ജമാഅത്തെ ഇസ്‍ലാമി (Jamaat-e-Islami Hind) പലതരം പൊയ്മുഖങ്ങളിലൂടെ കെട്ടിയാടുന്ന രാഷ്ട്രീയ ഇസ്‍ലാമിസ്റ്റ് (Political Islam) ആശയം മുസ്‍ലിം ജനസാമാന്യത്തിന്റെ രാഷ്ട്രീയ ബോധ്യത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും എങ്ങനെയെല്ലാമാണ് ആക്രമിക്കുന്നതെന്ന് സമഗ്രമായി വിശകലനം ചെയ്ത് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ പുസ്തകം. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് പ്രകാശനം ചെയ്യുന്ന ‘കേരളം, മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന പുസ്തകത്തിലാണ്, തീവ്രവാദ നിലപാടുള്ള മുസ്‍ലിം സംഘടനകളെ തുറന്നുകാട്ടുന്ന വിശകലനങ്ങളുള്ളത്.
കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ഇസ്‍ലാമിനെക്കുറിച്ചും സമീപകാലത്ത് ഇത്ര തുറന്ന അഭിപ്രായപ്രകടനം ഒരു ഉന്നത സി.പി.എം നേതാവിൽനിന്നുണ്ടാകുന്നത് ആദ്യമായാണ്. മാത്രമല്ല, മുസ്‍ലിം- ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ എന്തുകൊണ്ട് ഇടതുപക്ഷത്തിന് സ്വാധീനമുറപ്പിക്കാൻ കഴിയുന്നില്ല എന്ന വസ്തുത ഗൗരവത്തോടെ പരിശോധിക്കണമെന്നും പി. ജയരാജൻ സ്വയം വിമർശനപരമായി വിലയിരുത്തുന്നുണ്ട്.
കേരളത്തിലെ മുസ്‍ലിം സാമുദായിക സംഘടനകളുടെയും മുസ്‍ലിം ലീഗിന്റെയും ഇടപെടലുകളെ വിശദമായി പരിശോധിക്കുന്ന പുസ്തകത്തിൽ, മലബാർ കലാപം, ടിപ്പു സുൽത്താന്റെ മലബാർ നയം, കേരളത്തിലെ വർഗീയ കലാപങ്ങൾ, വിമോചന സമരത്തിലെ ലീഗ് നിലപാട്, ലീഗിൽ ജമാഅത്തെ ഇസ്‍ലാമി ചെലുത്തുന്ന ദുരൂഹമായ രാഷ്ട്രീയ സ്വാധീനം, അബ്ദുന്നാസർ മഅ്ദനിയുടെ പ്രകോപന പ്രസംഗങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഏറെ ചർച്ചകൾക്കിടയാക്കിയേക്കാവുന്ന നിരീക്ഷണങ്ങളുണ്ട്.
കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ തുടക്കവും വളർച്ചയും അവയുടെ സംഭാവനകളും വിശദമാക്കിയാണ്, ഇസ്‍ലാമിക രാഷ്ട്രീയം കേരളത്തിൽ വേരോടിയതിനെക്കുറിച്ചുള്ള പി. ജയരാജന്റെ വിശകലനം തുടങ്ങുന്നത്.
1922-ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ട നിഷ്പക്ഷ സംഘത്തിന്റെയും കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും രൂപീകരണം മുതൽ കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്തയിലെ പിളർപ്പ് തുടങ്ങി വിവിധ കാലഘട്ടങ്ങളിൽ സാമുദായിക സംഘടനകളിലുണ്ടായ സംഭവവികാസങ്ങളെ പുസ്തകം രേഖപ്പെടുത്തുന്നു. മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിന് കെ.എൻ.എം അടക്കമുള്ള മുജാഹിദ് സംഘടനകളും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ ഇരു വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും അഹമ്മദീയ മുസ്‌ലിം ജമാഅത്തും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ് എന്നും ജയരാജൻ എഴുതുന്നു.
മുസ്‌ലിം ലീഗിന്റെ നിലപാടുകളിൽനിന്ന് വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവും സാമുദായികവുമായ നിലപാടുകൾ സമുദായ സംഘടനകൾ സ്വതന്ത്രമായി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് അവ പത്രപ്രസിദ്ധീകരണത്തിലേക്ക് കടന്നത് എന്ന് ജയരാജൻ എഴുതുന്നു. ചന്ദ്രിക, സിറാജ്, മാധ്യമം, വർത്തമാനം, തേജസ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങൾ തുടങ്ങാനുണ്ടായ സാഹചര്യവും അവയുടെ നിലപാടുകളും വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തെ പൂർണമായും പ്രതിനിധീകരിക്കുന്നത് ലീഗ് ആണെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് സമുദായസംഘടനകൾ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്ന വ്യത്യസ്ത നിലപാടുകളെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ജമാഅത്തെ ഇസ്‍ലാമിയുടെ വ്യാജ മുഖം
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനങ്ങളെയും മറ്റു സാമുദായിക- രാഷ്ട്രീയ സംഘടനകളുമായുള്ള അവരുടെ വിനിമയങ്ങളെയും അനുബന്ധ സംഘടനകളെയും പ്രസിദ്ധീകരണങ്ങളിലൂടെ നടത്തുന്ന വർഗീയ കാമ്പയിനുകളെയും പുസ്തകം വിശദമായി പരിശോധിക്കുന്നുണ്ട്.
മുസ്‌ലിംകൾക്കിടയിൽ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ആശയങ്ങളോട് വളർന്നുവന്ന ആഭിമുഖ്യത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്നതായിരുന്നു ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് ജയരാജൻ എഴുതുന്നു: ‘‘മുസ്‌ലിംകൾക്ക് കമ്യൂണിസ്റ്റാകൽ അസാധ്യമാണെന്ന ഇന്നും തുടരുന്ന പ്രചാരണം ജമാഅത്തെ ഇസ്‌ലാമി അതിന്റെ സംസ്ഥാപനം മുതൽ ആരംഭിച്ചതാണ്’’.
ഇന്ത്യൻ ജനാധിപത്യം പൈശാചിക ഭരണ (താഗൂത്ത്) മാണെന്ന മൗദൂദിയുടെ ആശയം, സർക്കാർ ജോലി ഹറാമാണ് എന്ന മൗദൂദിയൻ വാദം, തെരഞ്ഞെടുപ്പിൽ പങ്കെടുക്കലും വോട്ട് ചെയ്യലും വിലക്കിയുള്ള തീരുമാനം, ജനാധിപത്യത്തെയും മതേതരത്വത്തെയും തിരസ്‌കരിക്കൽ തുടങ്ങിയവ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമി നടപ്പാക്കിയിരുന്നുവെന്നും എന്നാൽ, മുസ്‌ലിം സമുദായം ആധുനിക വിദ്യാഭ്യാസം നേടാനും സർക്കാർ ജോലി നേടാനും മുന്നോട്ടുവന്നപ്പോൾ തങ്ങളുടെ സ്ഥിതി വഷളാകും എന്നു തിരിച്ചറിഞ്ഞ മൗദൂദികൾ അവരുടെ നിലപാടിന്റെ അടിസ്ഥാന സ്വഭാവം തന്നെ ത്യജിക്കാനും മുൻനിലപാടുകളും വാദങ്ങളുടെ സത്ത തന്നെയും വിഴുങ്ങാനും ഒരു മടിയും കാണിച്ചില്ല എന്നും പുസ്തകം പറയുന്നു.
പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിട്ടും മുസ്‌ലിംകൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തത് കേരളത്തിൽ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന് പ്രാമുഖ്യമുള്ളതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞതിനെതുടർന്നാണ് ജമാഅത്തെ ഇസ്‌ലാമി അവരുടെ സംഘടനാസംവിധാനത്തിനുപുറത്ത് മതേതത പുരോഗമന മുഖം തുന്നിച്ചേർക്കാൻ തുടങ്ങിയതെന്ന് ജയരാജൻ എഴുതുന്നു:
‘‘1987-ൽ മാധ്യമം പത്രം ആരംഭിക്കുകയും രാഷ്ട്രീയത്തിനതീതമായ നിഷ്പക്ഷനിലപാടാണ് തങ്ങളുടേത് എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ലിബറൽ, പുരോഗമന നിലപാടുകാരെയും ഇടതുപക്ഷ മതേതതര നിലപാടുകൾ സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് അനുഭാവികൾ ഉൾപ്പെടെയുള്ള പൊതുബുദ്ധിജീവികളെയും പത്രവുമായും അതേ പേരിലിറക്കിയ ആനുകാലികവുമായും നിരന്തരം ബന്ധിപ്പിച്ചുനിർത്തുകയും ചെയ്തു’’.
കേരളത്തിലെ വലതുമുന്നണിയുടെ ഭാഗമായി നിന്ന് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാനാണ് ജമാഅത്തെ ഇസ്‍ലാമി അനുബന്ധ സംഘടനാസംവിധാനങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ജയരാജൻ എഴുതുന്നു. ഫാഷിസ്റ്റ് വിരുദ്ധ മുന്നണി എന്ന പേരിൽ മുസ്‌ലിം ലീഗിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന യുവാക്കളെയും വിദ്യാർഥികളെയും സ്വാധീനിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെന്നും അതിനായി പലതരം പൊയ്മുഖങ്ങൾ അവർ കെട്ടിയാടുന്നതായും അദ്ദേഹം എഴുതുന്നു:
‘‘കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാൻ പോളണ്ടിലെ അതേ മാതൃകയിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന പേരിൽത്തന്നെ ജമാഅത്തെ ഇസ്ലാമി സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. അതിന്റെ ഭാഗമായി ദലിത് മുന്നേറ്റങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സമരങ്ങളെ അരാഷ്ട്രീയവൽക്കരിച്ചു. മുൻകാല നക്സലൈറ്റുകളെയും റോയിസ്റ്റുകളെയും തങ്ങളുടെ മാധ്യമസ്ഥാപനങ്ങളിൽ ഉൾപ്പെടെ ചേർത്തുകൊണ്ട് മതേതര പുരോഗമന മുഖം സൃഷ്ടിക്കാനും അതുവഴി കേരളത്തിന്റെ സാമൂഹികാംഗീകാരം നേടിയെടുക്കാനും അവർക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജമാഅത്തിന്റെ രാഷ്ട്രീയ മുഖമായി, ആർ.എസ്.എസ്- ബി.ജെ.പി എന്നപോലെ അമുസ്‍ലിംകളെ ഉൾപ്പെടെ ചേർത്തുകൊണ്ട് വെൽഫെയർ പാർട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പിൽ വലതുമുന്നണിയുടെ സഹായസംഘമായി പങ്കെടുക്കുകയും ചെയ്യുന്നു’’.
‘‘വെൽഫെയർ പാർട്ടി ഇപ്പോൾ പ്രത്യക്ഷത്തിലും പരോക്ഷത്തിലും മുസ്‍ലിം ലീഗിന്റെയും അതുവഴി യു.ഡി.എഫിന്റെയും സഖ്യകക്ഷിയായി പ്രവർത്തിച്ചുവരുന്നു. കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇതിനോട് വിയോജിപ്പുണ്ടെങ്കിലും മുന്നണിയിലെ ശക്തരായ മുസ്‍ലിം ലീഗിനെ എതിർക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ലീഗ് തീരുമാനങ്ങൾക്ക് വഴങ്ങേണ്ടിവരുന്നു’’.
പരസ്യമായി ആർ.എസ്.എസിനെതിരെ നിലപാടെടുക്കുന്നുവെന്ന് പറയുന്ന ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസുമായും അതിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പിയോടും സന്ധി ചെയ്യുന്നു എന്നതിന്, ഇരു സംഘടനകളും തമ്മിലുള്ള കൂടിക്കാഴ്ചകൾ തെളിവാണെന്ന് പി. ജയരാജൻ എഴുതുന്നു.
ജമാഅത്തെ ഇസ്‍ലാമിയും ആർ.എസ്.എസും
പരസ്യമായി ആർ.എസ്.എസിനെതിരെ നിലപാടെടുക്കുന്നുവെന്ന് പറയുന്ന ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസുമായും അതിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പിയോടും സന്ധി ചെയ്യുന്നു എന്നതിന്, ഇരു സംഘടനകളും തമ്മിലുള്ള കൂടിക്കാഴ്ചകൾ തെളിവാണെന്ന് ജയജരാൻ എഴുതുന്നു:
‘‘2023 ജനുവരി 14ന് ജമാഅത്തെ ഇസ്‌ലാമി അമീറും ആർ.എസ്.എസ് മേധാവിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ എസ്.വൈ. ഖുറേഷി വ്യക്തമാക്കി. ഖുറേഷി, മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ദീഖി തുടങ്ങിയവർ 2022 ഓഗസ്റ്റിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ജമാഅത്തെ ഇസ്‌ലാമി അമീർ ആരിഫലിയും സംഘവും ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയത്’’.
ഇന്ത്യയിൽ ആർ.എസ്.എസ് ഉയർത്തുന്ന പൗരത്വനിർവചനത്തിന്റെ ഇസ്‌ലാമിക പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിക്കാർ മുന്നോട്ടുവക്കുന്നത് എന്ന വിമർശനവും ജയരാജൻ മുന്നോട്ടുവക്കുന്നു:
‘‘1953-ൽ പാക്കിസ്ഥാനിലുണ്ടായ അഹമ്മദീയ വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപം കൊണ്ട ജസ്റ്റിസ് മുനീർ കമീഷൻ മുമ്പാകെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ അബുൾ അഅ്‌ലാ മൗദൂദി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മൗദൂദിയോട് ജസ്റ്റിസ് മുനീർ ചോദിച്ചു, ‘ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും അവിടുത്തെ മുസ്‌ലിംകൾ അടക്കമുള്ള അഹിന്ദു ന്യൂനപക്ഷത്തെ രണ്ടാംതരം പൗരന്മാരായി കണക്കാക്കി അവർക്ക് പൗരാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?'
'അങ്ങനെ ചെയ്യുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല' എന്നായിരുന്നു മൗദൂദിയുടെ മറുപടി’’.
തന്ത്രം തിരിച്ചറിഞ്ഞ സുന്നികൾ
കേരളത്തിലെ മുസ്ലിംകൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ പലവഴി ശ്രമിച്ചിട്ടും ജമാഅത്തെ ഇസ്‍ലാമിക്ക് സാധിച്ചില്ല. അവരുടെ മതരാഷ്ട്രവാദത്തോടും തീവ്രവാദനിലപാടുകളോടും മുസ്‍ലിം സമുദായത്തിന് പൊതുവിലുണ്ടായിരുന്ന വിയോജിപ്പായിരുന്നു അതിനുകാരണം- ജയരാജൻ എഴുതുന്നു:
‘‘2014-നുശേഷം കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായി ആർ.എസ്.എസ് ആക്രമണം വർധിച്ചതും മുതലെടുത്ത് ജമാഅത്തെ ഇസ്‍ലാമി മുസ്‍ലിം യുവാക്കൾക്കിടയിൽ വർഗീയ ചിന്തകൾ വളർത്തിക്കൊണ്ടുവരാനും അവരുടെ മതരാഷ്ട്രവാദത്തിന് പിന്തുണ വർധിപ്പിക്കാനും ശ്രമിച്ചു. വിവിധ മുസ്‍ലിം സംഘടനകളെ ചേർത്ത് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു, മുസ്‍ലിം ഐക്യം എന്ന പ്രത്യക്ഷ ആശയത്തിലൂടെ സമുദായത്തിനിടയിൽ വർഗീയബോധം വളർത്തിക്കൊണ്ടുവരാനും ശ്രമമുണ്ടായി. എന്നാൽ, ജമാഅത്തെ ഇസ്‍ലാമിയുടെ തന്ത്രം തിരിച്ചറിഞ്ഞ പരമ്പരാഗത സുന്നികൾ ബഹുസ്വരത എന്ന ആശയത്തിലൂന്നി തീവ്ര ആശയങ്ങളെ ചെറുത്തുവരുന്നു’’.
വിമോചന സമരത്തിലെ ലീഗ്
ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കിയ പ്രധാന നിയമനിർമാണങ്ങളെല്ലാം മുസ്‍ലിം വിഭാഗത്തിന്റെ കൂടി ഉയർച്ചക്ക് വഴിവച്ചതായി ജയരാജൻ എഴുതുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങൾ അഭിമുഖീകരിച്ചിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാറുകളായിരുന്നു.
വിദ്യാഭ്യാസ ബിൽ, ഭൂപരിഷ്കരണം തുടങ്ങിയവ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമുദായത്തിന് പ്രതീക്ഷ നൽകി. ബ്രിട്ടീഷ് കാലം മുതലുള്ള മുസ്‌ലിം വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കി, വിദ്യാഭ്യാസ- ഉദ്യോഗ മണ്ഡലങ്ങളിൽ മുസ്‌ലിം സംവരണം 7.5 ശതമാനത്തിൽനിന്ന് 10 ശതമാനമാക്കി, ഉയർന്ന തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് മുസ്‌ലിം സംവരണം ബാധകമാക്കി, പി.എസ്.സി- ഹൈക്കോടതി എന്നിവയിൽ മുസ്‌ലിം സമുദായത്തിൽനിന്നുള്ള അംഗങ്ങൾക്ക് ഉന്നത പദവി ഉറപ്പുവരുത്തി തുടങ്ങി ഇ.എം.എസ് സർക്കാർ നടപ്പാക്കിയ പരിപാടികൾ കേരളത്തിലെ മുസ്‍ലിം സമുദായത്തിന്റെ വളർച്ചക്ക് നിർണായക സംഭാവന നൽകിയെന്ന് ജയരാജൻ എഴുതുന്നു.
എന്നാൽ, ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിലെ പങ്കാളിത്തത്തിലൂടെ ഇത്തരം പുരോഗമനപരമായ നടപടികളുടെ സദ്ഫലത്തെ റദ്ദാക്കാനാണ് മുസ്‍ലിം ലീഗ് ശ്രമിച്ചതെന്നും ജയരാജൻ എഴുതുന്നു:
‘‘മാപ്പിളമാർ അടക്കമുള്ള കുടിയാന്മാർ നേരിട്ട പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരമെന്ന നിലയ്ക്കാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കാർഷിക ബന്ധബിൽ അവതരിപ്പിച്ചത്. എന്നാൽ, മാപ്പിളമാരുടെ കലാപത്തിലേക്കുവരെ നയിച്ച കാരണങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ ശ്രമിച്ച കമ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിടാൻ ജന്മിമാർക്കും ഭൂപ്രഭുക്കൾക്കും ഒപ്പം ചേർന്ന മുസ്‌ലിം ലീഗ് മുസ്‌ലിം സമുദായത്തിലെ സാധാരണക്കാരുടെയും കർഷക തൊഴിലാളികളുടെയും താൽപര്യങ്ങളെ ഒരിക്കൽ കൂടി ഒറ്റുകൊടുത്തു’’
മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് എൻ.ഡി.എഫ് കേരളത്തിൽ വളർന്നുവന്നത് എന്നും പലപ്പോഴും മുസ്ലിം ലീഗിന്റെ മിലിറ്റന്റ് വിങ്ങായിട്ടാണ് എൻ.ഡി.എഫ് പ്രവർത്തിച്ചിരുന്നത് എന്നും ജയരാജൻ എഴുതുന്നു.
രാഷ്ട്രീയ ഇസ്‍ലാമുമായി രഞ്ജിപ്പിലെത്തിയ ലീഗ്
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ മുസ്‍ലിം ലീഗ് നടത്തുന്ന ഇടപെടലുകളെ വിമർശനപരമായി പുസ്തകം പരിശോധിക്കുന്നുണ്ട്. സാമുദായിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന മുസ്‌ലിം ലീഗ്, മുസ്‌ലിം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി കൈക്കൊള്ളുന്നത് പലപ്പോഴും അവസരവാദ നിലപാടുകളാണെന്ന് ജയരാജൻ വിമർശിക്കുന്നു. ഇസ്‍ലാമിക രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും രണ്ടാണെന്ന് ലീഗിന് തിരിച്ചറിയാനാകുന്നില്ലെന്നും അതുകൊണ്ടുതന്നെ ചില ഘട്ടങ്ങളിൽ രാഷ്ട്രീയ ഇസ്‌ലാമിനെ ലീഗ് എതിർത്തുവെങ്കിലും പലപ്പോഴും അവയുമായി രഞ്ജിപ്പിലെത്തുകയാണുണ്ടയതെന്നും ജയരാജൻ എഴുതുന്നു.
1991-ലെ കുപ്രസിദ്ധമായ ‘കോ-ലീ-ബി സഖ്യം’, ലീഗിന്റെ ഇത്തരമൊരു അവസരവാദ നിലപാടായിരുന്നുവെന്ന് ജയരാജൻ എഴുതുന്നു:
‘‘കോ-ലീ- ബി സഖ്യത്തിന്റെ ഭാഗമായി, ബി.ജെ.പിയും ലീഗുമായി ചർച്ച നടന്നത് കോഴിക്കോട്ടെ കക്കോടൻ ടൂറിസ്റ്റ് ഹോമിൽ വച്ചായിരുന്നു. കോൺഗ്രസ്- ലീഗ് നേതാക്കൾക്കുപുറമേ കെ.ടി.സി മാനേജുമെന്റിലെ ഉന്നതനും ഈ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ലീഗിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത ഒരാൾ, 'ബഹ്‌റിൽ മുസല്ലയിട്ട് നമസ്‌കരിക്കാൻ സഹായിച്ചാൽ പോലും ഞാൻ ആർ.എസ്.എസിനെ വിശ്വസിക്കില്ല' എന്ന് പ്രഖ്യാപിച്ച ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എം.കെ. മുനീറായിരുന്നു. ആദർശം പണയം വച്ചുകൊണ്ടുള്ള ലീഗിന്റെ രാഷ്ട്രീയകച്ചവടം അവിടം കൊണ്ടും തീർന്നില്ല, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ജമാഅത്തെ ഇസ്‌ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും ഉപയോഗിച്ച് വോട്ട് നേടാനും ലീഗ് ശ്രമിച്ചു. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പോലും ജനാധിപത്യ പ്രസ്ഥാനങ്ങൾ വർജിച്ച ശക്തികളെയാണ് കോൺഗ്രസും ലീഗും കൂട്ടുപിടിച്ചത്’’.
മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് എൻ.ഡി.എഫ് കേരളത്തിൽ വളർന്നുവന്നത് എന്നും പലപ്പോഴും മുസ്ലിം ലീഗിന്റെ മിലിറ്റന്റ് വിങ്ങായിട്ടാണ് എൻ.ഡി.എഫ് പ്രവർത്തിച്ചിരുന്നത് എന്നും ജയരാജൻ എഴുതുന്നു.
രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോൾ മതവികാരം ഇളക്കിവിടാൻ ലീഗ് നേതൃത്വം ശ്രമിച്ചതിന്റെ ഉദാഹരണങ്ങളും ജയരാജൻ എടുത്തെഴുതുന്നു. 2021 ഡിസംബറിൽ കോഴിക്കോട്ട് നടന്ന വഖഫ് സംരക്ഷണ റാലി, ജമാഅത്തെ ഇസ്‍ലാമിയുടെ അജണ്ടയിലൂടെ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നുവെന്ന് ജയരാജൻ എഴുതുന്നു:
‘‘വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ വന്നതിനെതുടർന്നാണ് എൽ.ഡി.എഫ് സർക്കാർ നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത്. വഖഫ് ബോർഡാണ് നിയമം പി.എസ്.സി വഴിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ അത് അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തെ ലീഗും അംഗീകരിച്ചിരുന്നു. നിയമനം പി.എസ്.സിക്ക് വിടുമ്പോൾ നിലവിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം വേണമെന്നുമാത്രമാണ് ലീഗ് എം.എൽ.എമാർ ആവശ്യപ്പെട്ടത്. അതിനർഥം ലീഗ് നേതൃത്വം തന്നെ സർക്കാർ നിലപാട് അംഗീകരിച്ചു എന്നാണ്. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ബഹുജനങ്ങളെ തെരുവിലിറക്കാനുള്ള പദ്ധതിക്കാണ് ലീഗ് നേതൃത്വം നൽകിയത്. ജമാഅത്തെ ഇസ്‌ലാമി ബുദ്ധിപരമായ നേതൃത്വം നൽകിയ അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെട്ടത്. കേരളത്തിലെമ്പാടുമുള്ള മുസ്‌ലിം പള്ളികളിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി ലീഗും ജമാഅത്തെ ഇസ്‌ലാമിയും കൈക്കൊണ്ടത്’’.
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെതുടർന്ന് മലപ്പുറം ജില്ലയിൽ അനിഷ്ടസംഭവങ്ങളും ഉണ്ടാകാതിരുന്നതിന്റെ നേട്ടം ലീഗിന് ചാർത്തിക്കൊടുക്കുന്നതിന്റെ കാപട്യവും ജയരാജൻ എഴുതുന്നുണ്ട്:
‘‘ലീഗ് നേതൃത്വം വൈകാരികമായി പ്രതികരിച്ചില്ല എന്നത് വസ്തുതയാണ്. എന്നാൽ, കേരളത്തിലെ മുസ്‍ലിം സമുദായം കാണിച്ച സാമൂഹിക പ്രതിബദ്ധതയും സമചിത്തതയോടെയുള്ള നിലപാടുമാണ് ഇതിനുകാരണം. ലീഗില്ലായിരുന്നുവെങ്കിൽ കേരളം ഇസ്‍ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാകുമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. അതും വസ്തുതയല്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെതുടർന്ന് മുസ്‍ലിം സമുദായത്തിലെ ചിലർ തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടു. അതിന്റെ ഭാഗമായി കൊലപാതകമുൾപ്പെടെയുള്ള അക്രമസംഭവങ്ങൾ നടത്തി. മതസംഘടനകളുടെ ശരിയായതും മതമൈത്രിക്ക് ഊന്നൽ നൽകുന്നതുമായ പ്രവർത്തനം. ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിച്ചത് സുന്നി സംഘടനകളാണ്. അതോടൊപ്പം അടിത്തട്ടിലടക്കം സ്വാധീനമുള്ള ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങളും നേതൃപരമായ ഇടപെടൽ നടത്തി’’.
‘‘ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫിന്റെ രഹസ്യ കൂടിയാലോചനകൾ തിരിച്ചറിഞ്ഞ എസ്.കെ.എസ്.എസ്.എഫും മൂന്ന് മുജാഹിദ് സംഘടനകളും മുനവറലി തങ്ങളുടെ വീട്ടിൽ യോഗം ചേർന്ന് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചു. ഏറ്റവും ഒടുവിൽ ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിന് സുന്നി സംഘടന കത്ത് നൽകി’’
ഷാബാനുകേസിൽ മുസ്‌ലിം സ്ത്രീകൾ കാലങ്ങളായി അനുഭവിച്ചുവരുന്ന നീതിനിഷേധത്തെ ഒരളവിൽ പരിഹരിക്കുന്ന ഷാബാനുകേസ് വിധിയെ പുരോഗമന പ്രസ്ഥാനങ്ങൾ സ്വാഗതം ചെയ്തപ്പോൾ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ അതിനെതിരായ വൻ കോലഹലമാണ് കേരളത്തിലുടനീളം സംഘടിപ്പിച്ചതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടുന്നു:
‘‘മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിന് വ്യക്തിനിയമം പരിഷ്‌കരിക്കേണ്ടതുണ്ടെന്ന സി.പി.എം നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഇ.എം.എസ് അടക്കമുള്ള നേതാക്കൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങളും അധിക്ഷേപങ്ങളും നിരന്തരം അഴിച്ചുവിട്ടു. കമ്യൂണിസ്റ്റുകാർ മുസ്‌ലിംകളുടെ മതപരമായ ജീവിതം അസാധ്യമാക്കി മതനിഷേധം പ്രചരിപ്പിക്കുകയാണെന്ന് ലീഗ് വാദിച്ചു. എന്നാൽ, ശരീഅത്തിലെ ജീവനാംശം സംബന്ധിച്ച സ്ത്രീവിരുദ്ധമായ നിയമങ്ങൾ ഖുർആന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ഖുർആൻ പരിഭാഷയുടെ സഹായത്തോടെ ഇടത് സ്വതന്ത്ര അംഗം ടി.കെ. ഹംസ നിയമസഭയിൽ തെളിയിച്ചു’’.
‘‘മുസ്ലിം ബഹുജനങ്ങൾക്കിടയിൽ സി.പി.എം വിരോധം കുത്തിക്കയറ്റാൻ ലീഗ് മറ്റൊരാക്ഷേപം കൂടി ഉയർത്തി, ഏകീകൃത സിവിൽ നിയമത്തിനുവേണ്ടി ഇ.എം.എസ് ആവശ്യപ്പെട്ടു എന്ന്. യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെട്ടതാണത്. അത് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ സി.പി.എം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയിൽ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം ആവശ്യമാണെങ്കിൽ അത് എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ നടപ്പാക്കേണ്ടതാണ് എന്നാണ് പാർട്ടി അംഗീകരിച്ച നിലപാട്’’.
‘‘തീവ്രവാദത്തിനെതിരെ വിവിധ മതസംഘടനകളെ യോജിപ്പിച്ച് മലപ്പറം കോട്ടക്കലിൽ ചേർന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമിയെ അടുപ്പിച്ചില്ല. അധ്യാപകന്റെ കൈവെട്ടു കേസിലേക്കു നയിച്ച പ്രചാരണങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയായ മാധ്യമം ദിനപത്രമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. മുസ്‌ലിം ലീഗ് വഴി സമുദായത്തിന്റെ വക്താക്കളായി മാറാൻ കിണഞ്ഞു ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇത് വൻ തിരിച്ചടിയായിരുന്നു’’.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫിന്റെ രഹസ്യചർച്ചകളിൽ മുസ്‌ലിം സമുദായത്തിനകത്തുനിന്നുതന്നെ എതിർപ്പുയരുന്നുണ്ടെന്ന് ജയരാജൻ എഴുതുന്നു: ‘‘ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫിന്റെ രഹസ്യ കൂടിയാലോചനകൾ തിരിച്ചറിഞ്ഞ എസ്.കെ.എസ്.എസ്.എഫും മൂന്ന് മുജാഹിദ് സംഘടനകളും മുനവറലി തങ്ങളുടെ വീട്ടിൽ യോഗം ചേർന്ന് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചു. ഏറ്റവും ഒടുവിൽ ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിന് സുന്നി സംഘടന കത്ത് നൽകി. മതനിരപേക്ഷ നിലപാട് അംഗീകരിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നതിലുള്ള എതിർപ്പാണ് ഇപ്പോഴും അവർ പ്രകടിപ്പിക്കുന്നത്. ലീഗിനെ അനുകൂലിക്കുന്നവർ പോലും ഈ അവിശുദ്ധകൂട്ടുകെട്ടിന്റെ അപകടം തിരിച്ചറിയുകയാണ്’’.
2010-ൽ തൊടുപുഴ ന്യൂമാൻസ് കോളേജിലെ മലയാളം അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിനുനേരെ നടന്ന വധശ്രമത്തെതുടർന്ന് വർഗീയതക്കെതിരെ കേരളത്തിൽ ഉയർന്നുവന്ന പൊതുവികാരം മുസ്‌ലിം സംഘടനകളും ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്, തീവ്രവാദത്തിനെതിരെ വിവിധ മതസംഘടനകളെ യോജിപ്പിച്ച് മലപ്പറം കോട്ടക്കലിൽ ചേർന്ന യോഗം എന്ന ജയരാജൻ എഴുതുന്നു: ‘‘ഏഴ് മതസംഘടനകളെ ക്ഷണിച്ച യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ അടുപ്പിച്ചില്ല. അധ്യാപകന്റെ കൈവെട്ടു കേസിലേക്കു നയിച്ച പ്രചാരണങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയായ മാധ്യമം ദിനപത്രമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. മുസ്‌ലിം ലീഗ് വഴി സമുദായത്തിന്റെ വക്താക്കളായി മാറാൻ കിണഞ്ഞു ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇത് വൻ തിരിച്ചടിയായിരുന്നു’’.
ലീഗിനെതിരെ വനിതാ ഇടപെടൽ
പരമ്പരാഗതമായി മുസ്‍ലിം ലീഗിനെ പിന്തുണയ്ക്കുന്ന കുടുംബങ്ങളിൽനിന്ന് നിരവധി പെൺകുട്ടികൾ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുന്നോട്ടുവരികയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തത് ലീഗിന്റെ ആണധികാരസ്വഭാവത്തിന് വൻ തിരിച്ചടിയായിട്ടുണ്ടെന്ന് ജയരാജൻ എഴുതുന്നു. ‘ഹരിത’ എന്ന സംഘടനയിലുണ്ടായ സംഭവവികാസങ്ങൾ ഇതിന്റെ പ്രതിഫലനമായിരുന്നു. എന്നാൽ, ‘ഹരിത’ നേതാക്കൾ പരാതിപ്പെട്ട വിദ്യാർഥി സംഘടനാനേതാവിനെ സംരക്ഷിക്കുകയും ഇരകളായ ഹരിത നേതാക്കളെ പുറത്താക്കി സംഘടന പിരിച്ചുവിടുകയുമാണ് ലീഗ് സംസ്ഥാന നേതൃത്വം ചെയ്തതുമെന്ന് ജയരാജൻ എഴുതുന്നു.
മഅ്ദനിയുടെ പ്രകോപനങ്ങൾ
അബ്ദുന്നാസർ മഅ്ദനിയുടെ ആദ്യകാല നിലപാടിനെ വിമർശനാത്മകമായി ജയരാജൻ പരിശോധിക്കുന്നു:
‘‘ബാബരി മസ്ജിദ് തകർച്ചക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുന്നാസിർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപര്യടനം തീവ്രവാദചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതി വളർത്താൻ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാഭടന്മാർക്കൊപ്പം നടത്തിയ പര്യടനം മുസ്‌ലിം യുവാക്കൾക്കിടയിൽ ആർ.എസ്.എസിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്നതിലേക്ക് നയിച്ചു.
1990-ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ആർ.എസ്.എസിനെ അനുകരിച്ച് ഇസ്‌ലാമിക് സേവക് സംഘം രൂപീകരിച്ചു. ഐ.എസ്.എസ് നേതൃത്വത്തിൽ മുസ്‌ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധ പരിശീലനവും നൽകി. മഅ്ദനിയുടെ കേരള പര്യടനത്തിലുടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചു. ഇതിനെതിരെ മുസ്‌ലിം സമുദായത്തിനകത്തുനിന്നുതന്നെ വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ അദ്ദേഹം ആ സംഘടന പിരിച്ചുവിടുകയും പി.ഡി.പി രൂപീകരിക്കുകയും ചെയ്തു’’.
മാവോയിസ്റ്റ് -ഇസ്‍ലാമിസ്റ്റ് സഖ്യം
തീവ്ര ഇടതുപക്ഷ നിലപാടുള്ള, മാവോയിസ്റ്റ് സംഘടനകളും ഇസ്‍ലാമിസ്റ്റുകളുമായുള്ള ഐക്യപ്പെടൽ കേരളത്തിൽ പല വികസന പദ്ധതികളെയും അട്ടിമറിക്കുന്നതിനുള്ള സഖ്യം കൂടിയായി മാറിയിട്ടുണ്ടെന്ന് ജയരാജൻ എഴുതുന്നു:
സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗീകരിച്ച 'ഇന്ത്യൻ വിപ്ലവത്തിന്റെ തന്ത്രവും അടവുകളും' എന്ന രേഖയിൽ പറയുന്ന, 'പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ബഹുജനസംഘടനകൾ...' എന്നത് അവരുടെ പരിപാടി വിഭാവനം ചെയ്യുന്ന മൂന്നാമത്തെ സംഘടനാരൂപമാണെന്നും പാർട്ടി അതിന്റെ മെമ്പർമാർ വഴിയോ മറ്റ് ആക്റ്റിവിസ്റ്റുകൾ വഴിയോ പാർട്ടിയുമായുള്ള ബന്ധം വെളിപ്പെടുത്താതെ അത്തരം സംഘടനകളിൽ നുഴഞ്ഞുകയറുമെന്നും അതിൽ വിദ്യാർഥി- യുവജന സംഘടകൾ ഉൾപ്പെടുമെന്നും ജയരാജൻ എഴുതുന്നു. ഇത്തരം നുഴഞ്ഞുകയറ്റങ്ങളാണ് ഇസ്‍ലാമിസ്റ്റ് സംഘടനകളുമായുള്ള ഐക്യപ്പെടലിലൂടെ സാധ്യമാക്കുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായുള്ള സി.ആർ.പി.പി, എന്നിവയുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ സഹകരണം, 'പോരാട്ടം' എന്ന സംഘടനയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ഭാഗമായ രാഷ്ട്രീയനേതാക്കൾ ഒത്തുചേരുന്നത് എന്നിവയൊന്നും ആകസ്മികമല്ലെന്നും ജയരാജൻ എഴുതുന്നു. വയൽക്കിളി സമരം, ദേശീയപാതാ വികസനത്തിനെതിരായ സമരം എന്നിവയിൽ ഈയൊരു യോജിപ്പ് കാണാമെന്നും അദ്ദേഹം എഴുതുന്നു.
മതപാർട്ടികളുമായി എന്തുകൊണ്ട് അകലം?
മതത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളോട് അകലം പാലിക്കാൻ സി.പി.എം തീരുമാനിച്ചത് ദേശീയ രാഷ്ട്രീയത്തിലെ ചില പ്രശ്‌നങ്ങൾ മൂലമാണ് എന്നാണ് ജയരാജൻ വിശദീകരിക്കുന്നത്:
‘‘ഖലിസ്ഥാൻ ഭീകരവാദം പ്രധാന പ്രശ്‌നമായിരുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രസ്ഥാപനത്തിനുവേണ്ടി ഭീകരാക്രമണം നടത്തുന്ന സാഹചര്യമുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ മതത്തെയും സമുദായത്തെയും അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളോട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഐക്യപ്പെടുന്നത് മതനിരപേക്ഷവാദികളിൽ എതിർപ്പുയർത്തി. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നയമാണ് പരീക്ഷിച്ചത്. ആ നയത്തിന്റെ ഫലമായി സാമുദായിക രാഷ്ട്രീയത്തിന് പങ്കില്ലാത്ത കേരള ഭരണം അധികാരത്തിൽ വന്നു’’
അന്നുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാതിരുന്ന ജമാഅത്തെ ഇസ്‌ലാമിയും അനുബന്ധ സ്ഥാപനങ്ങളും മുസ്‌ലിം സമുദായത്തിലെ ഭൗതികമായ കാര്യങ്ങളിൽ ഇടപെടലുകളോടെ മുന്നിലെത്തിയത് ഈ കാലത്താണെന്ന എൻ.പി. ചെക്കുട്ടിയുടെ വിശകലനവും ജയരാജൻ ഉദ്ധരിക്കുന്നുണ്ട്.
‘‘ഇന്ന് പല ചരിത്രകാരനമാരും വ്യാഖ്യാനിക്കുന്നതുപോലെ മലബാറിന്റെ വിമോചനനായകനായോ ദേശീയവാദിയായോ മാപ്പിള കർഷകർ ടിപ്പു സുൽത്താനെ കണക്കാക്കിയിരുന്നില്ല. അവരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മതമോ വിശ്വാസമോ പരിഗണനാർഹമായിരുന്നില്ല’’
ടിപ്പുവിനെതിരായ മാപ്പിള കലാപങ്ങൾ
ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ച് സമീപകാലത്ത് മുസ്‍ലിം സ്വത്വരാഷ്ട്രീയം ഉയർത്തിയ നറേറ്റീവുകളെ തുറന്നുകാട്ടാൻ ജയരാജൻ, ടിപ്പുവിന്റെ മലബാർ പരിഷ്കാരങ്ങളുടെ പ്രത്യാഘാതങ്ങളെ വിലയിരുത്തുന്നുണ്ട്. ടിപ്പു സുൽത്താന്റെ പരിഷ്കാരങ്ങൾക്കെതിരെ രംഗത്തുവന്നത് മലബാറിലെ മാപ്പിള സമൂഹമായിരുന്നുവെന്നും ടിപ്പുവിന്റെ നികുതി പരിഷ്കാരങ്ങളുടെ തുടർച്ചയായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന നയങ്ങൾക്കെതിരായാണ് മലബാറിൽ മാപ്പിളമാരുടെ നേതൃത്വത്തിൽ പലതരം പ്രക്ഷോഭങ്ങൾ അരങ്ങേറിയതെന്നും ജയരാജൻ എഴുതുന്നു:
‘‘മലബാറിലെ കർഷകസമരങ്ങളെക്കുറിച്ച് എഴുതപ്പെട്ട പല പുസ്തകങ്ങളും മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ നികുതിപരിഷ്‌കാരങ്ങൾക്കെതിരെ മാപ്പിളമാരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ അവഗണിക്കുകയാണ് പതിവ്. അതുകൊണ്ടാണ് ബ്രിട്ടീഷുകാർക്കും അവരുടെ അനുസാരികളായിരുന്നു ജന്മിമാർക്കുമെതിരെ നടന്ന സമരങ്ങളെ വർഗീയ ലഹളകളായി ചിത്രീകരിക്കാൻ കഴിയുന്നത്’’.
‘‘ടിപ്പു സുൽത്താൻ ഭൂസർവേ നടത്തി നടപ്പിലാക്കിയ നികുതി പരിഷ്‌കാരങ്ങൾക്കെതിരെ മഞ്ചേരിയിൽ അത്തൻ കുരുക്കളുടെയും (ഹസ്സൻ ഗുരുക്കൾ) പിതാവിന്റെയും നേതൃത്വത്തിൽ സായുധപോരാട്ടം നടത്തിയിരുന്നു. മലബാറിനെയും അവിടുത്തെ മാപ്പിളമാരെയും സംബന്ധിച്ച് നാട് കീഴ്‌പ്പെടുത്തി കൊള്ള നടത്താനൊരുങ്ങിയ ഒരധിനിവേശ ഭരണാധികാരി മാത്രമായിരുന്നു ടിപ്പു സുൽത്താൻ’’.
‘‘ഇന്ന് പല ചരിത്രകാരന്മാരും വ്യാഖ്യാനിക്കുന്നതുപോലെ മലബാറിന്റെ വിമോചനനായകനായോ ദേശീയവാദിയായോ മാപ്പിള കർഷകർ ടിപ്പു സുൽത്താനെ കണക്കാക്കിയിരുന്നില്ല. അവരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മതമോ വിശ്വാസമോ പരിഗണനാർഹമായിരുന്നില്ല’’
‘‘ടിപ്പുവിന്റെ നികുതിപരിഷ്‌കാരം വർധിതവീര്യത്തോടെ ഏറ്റെടുത്ത് നടപ്പാക്കിയ ബ്രിട്ടീഷുകാർക്കെതിരെ മലബാറിലെ മാപ്പിളമാർ സമരം തുടർന്നു. 1792-ൽ മഞ്ചേരി അത്തൻ ഗുരുക്കൾ പയ്യനാട്ടെ ഉണ്ണിമൂസ മൂപ്പൻ, ചെമ്പൻ പോക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യ കലാപം മലബാറിൽ തുടങ്ങിയത്.
ഇതിന്റെ തുടർച്ചയായി 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാറിന്റെ കാർഷിക മേഖലകളിൽ സർക്കാറിനെതിരായ നിരവധി കലാപങ്ങൾ ഉയർന്നുവന്നു. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ കാർഷിക ഭൂനികുതി ഒടുക്കാതെ പ്രാദേശിക നായന്മാരുമായി മാപ്പിളമാർ കലഹിച്ചു. നായർ- മാപ്പിള ഏറ്റുമുട്ടൽ പതിവായി. ഇതോടൊപ്പം മാപ്പിളമാർക്കിടയിലെ ജനസംഖ്യാവർധനവും ജന്മിമാരും ബ്രിട്ടുഷ് സർക്കാറും അവരോട് സ്വീകരിച്ചിരുന്ന സമീപനങ്ങളും ഇത്തരം സമരങ്ങൾക്ക് കരുത്തു പകർന്നു’’
‘‘ഇങ്ങനെ മാപ്പിളമാർക്കിടയിൽ ചരിത്രപരമായി തന്നെ വളർന്നുവന്ന അരക്ഷിതാവസ്ഥയും അസ്വസ്ഥതകളും രാഷ്ട്രീയ പരിതസ്ഥിതികളുടെ തന്നെ സൃഷ്ടിയാണ്. ഈയൊരു കാഴ്ചപ്പാടിനുപകരം അവരുടെ അപരിഷ്‌കൃതാവസ്ഥയുടെയും നൈസർഗികമായ അക്രമവാസനയുടെയും സൃഷ്ടിയാണിതെന്ന് ബ്രിട്ടീഷുകാർ വാദിച്ചുതുടങ്ങി’’- ഈ വാദം പിന്നീട് ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള സ്വത്വ രാഷ്ട്രീയക്കാരും വർധിതവീര്യത്തോടെ സ്വീകരിച്ചു എന്നത് വിചിത്രമാണെന്ന് ജയരാജൻ എഴുതുന്നു.
മലബാർ കലാപത്തെ ഒറ്റിക്കൊടുത്ത ലീഗ്
മലബാർ കലാപത്തെക്കുറിച്ചുള്ള ഇ.എം.എസിന്റെ വിശകലനം ജയരാജൻ വിശദമായി പരിശോധിക്കുന്നുണ്ട്:
‘‘കുടിയാന്മാർക്ക് ജന്മിമാരോടുണ്ടായ അതൃപ്തിയും ഒന്നാം ലോകമഹായുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ പടർന്നുപിടിച്ച ഭക്ഷണക്ഷാമവും ദാരിദ്ര്യവും വിലക്കയറ്റവും മലബാർ കലാപത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്നായി ഇ.എം.എസ് വിലയിരുത്തുന്നു. ഒപ്പം, കോൺഗ്രസും ഖിലാഫത്ത് കമ്മിറ്റികളും നടത്തിയ ബ്രിട്ടീഷ് വിരുദ്ധ പ്രചാരണവും തൽഫലമായുണ്ടായ സ്വാതന്ത്ര്യവാഞ്ചയും ആളുകളെ കലാപത്തിലേക്ക് നയിച്ചു എന്നും ഇ.എം.എസ് വിലയിരുത്തുന്നു. എന്നാൽ, ഇതിനെ 'ഹിന്ദു- മുസ്‌ലിം' വഴക്കായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പ്രചരിപ്പിക്കുകയും ഈ പ്രചാരവേലയെ മറികടക്കാൻ തക്ക ആത്മബോധം ബഹുജനങ്ങൾക്കുണ്ടായില്ല. മാത്രമല്ല, പട്ടിണി പരിഹരിക്കാൻ വേണ്ടിയുള്ള പ്രേരണയാണ് ഈ ബഹുജനപ്രസ്ഥാനത്തിന്റെ ജീവനെന്ന് നേതാക്കന്മാരായ കോൺഗ്രസുകാർക്ക് മനസ്സിലാവാത്തതുകൊണ്ട് അതിനെ നിയന്ത്രിക്കാൻ അവർക്കു കഴിഞ്ഞില്ല. അങ്ങനെ, കാർഷികമായ അതൃപ്തിയിൽനിന്നുളവായി ഒരു രാഷ്ട്രീയ കലഹത്തിന്റെ രൂപം കൈക്കൊള്ളാൻ തുടങ്ങിയ ഒരു ബഹുജനപ്രസ്ഥാനം അതിന്റെ പ്രേരകശക്തി മനസ്സിലാവാത്ത നേതൃത്വത്തിന്റെ അപ്രാപ്തി കൊണ്ടും അതിൽ പങ്കുകൊണ്ട ബഹുജനങ്ങളുടെ ആത്മബോധക്കുറവു കൊണ്ടും ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രചാരവേലയുടെ ഫലമായി വർഗീയനിറം പൂണ്ട് പരാജയപ്പെട്ടു എന്ന് ഇ.എം.എസ് എഴുതിയിട്ടുണ്ട്’’.
മലബാർ കലാപം സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ കോൺഗ്രസും മുസ്‌ലിം ലീഗും മടിച്ചുനിന്ന സമയത്ത്, എ.കെ.ജിയെപ്പോലുള്ള കമ്യൂണിസ്റ്റുകാരാണ് കലാപത്തെ അനുകൂലിച്ച് രംഗത്തെത്തിയതെന്നും അതിന്റെ പേരിൽ എ.കെ.ജിയെ ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്ത് ജയിലിലടച്ചുവെന്നും ജയരാജൻ സൂചിപ്പിക്കുന്നു.
മലബാർ കലാപത്തെ തള്ളിപ്പറയുന്ന നിലപാടാണ് മുസ്‍ലിം ലീഗ് സ്വീകരിച്ചത് എന്ന വിമർശനവും ജയരാജൻ ഉന്നയിക്കുന്നു:
‘‘മലബാർ കലാപത്തെ സാമ്രാജ്യത്വ- ജന്മി വിരുദ്ധ സമരമായി വിലയിരുത്തിയ കാഴ്ചപ്പാടിൽനിന്ന് ഭിന്നമായ നിലപാടിായിരുന്നു മുസ്‌ലിം ലീഗിന്റേത്. സമരത്തെ എതിർത്ത് ഫത്‌വകൾ പുറപ്പെടുവിച്ചവരുടെ പിന്മുറക്കാരായി ലീഗുകാർ മാറി. ബ്രിട്ടീഷ് വിരുദ്ധ മലബാർ ഉയിർത്തെഴുന്നേൽപ്പിനെ പരിഹസിച്ചുകൊണ്ടുള്ള പാട്ടുകൾ വ്യാപകമായി അവർ പ്രചരിപ്പിച്ചു. അതിൽ ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്ന വരികളാണുണ്ടായിരുന്നത്’’.
കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് നിലപാടിനെയും ജയരാജൻ വിമർശിക്കുന്നു:
‘‘മലബാറിൽ കലാപാനന്തരം കോൺഗ്രസിന്റെ പ്രവർത്തനം ഏതാണ്ട് അസാധ്യമാകുന്ന സാഹചര്യമുണ്ടായി. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ കോൺഗ്രസ് പൂർണമായി തകർന്നു. കലാപം അടിച്ചമർത്തപ്പെട്ടതിനെതുടർന്ന് സാധാരണക്കാരായ മുസ്‌ലിം ബഹുജനം കോൺഗ്രസ് സമ്മേളനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. പകരം, മേൽത്തട്ടുകാർ മാത്രം അണിനിരക്കുന്നവയായി ആ സമ്മേളനങ്ങൾ മാറി. ഇതിന്റെ തുടർച്ചയായാണ് ഹിന്ദു മഹാസഭ, ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ കേരളത്തിലേക്ക് കടന്നുവരുന്നത്’’.
‘‘മലബാർ കലാപത്തിനുശേഷം തെക്കെ മലബാറിൽ സ്വാധീനമുറപ്പിച്ച മുസ്‌ലിം ലീഗ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ എതിർത്തുകൊണ്ടാണ് പ്രചാരവേല നടത്തിയത്. മുഹമ്മദലി ജിന്ന മുന്നോട്ടുവന്ന പാക്കിസ്ഥാൻവാദത്തെ അനുകൂലിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അക്കാലത്തെ ലീഗ് നേതാക്കൾ പ്രസംഗിച്ചു. ഇതിനെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ ഉറച്ചനിലപാട് സ്വീകരിച്ച ദേശീയ മുസ്‌ലിംകളെ കേളപ്പനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ പരിഗണിച്ചില്ല’’.
ഇടതുപക്ഷത്തിന് സംഭവിച്ച ‘ന്യൂനപക്ഷ വീഴ്ച’
സമീപകാലത്ത് മുസ്‍ലിം സമുദായത്തിലുണ്ടാകുന്ന മാറ്റങ്ങളെയും ജയരാജൻ അടയാളപ്പെടുത്തുന്നു. ഇത് ഏറ്റെടുക്കാൻ തക്കവണ്ണമുള്ള വിശാലമായ രാഷ്ട്രീയപാശ്ചാത്തലം കൂടി വളർന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു:
‘‘കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കിടയിൽ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ സാമൂഹികവും സാംസ്‌കാരികവുമായ പരിണാമം സംഭവിച്ചിട്ടുണ്ട്. ഇത് സാംസ്‌കാരികരംഗത്ത് മുസ്‌ലിം പ്രതിനിധാനത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന് സിനിമകളിൽ മുസ്‌ലിം കഥാപാത്രങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. പച്ച ബെൽറ്റും കള്ളിമുണ്ടും അരയിൽ കത്തിയുമായി നടന്നിരുന്ന മാപ്പിള കഥാപാത്രങ്ങൾ വിവിധ ധാരയിലൂടെ സമൂഹത്തിന്റെ എല്ലാതരം മാറ്റങ്ങളെയും ഉൾക്കൊള്ളുന്നവരായി പുതിയ സിനിമകളിൽ മാറി. ഈ മാറ്റങ്ങളെല്ലാം ഉൾക്കൊണ്ട് കൂടുതൽ വിശാലമായ രാഷ്ട്രീയ പാശ്ചാത്തലം കൂടി വളർന്നുവരേണ്ടതുണ്ട്. പുതിയ കാലത്തെ വെല്ലുവിളികളും സാധ്യതകളും ഏറ്റെടുക്കാൻ അത് അനിവാര്യമാണ്’’.
കേരളത്തിലെ ഇടതുപക്ഷത്തിന് ന്യൂനപക്ഷങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനമുണ്ടാക്കാൻ കഴിയാത്തതിന്റെ കാരണവും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സവിശേഷതകൾ പരിഗണിക്കാത്തതിന്റെ പ്രശ്‌നങ്ങളും ജയരാജൻ സ്വയം വിമർശനപരമായി പരിശോധിക്കുന്നുണ്ട്:
‘‘കേരളത്തിലെ പൊതു സ്വാധീനവുമായി താരമത്യപ്പെടുത്തിയാൽ മുസ്‌ലിം- ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനം കുറഞ്ഞ തോതിലാണ്. മതന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന മൂർത്തമായ പ്രശ്‌നങ്ങളിൽ കൃത്യവും വ്യക്തവുമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചുപോന്നിട്ടുമുണ്ട്. എല്ലാതരത്തിലുമുള്ള വർഗീയതയെയും എതിർക്കുമ്പോഴും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അക്രമത്തിന്റെ ഇരകളിൽ മുഖ്യം മുസ്‌ലിം ന്യൂനപക്ഷങ്ങളാണെന്ന തിരിച്ചറിവോടെ ഇടതുപക്ഷം ഇടപെടുന്നുമുണ്ട്. ഇങ്ങനെ ഇടപെടലുകൾ നടത്തുമ്പോൾ 'ന്യൂനപക്ഷ പ്രീണനം' എന്ന വിമർശനം നേരിടുന്നുമുണ്ട്. ഇടതുപക്ഷത്തിന്റെ ഇത്തരം നിലപാടുകളും ഇടപെടലുകളുമുണ്ടെങ്കിലും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനക്കുറവ് എന്തുകൊണ്ടാണ് എന്ന പരിശോധന ഗൗരവപൂർവം തന്നെ നടത്തേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയബലാബലത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം വരുത്തുന്നതിനുള്ള പ്രധാന പ്രതിബന്ധങ്ങളിൽ ഒന്നാണിത്’’.
കേരളത്തിലെ ഇടതുപക്ഷത്തിന് ന്യൂനപക്ഷങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനമുണ്ടാക്കാൻ കഴിയാത്തതിന്റെ കാരണവും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സവിശേഷതകൾ പരിഗണിക്കാത്തതിന്റെ പ്രശ്‌നങ്ങളും പി. ജയരാജൻ സ്വയം വിമർശനപരമായി പരിശോധിക്കുന്നുണ്ട്:
‘‘ഒരു വശത്ത് മതന്യൂനപക്ഷങ്ങളുടെ മതപരവും സാമൂഹികവുമായ സവിശേഷതകൾ കാരണം പുരോഗമനാശയങ്ങൾ സാമാന്യജനങ്ങളിൽ വേണ്ടത്ര ഏശിയിട്ടില്ല. അതോടൊപ്പം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സവിശേഷതകൾ പരിഗണിക്കാത്തതിന്റെ പ്രശ്‌നങ്ങളുണ്ട്’’.
കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക ധാര ശക്തിപ്പെടേണ്ടിയിരിക്കുന്നുവെന്നും ഓരോ മതവിഭാഗങ്ങളുടെ സവിശേഷതകൾ പരിഗണിച്ചും അതതു വിഭാഗങ്ങളിലെ പുരോഗമന ചിന്തകളെ പ്രോത്സാഹിപ്പിച്ചും ഇത് നേടിയെടുക്കാനാകുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.
മലബാർ കലാപവും കാർഷിക പ്രശ്നങ്ങളും, കലാപാനന്തര മലബാർ, കേരള മുസ്‍ലിംകളും പൗരത്വ പ്രശ്നവും, കേരളത്തിൽ നടന്ന വർഗീയ സംഘർഷങ്ങളും അക്രമങ്ങളും തുടങ്ങി കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യുന്ന നിരവധി വിഷയങ്ങൾ ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. ഇവയിലെല്ലാം പലപ്പോഴും പ്രതിക്കൂട്ടിലാക്കപ്പെടുകയും വിവാദത്തിലകപ്പെടുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ, ഇക്കാര്യങ്ങളിലുള്ള നിലപാട് ഉയർത്തിപ്പിടിക്കുക കൂടി പുസ്തകത്തിന്റെ ലക്ഷ്യമാണെന്ന് ഉള്ളടക്കം സൂചിപ്പിക്കുന്നു.