ജീമോൻ ജേക്കബ്

ഓർമകളില്ലാത്ത പുതിയ ജനതയും
പിണറായിയുടെ മൂന്നാമൂഴ സ്വപ്നവും

ജാതിരാഷ്ട്രീയത്തേക്കാളേറെ ലാഭം കൊതിക്കുന്നവരുടെ രാഷ്ട്രീയക്കളരിയായി കേരളം മാറി. അവരെ കണ്ടെത്തി സന്ധി ചെയ്യുന്നതിലും അവരോട് വിലപേശുന്നതിലും സി.പി.എം വിജയിച്ചു. സമീപകാല രാഷ്ട്രീയത്തിൽ അത്തരം പ്രവണതയാണ് അടിസ്ഥാന വിജയത്തിന്റെ ഹേതു- ജീമോൻ ജേക്കബ് എഴുതുന്നു.

കേരളം പുതിയ രാഷ്ട്രീയദിശയിലാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മും പാർട്ടിയുടെ നേതൃനിരയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ മൂന്നാമൂഴം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നു.

15-ാമത് കേരള നിയമസഭയുടെ കാലാവധി 2026 മേയിൽ പൂർത്തിയാക്കി തെരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് സി.പി.എം. കൊല്ലത്ത് സമാപിച്ച പാർട്ടി സംസ്ഥാന സമ്മേളനം മൂന്നാമൂഴം ഉറപ്പാക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് മുന്നോട്ടുവെച്ചത്.

കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനം ഇടത് ഭരണത്തിലാണ്. 2016-ൽ എൽ.ഡി.എഫ്, യു.ഡി.എഫിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയത് 43.48% വോട്ടും 91 സീറ്റും നേടിയാണ്. യു.ഡി.എഫിന് ലഭിച്ചത് 47 സീറ്റ്. ബി.ജെ.പി ഒ.രാജഗോപാലിലൂടെ നേമത്ത് അക്കൗണ്ട് തുറന്നു. പി.സി. ജോർജ് പൂഞ്ഞാറിൽ സ്വതന്ത്രനായി വിജയിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയത് 14.96 ശതമാനം വോട്ടും ബോണസായി ഒരു സീറ്റും.

ഭൂതകാല രാഷ്ട്രീയത്തിൽ നിന്ന് കേരളം മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. വർത്തമാന ജീവിതത്തിൽ മാത്രം ഊന്നൽ നൽകി ജീവിക്കുന്ന ജനത മാത്രമായി കേരളം വളരുകയോ തളരുകയോ ചെയ്തു. രാഷ്ട്രീയത്തിൽ വളപ്പൊട്ടുകൾ ശേഖരിക്കുന്നവരില്ല ഇന്ന് കേരളത്തിൽ.

അന്ന് സി.പി.എം പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ തന്റെ വാർത്താസമ്മേളനം എ.കെ.ജി സെന്ററിൽ ആരംഭിച്ചത് ഒരു തിരുത്തൽ പ്രഖ്യാപിച്ചാണ്. സ്വന്തം ജനനതീയതി 1944 മെയ് 24 ആണെന്ന് അദ്ദേഹം തിരുത്തി. ജന്മദിനത്തിന്റെ പിറ്റേന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട് അദ്ദേഹം പാർട്ടി നയപരിപാടികളിലും സർക്കാറിലും തിരുത്തൽ വരുത്തി.

അന്ന് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരണത്തിലെ ഇടവേള എടുത്ത് അവസരങ്ങൾക്കായി കാത്തിരുന്നു. അഞ്ചുവർഷം നിണ്ടു കാത്തിരിപ്പ്. കേരളത്തിലെ ജനാധിപത്യ ക്രമത്തിലെ പതിവ് ചട്ടമായിരുന്നു ഇടതിനെയും വലതിനെയും മാറിമാറി ‘അനുഗ്രഹി’ക്കുന്ന കേരള ജനത. എന്നാൽ പിണറായി വിജയൻ നന്നായി ഗൃഹപാഠം ചെയ്താണ് മുഖ്യമന്ത്രിക്കസേരയിലിരുന്നത്. തന്റെ പ്രതിസന്ധികളും അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. അതിനുവേണ്ട ടീമിനെ രൂപപ്പെടുത്തി. ആദ്യമായി സൈബർ യോദ്ധാക്കളെ പരിശീലിപ്പിച്ച് അണിനിരത്തി.

2016-ൽ അന്നത്തെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരണത്തിലെ ഇടവേള എടുത്ത് അവസരങ്ങൾക്കായി കാത്തിരുന്നു.
2016-ൽ അന്നത്തെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരണത്തിലെ ഇടവേള എടുത്ത് അവസരങ്ങൾക്കായി കാത്തിരുന്നു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ടെലിവിഷൻ ശൃംഖലകളും ഗവൺമെന്റിനെ പ്രതിസന്ധിയിലാക്കുമ്പോൾ സൈബർ ടീം മുഖ്യമന്ത്രിക്കും ഗവൺമെന്റിനുമായി അണിനിരന്നു. താൻ ശക്തനായ മുഖ്യമന്ത്രിയാണെന്ന സന്ദേശം നൽകാനാണ് പിണറായി വിജയൻ ഒന്നാം ദിവസം മുതൽ ശ്രമിച്ചത്. അതിന് അദ്ദേഹത്തെ പാകപ്പെടുത്തിയത് 16 വർഷം നീണ്ട പാർട്ടി സെക്രട്ടറി എന്ന പദവി.

പ്രതിപക്ഷം പിണറായിയുടെ അനുഭവ സമ്പത്തിനെയും രാഷ്ട്രീയ അടവുകളെയും എഴുതിത്തള്ളി. വി.എസിന്റെ ഉയർത്തെഴുന്നേൽപ്പിനായി കുരിശുവരച്ചു. പിന്നെ സ്വന്തം പാർട്ടിയിലുള്ളവരുടെ കുതികാൽ വെട്ടി; മുഖ്യമന്ത്രിക്കുപ്പായം നെയ്യാനും അളവെടുപ്പിച്ചു.

ഇതിനിടയിൽ ഓഖി വന്ന് കൊലവിളി നടത്തി. പിന്നീട് മഹാപ്രളയങ്ങൾ. 2020-ൽ കോവിഡ് മഹാമാരിയും. പ്രതിസന്ധികളായിരുന്നു ഒന്നാം പിണറായി സർക്കാറിന്റെ മാറ്റുരച്ചത്. പിന്നെ പരാജയപ്പെട്ട പ്രതിപക്ഷവും. അതൊക്കെ നിഷേധിച്ചാലും പ്രതിപക്ഷം ദുർബലമാകുമ്പോൾ ഭരണപക്ഷം കരുത്താർജിക്കും. അതിനുദാഹരണമാണ് ഒന്നാം പിണറായി സർക്കാർ.

പ്രതിസന്ധികളായിരുന്നു ഒന്നാം പിണറായി സർക്കാറിന്റെ മാറ്റുരച്ചത്. പിന്നെ പരാജയപ്പെട്ട പ്രതിപക്ഷവും. അതൊക്കെ നിഷേധിച്ചാലും പ്രതിപക്ഷം ദുർബലമാകുമ്പോൾ ഭരണപക്ഷം കരുത്താർജിക്കും. അതിനുദാഹരണമാണ് ഒന്നാം പിണറായി സർക്കാർ.

സ്വർണക്കടത്തും ബിരിയാണി ചെമ്പും വീണാ വിജയന്റെ പങ്കും കൊവിഡ് ഡാറ്റ വിൽപനയും ഒന്നും ഒന്നും ഏശിയില്ല ഇടതുമുന്നണിയെ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റും 45.43% വോട്ട് വിഹിതവുമായി വീണ്ടും അധികാരത്തിൽ. അതും പാർട്ടിയിലെ മൂന്ന് സിറ്റിങ് എം.എൽ.എമാരെയും അഞ്ച് മുൻമന്ത്രിമാരെയും മാറ്റിനിറുത്തി നേരിട്ട തെരഞ്ഞെടുപ്പിൽ. ഇത് സി.പി.എമ്മിൽ മുമ്പില്ലാത്ത ഒരു നടപടിയായിരുന്നു. പ്രതിപക്ഷം എല്ലാവിധ സന്നാഹങ്ങളോടെയും നേരിട്ടിട്ടും സ്വർണക്കടത്ത് ആരോപണം സർക്കാറിനെ അടിമുടി ഉലച്ചിട്ടും പിണറായി വീണില്ലെന്നു മാത്രമല്ല, രണ്ടാമൂഴത്തിൽ കൂടുതൽ കരുത്തനായി. പാർട്ടിയിലും ഗവൺമെന്റിലും അവസാന വാക്കായി.

ഈ വിജയമാണ് കേരളത്തിലെ പ്രതിപക്ഷം തിരിച്ചറിയാതിരുന്നത്. കോൺഗ്രസ് മാത്രമല്ല ബി.ജെ.പിയും. 2021-ലെ തെരഞ്ഞെടുപ്പിൽ അമിത പ്രതീക്ഷ പുലർത്തിയിരുന്ന രണ്ട് പാർട്ടികളാണ് കോൺഗ്രസും ബി.ജെപിയും. കോൺഗ്രസ് സ്വർണക്കടത്തിലും രാഹുൽ ഗാന്ധിയുടെ പ്രചാരണ തന്ത്രങ്ങളിലും വിജയം കൊതിച്ചപ്പോൾ ബി.ജെ.പി മോദി ഗ്യാരണ്ടിയിലും ക്രൈസ്തവ സഭകളുടെ പിന്തുണയിലും വൻ മുന്നേറ്റം സ്വപ്‌നം കണ്ടു. എക്‌സിറ്റ് പോളുകൾ എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ചപ്പോഴും കോൺഗ്രസ് ഭരണമാറ്റം പ്രതീക്ഷിച്ചു. പല നേതാക്കളും മുഖ്യമന്ത്രിക്കുപ്പായത്തിന് അളവെടുത്ത് കാത്തിരുന്നു.

കേരളത്തിലെ മാറിമാറി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്ക് അവസരമൊരുക്കുന്നതായിരുന്നു രാഷ്ട്രീയ മനോനില. എന്നാൽ, 2021-ൽ കേരളം പോളിങ് ബൂത്തിലെത്തിയപ്പോൾ പുതിയ രാഷ്ട്രീയ ചരിത്രം പിറന്നു. ഇടതുമുന്നണി വൻ ഭൂരിപക്ഷവുമായി അധികാരത്തിലേറി.

2021-ൽ കേരളം പോളിങ് ബൂത്തിലെത്തിയപ്പോൾ പുതിയ രാഷ്ട്രീയ ചരിത്രം പിറന്നു. ഇടതുമുന്നണി വൻ ഭൂരിപക്ഷവുമായി അധികാരത്തിലേറി.
2021-ൽ കേരളം പോളിങ് ബൂത്തിലെത്തിയപ്പോൾ പുതിയ രാഷ്ട്രീയ ചരിത്രം പിറന്നു. ഇടതുമുന്നണി വൻ ഭൂരിപക്ഷവുമായി അധികാരത്തിലേറി.

തുടർഭരണത്തിലൂടെ പിണറായി വിജയൻ യു.ഡി.എഫിന്റെ രാഷ്ട്രീയ ആത്മവിശ്വാസത്തെ തകർത്തു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന കിരീടം താഴെവെച്ചു. വി.ഡി. സതീശൻ പുതിയ പ്രതിപക്ഷ നേതാവായി. കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രാഷ്ട്രീയ ദൗത്യമില്ലാതെ നിശ്ശബ്ദമായി.

സി.പി..എം മൂന്നാമൂഴം ലക്ഷ്യമിടുന്നു. അതിനുള്ള സാധ്യതകളെക്കുറിച്ച് കേരളം ചർച്ച ചെയ്യുന്നു. അതിന് യോഗ്യതയില്ലെന്ന് പ്രതിപക്ഷം വിരൽചൂണ്ടുന്നു. അവർ നിരത്തുന്ന കാരണങ്ങൾ അഞ്ചാണ്.

-പിണറായി ഭരണം കേരളം മടുത്തു.
-കേരളം മാറ്റം കൊതിക്കുന്നു.
-പിണറായി ഭരണത്തിലൂടെ നടത്തിയ ധൂർത്ത് വികസനത്തെ പിന്നോട്ടാക്കി.
-അഴിമതിയും വ്യക്തിരാഷ്ട്രീയവും കടക്കെണിയും വഴി സി.പി.എം മൂലധന പാർട്ടിയായി.
-കോൺഗ്രസിനുമാത്രമേ കേരളത്തെ രക്ഷിക്കാനാകൂ.

കോൺഗ്രസ് അടുത്ത തെരഞ്ഞെടുപ്പിൽ കൊതിക്കുന്നത് പരശുരാമന്റെ അവതാരമാണ്. അവർക്ക് വേണ്ടത് ഒരു മഴുവും. അത് കേരളത്തിലെ ക്രിസ്ത്യാനികളും നായന്മാരും നൽകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

കേരളം ഇത്തരം പ്രതീക്ഷകളുടെ മൃതികുടീരമായിട്ട് കാലമേറെയായി. ഭൂതകാല രാഷ്ട്രീയത്തിൽ നിന്ന് കേരളം മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. വർത്തമാന ജീവിതത്തിൽ മാത്രം ഊന്നൽ നൽകി ജീവിക്കുന്ന ജനത മാത്രമായി കേരളം വളരുകയോ തളരുകയോ ചെയ്തു. രാഷ്ട്രീയത്തിൽ വളപ്പൊട്ടുകൾ ശേഖരിക്കുന്നവരില്ല ഇന്ന് കേരളത്തിൽ. അതിനാൽ കോൺഗ്രസിന്റെ വളപ്പൊട്ടും ചാന്തും കൂട്ടിയുള്ള രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുന്നു. ജാതിരാഷ്ട്രീയത്തേക്കാളേറെ ലാഭം കൊതിക്കുന്നവരുടെ രാഷ്ട്രീയക്കളരിയായി കേരളം മാറി. അവരെ കണ്ടെത്തി സന്ധി ചെയ്യുന്നതിലും അവരോട് വിലപേശുന്നതിലും സി.പി.എം വിജയിച്ചു. സമീപകാല രാഷ്ട്രീയത്തിൽ അത്തരം പ്രവണതയാണ് അടിസ്ഥാന വിജയത്തിന്റെ ഹേതു.

കോൺഗ്രസ് അടുത്ത തെരഞ്ഞെടുപ്പിൽ കൊതിക്കുന്നത് പരശുരാമന്റെ അവതാരമാണ്. അവർക്ക് വേണ്ടത് ഒരു മഴുവും. അത് കേരളത്തിലെ ക്രിസ്ത്യാനികളും നായന്മാരും നൽകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളം ആവശ്യപ്പെടുന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ്. യാത്ര ചെയ്യാൻ മികച്ച റോഡുകൾ, കൂടുതൽ തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ചികിത്സാസൗകര്യം, പവർക്കട്ടില്ലാതെ വേനലിൽ വിയർക്കാതെ കഴിയാനുള്ള സാഹചര്യം. അത് കൊതിക്കുന്ന ആരും ഗാന്ധിജിയെ ഓർക്കുന്നില്ല. എകെ.ജിയെ സ്മരിക്കുന്നില്ല. ചിലപ്പോൾ ഇന്ത്യൻ കോഫി ഹൗസിലെ കാപ്പി രുചിച്ചിട്ടുണ്ടാകുമെന്നുമാത്രം. ഈ പുതിയ ജനതക്ക് ഓർമകളില്ല. സ്വപ്‌നങ്ങൾ മാത്രം. ഈയൊരു രാഷ്ട്രീയ സാധ്യതയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമൂഴത്തിലൂടെ ലക്ഷ്യമിടുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പിന്തുണ. അതിനുവേണ്ടിയുള്ള രാഷ്ട്രീയ ചേരുവകൾ- അതാണ് കേരളത്തിലെ പ്രതിപക്ഷം തിരിച്ചറിയാത്തതും.

ഇനിയൊരിക്കലും നിഷേധ രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ പിന്തുണ ആർജിക്കാനാവില്ല. അതിനായി പുതിയ നേതൃനിര ഉയർന്നുവരണം. രാഷ്ട്രീയത്തേക്കാളുപരി വികസനത്തിന് ഊന്നൽ നൽകി, അതിന്റെ സാധ്യത മുന്നിൽക്കണ്ടായിരിക്കണം ഓരോ രാഷ്ട്രീയ പാർട്ടിയും മുന്നണിയും പ്രവർത്തിക്കേണ്ടത്.

മാർച്ച് 13-ന് കേരള ഹൗസിലെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച അപൂർവമായിരുന്നു.
മാർച്ച് 13-ന് കേരള ഹൗസിലെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച അപൂർവമായിരുന്നു.

മാർച്ച് 13-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുവേണ്ടി പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച അപൂർവമായിരുന്നു. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് കേരള ഹൗസിൽ കേന്ദ്രമന്ത്രിയ്ക്കും കേരളത്തിലെ എം.പിമാർക്കും പ്രഭാത ഭക്ഷണമൊരുക്കി, കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി നിവേദനം നൽകി. അതിലൂടെ പുതിയ രാഷ്ട്രീയമാണ് ഉരുത്തിരിഞ്ഞത്. സമന്വയത്തിലൂടെയും നയതന്ത്രത്തിലൂടെയും കേന്ദ്രസഹായം ഉറപ്പിക്കാനുള്ള സമീപനം. ഇതേ കേരളമാണ് സുപ്രീംകോടതിയിൽ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന ഹർജി നൽകുകയും ജന്തർമന്തറിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സമരമാർഗം സ്വീകരിച്ചതും.

കഴിഞ്ഞ ഒമ്പതു വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ പ്രായോജകരുടെ എണ്ണം കൂട്ടുന്നതിൽ പിണറായി വിജയൻ വിജയിച്ചിട്ടുണ്ട്.

അതിവേഗത്തിൽ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ സ്വീകരിക്കാനും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും മുഖ്യമന്ത്രി പിണറായി വിജയനുള്ള രാഷ്ട്രീയ വിവേകവും ഇച്ഛാശക്തിയുമാണ് ഇത്തരം നടപടികൾ സാധ്യമാക്കിയത്. കൂടാതെ, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പിന്തുണ നൽകാനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്നദ്ധതയും. ഇത്തരമൊരു സമീപനത്തിലൂടെ ഗവർണർ സംസ്ഥാനത്തിന്റെ യഥാർഥ ഭരണാധികാരിയായി മാറി, വെറും ഭരണഘടനാ സ്റ്റാമ്പല്ലെന്ന് തെളിയിച്ചു. ഈ യോഗത്തെ പിന്തുടർന്നുണ്ടായ വിവാദങ്ങൾ അൽപായുസ്സായി.

ഭരണത്തിന് തുടർച്ചയുണ്ടാകുന്നത് ഉറച്ച നേതൃത്വവും ഒരു പാർട്ടിയും പ്രായോജകരും പിന്തുണക്കുമ്പോഴാണ്. കഴിഞ്ഞ ഒമ്പതു വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ പ്രായോജകരുടെ എണ്ണം കൂട്ടുന്നതിൽ പിണറായി വിജയൻ വിജയിച്ചിട്ടുണ്ട്. 38,426 ബ്രാഞ്ചുകൾ, 2444 ലോക്കൽ കമ്മിറ്റികൾ, 210 ഏരിയ കമ്മിറ്റികൾ എന്നീ തലങ്ങളിലൂടെ സി.പി.എമ്മിന്റെ സുശക്തമായ കേഡർ സംവിധാനം ഗവൺമെന്റിനെ പിന്തുണക്കുന്നു. ഒരു നേതാവ്- ഗവൺമെന്റ് എന്ന തലത്തിലേക്ക് ബാഹ്യമായ പ്രകടനങ്ങളിലൂടെ സി.പി.എം ഫലപ്രദമായ രാഷ്ട്രീയ സംവിധാനമായി മാറിക്കഴിഞ്ഞു. അവരൊക്കെ ഭരണത്തിന്റെ പ്രയോജകരാണ്. അവർക്കിടയിൽ ഭിന്നതയില്ല.

പിണറായി വിജയന്റെ ഭരണത്തിൽ എല്ലാം ശരിയാണെന്ന് ആർക്കും അഭിപ്രായമില്ല. പാർട്ടിയിലും ഗവൺമെന്റിലും പുഴുക്കുത്തുകളുടെയും സ്തുതിപാഠകരുടെയും എണ്ണം പെരുകുന്നുണ്ട്.
പിണറായി വിജയന്റെ ഭരണത്തിൽ എല്ലാം ശരിയാണെന്ന് ആർക്കും അഭിപ്രായമില്ല. പാർട്ടിയിലും ഗവൺമെന്റിലും പുഴുക്കുത്തുകളുടെയും സ്തുതിപാഠകരുടെയും എണ്ണം പെരുകുന്നുണ്ട്.

എന്നാൽ പ്രതിപക്ഷത്തിന് കൂട്ടായ പ്രവർത്തനത്തിലൂടെ ബദൽ സൃഷ്ടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അവരുടെ പ്രശ്‌നം രാഷ്ട്രീയ വിശ്വാസ്യതയും പിണറായിയെ നേരിടുന്നതിലുള്ള പിഴവുമാണ്. കേരളത്തിന്റെ കാതലായ പ്രശ്‌നങ്ങളിൽപ്രതിപക്ഷത്തിന്റെ ഇടപെടൽ എത്രമാത്രം ക്രിയാത്മകമായിരുന്നുവെന്ന് വിലയിരുത്തുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കും. ചായം പൂശി നൃത്തം ചെയ്യുന്ന ഹോളി അല്ല കേരളത്തിലെ രാഷ്ട്രീയം. ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ രാഷ്ട്രീയ വെല്ലുവിളികൾ സൃഷ്ടിക്കാനാകൂ. ബൈറ്റുകൾ നിരന്തരം നൽകിയോ മാധ്യമ അജണ്ടക്കൊപ്പം താളം തുള്ളിയോ രാഷ്ട്രീയനേട്ടം കൈവരിക്കാനാകില്ല. അതിന് തെളിവാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

അധികാരം കുളിരും ഭരണം സുഖപ്രദവുമാണ്. അതിന്റെ ഗുണിതങ്ങൾ കൂടിച്ചേരുമ്പോൾ ഭരണവർഗവും അവരുടെ ആധിപത്യവും ഉണ്ടാകുന്നു. അതോടൊപ്പം പരിചാരകരും വാഴ്ത്തുപാട്ടുകാരും പക്കമേളക്കാരും അരങ്ങ് കൊഴുപ്പിക്കും.

പിണറായി വിജയന്റെ ഭരണത്തിൽ എല്ലാം ശരിയാണെന്ന് ആർക്കും അഭിപ്രായമില്ല. പാർട്ടിയിലും ഗവൺമെന്റിലും പുഴുക്കുത്തുകളുടെയും സ്തുതിപാഠകരുടെയും എണ്ണം പെരുകുന്നു. അനധികൃത ധനസമാഹരണത്തിലൂടെയും അഴിമതിയിലൂടെയും അവർ തടിച്ചുകൊഴുക്കുന്നു. അതിന് തടയിടാൻ പാർട്ടിക്കോ ഗവൺമെന്റിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. സി.പി.എമ്മിന്റെ ബഹുജന സംഘടനകൾക്ക് നേതൃത്വം നൽകുന്നവരും കുറ്റാരോപിതരാകുന്ന വസ്തുത ഒരു പ്രസ്ഥാനത്തിന്റെ ജീർണതയാണ് വെളിവാക്കുന്നത്. ആ ജീർണതയാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ ഏത് ഭരണനേതൃത്വത്തിനും സാധിക്കും. പക്ഷെ ഇ.കെ. നയനാരെയും ചടയൻ ഗോവിന്ദനെയും എൻ. ശ്രീധരനെയും എ.പി. വർക്കിയേയും ഗുരുദാസനെയും പാലോളിയേയും രൂപപ്പെടുത്താൻ ഒരു മഹാപ്രസ്ഥാനത്തിന് മാത്രമേ കഴിയൂ. ആ ഓർമ ഇല്ലാതാകുമ്പോഴാണ് പ്രസ്ഥാനങ്ങൾ തകരുന്നത്.

അധികാരം കുളിരും ഭരണം സുഖപ്രദവുമാണ്. അതിന്റെ ഗുണിതങ്ങൾ കൂടിച്ചേരുമ്പോൾ ഭരണവർഗവും അവരുടെ ആധിപത്യവും ഉണ്ടാകുന്നു. അതോടൊപ്പം പരിചാരകരും വാഴ്ത്തുപാട്ടുകാരും പക്കമേളക്കാരും അരങ്ങ് കൊഴുപ്പിക്കും. എപ്പോഴെങ്കിലും തിരശ്ശീല താഴ്ത്താതെ നാടകം അവസാനിക്കുന്നില്ല. രാഷ്ട്രീയ നാടകങ്ങൾക്കും സംഭവവികാസങ്ങൾക്കും തിരശ്ശീല എന്നും താണിരിക്കുന്നത് സ്‌ക്രിപ്റ്റിൽ ഇല്ലാതെ പോയ ആന്റി ക്ലൈമാക്‌സിലൂടെയാണ്. ചിലപ്പോൾ ദുരന്തപൂർണമായ അനുഭവത്തോടെയും.

Comments