ജോസഫൈനു വേണ്ടി ഒരു വക്കാലത്ത്: പാർടിക്ക് കോടതിയും പൊലീസ് സ്റ്റേഷനുമുണ്ടെങ്കിലെന്താ?

"ക്രിസ്ത്യാനികൾക്കിടയിലെ, മുസ്ലീങ്ങൾക്കിടയിലെ, എസ് എൻ ഡി പി സഭയും എൻ എസ് എസും പുലയ മഹാസഭയും ഉള്ളിടങ്ങളിലേയും വഴക്കുകൾ തീരുന്നതെങ്ങനെയാണ് ?'' വനിതാകമ്മീഷൻ ചെയർ പേഴ്സൺ എം.സി. ജോസഫൈൻ, കഴിഞ്ഞ ദിവസം സി.പി. എമ്മിൽ പൊലീസ് സ്റ്റേഷനും കോടതിയും ഉണ്ട് എന്ന പരാമർശം നടത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിൽ, ആ പരാമർശത്തിന് എന്താണ് കുഴപ്പം എന്ന, പ്രതിവാദങ്ങൾക്ക് സാധ്യതയുള്ള വാദം ഉന്നയിക്കുകയാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ

ദ്യമേ മുൻകൂർ ജാമ്യമെടുക്കട്ടെ .
എം. എ ജോണിന്റെ ജീവചരിത്രമെഴുതാൻ ശ്രമിക്കുന്നൊരാൾക്ക് പഴയ പരിവർത്തനവാദിയായ, വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം. സി ജോസഫൈനോടുള്ള സോഫ്ട് കോർണറേ അല്ല, നേരെമറിച്ച് സമസ്ത ജീവിത സന്ദർഭങ്ങളും പൊലീസിനേയും കോടതിയേയും ഏല്പിച്ചു കൊടുക്കുന്നതിലേക്കുള്ള സാമൂഹ്യ പരിണാമത്തോടുള്ള രാഷ്ട്രീയ പ്രതികരണമാണീ ഇടപെടൽ .

കൊറോണക്കാലത്തെ തിരക്കിനിടയിലും കോഴിക്കോട്ടെ കസബ പൊലീസ് സ്റ്റേഷൻ ഒരു വാർത്ത ഉണ്ടാക്കിയത് ശ്രദ്ധയിൽ പെട്ടിരുന്നല്ലോ. ചേച്ചി കളിക്കാൻ കൂടെ കൂട്ടാത്തതിന് പയ്യൻ പൊലീസിൽ പരാതിപ്പെടുന്നു. കോവിഡ് പത്തൊമ്പതാമനെ (പ്രയോഗത്തിന് കടപ്പാട് ജമാൽ കൊച്ചങ്ങാടിയോട് ) നേരിടുന്ന കാര്യത്തിലും ലോകത്ത് നമ്പർ വണ്ണാവാനുള്ള തിരക്കിനിടയിൽ പോലും പൊലീസ് ഈ ബ്രഹ്മാണ്ഡ പ്രശ്‌നത്തിലിടപെടുകയും ചേച്ചിയെ കളിക്കളത്തിലേക്ക് ലാത്തി ചൂണ്ടി തിരിച്ചെത്തിക്കുകയും ചെയ്ത, വെറും കൗതുകത്തിനു വേണ്ടിയല്ലാത്ത വാർത്ത സമൂഹത്തിൽ സംഭവിക്കുന്നതെന്ത് എന്നതിന്റെ ഉദാഹരണമാണ്. കുടുംബത്തിലൊരു വഴക്കുണ്ടായാൽ നേരെ പൊലീസ് സ്റ്റേഷനിലേക്കും കോടതി മുറിയിലേക്കും ഓടുകയാണോ വേണ്ടത്? പിന്നെ കുടുംബമെന്തിനാണ്, രക്ഷാകർത്താക്കൾ എന്തിനാണ്? കുടുംബത്തിലൊതുങ്ങില്ല പ്രശ്‌ന പരിഹാരമെങ്കിൽ, വാദിക്കോ പ്രതിക്കോ ഒറ്റക്കോ ഒരുമിച്ചോ കുടുംബ സദസിൽ നിന്ന് നീതി കിട്ടുമെന്ന് വിശ്വാസമില്ലെങ്കിൽ മാത്രമാണ് പ്രശ്‌നം പുറത്തേക്ക് പോകേണ്ടത്.

നമ്മുടെ ദാമ്പത്യങ്ങളിലെ വഴക്കുകളെല്ലാം നേരെ പൊലീസിലും കോടതിയിലുമെത്തുകയല്ലല്ലോ.

കുടുംബത്തിലൊരു വഴക്കുണ്ടായാൽ നേരെ പൊലീസ് സ്റ്റേഷനിലേക്കും കോടതി മുറിയിലേക്കും ഓടുകയാണോ വേണ്ടത്? പിന്നെ കുടുംബമെന്തിനാണ്, രക്ഷാകർത്താക്കൾ എന്തിനാണ്?

ഭാവിയുടെ ഭാരമില്ലാതെ തീരുമാനമെടുക്കാൻ സ്ത്രീകൾ അനുവദിക്കപ്പെട്ടാൽ നമ്മുടെ 90 ശതമാനം ദാമ്പത്യങ്ങളും 48 മണിക്കൂറിനുള്ളിൽ തകർന്നു തരിപ്പണമാവുമെന്ന നിത്യചൈതന്യയതിയുടെ പ്രവചനം ഫലിച്ചുതുടങ്ങുന്ന കാലത്തും ഉഭയസമ്മതത്തോടെയുള്ള വിവാഹമോചന ഹരജികളിൽ പോലും കുടുംബക്കോടതി തീരുമാനമെടുക്കുന്നത് കഴിയുന്നത്ര വൈകിക്കുന്നു. കൗൺസിലിങ്ങിന്റെ സഹായത്തോടെ, പിരിയലല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്നു.

ക്രിസ്ത്യാനികൾക്കിടയിലെ, മുസ്ലീങ്ങൾക്കിടയിലെ, എസ് എൻ ഡി പി സഭയും എൻ എസ് എസും പുലയ മഹാസഭയും ഉള്ളിടങ്ങളിലേയും വഴക്കുകൾ തീരുന്നതെങ്ങനെയാണ് ?
വീട്ടിൽ തീർന്നില്ലെങ്കിൽ, തറവാട്ട് കാരണന്മാരുടെ മുമ്പിൽ, എന്നിട്ടും തീർന്നില്ലെങ്കിൽ സമുദായ വേദികളിൽ. ഒരു നിവൃത്തിയില്ലാതാവുമ്പോഴേ പ്രശ്‌നം പൊലീസിലും കോടതിയിലുമെത്താറുള്ളു. കമ്യൂണിസ്റ്റ് പാർടികളിൽ മാത്രമല്ല ഇതര രാഷ്ടീയ പാർടികളിലും ഇങ്ങനെത്തന്നെയല്ലേ സംഭവിക്കുന്നത് , അല്ലെങ്കിൽ സംഭവിക്കേണ്ടത്? ഇത്തരം വേദികളിൽ നീതി കിട്ടില്ലെന്ന് വാദിക്കോ പ്രതിക്കോ തോന്നിയാൽ നിശ്ചയമായും പൊലീസിനെ വിളിക്കണം. വക്കീലിന്റെ സഹായം തേടണം. അതൊരു തുടർ നടപടി മാത്രം.

മലബാർ തീരങ്ങളിൽ നേരത്തെയുണ്ടായിരുന്ന കടൽക്കോടതികളുടെ ഓർമ മാറാട് സംഭവങ്ങളുടെ കാലത്ത് ഈ ലേഖകൻ തന്നെ വീണ്ടെടുക്കാൻ ശ്രമിക്കുകയുണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിലെ കടൽക്കോടതികളാണ് മീൻപിടുത്തക്കാർക്കിടയിലെ വഴക്കുകൾ വിചാരണ ചെയ്ത് തീർപ്പാക്കിയിരുന്നത്. വാദിയും പ്രതിയും സാക്ഷികളും വക്കീലും ന്യായാധിപനുമുള്ള ജൈവ നീതി - നിയമ സംവിധാനമായിരുന്നവ. കാസർകോട് മുതൽ ചാവക്കാട് വരെ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളിലെ ഈ കോടതികൾ അപ്പീലിനു മേൽക്കോടതിയിൽ പോകാനുള്ള സൗകര്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു. വെള്ളക്കാരുടെ കൊളോണിയൽ ഭരണവും തീരപ്രദേശത്തേയോ ആദിവാസിക്കുന്നുകളിലേയോ ഇത്തരം പ്രാദേശിക പ്രശ്‌നപരിഹാര പ്രക്രിയയിലിടപെട്ടിരുന്നില്ല.
വി. ടി ഭട്ടതിരിപ്പാട് മുതൽ ഡി. പങ്കജാക്ഷക്കുറുപ്പ് വരെ ഇത്തരം അയൽക്കൂട്ടങ്ങൾക്കു വേണ്ടിയാണ് വാദിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും. സ്വാതന്ത്ര്യാനന്തരം ലേബർ ഓഫീസിലേക്കും പാർടി ആസ്ഥാനത്തേക്കും ഈ അധികാരം, ഉത്തരവാദിത്തം കൈമാറ്റം ചെയ്യപ്പെട്ടതോടെ അരയ സമാജവും മഹല്ല് കമ്മറ്റിയും ഇടപെടാൻ തുടങ്ങുന്നു. അങ്ങനെ മാറാടുകൾ സംഭവിക്കുകയായി .

സമൂഹ്യ ജീവിതത്തിലെ ഓരോ യൂണിറ്റുകളും സക്രിയമാവുകയും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം അതിന്റെ ഡൈനാമിക്‌സ് വീണ്ടെടുക്കുന്നത്. സി പി എം ഒരു രാഷ്ടീയകക്ഷി എന്ന നിലയിൽ ഇത്രയൊക്കെയുണ് ചെയ്യുന്നത് എന്ന് തുറന്നു പറയുക മാത്രമാണ് ജോസഫൈൻ ചെയ്തത്.
ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ഏർപ്പാടുകൾ മറ്റു പാർടികളിലില്ലെങ്കിൽ സി പി എം എന്ത് പിഴച്ചു ?


Summary: M.C. Josephine in an controversial statement, author and activist Civic Chandran makes a potentially controversial argument as to what's wrong with the remark.


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments