എല്ലാത്തിനും മേൽ എൻ പേര്​ സി.പി.എം

പല വേഷത്തിൽ, പല ഭാഷയിൽ, പല ശൈലിയിൽ, പല രൂപത്തിൽ കണ്ണൂരിലെ ജവഹർ സ്റ്റേഡിയത്തിൽ രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവത്സമര മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചവർ, തങ്ങൾ നിലകൊള്ളുന്ന സമരഭൂമികയുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുകയായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെത്തിയ സി.പി.എം പ്രവർത്തകരുമായുള്ള സംസാരത്തിലൂടെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വൈവിധ്യമാർന്ന സമരവിശാലതയെ അടയാളപ്പെടുത്തുകയാണിവിടെ

'എല്ലാത്തിനും മേൽ എൻ പേര് സ്റ്റാലിൻ...' എന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗും കെ. സുധാകരന്റെ വിലക്കിനെ മറികടന്നുകൊണ്ടുള്ള കെ.വി. തോമസിന്റെ മാസ് എൻട്രിയും മാത്രമായിരുന്നില്ല കണ്ണൂരിൽ നടന്ന സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പോരാളികളുടെ സംഗമവേദിയായിരുന്നു അത്. ഭൂതകാലത്തിൽ ഇന്ത്യയിലെ പാർലമെന്ററി രാഷ്ട്രീയത്തിൽ പ്രബല സ്ഥാനമുണ്ടായിരുന്ന പ്രസ്ഥാനം, മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ പലവിധ തിരിച്ചടികളെ അതിജീവിക്കാനാവാതെ തകർച്ചകൾ നേരിടുമ്പോഴും ഇച്ഛാശക്തി കൈവിടാത്ത സമരമനുഷ്യരുടെ കൂടിച്ചേരൽ.

ഫാസിസ്റ്റ് ഇന്ത്യയിൽ രാഷ്ട്രീയമായി ഉയർന്നുവന്ന കർഷക - തൊഴിലാളി - വിദ്യാർത്ഥി ചെറുത്തുനിൽപുകളിലെ കമ്യൂണിസ്റ്റ് സാന്നിധ്യം, കോർപ്പറേറ്റ് ഹിന്ദുത്വത്തിന്റെ ഇന്ത്യൻ രാഷ്ട്രീയ പദ്ധതികൾക്കെതിരായ പ്രതിരോധങ്ങളിൽ സി.പി.എം എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇനിയും നിർവഹിക്കാനുള്ള പങ്ക് വിളിച്ചോതുന്നവയായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് കൂടി സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനെ വിലയിരുത്തേണ്ടതുണ്ട്.

തെലങ്കാനയുടെയും തേഭാഗയുടെയും മണ്ണിൽ നിന്ന് കയ്യൂരിന്റെ ഓർമകളുറങ്ങുന്ന കണ്ണൂരിലേക്ക് പുറപ്പെട്ടവർ. ഐതിഹാസികമായ കർഷക - തൊഴിലാളി സമര ഭൂമിയിൽ നിന്ന്, രക്തസാക്ഷി ഗ്രാമങ്ങളിൽ നിന്ന്, മുദ്രാവാക്യങ്ങളവസാനിക്കാത്ത സമരകേന്ദ്രങ്ങളിൽ നിന്ന് കമ്യൂണിസ്റ്റ് വിപ്ലവകാരികൾ പുറപ്പെട്ടത് അവരുടെ പ്രസ്ഥാനം രാജ്യത്തെ അതിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമാകാനാണ്. പല വേഷത്തിൽ, പല ഭാഷയിൽ, പല ശൈലിയിൽ, പല രൂപത്തിൽ കണ്ണൂരിലെ ജവഹർ സ്റ്റേഡിയത്തിൽ രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവത്സമര മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചവർ, തങ്ങൾ നിലകൊള്ളുന്ന സമരഭൂമികയുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുകയായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെത്തിയ സി.പി.എം പ്രവർത്തകരുമായുള്ള സംസാരത്തിലൂടെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വൈവിധ്യമാർന്ന സമരവിശാലതയെ അടയാളപ്പെടുത്തുകയാണിവിടെ.

‘വീര തെലങ്കാന’

ണ്ണൂരിൽ, 23ാം സി.പി.എം പാർട്ടി കോൺഗ്രസിന്റെ അവസാന ദിവസം. രാവിലെ, പൊതു സമ്മേളനം നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ പടവുകളിൽ നിന്ന് "വീര തെലങ്കാന....' എന്ന് തുടങ്ങുന്ന മുദ്രാവാക്യം മുഴങ്ങുന്നു. തലേന്ന് രാത്രി ആ പടവുകളിൽ കഴിച്ചുകൂട്ടിയവർ സമ്മേളനത്തിന്റെ സമാപന ദിവസത്തെ വരവേൽക്കുകയാണ്. അടുത്തുചെന്ന് സംസാരിച്ചു, ആന്ധ്രയിലെ കുർനൂലിൽ നിന്ന് വന്ന സി.ഐ.ടി.യു പ്രവർത്തകരാണ്.

കോട്ടൻ മില്ലുകളുടെ നഗരമായിരുന്നു ആന്ധ്ര പ്രദേശിലെ കുർനൂൽ. നാഷണൽ കോട്ടൻ മിൽസ് അടക്കമുള്ള അനേകം പൊതുമേഖലാ സ്ഥാപനങ്ങളിൽ അക്കാലങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ തൊഴിലെടുത്തിരുന്നു. അതിവേഗം വളർന്നുകൊണ്ടിരുന്ന കുർനൂൽ നഗരം സെക്കൻറ്​ മുംബൈ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. തൊണ്ണൂറുകളിൽ രാജ്യത്ത് നടപ്പിലാക്കപ്പെട്ട ആഗോളവത്കരണ - ഉദാരവത്കരണ നയങ്ങൾ കുർനൂൽ നഗരത്തിന്റെ പിൽക്കാല ഭാവിയെ തിരുത്തിയെഴുതി. വിദേശരാജ്യങ്ങളിൽ നിന്നുള്ള പരുത്തി ഇറക്കുമതി ആരംഭിച്ചതോടെ നഗരത്തിലെ കോട്ടൺമില്ലുകൾ ഓരോന്നായി അടച്ചുപൂട്ടി. തൊഴിലാളികൾ പെരുവഴിയിലായി.

കമ്പനികൾ പൂട്ടുന്നതിനെതിരെ തൊഴിലാളികൾ വലിയ സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ വരുമാനം നിലച്ചു. ജീവിക്കാൻ നിവൃത്തിയില്ലാതായ തൊഴിലാളികൾ മറ്റിടങ്ങളിലേക്ക് കൂട്ടമായി പലായാനം ചെയ്തു. കമ്പനികൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊണ്ണൂറുകളുടെ അവസാനത്തിൽ തൊഴിലാളികളുടെ മുൻകൈയിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഈ സമരങ്ങളാണ് കുർനൂലിലെ തൊഴിലാളികൾക്കിടയിൽ സി.ഐ.ടി.യുവിനും അതുവഴി സി.പി.എമ്മിനും വലിയ അടിത്തറയുണ്ടാക്കിയത്.

കുർനൂലിൽ നിന്നുള്ള സി.ഐ.ടി.യു പ്രവർത്തകർ

കുർനൂലിൽ നിന്ന് മാത്രം അഞ്ഞൂറിലധികം പേർ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയിട്ടുണ്ടെന്നാണ് സംഘത്തിന്റെ തലവനും അദോനി ടൗൺ സി.ഐ.ടി.യു സെക്രട്ടറിയുമായ പി.എസ്. ഗോപാൽ പറഞ്ഞത്. ആന്ധ്രയിലെ പാർലമെന്ററി രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വാധീനം ഇപ്പോഴില്ലെങ്കിലും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലാളികൾക്കിടയിൽ അവകാശ സമരങ്ങളുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടി സമരങ്ങളിൽ തന്നെയാണെന്നാണ് പി.എസ്. ഗോപാൽ പറയുന്നത്.

പി.എസ്. ഗോപാൽ

കണ്ണൂരിൽ വന്ന് മുറിയെടുത്ത് താമസിക്കാനുള്ള വകയൊന്നും ഗോപാലിനും സംഘത്തിനുമുണ്ടായിരുന്നില്ല. സമ്മേളന നഗരിയായ സ്‌റ്റേഡിയത്തിന്റെ പടവുകളിൽ തുണി വിരിച്ച് കിടന്നുറങ്ങി. രാത്രിയിൽ ഹാലൊജൻ ബൾബുകൾക്കുകീഴിൽ കൂട്ടമായിരുന്ന് വീര തെലങ്കാന യുടെ സമരഗീതങ്ങൾ പാടി. മല്ലുസ്വരാജ്യത്തെയും പി. സുന്ദരയ്യെയെയും കുറിച്ചുള്ള മുദ്രാവാക്യങ്ങൾ വിളിച്ചു. അർത്ഥം മനസ്സിലാക്കാനാകാതെ കേട്ടുനിന്ന മലയാളി പ്രവർത്തകർ അവരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.

ഖനി തൊഴിലാളികളുടെ സഖാവ്

പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കൂറ്റൻ റെഡ് വളണ്ടിയർ മാർച്ചിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്ന ഒരു സമ്മേളന പ്രതിനിധിയെ കണ്ടു. സ്‌കൂൾ കുട്ടികളായിരുന്നു വീഡിയോ കോളിന്റെ മറുഭാഗത്തുണ്ടായിരുന്നത്. ‘നമ്മുടെ നാട്ടിലേത് പോലയല്ല, കണ്ടില്ലേ... കേരളത്തിൽ നമ്മുടെ പാർട്ടിക്ക് ഇത്രയധികം ആളുകളുണ്ട്' എന്നാണദ്ദേഹം കുട്ടികളോട് പറയുന്നത്​. ഝാർഖണ്ഡിലെ കോഡർമയിലെ മൈക്ക ഖനികളിൽ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളോടായിരുന്നു സഞ്ജയ് പാസ്‌വാൻ എന്ന ആ യുവാവ് സംസാരിച്ചിരുന്നത്.

ആഗോള സൗന്ദര്യവർധകവസ്തുവിപണയിലെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവാണ് മൈക്ക. ഝാർഖണ്ഡ് ബീഹാർ അതിർത്തിയിലെ ഖനികളിൽ നിന്നാണ് ലോകത്ത് ലഭ്യമാകുന്ന മൈക്കയുടെ അറുപത് ശതമാനവുമെത്തുന്നത്. ലോകത്തിന് സൗന്ദര്യത്തിന്റെ മേലാപ്പ് ചാർത്താനായി ജീവിതം കുരുതി കൊടുക്കുന്ന ജനങ്ങളാണ് ഝാർഖണ്ഡ് ബീഹാർ അതിർത്തികളിലെ ഖനനഗ്രാമങ്ങളിലുള്ളത്. ഇവിടുത്തെ കുഞ്ഞുങ്ങളുടെ ചേരക്കുരുതിയിൽ നിന്ന് കൂടിയാണ് ലോകം മുഖം മിനുക്കുന്നത്. ഇരുപതിനായിരത്തിലധികം കുട്ടികളാണ് മൈക്ക ഖനികളിൽ അങ്ങേയറ്റം അപകട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിലിന്നും നിലനിൽക്കുന്ന ഗുരുതരമായ ബാലവേലയുടെ ചിത്രം. ഓരോ വർഷവും നിരവധി കുട്ടികൾ അപകടത്തിൽ പെട്ട് മരിക്കുന്നുണ്ട്. അനേകം കുട്ടികൾ കൈകാലുകളൊടിഞ്ഞും മുറിവേറ്റും കിടപ്പിലാകുന്നുണ്ട്.

സഞ്ജയ് പാസ്വാൻ

തന്റെ ഗ്രാമത്തിലെ മറ്റനേകം കുട്ടികളെ പോലെ തന്നെ ചെറുപ്രായത്തിൽ ഖനികളുടെ ഉൾച്ചൂടിൽ ജീവിതത്തിന്റെ ഭാരവും വേദനയും വിശപ്പുമറിഞ്ഞ് വളർന്നവനാണ് സഞ്ജയ് പാസ്‌വാൻ. കടുത്ത ദാരിദ്ര്യം മൂലം കൂട്ടുകാരിൽ പലരും പഠനം നിർത്തിയപ്പോഴും, പഠനത്തിൽ മിടുക്കനായിരുന്ന സഞ്ജയ് പിൻമാറിയില്ല. ഖനിമേഖലകളിൽ സഹായങ്ങളുമായെത്തിയ ചില സന്നദ്ധ സംഘടനളുടെ പിന്തുണയോടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഉന്നത പഠനത്തിന്​ വിനോഭ ബാവ സർവകലാശാലയക്ക് കീഴിലുള്ള ജെ.ജെ. കോളേജിൽ എത്തിയപ്പോഴാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരിചയപ്പെടുന്നത്. കോളേജിൽ ഫീസ് വർധനവിനെതിരെ നടന്ന സമരങ്ങളിലൂടെ ആദ്യം എസ്.എഫ്.ഐയുടെയും പിന്നീട് ഡി.വൈ.എഫ്.ഐയുടെയും ഭാഗമായി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാരും തിരിഞ്ഞുനോക്കാത്ത തന്റെ ഗ്രാമത്തിലെ യുവാക്കളെയെല്ലാം ചേർന്ന് ഡി.വൈ.എഫ്.ഐ യുടെ പ്രാദേശിക യൂണിറ്റിന് രൂപം നൽകി. ജനകീയമായി പുസ്തകങ്ങൾ സംഘടിപ്പിച്ച് വായനശാലക്ക് രൂപം നൽകി. നിരക്ഷരതയാണ് തന്റെ ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും പ്രധാന കാരണമെന്ന് സഞ്ജയ് പാസ്വാൻ പറയുന്നു. കോഡർമയിലെ ഖനി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സഞ്ജയ് പാസ്വാനും സംഘവും ഏറ്റവും പ്രാധാന്യം നൽകുന്നത് ഖനിതൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ്.

എ.കെ.ജിയുടെ പ്രസംഗം വായിച്ച് കമ്യൂണിസ്റ്റായവർ

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോൾ അസമിലെ ബർപേട ജില്ലയിലെ സരുഖേത്രി സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്നു ജഗത് ബർമൻ. ഗുവാഹത്തി നഗരത്തിൽ ജോലി ചെയ്തിരുന്ന ഏതാനും കമ്യൂണിസ്റ്റുകാർ അക്കാലത്ത് ബർപേടയിലുണ്ടായിരുന്നു. അവരാണ് അടിയന്തരാവസ്ഥക്കെതിരായ എ.കെ.ജിയുടെ പ്രസംഗം അസമിസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തതിന്റെ കോപ്പികൾ വിതരണം ചെയ്യുന്നതിനായി അതിനകം തന്നെ വിദ്യാർത്ഥി പോരാളിയായിരുന്ന ജഗത് ബർമനെ ഏൽപ്പിക്കുന്നത്. നിയോഗിക്കപ്പെട്ട കൃത്യം ഭംഗിയായി നിർവഹിച്ച ജഗത് ബർമനെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് പുറത്തുകടന്നെങ്കിലും ഉള്ളിൽ തറച്ച എ.കെ.ജിയുടെ വാക്കുകളുടെ പ്രഹരങ്ങളിൽ നിന്ന് ജഗത് ബർമന് പുറത്തുകടക്കാനായില്ല. വിദ്യാർത്ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി.

ജഗത് ബർമൻ

അചിന്ത ഭട്ടാചാര്യയുടെയും നന്ദേശ്വർ താലുക്ദാറിന്റെയും മുൻകൈയിൽ ഗുവാഹത്തി കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ ഉശിരോടെ പങ്കെടുത്തു. ബർപേട ജില്ലയിൽ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ചുമതലയും ഏറ്റെടുത്തു. വർഷങ്ങൾക്കിപ്പുറം സമരങ്ങളിൽ ജീവിക്കുന്ന ജഗത് ബർമൻ ബർപേടയുടെ കമ്യൂണിസ്റ്റ് മുഖങ്ങളിലൊന്നാണ്.

പോളാവരം സമരത്തിൽ നിന്ന് ശ്രീദേവി

തെലങ്കാനയിലെ വെസ്റ്റ് ഗോദാവരിയിൽ ടി.പി. ഗുഡൻ എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ശ്രീദേവി ജനിച്ചുവളർന്നത്. പഠനശേഷം അംഗൻവാടി അധ്യാപികയായി. വനമേഖലയോട് ചേർന്ന, അകലെയുള്ള ഗ്രാമത്തിലായിരുന്നു അംഗൻവാടി. കാൽനടയായും അല്ലാതെയും ദിവസവും കിലോമീറ്ററുകളോളം യാത്ര ചെയ്തു. ആയിരം രൂപയിൽ താഴെ മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. വണ്ടിക്കൂലിക്കുപോലും അത് തികയുമായിരുന്നില്ല. അതിനിടെയാണ് അംഗൻവാടി ജീവനക്കാരുടെ വരുമാനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഗോദാവരി ജില്ലാ ആസ്ഥാനത്തേക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൈയിൽ വനിതാ സംഘടന സമരം സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശത്തിൽ ഊർജസ്വലതയോടെ സമരത്തിൽ പങ്കെടുത്ത ശ്രീദേവിയെ മുതിർന്ന നേതാക്കൾ ശ്രദ്ധിച്ചു. വൈകാതെ അവർ പാർട്ടിയുടെ സജീവ പ്രവർത്തകയായി.

ശ്രീദേവി

സമരങ്ങളിലൂടെ പരിചയപ്പെട്ട സി.എച്ച്. ബാബു റാവു എന്ന കമ്യൂണിസ്റ്റുകാരനെ വിവാഹം കഴിച്ചു. സി.പി.എമ്മിന്റെ വെസ്റ്റ് ഗോദാവരി ജില്ലാ സെക്രട്ടറിയാണ് ഇപ്പോൾ അദ്ദേഹം. പോളാവരം പദ്ധതിക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്​ പൊലീസ്​ വേട്ടയാടലുകൾ ഇരുവരും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

പോളാവരം പദ്ധതിയുടെ ഭാമായി ഗോദാവരിയുടെ നദീതടങ്ങളിലെ 222 ഗ്രാമങ്ങളിൽ നിന്ന്​ 56504 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. കോയ ദോറ, കോണ്ട കമരി, കോണ്ട റെഡ്ഡി തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ കൃഷിഭൂമിയും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാറുകൾ തയ്യാറായിട്ടില്ല. വികസനത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള സമരങ്ങളിൽ നിന്ന് പിൻമാറില്ലെന്ന് തന്നെയാണ് ഇരുവരും പറയുന്നത്.

വെസ്റ്റ് ഗോദാവരിയിൽ നിന്നുള്ള സി.പി.ഐ.എം പ്രവർത്തകർക്കൊപ്പം ശ്രീദേവിയും ഭർത്താവ് സി.എച്ച്. ബാബു റാവുവും(വലത്ത്)

കൊല്ലപ്പെടാത്തത് അത്ഭുതമായി മാത്രം കാണുന്ന സുർജിത് സിൻഹ

ഇന്നും ജീവിച്ചിരിക്കുന്നു എന്നതിനെ അത്ഭുതത്തോടെയാണ് സുർജിത് സിൻഹ കാണുന്നത്. സമീന്ദാർമാർ കൊള്ളയടിച്ച, ആദിവാസികളും ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളുമായ കർഷകരുടെ ഭൂമി തിരിച്ചുപടിക്കുന്നതിന്​ സമരങ്ങൾ ആരംഭിച്ച കാലത്ത് സുർജിത് സിൻഹക്കൊപ്പമുണ്ടായിരുന്ന സഖാക്കളിൽ പലരും ഇന്നില്ല. എട്ടോളം സഹപ്രവർത്തകരെയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സുർജിത് സിൻഹയ്ക്ക് നഷ്ടമായത്.

അംല ചതർ ഗ്രാമത്തിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട യാത്രക്കിടെ ഒരിക്കൽ സുർജിത് സിൻഹക്കുനേരെ സമീന്ദാർമാർ സംഘം ബോംബെറിഞ്ഞു. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീടും പല തവണ ആക്രമിക്കപ്പെടുകയും കൈവിരലുകൾക്ക് വെട്ടേൽക്കുകയും ചെയ്തു. പക്ഷേ, നീതിയിൽ നിന്നും ഭൂമിയിൽ നിന്നും നിരന്തരം കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ നിന്ന് സുർജിത് സിൻഹ പിൻമാറിയില്ല. അടിസ്ഥാന ജനതയുടെ അതിജീവനം അനുദിനം സംഘർഷഭരിതമായിക്കൊണ്ടിരിക്കുന്ന ജാർഖണ്ഡിലെ ആദിവാസി ഗ്രാമങ്ങളിലൂടെ അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2002 നും 2018 നും ഇടയിൽ 190 ൽ അധികം ഏക്കർ ഭൂമിയാണ് സുർജിത് സിൻഹയും സഖാക്കളും ജന്മിമാരിൽ നിന്ന് പിടിച്ചെടുത്ത് കർഷകർക്ക് തിരിച്ചുനൽകിയത്.

സ്വതന്ത്ര്യാനന്തരം വിവിധതരം വികസന പദ്ധതികളെ തുടർന്ന് 80 ലക്ഷത്തിലധികം ആളുകളാണ് ഝാർഖണ്ഡിൽ കുടിയൊഴിപ്പിക്കപ്പെട്ടത്. 12 ലക്ഷത്തിലധികം കുടുംബങ്ങൾ ഇന്നും ഭൂരഹിതരാണ്. ഭരണ ഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ വ്യവസ്ഥകൾ, 1996 ലെ പെസ നിയമം, 2006ലെ വനാവകാശ നിയമം, 1908 ലെ ചോട്ടാനാഗ്പൂർ ടിനൻസി ആക്ട് എന്നിവയെല്ലാം പ്രകാരം ആദിവാസികളുടെ ഭൂമി ഇതര ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരിക്കെ അവയെല്ലാം അട്ടിമറിച്ച്​ മുണ്ട, സാന്താൾ, ഒറാഓൺ, ഖരിയ, കോണ്ട്, കോൾ, കൻവർ വിഭാഗങ്ങളിൽ പെട്ട ഗോത്ര ജനതയെ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയിൽ നിന്ന് ആട്ടിപ്പായിക്കുന്നതിനെതിരെയാണ് ആദിവാസി സംഘടനകളുടെയും രാഷ്ട്രീയ സംഘടകളുടെയും മുൻകൈയിൽ ഝാർഖണ്ഡിൽ വലിയ സമരങ്ങൾ നടക്കുന്നത്.

സുർജിത് സിൻഹ

നേരത്തെ ബീഹാറിന്റെ ഭാഗമായിരുന്ന കാലം മുതൽ ഝാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തമാണെന്നാണ് സുർജിത് സിൻഹ പറയുന്നു. എന്നാൽ സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) ലിബറേഷൻ, സി.പി.ഐ (എം.എൽ റെഡ്സ്റ്റാർ), നക്‌സൽബാരി പ്രസ്ഥാനങ്ങൾ എന്നിങ്ങനെ ഇടതുപക്ഷം ഭിന്നിച്ചുപോയതുകൊണ്ടാണ് മറ്റ് രാഷ്ട്രീയ ശക്തികൾക്ക് ബീഹാറിലും ഝാർഖണ്ഡിലും മേൽക്കൈ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അകാരണമായി തന്റെ സഹപാഠിയുടെ മുഖത്തടിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയ പ്രതിഷേധത്തിലൂടെ ആരംഭിച്ചതാണ് സുർജിത് സിൻഹയുടെ രാഷ്ട്രീയ ജീവിതം. തുടക്ക കാലത്ത് കർഷക തൊഴിലാളിയായിരുന്നു. പിന്നീട് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. ഇപ്പോൾ ഝാർഖണ്ഡ് കിസാൻ സഭ ജനറൽ സെക്രട്ടറിയാണ്.

പുറത്തിറങ്ങാൻ പേടിക്കുന്ന, ത്രിപുരയിലെ മുൻ എം.എൽ.എ

ത്രിപുരയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഭയത്തോടെയാണിപ്പോൾ പുറത്തിറങ്ങുന്നതെന്ന മറുപടി പറഞ്ഞത്, തുടർച്ചയായി 20 വർഷം എം.എൽ.എ ആയിരുന്ന ബാസുദേവ് മജുംദാർ ആണ്. ബിലോണിയ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബാസുദേവ് മജുംദാർ പാർട്ടിയുടെ ഭാഗമാകുന്നത്. അറുപതുകളുടെ അവസാനത്തിൽ ത്രിപുര ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാറിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോം അലയടിച്ചിരുന്നു. അന്ന് അഗർത്തലയിലെ മഹാരാജ ബീർ ബിക്രം കോളേജിൽ തീപ്പൊരി വിദ്യാർത്ഥിയായിരുന്ന, പിന്നീട് ത്രിപുരയുടെ മുഖ്യമന്ത്രി വരെ ആയ മണിക് സർക്കാർ ആയിരുന്നു പ്രക്ഷോഭങ്ങളുടെ നേതൃത്വം. പിൽക്കാലത്ത് ത്രിപുരയുടെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള തരത്തിൽ മണിക് സർക്കാറിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന യുവ നിര കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു ബിലോണിയ സ്വദേശിയായ ബാസുദേവ് മജുംദാർ.

ബാസുദേവ് മജുംദാർ

സൗത്ത് ത്രിപുര എന്നറിയപ്പെടുന്ന ബിലോണിയ മണ്ഡലത്തിൽ നിന്ന് നാല് തവണ തുടർച്ചയായി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ പക്ഷേ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കങ്ങളിൽ സി.പി.എമ്മിന് അടി പതറിയപ്പോൾ 700 വോട്ടിന് അദ്ദേഹവും തോറ്റു.

തങ്ങൾ ചിത്രത്തിലില്ലാതിരുന്ന ഒരു സംസ്ഥാനത്ത് അധികാരം നേടിയെടുക്കാൻ വലിയ കുതന്ത്രങ്ങളാണ് ബി.ജെ.പി നടത്തിയതെന്നും അതിനേക്കാൾ വലിയ അടിച്ചമർത്തലാണ് ഇപ്പോൾ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കുനേരെ ബി.ജെ.പി നടത്തുന്നതെന്നും ബാസുദേവ് മജുംദാർ പറയുന്നു. സി.പി.എം പാർട്ടി ഓഫീസുകളും സ്മാരകങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്നു. പ്രവർത്തകർ കൊല്ലപ്പെടുന്നു. വീടുകൾ തകർക്കപ്പെടുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകർ തെരുവിൽ ആക്രമിക്കപ്പെടുന്നു. സമരങ്ങൾ സംഘടിപ്പിക്കാനോ പ്രതിഷേധ കൂട്ടായ്മകൾ നടത്താനോ സാധിക്കാത്ത സാഹചര്യം, ജനപ്രതിനിധികൾ അടക്കം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതി. സംസ്ഥാനത്ത് നിലനിൽക്കുന്നത് രാഷ്ട്രീയ അടിയന്തരാവസ്ഥയാണെന്നും അതിന് പരിഹാരം കാണാൻ സി.പി.ഐ.എമ്മിന് സാധിക്കുമെന്നാണ് പ്രവർത്തകർ ഉറച്ചുവിശ്വസിക്കുന്നതെന്നും ബാസുദേവ് മജുംദാറും സംഘവും പറയുന്നു.

ബാസുദേവ് മജുംദാർ ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.ഐം പ്രവർത്തകർക്കൊപ്പം

ഹരിയാനയിൽ നിന്ന്​ രണ്ട്​ കർഷക പോരാളികൾ

കാഴ്ചയിൽ ഒരുപോലെ തോന്നിക്കുന്ന വലിയ തലപ്പാവും താടിയുമെല്ലാമുള്ള രണ്ട് വയോധികർ പാർട്ടി കോൺഗ്രസ് വേദിയിൽ എല്ലാവർക്കും കൗതുകമായിരുന്നു. പല ഭാഗങ്ങളിൽ നിന്ന് വന്ന മലയാളി യുവാക്കൾ അവർക്കൊപ്പം നിന്ന് സെൽഫിയെടുത്തു.

ഹർപാൽ സിങ്, ചതൃപാൽ സിങ് എന്നിവർ

ഹരിയാനയുടെ കാർഷിക ഗ്രാമങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച 82 ഉം 76 ഉം വയസ്സുള്ള ഹർപാൽ സിങ്, ചതൃപാൽ സിങ് എന്നിവരായിരുന്നു അവർ. 1977ൽ ഹരിയാനയിൽ പാർട്ടി രൂപം കൊള്ളുന്ന കാലത്തെ അതേ ആവേശത്തിലാണ് നാൽപ്പതുവർഷങ്ങൾക്കിപ്പുറവും ഇരുവരും. ഡൽഹിയിലെ സിംഗു അതിർത്തിയിൽ രാജ്യത്തെ വിറപ്പിച്ച്​ കർഷക സമരം അരങ്ങേറിയ നാളുകളിൽ ഹരിയാനയിലെ കർഷക പോരാളികളെ നയിക്കാൻ മുന്നിൽ തന്നെയുണ്ടായിരുന്നു ഇരുവരും. രാജ്യത്തെ വർഗീയ ശക്തികൾ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മതേതരവും ജനപക്ഷവുമായ നിലപാടുകൾ സ്വീകരിക്കാൻ സി.പി.എമ്മിന് മാത്രമേ സാധിക്കുന്നുള്ളൂ എന്നും മറ്റ് പാർട്ടികളെല്ലാം അധികാരത്തിനുപിന്നാലെയാണെന്നുമാണ് ഇരുവരുടെയും പക്ഷം.

അരുൺ മെഹ്ത; ഗുജറാത്തിൽനിന്ന്​ ഒരു കേന്ദ്ര കമ്മിറ്റി അംഗം

അടിയന്തരാവസ്ഥാ കാലത്ത് ഗുജറാത്തിലെ ഭാവ് നഗറിൽ എം.ജെ. കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥിയായിരുന്നു അരുൺ മെഹ്ത. ഭാവ് നഗറിലെ അക്കാലത്തെ പ്രധാന കമ്യൂണിസ്റ്റ് പ്രവർത്തകരായിരുന്ന സുബോദ് മെഹ്തയുടെയും നീരു മെഹ്തയുടെയും മകൻ. പൊലീസ്​ വേട്ടയാടലുകളെ തുടർന്ന് സുബോദ് മെഹ്ത ഒളിവിൽ കഴിയുന്ന കാലമായിരുന്നു അത്. പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന അരുൺ അന്ന് കോളേജിലെ സംവാദ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ അടിയന്തരാവസ്ഥക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. വൈകീട്ട് ആറ് മണിയോടെ ഒരു സംഘം പൊലീസ് വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെങ്കിലും പ്രായപൂർത്തിയായില്ലെന്നറിഞ്ഞ് മജിസ്‌ട്രേറ്റ് വിട്ടയക്കുകയായിരുന്നു. സ്‌കൂൾ കാലത്ത് സംവാദമത്സരത്തിൽ കാണിച്ച ആ വിപ്ലവവീര്യം അരുൺ മെഹ്തയിൽ നിന്ന് ഒരിക്കലും കൈവിട്ടുപോയില്ല. പ്രായത്തിനൊപ്പം രാഷ്ട്രീയവും വളർന്നു.

അരുൺ മെഹ്ത

ഗുജറാത്തിന്റെ തീരമേഖലയായ ഭാവ്‌നഗർ ഉപ്പ് നിർമാണത്തിനും വൈരക്കൽ വ്യവസായത്തിനും പേരുകേട്ട പ്രദേശമായിരുന്നു. ആറായിരത്തിലധികം വൈരക്കൽ വ്യവസായ ശാലകളിലായി മൂന്ന് ലക്ഷത്തിലധികം തൊഴിലാളികൾ ഭാവ്‌നഗറിൽ ജോലി ചെയ്തിരുന്നു. കെമിക്കൽ, പെയിൻറ്​, പ്ലാസ്റ്റിക് തുടങ്ങി വേറെയും ധാരാളം വ്യവസായ ശാലകൾ.

അങ്ങേയറ്റം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ സംഘർഷഭരിതമാവുകയാണ് ബി.ജെ.പിയുടെ കടന്നുവരവോടെ സംഭവിച്ചതെന്ന് അരുൺ മെഹ്ത പറയുന്നു. ഈ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് സെക്യുലർ ഗുജറാത്തിനെ നിർമിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെങ്കിലും സംഘപരിവാറിന്റെ വർഗീയ പരീക്ഷണങ്ങളുടെ ലബോറട്ടറിയായി ഗുജറാത്ത് മാറിയതോടെ സർവ പ്രതീക്ഷകളും കൈവിട്ടുപോയെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്ത് കലാപ കാലത്ത് മാസങ്ങളോളം ഉറക്കം പോലുമില്ലാതെ കലാപബാധിത ഗ്രാമങ്ങളിലൂടെ മറ്റ് സഖാക്കളോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അലഞ്ഞതും അദ്ദേഹം ഓർത്തെടുക്കുന്നു.

അരുൺ മെഹ്ത ഗുജറാത്തിൽ‌ നിന്നുള്ള സി.പി.ഐ.എം പ്രവർത്തകർക്കൊപ്പം

പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഗുജറാത്തിൽ നിന്നുള്ള ഏക ഇടത് സ്ഥാനാർത്ഥിയായിരുന്നു അരുൺ മെഹ്ത. ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.എമ്മിന് കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും ബി.ജെ.പി കോർപറേറ്റുകളുമായി ചേർന്ന് ചങ്ങാത്ത വികസനം നടപ്പാക്കുമ്പോൾ വീണ്ടും വീണ്ടും ദുരിതങ്ങളിലേക്ക് തള്ളപ്പെടുന്ന പാർശ്വവതൃകൃത വിഭാഗങ്ങളുടെ ശബ്ദമാകാൻ കമ്യൂണിസ്റ്റ് സമരങ്ങൾക്ക് സാധിക്കുമെന്നാണ് അരുൺ മെഹ്ത പറയുന്നത്. എൻ.ആർ.സി - സി.എ.എ സമരകാലത്ത് ഗുജറാത്തിൽ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ നടത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മത്തായി എന്ന റെബൽ

സമാപന സമ്മേളനത്തിനെത്തിയ ആൾക്കൂട്ടത്തിന്റെ ഏറ്റവും പിറകിൽ പിന്നിലേക്ക് കയ്യും കെട്ടി വേദിയിലേക്ക് നോക്കിനിൽക്കുന്ന മെലിഞ്ഞുണങ്ങിയ വയോധികനെ കണ്ടപ്പോൾ അടുത്ത് ചെന്ന് സംസാരിക്കാൻ തോന്നി. ഒരു മനുഷ്യായുസ്സിനിടെ അയാൾ കൊണ്ട വെയിലും ഒഴുക്കിയ വിയർപ്പുമെല്ലാം ആ മുഖത്തുണ്ടായിരുന്നു. പേര് മത്തായി. കണ്ണൂരിലെ ഇരിട്ടിയിൽ നിന്ന് വന്ന കർഷക തൊഴിലാളിയാണ്. 1966 ൽ എരുമേലിയിൽ നിന്ന് കുടിയേറിയതാണ് മത്തായിയുടെ കുടുബം. പേമാരിയോടും പെരുമ്പാമ്പിനോടും പൊരുതി മലമുകളിൽ ജീവിതം നെയ്‌തെടുത്തു.

മത്തായി

വിമോചന സമരകാലത്ത് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. എല്ലാവരും പഠിപ്പ് മുടക്കി സമരം ചെയ്യണമെന്ന് പള്ളിയിലെ അച്ഛൻ പറഞ്ഞപ്പോൾ ‘ഒക്കത്തില്ലച്ചോ...' എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നതാണ് മത്തായിയുടെ റെബൽ ജീവിതത്തിന്റെ തുടക്കം. അടിയന്തരാവസ്ഥ കാലത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് മലകയറിയ സഖാക്കൾക്ക് അഭയവും ഭക്ഷണവും നൽകിയതിന്റെ പേരിൽ പൊലീസിൽ നിന്നും പീഡനം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സമരവീര്യത്തിൽ തന്നെയാണ് ഇന്നും മത്തായിച്ചൻ.

പിളർപ്പില്ലായിരുന്നുവെങ്കിൽ... അത്​ സീതാരാമലുവിന്റെ സ്വപ്​നം

നൈസാം ചക്രവർത്തിയുടെ റസാക്കർ സേനയ്ക്കും സമീന്ദർമാരുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ ആന്ധ്ര പ്രദേശിലെ ദരിദ്രരായ കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൈയിൽ നടത്തിയ ധീരമായ സായുധരായ സമരമാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കാർഷിക കലാപം. നാലായിരത്തിലധികം കർഷകരാണ് അന്ന് കൊല്ലപ്പെട്ടത്. ക്രൂര മർദനത്തിനിരയായവരും തടവിലടക്കപ്പെട്ടവരും പതിനായിരക്കണക്കിന് വേറെ. നൽഗുണ്ട, വാരംഗൽ ജില്ലകളായിരുന്നു സമരത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും ആന്ധ്ര മുഴുവൻ കർഷക പ്രക്ഷോഭം ആഞ്ഞടിച്ചു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി പ്രക്ഷോഭകാരികൾ പടിച്ചെടുക്കുകയും ജനകീയ കമ്മിറ്റിയുടെ മുൻകൈയിൽ കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭ കാലത്തും പിൽക്കാലത്ത് നക്‌സൽബാരി പ്രസ്ഥാനം പിറവി കൊണ്ടപ്പോഴുമെല്ലാം കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ ആഴത്തിൽ നെഞ്ചിലേറ്റിയ പ്രദേശങ്ങളാണ് അവിഭക്ത ആന്ധ്രയിലെ വാരംഗൽ, നൽഗുണ്ട, കരിംനഗർ ജില്ലകളിലെ കാർഷിക ഗ്രാമങ്ങൾ. ഇവിടെ ഓരോ വീടുകളിലും ഓരോ രക്തസാക്ഷികളുണ്ടാകുമെന്നാണ് കേൾവി. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ ഗ്രാമങ്ങൾ.

നൽഗുണ്ടയിലെ നെരട എന്ന ഗ്രാമത്തിലെ നെയ്ത്തുതൊഴിലാളി കുടുംബത്തിലാണ് സി.എച്ച്. സീതാരാമലു ജനിച്ചത്. പിറന്ന ഭൂമികയുടെ രാഷ്ട്രീയ ചരിത്രം ചെറുപ്പത്തിലേ തന്നെ സീതാരാമലുവിനെ സമരവഴികളിലെത്തിച്ചു. നൽഗുണ്ടയിലെ ഉൾഗ്രാമങ്ങളിലെ ദലിത്- ആദിവാസി മേഖലകളിൽ സാക്ഷരതാ പ്രവർത്തനങ്ങൾക്കായി പതിവായി പോകുമായിരുന്ന പിതാവിനൊപ്പം, കുട്ടിയായിരിക്കെ സീതാരാമലുവും ചേരുമായിരുന്നു. ഭൂഉടമകളായ ജന്മിമാർ ദരിദ്രരായ ദലിത് കർഷകരെ ഏതെല്ലാം വിധത്തിലാണ് ദ്രോഹിക്കുന്നതെന്ന് കണ്ടും അറിഞ്ഞുമാണ് സീതാരാമലു വളർന്നത്. പതിമൂന്നാമത്തെ വയസ്സിൽ സി.പി.എമ്മിന്റെ ഭാഗമായി കർഷകർക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാരാമലു ചെട്ട്യാൽ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായിരുന്നു.

സി.എച്ച്. സീതാരാമലു

രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വേദന നിറഞ്ഞത്, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി നിന്നതിന്റെ പേരിൽ ജന്മിമാരുടെ ഗുണ്ടകളുടെയും പൊലീസിന്റെയും ആക്രമണങ്ങളിൽ ജീവൻ വെടിയേണ്ടി വന്ന സഹപ്രവർത്തരുടെ ഓർമകളാണ്. നിരവധി ആക്രമണങ്ങളിൽ നിന്ന് തലനാരിഴക്കാണ് സീതാരാമലു രക്ഷപ്പെട്ടത്.

ബ്രിട്ടീഷുകാരുടെയും നാടുവാഴികളുടെയും സംയുക്ത ഭരണത്തിൽ പൊറുതിമുട്ടിയ കർഷക ജനത, ജീവൻ വെടിഞ്ഞുള്ള സമരങ്ങളിലൂടെ രൂപം നൽകിയ സംസ്ഥാനത്തിന്റെ ഇന്നത്തെ പൊതുചിത്രം സംഘപരിവാറിന്റെയും മറ്റ് പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയും ജാതിരാഷ്ട്രീയമായി മാറിയതിനെ അങ്ങേയറ്റത്തെ നിരാശയോടെയാണ് സീതാരാമലു നോക്കിക്കാണുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ 64 ലെയും 67 ലെയും പിളർപ്പുകൾ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഭഗത് സിങ്ങ്​ ആവേശമായ ബല്ജിത്

പഞ്ചാബിലെ പാക്കിസ്ഥാൻ എന്ന് സംഘപരിവാർ വിശേഷിപ്പിക്കുന്ന പ്രദേശമാണ് മലേർകോട്‌ല. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടുത്തെ സാമുദായിക സൗഹൃദാന്തരീക്ഷം തകർക്കുന്നതിനായി പലവിധ ശ്രമങ്ങൾ ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ട്. മലേർകോട്‌ലയിലെ ഒരു സമ്പന്ന കർഷക കുടുംബത്തിൽ ജനിച്ച ബൽജിത് സിങ് സിഖ് - മുസ്​ലിം സൗഹൃദാന്തരീക്ഷത്തിലാണ് വളർന്നത്. പൗരത്വഭേഗഗതി നിയമത്തിനെതിരെ ഷഹീൻബാഗിലെ ഉമ്മമാർ തെരുവിലിറങ്ങി രാപ്പകൽ സമരം ചെയ്തപ്പോൾ പഞ്ചാബിൽ നിന്ന് അരിയും ഗോതമ്പും ഭക്ഷ്യസാധനങ്ങളുമായി ബൽജിത് സിങും സംഘവും പുറപ്പെട്ടതിന്റെ കാരണം രാജ്യത്തെ മുസ്​ലിംകൾ നേരിടുന്ന ഭീഷണി എത്രമാത്രമാണെന്നത് ബൽജിത് സിങിന് തന്റെ ജീവിതം കൊണ്ട് അറിയാമായിരുന്നു എന്നതാണ്.

ബൽജിത് സിങ്

ബൽജിത് സിങിന്റെ പിതാവ് ശിരോമണി അകാലിദൾ പ്രവർത്തകനായിരുന്നു. ശിരോമണി അകാലിദളും സി.പി.എമ്മും അക്കാലത്ത് ഒരു മുന്നണിയായായിരുന്നു പ്രവർത്തിച്ചത് എന്നതിനാൽ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തിടപഴകിയാണ് ബൽജിത് സിങ് വളർന്നത്. ഭഗത് സിങിന്റെ ജീവിതത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലുമെല്ലാം ആവേശം കൊണ്ട ബല്ജിത് കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ പ്രവർത്തകനായി.

ബൽജിത് സിങ് പഞ്ചാബിൽ നിന്നുള്ള സി.പി.ഐ.എം പ്രവർത്തകർക്കൊപ്പം

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലിയിൽ പ്രവേശിച്ച ശേഷം തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. ലുദിയാനയിലെ സി.പി.എം ജില്ലാ സെക്രട്ടറിയാണ് ഇപ്പോൾ അദ്ദേഹം. പഞ്ചാബിലെ പുതുതലമുറ കാർഷിക വൃത്തികളെല്ലാം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോയതോടെ സമൂഹം വലിയ രീതിയിൽ മധ്യവർഗ ബോധത്തിലേക്ക് മാറിയതാണ് ആം ആദ്മി പാർട്ടിക്ക് എളുപ്പത്തിൽ സ്വീകാര്യത ലഭിച്ചതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

കുടുംബസമേതം ചന്ദ്ര റെഡ്ഡി

തെലങ്കാനയിലെ സിദ്ദിപേട് ജില്ലയിലെ ധുബാക് കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വർധനവിന് നടന്ന സമരത്തിലൂടെയാണ് ചന്ദ്ര റെഡ്ഡി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകുന്നത്. കർഷകനായിരുന്ന അച്ഛൻ സുബ്ബരാജ് റെഡ്ഡിയുടെ മരണ ശേഷം കുറച്ചുകാലം കൂലിപ്പണിയെടുത്തെങ്കിലും വൈകാതെ ഇലക്​ട്രിസിറ്റി ബോർഡിൽ കരാർ തൊഴിലാളിയായി ജോലി ലഭിച്ചു.

കോളേജ് പഠന കാലത്തെ വിപ്ലവവീര്യം ചേർന്നുപോയില്ല. ദരിദ്ര ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന കരാർ തൊഴിലാളികളെ സംഘടിപ്പിച്ചു. യൂണിയന് നേതൃത്വം നൽകി. കാമറെഡ്ഡി സ്വദേശിയായ കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചപ്പോൾ സഹായങ്ങൾ നൽകാൻ തയ്യാറാകാത്ത അധികൃതർക്കെതിരെ യൂണിയൻ നിലപാടെടുത്തു. ഇതോടെ കരാർ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വലിയ സമരങ്ങൾ നടന്നു.

ചന്ദ്ര റെഡ്ഡി കുടുംബത്തോടൊപ്പം

തന്റെ പാർട്ടിയുടെ ശക്തി കുടുംബാംഗങ്ങളെ കാണിച്ചുകൊടുക്കുന്നതിനാണ് ഭാര്യയെയും സഹോദരിയെയും മക്കളെയുമെല്ലാം കൂട്ടി ചന്ദ്ര റെഡ്ഡി പാർട്ടി കോൺഗ്രസിന് വന്നത്.

പേരു കൊണ്ടും ജീവിതം കൊണ്ടും കമ്യൂണിസ്റ്റ് മണി

തലയിൽ ചുവന്ന ഷാൾ കെട്ടി പ്രൗഡിയോടെ ആൾക്കൂട്ടത്തിന് നടുവിലിരിക്കുന്നയാളോട് പേര് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി: കമ്യൂണിസ്റ്റ് മണി.

കമ്യൂണിസ്റ്റ് മണി

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ടെക്‌സ്റ്റൈൽസ് തൊഴിലാളിയായ മണി ജനിച്ചുവളർന്നത് കമ്യൂണിസ്റ്റ് കുടുംബത്തിലാണ്. തന്തൈ പെരിയോറിനെയും എ.കെ.ജിയെയും ഒരേപോലെ നെഞ്ചിലേറ്റിയ കുടുംബം. പാർട്ടി പ്രവർത്തനത്തിൽ മുഴുകിയ മണിയെ നാട്ടുകാർ കമ്യൂണിസ്റ്റ് മണി എന്ന് വിളിച്ച് വിളിച്ച് അത് പേരായി മാറി. ഒടുവിൽ ഔദ്യോഗികമായി തന്നെ മണി തന്റെ പേര് കമ്യൂണിസ്റ്റ് മണി എന്നാക്കി.

Comments