരിക്കരണമെന്ന് എഴുത്തുകാരി കെ.ആർ. മീര. സി.പി.എമ്മിൻെറ പുതിയ ദേശീയ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത എം.എ. ബേബിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആശാ സമരം പരിഹരിക്കണമെന്ന് മീര ആവശ്യപ്പെട്ടിരിക്കുന്നത്. ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റ് കേരളത്തിൽ തിരികെ എത്തുമ്പോൾ, എം.എ. ബേബി ആദ്യ ദൗത്യമായി ആശമാരുടെ സമരം പരിഹരിക്കുന്നത് പരിഗണിക്കണം. പ്രശ്നപരിഹാരത്തിന് സി.പി.എമ്മിന്റെയും പാർട്ടി ജനറൽ സെക്രട്ടറിയുടെയും ഇടപെടലും നടപടികളും അനിവാര്യമാണെന്നും കെ.ആർ. മീര വ്യക്തമാക്കി.

“ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന തൊഴിലാളിസംഘടനകളെയും ഒന്നിച്ചു നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം സഖാവ് എം.എ. ബേബിയിൽനിന്ന് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

അതുകൊണ്ട്, ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റു തിരികെ കേരളത്തിൽ എത്തുമ്പോൾ, ആദ്യ ദൗത്യമായി, തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്ന എ.കെ.ജി. സെന്ററിനു സമീപം, സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ASHA പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ASHA കേന്ദ്രാവിഷ്കൃത സ്കീം ആയതിനാൽ, സമരക്കാരുടെ കാതലായ ആവശ്യങ്ങൾ നടപ്പാക്കേണ്ടതു യൂണിയൻ ഗവൺമെന്റ് ആണെങ്കിലും അതു സാധിച്ചെടുക്കാൻ സമരപ്പന്തലിൽ എത്തിയ ബി.ജെ.പി. നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കുംപോലും കഴിയാത്ത സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനു സി.പി.എമ്മിന്റെയും പാർട്ടി ജനറൽ സെക്രട്ടറിയുടെയും ഇടപെടലും നടപടികളും അനിവാര്യമാണ്,” മീര ഫേസ്ബുക്കിൽ കുറിച്ചു.

Comments