കാമ്പസിലെ പുതുരാഷ്ട്രീയ സമരങ്ങളിൽ ഇല്ലാത്ത ആൾക്കൂട്ട എസ്.എഫ്.ഐ

കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നുവന്ന പുതു സമരങ്ങൾ കാമ്പസിലെ വിദ്യാർഥിസംഘടനാ രാഷ്ട്രീയത്തെ ദുർബലമാക്കിയത് എങ്ങനെയാണ് എന്ന വിശകലനം. പൂക്കോട് കാമ്പസിൽ നടന്നതുപോലുള്ള ആൾക്കൂട്ട വിചാരണകൾക്കുപിറകിൽ വിദ്യാർത്ഥിസമൂഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള തങ്ങളുടെ ശേഷി കൈമോശം വന്നിട്ടില്ലെന്നു തെളിയിക്കാനുള്ള അബോധപ്രേരണയുണ്ടാവാം എന്നും എഴുതുന്നു, വി.കെ. ബാബു.

പൂക്കോട് വെറ്ററിനറി സർവ്വകലാശാലാ കാമ്പസിലെ സിദ്ധാർത്ഥനെതിരെയുള്ള ആൾക്കൂട്ട വിചാരണയും അതേ തുടർന്നുള്ള മരണവും ചർച്ചയായിരിക്കയാണല്ലോ. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായി കരുതപ്പെടുന്ന എസ് എഫ് ഐയുടെ പ്രവർത്തകർക്ക് ഇതിൽ പങ്കാളിത്തമുണ്ട് എന്നതാണ് കേരളത്തിൽ ഈ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടാനിടയാക്കിയത്. കാമ്പസിനകത്തെ വിദ്യാ‍ത്ഥി സംഘടനാ പ്രവർത്തനത്തിലെ ജനാധിപത്യവിരുദ്ധ പ്രവണതകളെക്കുറിച്ചുള്ള ആലോചനയ്ക്ക് ഇത് സ്വാഭാവികമായും പ്രേരിപ്പിക്കുന്നു.

കേവലം റാഗിംഗ് എന്നതിലുപരി ആധിപത്യമനോഭാവത്തോടെ നിയമം കൈയിലെടുത്ത് സഹപാഠിക്കുനേരെ തന്നെ തിരിയാനുള്ള മനഃസ്ഥിതി വിദ്യാർത്ഥികൾക്ക് എങ്ങനെയുണ്ടായി എന്ന് ഇതിനെക്കുറിച്ച് എഴുതിയ പലരും ആശ്ചര്യത്തോടെ ആശങ്കപ്പെടുകയുണ്ടായി. നൂറിലധികം കുട്ടികൾ ഈ ക്രൂരകൃത്യം പ്രതികരണമൊന്നുമില്ലാതെ കണ്ടുനിന്നു എന്നതും പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. കക്ഷിരാഷ്ട്രീയ വിധേയത്വത്താൽ വിവിധ വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ ആധിപത്യത്തിനായി വിവിധ രീതികളിൽ നടത്തിയ ജനാധിപത്യവിരുദ്ധ പ്രയോഗങ്ങളുടെ ഭൂതകാലവും അവയ്ക്ക് ഉദാരവത്കരണകാലത്ത് സംഭവിച്ച പരിണാമങ്ങളും പരിശോധിക്കാതെ ഇത്തരം പ്രവണതകളെ വിശകലനം ചെയ്യാനാവില്ല.

പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർഥ്

കേരളത്തിൽ കാമ്പസ് സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ പ്രവർത്തകരെ നഷ്ടപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ് എഫ് ഐ എന്നത് വാസ്തവമാണ്. കേരളപ്പിറവിക്കുശേഷമുള്ള മൂന്ന് ദശകങ്ങളിൽ കോൺഗ്രസിന്റെ വിദ്യാർത്ഥിവിഭാഗമായ കെ എസ് യുവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ എ ബി വി പി യുമാണ് ജനാധിപത്യവിരുദ്ധരീതിയിൽ പ്രവർത്തിച്ച് കലാലയങ്ങളെ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റിയതിലെ മുഖ്യ പ്രതികൾ. 1957- ൽ പിറവിയെടുക്കുകയും 1959- ലെ വിമോചനസമരഘട്ടത്തിലെ ഒരണ സമരത്തിലൂടെ അറിയപ്പെടുകയും ചെയ്ത കെ എസ് യു സമ്പന്നവർഗ താത്പര്യങ്ങളെ കാമ്പസിൽ പ്രതിനിധീകരിച്ചു. ഹിന്ദുത്വശക്തികളുടെ ഉറച്ച പിൻബലം എ ബി വി പിക്കുണ്ടായിരുന്നു. ആവശ്യമായ സന്ദർഭങ്ങളിൽ ഭരണാധികാരികളുടെ സഹായവും വിവിധ മേഖലകളിൽ പ്രിവിലജുകളും ഈ സംഘടനകൾക്കുണ്ടായിരുന്നു.

അക്കാലത്ത് ഒഴുക്കിനെതിരെ നീന്തിയിരുന്ന എസ് എഫ് ഐ (ആദ്യകാലത്ത് കെ എസ് എഫ്) കലാലയങ്ങളിലെ സാമ്പത്തികമായി ഏറ്റവും ദരിദ്രരായ കുട്ടികളുടെ സമരപ്രസ്ഥാനമായാണ് വളർന്നുവന്നത്. വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി അത് പൊരുതിയിരുന്നു. 1970 അവസാനം രൂപീകരിക്കപ്പെട്ട എസ് എഫ് ഐക്ക് 1936- ൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപീകൃതമായ എ ഐ എസ് എഫ് എന്ന സംഘടനയെ മറികടക്കാനായത് വിദ്യാർത്ഥികളുടെ നാനാവിധമായ ആവശ്യങ്ങൾക്കുവേണ്ടി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതുവഴിയാണ്. സമൂഹത്തിലെ അനീതിക്കെതിരെ വിദ്യാർത്ഥിമനസ്സുകളിൽ വികാരമുണ്ടാക്കുന്ന തരത്തിൽ കലാ സാംസ്കാരികപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രതിബദ്ധമായ ഒരു ഇടം കാമ്പസിനുള്ളിൽ സ്ഥാപിക്കാൻ എസ് എഫ് ഐക്ക് അക്കാലങ്ങളിൽ കഴിഞ്ഞു. മികച്ച വായനയും രാഷ്ട്രീയാവബോധവുമുള്ള നേതാക്കളെ രാഷ്ട്രീയമണ്ഡലത്തിന് സംഭാവന ചെയ്യാനും ഇക്കാലഘട്ടം ഇടയാക്കിയിട്ടുണ്ട്. എണ്‍പതുകളുടെ പകുതിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ജയിക്കുന്നതിനുപുറമേ എല്ലാ സര്‍വകലാശാലാ യൂണിയനുകളും എസ്.എഫ്.ഐ.യുടെ അധീനതയില്‍വരുന്ന സ്ഥിതിയുണ്ടായി. സി.പി.എം രാഷ്ട്രീയത്തില്‍ എണ്‍പതുകളോടെയാണ് പ്രധാന ശക്തിസ്രോതസ്സായി എസ്.എഫ്.ഐ. മാറുന്നത്.

1996ലെ എസ്എഫ്ഐ കേരള സംസ്ഥാന ജാഥ അംഗങ്ങൾ/ photo: SFI, Facebook page

അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ സമ്പന്നവർഗ്ഗത്തിന്റെ പിന്തുണയോടെ ശക്തിയായി ശ്രമിച്ചു. എഴുപതുകളിൽ സ്കൂളുകളിൽ എസ് എഫ് ഐ വളർന്നു പന്തലിച്ചപ്പോഴും കോളജുകളിൽ കെ എസ് യു ആധിപത്യം തുടർന്നു. മാനേജ്മെന്റ് ക്വാട്ടയിലൂടെ വിദ്യാ‍ത്ഥികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന എയിഡഡ് കോളജുകളിൽ, പ്രത്യേകിച്ചും കെ എസ് യു വലിയ ആധിപത്യമുണ്ടാക്കി. നഗരങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും സമ്പന്നകുടുംബങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളായിരുന്നു അവരുടെ ശക്തി. സാധാരണക്കാരായ തൊഴിലാളികളുടേയും കർഷകരുടേയും ഇടത്തരം ജീവനക്കാരുടേയും കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾ ഭൂരിപക്ഷവും എസ് എഫ് ഐ അനുഭാവമുള്ളവരായിരുന്നു. വിവിധ മണ്ഡലങ്ങളിലുള്ള ഒട്ടനവധി പ്രിവിലജുകളുമായി കോളേജുകളിലെത്തുന്ന കെ എസ് യുക്കാർക്ക് ആധിപത്യം സ്ഥാപിക്കുക താരതമ്യേന എളുപ്പമായിരുന്നു. ഇത്തരം ആധിപത്യത്തിനെതിരെ പോരാടിയതിന്റെ ഫലമായാണ് എസ് എഫ് ഐ യ്ക്ക് പ്രവർത്തകരെ നഷ്ടപ്പെട്ടത്. ആ പോരാട്ടം ഒരർത്ഥത്തിൽ കാമ്പസിനകത്ത് രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള സമരം തന്നെയായിരുന്നു. കാമ്പസിൽ സൃഷ്ടിക്കപ്പെട്ട ഈ തുറവി ഉപയോഗപ്പെടുത്തിയാണ് പിൽക്കാലത്ത് നിരവധി സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്.

ഭരണവർഗ്ഗത്തിന്റേയും അധികാരികളുടേയും സമ്പന്ന രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയോടെ കെ എസ് യു കാമ്പസുകളിൽ നടപ്പാക്കാൻ ശ്രമിച്ച ആധിപത്യ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്തത് എസ് എഫ് ഐ എന്ന സംഘടനയെ കേരളത്തിലെ വലിയ വിദ്യാ‍ർത്ഥി പ്രസ്ഥാനമാക്കി മാറ്റി. സാധാരണക്കാരുടെ കുട്ടികൾക്ക് ധാരാളമായി ചേരാൻ കഴിഞ്ഞ സർക്കാർ സ്കൂളുകൾ, സർക്കാർ കോളജുകൾ, സർക്കാർ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അത് കൂടുതൽ മുന്നേറ്റം നടത്തി. ജനാധിപത്യവാദികളുടേയും അക്കാദമിക് ലോകത്തിന്റെ ഒരു വിഭാഗത്തിന്റേയും പിന്തുണ ഇത്തരം സമരങ്ങൾക്കുണ്ടായി. പഠനത്തിൽ സമർത്ഥരായ നിസ്വരായ വിദ്യാർത്ഥികളുടെ പിന്തുണയും എസ് എഫ് ഐക്ക് ഇക്കാലയളവിൽ കൂടിവന്നു. പൊതുവിദ്യാഭ്യാസം വിപുലപ്പെട്ടതോടെ എസ് എഫ് ഐക്കുള്ള വിദ്യാർത്ഥി പിന്തുണ പതിൻമടങ്ങ് വർദ്ധിച്ചു. കേരളത്തിലെ ഏറ്റവും സുസംഘടിതവും വലിയതുമായ വിദ്യാർത്ഥിപ്രസ്ഥാനമായി എസ് എഫ് ഐ മാറി. എസ് എഫ് ഐ യുടെ ഈ മുന്നേറ്റം ഭയന്നാണ് കാമ്പസിൽ രാഷ്ട്രീയം വേണ്ടതില്ല എന്ന മുദ്രാവാക്യം നിഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞ ചില പൗരപ്രമുഖരും മാധ്യമങ്ങളും ഉയർത്തിയത്. അവരുടെ നാവിലൂടെയാണ് അത്തരം വാദങ്ങൾ പുറത്തുവന്നതെങ്കിലും അത് സമ്പന്നവർഗ്ഗങ്ങളുടെ മുദ്രാവാക്യമായിരുന്നു. ഈ അരാഷ്ട്രീയവാദം എസ് എഫ് ഐയെ പോലെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കാമ്പസിൽ നിന്ന് അകറ്റാനും തങ്ങളുടെ വലതുപക്ഷ അജണ്ട നടപ്പാക്കാനുമുള്ള അധീശവർഗ്ഗത്തിന്റെ തന്ത്രങ്ങളുടെ ഭാഗം മാത്രമായിരുന്നു. മലയാള മനോരമയെ പോലുള്ള പത്രങ്ങളുടെ സജീവ പിന്തുണ ഇത്തരം വാദങ്ങൾക്കുണ്ടായിരുന്നു.

PHOTO: studentstruggle.in

എന്നാൽ സ‍ർക്കാറുകളുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കും കെ എസ് യുവിന്റേയും കോളജ് മാനേജ്മെന്റിന്റേയുമെല്ലാം ആധിപത്യത്തിനും എതിരെ പോരാടി വളർന്ന എസ് എഫ് ഐ ക്രമേണ കാമ്പസുകളിൽ സമ്പൂർണ ആധിപത്യത്തിനായി ശ്രമിക്കുന്നതാണ് പിൽക്കാലത്ത് കണ്ടത്. മറ്റു സംഘടനകളുടെ പ്രവർത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നതിലേക്കും കാമ്പസിനകം തങ്ങളുടെ സമഗ്രാധിപത്യത്തിൽ വർത്തിക്കണം എന്ന വാശിയിലേക്കും ആ സംഘടന മാറി. ആഗോളവത്കരണം ശക്തിപ്പെട്ട തൊണ്ണൂറുകൾക്ക് ശേഷമാണ് ഈ പ്രവണതകൾ കൂടുതൽ ദൃശ്യമായത്. വർഷങ്ങളായി തുടരുന്ന കോളജ് യൂണിയൻ ഭരണവും സർവ്വകലാശാലാ ഭരണസമിതികളിലെ സ്വാധീനവും സർക്കാർ കോളജ് അധികാരികളിലും എയിഡഡ് / അൺ എയിഡഡ് മാനേജ്മെന്റ് കമ്മിറ്റികളിലുമെല്ലാം ഇടപെടാനുള്ള അവസരവും എസ് എഫ് ഐക്ക് ഇക്കാലയളവിൽ വർധിക്കുന്നുണ്ടായിരുന്നു. ഇടതുപക്ഷ സർക്കാറിന്റെ ഭരണകാലയളവുകളിൽ ഇത് വലിയ തോതിൽ കൂടുകയും ചെയ്യുന്നതായി കാണാം.

എസ് എഫ് ഐ അതുവഴി സാവധാനം ഭരണവർഗ്ഗത്തിന്റേയും സ്ഥിതവ്യവസ്ഥയുടേയും ഭാഗമായി മാറുന്ന അവസ്ഥ വന്നുചേർന്നു. സംഘടനയിലേക്ക് ഇക്കാലയളവിൽ കടന്നുവന്ന പ്രവർത്തകരുടെ ക്രഡൻഷ്യൽ റിപ്പോർട്ട് വിലയിരുത്തിയാൽ ഇതു വ്യക്തമാവും. ആദ്യകാലത്ത് തങ്ങളുടെ വർഗ്ഗതാത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന വിദ്യാർത്ഥി സംഘടന എന്ന രീതിയിൽ എസ് എഫ് ഐയിലേക്ക് കടന്നുവരാൻ മടിച്ചുനിന്നിരുന്ന കുബേരസന്താനങ്ങൾ വലിയ തോതിൽ സംഘടനയിലേക്ക് വരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അധികാരസ്ഥാനങ്ങളിലേയ്ക്ക് കടന്നുകയറാൻ ഇത് വഴിയൊരുക്കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ആദ്യകാലത്ത് സമരം ചെയ്തുവെങ്കിലും പിന്നീടുണ്ടായ വീണ്ടുവിചാരത്തെത്തുടർന്ന് അത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രായോഗികതയിലേക്ക് എസ് എഫ് ഐ പരിണമിച്ചെത്തി. ഇത് സംഘടനയുടെ പ്രവർത്തനങ്ങളിലും സ്വഭാവത്തിലും മാറ്റം വരുത്തിയതായി നിരീക്ഷിക്കാൻ കഴിയും. ആന്തരികമായുള്ള അരാഷ്ട്രീയവത്കരണത്തിന്റെ ജീർണ്ണതയിലേക്ക് നടന്നടുക്കുന്ന ഒരു എസ് എഫ് ഐയെയാണ് പിന്നീട് നാം കണ്ടത്. എന്നാൽ പഴയകാല നിലപാടിന്റെ കാൽപ്പനികതയിൽ തുടർന്നിരുന്ന അണികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാൽ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സംഘടനയായി അതിന് തുടരാൻ കഴിയുന്നുണ്ടായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന കാലയളവിൽ സമരത്തിന് പൂർണ്ണമായും അവധി കൊടുക്കുന്ന രീതി സ്വീകരിച്ചതോടെ ഏതൊരാൾക്കും കടന്നുവരാവുന്ന ഒരു വിദ്യാർത്ഥി ആൾക്കൂട്ടമായി എസ് എഫ് ഐ മാറുകയായിരുന്നു. വലതുപക്ഷ / സോഷ്യൽ ഫാഷിസ്റ്റ് പ്രവണതകൾ സംഘടനയ്ക്കുള്ളിൽ തലപൊക്കുന്നതിടയാക്കിയ സാഹചര്യം ഇതാണ്.

പൂക്കോട് കാമ്പസിൽ നടന്ന ആൾക്കൂട്ട വിചാരണയും അതിനെ തുടർന്നുള്ള മരണവും മുൻകാലങ്ങളിൽ വിദ്യാർത്ഥി സംഘട്ടനങ്ങളെ തുടർന്ന് കാമ്പസിൽ നടന്ന മരണങ്ങളും തമ്മിൽ വ്യത്യാസങ്ങളേറെയാണ്. ചെറുത്തുനിൽപ്പിന്റെ ഭാഗമായി ഏറ്റുവാങ്ങിയ രക്തസാക്ഷിത്വം അടക്കമുള്ള പീഡനങ്ങളുടെ കണക്കുകൾ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സംഭവത്തിന്റെ ഭയാനകതയും ജനാധിപത്യവിരുദ്ധതയും മറയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായിത്തീരുന്നത് അതുകൊണ്ടുകൂടിയാണ്. ഈ പരസ്യമായ ആൾക്കൂട്ട വിചാരണയുടെ രാഷ്ട്രീയമായ മാനങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. മുമ്പുണ്ടായിരുന്ന വിദ്യാർത്ഥി സംഘട്ടനങ്ങൾ ഒന്നുകിൽ ചെറിയ കശപിശയിൽ തുടങ്ങി ഗൗരവപ്പെടുന്ന സംഘട്ടനങ്ങളായി മാറുന്നവയായിരുന്നു. കാമ്പസിന് പുറത്തുനിന്നു ലഭിക്കുന്ന സഹായത്താലും ആയുധപ്രയോഗത്താലും കൊലപാതകങ്ങളിൽ കലാശിച്ചതാണ് അവയിൽ മിക്കവയും. ആ കൊലപാതകങ്ങളിൽ ചിലത് ആസൂത്രണത്തിന്റെ പിൻബലമില്ലാതെ സംഘട്ടനവേദിയിൽ വച്ച് സംഭവിച്ചതാണ്. മറ്റു ചിലവ ആസൂത്രണത്തോടെയെങ്കിലും വിജനതയിലോ ഇരുളിന്റെ മറവിലോ വച്ച് തിരിച്ചടി എന്ന നിലയിൽ നടന്നതാണ്. അത്തരം കൊലപാതകങ്ങൾ ബഹുഭൂരിപക്ഷവും എസ് എഫ് ഐയ്ക്ക് എതിരെയാണുണ്ടായത് എന്നത് വാസ്തവവുമാണ്.

എന്നാൽ പൂക്കോട് കാമ്പസിൽ നടന്ന ക്രൂരമായ ജീവനെടുക്കലിലെ ചില സവിശേഷതകൾ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്യമായി മറ്റു വിദ്യാർത്ഥികൾക്കു മുമ്പിലാണ് ഭീകരവും ക്രൂരവുമായ വേട്ട നടന്നത്. ഹോസ്റ്റൽ മുറികളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥികളെ കൂടി വിളിച്ചുകൊണ്ടുവന്നാണ് വിചാരണയും മർദ്ദനവും നടപ്പാക്കിയത് എന്ന് ദൃക്‍സാക്ഷിമൊഴികളിലുണ്ട്. തങ്ങൾ നടപ്പാക്കുന്ന വിചാരണയുടേയും ശിക്ഷാവിധിയുടേയും ദൃശ്യം ഒരാൾക്കും നഷ്ടപ്പെടരുത് എന്ന് വേട്ടക്കാർ ഉറപ്പാക്കി എന്നതിൽ നിന്ന് ഏറെ മനസ്സിലാക്കാനുണ്ട്. അവ കേവലം സംഘട്ടനമോ റാഗിംഗോ ഏകപക്ഷീയമായ മർദ്ദനം പോലുമോ അല്ല. പൂർണമായും ഒരു ഫാഷിസ്റ്റ് ഉന്മത്ത ആണത്ത പ്രയോഗമാണ്. മറ്റുള്ളവർക്ക് കൂടിയുള്ള താക്കീതാണത്. എതിർപ്പിന്റെ മൃദുസ്വരം പോലും ഉണ്ടാവില്ലെന്ന് ഉറപ്പാക്കലാണത്. അതിലേറെ ശിക്ഷ വിധിക്കാനും അതു പരസ്യമായി നടപ്പിലാക്കാനും തങ്ങൾക്ക് ശേഷിയുണ്ടെന്ന പ്രഖ്യാപനമാണ്. കോടതി സംവിധാനമായി സ്വയം മാറുന്നതിൽ ആധിപത്യം സമ്പൂർണമാക്കലിന്റെ സന്ദേശമാണുള്ളത്. ലോകത്തെ ഏതൊരു സമഗ്രാധിപത്യവും നിതിന്യായനിർവഹണത്തെക്കൂടി കയ്യിലൊതുക്കിയാണ് സമ്പൂർണാധിപത്യത്തിലേക്ക് കുതിച്ചിട്ടുള്ളത്. മതത്തിന്റേയോ വംശത്തിന്റേയോ പേരിലുള്ള സമഗ്രാധിപത്യത്തിലും പ്രത്യയശാസ്ത്രത്തിന്റേയോ പൊളിറ്റിക്കൽ ഫിലോസഫിയുടേയോ അടിസ്ഥാനത്തിലുള്ള സാമൂഹ്യ സമഗ്രാധിപത്യത്തിലും ഈ പ്രത്യേകത പൊതുവായി നാം കണ്ടിട്ടുണ്ട്. നീതിന്യായസംവിധാനം കയ്യിലെടുക്കൽ അതിന്റെ പ്രധാന സവിശേഷതയാണ്. തങ്ങളുടേതായ രീതിയിലുള്ള വിചാരണയും ശിക്ഷ വിധിക്കലും അതിന്റെ പരസ്യപ്രദർശനവും അത്തരം പ്രയോഗങ്ങളുടെ അനിവാര്യഘടകമാണ്.

സിദ്ധാര്‍ഥിന്റെ മാതാപിതാക്കളായ ടി.ജയപ്രകാശും എം.ആര്‍.ഷീബയും/ Photo: manorama

പൂക്കോട് കാമ്പസിലുണ്ടായ ഭീകരമായ വിചാരണയിലും കൊലപാതകത്തിലും, ജനാധിപത്യവും സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുന്ന എസ് എഫ് ഐയെ പോലുള്ള ഒരു സംഘടന ഭാഗഭാക്കായി എന്നത് ആ സംഘടനയുടെ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്. സംഘടനയിലെ ഏതാനും പേർ കാട്ടിക്കൂട്ടിയ വൈകൃതമായി ഇതിനെ ലഘൂകരിക്കാനാവില്ല. ഉദാരവത്കരണത്തിന്റേയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും കാലത്ത് അതിന്റെ മൂല്യങ്ങൾക്കൊപ്പം ചരിക്കാൻ നിർബന്ധിക്കപ്പെട്ട ഒരു സംഘടനയുടെ അപചയം അതിലുണ്ട്. ഒന്നാം വർഷം ക്രൂരമായ റാഗിംഗിന് വിധേയരായ ചില വിദ്യാർത്ഥികൾ അവസാനവർഷം റാഗിംഗ് വീരന്മാരായി രംഗപ്രവേശം ചെയ്യുന്നത് കലാലയങ്ങളിൽ നാം കാണാറുണ്ട്. വേട്ടയ്ക്ക് വിധേയരായവരെങ്കിലും അവർ ആന്തരികവത്കരിച്ചിരിക്കുന്നത് വേട്ടക്കാരുടെ ആശയമാണ് എന്നതുകൊണ്ടാണീ വിപര്യയം സംഭവിക്കുന്നത്. എസ് എഫ് ഐയെ സംബന്ധിച്ചും വിമോചനരാഷ്ട്രീയം കൈമോശം വന്ന അവസ്ഥ തന്നെയാണ് ഈ വിപര്യയത്തിന് കാരണം. കെ എസ് യുവിനോ എ ബി വി പിക്കോ കാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകൾക്കോ ഇതിലും മെച്ചപ്പെട്ട ജനാധിപത്യ കാഴ്ചപ്പാടോ പ്രതിപക്ഷ ബഹുമാനമോ ഉണ്ട് എന്ന് ഇതിനർത്ഥമില്ല. ആവശ്യമായത്ര ശക്തി ഇല്ലാത്തതു കൊണ്ടുമാത്രം അവർ തങ്ങളുടെ ഫാഷിസ്റ്റ് പ്രയോഗങ്ങൾ വലിയ തോതിൽ ഇപ്പോൾ പുറത്തെടുക്കുന്നില്ല എന്നു മാത്രമേയുള്ളൂ.

ഇക്കാലത്തെ എസ് എഫ് ഐ പോലും തങ്ങൾ ന്യൂനപക്ഷമായ കാമ്പസുകളിൽ സമരസംഘടനയായാണ് പ്രവർത്തിക്കുന്നത്. അവിടങ്ങളിൽ കാമ്പസ് ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. എന്നാൽ വലിയ ഭൂരിപക്ഷമുള്ള കാമ്പസുകളിൽ ഇതരശബ്ദങ്ങളെ ഇകഴ്ത്താനും ഇല്ലാതാക്കാനും ശ്രമിക്കും. ഒരു സംഘടന ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയാൻ കഴിയുക, പ്രസ്തുത സംഘടനയ്ക്ക് മഹാഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അത് അപരരുടെ ശബ്ദത്തേയും സാന്നിദ്ധ്യത്തേയും അപരവിദ്വേഷമില്ലാതെയും പ്രതിപക്ഷ ബഹുമാനത്തോടും കൂടി സമീപിക്കുമ്പോഴാണ്. ഈ മാനദണ്ഡം സ്വീകരിക്കുമ്പോൾ ഇന്നത്തെ എസ് എഫ് ഐ യിൽ പ്രതീക്ഷകൾ വച്ചു പുലർത്തണമെങ്കിൽ അത് മൗലികമായ ഒരു പൊളിച്ചെഴുത്തിന് സന്നദ്ധമാകേണ്ടിവരും. അതുപോലെ സംഘടനാതലത്തിൽ തങ്ങൾ എന്തെല്ലാം നിലപാടുകൾക്കെതിരെ പോരാടി വളർന്നുവന്നുവോ ആ നിലപാടുകൾ തന്നെ സ്വാംശീകരിക്കുന്ന പ്രവണതയാണ് ഇന്ന് കേരള എസ് ഫ് ഐ യിൽ കാണാൻ കഴിയുക. കാമ്പസിൽ ആർക്കാണോ ശക്തിയുള്ളത് അവർക്കൊപ്പം നിൽക്കുക എന്ന അരാഷ്ട്രീയ കാഴ്ചപ്പാട് പേറുന്നവർ എസ് എഫ് ഐയിലേക്ക് ധാരാളം ദുർമ്മേദസ് കൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ മെയ്‍ക്കരുത്ത് ശാരീരികമായി ദുർബലരായവരുടെ മേൽ പ്രകടിപ്പിക്കുക എന്ന ലക്ഷ്യമേ ഇത്തരക്കാർക്കുള്ളൂ. സ്വാശ്രയ കലാലയങ്ങളിലെ മാനേജ്‍മെന്റ് ഇടിമുറികളോടുപോലും സമരസപ്പെട്ട് പോകുന്നൊരു വഴുവഴുപ്പൻ നിലപാടിലേക്ക് എസ് എഫ് ഐ എത്തിയത് ജിഷ്ണു പ്രണോയ് സംഭവത്തിലൂടെ കണ്ടതാണ്.

ജിഷ്ണു പ്രണോയ്

പൂക്കോട് കാമ്പസിൽ എസ് എഫ് ഐയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളും യൂണിയൻ പ്രതിനിധിയും നേരിട്ട് ആൾക്കൂട്ട വിചാരണയിലുടനീളം പങ്കെടുത്തു എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഈ സംഭവത്തിൽ രാഷ്ട്രീയഭേദമില്ലാതെ എല്ലാ വിദ്യാർത്ഥി സംഘടനയിലും പെട്ടവർ ഭാഗഭാക്കായിട്ടുണ്ട് എന്ന പ്രതികരണം ചില ഇടതുപക്ഷനേതാക്കളിൽ നിന്നുണ്ടായത് ലജ്ജാവഹമാണ്. എസ് എഫ് ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് മറ്റുള്ളവയിൽ നിന്ന് വ്യത്യാസമില്ല എന്ന് സമ്മതിക്കലാണല്ലോ അത്തരം ന്യായീകരണങ്ങൾ. നിയമം കൈയിലെടുക്കുന്നത് ആണത്തപ്രകടനത്തിന്റെ ഉദ്ഘോഷമായി അവതരിപ്പിക്കുന്ന ജയിലർ പോലുള്ള സിനിമകൾക്ക് മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന ഭരണനേതൃത്വം പിന്തുണ നൽകിയ പ്രവൃത്തി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. രാഷ്ട്രീയനേതൃത്വം വിഷലിപ്തമായ ആണത്തത്തെ സമൂഹത്തിൽ പടർത്തുമ്പോൾ വിദ്യാർത്ഥി സംഘടനകൾ അതിന്റെ പിന്നാലെ പോകും. ആണത്തപ്രകടനത്തിന് കൈയടി ലഭിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പരിതോവസ്ഥയിലാണ് പുതിയ തലമുറ ജീവിക്കുന്നത് എന്നു വരുന്നത് ആശങ്കയുളവാക്കുന്നു.

കാമ്പസിലെ സർഗ്ഗാത്മക ചലനങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന സമീപനം പലപ്പോഴും എസ് എഫ് ഐ സ്വീകരിക്കാറുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തെ, 'ചോദിക്കാനുള്ള അവസരമുണ്ടെന്നുവച്ച് എന്തു ചോദ്യവും ചോദിക്കാമെന്നാണോ' എന്ന രീതിയിലുള്ള 'ഉദാര ജനാധിപത്യ'പരിഗണന വച്ചാണ് എസ് എഫ് ഐ നേരിടുക. കാമ്പസിനുള്ളിൽ സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുനേരെ 'കക്കുകളിയും വേണ്ട, ഒരു കൊക്കുകളിയും വേണ്ട' എന്ന സാംസ്കാരിക വകുപ്പുമന്ത്രിയുടെ 'പ്രായോഗിക' സമീപനമാണ് സംഘടനയുടെ നേതൃത്വത്തിലുള്ള യൂണിയനുകൾ സ്വീകരിക്കുക. ബഹുസ്വരതയുടെ പൂക്കലിന് അതൊരിക്കലും പച്ചക്കൊടി സ്വമേധയാ കാട്ടാറില്ല. അനിഷ്ടക്കാരുടെ സ്വരത്തെ സംഗീതം പോലെ ശ്രവിക്കാറില്ല. ജനപ്രിയമായ കാർണിവൽ ദൃശ്യാസക്തിയിൽ അഭിരമിക്കാനാണ് അത് അണികളെ പരോക്ഷമായി ആഹ്വാനിക്കുന്നത്. വിശാലമായ മാനവിക കാഴ്ചപ്പാടുകളും ചിന്താശേഷിയും വിലങ്ങുകളില്ലാത്ത സര്‍ഗാത്മകതയുടെ ആകാശവും സംവാദാന്തരീക്ഷവും സമ്മാനിക്കേണ്ട കലാലയജീവിതകാലം ഒരുക്കുന്നതിനുപകരം വിദ്യാര്‍ത്ഥി സംഘടകൾ പുറത്തെ സങ്കുചിത കക്ഷിരാഷ്ട്രീയം രൂപപ്പെടുത്തിയ തിരക്കഥയ്ക്കനുസരിച്ച് ആടിക്കൊണ്ടിരിക്കുകയാണെന്നത് നിർഭാഗ്യകരമാണ്. അടിയന്തരാവസ്ഥക്കെതിരെയും ഹിന്ദുത്വ ഫാഷിസ്റ്റ് കാവിവൽക്കരണത്തിനെതിരേയും ഉൾപ്പെടെ സർഗ്ഗാത്മകമായ ഒട്ടേറെ ചെറുത്തുനിൽപ്പുകൾ അടങ്ങിയതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കാമ്പസ് ഇടപെടലുകളുടെ ചരിത്രം.‍ അവയ്ക്ക് പ്രചോദനമേകിയത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നതമായ ‍രാഷ്ട്രീയ അവബോധമാണെന്നും അല്ലാതെ സങ്കുചിതമായ കക്ഷിരാഷ്ട്രീയ വിധേയത്വമല്ലെന്നും നാം മറന്നുകൂടാ.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്ന് / photo: K. Ragesh

കേരളത്തിൽ അടുത്ത കാലത്തായി നടന്ന പുതു സമരങ്ങൾ സമരമേഖലയിലെ എസ് എഫ് ഐ യുടെ അപ്രമാദിത്വത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ചുംബനസമരം, വിമൻസ് മാർച്ച്, റെയിൻബോ സമരം, മി ടു ക്യാമ്പയിൻ പോലുള്ള പുതിയ സമരാവിഷ്കാരങ്ങൾ പരാമ്പരാഗതരീതിയിലുള്ള എസ് എഫ് ഐ പ്രക്ഷോഭങ്ങൾക്കപ്പുറം പോകുന്നതും സംഘടന എന്ന നിലയിൽ എസ് എഫ് ഐയ്ക്ക് എത്തിപ്പിടിക്കാൻ പറ്റാത്തുമായിരുന്നു. അവ കാമ്പസുകളിൽ ഇക്കാലമത്രയും നടന്നിട്ടുള്ള സാമ്പ്രദായിക സമരങ്ങളുടെ പരിമിതിയും അന്തഃസ്സാരശൂന്യതയും വെളിപ്പെടുത്തിയിട്ടുണ്ട്. പൂക്കോട് കാമ്പസിൽ നടന്നതുപോലുള്ള ആൾക്കൂട്ട വിചാരണകൾക്കുപിറകിൽ വിദ്യാർത്ഥിസമൂഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള തങ്ങളുടെ ശേഷി കൈമോശം വന്നിട്ടില്ലെന്നു തെളിയിക്കാനുള്ള അബോധപ്രേരണയുണ്ടാവാം. കലാലയജീവിതത്തിന്റെ സൂക്ഷ്മസന്ദർഭളിൽ പോലും കൃത്യമായ രാഷ്ട്രീയം പറയാൻ വിദ്യാർത്ഥികൾ കെൽപ്പ് നേടുന്നതും അവർ സ്വതന്ത്രമായ കൂട്ടായ്മകളിലൂടെ കർതൃത്വത്തിലേക്ക് ഉയരുന്നതും കൂടുതൽ അസഹിഷ്ണുതയിലേക്കും സോഷ്യൽ ഫാഷിസ്റ്റ് പ്രയോഗങ്ങളിലേക്കും സംഘടനയെ നയിക്കുന്നു എന്നു വേണം ഇതിൽ നിന്നും നിരീക്ഷിക്കാൻ.

ആഗോള- ഉദാരവത്കരണ കാലത്തെ ധനമൂലധനത്തിന്റെ അതിരില്ലാത്ത പ്രവാഹം എല്ലാ നൈതികമൂല്യങ്ങളേയും മാനവിക പരിഗണനകളേയും തൂത്തെറിഞ്ഞുകൊണ്ടാണ് മുന്നേറുന്നത്. തീവ്രമുതലാളിത്തത്തിന്റെ സമകാലിക സാഹചര്യത്തിൽ ആണത്തപ്രത്യയശാസ്ത്രം സഹജീവിയ്ക്കുമേൽ ആധിപത്യം ഉറപ്പുവരുത്തി പ്രവർത്തിക്കാൻ വ്യക്തികളേയും സംഘടനകളേയും പ്രേരിപ്പിക്കുന്നുണ്ട്. ആണത്ത പ്രകടന ജിജ്ഞാസയെ മറികടക്കാനുതകുന്ന സാംസ്കാരിക ശിക്ഷണമൊന്നും ഇന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടകൾക്ക് ലഭിക്കുന്നില്ല എന്ന് കാണേണ്ടതുമുണ്ട്. തങ്ങളും തങ്ങളുടെ ബോധ്യവും നൂറ്റൊന്നു ശതമാനം ശരിയായതാണ് എന്ന് വിശ്വസിച്ച് കലാലയ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ ആശയങ്ങളുടെ ബഹുത്വത്തെ വിദ്വേഷത്തോടെയാണ് കാണുന്നത്.

ഇന്ത്യൻ കാമ്പസുകളിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വളർന്നുവന്ന ദലിത്- ന്യൂനപക്ഷ- പെൺ ധാരകളോട് അസഹിഷ്ണുത പുലർത്താനല്ലാതെ അതിനോട് സംവാദാത്മകമായ ബന്ധം കാത്തുസൂക്ഷിക്കാൻ എസ് എഫ് ഐ യ്ക്ക് ഉൾപ്പെടെ മുഖ്യധാരാ വിദ്യാർത്ഥി സംഘടനകൾക്കൊന്നും കഴിഞ്ഞിട്ടില്ല. ആശയങ്ങളുടേയും സംഘടനകളുടേയും സഹവർത്തിതമായ കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാൻ നേതൃത്വപരമായ ഉത്തരവാദിത്തമുണ്ട്, ഇന്ന് ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനക്ക്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണ നയങ്ങളേയും കാവിവത്കരണ നയങ്ങളേയും ചെറുത്തുതോൽപ്പിക്കുന്നതിന് എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികളെ യോജിപ്പിച്ച് അണിനിരത്താൻ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ വിദ്യാഭ്യാസരംഗത്തെ ഏതൊരു കൂട്ടായ്മയുമായും സംവാദാത്മകമായ ബന്ധം സ്ഥാപിക്കുകയാണ് ഇന്നിന്റെ കടമ. ഇത്തരം സമീപനത്തിന്റെ അഭാവം ഇന്ന് കാമ്പസിനെ സംഘർഷാത്മകമാക്കുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ബഹുസ്വര ജനാധിപത്യത്തോടുള്ള വിരോധം വെടിയുകയും സ്വയംവിമർശനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പുതുക്കുകയും ചെയ്യാതെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് ഇനി മുമ്പോട്ട് പോകാനാവില്ല എന്ന് പൂക്കോട് കാമ്പസിലെ നരഹത്യ പറയുന്നുണ്ട്. അതിന് നേരത്തെ നിർവചിക്കപ്പെട്ടതും ഉറച്ച് ‍ജഡരൂപത്തിലെത്തിയതുമായ പ്രത്യയശാസ്ത്രബോധ്യങ്ങളിൽ നിന്ന് വിമുക്തി നേടേണ്ടതുണ്ട്.

Comments