എറണാകുളത്ത് നടന്ന 23-ാം സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ. / Photo: Muhammed Fasil, Truecopy Webzine

ജനാധിപത്യത്തെ അവിശ്വസിക്കാൻ
​പരിശീലിപ്പിക്കുന്ന രാഷ്ട്രീയം

കേരളത്തിൽ ഇന്ന് പരീക്ഷിക്കപ്പെടുന്ന ‘മുന്നണി രാഷ്ട്രീയ'ത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയ പൊതുമണ്ഡലം നമ്മുടെ സമൂഹത്തിന്റെ പൊതു ചർച്ചയുടെതന്നെ ഭാഗമാവണം.

താനും വർഷങ്ങൾക്കുമുമ്പ്, ശരിക്കും ആലോചിച്ചാൽ, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷമുള്ള നാളുകളിൽ, സി.പി. എമ്മിന്റെ ആധിപത്യരാഷ്ട്രീയത്തിനെ വിമർശിച്ചും, ഇതേ രാഷ്ട്രീയം കേരളത്തിൽ സിവിൽ സമൂഹത്തിന്റെ സാന്നിധ്യം തടയുന്നതിനെപ്പറ്റിയും ഞാൻ പൊതുയിടങ്ങളിൽ എഴുതുമ്പോൾ ഏറെ ബഹുമാനമുള്ള ഒരു എഴുത്തുകാരൻ എനിയ്ക്കെഴുതിയത്, ‘അന്ധമായ സി.പി.എം. വിരോധമാണ്' എനിയ്ക്ക് എന്നായിരുന്നു. ഇടതുപക്ഷത്തെ അയാൾ പ്രതിരോധിച്ചുകൊണ്ടേയിരുന്നു. ഈ പാർട്ടി മാത്രമാണ് നമ്മുടെ ചോയ്‌സ് എന്നായിരുന്നു എഴുത്തുകാരൻ വാദിച്ചത്. പാർലമെന്ററി ജനാധിപത്യത്തിൽ, അതിന്റെ ജൈവരാഷ്ട്രീയത്തെ അട്ടിമറിച്ച്​ പ്രത്യക്ഷപ്പെടുന്ന പാർട്ടികളുടെയും നേതാക്കളുടെയും സ്വേച്​ഛാധിപത്യത്തെ ചർച്ചചെയ്യാൻ അയാൾ വിസമ്മതിച്ചു.

ആ നാളുകളിൽത്തന്നെ ഈ എഴുത്തുകാരനെ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ആശയായുധങ്ങളോടെ വാദിക്കുന്ന ആളായും, അതേദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രിയാകാനിരിക്കുന്ന തന്റെ പ്രിയ സ്ഥാനാർഥിയുടെ കൂടെ ഹെലികോപ്ടറിൽ യാത്രചെയ്യുന്നതിന്റെ ‘സെൽഫി'യും എഴുത്തുകാരൻ ‘പോസ്റ്റ്’ ചെയ്തു. ഒരു കൊടുംകൊലപാതകമോ നമ്മുടെ സമൂഹത്തിൽ അക്രമാധിഷ്ഠിതമായ രാഷ്ട്രീയം സാധാരണമാംവിധം സ്വീകാര്യമാകുന്നതോ എഴുത്തുകാരനിൽ ആശങ്കയൊന്നും ഉയർത്തിയില്ല.

മകൻ അഭിനന്ദിനോടൊപ്പം ടി.പി. ചന്ദ്രശേഖരൻ

ജനാധിപത്യത്തെ ഓരോ സമൂഹവും പരിശീലിക്കുന്ന രീതികൾ അല്ല, ആ അനുഭവമല്ല, അയാളെ ഇങ്ങനെയൊരു നിലപാടിലേയ്ക്ക് എത്തിക്കുന്നത് എന്ന് തീർച്ചയായിരുന്നു. മറിച്ച്, ‘സുഖകരമായ ഒരു കമ്യൂണിസ്റ്റ് ആധിപത്യം' ഏറെ സമ്മതമെന്ന നിലപാടായിരുന്നു അയാളുടേത്​. ഒരുപക്ഷെ ഇത് കേരളത്തിന്റെ മാത്രം സവിശേഷതയുമായിരുന്നു: ജനാധിപത്യത്തെ പാർട്ടി സ്വേച്ഛാധിപത്യമായി, ഏക പാർട്ടി ഭരണമായി, സ്വീകരിക്കാൻ മടി കാണിക്കാത്ത ഒരു സമൂഹം എന്നവിധം പ്രകടമായ ഒരു രാഷ്ട്രീയം സാധൂകരിക്കപ്പെടുക. അല്ലെങ്കിൽ, ‘കമ്യൂണിസ'ത്തിന്റെ പ്രസിദ്ധമായ രണ്ട് പിളർപ്പുകളിൽനിന്ന്, രാഷ്ട്രീയപരവും തത്വചിന്താപരവുമായ പിളർപ്പുകളിൽ നിന്ന്, അതിനെ മാറ്റി, ഒരു നേതാവിന്റെ ആധിപത്യവാസനയിലേയ്ക്ക് മുഴുവൻ ആശയവും സമാഹരിക്കപ്പെടുന്നവിധം കേരളത്തിലെ സി.പി.എം. കഴിഞ്ഞ വർഷങ്ങൾകൊണ്ട് മാറിക്കഴിഞ്ഞിരുന്നു.

Photo: Muhammed Fasil, Truecopy Webzine

എനിയ്ക്കത് വിഷമിപ്പിക്കുന്ന പ്രശ്‌നമായി തന്നെ തോന്നി. ഇപ്പോഴും എനിയ്ക്കത് അങ്ങനെയാണ്. കേരളത്തിലെ ‘നവീന ഇടതുപക്ഷ'ത്തിന്റെയും ഇടതുപക്ഷ സാംസ്‌കാരിക വിമർശത്തിന്റെയും ആശയോത്പാദനത്തിലും ചെറിയ ഇടപെടലുകളിലും ഈ മനുഷ്യനും അയാളുടെ തലമുറയിലെ ചിലരും ഉണ്ടായിരുന്നല്ലോ എന്നുഞാൻ ഓർക്കുന്നുണ്ടായിരുന്നു. കുറേക്കൂടി പരിഷ്‌കൃതമായ, ആധിപത്യത്തെയും അക്രമത്തെയും അംഗീകരിക്കാത്ത, ഒരു ജനാധിപത്യരാഷ്ട്രീയത്തിന്റെ ആവശ്യം, വിശേഷിച്ചും പോസ്റ്റ് - സോവിയറ്റ് കാലത്ത്, ലോകമെങ്ങുമുള്ള ‘ഇടത് വൃത്തങ്ങളിൽ' ചർച്ചചെയ്യുന്ന ദശകങ്ങളിൽ, ഈ എഴുത്തുകാരനടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. എന്നാൽ, കേരളത്തിന്റെ സവിശേഷമായ മുന്നണി രാഷ്ട്രീയത്തിന്റെ നീണ്ടുനിന്ന ബൗദ്ധിക സാന്നിധ്യത്തിന്റെ ചിന്താവിരോധത്തിലേയ്ക്ക് ഈ നവീന ഇടതുപക്ഷധാരയും അവസരവാദപരമായ നിറമാറ്റത്തോടെ ചേരുകയായിരുന്നു. പക്ഷെ, ഇത്തരം ചർച്ചകളെയെല്ലാം തള്ളിക്കളഞ്ഞ്​ അധികാരത്തിന്റെ ഹിംസാത്മകമായ ഘനീകരണത്തിലേയ്ക്ക് സി.പി.എം. രാഷ്ട്രീയവും രാഷ്ട്രീയനേതൃത്വവും മാറുന്നതാണ് പിന്നീട് കാണുന്നത് - സി.പി.എമ്മിന്റെ ഭരണത്തുടർച്ചയോടെ ഈ രാഷ്ട്രീയാധിപത്യത്തിന് കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും ബൗദ്ധികലോകത്തും സ്വീകാര്യത കിട്ടി എന്നുകൂടി വാദിക്കുന്നതിലേയ്ക്കായിരുന്നു പിന്നെ നമ്മുടെ സാംസ്‌കാരികമണ്ഡലവും - ചില വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ഒപ്പം ചെന്നെത്തുന്നത്.

ജനാധിപത്യത്തെ അവിശ്വസിക്കുക എന്നത് ഇന്ന് മനുഷ്യസമൂഹത്തിനുതന്നെ അചിന്ത്യമായ ഒന്നാണ്. എന്നാൽ, ജനാധിപത്യസ്ഥാപനങ്ങളെ കീഴ്‌പ്പെടുത്തി ജനാധിപത്യത്തെ വെറുക്കുക എന്ന രാഷ്ട്രീയ പിൻവാങ്ങലിലേയ്ക്ക് എത്തുക എന്നത് നമുക്കുചുറ്റും സംഭവിക്കുന്ന ഒന്നാണ്. അത് നമ്മെ ഭയപ്പെടുത്തണം.

അതോടെ, പിണറായി വിജയനെ, ആ രാഷ്ട്രീയത്തെ, വിമർശിയ്ക്കുക അസാധ്യമായി. തന്നെ വിമർശിക്കുന്നത് കേരളത്തിന്റെ സർവോന്മുഖമായ വളർച്ചയെ വിമർശിക്കുക എന്ന തരത്തിൽ പിണറായി വിജയന്റെ തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വരാൻ തുടങ്ങി. അദ്ദേഹത്തിന്റെ മന്ത്രിസഭ തന്നെ ആ ക്യാപ്റ്റൻസിയിൽ നിഷ്പ്രഭമായി. മുതിർന്ന പാർട്ടി അംഗങ്ങൾ നിശബ്ദരായി. അല്ലെങ്കിൽ, ഒരു ജനാധിപത്യസമൂഹത്തിൽ വേണ്ടുന്ന ബഹുസ്വരതയുടെ രാഷ്ട്രീയത്തിന്റെ ധാർമികത തന്നെ ചോദ്യംചെയ്യപ്പെട്ടു. പഴയ ഏഷ്യൻ രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണാധിപനെ ഓർമിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ശരീരഭാഷ തന്നെ മാറി. ബാക്കി ആരും, എന്തും, പരിഹസിക്കപ്പെട്ടു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയസന്ദർഭം പുതിയതായിരുന്നു.

എന്നാൽ, നമ്മുടെ ഈ സ്വന്തം അഴിയലിനെ നമുക്കുതന്നെ ബോധ്യപ്പെടുത്താനെന്നവണ്ണം, അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്, ‘പിണറായി വിജയൻ പാർട്ടിയെ അല്ല, പാർട്ടി പിണറായി വിജയനെയാണ് നയിക്കുന്നത്' എന്നാണ്. കേരളീയസമൂഹം ഒത്തുതീർപ്പ് ആവുമെന്ന് തോന്നിയ പിണറായി വിജയന്റെ ‘ക്യാപ്​റ്റൻസി’ അതോടെ ഒരു പാർട്ടിപ്രശ്‌നവുമായി മാറി: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഒരു ക്ലാസിക്കൽ മുഹൂർത്തം സി.പി.എമ്മും അഭിമുഖീകരിക്കുകയായിരുന്നു.

സീതാറാം യെച്ചൂരി / Photo: Muhammed Fasil, Truecopy Webzine

യെച്ചൂരിയുടെത് വെറുമൊരു ‘പാർട്ടി പ്രസ്താവന'യായാണ് നമ്മൾ ആദ്യം വായിക്കുക. പക്ഷെ, അതിന്റെ സാമൂഹ്യമായ അർഥം, ‘പാർട്ടി രാഷ്ട്രീയ'ത്തിന് പുറത്താണ് സംഭവിക്കുന്നത്. പിണറായി വിജയൻ കേരളത്തിന്റെ ഒരോയൊരു ‘ക്യാപ്റ്റൻ' ആയി അവതരിപ്പിക്കപ്പെടുന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്, അഥവാ, ഈ പ്രസ്താവന നമ്മൾ വായിക്കുന്നത്.

ബി.ജെ.പി./ആർ. എസ്.എസ്. സഖ്യത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി ‘ഇടതുപക്ഷത്തിന്റെയും പുരോഗമനരാഷ്ട്രീയ'ത്തിന്റെയും ശക്തനായ നേതാവ് - അഥവാ, മോദിയ്ക്ക് ബദൽ പിണറായി വിജയൻ - ഇതായിരുന്നു ആ സമവാക്യം. എന്നാൽ, പിണറായി വിജയൻ മറ്റൊരർഥത്തിലാണ് കേരളത്തിൽ തന്റെ തന്നെ രാഷ്ട്രീയബദലിനെ സ്വീകാര്യമാക്കിയത്: കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ രാഷ്ട്രീയത്തെ ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയമുപയോഗിച്ച് ചിതറിക്കുക, അങ്ങനെ മുന്നണി രാഷ്ട്രീയത്തിന്റെ സാമൂഹ്യടിത്തറ നിർവീര്യമാക്കുക, അതിലൂടെ പാർട്ടിയുടെ (തന്റെ) അധീശാധികാരത്തെ പൊതുസമ്മതമാക്കുക. ഇതായിരുന്നു പിണറായി വിജയൻ പരീക്ഷിച്ചത്.

ഇന്ത്യയിൽ കേരളത്തിൽ മാത്രം അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ അടവുപരമായ രാഷ്ട്രീയമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. ഒരുപരിധി വരെ അത് ശരിയെന്നും തോന്നും. എന്നാൽ, ഇന്ത്യയിൽ വേരുറയ്ക്കുന്ന ‘ജനാധിപത്യവിരുദ്ധത'യുടെ രാഷ്ട്രീയത്തിലേയ്ക്ക് കേരളീയസമൂഹത്തിന്റെ പ്രവേശമാണ് ഇതിലൂടെ ‘അറിഞ്ഞോ' ‘അറിയാതെയോ' സംഭവിക്കുന്നത്. ഇത് സി.പി.എം. രാഷ്ട്രീയത്തെക്കാൾ, കുറഞ്ഞ പക്ഷം യെച്ചൂരിയുടെ സി.പി.എം. രാഷ്ട്രീയത്തെക്കാൾ, പിണറായി വിജയന്റെ ഇച്ഛയെ പ്രതിനിധീകരിക്കുന്ന ഒന്നാണ് എന്നതാണ് ശ്രദ്ധേയം. കേരളത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ദൂരവ്യാപകഫലങ്ങളുണ്ടാക്കാൻ പോകുന്ന ഒരു ചുവടുമാറ്റമായാണ് ഇതിനെ കാണേണ്ടത്.

സി.പി.എമ്മിന്റെ ‘ഹിന്ദു /കൃസ്ത്യൻ പ്രീണന' രാഷ്ട്രീയത്തെ ലഘുവായി മാത്രം കണ്ടും വിമർശിച്ചും നിന്ന മലയാളത്തിലെ ‘സെക്യുലർ എഴുത്തുകാരാണ്' പിന്നീട് അതിന്റെ സമ്മേളനങ്ങളിലും സാംസ്‌കാരികസ്ഥാപനങ്ങളിലും വരുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ‘ഹിന്ദു ഭൂരിപക്ഷ പാർട്ടി', ഇന്ന്, സി.പി.എം. ആയിരിക്കും, ആകണം. എങ്കിൽ, ആ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയത്തിനും, ബി.ജെ.പി. /ആർ.എസ്.എസ്. രാഷ്ട്രീയാധികാരത്തിനെന്നപോലെ, എതിരാളി കേരളത്തിലും ‘ഇസ്​ലാം' ആണ്. കേരളത്തിലെ മുസ്​ലിം ലീഗ് രാഷ്ട്രീയത്തെ നിസാരവൽകരിച്ചും രാക്ഷസീകരിച്ചും പിണറായി വിജയനും സി.പി.എം. നേതൃത്വവും കൊണ്ടുവന്ന രാഷ്ട്രീയ സംവാദം വലിയ എതിർപ്പില്ലാതെയാണ് നമ്മുടെ ബൗദ്ധിക ലോകം തന്നെ സ്വീകരിച്ചത്. ഉദാഹരണത്തിന്, സി.പി.എമ്മിന്റെ ഈ ‘ഹിന്ദു /കൃസ്ത്യൻ പ്രീണന' രാഷ്ട്രീയത്തെ ലഘുവായി മാത്രം കണ്ടും വിമർശിച്ചും നിന്ന മലയാളത്തിലെ ‘സെക്യുലർ എഴുത്തുകാരാണ്' പിന്നീട് അതിന്റെ സമ്മേളനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വരുന്നത്. ഇതിന്, ‘പാർട്ടി' കണ്ടെത്തിയ മാർഗം ‘ഇടതുപക്ഷ'ത്തെ ഒരിക്കലും സംശയിക്കാൻ അനുവദിക്കാതിരിക്കുക എന്നാണ്. ഇ.എം.എസിന്റെ കാലത്ത് എം. ഗോവിന്ദനും ഒ.വി. വിജയനും സി.ഐ.എ. ചാരന്മാരായിരുന്നെങ്കിൽ, ഇന്ന് പിണറായി വിജയനെ വിമർശിക്കുന്നവർ വികസന വിരോധികളും ജനദ്രോഹികളും ആകുന്നതിന്റെ കാരണം അതാണ്. അഥവാ, മുതലാളിത്തമോ സാമ്രാജ്യത്വമോ അല്ല ഇന്ന് എതിർപ്പിനാധാരം, പകരം ‘പാർട്ടി'യെ, അതിന്റെ ‘ക്യാപ്റ്റൻസി' യെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. കെ റെയിൽ പോലുള്ള പ്രശ്‌നങ്ങളിൽ ഈ നിലപാടിന്റെ വ്യക്തമായ ചിത്രം നമുക്ക് കിട്ടുന്നുമുണ്ട്.

പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയനെ സ്തുതിക്കുന്ന മെഗാ തിരുവാതിരകളുണ്ടായത് ഈ രാഷ്ട്രീയത്തിൽ നിന്നാണ്

സി.പി.എമ്മിന്റെ ആധിപത്യരാഷ്ട്രീയം, ലെനിനിസ്റ്റ് പാർട്ടി സങ്കൽപത്തിന്റെ ഉത്പന്നം എന്നാണ് നമ്മൾ ഇതുവരെ മനസ്സിലാക്കിയതെങ്കിൽ ഇന്ന് അത് അങ്ങനെയല്ല: ഭൂരിപക്ഷ വർഗീയതയിൽ തിടംവയ്ക്കുന്ന പാർട്ടി അധീശത്വത്തിന്റെ രാഷ്ടീയമാണ് സി.പി.എം. ഇന്ന് കേരളത്തിൽ ആഗ്രഹിക്കുന്നത്. അതിനൊപ്പം, ആ പാർട്ടിയ്ക്കുള്ളിലെത്തന്നെ നാമരൂപത്തിലുള്ള ‘തൊഴിലാളിവർഗ രാഷ്ട്രീയ'ത്തെ പുനർനിർണയിക്കുക. സ്വാഭാവികമായും, പാർട്ടിയ്ക്കുള്ളിൽത്തന്നെയുള്ള വമ്പിച്ച അധികാര കേന്ദ്രീകരണത്തെ എതിർക്കാൻ അശക്തമാവുന്ന നിലയിലേയ്ക്ക് അതിലെ നേതാക്കന്മാരും അണികളും അനുഭാവികളും മാറുന്നതിലെ പൊതുരാഷ്ട്രീയവും ഇതോടൊപ്പം വെളിപ്പെടുന്നു: ‘ജനാധിപത്യത്തെ അവിശ്വസിക്കുക, വെറുക്കുക' എന്നാണ്, അത്. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയനെ സ്തുതിക്കുന്ന മെഗാ തിരുവാതിരകളുണ്ടായത് ഈ രാഷ്ട്രീയത്തിൽ നിന്നാണ്.

ജനാധിപത്യം എന്നത് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ സംഭവിയ്ക്കുന്നതോ സംരക്ഷിക്കപ്പെടുന്നതോ ആയ ഒരു ജീവിതക്രമമല്ല എന്ന് കുറച്ചുപേരെങ്കിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം.

ഇത് കേരളീയർ ഗൗരവത്തോടെ കാണേണ്ട ഒന്നായാണ് എനിയ്ക്കു തോന്നുന്നത്. ജനാധിപത്യത്തെ അവിശ്വസിക്കുക എന്നത് ഇന്ന് മനുഷ്യസമൂഹത്തിനുതന്നെ അചിന്ത്യമായ ഒന്നാണ്. എന്നാൽ, ജനാധിപത്യസ്ഥാപനങ്ങളെ കീഴ്‌പ്പെടുത്തി ജനാധിപത്യത്തെ വെറുക്കുക എന്ന രാഷ്ട്രീയ പിൻവാങ്ങലിലേയ്ക്ക് എത്തുക എന്നത് നമുക്കുചുറ്റും സംഭവിക്കുന്ന ഒന്നാണ്. അത് നമ്മെ ഭയപ്പെടുത്തണം. ജനാധിപത്യം എന്നത് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ സംഭവിയ്ക്കുന്നതോ സംരക്ഷിക്കപ്പെടുന്നതോ ആയ ഒരു ജീവിതക്രമമല്ല എന്ന് കുറച്ചുപേരെങ്കിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. അധികാരത്തെ മാനുഷികമായ അനുഭവമാക്കാൻ ശ്രമിക്കുന്ന മനുഷ്യസമൂഹത്തിന്റെ തന്നെ പ്രവൃത്തിയായാണ് അതിനെ മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കിൽ, കേരളത്തിൽ ഇന്ന് പരീക്ഷിക്കപ്പെടുന്ന ‘മുന്നണി രാഷ്ട്രീയ'ത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയ പൊതുമണ്ഡലം നമ്മുടെ സമൂഹത്തിന്റെ പൊതു ചർച്ചയുടെതന്നെ ഭാഗമാവണം. എത്ര അവമതിക്കപ്പെടുമ്പോഴും അതൊരു ആവശ്യമായി നമ്മുടെ ബൗദ്ധിക ജീവിതത്തിന് തോന്നുകയെങ്കിലും വേണം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments