ശാസ്ത്രസാഹിത്യ പരിഷത്ത്: ഇത്തിരി വിമര്‍ശനം, ഒത്തിരി പ്രതീക്ഷ

പരിഷത്ത് അതിന്റെ സമകാലിക നിലപാടുകളില്‍ പലതുകൊണ്ടും വിവിധതരം തല്ലും തലോടലും ഏറ്റുവാങ്ങുന്ന ഈ കാലത്ത് പരിഷത്തിനോടുള്ള യോജിപ്പും വിയോജിപ്പും പറയേണ്ടതുണ്ട്. ഈ തല്ലുകള്‍ പലതും പരിഷത്ത് അര്‍ഹിക്കുന്നുവെന്നും ചിലത് അര്‍ഹിക്കുന്നില്ലെന്നും തോന്നുന്നു. തലോടുന്ന കൈകള്‍ പലതുമത്ര വെടുപ്പല്ലെന്നും തോന്നുന്നുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹയാത്രികനും ഒപ്പം വിമര്‍ശകനുമായ ഒരാളുടെ ചില വിചാരങ്ങള്‍ കുറിക്കുകയാണ്.

കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റല്ലാത്തവരും ചേര്‍ന്ന സത്യാന്വേഷണ സംഘമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന് ഇ.എം.എസ് നിരീക്ഷിച്ചിട്ടുണ്ട്. ഈ നിരീഷണത്തോട് അക്ഷരംപ്രതി യോജിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്​ ഞാന്‍.

പരിഷത്ത് അതിന്റെ സമകാലിക നിലപാടുകളില്‍ പലതുകൊണ്ടും വിവിധതരം തല്ലും തലോടലും ഏറ്റുവാങ്ങുന്ന ഈ കാലത്ത് പരിഷത്തിനോടുള്ള യോജിപ്പും വിയോജിപ്പും പറയേണ്ടതുണ്ട്. ഈ തല്ലുകള്‍ പലതും പരിഷത്ത് അര്‍ഹിക്കുന്നുവെന്നും ചിലത് അര്‍ഹിക്കുന്നില്ലെന്നും തോന്നുന്നു. തലോടുന്ന കൈകള്‍ പലതുമത്ര വെടുപ്പല്ലെന്നും തോന്നുന്നുണ്ട്.

ഇ.എം.എസ്​ നമ്പൂതിരിപ്പാട്​

കേരള സമൂഹത്തില്‍ പരിഷത്തിന് അനന്യമായ സ്ഥാനമുണ്ട്. കേരളത്തിലെ ഒരേയൊരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണത്. ഞാനടക്കം ഒരുപാടാളുകളുടെ രാഷ്ട്രീയ- സാമൂഹ്യ ബോദ്ധ്യങ്ങള്‍ക്കും പരിണാമത്തിനും സഹായിച്ച സംഘടനയാണ്​ പരിഷത്ത്. സമൂഹത്തിന്റെ സമഗ്ര പരിണാമം മൊത്തം മനുഷ്യര്‍ക്കും ഗുണകരമാകണമെന്നും ഈ സാമൂഹ്യമാറ്റത്തിന്റെ ഉപകരണങ്ങളിലൊന്നായി ശാസ്ത്രത്തെ ഉപയോഗിക്കാമെന്നുമുള്ള നിലപാടാണ് പരിഷത്തിന്റെ രാഷ്ട്രീയം. ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യത്തിന്റെ കാതല്‍ അതുതന്നെയാണ്. ഈ രാഷ്ട്രീയം സംശയലേശമില്ലാതെ ഇടതുപക്ഷമാണ്. അതേ സമയം, അത്​ കക്ഷിരാഷ്ട്രീയപരമാവേണ്ടതില്ല. എന്നാല്‍, കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുകാരല്ലാത്തവരും എന്ന് പറയുമ്പോള്‍, പൊതുവെ പുരോഗമനപക്ഷക്കാരല്ലാത്തവര്‍ക്ക് അതില്‍ സ്ഥാനമില്ല, ഉണ്ടാവേണ്ടതില്ല എന്നു വ്യക്തമാണ്.

ശാസ്ത്രീയതയുടെ രീതി എല്ലാ കാര്യങ്ങളിലും തുടരാന്‍ പരിഷത്തിനു കഴിഞ്ഞിട്ടില്ലെന്നു പറയാതെ നിവൃത്തിയില്ല. അതുകൊണ്ടാണ്​ ജനങ്ങളുടെ താല്‍പ്പര്യം കുറഞ്ഞതെന്നും സംഘടനാപരമായി പരിഷത്ത് ശുഷ്‌കിച്ചതെന്നും എനിക്കു തോന്നുന്നു.

പരിഷത്ത് ഒരു സമരസംഘടനയല്ല, സമരസഹായ സംഘടനയാണ് എന്ന് അതിന്റെ പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. അതിനപ്പുറം, പരിഷത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് സമരസംഘടനയെന്നാല്‍ എന്താണെന്നും അത് എന്തിനുവേണ്ടിയാണെന്നും നല്ല ബോദ്ധ്യമുണ്ട്. സമരമില്ലാതെ സമര സഹായത്തിന്​ പ്രസക്തിയില്ലെന്നും അവര്‍ക്കു നന്നായി അറിയാം. കമ്യൂണിസ്റ്റുകാരല്ലാത്ത പരിഷത്തുകാര്‍ ഇതറിയണമെന്നില്ല. അതേസമയം, ഈ രണ്ടു വിഭാഗം ആളുകളും സഹകരിക്കുന്നതിനോ ഒന്നിച്ചു പ്രവൃത്തിക്കുന്നതിനോ ഇതൊന്നും ഒരു തടസ്സവുമല്ല.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിപ്രായങ്ങളെ വലിയൊരു വിഭാഗം ജനങ്ങള്‍ ശ്രദ്ധിക്കുകയും അവയോട് സംവദിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പ്രശ്‌നങ്ങളിലെടുക്കുന്ന നിലപാടുകള്‍ക്ക് ശാസ്ത്രീയതയുടെ അടിത്തറയുണ്ടായിരുന്നതായിരുന്നു അതിന്റെ കാരണം. ഈ ശാസ്ത്രീയതയുടെ രീതി എല്ലാ കാര്യങ്ങളിലും തുടരാന്‍ പരിഷത്തിനു കഴിഞ്ഞിട്ടില്ലെന്നു പറയാതെ നിവൃത്തിയില്ല. അതുകൊണ്ടാണ്​ ജനങ്ങളുടെ താല്‍പ്പര്യം കുറഞ്ഞതെന്നും സംഘടനാപരമായി പരിഷത്ത് ശുഷ്‌കിച്ചതെന്നും എനിക്കു തോന്നുന്നു. ഇപ്പോഴത്തെ പരിഷത്ത് പ്രവര്‍ത്തകരില്‍ ചെറുപ്പക്കാരുടെ എണ്ണം വളരെ കുറവാണ്. പണ്ട്​ പരിഷത്തായിരുന്ന കുറേയേറെയാളുകള്‍ തുടരുന്നുണ്ട്. അതുകൊണ്ട് അവരവര്‍ക്കുള്ള ആത്മസുഖത്തിനപ്പുറം എന്തെങ്കിലും ഗുണമുണ്ടോ എന്നു പരിഷത്ത് പരിശോധിക്കുന്നതു നന്നായിരിക്കും.

ജന്‍ഡര്‍ വിഷയത്തില്‍ പരിഷത്തു കാണിക്കുന്ന പരിമിതമായ ശ്രദ്ധ പോലും ജാതിവിഷയത്തില്‍ കാണിക്കാത്തത്​ കുഴപ്പമാണ്. ജെന്‍ഡര്‍ വിഷയത്തിലെ തന്നെ പരിമിതി, പരിഷത്ത് പ്രവര്‍ത്തകരായ സ്ത്രീസുഹൃത്തുക്കള്‍ എടുത്തു പറഞ്ഞപ്പോഴാണ് എനിക്കു കൂടുതല്‍ വ്യക്തമായത്.

ശാസ്ത്രീയതയുടെ രീതി കൈമോശം വന്ന ചില അനുഭവങ്ങള്‍ ഉദാഹരണമായി പറഞ്ഞുകൊണ്ടു തുടങ്ങാം. പുതിയവയല്ല.

സില്‍വര്‍ ലൈന്‍ പ്രശ്‌നത്തിലെ പരിഷത്ത് നിലപാടു തന്നെയാണ്​ ഒന്ന്​. പലരും പറഞ്ഞ കാര്യം തന്നെയാണ്. എന്നാലും ഒന്നു കൂടി നോക്കാം. സംഘടനയെന്ന നിലയില്‍ പരിഷത്തിന്റെ സില്‍വര്‍ ലൈന്‍ നിലപാട് അശാസ്ത്രീയമാണ് എന്നു ഞാന്‍ കരുതുന്നു. തങ്ങളുടെ നിക്ഷ്പക്ഷത തെളിയിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമെന്ന വ്യഗ്രതയില്‍, പ്രതിലോമകരമായ നിലപാടിലേക്ക് പരിഷത്ത് എടുത്തുചാടി. കിഴക്കുപടിഞ്ഞാറ്​ വെള്ളമൊഴുക്ക്​ തടസ്സപ്പെടുമെന്നൊക്കെയുള്ള പരമ അബദ്ധങ്ങള്‍, ശാസ്ത്രസംഘടനയെന്ന സ്വന്തം അസ്തിത്വത്തെ മറന്ന്​ പ്രചരിപ്പിച്ചു. സില്‍വര്‍ ലൈന്‍എന്ന ആശയത്തിലേക്കു നയിച്ച ചര്‍ച്ചകളുടെ തുടക്കത്തില്‍ പരിഷത്തുമുണ്ടായിരുന്നെന്നു മറന്നു.

യൂണിയന്‍ ഗവണ്‍മെൻറ്​ പൊതുമേഖലയില്‍ പണം മുടക്കില്ലെന്നും അവരുടെ നയങ്ങളുടെ കുഴപ്പം കൊണ്ടാണ് സംസ്ഥാനം കൂടി പണം മുടക്കി പ്രത്യേക പാത പണിയേണ്ടിവരുന്നതെന്നും പറയാന്‍ പരിഷത്ത് ആര്‍ജ്ജവം കാണിച്ചില്ല. ഫലത്തില്‍, നിക്ഷ്പക്ഷത തെളിയിക്കാന്‍ ശ്രമിച്ച്, ജനവിരുദ്ധരായ ഒരു ഗ്രൂപ്പിന്റെ കൈകളിലെ പാവയായി മാറി. പരിഷത്ത് പഠനം നടത്തിയെന്നു പറയുന്നു. റിപ്പോര്‍ട്ട് എവിടെ? കിഴക്കു പടിഞ്ഞാറു നീരൊഴുക്കു തടസ്സപ്പെടുമെന്നു കണ്ടെത്തിയ പഠനം എവിടെ?

ഇത്തരം അബദ്ധങ്ങള്‍, പരിഷത്ത്​ കരുതും പോലെ അതിന്റെ നിഷ്പക്ഷതയെ ഉറപ്പിക്കുകയല്ല, മറിച്ച് സാമൂഹ്യ അബദ്ധങ്ങളെ എന്‍ഡോഴ്‌സ് ചെയ്യുന്ന കൂട്ടത്തില്‍ കൊണ്ടെത്തിക്കുകയാണു ചെയ്യുക.

നിരന്തരം മാറുന്ന സാഹചര്യങ്ങളോടു പ്രതികരിക്കാന്‍ പരിഷത്തിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്? കൊള്ളാവുന്ന ഒരു വെബ്‌സൈറ്റ് പോലുമില്ലാത്ത ഒരു സംഘടനയായി അത് എത്രനാള്‍മുന്നോട്ടു പോകും?

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ഈയടുത്തു നടത്തിയ പദയാത്രയുടെ സംഘാടനം വിചിത്രമായിരുന്നു. ഒരു സംഘടനയുടെ ജാഥാ നേതൃത്വം ഔട്ട്‌സോഴ്‌സ് ചെയ്യപ്പെട്ട വിചിത്രരീതിയായിരുന്നു അത്. വ്യത്യസ്​ത ആശയക്കാരെ കേള്‍ക്കാം, അവരോടു സംവദിക്കാം, ഒക്കെ ശരി. എന്നാല്‍ ഒരു സംഘടനയുടെ നിലപാടുകള്‍ പറയാനുള്ള ജാഥ നയിക്കാന്‍ ഒരുതരത്തിലും യോഗ്യരല്ലാത്തവരെ കൊണ്ടുവരുന്നത് എന്തുതരം ഇന്‍ക്ലൂസിവിറ്റിയാണ്? ആര്‍ത്തവലഹളയ്ക്കനുകൂലമായി ഏറ്റവും പ്രതിലോമ നിലപാടെടുത്ത ഒരു കലാകാരി, സ്ത്രീപീഡന ആരോപണ വിധേയനായ ഒരു മുന്‍ നക്‌സലൈറ്റിന് പൊറുക്കല്‍ നീതി എന്നു പറഞ്ഞു കാണ്ഡം കാണ്ഡം ഉപന്യാസം രചിച്ച ഒരു പണ്ഡിതമ്മന്യ, ആള്‍ദൈവ സന്നിധിയില്‍ സ്വയം സമര്‍പ്പിച്ച കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയ ആളുകളെ കൊണ്ട് ജാഥ നയിപ്പിച്ചിട്ട് പരിഷത്ത് എന്തു സന്ദേശമാണ് ഈ സമൂഹത്തിനു കൊടുക്കുന്നത്? പരിഷത്ത് നേതാക്കള്‍ ജാഥ നയിച്ചിട്ട് സമ്മേളനങ്ങളിലോ സെമിനാറുകളിലോ ഇത്തരമാളുകളെ കൊണ്ടുവന്നാല്‍ക്കൂടി അതു മനസ്സിലാക്കാം.

നിക്ഷ്പക്ഷതയ്ക്കുവേണ്ടി മാത്രമെടുക്കുന്ന നിക്ഷ്പക്ഷതയ്ക്ക് എന്തു ശാസ്ത്രീയതയാണുള്ളത്?

കേരളത്തിലെ - ഒരു പക്ഷെ ഇന്ത്യയിലെ തന്നെ - ഏറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഏറെ മെലിഞ്ഞെങ്കിലും അതിനെ തൊഴുത്തില്‍ കെട്ടാറായിട്ടില്ല.

എന്തുകൊണ്ടാണ് പരിഷത്ത് ക്ഷീണിച്ചത്? പുതിയ തലമുറയ്ക്ക് ശാസ്ത്ര- സാങ്കേതിക മേഖലകളിലെ പരന്ന അറിവുകള്‍ സോഷ്യല്‍ മീഡിയ വഴി അനായാസം കിട്ടുന്നുണ്ട് അതുകൊണ്ട് പരിഷത്തിന്റെ കൂടെ അവര്‍ വരുന്നില്ല എന്നൊരു നിരീക്ഷണം രാജീവ് ചേലനാട്ട് പറഞ്ഞിരുന്നു. ഇതിനെ അവഗണിക്കാനാവില്ല. പക്ഷെ ഇതു മാത്രമാണോ?

രണ്ടിനം (പരിസ്ഥിതി / നിയോലിബറല്‍) തീവ്രവാദികളും ഫലത്തില്‍ കാപിറ്റലിസത്തിന്റെ കളിപ്പാവകളാണ്. ഇതിനിടയില്‍ ഒരു സംഘടന എന്ന നിലയില്‍ പരിഷത്ത് നേരേ നില്‍ക്കണ്ടേ? നില്‍ക്കണമെന്നാണ് എന്റെയും ആഗ്രഹം.

സാക്ഷരതാപ്രസ്ഥാനവും പിന്നീട് ജനകീയാസൂത്രണവുമടക്കമുള്ള ബഹുജന മുന്നേറ്റങ്ങളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ സംഘടനാശേഷിയെ പൂർണ എഫിഷ്യന്‍സിയില്‍ പ്രവര്‍ത്തിപ്പിച്ചു. അതിനുശേഷം വളരുന്നതിനുപകരം തളരുകയാണുണ്ടായത് എന്നാണെനിക്കു തോന്നുന്നത്. ശാസ്ത്രം പറയുന്നതു കുറയുകയും സാമൂഹിക വിഷയങ്ങളില്‍ഇടപെടുന്നതു കൂടുകയും ചെയ്തു. ഇതുപോലും കുഴപ്പമല്ല. പക്ഷേ ശാസ്ത്രവും ശാസ്ത്രത്തിന്റെ രീതിയും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. ജനങ്ങളോട് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന്​ വേറിട്ട്, നിത്യ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് നേരിട്ടിടപെടാത്ത കാര്യങ്ങള്‍ പറയുന്ന ഒരു സെക്റ്റായി അറിയാതെ മാറിപ്പോയതിന്റെ കുഴപ്പമാണിതെന്ന് ഞാന്‍ പറയും. ഈ പറച്ചില്‍ ഒരു തീര്‍പ്പല്ല, അഭിപ്രായം മാത്രമാണ്. തെറ്റെങ്കില്‍ തിരുത്താന്‍ തയ്യാറുമാണ്.

സൈലന്റ് വാലി പദ്ധതിയെപ്പറ്റി പഠനം നടത്തി 1979ൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ

ഇതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന കുഴപ്പങ്ങളിലൊന്ന്, പല കാര്യങ്ങളും പിടിവിട്ടുപോകും എന്നതാണ്. സൈലൻറ്​ വാലി പദ്ധതിയെ പരിഷത്ത് എതിര്‍ത്തതിനെ അന്നും ഇന്നും അനുകൂലിക്കുന്ന ഒരാളാണു ഞാന്‍. അന്നു സി.പി.ഐ- എമ്മിന്റെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായിരുന്നു പരിഷത്തിന്റെ നിലപാട്. അതില്‍ ഒരു കുഴപ്പവുമുണ്ടായില്ല. പരിഷത്തിന്റെ നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെട്ടില്ല. പക്ഷേ ഇടപെടുന്നു എന്ന പേരുദോഷം പാര്‍ട്ടിക്കും പാര്‍ട്ടി ഇടപെടലുകള്‍ക്കു വഴിപ്പെടുന്നു എന്ന പേരുദോഷം പരിഷത്തിനുമുണ്ടായി! ഇതുമൊരു വലതുപക്ഷ - മീഡിയ ട്രാപ്പായിരുന്നു എന്നാണ് എന്റെ തോന്നല്‍.

അങ്ങനെയാണ് പരിഷത്ത് വളയമില്ലാതെ ചാടാന്‍ തുടങ്ങിയത്. പോപ്പുലിസ്റ്റ് അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങുകയോ മിണ്ടാതിരിക്കുകയോ ചെയ്യേണ്ടി വന്നു. കേവല പരിസ്ഥിതിവാദികളെ മുന്‍നിര്‍ത്തി സി.പി.ഐ- എമ്മിന്റെ നേരേ നടന്ന പ്രക്ഷോഭങ്ങളില്‍ മൗനം കൊണ്ടെങ്കിലും കുഴപ്പം കാണിക്കേണ്ടിവന്നു. നടപ്പാക്കണമെന്ന് എം.പി പരമേശ്വരന്‍ തന്നെ ഉറപ്പിച്ചുപറഞ്ഞ അതിരപ്പള്ളി വൈദ്യുതപദ്ധതിയെ കാല്‍പ്പനിക പരിസ്ഥിതി വാദികള്‍ തട്ടിത്തെറിപ്പിച്ചതു നിസ്സംഗം കണ്ടു നില്‍ക്കേണ്ടി വന്നത് ഒരുദാഹരണം.

ആവശ്യമില്ലാതെ എടുത്തണിഞ്ഞ നിഷ്പക്ഷതതയുടെ ഭാരം, നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാന്‍ പരിഷത്തിനു തടസ്സമായി എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചതിന്റെ ചുരുക്കം. അതിലേക്കു നയിച്ച കാര്യങ്ങളെപ്പറ്റിയുള്ള വിലയിരുത്തലിനോട് യോജിപ്പുകളും വിയോജിപ്പുകളും വന്നിട്ടുണ്ട്. വഴിയേ അവ പരിശോധിക്കാം.

എം.പി പരമേശ്വരന്‍

പരിഷത്ത് ഒരു കേവല ശാസ്ത്രസംഘടനയല്ല എന്ന് അതിന്റെ നിർവചനത്തില്‍ സ്വയം പറയുന്നുണ്ട്. ശാസ്ത്രം മാത്രം പറയുന്ന സംഘടനകളില്‍ നിന്ന്​ അതിനെ വ്യത്യസ്​തമാക്കുന്നത് സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തികള്‍ക്ക് സഹായകരമായവിധത്തില്‍ സയന്‍സിന്റെയും സാങ്കേതികവിദ്യയുടെയും അറിവും പ്രയോഗവും കൊണ്ട്​ ജനങ്ങളെ ശക്തരാക്കുക എന്നതാണ്.

പരിഷത്ത് പരിണമിച്ചുവന്ന ദശയിലെ ഉന്നതമായ സാമൂഹികലക്ഷ്യം കൈവിട്ടിട്ടില്ലാത്തയാളുകളാണ് ഇപ്പോഴും അതിലെ മിക്കവാറും എല്ലാവരും. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരുപാടു പേരെ പഠിപ്പിച്ച ചരിത്രം അതിനുണ്ട്.

വസ്തുനിഷ്ഠമായ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി വീക്ഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും പുതുക്കിക്കൊണ്ടേയിരിക്കുകയെന്നത് ഈ ലക്ഷ്യത്തിന് അനിവാര്യം വേണ്ട രീതിയാണ്. അതിനു കഴിയാത്ത വിധത്തില്‍ ചെന്നു ചാടിയ ട്രാപ്പില്‍ നിന്ന്​ പരിഷത്ത്​ പുറത്തുകടക്കണമെന്ന ആഗ്രഹമാണ് ഈ വിമര്‍ശനക്കുറിപ്പുകളുടെ ഉദ്ദേശ്യം.

മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്​ സ്വയം നവീകരിക്കാനാവുന്ന വിധം മുഖ്യ കമ്യൂണിസ്റ്റുപാര്‍ട്ടികളായ സി.പി.ഐ- എമ്മും സി.പി.ഐയും ശ്രമിക്കുന്നുണ്ട് എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. (കൂട്ടത്തില്‍ പറയട്ടെ, വലതുപക്ഷത്തുനിന്നുള്ള വിമര്‍ശകര്‍ ഇക്കാര്യത്തില്‍ എന്തു പറഞ്ഞാലും അതിനെ അവജ്ഞയോടെ തള്ളിക്കളയാനും ഇടതുപക്ഷത്തു തന്നെ നിന്നുള്ള വിമര്‍ശനങ്ങളോട് എന്‍ഗേജു ചെയ്തുകൊണ്ട് അവയിലെ നെല്ലും പതിരും പരിശോധിക്കാനും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്).

നിരന്തരം മാറുന്ന സാഹചര്യങ്ങളോടു പ്രതികരിക്കാന്‍ പരിഷത്തിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്? കൊള്ളാവുന്ന ഒരു വെബ്‌സൈറ്റ് പോലുമില്ലാത്ത ഒരു സംഘടനയായി അത് എത്രനാള്‍മുന്നോട്ടു പോകും? പ്രിൻറ്​ എഡിഷനുകള്‍ മാത്രമായി അതിന്റെ മാസികകള്‍ എത്ര നാള്‍ പോകും? കുറച്ചു ചെറുപ്പക്കാര്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുന്നതു കൊണ്ട് ലൂക്ക നടക്കുന്നു. സംഘടന എന്ന നിലയില്‍ പരിഷത്ത് ലൂക്കയ്ക്ക് എന്തു സപ്പോര്‍ട്ടാണു കൊടുക്കുന്നത്? ലൂക്ക നടത്തുന്ന ശാസ്ത്രകോഴ്‌സുകള്‍ക്ക് ആയിരക്കണക്കിന് പഠിതാക്കളുണ്ട്. അവരില്‍ നിന്ന് നൂറു രൂപ ഫീസു വാങ്ങിച്ചാല്‍ അതിന്റെ ഹോസ്റ്റിങ്ങിനും ചൊവ്വേ നേരെയുള്ള കണ്ടൻറ്​ മാനേജ്‌മെന്റിനും കുറച്ചാളെ തൊഴില്‍ കൊടുത്ത് ഇരുത്തി കാര്യങ്ങള്‍ നടത്താനും കഴിയില്ലേ? അതു പറയുമ്പോള്‍ സ്വാശ്രയ കോഴ്‌സ് നടത്തുകയല്ല പരിഷത്തിന്റെ ലക്ഷ്യമെന്നു പറയുന്നവര്‍ എന്തുതരം വിചിത്ര വാദമാണ് ഉന്നയിക്കുന്നത്? പരിഷത്ത് പ്രൊഡക്ഷന്‍ സെന്ററില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പണം വാങ്ങിത്തന്നെയല്ലേ കൊടുക്കുന്നത്? പുസ്തകങ്ങള്‍ വില്‍ക്കുമ്പോള്‍ നെല്ലായിട്ടല്ലല്ലോ പണമായിത്തന്നെയല്ലേ തുക വാങ്ങുന്നത്?

കേരള സമൂഹത്തില്‍ ഇനിയും പ്രസക്തമായ ഒരു സംഘടനയായിത്തുടരാനുള്ള സാദ്ധ്യതയും പരിഷത്തിനു മുന്നിലുണ്ട്.

മനുഷ്യരും കൂടി ചേര്‍ന്നതാണ് പരിസ്ഥിതി എന്നും ഒരു സ്പീഷിസ് എന്ന നിലയില്‍ മനുഷ്യനു നില നില്‍ക്കാനും പുരോഗമിക്കാനും പ്രകൃതിയില്‍ നിരന്തരമായി ഇടപെട്ട് അതിനെ മാറ്റിക്കൊണ്ടേയിരിക്കണം എന്നുമുള്ള ബോധം മനുഷ്യത്വത്തിന്റെ ഒരു സൂചകമാണ്. പ്രകൃതിയിലെ ഇടപെടലുകളെ എല്ലാം എതിര്‍ക്കുന്ന മനോഭാവം അതിനാല്‍ത്തന്നെ മനുഷ്യവിരുദ്ധമാണ്. ഇതിന്റെ പൂരകമാണ്, ഒരു കൂട്ടം ആളുകളുടെ മാത്രം താല്‍പ്പര്യങ്ങളല്ല, മനുഷ്യരാശിയുടെ ആകെ താല്പര്യങ്ങളാണ് വലുത് എന്ന ഇടതുപക്ഷ രാഷ്ട്രീയ ബോധ്യം. തണല്‍ വിറ്റ്​ കാശാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുതലാളിത്തം മരം വെട്ടി വില്‍ക്കും എന്ന് മാര്‍ക്‌സ് പറഞ്ഞതിന്റെ അര്‍ത്ഥം, മുതലാളിത്ത വികസന മാതൃകകളെ കണ്ണടച്ചു പിന്തുടരുന്നത് മനുഷ്യരാശിയുടെ ആകെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ് എന്നു തന്നെയാണ്.

ജയറാം ജനാര്‍ദ്ദനന്‍

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേരളത്തില്‍ ഗുരുതരമായ തീവ്രവാദങ്ങളുണ്ട്. കേവല പരിസ്ഥിതി വാദവും തീവ്ര നിയോലിബറല്‍ വാദവും. പരിസ്ഥിതിയില്‍ ഒരുവിധ ഇടപൊലും നടത്തിക്കൂടാ എന്നും മനുഷ്യനെക്കാള്‍ പ്രധാനം മരങ്ങളും മൃഗങ്ങളുമാണെന്നു വാദിക്കുന്ന മനുഷ്യ വിരുദ്ധമായ പരിസ്ഥിതി തീവ്രവാദം ഒരു വശത്ത്. പരിസ്ഥിതി ഒരു പ്രശ്‌നമേയല്ല എന്നും ഏതുതരം ഇടപെടലുകളും വികസനമാണെന്നും ശഠിക്കുന്ന നിയോ ലിബറല്‍ യാന്ത്രിക തീവ്രവാദം മറുവശത്ത്. യാഥാര്‍ത്ഥ്യം ഇതിനു നടുവിലാണ്. അതു വിളിച്ചു പറയാന്‍ പരിഷത്തിനു കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിനു കഴിയുന്നുണ്ടല്ലോ.

ഈ രണ്ടിനം (പരിസ്ഥിതി / നിയോലിബറല്‍) തീവ്രവാദികളും ഫലത്തില്‍ കാപിറ്റലിസത്തിന്റെ കളിപ്പാവകളാണ്. ഇതിനിടയില്‍ ഒരു സംഘടന എന്ന നിലയില്‍ പരിഷത്ത് നേരേ നില്‍ക്കണ്ടേ? നില്‍ക്കണമെന്നാണ് എന്റെയും ആഗ്രഹം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയാവണ്ട കാര്യമില്ല. (പോഷണം ഞങ്ങള്‍ ചെയ്‌തോളാം). പക്ഷേ, പോഷക ആരോപണം ഭയപ്പെട്ട് വസ്തുതകള്‍ പറയാന്‍ മടിക്കുന്നത് നാടിന് ആപത്തുണ്ടാക്കും എന്ന് ഓര്‍മ്മിക്കണം

കാസ്റ്റ് പ്രശ്‌നത്തെ വിലയിരുത്താനോ നേരിടാനോ പരിഷത്ത് ഇതുവരെ തയ്യാറായിട്ടില്ല. പരിഷത്ത് സഹയാത്രികന്‍ കൂടിയായ ജയറാം ജനാര്‍ദ്ദനന്‍ ഇക്കാര്യം ഒരു ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ജന്‍ഡര്‍ വിഷയത്തില്‍ പരിഷത്തു കാണിക്കുന്ന പരിമിതമായ ശ്രദ്ധ പോലും ജാതിവിഷയത്തില്‍ കാണിക്കാത്തത്​ കുഴപ്പമാണ്. ജെന്‍ഡര്‍ വിഷയത്തിലെ തന്നെ പരിമിതി, പരിഷത്ത് പ്രവര്‍ത്തകരായ സ്ത്രീസുഹൃത്തുക്കള്‍ എടുത്തു പറഞ്ഞപ്പോഴാണ് എനിക്കു കൂടുതല്‍ വ്യക്തമായത്. വനിതാ സബ് കമ്മറ്റിയും നിരവധി പുസ്തകങ്ങളും ലഘുലേഘകളും ഉണ്ടായിട്ടും പരിഷത്ത് ജന്‍ഡര്‍ വിഷയത്തില്‍ പിന്നില്‍ തന്നെയാണ്. ഇതിന്റെ ഒരംശം പോലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാത്ത കാസ്റ്റ് പ്രശ്‌നത്തിലെ കുഴപ്പം പിന്നെ ഊഹിക്കാമല്ലോ! കാസ്റ്റ് പ്രശ്‌നത്തെ അഡ്രസ് ചെയ്യാതെ ഒരു സംഘടനയ്ക്കും ഇനി മുന്നോട്ടു പോകാനാവില്ല.

കുറേ വിമര്‍ശനങ്ങള്‍ പറഞ്ഞു. യോജിപ്പുകള്‍ കൂടി പറയട്ടെ.

പരിഷത്ത് പരിണമിച്ചുവന്ന ദശയിലെ ഉന്നതമായ സാമൂഹികലക്ഷ്യം കൈവിട്ടിട്ടില്ലാത്തയാളുകളാണ് ഇപ്പോഴും അതിലെ മിക്കവാറും എല്ലാവരും. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരുപാടു പേരെ പഠിപ്പിച്ച ചരിത്രം അതിനുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ചരിത്രവും അതിന്റെ പ്രയോഗത്തിന്റെ വിശാല ലക്ഷ്യവും പ്രചരിപ്പിച്ച പരിചയവും അതിനുണ്ട്. കേരള സമൂഹത്തില്‍ ഇനിയും പ്രസക്തമായ ഒരു സംഘടനയായിത്തുടരാനുള്ള സാദ്ധ്യതയും അതിന്റെ മുന്നിലുണ്ട്.

അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന് അഭ്യുദയ കാംക്ഷിയായ ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ ചിലതു പറഞ്ഞു കൊണ്ട്​ നിര്‍ത്തുകയാണ്.

  • സംഘടന എന്ന നിലയില്‍ കാലത്തിനനുസരിച്ചു സ്വയം മാറണം. ഡോഗ്മാറ്റിക്കായ സമീപനങ്ങളെ വലിച്ചെറിഞ്ഞിട്ട് മാറിയ കാലത്തിന്റെ രീതികളെയും ആവശ്യങ്ങളെയും മനസ്സിലാക്കണം. വികസന മാതൃകകള്‍ മുതല്‍ ജാതി പ്രശ്‌നം വരെ വളരെയേറെ കാര്യങ്ങളില്‍ ഇത് അത്യാവശ്യമാണ്

  • നേതൃത്വം നിരന്തരം നവീകരിക്കണം. അമ്പതു വയസ്സില്‍ താഴെയുള്ള എത്ര പേർ സംസ്ഥാനക്കമ്മറ്റി മുതല്‍ യൂണിറ്റുകള്‍ വരെ ഭാരവാഹിത്വത്തിലുണ്ടെന്നു നോക്കണം. മാറ്റം വരുത്താന്‍ നോക്കിയാല്‍ നന്നാവും. സ്വയം വിരമിക്കല്‍ നടത്തി സാധാരണ പ്രവര്‍ത്തകരായി തുടരാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചെയ്യുന്നതു നന്നാവും

  • പുതിയ കാലത്തിനോടും യുവത്വത്തിനോടും കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും പുതിയ രീതികള്‍ വേണം

  • എന്‍.ജി.ഒവല്‍ക്കരിക്കപ്പെടുന്നു എന്ന വിമര്‍ശനത്തിനെ ആത്മാര്‍ത്ഥമായി വിലയിരുത്തണം. ബോദ്ധ്യം വന്നാല്‍ തിരുത്താന്‍ നോക്കണം

  • ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയാവണ്ട കാര്യമില്ല. (പോഷണം ഞങ്ങള്‍ ചെയ്‌തോളാം). പക്ഷേ, പോഷക ആരോപണം ഭയപ്പെട്ട് വസ്തുതകള്‍ പറയാന്‍ മടിക്കുന്നത് നാടിന് ആപത്തുണ്ടാക്കും എന്ന് ഓര്‍മ്മിക്കണം

  • ശാസ്ത്രവും സാങ്കേതികവിദ്യകളും സംബന്ധിച്ച അറിവുകളും ശാസ്ത്രത്തിന്റെ രീതിയും ജനങ്ങളുടെയിടയില്‍ പ്രചരിപ്പിക്കാന്‍ പരിഷത്തിന് വലിയ സാദ്ധ്യതയുണ്ട്. പരിഷത്ത് ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍, സയന്‍സു പറഞ്ഞിട്ട് സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സവര്‍ക്കറിസ്റ്റ് നാസ്തികര്‍ കയറിയിരിക്കും, സൂക്ഷിക്കണം.

നേരത്തേ പറഞ്ഞതുപോലെ, ഇവയൊന്നും തീര്‍പ്പുകളല്ല. അഭിപ്രായങ്ങളാണ്. ചര്‍ച്ച തുടരട്ടെ. തീരുമാനങ്ങളും ഉണ്ടാവട്ടെ.

Comments