ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, സുന്നി എന്നൊക്കെ പറയുന്നത് എന്താണ്? ജാതി വ്യവസ്ഥ പോലെ ഒന്നാണോ ഇത്? ഇതിൽ പുരോഗമനവാദികളും യാഥാസ്ഥികരും ഉണ്ടോ? പൊതുസമൂഹം കരുതുന്നത് സുന്നികൾ യാഥാസ്ഥിതികരും മറ്റുള്ളവർ പുരോഗമന ചിന്താഗതിക്കാരും എന്നാണ്. എന്നാൽ സത്യം അങ്ങിനെയാണെന്നു തോന്നുന്നില്ല. പൊതുവെ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും അതിനെക്കാൾ സാമൂഹികവ്യവഹാരങ്ങളിൽ അവർക്കു ലഭിക്കുന്ന ദൃശ്യതയും മേൽക്കൈയും കൊണ്ടാവാം ജമാഅത്തെ, മുജാഹിദ് വിഭാഗങ്ങളെ പുരോഗമന ചിന്താഗതിക്കാരായി പലരും കരുതുന്നത്. മുസ്ലിങ്ങളല്ലാത്തവർക്ക് ഭൂരിപക്ഷത്തിനും വലിയ ധാരണയില്ലാത്ത ഒന്നാണിത്. അതു വിശദമാക്കാനാണീ കുറിപ്പ്. മുഖ്യമായും മുസ്ലിം സമുദായത്തിനു പുറത്തുള്ളവർക്കു വേണ്ടിയാണിത്.
പ്രവാചകൻ്റെ മരണശേഷം പിന്തുടർച്ചയുമായി ബന്ധപ്പെട്ട് ഇസ്ലാമിൽ പ്രധാനപ്പെട്ട ഒരു പിളർപ്പ് ഉണ്ടാവുന്നു. ഒരു കൗൺസിലിൻ്റെ മേൽനോട്ടത്തിൽ ഖലീഫയെ തെരഞ്ഞെടുക്കണമെന്നു വാദിച്ചവർ സുന്നികളും തൻ്റെ പിൻഗാമിയായി മരുമകൻ അലിയെ നബി നേരത്തേ തീരുമാനിച്ചിരുന്നുവെന്നു വാദിക്കുന്നവർ ഷിയാക്കളുമായി പിരിഞ്ഞു. ലോകമുസ്ലിം ജനസംഖ്യയിൽ ഷിയാ വിഭാഗം ഏകദേശം 10 ശതമാനവും സുന്നികൾ 90 ശതമാനവുമാണ്. നമ്മളിവിടെ ചർച്ച ചെയ്യുന്ന പ്രസ്ഥാനങ്ങൾ മുഴുവൻ സുന്നിധാരയിൽ ഉൾപ്പെട്ടതാണ്.

തീർച്ചയായും മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ ഒരു പരിഷ്കരണ പ്രസ്ഥാനമായാണ് രൂപം കൊണ്ടത്. ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുക, വിദ്യാഭ്യാസത്തിന്, വിശിഷ്യാ സ്ത്രീവിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുക, സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം നൽകുക തുടങ്ങിയവയ്ക്കൊക്കെ അതു പ്രാധാന്യം കൊടുത്തു. നബിയുടെയും നാലു ഖലീഫമാരുടെയും കാലമാണ് ഇസ്ലാമിലെ സുവർണകാലം എന്നവർ കരുതുന്നു. പല നാടുകളിൽ പ്രചരിക്കുമ്പോൾ അതാതിടത്തെ സംസ്കാരവുമായി മതങ്ങൾ കലരുക സ്വാഭാവികമാണല്ലോ. സത്യത്തിൽ സംസ്കാരങ്ങളുടെ അത്തരം കലർപ്പുകളാണ് മതങ്ങൾക്ക് വിശാലതയും സൗന്ദര്യവും നൽകുന്നത്. ആ കലർപ്പുകളെ ഇല്ലായ്മ ചെയ്ത് ശുദ്ധമെന്നവർ കരുതുന്ന ഇസ്ലാമിനെ തിരികെ കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ആദർശം. അതുകൊണ്ടാണ് അതിൽ നിന്നും ഒരു ചെറുവിഭാഗം നബിയുടെ കാലത്തെ ആടുമേയ്ക്കൽ ജീവിതരീതി പോലും സ്വീകരിച്ചത്. ഇപ്പോൾ സൂംബവിവാദത്തിൽ കുട്ടികൾ വ്യായാമത്തിലൂടെ നൃത്തം ചെയ്യുന്നതിനെ അല്പവസ്ത്രധാരികളുടെ അഴിഞ്ഞാട്ടമാക്കിയത് ഇതിൽ മറ്റൊരു വിഭാഗമാണ്. അവർ ഭീകരവാദികളല്ല. മറിച്ച് മൗലികവാദികളാണ്. കലർപ്പുകളെ ശത്രുപക്ഷത്തു നിർത്തുക എന്നത് മൗലികവാദത്തിൻ്റെ രീതിയാണ്. ചുരിദാറിൽ നിന്നോ സാരിയിൽ നിന്നോ പർദ്ദയിലേക്കു മാറുന്നത് തെറ്റല്ല. പക്ഷേ അത് മൗലികവാദപരമാണ്. കുട്ടികൾ ഇടകലരരുത് എന്നു വാദിക്കുന്നതും മറ്റൊന്നല്ല.
18-ാം നൂറ്റാണ്ടിൽ സൗദിയിൽ ജീവിച്ചിരുന്ന മുഹമദ് ഇബ്നു അബ്ദുൽ വഹാബാണ് സലഫീ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ. നജദിലെ ഗവർണറായ മുഹമ്മദ് ഇബ്നു സൈദുമായി അദ്ദേഹം അടുപ്പമുണ്ടാക്കി അയാളിൽ അധികാരമോഹം വളർത്തി. ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ കീഴിൽ നിന്നും മാറി പുതിയൊരു അറബ് രാജ്യത്തിൻ്റെ രാജാവാകാൻ പ്രേരിപ്പിച്ചു. രാഷ്ട്രീയാധികാരം സൗദിൻ്റെ കുടുംബത്തിനും മതപരമായ അധികാരം വഹാബിൻ്റെ കുടുംബത്തിനുമായി കരാറാക്കി. മുസ്ലിംങ്ങൾക്കിടയിൽ നിലനിന്ന വിശുദ്ധന്മാരെ ആരാധിക്കുക, അവരുടെ ഖബറിടങ്ങൾ സന്ദർശിക്കുക തുടങ്ങിയ ആചാരങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ എതിർപ്പ്. സൗദിന് രാജ്യം കിട്ടിയതോടെ ഇസ്ലാമിക സംസ്കാരത്തിൻ്റെ ശേഷിപ്പുകളെ മുഴുവൻ അധികാരമുപയോഗിച്ച് നശിപ്പിച്ചു കളയുകയുണ്ടായി. ഈ പ്രസ്ഥാനത്തിൻ്റെ പിൻമുറക്കാരാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാർ.
മുജാഹിദ് പ്രസ്ഥാനം ഇസ്ലാഹി അഥവാ പരിഷ്കരണ പ്രസ്ഥാനമായാണ് കേരളത്തിൽ തുടക്കം കുറിച്ചത്. വഹാബി പ്രസ്ഥാനത്തിൻ്റെ സ്വാധീനത്തിൽ ഈജിപ്തിൽ ഉണ്ടായ ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ തുടർച്ചയായിരുന്നു അത്. പാശ്ചാത്യ സംസ്കാരത്തിനെതിരെ ഒരു കിഴക്കിൻ്റെ സംസ്കാരം ഉയർത്തിക്കൊണ്ടു വരിക എന്നത് ഈജിപ്തിലെ ചിന്തകരുടെ ലക്ഷ്യമായിരുന്നു. ബ്രിട്ടിഷ് വിരുദ്ധമായ ഒരു ഉള്ളടക്കം അതിനുണ്ടായിരുന്നു. സൗദി വഹാബിസത്തിൽ നിന്നും ദിനമായി ഹദീസുകളെ യുക്തിപൂർവ്വം തെരഞ്ഞെടുക്കുന്ന സമീപനവും അവർ സ്വീകരിച്ചിരുന്നു. എന്നാൽ സൗദി വഹാബിസം സലഫിസം അഥവാ പൂർവഗാമികളിലേക്കുള്ള പിന്മടക്കം ആയിട്ടാണ് വളർന്നത്. ഭൂതകാലത്തിലേക്കുള്ള മടക്കം, ശുദ്ധിവാദത്തിലേക്കുള്ള തിരിച്ചു പോക്ക് പുരോഗമനവിരുദ്ധമല്ലാതെ മറ്റെന്താണ്! 70-കൾ കഴിയുമ്പോഴേക്കും മുജാഹിദ് പ്രസ്ഥാനത്തിൽ നിന്നും ഈ ഈജിപ്ഷ്യൻ ധാര അപ്രത്യക്ഷമാവുകയും കർക്കശവും അത്രമേൽ യാഥാസ്ഥിതികവുമായ സൗദി ധാര ആധിപത്യം നേടുകയുമുണ്ടായി. ഈ വഹാബിസത്തെയാണ് സൗദി പെട്രോഡോളറിൻ്റെ ബലത്തിൽ, അമേരിക്കയുടെ പിന്തുണയിൽ അഫ്ഗാനിസ്ഥാനിലേക്കും മറ്റും കയറ്റിയയച്ചത്. ഇന്നു കാണുന്ന താലിബാൻ അതിൻ്റെ സൃഷ്ടിയാണ്. ഈജിപ്ത് വഹാബിസത്തിനു കീഴടങ്ങിയിരുന്നുവെങ്കിൽ അവിടുത്തെ മഹത്തായ പിരമിഡുകൾ ഇടിച്ചു നിരത്തപ്പെടുമായിരുന്നു. ഈ സൗദി വഹാബിസത്തെയാണ് പിൽക്കാലത്ത് മുജാഹിദ് പ്രസ്ഥാനം മാതൃകയാക്കിയത്. സംഗീതം പോലും അനിസ്ലാമികമായി കാണുന്ന കാർക്കശ്യം പിന്നീടാണ് രൂപപ്പെട്ടത്. അവരുടെ സംസ്ഥാന സമ്മേളനങ്ങളിൽ സൗദി മത പണ്ഡിതരാണ് മഖ്യാതിഥികളായെത്തിയിരുന്നത്.
ഒരു പരിഷ്കരണപ്രസ്ഥാനമായി തുടങ്ങി പിൽക്കാലത്ത് പിൽക്കാലത്ത് പിൽക്കാലത്ത് വെറും മൗലികവാദപ്രസ്ഥാനമായി അത് മാറുകയുണ്ടായി. ആടിനെ മേയ്ക്കാൻ പോയവർ, ജിന്നിൻ്റെ പേരിൽ വിഘടിച്ചു പോയവർ, സംഗീതം പോലും ഹറാമെന്നു കരുതുന്നവർ അങ്ങിനെയങ്ങനെ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള സൗഹാർദ്ദങ്ങളെപ്പോലും അത് ഭയപ്പെട്ടു. മുസ്ലിങ്ങൾ പരമ്പരയായി ആചരിച്ചു വന്നിരുന്ന സാംസ്കാരിക ഘടകങ്ങളെ മുഴുവൻ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ സാമുദായിക പ്രവർത്തനം. അധികാരം ഇല്ലാത്തതു കൊണ്ട് അത് ആശയ പ്രചാരണത്തിൽ ഒതുങ്ങി എന്നു മാത്രം.

ഈജിപ്തിൽ പാശ്ചാത്യ അധിനിവേശത്തിനെതിരെ ഹസനുൽ ബന്നയുടെ നേതൃത്വത്തിൽ രൂപം കൊണ്ട മുസ്ലിം ബ്രദർഹുഡിൻ്റെ സ്വാധീനം ജമാഅത്തെ ഇസ്ലാമിയുടെ വളർച്ചയ്ക്കു പിന്നിലുണ്ട്. മൗദൂദിയുടെ നേതൃത്വത്തിൽ നാല്പതുകളിൽ ആണ് ജമാഅത്തെ ഇസ്ലാമി രൂപം കൊള്ളുന്നത്.
സുന്നികൾ ഇസ്ലാമിനെ ഒരു ജീവിതരീതിയായി കാണുമ്പോൾ ജമാഅത്തെ അതിനെ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമായി കാണുന്നു. ഇസ്ലാമിക കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രനിർമിതിയാണ് അതിൻ്റെ ലക്ഷ്യം. ഇസ്ലാമിക കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രനിർമിതിയാണ് അതിൻ്റെ ലക്ഷ്യം. തുടക്കകാലത്ത് ഗവണ്മെൻ്റ് സർവ്വീസിൽ ജോലിചെയ്യുന്നതു പോലും അവർ തെറ്റായി കരുതിയിരുന്നു എന്നോർക്കുക. ദൈവത്തിൻ്റെ ദാസനാവാം. അമുസ്ലിം ഭരണകൂടത്തിൻ്റെ ദാസനാവുന്നതെങ്ങിനെ! ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി ഇക്കാര്യങ്ങളൊന്നും ഇപ്പോൾ പറയാറില്ല.
ഇനി സുന്നികളുടെ കാര്യം. അവരാണ് മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷം. 90%-ത്തിലധികവും. എണ്ണം കൊണ്ട് മുജാഹിദ് ജമാഅത്തെ ആളുകൾ 5 % വരില്ല. പക്ഷേ അവർക്കാണ് ദൃശ്യത കൂടുതലുള്ളത്. ഇനി എന്താണ് സുന്നികളും ഇവരും തമ്മിലുള്ള വ്യത്യാസമെന്നു നോക്കാം. സുന്നികൾ (അവ ഇ.കെ - എ.പി എന്നൊക്കെ പിരിഞ്ഞിട്ടുണ്ട്.) കേരളീയമായ സംസ്കാരം ഉൾക്കൊണ്ട് ജീവിച്ചു വരുന്ന ഒരു വിഭാഗമാണ്. നിങ്ങൾ പാട്ടു പാടുന്ന പോലെ പ്രസംഗിക്കുന്ന ആളുകളെ കണ്ടിട്ടില്ലേ? അതിക്കൂട്ടർ തന്നെ. നമ്മളിപ്പം പറഞ്ഞ ആ സംസ്കാരമുണ്ടല്ലോ. അത് പിന്തുടരുന്നു എന്നതാണ് സുന്നികളോട് മറ്റു വിഭാഗങ്ങൾക്ക് ശത്രുത വരാനുണ്ടായ പ്രധാന കാരണം.
വിശദമാക്കാം. മനുഷ്യരെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ളത് അവരുടെ സംസ്കാരമാണ്. നമ്മുടെ നാട്ടിലെ അറിവുകൾ, ഭാഷ, ആചാരരീതികൾ, സാമൂഹികബന്ധങ്ങൾ, മനോഭാവങ്ങൾ, വിശ്വാസങ്ങൾ എല്ലാം കൂടിച്ചേർന്ന ഒന്നാണിത്. അതിൽ വിശ്വാസം എന്നത് സംസ്കാരത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. ഒരുദാഹരണം പറഞ്ഞാൽ മനസ്സിലാവും. കേരളത്തിലെ ഒരു മുസ്ലിംപെൺകുട്ടി ജോലി കിട്ടി സൗദി അറേബ്യയിലെത്തുന്നു. അവൾക്ക് താമസിക്കാൻ രണ്ടു മുറികൾ തെരഞ്ഞെടുക്കാം. ഒന്നിൽ ഒരു സൗദി പെൺകുട്ടി. രണ്ടാമത്തെതിൽ ഒരു മലയാളി ഹിന്ദു പെൺകുട്ടി. അവൾ ഏതു തെരഞ്ഞെടുക്കുമെന്നതിൽ നിങ്ങൾക്കു സംശയം തോന്നുന്നുണ്ടോ? അവളുടെ ഭാഷ, ഭക്ഷണം, വേഷം തുടങ്ങി അവരെ തമ്മിൽ അടുപ്പിക്കുന്ന ആയിരം ഘടകങ്ങളുണ്ട്. സൗദി പെൺകുട്ടിയുമായി ബന്ധിപ്പിക്കുന്ന ഏക ഘടകം വിശ്വാസം മാത്രമാണ്. ഇവിടുത്തെ ഒരു ഹിന്ദു പെൺകുട്ടി ഡൽഹിയിലെത്തിയാൽ അവിടുത്തെ ഹിന്ദു പെൺകുട്ടിയെക്കാൾ കൂടെ താമസിക്കാൻ തെരഞ്ഞെടുക്കുക മലയാളി മുസ്ലിം പെൺകുട്ടിയെ ആയിരിക്കും. കാരണം വ്യക്തമാണല്ലോ.

ജനനം മുതൽ മരണം വരെയുള്ള നമ്മുടെ മുഖ്യമായ ജീവിത സന്ദർഭങ്ങളിലെല്ലാം മനുഷ്യർ തമ്മിൽ നടക്കുന്ന വിനിമയങ്ങളിൽ അനേകം സാംസ്കാരികഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗർഭകാലം, കുഞ്ഞിൻ്റെ ജനനം, പേരിടൽ കർമ്മം, വിവാഹം തുടങ്ങി എല്ലാ സന്ദർഭങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. ജീവിതാന്ത്യവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്കു നമ്മൾ പറയുന്ന പേരു തന്നെ സംസ്കാരം എന്നാണല്ലോ. അവയെ ഹൈന്ദവം എന്നു പറഞ്ഞു കൂടാ. മറിച്ച് അടിസ്ഥാനപരമായി കേരളീയമാണത്. ഇവയെ മുഴുവൻ അനിസ്ലാമികം എന്നു പറഞ്ഞ് തള്ളിക്കളയുകയും അതു പിന്തുടരുന്ന സുന്നി വിഭാഗങ്ങളെ അപരിഷ്കൃതരായി കാണുകയുമാണ് മുജാഹിദ്, ജമാഅത്തെ വിഭാഗങ്ങൾ ചെയ്തത്.
നമ്മുടെ നാട്ടിൽ ഒരു മരണം നടന്നാൽ സംസ്കാരത്തിനു ശേഷവും പലതരത്തിലുള്ള ചടങ്ങുകളുണ്ട്. ആചാരങ്ങളിൽ പലതും സാമൂഹികമായി രൂപപ്പെട്ടു വന്നവയാണ്. ഹിന്ദുക്കൾക്കിടയിൽ കുടുംബത്തിൽ മരണം നടന്നാൽ അടുത്തബന്ധുക്കൾ 14 ദിവസം വീട്ടിൽ കഴിയണം. ഇതിൻ്റെ സ്വാധീനമുള്ള ചടങ്ങുകൾ സുന്നികൾക്കിടയിലുമുണ്ട്. ഇത്തരം പല നാട്ടു മര്യാദകളും സാമൂഹികജീവിതബന്ധങ്ങളെ ഉറപ്പിക്കുന്നവയാണ്. എന്നാൽ സൗദിയിൽ ദുഃഖാചരണം പോലും അനുവദിക്കുന്നില്ല. രാവിലെ പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് ഓഫീസിൽ വരുന്ന മകനെക്കുറിച്ച് ഖദീജ മുംതാസിൻ്റെ ബർസ എന്ന നോവലിൽ സൂചനയുണ്ട്. ആചാരങ്ങൾ മനുഷ്യർ സൃഷ്ടിച്ചവയാണ്. അതിൽ കാലത്തിനനുസരിച്ച് തള്ളേണ്ടവയും കൊള്ളേണ്ടവയുമുണ്ട്. അത് പലതും പ്രാദേശികമാണു താനും. അവയെയെല്ലാം നിരോധിക്കുന്നത് മൗലികവാദപരമാണ്.

കൗതുകകരമായ ഒരു കാര്യം പറയാം. മുസ്ലിങ്ങൾ വിദേശത്തു നിന്നും വന്നവരല്ല, ഇവിടെ ഉണ്ടായിരുന്നവർ മതം മാറിയവരാണ്. അവർ മുമ്പ് ആചരിച്ചിരുന്ന പലതും അവർ പിന്നീടും തുടർന്നു കൊണ്ടിരിക്കും. വിളിച്ചാൽ വിളി കേൾക്കാവുന്ന ഇടങ്ങളിൽ അനേകം ദൈവങ്ങളുണ്ടായിരുന്ന ജനത അരൂപിയായ ഒരു ഏകദൈവസങ്കൽപ്പത്തിലേക്കു പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. അതിൻ്റെ പരിഹാരമായിട്ടാണ് അവർ ഷെയ്ഖുമാരെ വിളിക്കുന്നത്. ജാറങ്ങളിലേക്കു പോകുന്നത്. നേർച്ചകളും, മൗലൂദുകളും നടത്തുന്നത്. ലോകത്ത് ഇസ്ലാം പ്രചരിച്ച ഇടങ്ങളിലെല്ലാം ഇത്തരത്തിൽ അതതിടങ്ങളിലെ സംസ്കാരവുമായി കലർന്നാണ് അത് പ്രചരിച്ചിട്ടുള്ളത്. ഒരു വിഭാഗം ഇവയെ മൈക്ക് കെട്ടി പരിഹസിക്കുകയും മറുവിഭാഗം ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് എത്രയോ പതിറ്റാണ്ടുകളായി മുസ്ലിം സമുദായത്തിൽ നടന്നു കൊണ്ടിരിക്കുന്ന സാമുദായികപ്രവർത്തനം. സാംസ്കാരികമായ കലർപ്പിനെതിരെയുള്ള നിരന്തരമായ പ്രചാരണത്തിൽ വീണ് സുന്നികൾ തന്നെ കുറെയൊക്കെ തങ്ങളുടെ സാംസ്കാരികവേരുകളെ സംശയിക്കാൻ തുടങ്ങി എന്നതും കാണാതിരുന്നു കൂടാ. കൊണ്ടോട്ടി, പട്ടാമ്പി, BP അങ്ങാടി തുടങ്ങിയ ഇടങ്ങളിലെ നേർച്ചകൾക്കെതിരെ സുന്നികൾക്കിടയിൽ നിന്നു തന്നെ എതിർപ്പുകളുയർന്ന കാരണം അത് നിന്നു പോവുന്ന അവസ്ഥയുണ്ടായി.
സത്യത്തിൽ സുന്നികൾ നേതൃത്വം കൊടുത്തിരുന്ന നേർച്ചകൾ ജാതിമതാതീതമായ കൂടിച്ചേരലുകളുടെ, ആഘോഷങ്ങളുടെ സന്ദർഭങ്ങളായിരുന്നു. മഖാം ഉറൂസുകളോടനുബന്ധിച്ച് 80 കളിലൊക്കെ ഉണ്ടായിരുന്ന ഇസ്ലാമിക കഥാപ്രസംഗങ്ങൾ, മാപ്പിളപ്പാട്ടു രീതിയിലുള്ള പലതരം കഥാകാവ്യങ്ങൾ, മാലപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഒപ്പന, ദഫ് മുട്ട്, കോൽക്കളി ഇവയെല്ലാം മുസ്ലിം ജനസാമാന്യത്തിൻ്റെ സാംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. പലതരം ആഘോഷങ്ങൾ, കൂടിച്ചേരലുകൾ, സംഗീതം, കല, തുടങ്ങി സാമാന്യജനതയുടെ വരണ്ട ജീവിതത്തിലെ പച്ചപ്പുകളെ മുജാഹിദ് ജമാഅത്തെ വിഭാഗങ്ങൾ അവജ്ഞയോടെയാണ് കണ്ടത്. ഈ വഹാബികാർക്കശ്യത്തെ തിരിച്ചറിഞ്ഞ സുന്നികൾ നിന്നു പോയ അത്തരം നേർച്ചകൾ ജനകീയാഘോഷങ്ങളാക്കി ഇപ്പോൾ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നതിനെ സാംസ്കാരികമായ ഒരുണർവായി കാണേണ്ടതുണ്ട്. അടിസ്ഥാനപരമായി മനുഷ്യർ മതാതീതമായി ഇടകലരുന്നതിനെക്കുറിച്ചുള്ള, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകൾ പൊതു ഇടങ്ങളിൽ കൂട്ടമായി പ്രത്യക്ഷപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് ഇതിനെതിരെയുള്ള പ്രചാരണണത്തിനു പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത്. ഭൗതികമായ എല്ലാ സന്തോഷങ്ങളെയും തല്ലിക്കെടുത്തുന്ന ഒരു കാഴ്ചപ്പാടാണിത്.

സാംസ്കാരിക സമന്വയത്തിനെതിർനിൽക്കുന്ന അസഹിഷ്ണുതയുടെ ദർശനമാണ് വഹാബിസം മുന്നോട്ടു വെക്കുന്നത്. സൗദിയായിരുന്നു അതിൻ്റെ പ്രയോഗസ്ഥലം. സാഹിത്യം, സംഗീതം, നാടകം, സിനിമ തുടങ്ങിയ കലാ പ്രവർത്തനങ്ങളെ വഹാബിസം അകറ്റി നിർത്തി. ഇസ്ലാമിക സംസ്കാരവുമായി ബന്ധപ്പെട്ട പുരാതന ശേഷിപ്പുകളെല്ലാം അവിടെ തകർക്കപ്പെട്ടു. മുസ്ലിം രാജ്യങ്ങളിൽ ഏറ്റവും യാഥാസ്ഥിതികമായ രാജ്യമായി സൗദി മാറി. മരുവൽക്കരിക്കപ്പെട്ട ഇസ്ലാം ആണ് വഹാബിസം. സൗദി സ്പോൺസർ ചെയ്ത അതിൻ്റെ വ്യാപനമാണ് അഫ്ഘാനിലെ ബാമിയാനിൽ മനുഷ്യചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ശേഷിപ്പുകളെ- ബുദ്ധപ്രതിമകളെ തകർത്തത്. ഭൂരിപക്ഷവും അധികാരവും കിട്ടിയിരുന്നെങ്കിൽ ബീമാപ്പള്ളി, മമ്പറം തുടങ്ങിയ ഖബറിടങ്ങൾ ഒറ്റയടിക്ക് അവർ നിരപ്പാക്കുമായിരുന്നു.

എൻ്റെ നാട്ടിലെ പാവം പിടിച്ച സുന്നികൾക്കിടയിലേക്ക് മുജാഹിദ് പ്രസ്ഥാനം പരിചയപ്പെടുത്തിയത് ഫാറൂഖ് കോളജിൽ പോയി ശാസ്ത്രം പഠിച്ച, എന്നാൽ ശാസ്ത്രത്തേക്കാൾ മതത്തിൻ്റെ കാർക്കശ്യം പഠിച്ച ഒരധ്യാപകനായിരുന്നു. ബസ്സു കയറുമ്പോൾ മറ്റുള്ളവർ പാദത്തിനു മുകൾഭാഗം അൽപം കാണുമെന്നതിനാൽ അത് ഇസ്ലാമിക നിയമത്തിനെതിരാവും എന്നതിനാൽ തൻ്റെ ഭാര്യയെ 80 കളിൽ തന്നെ അയാൾ സോക്സ് ഇടീച്ചിരുന്നു. സുന്നികൾ ഇത്തരം കാർക്കശ്യങ്ങളെ മുൻകാലത്ത് പൊതുവെ അംഗീകരിച്ചിരുന്നില്ല. എങ്കിലും ഈ വഹാബി സ്വാധീനം കാരണം ഈ കാർക്കശ്യം അവരെയും വല്ലാതെ കീഴടക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ബാബറിമസ്ജിദിൻ്റെ തകർച്ചയോട് സുന്നി വിഭാഗവും മുജാഹിദ് ജമാഅത്തെ വിഭാഗവും എങ്ങിനെ പ്രതികരിച്ചു എന്ന അന്വേഷണം കൗതുകകരമായിരിക്കും. കോൺഗ്രസിൻ്റെ തെറ്റിനെ വളരെ സമചിത്തതയോടെ ലീഗും അതിൽ ഭൂരിഭാഗമായ സുന്നികളും സമീപിച്ചത് അവരിൽ ഈ സാംസ്കാരിക സമന്വയം നടന്നതു കൊണ്ടാണ്. തൊട്ടടുത്ത ഹിന്ദുസമുദായം അവർക്ക് അന്യമായിരുന്നില്ല. അവർ തമ്മിലുള്ള വിനിമയങ്ങൾ ഔപചാരികമായിരുന്നില്ല. പ്രദർശനപരമായിരുന്നില്ല. മറിച്ച് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾക്ക് അത് ഇഫ്താർ വിരുന്നുകളിലെ പ്രദർശനപരത മാത്രമാണ്. ഒരു മതസൗഹാർദ്ദ സമ്മേളനം വിളിച്ചു കൂട്ടുമ്പോഴും തൻ്റെ മതത്തിനു പുറത്തുള്ള എല്ലാത്തിനോടുമുള്ള വെറുപ്പ് അത് ഉള്ളിൽ സൂക്ഷിക്കും.
പള്ളിയുടെ തകർക്കൽ പോലൊരു തെറ്റ് പൊറുക്കാനും മറക്കാനും സുന്നിസമുദായം ശ്രമിച്ചു. ലീഗ് അതിൽ പ്രധാന പങ്കുവഹിച്ചു. അതിൻ്റെ മുറിവ് ഉണങ്ങാതെ സൂക്ഷിക്കാൻ ഏറ്റവും ജാഗ്രത കാണിച്ചത് അന്ന് ജമാഅത്തെ ഇസ്ലാമിയായിരുന്നു. ലീഗ് അവരുടെ ഒന്നാം നമ്പർ ശത്രുവായിരുന്നു. ഇടതുപക്ഷം അടുത്ത മിത്രവും. ലീഗിൽ നിന്നു പിരിഞ്ഞ തീവ്രസ്വഭാവമുള്ള സംഘടനകളെ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചത്. കേരളത്തിലെ മതേതര മനസ്സിനെ ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത ജമാഅത്തെ ഇസ്ലാമിക്കാരനായ സുലൈമാൻ സേട്ട്, ലീഗിന് തീവ്രത പോരെന്നു പറഞ്ഞ് പുതിയ പാർട്ടി ഉണ്ടാക്കി. ഇടതുപക്ഷത്തിനൊപ്പം ചേർന്നു.

ജമാഅത്തെ ഇസ്ലാമിയെ പോലൊരു സംഘടനയ്ക്ക് ഏറ്റവും വിശ്വാസ്യതയും ദൃശ്യതയും നൽകിയത് ഇടതുപക്ഷമായിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവരും കർക്കശ മതവിശ്വാസികളും സാമ്പത്തികമായി ഉപരിവർഗത്തിൽപെട്ടവരുമായ മുജാഹിദ്, ജമാഅത്തെ വിഭാഗങ്ങളെ സത്യത്തിൽ മുസ്ലിം സമുദായത്തിലെ പുരോഗമന വാദികൾ എന്നാണ് സമുദായത്തിനു പുറത്തുള്ളവർ പൊതുവെ കരുതിപ്പോരുന്നത്. പൊതു സമ്മതിയുള്ള ആളുകളെ ഉൾപ്പെടുത്തുകയും മുസ്ലിം, ദലിത്, പരിസ്ഥിതി പ്രശ്നങ്ങൾക്കു പ്രാധാന്യം കൊടുക്കുകയും ചെയ്തുകൊണ്ട് അതിൻ്റെ മീഡിയകളും അതിൽ പ്രധാനപങ്കു വഹിക്കുകയുണ്ടായി. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചിരുന്നു എന്ന കാര്യവും മറന്നു കൂടാ.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം ഇന്നവർ പുറത്തു പറയാറില്ല. അതിൻ്റെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വയോട് അതിനെ സമീകരിക്കുന്നത് എത്ര കണ്ട് ശരിയാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ബംഗ്ലാദേശിൽ RSS എങ്ങിനെയാവും പ്രവർത്തിക്കുക? തീർച്ചയായും അത് ഒരു സാംസ്കാരിക സംഘടനയായിട്ടാവും. ബാബ്റി മസ്ജിദ് തകർച്ചയുടെ അനുരണനം എന്ന നിലയിൽ ഹിന്ദുന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമങ്ങൾ അവിടെ ഏറെയുണ്ടായി. പിൽക്കാലത്തും നടന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ കൽബുർഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, ധബോൽക്കർ തുടങ്ങിയ സ്വതന്ത്ര ചിന്തകരോ കമ്യൂണിസ്റ്റുകളോ ആയ ആക്ടിവിസ്റ്റുകളെ ഹിന്ദു തീവ്രവാദികൾ വധിച്ചതു പോലെ ബംഗ്ലാദേശിലും സ്വതന്ത്രചിന്തകരായ ആക്ടിവിസ്റ്റുകളെ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവർഗീയ സംഘടനകൾ വധിക്കുകയുണ്ടായി.
അത്തരം അതിക്രമങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കണമെന്നു വാദിക്കുന്ന ഹിന്ദുഗ്രൂപ്പുകൾ അവിടെ ഉണ്ടായേക്കാം. എങ്കിലും അവിടെ ഹിന്ദുക്കൾക്കു നേരെ അതിക്രമം ഉണ്ടാകുന്നത് ഹിന്ദുവർഗീയത കൊണ്ടാണ് എന്ന് വാദിച്ചാൽ എങ്ങിനെയിരിക്കും? ഇന്ത്യയിൽ നടക്കുന്ന ബുൾഡോസർ രാജിന്, ഉത്തരേന്ത്യയിൽ ബീഫിൻ്റെ പേരിൽ നിത്യവും നടക്കുന്ന അതിക്രമങ്ങൾക്കു കാരണം മുസ്ലിം വർഗീയതയാണോ? ഇത്തരം തൂക്കമൊപ്പിക്കുന്ന വാദങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് സത്യത്തിൽ സമ്മിതി നൽകുകയല്ലേ ചെയ്യുന്നത്?

മുസ്ലിം സമുദായത്തിലെ വിഭാഗങ്ങൾക്ക് ജാതിയുമായി ഒരു പ്രത്യക്ഷ ബന്ധവുമില്ല. അതേസമയം ജമാഅത്ത് മുജാഹിദ് വിഭാഗങ്ങൾ മുസ്ലിംങ്ങളിലെ വരേണ്യവിഭാഗമെന്ന തോന്നൽ പൊതുവെയുണ്ടായിട്ടുണ്ട്. സുന്നികളാണ് മൃഗീയഭൂരിപക്ഷമെങ്കിലും ലീഗിൻ്റെ നേതൃത്വത്തിലും ഗണ്യമായ തോതിൽ മുജാഹിദ് സ്വാധീനമുണ്ട്. അറബിക് സ്കൂളുകളും കോളജുകളും ആദ്യമായി ആരംഭിച്ചതും ഗവണ്മെൻ്റ് ജോലികളിൽ പ്രവേശനം നേടിയതും മുജാഹിദ് വിഭാഗങ്ങളാണ്. സുന്നി നേതൃത്വം തങ്ങളുടെ അണികളോടു മാത്രം സംസാരിച്ചപ്പോൾ ഒരു പൊതുസമൂഹത്തോടു സംസാരിക്കേണ്ട ഭാഷ മുജാഹിദ് വിഭാഗം രൂപപ്പെടുത്തി. അതൊക്കെ അവർക്കൊരു സാംസ്കാരിക മേൽക്കൈ ഉണ്ടാക്കിക്കൊടുത്തു. പൊതുസമൂഹത്തോട് ബൗദ്ധികമായി സംവദിക്കാനുള്ള പ്ലാറ്റ്ഫോമുകൾ രൂപപ്പെടുത്തുന്നതിൽ ജമാഅത്ത് ഇസ്ലാമിയും വിജയം വരിക്കുകയുണ്ടായി. മാധ്യമം പത്രവും മീഡിയ വൺ ചാനലും അതിനുള്ള മുഖ്യഉപകരണങ്ങളായി.
പ്രധാനപ്പെട്ട ഒരു കാര്യം ജമാഅത്തെ പോലുള്ള ഒരു വരേണ്യഗ്രൂപ്പിന് കേരളം പോലുള്ള ഒരു സ്ഥലത്ത് നേരിട്ട് വർഗീയത പ്രമോട്ട് ചെയ്യാനാവില്ല. ന്യൂനപക്ഷമാവുമ്പോൾ വാജ്പേയിയുടെ മുഖവും ഭൂരിപക്ഷം കിട്ടുമ്പോൾ മോദിയുടെ മുഖവും പ്രത്യക്ഷപ്പെട്ടതു പോലെയാണ് കേഡർസ്വഭാവമുള്ള ഏതു വർഗീയ പാർട്ടിയുടെയും സ്വഭാവം. ജമാഅത്ത് ഇസ്ലാമിക്കാർ ഏറ്റവും ശാന്തരായി വൃത്തിയായി സംസാരിക്കുന്നവരാണ്. അവരുടെ ആ വരേണ്യതയുടെ പരിമിതി പരിഹരിക്കപ്പെട്ടത് എൻ.ഡി.എഫ് എന്ന തീവ്രവാദസ്വഭാവമുള്ള സംഘടനയിലൂടെയാണ്. ജമാഅത്ത് നേതാക്കളുടെ നിശ്ശബ്ദ പിന്തുണ അതിനു ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിൽ പലയിടത്തും സദാചാരപോലീസായി മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു മേൽ അവർ കൈകടത്തിയിരുന്ന കാര്യം യുക്തിവാദി നേതാവായ ഇ.എ. ജബ്ബാർ മാഷ് ഓർത്തെടുക്കുന്നുണ്ട്. സൗദിയിലെ മതപോലീസിൻ്റെ റോളാണ് അവർ നിർവ്വഹിച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്നവരായിരുന്നില്ല അതിൻ്റെ അണികൾ എന്നത് ശരിയാവാം. പക്ഷേ തലച്ചോറ് അതിൻ്റെ തന്നെയായിരുന്നു. മൗദൂദിയുടെ പ്രത്യയശാസ്ത്രത്തിൻ്റെ തലയും അജ്ഞതയും അതിവൈകാരികതയും അന്യമതങ്ങളോടുള്ള അസഹിഷ്ണുതയും ചേർന്ന ഉടലുമുള്ള ഒരു വിചിത്ര ജീവിയായിരുന്നു അത്. അതിൻ്റെ തുടർച്ച പിന്നെയും ഉണ്ടാകുന്നുണ്ടല്ലോ.

ഇന്ന് ഇടതുപക്ഷം സ്ഥാനത്തും അസ്ഥാനത്തും ഉയർത്തുന്ന ജമാഅത്തെ വിമർശനം ആ പ്രസ്ഥാനത്തിന് സമുദായത്തിനുള്ളിൽ മുമ്പില്ലാത്ത സ്വീകാര്യത ലഭിക്കുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്. നാളിതുവരെ ഉള്ളിലുള്ള കൊടിയവൈരം മറന്ന് സമുദായത്തിൻ്റെ രക്ഷകരായി സുന്നി മുജാഹിദ് വിഭാഗങ്ങൾ അവരെ കാണുന്ന അവസ്ഥയിലേക്ക് അത് മാറുന്നുമുണ്ട്. മുസ്ലിം സമുദായത്തിൽ രണ്ടുശതമാനം പോലുമില്ലാത്ത ഒരു സംഘടനയെ വിമർശനത്തിൻ്റെ കേന്ദ്രസ്ഥാനത്തേക്ക് കയറ്റി നിർത്തുക വഴി നാളിതുവരെയില്ലാത്ത ദൃശ്യതയിലേക്ക് ആ സംഘടനയെ കൊണ്ടു നിർത്തുകയാണ് സി.പി.എം ചെയ്തത്. മറ്റെല്ലാ മുസ്ലിം സംഘടനകളും അത്രമേൽ വെറുത്തിരുന്ന ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സമുദായത്തിൻ്റെ രക്ഷകസ്ഥാനത്തേക്ക് ഉയർത്തുകയാണ് സത്യത്തിൽ ഉണ്ടായത്.
സാംസ്കാരികമായ കലർപ്പിനെ ഏറ്റവും അപകൃഷ്ടമായി കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദിൻ്റെയും കാഴ്ചപ്പാടിൽ സുന്നികൾ ബഹുദൈവരാധന നടത്തുന്ന അന്ധവിശ്വാസികളും അപരിഷ്കൃതരുമാണ്. അവിശ്വാസികളും മുസ്ലിങ്ങളല്ലാത്തവരും ജമാഅത്തിൻ്റെ രാജ്യത്ത് രണ്ടാം തരം പൗരരാണ്. വണ്ടൂർ സംവരണമണ്ഡലമായതുകൊണ്ട് ഭൂരിപക്ഷ മുസ്ലിംങ്ങൾക്ക് അവരുടെ സമുദായത്തിലുള്ള ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്നു എന്ന് മുമ്പ് ഒ. അബ്ദുള്ള പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ബഹുസ്വരതയെ ഉൾക്കൊള്ളുന്ന സുന്നി സമുദായത്തിൽ നിന്ന് ഇത്തരമൊരു വാചകം പുറത്തു വരുമെന്നു തോന്നുന്നില്ല.
ജമാഅത്തെ ഇസ്ലാമി സിപിഎമ്മിൻ്റെ കൂടെ ചേർന്ന് ലീഗിനെയും കോൺഗ്രസിനെയും നിരന്തരം വിമർശിച്ചിരുന്ന ഒരു കാലം വിദൂരമല്ല. സ്വന്തം രാഷ്ട്രീയം മറന്ന് വളരെ ചെറിയൊരു ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിക്കെതിരെ തോക്കു ചൂണ്ടിയാൽ ഭൂരിപക്ഷ ഹിന്ദുവോട്ട് സമാഹരിക്കാനാവും എന്ന തന്ത്രമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. അത് പരാജയപ്പെടുമ്പോഴാകട്ടെ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പരാജയത്തിനു കാരണം മുസ്ലിംങ്ങളാണെന്ന തരത്തിൽ മുസ്ലിം വിരുദ്ധത ആ പാർട്ടിയെ ആഴത്തിൽ ഗ്രസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മുസ്ലിങ്ങൾക്ക് നിർണായകമായ സ്വാധീനമുള്ള ഇടങ്ങളിൽ മാത്രം പരാജയത്തിനു കാരണം ജമാഅത്തെ ഇസ്ലാമി. അതും ആയിരം വോട്ടു തികച്ചില്ലാത്ത പാർട്ടി. തൃക്കാക്കരയിലോ മറ്റിടങ്ങളിലോ മറ്റുമതക്കാരോ ജാതിക്കാരോ കുറ്റവാളികളാവില്ല.
ജമാഅത്തിൻ്റെ ലീഗ് വിരുദ്ധതയ്ക്ക് പിന്നിൽ അതിൻ്റെ മുസ്ലിം ബഹുജനപിന്തുണയാണ്. അതില്ലാതാക്കാൻ ലീഗിനെതിരെ ഉയർന്നു വരുന്ന എല്ലാ നീക്കങ്ങള്ളെയും അവർ പല വിധത്തിൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു പ്രത്യയശാസ്ത്രം എന്തു പറയുന്നു എന്നതിനെക്കാൾ അത് പ്രവർത്തിക്കുന്ന സാമൂഹിക പരിസരം അതിനെ എങ്ങിനെ നിയന്ത്രിക്കുന്നു എന്നതും പ്രധാനമാണ്. കമ്യൂണിസം എന്ന പ്രത്യയശാസ്ത്രം ഉന്നതമായ മനുഷ്യസ്നേഹം മുന്നോട്ടു വെക്കുന്ന ഒന്നാണെങ്കിലും പ്രയോഗത്തിൽ എവിടെയും അത് സമഗ്രാധിപത്യ സ്വഭാവമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ബംഗാളിൽ ജനാധിപത്യഘടനയിൽ പോലും അതെത്രമേൽ ജനവിരുദ്ധമായി മാറി എന്നു നോക്കുക.
ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രത്തിനു പിന്നിൽ തീവ്രമതബോധവും ദൈവനീതിക്കു കീഴടങ്ങലുമല്ലാതെ മനുഷ്യ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരുള്ളടക്കവുമില്ല. ഇറാനിൽ മതവാദികളും കമ്യൂണിസ്റ്റുകളും ഒന്നിച്ചാണ് ഷായ്ക്കെതിരെ വിപ്ലവം നടത്തിയതെങ്കിലും അധികാരം കൈയ്യിലെത്തിയതോടെ അവർ കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്തു. കേരളത്തിലെത്തുമ്പോൾ ഈ രണ്ടു പ്രത്യയശാസ്ത്രങ്ങൾക്കും ജനാധിപത്യഘടനയ്ക്കുള്ളിലേ പ്രവർത്തിക്കാനാവൂ എന്നത് ആശ്വാസകരമാണ്. സുന്നികൾക്ക് ഒരു കേന്ദ്രീകൃത പൗരോഹിത്യമില്ല. ഒരു പള്ളി എ.പി വിഭാഗത്തിൻ്റെ ആയാലും അദ്ദേഹത്തിന് ആ പള്ളിയുടെ കാര്യത്തിൽ ഇടപെടാൻ കഴിയുകയില്ല. പള്ളി കമ്മറ്റിയാണ് അതിൻ്റെ അവസാന വാക്ക്. എന്നാൽ ജമാഅത്തിന് അതിൻ്റെ സംഘടനയിൽ അമീർ മുതൽ താഴേക്ക് കൃത്യമായി മതാത്മകമായ ഒരു അധികാര ഘടനയുണ്ട്.

സി.പി.എമ്മിൻ്റെ ജമാഅത്തെ വിരുദ്ധതയ്ക്കു പിന്നിൽ വോട്ടു രാഷ്ട്രീയമാണെങ്കിൽ ലീഗിനേക്കാൾ വർഗീയമായ കേരള കോൺഗ്രസിൻ്റെയും നിരന്തരം മുസ്ലിം വിരുദ്ധത വിളമ്പുന്ന വെള്ളാപ്പള്ളിയുടെയും തോളിലിരുന്നാണ് ലീഗിനെയും ജമാഅത്തിനെയും വർഗീയ പാർട്ടിയാക്കുന്നത് എന്ന ചിന്ത മുസ്ലിം സമുദായത്തിനുള്ളിലുണ്ട്. ആഭ്യന്തരവകുപ്പ് സംഘിവൽക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നത് സി.പി.എമ്മിനുള്ളിൽ തന്നെ അഭിപ്രായമുണ്ട്. അത്തരത്തിൽ ഒരുഹിന്ദു വിരുദ്ധത മുസ്ലിം സമുദായത്തിൽ സൃഷ്ടിക്കുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് താനും. അതിനുള്ള വകകൾ സി.പി.എം യഥേഷ്ടം നൽകുന്നുമുണ്ട്.
ഹിന്ദുസമൂഹത്തിലെ ജാതി പോലെയല്ല, അടിസ്ഥാന ആശയങ്ങളിലുള്ള വ്യത്യാസവുമല്ല, ഒരു ബഹുസ്വരസമൂഹത്തിൽ അതതിടങ്ങളിലെ സാംസ്കാരികതയോട് ഇസ്ലാം എങ്ങിനെ ഇടപെടണമെന്ന സമീപനരീതിയെക്കുറിച്ചുള്ള വ്യത്യാസമാണ് ഇവിടെ കാണാവുന്നത്. തദ്ദേശീയമായ സംസ്കാരത്തോട് കലർന്ന്, ആ ബഹുസ്വരതയെ മാനിച്ചും ഉൾക്കൊണ്ടും മുന്നോട്ടു പോകുന്ന ഒരു സമീപനമാണ് ഏറ്റവും അഭിലഷണീയം.
