കോട്ട നിലനിർത്താൻ എൽ.ഡി.എഫും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസും, ചേലക്കരയിൽ ആര്?

1970 - 1980 കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിന് വിജയിക്കാനായ ചേലക്കര കഴിഞ്ഞ അഞ്ച് തവണകളായി തുടർച്ചയായി എൽ.ഡി.എഫാണ് പ്രതിനിധീകരിക്കുന്നത്. കോൺഗ്രസിന് പഴയകാല പ്രതാപം തിരിച്ചു പിടിക്കാനും ഇടതുപക്ഷത്തിന് കോട്ട നിലനിർത്താനുമുള്ള പോരാട്ടമാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ നടക്കാൻ പോവുന്നത്. മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടുമൊരു ഇടതുകോട്ട പൊളിക്കാൻ രമ്യയ്ക്ക് സാധിക്കുമോ?

Election Desk

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്തിൻെറ കുത്തകമണ്ഡലമാണ് ചേലക്കര (Chelakkara). മണ്ഡലം രൂപീകരിച്ച കാലം മുതൽ കോൺഗ്രസും (Congress) സി.പി.എമ്മും (CPIM) തമ്മിൽ ശക്തമായ മത്സരം നടന്നുവെങ്കിലും 1996 മുതൽ ഇടതുപക്ഷത്തിനൊപ്പമാണ് തൃശൂർ ജില്ലയിലുള്ള ഈ നിയോജകമണ്ഡലം. തുടക്കകാലത്ത് കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും പിന്നീട് മണ്ഡലം എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു. 1970 - 1980 കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിന് വിജയിക്കാനായ ചേലക്കരയിൽ കഴിഞ്ഞ അഞ്ച് തവണകളായി തുടർച്ചയായി എൽ.ഡി.എഫാണ് വിജയിച്ചത്. കോൺഗ്രസിന് പഴയകാല പ്രതാപം തിരിച്ചു പിടിക്കാനും ഇടതുപക്ഷത്തിന് കോട്ട നിലനിർത്താനുമുള്ള വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിലൂടെ ചേലക്കരയിൽ നടക്കുന്നത്.

പട്ടിക ജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 2016 ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം കെ.രാധാകൃഷ്ണനായിരുന്നു എം.എൽ.എ. 2016ൽ കെ.രാധാകൃഷ്ണനു പകരമെത്തിയ യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുകയും 2021-ൽ വീണ്ടും കെ.രാധാകൃഷ്ണൻ തന്നെ ഇവിടുത്തെ എം.എൽ.എ ആവുകയുമായിരുന്നു. മണ്ഡലത്തിലെ എം.എൽ.എയും ദേവസ്വം മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണൻ ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി ആയതോടെയാണ് ചരിത്രത്തിൽ ആദ്യമായി ഇവിടെ ഒരു ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

കെ.രാധാകൃഷ്ണൻ ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി ആയതോടെയാണ് ചരിത്രത്തിൽ ആദ്യമായി ചേലക്കരയിൽ  ഒരു ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്
കെ.രാധാകൃഷ്ണൻ ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി ആയതോടെയാണ് ചരിത്രത്തിൽ ആദ്യമായി ചേലക്കരയിൽ ഒരു ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്

1965-ലാണ് ചേലക്കര നിയമസഭാ മണ്ഡലം നിലവിൽ വരുന്നത്. ചേലക്കര, വരവൂർ, ദേശമംഗലം, മുള്ളൂർക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, കൊണ്ടാഴി, തിരുവില്യാമല, പഴയന്നൂർ എന്നീ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ചേലക്കര നിയോജക മണ്ഡലത്തിനു കീഴിലുള്ളത്. 1965-ൽ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനാണ് ചേലക്കരയിൽ നിന്നും ആദ്യ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1967-ൽ സി.പി.എമ്മിലെ പി.കുഞ്ഞനോട് കെ.കെ ബാലകൃഷ്ണൻ പരാജയപ്പെട്ടു. പിന്നീട് 1970, 1977, 1980 വർഷങ്ങളിൽ തുടർച്ചയായി കെ.കെ ബാലകൃഷ്ണൻ സി.പി.എമ്മിലെ കെ.എസ്. ശങ്കരനെ പരാജയപ്പെടുത്തി. 1982-ൽ മണ്ഡലം വീണ്ടും എൽ.ഡി.എഫ് തിരികെ പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ടി.കെ.സി വടുതലയെ പരാജയപ്പെടുത്തി എൽ.ഡി.എഫിന്റെ സി.കെ ചക്രപാണിയാണ് അന്ന് വിജയിച്ചത്. പിന്നീട് തുടർച്ചയായി രണ്ട് തവണ മണ്ഡലം കോൺഗ്രസ് തിരികെ പിടിച്ചു. 1987-ൽ എം.എ കുട്ടപ്പനും 1991ൽ എം.പി താമിയുമാണ് കോൺഗ്രസിനായി മണ്ഡലം നിലനിർത്തിയത്. തുടർന്ന് 1996-ൽ കെ രാധാകൃഷ്ണൻ വിജയിച്ചതോടെ ചേലക്കര ഇടതുപക്ഷത്തേക്ക് പൂർണമായും ചാഞ്ഞു.

1996, 2001, 2006, 2011 വർഷങ്ങളിൽ കെ.രാധാകൃഷ്ണൻ തുടർച്ചയായി ഇവിടെ നിന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ യു.ആർ പ്രദീപും ഇടതു സ്ഥാനാർഥിയായി വിജയിച്ചു. 2021-ൽ വീണ്ടും കെ.രാധാകൃഷ്ണൻ തന്നെ ചേലക്കരയിൽ വിജയിച്ചു. കോൺഗ്രസിലെ കെ.കെ ബാലകൃഷ്ണനും കെ.രാധാകൃഷ്ണനുമാണ് ഈ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയത്. കെ.കെ ബാലകൃഷ്ണൻ നാല് തവണയും കെ.രാധാകൃഷ്ണൻ അഞ്ച് തവണയുമാണ് വിജയിച്ചത്. മണ്ഡലത്തിൽ ഇക്കഴിഞ്ഞ കാലയളവിൽ ഇടതുമുന്നണിക്ക് കൈവന്ന ആധിപത്യത്തിൽ കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും വലിയ സ്വാധീന ശക്തിയായിട്ടുണ്ട്. നേരത്തെ ഇവിടെ നിന്ന് ജയിച്ച് എം.എൽ.എ ആയിട്ടുള്ള യു.ആർ പ്രദീപിനെ തന്നെ തിരികെ എത്തിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. പാർട്ടിക്ക് നിലവിൽ ചേലക്കരയിൽ ഇറക്കാൻ പറ്റിയ ഏറ്റവും ശക്തനായ സ്ഥാനാർഥിയാണ് പ്രദീപെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള ആളായതിനാലും ഒരു തവണ എം.എൽ.എ ആയതിനാലും പ്രദീപ് ഇവിടുത്തെ വോട്ടർമാർക്കിടയിൽ പരിചിത മുഖമാണ്.

യു.ആർ പ്രദീപ്  2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.
യു.ആർ പ്രദീപ് 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെ ഇതിനോടകം ഇവിടുത്തെ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലാണ് ചേലക്കര നിയോജക മണ്ഡലം ഉൾപ്പെടുന്നത്. നേരത്തെ ആലത്തൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച രമ്യ ഇത്തവണ കെ.രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു. ആലത്തൂരിൻെറ എം.പി ആയതിനാൽ ചേലക്കരയിലും രമ്യയ്ക്ക് സ്വാധീനമുണ്ടെന്നാണ് കോൺഗ്രസിൻെറ വിലയിരുത്തൽ. കെ.എസ്.യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രമ്യ ഹരിദാസ് കോഴിക്കോട് സ്വദേശിയാണ്. മുൻപ് കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇടതുപക്ഷം തുടർച്ചയായി ജയിച്ചിരുന്ന ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ 2019-ൽ വിജയം നേടാൻ സാധിച്ചതിൻെറ ആത്മവിശ്വാസം രമ്യയ്ക്കുണ്ട്.

ആലത്തൂരിൻെറ എം.പി ആയതിനാൽ ചേലക്കരയിലും രമ്യയ്ക്ക് സ്വാധീനമുണ്ടെന്നാണ് കോൺഗ്രസിൻെറ വിലയിരുത്തൽ.
ആലത്തൂരിൻെറ എം.പി ആയതിനാൽ ചേലക്കരയിലും രമ്യയ്ക്ക് സ്വാധീനമുണ്ടെന്നാണ് കോൺഗ്രസിൻെറ വിലയിരുത്തൽ.

ചേലക്കര മണ്ഡലത്തിന് കീഴിലെ ഒമ്പത് പഞ്ചായത്തുകളിൽ കൊണ്ടാഴി, തിരുവില്യാമല, പഴയന്നൂർ പഞ്ചായത്തുകളൊഴികെ ആറ് പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഈ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. 2021-ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ രാധാകൃഷ്ണൻ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 54.41 ശതമാനം വോട്ട് എൽ.ഡി.എഫ് നേടി. കോൺഗ്രസിന് 28.71 ശതമാനവും ബി.ജെ.പിക്ക് 15.68 ശതമാനവും വോട്ടാണ് ലഭിച്ചത്. കെ.രാധാകൃഷ്ണൻ 83,415 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാർഥി സി.സി ശ്രീകുമാർ 44,015 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർഥിക്ക് 20,045 വോട്ടുകളും ലഭിച്ചു.

ഇക്കഴിഞ്ഞ ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് 5173 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് ലഭിച്ചത്. രാധാകൃഷ്ണന് 60,368 വോട്ടും യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസിന് 55,195 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് ഏറ്റവും കൂടുൽ വോട്ടുകൾ ലഭിച്ചത് ചേലക്കരയിൽ നിന്നായിരുന്നു. ഇനി ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കെ.രാധാകൃഷ്ണന്റെ ഉറച്ച തട്ടകം രമ്യ ഹരിദാസ് കോൺഗ്രസിനായി തിരികെ പിടിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. മണ്ഡലത്തിൽ വലിയ സ്വാധീനമില്ലെങ്കിലും വോട്ട് ശതമാനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പിയും സജീവമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയും മുൻ വിക്ടോറിയാ കോളേജ് പ്രിൻസിപ്പലുമായ ഡോ.ടി.എൻ സരസുവാണ് സംസ്ഥാന നേതൃത്വത്തിൻെറ പട്ടികയിലുള്ള പ്രധാനപ്പെട്ട പേര്. കഴിഞ്ഞ തവണ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച സരസു 1,88,230 വോട്ടുകൾ നേടിയിരുന്നു.

Comments