ഡോ. ശ്യാംകുമാറിനെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ഡോ. ശ്യാമകുമാറിനെ സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറയുകയും മരണഭീതിയുണ്ടാക്കും വിധം വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് കേസ്.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിന് അധ്യാപകനും ഗ്രന്ഥകാരനും സാംസ്‌കാരിക വിമർശകനുമായ ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഡോ. ശ്യാംകുമാർ നൽകിയ പരാതിയിലാണ് വീയപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്. (അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്തുന്നില്ല).

വധഭീഷണിയെതുടർന്ന് ഡോ. ശ്യാംകുമാർ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. 29നുമുമ്പ് കമീഷനുമുന്നിൽ റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പിയോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് അടിയന്തര പൊലീസ് നടപടിയുണ്ടാകുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ശ്യാംകുമാർ ട്രൂകോപ്പിയോട് പറഞ്ഞു.

ഡോ. ശ്യാംകുമാർ

ഡോ. ശ്യാമകുമാറിനെ സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറയുകയും മരണഭീതിയുണ്ടാക്കുംവിധം വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് കേസ്. സംസ്‌കൃതപാരമ്പര്യത്തെയും അതിലെ ഗ്രന്ഥപാഠങ്ങളെയും മുൻനിർത്തി സനാതനധർമത്തെയും ബ്രാഹ്മണ്യത്തെയും ഹിന്ദുത്വയെയും വിമർശിക്കുന്ന ഡോ. ശ്യാംകുമാറിനെതിരെ സമീപകാലത്ത് സംഘ്പരിവാർ ഗ്രൂപ്പുകളിൽനിന്ന് കടുത്ത വിദ്വേഷ ആക്രമണമാണുണ്ടായത്. ജാതി സെൻസസുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പബ്ലിഷ് ചെയ്ത ചർച്ചയിലെ അഭിപ്രായപ്രകടനങ്ങൾക്കുനേരെയും കടുത്ത വിദ്വേഷ കാമ്പയിനുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയ്ക്ക് ഹരിപ്പാട് ആര്യാസ് ഹോട്ടലിൽ ക്ഷണം കഴിക്കാനെത്തിയ ശ്യാംകുമാറിനുനേരെ അഞ്ചുപേരടങ്ങുന്ന സംഘം ഭീഷണി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ച സംഭവവുമുണ്ടായി. ശ്യാംകുമാർ ഭക്ഷണം കഴിക്കാനിരുന്നതിന്റെ തൊട്ടടുത്ത് അഞ്ചുപേർ കൂട്ടംകൂടിയിരുന്ന് അദ്ദേഹത്തിന്റെ വീഡിയോ കാണിച്ച് രഹസ്യമായ കൂടിയാലോചനയുടെ രൂപത്തിൽ സംസാരിക്കുകയും സാഹചര്യം സുരക്ഷിതമല്ലെന്നു കണ്ട് അദ്ദേഹത്തിന് അവിടം വിടേണ്ടിവരികയും ചെയ്തിരുന്നു.

ഡോ. ശ്യാംകുമാറിന്റെ പരാതിയിൽ കേസെടുത്ത വീയപുരം പോലീസ് സ്റ്റേഷന്റെ എഫ്.ഐആർ പകർപ്പ്

ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് നടത്തിയ വിമർശനങ്ങളുടെ കാലത്തുപോലും താൻ ഇത്തരമൊരു ഭീഷണി നിറഞ്ഞ അന്തരീക്ഷം അനുഭവിച്ചിട്ടില്ലെന്ന് ശ്യാംകുമാർ ട്രൂകോപ്പിയോട് പറഞ്ഞിരുന്നു. നിരവധി വ്യക്തികളും പുരോഗമന കലാസാഹിത്യ സംഘം അടക്കമുള്ള സംഘടനകളും അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Comments