ഉമേഷ് വള്ളിക്കുന്നിനെ
പോലീസിൽനിന്ന് പിരിച്ചുവിട്ടു

പോലീസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമലംഘനങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും നിരന്തരം വിമർശിക്കുകയും പൊലീസ് സംവിധാനത്തിനുണ്ടാകേണ്ട കാലികമായ നവീകരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്ത സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.

News Desk

പോലീസ് സേനയിലെ ഉന്നതരുടെ അഴിമതികൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും പോലീസിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും നിരന്തരം എഴുതുകയും പ്രതികരിക്കുകയും ചെയ്യാറുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. നേരത്തെ തന്നെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ. ഉമേഷിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടായിരിക്കുന്നത്. 11 തവണ ഉമേഷിനെതിരെ വകുപ്പ് തല അച്ചടക്കനടപടികൾ എടുത്തുവെന്നും നിരന്തരമായി അച്ചടക്കം ലംഘിച്ചതിനാലാണ് പിരിച്ചുവിടുന്നതെന്നുമാണ് ഉത്തരവിൽ പറയുന്നത്. അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, സേനയുടെയും സർക്കാരിൻെറയും അന്തസ്സിന് കളങ്കം ചാർത്തൽ, ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതീകളെ ന്യായീകരിക്കൽ തുടങ്ങിയ കുറ്റങ്ങളും ഉമേഷിനെതിരെ പോലീസ് വകുപ്പ് ആരോപിക്കുന്നുണ്ട്.

“ഉത്തരവാദിത്വവും അച്ചടക്കവുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായ ഡ്യൂട്ടികളും കടമകളും ചെയ്യാൻ കടപ്പെട്ട ഉമേഷ് യു. വിൻെറ പേരിലുള്ള 11 അച്ചടക്ക നടപടികൾ പരിശോധിച്ചതിൽ നിന്നും സർവീസിൽ ഉണ്ടായ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ബോധ്യപ്പെടുകയും പോലീസിൻെറ കർത്തവ്യങ്ങൾ ചെയ്യുന്നതിൽ Behavioural Unfit (പെരുമാറ്റദൂഷ്യം) ആയ ഉദ്യോഗസ്ഥനാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.” ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിൽ ഉമേഷിന് പിരിച്ചുവിടുന്നതിനുള്ള കാരണം വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പത്തനംതിട്ട ജില്ലയിലെ ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അവസാനമായി ഉമേഷിനെ സസ്പെൻ്റ് ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം സസ്പെൻഷനിൽ തന്നെ കഴിയുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അവസാനമായി ഉമേഷിനെ സസ്പെൻ്റ് ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം സസ്പെൻഷനിൽ തന്നെ കഴിയുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അവസാനമായി ഉമേഷിനെ സസ്പെൻ്റ് ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം സസ്പെൻഷനിൽ തന്നെ കഴിയുകയായിരുന്നു.

ഉമേഷ് വള്ളിക്കുന്ന് നൽകിയ മറുപടി

നേരത്തെ തനിക്ക് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഉമേഷ് അക്കമിട്ട് മറുപടി പറഞ്ഞിരുന്നു. അദ്ദേഹം നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന മറുപടികൾ ഇങ്ങനെയാണ്:

“കുറ്റം 1

"ഡിജിപിക്കും യതീഷ് ചന്ദ്രയ്ക്കും കുടപിടിച്ചു കൊടുക്കുന്ന പോലീസുകാരെ കണ്ടു.

ഹേ കൂട്ടുകാരാ, നിങ്ങളെപ്പോഴാണ് നിങ്ങളുടെ പണി എന്തെന്നും നിങ്ങൾ രാജഭരണ കാലത്തെ കിങ്കരന്മാർ അല്ല എന്നും തിരിച്ചറിയുക" എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പോലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കി.

മറുപടി:

പോലീസുകാർ രാജഭരണകാലത്തെ കിങ്കരന്മാർ അല്ല എന്നും കുടപിടിച്ചു കൊടുക്കുന്നത് അവരുടെ പണിയല്ല എന്നും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.

കുറ്റം 2

കോഴിക്കോട് നടന്ന ഹർത്താലിൽ അക്രമമുണ്ടായതിൽ പോലീസ് മേധാവിയുടെ വീഴ്ച ചൂണ്ടിക്കാണിച്ച് ഫേസ് ബുക്ക്‌ പോസ്റ്റിട്ടു.

മറുപടി:

വീഴ്ച, വീഴ്ച തന്നെയാണ്. അത് മറ്റാരും ചൂണ്ടി കാണിക്കാത്തത് കൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ചു. അത് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നുള്ള നിലയിൽ പൊതുജനങ്ങളോടും ഡിപ്പാർട്ട്മെന്റിനോടും സർക്കാറിനോടും ഉള്ള എന്റെ ഉത്തരവാദിത്വമാണ്.

കുറ്റം 3

“കാട് പൂക്കുന്ന നേരം” എന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തു. പന്തീരങ്കാവ് UAPA കേസ് നിലനിൽക്കുന്ന സമയത്ത് ഭരണകൂട ഭീകരത പ്രമേയമാക്കിയ സിനിമയെക്കുറിച്ച് ആസ്വാദനം എഴുതി.

മറുപടി:

നല്ല സിനിമകളെ കുറിച്ചുള്ള ആസ്വാദനം എഴുതുന്നതിൽ യാതൊരു വിലക്കുമില്ല. സർക്കാർ ഉദ്യോഗസ്ഥനായ ഡോക്ടർ ബിജു എഴുതി സംവിധാനം ചെയ്തു സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് “കാട് പൂക്കുന്ന നേരം.” സിനിമകൾ കാണണം. എഴുതണം.

കുറ്റം 4

പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം നൽകിയ കോടതിവിധി വായിക്കണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു.

മറുപടി:

എല്ലാ സുപ്രധാന കോടതിവിധികളും വായിച്ചിരിക്കുന്നത് പോലീസുകാർക്ക് വളരെ നല്ലതാണ്.

കുറ്റം 5

ആതിര കെ കൃഷ്ണൻ എന്ന യുവതിയെ പ്രണയിച്ചു എന്നും മറ്റും.

മറുപടി:

ഈ നാലാംകിട ആരോപണത്തിന് മറുപടി ഇനിയും പറയേണ്ടതുണ്ടോ സർ? ഇപ്പോഴും ഇതൊക്കെ പറഞ്ഞു നോട്ടീസ് അയക്കാൻ താങ്കൾക്ക് ലജ്ജയില്ലേ എന്ന് ചോദിക്കാൻ (‘ഉളുപ്പില്ലേ?’ എന്ന് ഞങ്ങളുടെ നാട്ടിലെ ഭാഷ) ഈ അവസരം വിനിയോഗിക്കുന്നു.

കുറ്റം 6

ആതിരയെ പ്രണയിച്ചതിന് സസ്പെൻഡ് ചെയ്ത ഉത്തരവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങളോട് അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

മറുപടി:

ഒരു ഐ.പി.എസ് ഓഫീസറുടെയും ശിങ്കിടികളുടെയും നാലാംകിട സദാചാര ഗുണ്ടായിസത്തെ ജനം തിരിച്ചറിയാൻ എന്റെ പോസ്റ്റും സംസാരവും ഉപകരിച്ചു. ജനങ്ങളുടെയും സഹപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ശക്തമായ പിന്തുണ ലഭിച്ചതിനാൽ ഞങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഇന്നും തലയുയർത്തി തന്നെ ജീവിക്കുന്നു.

കുറ്റം 7

കോവിഡ് മാറിയിട്ടും കോവിഡിന്റെ പേരിൽ ടാർജറ്റ് വെച്ച് പിഴ ഈടാക്കുന്നതിനെ കുറിച്ച് ലേഖനം എഴുതി.

മറുപടി:

കോവിഡ് കാലത്ത് സാമ്പത്തികമായി തകർന്ന സാധാരണക്കാരെ, അതേ കോവിഡിന്റെ പേരിൽ പിഴയടപ്പിച്ച് ഖജനാവിലേക്ക് വരുമാനം ഉണ്ടാക്കുന്ന പരിപാടിക്ക് അവസാനം കുറിക്കാൻ ഞാനും ഒരു കാരണമായി എന്നതിൽ അഭിമാനം കൊള്ളുന്നു.

കുറ്റം 8

ഞാനും ആതിരയും നേരിട്ട നായാട്ടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.

മറുപടി:

നിശബ്ദരായാൽ നായാട്ട് തുടർന്നു കൊണ്ടേയിരിക്കും. ഒളിയമ്പെയ്തു കൊല്ലും. അതുകൊണ്ട് ഞങ്ങൾ ശബ്ദിച്ചുകൊണ്ടേയിരിക്കും. നിങ്ങൾ ശബ്ദത്തിന്റെ പുറകെ ഓടിക്കൊണ്ടേയിരിക്കും.

ഉമേഷ് വള്ളിക്കുന്ന്  കേരളാപോലീസിൽ ഡ്യൂട്ടി  ചെയ്ത അവസാന ദിവസത്തെ ചിത്രം. പത്തനംതിട്ടയിലെ സഹപ്രവർത്തകരോടൊപ്പം.
ഉമേഷ് വള്ളിക്കുന്ന് കേരളാപോലീസിൽ ഡ്യൂട്ടി ചെയ്ത അവസാന ദിവസത്തെ ചിത്രം. പത്തനംതിട്ടയിലെ സഹപ്രവർത്തകരോടൊപ്പം.

കുറ്റം 9

ലൊടുക്ക ഹെൽമെറ്റ് നൽകി പോലീസുകാരെ കൊലയ്ക്ക് കൊടുക്കുന്നതിനെതിരെ പ്രതികരിച്ചു.

മറുപടി:

ഇതിനൊക്കെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിന് സർ?

കുറ്റം 10

പോലീസുകാരുടെ സാലറി റിക്കവറിയും ഡാറ്റയും സ്വകാര്യ ബാങ്കിന് നൽകാനുള്ള നീക്കം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി പരസ്യപ്പെടുത്തി പദ്ധതി പൊളിച്ചു.

മറുപടി:

തലപ്പത്തിരിക്കുന്ന ആരൊക്കെയോ ചേർന്ന് പോലീസുകാരുടെ കഞ്ഞിയിൽ കയ്യിട്ടുവാരുന്ന ഇടപാട് ആയിരുന്നു സാറേ, അത്. കോടികളുടെ കൈക്കൂലിക്ക് സാധ്യതയുള്ളതും. ഒരുപാട് പോലീസുകാരുടെ ആത്മാർത്ഥമായ ശ്രമം കൊണ്ടാണ് അത് പൊളിഞ്ഞത്. അതിൽ നമ്മുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും പങ്കാളിയായി എന്നതിൽ അഭിമാനം.

കുറ്റം 11

സായ എന്ന സംഘടന സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൽ പങ്കെടുത്തു.

മറുപടി.

ഇതൊക്കെ പിരിച്ചുവിടാനുള്ള ഒരു കുറ്റമാണോ സാറേ? നമ്മുടെ ചില സാറന്മാര് വനിതകളോട് ചെയ്യുന്നത് കാണുന്നില്ലേ സാറേ? അവന്മാരൊക്കെ അകത്തും, വനിതാദിനത്തിൽ പങ്കെടുത്ത ഞാൻ പുറത്തും! സത്യത്തിൽ സാറിന് ഒരു പ്രശ്‌നവും തോന്നുന്നില്ലേ? സാറും ഈ സിസ്റ്റം ഇങ്ങനെ തന്നെ പോകട്ടെ എന്ന് ആഗ്രഹിക്കുന്ന ആളാണോ?”

Comments