പി.പി. ദിവ്യമാരുടെ അധികാരത്തിൻ്റെ ഭാഷ തൂക്കാൻ വിധിക്കുമ്പോൾ

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (Kannur ADM) ആയിരുന്ന കെ. നവീൻ ബാബു (K Naveen Babu) സ്വയം ജീവനൊടുക്കിയ സാഹചര്യം, അധികാരം കണ്ണും ഹൃദയവും കൊട്ടിയടച്ച ഒരു ഭരണകർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ, (PP Divya) അവരുടെ അധികാര ദുരയും അധികാര ധാർഷ്ട്യവും നിർദ്ദയം പ്രസരിപ്പിച്ചതിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ടതാണ്. അഴിമതിയാരോപണം നേരിട്ട ഒരു ഉദ്യോഗസ്ഥൻ മനോവ്യഥയിൽ ആത്മഹത്യ ചെയ്തു എന്ന ഒറ്റവരി തീർപ്പിൽ എത്തേണ്ട വിഷയമല്ല അത്. അധികാര രാഷ്ട്രീയത്തിൻ്റെ ദുഷിപ്പ് ഒരു വ്യവസ്ഥയെ, ഘടനയെ അകത്ത് നിന്നും പുറത്തു നിന്നും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിൻ്റെ ഉദാഹരണമാണത്.

നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നയിടത്തേക്ക് കടന്നു വന്ന് പി.പി. ദിവ്യ എന്ന ജില്ലാ ഭരണാധികാരി ഒരു തെളിവുമില്ലാത്ത സാമ്പത്തിക അഴിമതിയാരോപണം പരസ്യമായി ഉന്നയിക്കുന്നു. അതിനവർ ഉപയോഗിച്ച ഭാഷ വെണ്ണ പുരട്ടിയ കൊലക്കയർ പോലെ മിനുസമുള്ളതായിരുന്നു. അസാമാന്യമായ പകയും വ്യക്തിവൈരാഗ്യവും ഈഗോയും നിറഞ്ഞ വർത്തമാനം പറയാൻ വേണ്ടി മാത്രമാണ് പി.പി. ദിവ്യ ആ വേദിയിലേക്ക് എത്തിയത്.

കണ്ണൂർ വിഷൻ എന്ന പ്രാദേശിക ചാനൽ ആ ദൃശ്യങ്ങൾ, പി.പി. ദിവ്യയുടെ പ്രസംഗം ഷൂട്ടു ചെയ്തു. ആ വ്യക്തിഹത്യാ ഭാഷണം വ്യാപകമായി പ്രചരിച്ചു. അപമാനിക്കപ്പെട്ട ആ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്സിൽ ജീവനൊടുക്കി.

പുറത്തുവരുന്ന വാർത്തകൾ ഒന്നിച്ചു ചേർത്തു വെക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുകയാണ്. നവീൻ ബാബുവിനെതിരായ അഴിമതിയാരോപണം ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട ഒന്നാണ്. തൻ്റെ കരിയറിൽ ഉടനീളം സത്യസന്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു എന്നതിന് സഹപ്രവർത്തകരും മന്ത്രിമാരും മേലുദ്യോഗസ്ഥരുമുൾപ്പെടെയുള്ളവരുടെ സാക്ഷ്യപ്പെടുത്തലുകൾ തെളിവു നൽകുന്നു. സി.പി.ഐ.എം എന്ന കേരളത്തിലെ ഭരണകക്ഷിയുടെ, പത്തനംതിട്ട ജില്ലാ കമ്മറ്റിയും നവീൻ ബാബു കൂടി അംഗമായ ഇടതുപക്ഷ സർവ്വീസ് സംഘടനയും അതു തന്നെ പറയുന്നു. റവന്യൂ വകുപ്പ്, അഴിമതി രഹിത ഉദ്യോഗസ്ഥരുടെ രണ്ട് വർഷം മുൻപ് തയ്യാറാക്കിയ രഹസ്യപ്പട്ടികയിലെ ആദ്യ സ്ഥാനക്കാരിൽ ഒരാൾ കൂടിയായിരുന്നു കെ. നവീൻ ബാബു.

പി.പി. ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം അടിമുടി ദുരൂഹവും അവരെത്തന്നെ തിരിഞ്ഞ് കൊത്തുന്നതുമാണ്. തൻ്റെ വ്യക്തിതാത്പര്യങ്ങൾ നടക്കാതെ വന്നപ്പോൾ അവർ അതിനു കൂട്ടുനിൽക്കാതിരുന്ന ഉദ്യോഗസ്ഥനെ പകയോടെ വ്യക്തിഹത്യ ചെയ്തു. അതിന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ്റേയും ഒത്താശയുണ്ടായിരുന്നോ എന്ന സംശയം നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെതുൾപ്പെടെയുള്ള ആരോപണമായി ഉയരുന്നു. അന്വേഷിക്കപ്പെടേണ്ടതുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പി.പി. ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. പക്ഷേ ഇടതു യുവജന സംഘടനയായ DYFI പറയുന്നു പി.പി. ദിവ്യ പറയുന്നതും അവിശ്വസിക്കേണ്ടതില്ല എന്ന്. ഒരു ഇടതുപക്ഷ സംഘടനാ സംവിധാനം അധികാര ദുരയുടെ നുരപ്പിനെ ധാർമികമായി പിന്തുണയ്ക്കുന്നു. ദിവ്യയുടെ വീഴ്ച ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്നനിലയിലാണെന്നും പദവിയിൽ നിന്ന് നീക്കിയത് ശിക്ഷയെന്നുമാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ ദയനീയമായ നിലപാട്.

കണ്ണൂർ ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിൻ്റെ എൻ ഒ സി യുമായി ബന്ധപ്പെട്ട് ടി.വി. പ്രശാന്തൻ എന്നയാളുടെ ശുപാർശയ്ക്കാണ് പി.പി. ദിവ്യ എ.ഡി.എം നവീൻ ബാബുവിനെ വിളിച്ചതെന്ന് ദിവ്യ തന്നെ സമ്മതിക്കുന്നുണ്ട്. അവിടെത്തൊട്ടു തുടങ്ങുന്നു നാടകത്തിലെ പൊരുത്തക്കേടുകൾ. പെട്രോൾ പമ്പിന് കണ്ടെത്തിയ സ്ഥലം അനുമതി കൊടുക്കാൻ പറ്റിയ സ്ഥലത്തല്ല ഉള്ളത് എന്ന് ദിവ്യയ്ക്കറിയാം. എട്ട് വകുപ്പുകളുടെ അനുമതി വേണം എ ഡി എമ്മിന് സൈറ്റ് വിസിറ്റിന് ശേഷം അവസാന എൻ.ഒ.സി. നൽകാൻ. വളവുള്ള സ്ഥലമായതു കൊണ്ട് പൊലീസ് ഒബ്ജക്ഷൻ എഴുതി. ഈ വിവരം അറിഞ്ഞു കൊണ്ടു തന്നെയാണ് വളഞ്ഞ വഴിയിലൂടെ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ടി.വി. പ്രശാന്തൻ എന്ന സംരംഭകനു വേണ്ടി സി.പി.എം. നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പി.പി. ദിവ്യ ശ്രമിച്ചത്. പി.പി. ദിവ്യയും ടി.വി. പ്രശാന്തനും ഇക്കാര്യത്തിൽ നിരന്തര ആശയ വിനിമയം നടത്തിയിരുന്നു എന്ന് ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ടി.വി. പ്രശാന്തൻ എന്ന പരിയാരം മെഡിൽ കോളേജിലെ കരാർ ജീവനക്കാരനായ, ഇലക്ട്രീഷ്യനായ ഒരാൾക്ക് കോടികളുടെ മുതൽ മുടക്കു വേണ്ട പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ സാമ്പത്തിക സ്രോതസ്സ് എന്താണ് എന്നും അതിൻ പി.പി ദിവ്യയ്ക്കുള്ള അമിത താത്പര്യത്തിൻ്റെ കാരണമെന്താണ് എന്നും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇതേ പരിയാരം മെഡിക്കൽ കോളേജിലെ ഓഫീസ് അസിസ്റ്റൻ്റും പി.പി. ദിവ്യയുടെ ഭർത്താവായ അജിത്തും സംരംഭക വേഷത്തിലുള്ള ടി.വി. പ്രശാന്തും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്നും ബിനാമി ഇടപാടുകളുണ്ടെന്നും അതിന് ജില്ലാ രാഷ്ട്രീയ നേതൃത്വത്തിൻ്റെ സാമ്പത്തിക രാഷ്ട്രീയ പിന്തുണയുണ്ടെന്നും രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ആരോപണം ഉയർത്തുന്നുണ്ട്. അന്വേഷിക്കപ്പെടേണ്ട ഗുരുതര ആരോപണങ്ങൾ. ഇതിനിടയിലാണ് നവീൻ ബാബുവിന് 98,500 രൂപ, ഒരു ലക്ഷത്തിന് 1500 രൂപ കുറവിൽ കൈക്കൂലി കൊടുത്തു എന്ന് ടി.വി പ്രശാന്തൻ ആരോപിക്കുന്നത്. പി.പി. ദിവ്യയുടെ വിവാദ പ്രസംഗത്തിലും കൈക്കൂലി വാങ്ങി എന്ന് ദ്യോതിപ്പിക്കുന്ന പരിഹാസ പരാമർശമുണ്ട്. നവംബർ ആറിന് ഞായറാഴ്ചയാണ് ക്വാട്ടേഴ്സിൽ വിളിച്ചുവരുത്തി നവീൻ ബാബു കൈക്കൂലി വാങ്ങിയത് എന്നാണ് പ്രശാന്തൻ പറയുന്നത്. എൻ.ഒ.സി.യുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായി നിരന്തര ആശയവിനിമയം നടത്തിയിരുന്നെന്ന് സമ്മതിച്ചിരുന്ന പ്രശാന്തൻ, നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെങ്കിൽ എന്തു കൊണ്ട് ആ വിവരം പി.പി. ദിവ്യയുമായി സംസാരിച്ചില്ല? സംസാരിച്ചിട്ടുണ്ടെങ്കിൽ പി.പി. ദിവ്യ എന്തുകൊണ്ട് അത് തടയുകയോ വിജിലൻസിനെ അറിയിക്കുകയോ മറ്റ് നിയമപരമായ നടപടികളിലേക്ക് നീങ്ങുകയോ ചെയ്തില്ല? ദുരുഹത ഏറുകയാണ്.

നവീൻ ബാബുവിൻ്റെ മരണവാർത്ത പുറത്തുവന്നതിനു ശേഷം നവീൻ ബാബുവിനെതിരായ ഒരു പരാതിക്കത്ത് ടി വി പ്രശാന്തൻ്റെ പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒക്ടോബർ ആറിന് പ്രശാന്തൻ ക്വാട്ടേഴ്സിൽ വെച്ച് 98500 രൂപ കൈക്കൂലി കൊടുത്തെന്ന പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനാണ് നൽകിയിരിക്കുന്നത് എന്നാണ് പ്രചാരണം. എന്നാൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലും വിജിലൻസും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ പരാതിയിലുള്ള പ്രശാന്തൻ്റെ ഒപ്പ് വ്യാജമാണ് എന്നും മാധ്യങ്ങൾ തെളിവു സഹിതം പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. ഇതിനിടെ പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിൽ നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന് പറയുന്ന ഒക്ടോബർ ആറിനു പിറ്റേന്ന് നടത്തിയ ഒരു ഫോൺ സംഭാഷണവും മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതിൽ നവീൻ ബാബു കൈക്കൂലിക്കാരനല്ല എന്ന് പറയുന്നു. അപ്പോൾ കൈക്കൂലി പരാതി പിന്നീട് വ്യാജമായി സൃഷ്ടിച്ചതാണ് എന്ന് വ്യക്തം. നവീൻ ബാബു അഴിമതിക്കാരനല്ല എന്നതിൻ്റെ തെളിവുകളും സാക്ഷ്യപ്പെടുത്തലുകളും പുറത്തു വന്നുകൊണ്ടേയിരിക്കുകയാണ്.

ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് അഴിമതിയ്ക്ക് കൂട്ടു നിൽക്കാതിരുന്ന ഒരു ഉദ്യോഗസ്ഥനെ അധികാരം കയ്യിലുള്ള ഒരു ജനപ്രതിനിധി ബോധപൂർവ്വം പരസ്യമായി അപമാനിക്കുകയും അവഹേളിക്കുകയും ശേഷജീവിതം ദുസ്സഹമാക്കും എന്ന ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ്. സർക്കാർ ഉദ്യോഗസ്ഥർ അഴിമതി ചെയ്യാത്തവരോ വഴിവിട്ട് കാര്യങ്ങൾ ചെയ്യാത്തവരോ ശുപാർശകൾ കേൾക്കാത്തവരോ ഒന്നുമല്ല. നിർബാധം തുടരുന്ന അഴിമതി, കാര്യങ്ങൾ അനാവശ്യമായി വൈകിപ്പിക്കൽ, ഒരു മനസാക്ഷിക്കുത്തുമില്ലാതെ കൈക്കൂലി വാങ്ങൽ ഇതൊക്കെയും സുലഭമായി സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ട്. അടിമുടി അഴിമതി നിറഞ്ഞ ഒരു സംവിധാനത്തിൽ അഴിമതി ചെയ്യാത്ത മനുഷ്യർ ഒറ്റപ്പെട്ട് പോകും പലപ്പോഴും. അഴിമതിയും കൈക്കൂലിയും അപകട വളവിൽ പെട്രോൾ പമ്പ് അനുവദിക്കലുമൊക്കെ സ്വാഭാവികവത്കരിക്കപ്പെട്ട ഒരു സംവിധാനത്തിൽ ഒറ്റപ്പെട്ട് ഇല്ലാതായിപ്പോയ, ഒരു സംവിധാനം ഇല്ലാതാക്കിയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. ആയിരവും പതിനായിരവും കുറ്റവാളികൾ രക്ഷപ്പെട്ടപ്പോൾ ഒരു സിസ്റ്റത്തിനാൽ ശിക്ഷിക്കപ്പെട്ട നിരപരാധി.

രാഷ്ട്രീയ പ്രവർത്തകരുടെയും ഭരണാധികാരികളുടേയും ശുപാർശകൾ സർക്കാർ ഉദ്യോഗസ്ഥർ കേൾക്കേണ്ടിയും അനുസരിക്കേണ്ടിയും വരുന്ന സന്ദർഭങ്ങളുണ്ട്. അതിനർത്ഥം ഭരണാധികാരികളുടെ പരിധിയിൽ വരാത്തതും നിയമവിരുദ്ധവുമായ ശുപാർശകൾ കണ്ണും പൂട്ടി അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്യണമെന്നല്ല. രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലെ ക്രിയാത്മകവും ജൈവികവും നീതിപൂർവ്വ കവുമായ കൊടുക്കൽ വാങ്ങലുകൾ തന്നെയാണ് പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തിൻ്റെ കാതൽ. പക്ഷേ അധികാരം, പവർ എങ്ങനെ അതിൻ്റെ പ്രതിലോമകരമായ നടപ്പാക്കൽ സാധ്യമാക്കുന്നു എന്നതിന് പി.പി. ദിവ്യയുടെ പ്രസംഗത്തിലെ വാചകങ്ങൾ തന്നെയാണ് തെളിവ്.

പി.പി. ദിവ്യയുടെ പ്രസംഗത്തിൽ തെറ്റില്ല, യാത്രയയപ്പ് സന്ദർഭം മാത്രമാണ് പ്രശ്നം എന്നും അഴിമതിയെ പരസ്യമായി ചോദ്യം ചെയ്ത പി.പി. ദിവ്യയിലെ പോരാളിയാണ് ശരി എന്നും വിശദീകരിക്കാൻ പാടുപെടുന്ന പാർട്ടി വിധേയത്വത്താൽ കിട്ടുന്ന സന്ദർഭങ്ങൾ മുഴുവൻ ഭാഷയാലും സിദ്ധാന്തങ്ങളാലും മുട്ടിലിഴയുന്ന അഭിനവ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ പി.പി. ദിവ്യയെ സൃഷ്ടിച്ച അതേ സംവിധാനത്തിൻ്റെ അതേ മാനസികാവസ്ഥയുടെയും സ്ഥാനമാനങ്ങളുടേയും പങ്കുകാരാണ്. ഭരണാധികാരം അതിൻ്റെ കറകളഞ്ഞ വിധേയർക്കായി പ്രത്യേക തരം ഭാഷ തന്നെ സൃഷ്ടിച്ചിരിക്കുന്നു. ആ ഭാഷയിൽ ആ സംവിധാനം വ്യക്തിഹത്യയും മോബ് ലിഞ്ചിങ്ങും രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് കരുതി നടപ്പാക്കും. ഈ സിസ്റ്റത്താൽ അപമാനിക്കപ്പെട്ടവർ മരിച്ചു കഴിയുമ്പോൾ ചത്തത് നന്നായി എന്ന് ഡിജിറ്റലായി എഴുതിവെക്കും. യുദ്ധഭൂമിയിലെന്ന പോലെ യൂണിഫോമും ആയുധവുമെടുത്ത് അവർ അണിനിരക്കും. ഹിംസയുടെ ആനന്ദ മുർച്ഛയ്ക്കായി മരിച്ചു കിടക്കുന്നവരെയും അവർ നിരന്തരം കൊല്ലും.

പി.പി. ദിവ്യ വിമർശിക്കപ്പെടുന്നത് മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഭരണാധികാരിയുടെ അധികാര ദുർവിനിയോഗത്തിൻ്റെ പ്രതീകമായതുകൊണ്ടാണ്. ഇടതുപക്ഷത്തിൻ്റെ ബാനറും പിടിച്ചു കൊണ്ടാണ് ആ ദുർവിനിയോഗം എന്നത് ആ വിമർശനം കഠിനമായ ആവശ്യമാക്കുകയും ചെയ്യുന്നു. പാർട്ടി സംവിധാനം പി.പി. ദിവ്യ യ്ക്ക് പിന്തുണ നൽകുന്നതിൻ്റെ കാരണം എണ്ണമറ്റ പി.പി. ദിവ്യമാർ ആ പാർട്ടിയുടെ ഭരണാധികാരത്തിൻ്റെ ഭാഗമായതു കൊണ്ടു കൂടിയാണ്. പി.പി. ദിവ്യ നടത്തിയ അന്യായമായ ശുപാർശ അവിടെ തെറ്റല്ല. പി.പി. ദിവ്യയുടെ മുറിവേറ്റ ഈഗോ അവിടെ ഒരു തെറ്റല്ല. തൻ്റെ അധികാരത്തെ വകവയ്ക്കാതിരുന്ന വ്യക്തി അവരെയും ആ സംവിധാനത്തെയും സംബന്ധിച്ച് അപമാനിക്കപ്പെടേണ്ടയാൾ തന്നെയാണ്. അതിലെ പ്രശ്നം അധികാരത്തിൻ്റെ കണ്ണുകായ്കയാണെന്ന് ആ അധികാര സംവിധാനത്തിന് ഒരിക്കലും മനസ്സിലാവില്ല. അധികാരം രണ്ട് വ്യക്തികൾക്കിടയിൽ പ്പോലും അതിൻ്റെ ക്ഷുദ്രത ക്രൂരമായി പ്രകടിപ്പിക്കാൻ ശേഷിയുള്ള പ്രതിഭാസമാണ്. ഇടതു പക്ഷ നേതാക്കൾ അധികാരത്തിൻ്റെ ക്രൂരഭാഷയിലേക്കും ശരീരഭാഷയിലേക്കും രൂപാന്തരം നടത്തുന്ന കാഴ്ച ഭാഷാ സംസ്കാര പഠിതാക്കൾക്കൾക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ്. അങ്ങനെയൊരു പഠനം നടക്കുന്നതറിയുമ്പോൾ അവർ ചോദിക്കും നിങ്ങൾ വലതു നേതാക്കളെയും സംഘപരിവാർ നേതാക്കളെയും പഠിക്കുന്നില്ലേ എന്ന്. ഇടതു വിരുദ്ധരായതുകൊണ്ടല്ലേ നിങ്ങൾ ഞങ്ങളെ പഠിക്കുന്നതെന്ന്. ഇടതുപക്ഷം വലതു രീതികളെ ഏറ്റെടുക്കുനാൾ മാത്രമാണല്ലേ പ്രശ്നം എന്ന് ഒരു പ്രത്യയശാസ്ത്ര ആകുലതകളുമില്ലാതെ ചോദിക്കും. പി.പി. ദിവ്യയ്ക്കെതിരെ എന്തിന് സി.പി.എം സംഘടനാ നടപടി എടുക്കണം എന്ന് ആ പാർട്ടിയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മരിച്ചത് പത്തനംതിട്ട ജില്ലാ കമ്മറ്റിയ്ക്ക് അറിയാവുന്നയാളായതിനാൽ കമ്മറ്റി പി.പി. ദിവ്യയ്ക്കെതിരെ കർശന നിലപാടെടുത്തിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് പക്ഷേ ദിവ്യയ്ക്ക് അനുകൂലമായും നിലപാടെടുത്തിട്ടുണ്ട്. ഉൾപ്പാർട്ടി നിസ്സഹായതയെന്നോ ഉൾപ്പാർട്ടി ഗതികേടെന്നോ ഇലക്ഷൻ കാലത്തെ ഉൾപ്പാർട്ടി ഇരട്ടത്താപ്പെന്നോ എന്തും വിളിക്കാവുന്ന ഒരു അവസ്ഥ.

പി.പി. ദിവ്യ ഒറ്റപ്പെട്ട വ്യക്തിയോ വർത്തമാനകാല ഇടതുപക്ഷ ചേരിയിലെ ഒറ്റപ്പെട്ട വ്യതിചലനമോ അല്ല. അത് ആ സംവിധാനത്തിന് ആകെ വന്നു ചേർന്ന പരിണാമമാണ്. ഒരു നവീൻ ബാബുവിൻ്റെ ആത്മഹത്യ കൊണ്ടൊന്നും അതിൽ എന്തെങ്കിലും മാറ്റത്തിനുള്ള ചിന്ത ഉണ്ടാവുമെന്ന് പ്രതീക്ഷിക്കരുത്. പക്ഷേ കെ. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ്റെ മരണം അവശേഷിപ്പിച്ച ചോദ്യങ്ങൾ ഒരു ഇടതുപക്ഷ ഭരണസംവിധാനത്തിന് തീരെ കണ്ടില്ലെന്ന് നടിക്കാനുമാവില്ല.

Comments