കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ നിന്ന്​

തെറ്റിനും തിരുത്തലിനും ഇടയിലൂടെ
​സി.പി.എമ്മിന്​ എത്രത്തോളം മുന്നേറാനാകും?

ചരിത്രപരമായി സംഭവിച്ച തിരിച്ചടികൾ സി.പി.എം തുറന്നുപറയുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ മൗലികമായ പ്രത്യേകതയാണിത്​. തെറ്റിനെ ഭയപ്പെടാത്തവരാണ് കമ്യൂണിസ്റ്റുകാർ, അതേസമയം തെറ്റ് തിരുത്തുകയും ചെയ്യും. മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടത്, ചെയ്ത തെറ്റുകൾ അംഗീകരിക്കുകയും തിരുത്തുകയുമാണ്.

ന്ത്യയിൽ, കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങളിൽ സ്വാധീനം നഷ്ടപ്പെടുന്നു എന്ന വിഷയം, കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചാവിഷയമാണ്​. ഈ സാഹചര്യം ഇന്ത്യയുടെയോ ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ സാഹചര്യത്തിലല്ല പരിശോധിക്കേണ്ടത്. ലോകത്തിൽ മൊത്തം ഇങ്ങനെയൊരവസ്ഥയുണ്ട്.

ജനങ്ങൾക്കിടയിൽ മൊത്തത്തിൽ ഒരു അപ്പീൽ, കമ്യൂണിസ്​റ്റ്​പ്രസ്ഥാനങ്ങൾക്കില്ലായിരുന്നു. അവർക്കുള്ള അപ്പീൽ, അപ്പർ മിഡിൽ ക്ലാസിലായിരുന്നു. ആശയപരമായും വീക്ഷണത്തിന്റെ കാര്യത്തിലും ചിന്തിക്കുന്ന വർഗമാണ് അത്​. അപ്പർ മിഡിൽ ക്ലാസിന് രണ്ട് സ്വാധീന മേഖലകളുണ്ട്- അക്കാദമിയയും മീഡിയയും. ഈ രണ്ട് രംഗങ്ങളിലും അവരുടെ അഭിപ്രായങ്ങളാണ് പൊതുഅഭിപ്രായങ്ങളായി പോകുന്നത്, അവർ പറയുന്ന കാര്യങ്ങളാണ് സാമൂഹികമായ കാര്യങ്ങളായി അംഗീകരിക്കപ്പെടുന്നത്. അത് വിമർശന രഹിതമായിട്ടാണ് അംഗീകരിക്കപ്പെടുന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന, സമാനതയിലൂന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാൻ, മാർക്​സിസ്​റ്റ്​ പാർട്ടിക്ക്​ കഴിഞ്ഞിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നു, അനീതിയ്ക്ക് ഇരയാകുന്നവരെ അവഗണിക്കുകയും അവരെ കൂടുതൽ കൂടുതൽ അശക്തരാക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനോ പ്രതിരോധിക്കുന്നതിനോ ഉള്ള കഴിവ് സാധാരണ ജനങ്ങളിലുണ്ടായിരുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതുതന്നെ ദാരിദ്ര്യവും നിരക്ഷരതയുമാണ്. അത്തരമൊരവസ്ഥയിൽ സാധാരണ ജനങ്ങളിലേക്ക് ആശയങ്ങളും പ്രത്യയശാസ്ത്രവും ഇറങ്ങിച്ചെന്നിരുന്നത് ഈ അപ്പർ മിഡിൽ ക്ലാസിലൂടെയായിരുന്നു. ഇവരിലേക്ക് ഇത് ഇറങ്ങിച്ചെന്നത് ചില പ്രാദേശിക ആശയങ്ങളും പ്രയോഗങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഇന്ത്യയിൽ വളരെ പോപ്പുലറായ ഒരു അപ്പീൽ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നില്ല. മാത്രമല്ല, പലപ്പോഴും പൊതുജനങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെടുന്ന പ്രക്രിയയും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

ഇടത്തോട്ടുനോക്കി, വലത്തോട്ടുപോകുന്ന ഇടതുമുന്നണി

1952ലെ ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് എടുത്തുനോക്കൂ. കമ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയുമായി സഖ്യം ചേർന്ന് ഡോ. ബി.ആർ. അംബേദ്കറെ പരാജയപ്പെടുത്തുകയാണ് ചെയ്തത്, മുംബൈയിൽ നിന്ന്. അംബേദ്കർക്ക് വിപുലമായി അംഗീകരിക്കപ്പെടുന്ന ഒരു അപ്പീലുണ്ടായിരുന്നു. അംബേദ്കറെ തോൽപ്പിക്കുന്ന ഒരു പ്രസ്ഥാനം തങ്ങൾക്ക് എതിരാണെന്ന ഒരു വിശ്വാസവും ധാരണയും രൂഢമൂലമായി ചില ജനവിഭാഗങ്ങളിലുണ്ടായിരുന്നു. കമ്യൂണിസ്​റ്റുകാരേക്കാൾ റാഡിക്കലായി ചിന്തിച്ചിരുന്നവർ അന്നുണ്ടായിരുന്നു. സാമൂഹികമായി ചിന്തിക്കുമ്പോൾ ഏറ്റവും റാഡിക്കലായ ആശയങ്ങളും പ്രതിരോധശക്തിയും ഉടലെടുക്കുന്നത് തമിഴ്‌നാട്ടിലാണ്. ഡി.എം.കെയും അണ്ണാദുരെയുമൊക്കെ മുന്നോട്ടുവച്ചത് അത്തരം തീവ്രമായ കാഴ്ചപ്പാടാണ്. മാന്യതയുടെ മുഖമുള്ള ഒരു രാഷ്ട്രീയമായിരുന്നില്ല അത്. അത് എതിർപ്പി​ന്റേ
തായിരുന്നു. മഹാരാഷ്ട്രയിൽ മഹാത്മാ ഫൂലേയുടെ നേതൃത്വത്തിൽ ഇത്തരം ആശയങ്ങൾ ശക്തമായി വന്നു. ഇവരെയൊന്നും സ്വാംശീകരിച്ച് വേരോടാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല. അവർ കുറെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും കൊണ്ടുവരുന്നു. അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇവ സാമൂഹികമായി വേരോടിയാലേ അവ ക്ഷയിക്കാതിരിക്കുകയുള്ളൂ.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

പശ്ചിമ ബംഗാളിലും ത്രിപുരയിലും തങ്ങൾക്ക് ശക്തി ക്ഷയിച്ചു എന്ന് സി.പി.എം പറയുന്നുണ്ട്. പശ്ചിമ ബംഗാൾ ഒരു ക്ലാസിക് കേസാണ്. 34 വർഷം സി.പി.എമ്മും 23 വർഷം മുഖ്യമന്ത്രിയായി ​ജ്യോതിബസുവും അധികാരത്തിലിരുന്നു. തുടർച്ചയായി അധികാരത്തിലിരിക്കുക എന്നതുതന്നെ രാഷ്ട്രീയ മുരടിപ്പും പ്രത്യയശാസ്ത്ര മുരടിപ്പുമാണ് കാണിക്കുന്നത്. പാർട്ടി ഇപ്പോൾ പറയുന്ന കാര്യങ്ങൾ - കുറ്റസമ്മതം നടത്തലും തെറ്റു പറ്റി എന്നു പറയുന്നതും - പുതിയ കാര്യങ്ങളല്ല.
പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അവർ ആ പ്രത്യയശാസ്ത്രത്തോട് തുടർന്നും പ്രതിബദ്ധത കാണിക്കുന്നുണ്ടോ എന്നത്​ പ്രധാനമാണ്​. അത്​ മാറ്റങ്ങൾക്ക് വിപരീതമായിക്കൊണ്ടാകണം എന്നില്ല. മാറ്റങ്ങളുണ്ടാകുക എന്നത് സാമൂഹിക നിയമമാണ്. കമ്യൂണിസ്റ്റ് പാർട്ടി മാറ്റം ഉൾക്കൊള്ളുന്നു എന്നതിൽ തെറ്റില്ല, എന്നാൽ, മാറ്റമുൾക്കൊള്ളുന്നത് മൗലികമായ ആശയങ്ങളും ചിന്താഗതികളും നിലനിർത്തിക്കൊണ്ടാണോ എന്നതാണ് ചോദ്യം.

ഇടതുമുന്നണി എന്നു പറയുന്നത് എപ്പോഴെങ്കിലും ഇടത്തോട്ടു നോക്കി, എപ്പോഴും വലത്തോട്ടു പോകുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ്. മുന്നണിക്ക് വലിയ പ്രസക്തിയില്ല.

ഇപ്പോൾ പറയപ്പെടുന്ന ഇടതുമുന്നണി എന്നതിൽനിന്നുവേണം ഈ ചർച്ച തുടങ്ങാൻ. ഇടതുമുന്നണി എന്നു പറയുന്നത് എപ്പോഴെങ്കിലും ഇടത്തോട്ടു നോക്കി, എപ്പോഴും വലത്തോട്ടു പോകുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ്. മുന്നണിക്ക് വലിയ പ്രസക്തിയില്ല. കേരളത്തിൽ ഇടത് എന്നാൽ മാർക്‌സിസ്റ്റ് പാർട്ടിയാണ്. മാർക്‌സിസ്റ്റ് പാർട്ടിക്ക് മറ്റു ഘടകകക്ഷികളുടെ അഭാവത്തിൽ നിലനിൽക്കാൻ കഴിയും. എന്നാൽ, മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മാർക്‌സിസ്റ്റ് പാർട്ടിയുടെ അഭാവത്തിൽ നിലനിൽക്കാൻ കഴിയില്ല. കാരണം, ആ പാർട്ടികൾക്ക് അങ്ങനെയൊരു, പ്രത്യയശാസ്ത്രപരമായ അസ്തിത്വമില്ല. അതിനുപറ്റിയ നേതൃത്വമോ വീക്ഷണമോ ഇല്ല. അവർ കൂടെ നിൽക്കുന്നത് സാന്ദർഭികമായും അവസരോചിതവുമായിട്ടാണ്. അതിൽനിന്ന് കിട്ടുന്ന ചില നേട്ടങ്ങൾ അവർ പങ്കിടുന്നു. ആ അർഥത്തിലാണ് അവർ ഇടതാകുന്നത്.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ / Photo : CPIM 23rd Party Congress, fb page
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ / Photo : CPIM 23rd Party Congress, fb page

മുമ്പ് രാഷ്ട്രീയം എന്നാൽ സേവനമായിരുന്നു. ഇന്ന് കരിയറാണ്. ഏതൊരു കരിയറിലും ഉണ്ടാകുന്ന അതേ കാര്യങ്ങൾ രാഷ്ട്രീയ രംഗത്തും ആവശ്യമാണ്. ആ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിൽ വരുന്നത്. കരിയറിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തിനുമാത്രമേ തെരഞ്ഞെടുപ്പു രാഷ്ട്രീയ പ്രക്രിയയിൽ നിലനിൽക്കാനാകൂ.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് പരമപ്രാധാന്യം കൊടുക്കുന്നതുകൊണ്ട് പല കാര്യങ്ങളിലും അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും.

ബദൽ പ്രത്യയശാസ്​ത്രാധിഷ്​ഠിതമായിരിക്കണം

പ്രാദേശിക പാർട്ടികളെ അണിനിരത്തി ബി.ജെ.പിക്ക് ബദലുണ്ടാക്കണം എന്നാണ്​ ഇപ്പോൾ സി.പി.എം പറയുന്നത്​. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഏത് തരത്തിലും തലത്തിലുമുള്ള സഖ്യത്തിന് അവർ സന്നദ്ധമാണ്. എതിർക്കുക എന്നത് ഒരു പരിപാടിയാക്കിയെടുത്ത്​, ഒരു രാഷ്ട്രീയം വളർത്തിയെടുക്കാനാകില്ല, തന്ത്രമേ വളർത്തിയെടുക്കാനാകൂ, തെരഞ്ഞെടുപ്പ് തന്ത്രം. ബി.ജെ.പിയെ സംബന്ധിച്ച്, പ്രത്യയശാസ്ത്ര കേന്ദ്രീകൃതമാണ് അവരുടെ രാഷ്ട്രീയം. അവർക്കൊരു രാഷ്ട്രീയമുണ്ട്. അതിനെ അഭിമുഖീകരിക്കണമെങ്കിൽ റീജ്യനൽ പാർട്ടികളുടെ കൂട്ടായ്മക്ക് കഴിയില്ല. അതിനുപറ്റിയ വീക്ഷണമുള്ള നേതൃത്വം എവിടെയുണ്ട്?
തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, സി.പി.എം എന്നിവയൊന്നും ദേശീയ തലത്തിലുള്ള പരിപ്രേക്ഷ്യമോ വീക്ഷണഗതിയോ ഉള്ളവരല്ല. അതുകൊണ്ടുതന്നെ ഇവരുടെ നേതൃത്വത്തിൽ പുതിയൊരു ഫോർമേഷൻ വരുന്നു എന്നു പറഞ്ഞാൽ ജനം അത് സ്വീകരിക്കില്ല. ഈ രാഷ്ട്രീയ പാർട്ടികളെല്ലാം പലപ്പോഴായി അധികാരത്തിലിരുന്ന് പരിപാടികൾ നടപ്പാക്കിയവരാണ്. ദേശീയ തലത്തിൽ ഒരു പ്രതിരോധ ശക്തിയായി ഉയരാൻ നേതൃത്വം വേണം, വീക്ഷണം വേണം, പരിപാടി വേണം. അങ്ങനെയൊന്ന് ഉയർന്നുവരുന്നില്ല. തന്ത്രത്തിന്റെ പ്രശ്‌നമല്ല ഇത്. തെരഞ്ഞെടുപ്പു തന്ത്രമായി ഇതിനെ ചുരുക്കിക്കണ്ടാൽ ബി.ജെ.പിക്കെതിരെ ഒരു പ്രതിരോധശക്തി വളർത്തിയെടുക്കാൻ കഴിയില്ല. ദേശീയ തലത്തിൽ ഒരു പ്രതിരോധ ശക്തി വളർത്തിയെടുക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇന്ന് നിലവിലില്ല. ജനങ്ങൾക്ക് ഒരുതരം മടുപ്പ് തോന്നിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്നുള്ളവയെല്ലാം. യു.പിയിൽ ‘അഖിലേഷ് മോഡൽ’ പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അവർക്ക് അധികാരത്തിലെത്താനായില്ല.

അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിൻ, മമത ബാനർജി
അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിൻ, മമത ബാനർജി

മൊത്തത്തിൽ ഇന്ത്യയെ നയിക്കുന്നത് ഒരു ‘മോദി മോഡലാ’ണ്. ‘മോദി മോഡൽ’ ഭരണവും സാമ്പത്തിക നയവും. ‘മോദി മോഡൽ’ മൂന്നു കാര്യങ്ങളിൽ അധിഷ്ഠിതമാണ്- സുസ്ഥിരത, തുടർച്ച, വികസനം.
ഇവക്ക് ഒരു മതത്തിന്റെ സ്വഭാവമാണുള്ളത്​. ഇതിനുമുമ്പ് വികസനത്തിന് ഇത്തരമൊരു മത സ്വഭാവമുണ്ടായിരുന്നില്ല, സെക്യുലറായ ഒരു പരിപാടിയായിരുന്നു. ബി.ജെ.പിയുടെ ‘മോദി മോഡലാ’ണ് മറ്റു രാഷ്ട്രീയ പാർട്ടികളും സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മുമ്പ്​, കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു മോഡൽ. കോൺഗ്രസിന്റെ പരിപാടിയായിരുന്നു അന്ന് സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളും നടപ്പാക്കിയിരുന്നത്. പൊതുമേഖലക്കും ആസൂത്രണത്തിനും സെക്യുലറിസത്തിനുമാണ് കോൺഗ്രസ് അന്ന് പ്രാധാന്യം കൊടുത്തിരുന്നത്. ഇന്ന് ‘മോദി മോഡൽ’ നടപ്പാക്കുന്നതിലാണ് സംസ്ഥാന സർക്കാറുകൾ അവരുടെ കഴിവ് തെളിയിക്കുന്നത്. അതിനുള്ള മത്സരമാണ് നടക്കുന്നത്. അതിന് പ്രയോജനവും കിട്ടുന്നുണ്ട്.

കേരളത്തിൽ ഇപ്പോൾ നല്ല വികസനം നടക്കുന്നുണ്ട്. പക്ഷെ സി.പി.എം, മറ്റു പ്രദേശങ്ങളിലേതുപോലെത്തന്നെ ഇവിടെയും ഉൽപാദക ഘടകങ്ങളുടെ വളർച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഉൽപാദന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അവർ നിശ്ശബ്ദരാണ്.

ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിക്ക് ഒരു ബദലുണ്ടാകണമെങ്കിൽ അത് പ്രത്യയശാസ്ത്രാധിഷ്ഠിതമായ ഒന്നായിരിക്കണം. കാസ്റ്റോ കമ്യൂണിറ്റിയോ അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കരുത്. ഒരു പുതിയ പൊളിറ്റിക്കൽ ഫോർമേഷനുണ്ടാകണം. അത്, സെക്യുലർ ആയിരിക്കണം. വർഗാധിഷ്ഠിതമായിരിക്കണം. ഒരു അണ്ടർ ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള ഫോർമേഷനാണ്​ ഉരുത്തിരിയേണ്ടത്​. അണ്ടർ ക്ലാസ് എന്നാൽ, ചേരി നിവാസികൾ, കോളനി നിവാസികൾ, പുറമ്പോക്കു നിവാസികൾ തുടങ്ങിയവർ. ഇവർ ചരിത്രപരമായി തന്നെ ആവിർഭവിച്ചിട്ടുണ്ട്. ഇപ്പോഴും, നവ ലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി പുതിയ പാർശ്വവൽക്കരണത്തിലൂടെയും പുതിയ പുറന്തള്ളലുകളിലൂടെയും ഒഴിവാക്കലുകളിലൂടെയും ഇത്തരം വിഭാഗക്കാർ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിൽ നിന്ന്​/ Photo : CPIM 23rd Party Congress
കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിൽ നിന്ന്​/ Photo : CPIM 23rd Party Congress

പുതിയ സാമ്പത്തിക മാതൃക എന്നു പറയുന്നത്, പുറന്തള്ളലിലും പിന്തള്ളലിലും അധിഷ്ഠിതമായ ഒന്നായിരുന്നു. അതിനെ ഇൻക്ലൂസീവ് ആക്കാനാകുമോ എന്നതാണ് മൗലികമായ ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിലാകണം പുതിയ ഫോർമേഷനുണ്ടാക്കാൻ. ഇത് അഭിസംബോധന ചെയ്യേണ്ട പ്രധാന ചോദ്യം, സാമ്പത്തിക അസമത്വത്തിന്റേതാണ്​. ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത് സാമ്പത്തിക സമത്വമാണ് - ഈ ചോദ്യം അഡ്രസ് ചെയ്യേണ്ടതുണ്ട്. ഈ വിഷയം പലരെയും വ്യാകുലപ്പെടുത്തും, എന്നാൽ, സാധാരണ ജനം അത് അംഗീകരിക്കും. അതിന് ഒരു ടൈം ഫ്രെയിം വേണം. ഉദാഹരണത്തിന്, അടുത്ത 30 വർഷത്തിനകം ഞങ്ങൾ സാമ്പത്തികമായ തുല്യത, സമത്വം കൊണ്ടുവരും എന്ന മട്ടിൽ.
അതേസമയം, ഭരണഘടനക്കകത്തുനിന്ന്​, പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ചില മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന്, സാർവ ലൗകിക സ്വത്തവകാശം. സ്വത്തിന്റെ സാമ്പത്തിക പരിണാമ ശക്തി അംഗീകരിച്ചേ മതിയാകൂ. ഇന്ത്യൻ ഭരണഘടനയുടെ 21ാം വകുപ്പിൽ ഇത് ഉൾപ്പെടുത്തണം- ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി സ്വത്തവകാശം കൊണ്ടുവരണം. 21ാം വകുപ്പ് വിപുലീകരിക്കുന്നുണ്ടല്ലോ, ആറിനും പതിനാലിനും വയസ്സിന്​ ഇടക്കുള്ളവരുടെ വിദ്യാഭ്യാസം ഈ വകുപ്പിന്റെ ഭാഗമായി അംഗീകരിച്ചല്ലോ. അതുപോലെ, സ്വത്തവകാശവും കൂട്ടിച്ചേർക്കണം.

ആർക്കാണ് ഇത്ര വേഗത്തിൽ സഞ്ചരിക്കേണ്ടത്? മുഴുവനാളുകളുടെയും നികുതിപ്പണമെടുത്ത് ചുരുക്കം ചിലർക്ക് നേട്ടം കിട്ടുന്ന തരത്തിലൊരു പരിപാടി കൊണ്ടുവരുന്നത് ജനാധിപത്യ സംവിധാനത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് സ്വഭാവികമാണ്.

ജീവിക്കാനുള്ള അവകാശം സാർഥകമാകണമെങ്കിൽ ലൈവ്‌ലിഹുഡ് ഉണ്ടാകണം. without livelihood, there cannot be a life. without right to property, there cannot be right to life. ഭരണഘടനാ ഭേദഗതിയിലൂടെ സാർവത്രിക സ്വത്തവകാശം കൊണ്ടുവരും എന്നു പറയുന്ന ഒരു പ്രസ്ഥാനമാണ്​ ആവശ്യം. ‘അടുത്ത 25 വർഷത്തിനുള്ളിൽ സമത്വം കൊണ്ടുവരും, അല്ലെങ്കിൽ അസമത്വം കുറയ്ക്കും’ എന്നു പറയുന്ന ഒരു പ്രസ്ഥാനം ഉരുത്തിരിഞ്ഞുവന്ന്, ആ പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി വികസിച്ച് അത് ഒരു പരിപാടി മുന്നോട്ടുവക്കുകയാണെങ്കിൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്യും. അതിന് ശക്തരുടെ എതിർപ്പ് വരും, എന്നാൽ, അശക്തരായവരുടെ, മർദ്ദിതരും ചൂഷിതരും ആയവരുടെ അംഗീകാരം അതിനുകിട്ടും. അത്തരം ഒരു പരിപാടിക്കുമാത്രമേ ബി.ജെ.പിയുടെ ഹിന്ദുത്വ ഐഡിയോളജിക്ക് ബദലാകാൻ കഴിയൂ.
അത് സെക്യുലറായിരിക്കും, മനുഷ്യരുടെ മൗലികമായ ആവശ്യങ്ങളിലൂന്നിക്കൊണ്ടുള്ളതായിരിക്കും, നീതിയിൽ അധിഷ്ഠിതമായിരിക്കും. എല്ലാ വിഭാഗങ്ങളിലുമുള്ളവർ അതിലുണ്ടാകും. അതേസമയം, മാറ്റിനിർത്തേണ്ടവരെ മാറ്റിനിർത്തുകയും വേണം.

എല്ലാവരെയും ഉൾക്കൊള്ളുന്ന, സമാനതയിലൂന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാൻ, സി.പി.എമ്മിന്​​ കഴിഞ്ഞിട്ടില്ല. / Photo : Muhammed Fasil
എല്ലാവരെയും ഉൾക്കൊള്ളുന്ന, സമാനതയിലൂന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാൻ, സി.പി.എമ്മിന്​​ കഴിഞ്ഞിട്ടില്ല. / Photo : Muhammed Fasil

ഇന്ത്യ ആസൂത്രണം തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നത്, വികസനത്തിലൂടെ, സാമ്പത്തിക വളർച്ചയിലൂടെ നീതി എന്നായിരുന്നു. ഇന്ന് അതല്ല ആവശ്യം, നീതിയിലൂടെ സാമ്പത്തിക വളർച്ചയാണ് ഇന്ന് വേണ്ടത്. നീതി എന്നതിനെ ധാർമികമായ ആശയമായിട്ടാണ് ഇന്ന് കണക്കാക്കുന്നത്. എന്നാൽ, നീതിയെ ഒരു ചാലകശക്തിയായി കണക്കാക്കണം. അതിന് ഒരു ഇൻസ്ട്രുമെന്റൽ റോൾ വേണം. തുല്യതയിൽ അധിഷ്ഠിതമായ പുനർവിതരണത്തിലൂടെയേ അത് സാധിക്കുകയുള്ളൂ.

ഇത് കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുമോ ഇല്ലയോ എന്നു ചോദിച്ചാൽ മറുപടി ഇതാണ്: ഇത് സ്വീകരിക്കുന്നവർക്കേ അംഗീകാരം കിട്ടുകയുള്ളൂ.
മാർക്‌സിസ്റ്റ് പാർട്ടിക്ക് ചരിത്രപരമായി സംഭവിച്ച തിരിച്ചടികൾ അവർ തുറന്നുപറയുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ മൗലികമായ പ്രത്യേകതയാണിത്​. തങ്ങൾ തെറ്റ് ചെയ്യുന്നവരല്ല എന്ന ഒരു ആശയം അവർ മുന്നോട്ടുവക്കുന്നില്ല എന്നതാണ് അവരെ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. തെറ്റിനെ ഭയപ്പെടാത്തവരാണ് കമ്യൂണിസ്റ്റുകാർ, അതേസമയം തെറ്റ് തിരുത്തുകയും ചെയ്യും. മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടത്, ചെയ്ത തെറ്റുകൾ അംഗീകരിക്കുകയും തിരുത്തുകയുമാണ്. തെറ്റു പറ്റാത്ത കാര്യങ്ങളൊന്നും മാനുഷികമല്ലല്ലോ.

ഈ പ്രോജക്​റ്റ്​ ജനങ്ങൾക്ക്​ ആവശ്യമുണ്ടോ?

കേരളത്തിൽ ഇപ്പോൾ നല്ല വികസനം നടക്കുന്നുണ്ട്. പക്ഷെ സി.പി.എം, മറ്റു പ്രദേശങ്ങളിലേതുപോലെത്തന്നെ ഇവിടെയും ഉൽപാദക ഘടകങ്ങളുടെ വളർച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഉൽപാദന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അവർ നിശ്ശബ്ദരാണ്. മാർക്‌സിന്റെ ‘മോഡ് ഓഫ് പ്രൊഡക്ഷൻ’ എന്ന മൗലികമായ ആശയം, ഉൽപാദക ഘടകങ്ങളെയും ഉൽപാദന ബന്ധങ്ങളെയും കുറിച്ചുള്ളതാണ്. ഉൽപാദന ബന്ധങ്ങളിൽ വരേണ്ട മാറ്റം ഇവിടെ തമസ്‌കരിക്കപ്പെടുന്നു, ഉൽപാദക ശക്തികൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. ഇത് വളരെ കാലമായി ചെയ്യുന്ന ഒരു തെറ്റും പരിമിതിയുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരുടെ മുൻഗണനാക്രമം തെറ്റുന്നു. ഉദാഹരണം കെ റെയിൽ. ‘കെ റെയിൽ ഒരു നയപ്രശ്‌നമല്ല, അതുകൊണ്ട് പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതില്ല’ എന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രി അത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചല്ലോ. ‘പാർട്ടി വികസനത്തിന് അനുകൂലമാണ്, മറ്റുള്ളവരെല്ലാം എതിരാണ്, ഇടതുവിരുദ്ധരാണ്’ എന്ന മട്ടിലുള്ള ഒരു സമീപനമാണ് അവിടെ നടന്നത്.

പിണറായി വിജയൻ / Photo : CPIM 23rd Party Congress, fb page
പിണറായി വിജയൻ / Photo : CPIM 23rd Party Congress, fb page

സർക്കാറും ജനങ്ങളും തമ്മിലുള്ള ഒരു കാര്യം മാത്രമല്ല, കെ റെയിലിനെപ്പോലൊരു പ്രോജകറ്റിലുള്ളത്. വലിയൊരു പ്രോജക്റ്റാകുമ്പോൾ അതിൽ രാഷ്ട്രീയക്കാർ, ഭരണാധികാരികൾ, കരാറുകാർ, ബിസിനസുകാർ, മറ്റു പല തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ടവർ ഇങ്ങനെ പലരും വരുന്നുണ്ട്​. ഇങ്ങനെ പല ശക്തികളും ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് അധികാരികൾ പറയുന്ന പല കാര്യങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളാണ്​ ഇന്ന് ഉയർത്തപ്പെടുന്നത്. എന്നാൽ, മുൻഗണനാക്രമത്തിൽ സംഭവിച്ച വ്യതിയാനം ഇതിലും അപ്പുറത്തുള്ള ഒരു പ്രശ്‌നമാണ്. ആർക്കാണ് ഇത്ര വേഗത്തിൽ സഞ്ചരിക്കേണ്ടത്? മുഴുവനാളുകളുടെയും നികുതിപ്പണമെടുത്ത് ചുരുക്കം ചിലർക്ക് നേട്ടം കിട്ടുന്ന തരത്തിലൊരു പരിപാടി കൊണ്ടുവരുന്നത് ജനാധിപത്യ സംവിധാനത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് സ്വഭാവികമാണ്.

സാമ്പത്തിക പദ്ധതികൾ നടപ്പാക്കുമ്പോൾ ആദ്യം എത്തുന്നത് പൊലീസായിരുന്നു, അവർ ജനങ്ങൾക്കുനേരെ ബലപ്രയോഗം നടത്തുകയാണ്. അപ്പോൾ അതിന്റെ സ്വഭാവം മാറുകയാണ്. മുൻഗണനാക്രമം മാറുന്നത്, സമൂഹത്തിൽ ഇറങ്ങിച്ചെല്ലാൻ പാർട്ടിക്ക് വിഘാതമാകുമോ എന്ന ചോദ്യം പ്രധാനമാണ്.

കേരളത്തിനൊരു പാരമ്പര്യമുണ്ട്. പല കാര്യങ്ങളും ഉയർന്നുവന്നത് ജനങ്ങളിൽ നിന്നാണ്. അത് പലപ്പോഴും പ്രസ്ഥാനങ്ങളുടെയും മിഷനുകളുടെയും രൂപത്തിലാണ്. ഉദാഹരണത്തിന് ഗ്രന്ഥശാലാ പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയവ. ഇതെല്ലാം ജനങ്ങളിൽ നിന്നുയർന്നുവന്ന്, അവർ അതിൽ വ്യാപൃതരായ പ്രസ്​ഥാനങ്ങളാണ്​. സംസ്ഥാന സർക്കാറിന് ഇതേക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലായിരുന്നു. പ്രസ്ഥാനങ്ങൾ വളർന്ന കാലത്തും പ്രോജക്റ്റുകളുണ്ടായിരുന്നു- ഇറിഗേഷൻ പ്രോജക്റ്റ്, ഇലക്ട്രിസിറ്റി- ഹൈഡൽ- ഗതാഗത പ്രോജക്റ്റുകൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. ഇവയിൽ, ചെലവഴിക്കപ്പെട്ട തുക എസ്റ്റിമേറ്റ് ചെയ്ത തുകയേക്കാൾ പല മടങ്ങായിരുന്നു. പക്ഷെ, ജനം അത് അംഗീകരിച്ചു, അത് അവർക്ക്​ ആവശ്യമുള്ളതായിരുന്നു. അതുകൊണ്ട്​, അവർക്ക് അതേക്കുറിച്ച് സംശയങ്ങളില്ലായിരുന്നു.

ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന സമയത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്ന വി.എസ്. അച്യുതാനന്ദൻ / Photo: V. Chandranandan via Dr. T M Thomas Isaac, Fb
ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന സമയത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്ന വി.എസ്. അച്യുതാനന്ദൻ / Photo: V. Chandranandan via Dr. T M Thomas Isaac, Fb

കേരള മോഡൽ എന്നത് ഇവോൾവ് ചെയ്തുവന്നതാണ്​. അതിൽ സാമൂഹിക സംഘടനകളും വ്യക്തികളും ഇടപെട്ടു. അല്ലാതെ അത് ഒരു ബ്ലൂ പ്രിന്റുള്ള മോഡലല്ല. ആ ഒരു പാരമ്പര്യമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്​. സർക്കാറിന് ഒരു പ്രോജക്റ്റുണ്ട്, അത് ജനങ്ങൾക്ക് നന്മ ചെയ്യും എന്ന മട്ടിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ്​, ഇത്തരമൊരു പ്രോജക്റ്റ് ആവശ്യമുണ്ടോ എന്ന് ജനങ്ങൾക്ക് സംശയം വരുന്നത്​. പ്രോജക്റ്റ് നല്ലതാണോ അല്ലയോ എന്നതല്ല ഇവിടുത്തെ ചോദ്യം, മറിച്ച് അത് ജനങ്ങളിൽ നിന്ന് വന്നതാണോ എന്നതാണ്. ജനങ്ങളിൽനിന്ന് വരുമ്പോഴേ അവർ അതിനെ അംഗീകരിക്കുകയുള്ളൂ.
എതിർപ്പ് വരുമ്പോൾ ആരുമായിട്ടാണ് ചർച്ച ചെയ്യുന്നത്? പൗരപ്രമാണിമാരുമായിട്ട്. സാധാരണ മനുഷ്യരുമായിട്ടല്ലേ ചർച്ച ചെയ്യേണ്ടത്. ഏതൊരു വികസന പരിപാടിയും ഗുണം ചെയ്യും. തൊഴിലവസരമുണ്ടാക്കും. അതല്ല ഇവിടുത്തെ പ്രശ്‌നം, ഇത് ജനാധിപത്യപരമായിട്ടാണോ ആവിർഭവിച്ചത്? ഭരണാധികാരികളുടെ മുൻഗണനാക്രമം മാറുന്നുണ്ടോ? ഇത് അപ്പർ മിഡിൽ ക്ലാസിന്റെ സ്വാധീനത്തിൽ വരുന്നതാണോ? തുടങ്ങിയ കാര്യങ്ങളാണ് പ്രധാനം.

വലതുപക്ഷവൽക്കരണത്തെക്കുറിച്ച്​ സി.പി.എം ആശങ്ക ഉന്നയിക്കുന്നുണ്ട്​. എന്നാൽ, വലതുപക്ഷവത്കരണത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വളരെ ശക്തമായ പങ്കുണ്ട്.

പശ്ചിമ ബംഗാളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. സാമ്പത്തിക പദ്ധതികൾ നടപ്പാക്കുമ്പോൾ ആദ്യം എത്തുന്നത് പൊലീസായിരുന്നു, അവർ ജനങ്ങൾക്കുനേരെ ബലപ്രയോഗം നടത്തുകയാണ്. അപ്പോൾ അതിന്റെ സ്വഭാവം മാറുകയാണ്. മുൻഗണനാക്രമം മാറുന്നത്, സമൂഹത്തിൽ ഇറങ്ങിച്ചെല്ലാൻ പാർട്ടിക്ക് വിഘാതമാകുമോ എന്ന ചോദ്യം പ്രധാനമാണ്. യഥാർഥത്തിൽ, ഇത്തരം പ്രശ്‌നങ്ങളെ ജനകീയമായ പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണാൻ കഴിയുന്നത് മാർക്‌സിസ്റ്റു പാർട്ടിക്കു തന്നെയാണ്. കാരണം, ജനകീയമായി വന്ന പല പ്രസ്ഥാനങ്ങളും മാർക്‌സിസ്റ്റുപാർട്ടിയുടെ സംഭാവനകളായിരുന്നു. മാർക്‌സിസ്റ്റ് പാർട്ടിക്കുമാത്രമേ കേരളത്തിൽ ഇങ്ങനെ ചിന്തിക്കാൻ കഴിയുകയുള്ളൂ.

വലതുപക്ഷവൽക്കരണം എവിടെനിന്ന്​?

വലതുപക്ഷവൽക്കരണത്തെക്കുറിച്ച്​ സി.പി.എം ആശങ്ക ഉന്നയിക്കുന്നുണ്ട്​. എന്നാൽ, വലതുപക്ഷവത്കരണത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വളരെ ശക്തമായ പങ്കുണ്ട്. രാഷ്ട്രീയത്തിലായാലും വികസനത്തിന്റെ കാര്യത്തിലായാലും വലതുപക്ഷവത്കരണം നടക്കുന്നുണ്ട്. സി.പി.എം അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് മാറിപ്പോകുന്നുണ്ട്​, അവരെ തീരെ അവഗണിക്കുന്നുണ്ട്​. അത്തരം വിഭാഗങ്ങളിൽനിന്നുള്ളവർക്ക്​ കമ്യൂണിസ്റ്റുകാരാകാൻ കഴിയുന്നില്ല. അവിടെ, പാർട്ടി തന്നെ വിഭാഗീയത സൃഷ്ടിക്കുന്നു.

ദലിത്​ വിഭാഗത്തിൽനിന്ന്​ ഒരാൾ പോലും പൊളിറ്റ്​ ബ്യൂറോയിൽ ഇല്ലാത്തത്​, ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ്​ എന്നാണ്​ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്​. പാർട്ടിക്ക് ചരിത്രപരമായ പ്രോസസിനെ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, സവർണ- മേലാള നിയന്ത്രണം നിലനിർത്താനും ശക്തിപ്പെടുത്താനും കഴിഞ്ഞു എന്നാണ്​ ഇതിനർഥം. അതും ചരിത്രപരമായ കാരണങ്ങൾകൊണ്ടുതന്നെയാണ്. ഇവിടെ ദരിദ്രൻ സൃഷ്ടിക്കപ്പെട്ടത് ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ്. അത് മാറ്റാൻ കഴിയാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും വിപ്ലവകരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് തുറന്നുപറയുന്നതിൽ എന്താ തെറ്റ്.

സീതാറാം യെച്ചൂരി / Photo : CPIM 23rd Party Congress, fb page
സീതാറാം യെച്ചൂരി / Photo : CPIM 23rd Party Congress, fb page

പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമസമിതി എന്നൊക്കെ പറഞ്ഞ്​, ദലിത്​- ആദിവാസി വിഭാഗങ്ങൾക്ക്​ പ്രത്യേക വേദി സൃഷ്​ടിച്ച്​ നിലനിർത്തുകയാണ്​ ചെയ്യുന്നത്​. ഇവരെ ഇവിടെയിങ്ങനെ വേറിട്ടുനിർത്തിയിരിക്കുകയാണ്. അവരെ മഹാസഭകളിലേക്ക് ഒതുക്കിനിർത്തുകയാണ്. വിഭാഗീയമായി ഒതുക്കിനിർത്തുകയാണ് ചെയ്യുന്നത്. ഇത്​, ഘടനാപരമായ അസന്തുലിതാവസ്ഥയ്ക്കും അടിച്ചമർത്തലിനും പരിഹാരമാകുന്നില്ല.

പോളിറ്റ്​ബ്യൂറോയിലേക്ക്​ ഏതെങ്കിലും വ്യക്തി വരുന്നോ എന്നതൊരു വിഷയമല്ല. ഇതൊക്കെ ഇവിടെ നടന്നിട്ടുള്ള പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങൾക്കൊന്നും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല

മറ്റൊന്ന്​; ദലിത്- ആദിവാസി വിഭാഗക്കാരെ സംവരണ നിയോജക മണ്ഡലങ്ങളിൽ മാത്രമേ മത്സരിപ്പിക്കുന്നുള്ളൂ. ഇതിലൂടെ പാർട്ടി സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
മതനിരപേക്ഷതയെക്കുറിച്ച് എത്ര പറഞ്ഞാലും, സംവരണ നിയോജക മണ്ഡലങ്ങളിലൂടെ പൊതുവെ സംഭവിക്കുന്നത്, ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ജാതിസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ രാഷ്ട്രീയത്തിൽ മത്സരിക്കാനാകുന്നുള്ളൂ എന്നതാണ്​. രാഷ്ട്രീയത്തിൽ ജാതി നോക്കിയല്ല മത്സരിക്കേണ്ടത്. ജാതിയും മതവും മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ല. ക്ഷേത്രങ്ങളിലെ ആഘോഷക്കമ്മിറ്റികളിൽ പാർട്ടിക്കാർ പങ്കെടുക്കുന്നു. മത- സാമുദായിക സംഘടനകളുമായി ബാന്ധവമുണ്ടാക്കുന്നു. മഹാസഭകളെ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ, ഇത്തരം വിഭാഗീയ ചിന്തകൾ ശക്തിപ്പെടുന്നു.

പോളിറ്റ്​ബ്യൂറോയിലേക്ക്​ ഏതെങ്കിലും വ്യക്തി വരുന്നോ എന്നതൊരു വിഷയമല്ല. ഒരു വ്യക്തിയെ ഇവിടെയെത്തിച്ചിട്ട് എന്താ കാര്യം?. ഇതൊക്കെ ഇവിടെ നടന്നിട്ടുള്ള പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങൾക്കൊന്നും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല- സമൂഹത്തിലായാലും, രാഷ്ട്രീയത്തിലായാലും, സാമ്പത്തികരംഗത്തായാലും. അത് കൊണ്ടുവരണമെങ്കിൽ മറ്റൊരു ദർശനം, മറ്റൊരു വീക്ഷണം ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്.

സി.പി.ഐ.എം. പോളിറ്റ്​ബ്യൂറോ അംഗങ്ങൾ / Photo : CPIM 23rd Party Congress
സി.പി.ഐ.എം. പോളിറ്റ്​ബ്യൂറോ അംഗങ്ങൾ / Photo : CPIM 23rd Party Congress

ദലിത്, ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച്​ പൊതുവേ കാണുന്ന ഒരു പ്രവണത, അധികാരത്തിനോ ഏതെങ്കിലും പദവിക്കോ വേണ്ടി മേലാളൻ കുനിയാൻ പറഞ്ഞാൽ ഇഴയുന്ന അവസ്ഥയാണ്. മൂവാറ്റുപുഴയിൽ, അച്​ഛൻ ആശുപത്രി ഐ.സി.യുവിൽ കിടക്കുമ്പോൾ ദലിത്​ കുടുംബത്തിലെ മൂന്ന്​ പെൺകുട്ടികളടക്കം നാലു കുട്ടികളെ ഇറക്കിവിട്ട്​ വീട്​ ജപ്​തി ചെയ്​ത നടപടിയെക്കുറിച്ച്​ അർബൻ ബാങ്ക്​ ചെയർമാൻ പറഞ്ഞതെന്താണ്​? അവർ എന്നെ വന്ന് കണ്ടില്ല, എന്നോട് പറഞ്ഞില്ല എന്നാണ്. ഈ കുടുംബം എന്തിന് ചെയർമാനെ കാണണം? ഇങ്ങനെ ഒരു ആശ്രിതത്വ മനോഭാവം ആർജിച്ചിട്ടാണോ ജനങ്ങൾ ജീവിക്കേണ്ടത്. ഇത്തരത്തിൽ വ്യക്തികളെ ആരാധിക്കാനും അവരെ ബഹുമാനിക്കാനും സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുകയാണ്.

സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും ഒരു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൃഷ്ടിച്ച് നടപ്പാക്കേണ്ടിയിരുന്ന പാർട്ടികൾ, ഇന്ന്​ നടപ്പാക്കുന്നത് കാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോയാണ്.

പൊലീസ് തുടങ്ങിയ ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച്​ മർദ്ദിതർ കൂടുതൽ മർദ്ദിതരാക്കപ്പെടുകയാണ്​. അട്ടപ്പാടിയിലെ മധു, വാളയാറിലെ അമ്മ, ആറ്റിങ്ങലിൽ പിങ്ക്​ പൊലീസിന്റെ ആക്ഷേപത്തിനിരയായ പെൺകുട്ടി, കിഴക്കമ്പലത്ത്​ ട്വൻറി ട്വൻറി പ്രവർത്തകന്റെ കൊല, മൂവാറ്റുപുഴയിലെ ജപ്തി... ഇവിടെയൊക്കെ അനീതിയുടെ ഇരകളാകുന്നത് പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിലെ അശക്തരായവരാണ്​. ഇതാണ് ഇവിടത്തെ പ്രശ്നം. പാർശ്വവത്കൃത സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുതന്നെ വളരെ ശക്തരായ, സമ്പന്നരായ വ്യക്തികൾ ഉയർന്നുവന്നിട്ടുണ്ട്. അവർക്കൊരിക്കലും ഇത്തരം പ്രശ്നം വരുന്നില്ല. അവരിൽ തന്നെയുള്ള ദുർബലരായവരാണ്​ നീതിനിഷേധത്തിനും അടിച്ചമർത്തലുകൾക്കും ഇരയാകുന്നത്.

സി.പി.എം അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് മാറിപ്പോകുന്നുണ്ട്​, അവരെ തീരെ അവഗണിക്കുന്നുണ്ട്​. അത്തരം വിഭാഗങ്ങളിൽനിന്നുള്ളവർക്ക്​ കമ്യൂണിസ്റ്റുകാരാകാൻ കഴിയുന്നില്ല. അവിടെ, പാർട്ടി തന്നെ വിഭാഗീയത സൃഷ്ടിക്കുന്നു  / photo: PARI Network, Sanket Jain
സി.പി.എം അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് മാറിപ്പോകുന്നുണ്ട്​, അവരെ തീരെ അവഗണിക്കുന്നുണ്ട്​. അത്തരം വിഭാഗങ്ങളിൽനിന്നുള്ളവർക്ക്​ കമ്യൂണിസ്റ്റുകാരാകാൻ കഴിയുന്നില്ല. അവിടെ, പാർട്ടി തന്നെ വിഭാഗീയത സൃഷ്ടിക്കുന്നു / photo: PARI Network, Sanket Jain

സംവരണ നിയോജക മണ്ഡലങ്ങളിലൂടെ വരുമ്പോൾ സംഭവിക്കുന്നത്​ എന്താണ്​? ഒരു സർവൈൽ ക്ലാസ് ഉണ്ടാകുകയാണ്. മർദ്ദകർക്ക്​ എന്നും മർദ്ദിതരെ നിയന്ത്രിക്കാൻ സാധിക്കുന്നത് മർദ്ദിതരിൽ പെടുന്ന ചില വ്യക്തികളെ തന്നെ ഉപയോഗിച്ചുകൊണ്ടാണ്. അത് പഴയകാലത്തും ഉണ്ടായിട്ടുണ്ട്. അമേരിക്കയിലൊക്കെ അടിമസമ്പ്രദായം അവസാനിപ്പിക്കാൻ ആലോചന നടക്കുമ്പോൾ, അതിനെതിരായി ചില അടിമകൾ തന്നെ സംസാരിച്ചിരുന്നു. പല രംഗങ്ങളിലും അടിമകളായ ജോലിക്കാരെ നിയന്ത്രിച്ചിരുന്നത് അടിമകളിൽ നിന്നു തന്നെയുള്ള സൂപ്പർവൈസർമാരായിരുന്നു. സംവരണ നിയോജക മണ്ഡലങ്ങളെ ഉപയോഗിച്ച് സർവൈൽ ക്ലാസിനെ ഉണ്ടാക്കാനും ആ ക്ലാസിനെ ഉപയോഗിച്ച് മറ്റുള്ള മർദ്ദിത, പാർശ്വവത്കൃത വിഭാഗങ്ങളെ നിയന്ത്രിക്കാനുമാണ് ശ്രമിക്കുന്നത്. സംവരണ നിയോജക മണ്ഡലങ്ങൾ നിർത്തലാക്കണം. രാഷ്​ട്രീയത്തിൽ വരേണ്ടത് ശക്തിയുടെ അടിസ്ഥാനത്തിലാണ്, ജാതി ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല. വർഗ പരിഗണനയുടെയും മതനിരപേക്ഷയുടെയും നിരാകരണമാണ് ഇതിലൂടെ സംഭവിക്കുന്നത്​.

ദലിത് മോർച്ച, ദലിത് കോൺഗ്രസ്, ദലിത് ലീഗ്, പി.കെ.എസ്., എ.കെ.എസ്. എന്നൊക്കെ പറഞ്ഞ് മേലാളരാണ് ഇവിടെ സ്വത്വരാഷ്ട്രീയം വളർത്തുന്നത്. അങ്ങനെ ആശ്രിതത്വം നിറഞ്ഞ ഒരു രാഷ്ട്രീയാവസ്ഥ സൃഷ്ടിക്കുകയാണ്. അവരിൽ ആശ്രിതത്വബോധമുണ്ടാക്കുകയാണ്​ ചെയ്യുന്നത്​. പകരം, കോമ്രേഡ് പിള്ള, കോമ്രേഡ് നായർ എന്നൊക്കെ പറയുമ്പോൾ അതൊരു നല്ല കാര്യമായിട്ടാണ് കണക്കാക്കുന്നത്. കോമ്രേഡ് നായർ, കോമ്രേഡ് പിള്ള എന്ന് പറയുമ്പോൾ തന്നെ, അവിടെ കോമ്രേഡ് പുലയൻ എന്നത് ഇംപ്ലൈഡായിട്ട് വരുന്നുണ്ട്. ഫലത്തിൽ, പ്രത്യക്ഷമായും പരോക്ഷമായും ഇത്തരം വിവേചനങ്ങളും വിഭാഗീയതകളും വളർത്തുകയാണ്.

പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്യുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥ
പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്യുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

ഈ വിഷയം, സശ്രദ്ധമായ ഒരു വിശകലനത്തിന് വിധേയമാകേണ്ടതുണ്ട്. വികസന രംഗത്ത്​ പാർശ്വവത്കരണവും പാർശ്വവത്കരണത്തിന്റെ ശാശ്വതീകരണവും നടക്കുന്നതാണ്​ ഇതിനുകാരണം. പാർശ്വവത്കൃതരിലെ ദുർബല വിഭാഗങ്ങളെ രണ്ടും രണ്ടരയും സെൻറുകളിൽ ഒതുക്കിനിർത്തുകയാണ്​. ചരിത്രപരമായി ഇവർ ആരാണ്? സമൂഹത്തിൽ സമ്പത്തുണ്ടാക്കിയവരാണ്. സമൂഹത്തിൽ സമ്പത്ത് ഉൽപാദിപ്പിച്ചവർ അതേ പ്രക്രിയയിലൂടെ അവരുടെ തന്നെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും സൃഷ്ടിക്കുകയായിരുന്നു. സമൂഹത്തിൽ സമ്പത്തും തങ്ങളുടേതായ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഒരേ സമയത്ത് ഒരേ പ്രക്രിയയിലൂടെയാണവർ സൃഷ്ടിച്ചത്. ഇങ്ങനെയുള്ള വ്യക്തികളെയും വിഭാഗങ്ങളെയും സജീവമായി പരിഗണിക്കാതെ, ഒരു ബാധ്യതയായി പരിഗണിക്കുന്ന സാമ്പത്തികക്രമമാണ് ഇപ്പോൾ നടക്കുന്നത്.

ആരെയും പിണക്കാതെ, എന്നാൽ എല്ലാവർക്കും ഗുണം ചെയ്യുന്നു എന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. നവ ലിബറൽ സാമ്പത്തികക്രമം എന്നത്​, ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ളതും എല്ലാവരെയും പ്രീണിപ്പിച്ചുകൊണ്ടുള്ളതുമാണ്.

വികസനത്തിന്റെ മുൻഗണന തെറ്റുന്നു

വികസനരംഗത്ത് മുൻഗണനാക്രമം മാറിക്കൊണ്ടിരിക്കുകയാണ്. അത് കൂടുതൽ കൂടുതൽ സമ്പന്നരിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വിപ്ലവകരമായ, സമൂലമായ മാറ്റങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സാമ്പത്തികനയം മുതലാളിത്ത നയമാണോ തൊഴിലാളി നയമാണോ എന്ന് വ്യക്തമായി നിർവചിക്കാൻ പറ്റില്ല. ആരെയും പിണക്കാതെ, എന്നാൽ എല്ലാവർക്കും ഗുണം ചെയ്യുന്നു എന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ചില ഭേദഗതികളാണ് സംഭവിക്കുന്നത്. നവ ലിബറൽ സാമ്പത്തികക്രമം എന്നത്​, ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ളതും എല്ലാവരെയും പ്രീണിപ്പിച്ചുകൊണ്ടുള്ളതുമാണ്. എല്ലാവർക്കും കൊടുക്കുമെന്നും, എല്ലാവരെയും പരിഗണിക്കുമെന്നുമുള്ള ഒരു ധാരണ ഉണ്ടാക്കുകയാണ്. ജോൺ റോൾസിനെ പോലെയുള്ള തത്വചിന്തകർ പറയുന്നത്​, ഒരു സമൂഹത്തിന്റെ സാമ്പത്തികക്രമത്തിന്റെ വളർച്ചയെ വിലയിരുത്തേണ്ടത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സാമൂഹ്യ വിഭാഗങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ്​. സമ്പന്നർ എന്നും സമ്പന്നരായിക്കൊണ്ടിരിക്കും; കോവിഡ് വന്നാലും, പ്രളയം വന്നാലും. മൊത്തത്തിലുള്ള വ്യവസ്ഥിതിയുടെ വളർച്ച എന്നൊക്കെ പറയുന്നത്, ഒരു ബൂർഷ്വാ സങ്കൽപനമാണ്.

ലണ്ടൻ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കും
ലണ്ടൻ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കും

ഇങ്ങനെ ആരെയും പിണക്കാതെ, ഒരു കാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോയാണ് ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്; വികസനരംഗത്തും സാമ്പത്തികരംഗത്തും. സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും ഒരു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൃഷ്ടിച്ച് നടപ്പാക്കേണ്ടിയിരുന്ന പാർട്ടികൾ, ഇന്ന്​ നടപ്പാക്കുന്നത് കാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോയാണ്. ഈ മാനിഫെസ്റ്റോ നടപ്പാക്കുന്നതിന്റെ ഫലമായി സ്വാഭാവികമായും സമൂഹത്തിലെ മെച്ചപ്പെട്ട വ്യക്തികളും വിഭാഗങ്ങളുമാണ് അതിന്റെ ഗുണഭോക്താക്കളാവുക. വികസനത്തിലെ മുൻഗണനാക്രമം തെറ്റുമ്പോൾ, അത് വളരെ പ്രകടമായി തന്നെ സമ്പന്നരായ ആളുകൾക്ക് വേണ്ടിയുള്ളതാകുന്നു. അവരുടെ ശക്തി കൂടിക്കൂടി വരുന്നു.

നിർധനർക്ക് ഭൂമി കൊടുക്കാനില്ലെന്നാണ്​ സർക്കാർ പറയുന്നത്​. തോട്ടങ്ങളിലെ ഭൂമി ഇവർക്ക് കൊടുത്തുകൂടേ?. സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായിക്കൊണ്ട് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും എന്നു പറയുന്നുണ്ട്​. സർക്കാർ ഖജനാവിൽ നിന്ന് പണം കൊടുത്ത് നിയമനങ്ങൾ നടത്തുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെയും പറയുന്നത്, സാമൂഹ്യ നിയന്ത്രണത്തിന് വിധേയമാണ്​ എന്നാണ്. പക്ഷെ, അവർ സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായാണോ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മേഖല, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖല കൈയടക്കിയിരിക്കുന്നത് പാലാ, പെരുന്ന, പാണക്കാട്, കണിച്ചുകുളങ്ങര പ്രദേശങ്ങളിലെ അച്ചുതണ്ടാണ്​. ഈ നിയന്ത്രണങ്ങളെ ഏതെങ്കിലും തരത്തിൽ സ്പർശിക്കാൻ സാമൂഹ്യ നിയന്ത്രണം നടപ്പാക്കുന്നു എന്ന് പറയുന്നവർക്ക് കഴിഞ്ഞിട്ടില്ല. അവരതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. മുതൽമുടക്കുന്നവർ സേവനമായിട്ടല്ല ആ പ്രവർത്തനം നടത്തുന്നത്, ലാഭത്തിന് വേണ്ടിത്തന്നെയാണ്. സാമൂഹ്യ നിയന്ത്രണം നിയമപരമായി നടപ്പാക്കാവുന്ന ഒരു കാര്യമല്ല. ഭരണഘടനാപരമായാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്, സാമൂഹ്യ നിയന്ത്രണമല്ല വേണ്ടത്.

ഒരു സമൂഹത്തിന്റെ സാമ്പത്തികക്രമത്തിന്റെ വളർച്ചയെ  വിലയിരുത്തേണ്ടത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സാമൂഹ്യ വിഭാഗങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം
ഒരു സമൂഹത്തിന്റെ സാമ്പത്തികക്രമത്തിന്റെ വളർച്ചയെ വിലയിരുത്തേണ്ടത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സാമൂഹ്യ വിഭാഗങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം

കോർപറേറ്റ് സെക്ടറിന്റെ സാമൂഹ്യ ഉത്തരവാദിത്വം, കോർപറേറ്റ് റസ്​പോൺസിബിലിറ്റി എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്ന ആദ്യ കാലഘട്ടങ്ങളിൽ, വലതുപക്ഷ സാമ്പത്തിക വിദഗ്​ധനും ചിന്തകനുമായിരുന്ന മിൽട്ടൺ ഫ്രീഡ്മാൻ ഒരു അഭിപ്രായം പറഞ്ഞു- The duty of the Corporate Sector is to make profit. ലാഭമുണ്ടാക്കി ഭരണകൂടത്തിന് നികുതി കൊടുക്കുക. അതാണ് അവരുടെ ലക്ഷ്യം. അല്ലാതെ അവർക്ക്​ സാമൂഹ്യമായ ഉത്തരവാദിത്തമില്ല. അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിന് വിധേയമായി പ്രവർത്തിക്കില്ല. ഞങ്ങളതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് പറയുന്നത് മൗഢ്യമാണ്, നടക്കാത്ത കാര്യമാണ്. നടക്കാത്ത കാര്യം പറയാതിരിക്കുകയാണ് നല്ലത്. കാരണം, ചരിത്രം നമ്മളെ ചിലത് പഠിപ്പിച്ചിട്ടുണ്ട്. ആ ചരിത്രഗതിക്കെതിരായി പോകാൻ പലപ്പോഴും സാധിച്ചുവെന്ന് വരില്ല.

പുതിയ ​ആശയമില്ല, വീക്ഷണമില്ല

ഇപ്പോൾ, മാർക്​സിസിറ്റ്​ പാർട്ടിയുടെ നയരേഖകളിലൊന്നും പുതിയ ആശയങ്ങളോ പുതിയ വീക്ഷണങ്ങളോ പുതിയ പരിപാടികളോ വന്നിട്ടില്ല. അത് അവരുടെ അതിജീവനത്തിന്റെ ഒരു പ്രശ്നമായിട്ടാണ് അവർ കാണുന്നത്- പാർട്ടിയെ എങ്ങനെ രക്ഷിക്കണം?. 2019-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ കിട്ടിയത് രണ്ട് ശതമാനത്തിൽ കുറവ് വോട്ടാണ്. ഇതെങ്ങനെ കൂട്ടണമെന്നതാണ്​ ആലോചന. ഇതൊരു സാമൂഹ്യമായ വിഷയമായി വരുന്നില്ല. വോട്ട് ശതമാനം കൂട്ടുകയെന്നത് രാഷ്ട്രീയ പ്രശ്നമല്ല. ഇവിടത്തെ അധികാരഘടനയിൽ ഇടപെട്ട്​, ആ ഘടനയെ മാറ്റിമറിക്കാനുള്ള പ്രവർത്തനങ്ങളാണ്​ രാഷ്​ട്രിയം എന്നു പറയുന്നത്​. വോട്ട് ഷെയർ കൂട്ടാനുള്ള പ്രവർത്തനം അധികാരത്തിനുള്ള കൊതിയാണ് കാണിക്കുന്നത്.

ഇന്ന് തുല്യ അവകാശമാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ തലമുറയിൽ മാറ്റം വന്നിട്ടുണ്ട്. അതിനോട് പ്രതികരിക്കാതെ, പഴയ പ്രശ്നങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ ചില മേമ്പൊടികൾ പരീക്ഷിക്കുന്നത് അപകടമേ ചെയ്യൂ

എല്ലാവരെയും ഉൾക്കൊള്ളുന്ന, സമാനതയിലൂന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാൻ, മാർക്​സിസ്​റ്റ്​ പാർട്ടിക്ക്​ കഴിഞ്ഞിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നു, അനീതിയ്ക്ക് ഇരയാകുന്നവരെ അവഗണിക്കുകയും അവരെ കൂടുതൽ കൂടുതൽ അശക്തരാക്കുകയും ചെയ്യുന്നു. താഴ്​ന്നവർ എന്നും താഴ്​ന്നുതന്നെ നിൽക്കേണ്ടത് വ്യവസ്ഥിതിയുടെ സ്ഥിരതയ്ക്കും മുന്നോട്ടുള്ള പോക്കിനും അത്യാന്താപേക്ഷിതമാണ്. വികസനരംഗത്ത് ചില സാമൂഹ്യ വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്, ചില അവകാശങ്ങൾ കൊടുക്കുന്നുണ്ട്. എന്താണ് ഇതിന്റെ ആവശ്യം. തുല്യ അവകാശമാണ് വേണ്ടത്. പ്രത്യേക അവകാശങ്ങൾ കൊടുക്കുന്നത് ആ വിഭാഗങ്ങളുടെ ശക്തിരാഹിത്യത്തെയാണ് കാണിക്കുന്നത്. നേരെ മറിച്ച്, തുല്യരായി കണക്കാക്കുമ്പോൾ തുല്യ അവകാശങ്ങളാണ് കൊടുക്കേണ്ടത്. അതവരുടെ ശക്തിയെ കാണിക്കുന്നു. ആനുകൂല്യങ്ങൾ കാണിക്കുന്നത് ശക്തിരാഹിത്യത്തെയാണ്. ഇന്ന് ശക്തിയിലൂന്നിക്കൊണ്ടുള്ള ഒരു സമീപനമാണ് ആവശ്യം.

തുല്യ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം, മുന്നോട്ടുപോകാൻ വെമ്പുന്ന ഒരു തലമുറ അംഗീകരിക്കുമോ ഇല്ലയോ എന്നത് പരിഗണിക്കേണ്ട കാര്യമാണ്. എന്റെ തലമുറയ്ക്കൊക്കെ ആനുകൂല്യങ്ങൾ വേണമായിരുന്നു. ഇന്ന് തുല്യ അവകാശമാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ തലമുറയിൽ മാറ്റം വന്നിട്ടുണ്ട്, കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട്. അതിനോട് പ്രതികരിക്കാതെ, പഴയ പ്രശ്നങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ ചില മേമ്പൊടികൾ പരീക്ഷിക്കുന്നത് അപകടമേ ചെയ്യൂ.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments