ഉപതെരഞ്ഞെടുപ്പിലെ
'ക്രിസ്റ്റൽ ക്ലിയർ' അരാഷ്ട്രീയം

ബി.ജെ.പി അതിശക്തമായ പൊട്ടൻഷ്യൽ ത്രട്ട് ആയി നിലനിൽക്കുന്ന നിയമസഭാ മണ്ഡലത്തിൽ, ആ പാർട്ടിക്ക് സർവ സ്വീകാര്യത നൽകുകയായിരുന്നു സി.പി.എമ്മും കോൺഗ്രസും. ഈ മൂന്നു പാർട്ടികളിൽ ആരു ജയിച്ചാലും ഒരേയൊരു ഐഡിയോളജിയാണ് ജയിക്കുന്നത് എന്ന അപകടകരമായ നോർമലൈസേഷനിലേക്ക് പാലക്കാട്ടെ വോട്ടർമാരെ നിർവീര്യരാക്കാൻ സി.പി.എമ്മിനും കോൺഗ്രസിനും കഴിഞ്ഞു- കെ. കണ്ണൻ എഴുതുന്നു.

പതെരഞ്ഞെടുപ്പുകളിൽ പൊതുവെ ഉയർന്ന പോളിങ് ശതമാനമുണ്ടാകാറുണ്ട്. കാരണം, പഴുതുകളടച്ച ഇലക്ഷൻ മാനേജുമെന്റിന് എല്ലാ പാർട്ടികൾക്കും സൗകര്യം ലഭിക്കും. രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതുകൊണ്ട് പരമാവധി രാഷ്ട്രീയ വിഭവശേഷിയും വിനിയോഗിക്കാം.

എന്നാൽ, വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറഞ്ഞു.

വയനാട്ടിൽ, ലോക്‌സഭാ മണ്ഡലം നിലവിൽവന്നശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങായിരുന്നു ഇത്തവണ; 64.72 ശതമാനം. കഴിഞ്ഞ ഇലക്ഷനിൽനിന്ന് 8.76 ശതമാനം കുറവ്.

ചേലക്കരയിൽ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ശതമാനത്തിൽ കുറവുണ്ട്. 2021-ൽ 77.46 ശതമാനമായിരുന്നു, ഇത്തവണ 72.77 ശതമാനമായി കുറഞ്ഞു.

പാലക്കാട്ടും ഉപതെരഞ്ഞെടുപ്പിന്റെ ആവേശം പ്രതിഫലിച്ചില്ല. 70.5 ശതമാനം. കഴിഞ്ഞ തവണ 75.44 ശതമാനമായിരുന്നു, അഞ്ചു ശതമാനം കുറവ്.

വയനാട്ടിൽ, എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ ദൃശ്യത നാമമാത്രമാക്കി, പ്രിയങ്കയെ കാണാനെത്തുന്ന ആൾക്കൂട്ടങ്ങളിലും അവരുടെ വൈകാരിക പ്രകടനങ്ങളിലും ഫോക്കസ് ചെയ്തുള്ള വിഷ്വൽ സൂത്രമാണ് ദൃശ്യമാധ്യമങ്ങൾ പയറ്റിയത്.
വയനാട്ടിൽ, എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ ദൃശ്യത നാമമാത്രമാക്കി, പ്രിയങ്കയെ കാണാനെത്തുന്ന ആൾക്കൂട്ടങ്ങളിലും അവരുടെ വൈകാരിക പ്രകടനങ്ങളിലും ഫോക്കസ് ചെയ്തുള്ള വിഷ്വൽ സൂത്രമാണ് ദൃശ്യമാധ്യമങ്ങൾ പയറ്റിയത്.

പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് ചില പരമ്പരാഗത തിയറികളുണ്ട്. ശതമാനം ഉയർന്നാൽ അത് യു.ഡി.എഫിനാണ് ഗുണം ചെയ്യുക എന്നും കുറഞ്ഞാൽ എൽ.ഡി.എഫിന് നേട്ടമാകുമെന്നുമാണ് പ്രബലമായ വിശ്വാസം. ഭരണവിരുദ്ധവികാരമുണ്ടെങ്കിൽ ശതമാനം കൂടുമെന്ന് മറ്റൊരു വാദവുമുണ്ട്.

മണ്ഡലങ്ങളിലെ യഥാർഥ പ്രശ്‌നങ്ങളെ അരികിലേക്കുതള്ളി, ജനങ്ങളോട് നേരിട്ട് സ്വന്തം രാഷ്ട്രീയം പറയാനാകാത്ത സി.പി.എമ്മിനെയും കോൺഗ്രസിനെയും ബി.ജെ.പിയെയുമാണ് ഈ ഇലക്ഷനിൽ കണ്ടത്.

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പോളിങ് ശരാശരി 70 ശതമാനത്തിൽ കൂടുതലാണ്. 2019-ൽ അത് 77.67 ശതമാനമായി, ഈ വർഷം 71.27 ശതമാനമായി കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മുൻതൂക്കം കിട്ടാറ്. ഇതേ പോളിങ് ശതമാനത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ ഇലക്ഷനുകളുമുണ്ട്. ഈ തിയറി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാറുമില്ല.

കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പുകളും അത്യാവേശത്തോടെയാണ് പാർട്ടികളും സ്ഥാനാർഥികളും കൊണ്ടാടിയത്. വോട്ടർമാരെ തങ്ങളിലേക്ക് ആകർഷിക്കുമെന്ന് അവർ വിശ്വസിക്കുന്ന പലതരം തന്ത്രങ്ങൾ പരസ്യമായും രഹസ്യമായും പയറ്റി. ദൃശ്യമാധ്യമങ്ങളുടെ സംവിധാനത്തിൽ വിവാദങ്ങൾ സംഘടിപ്പിച്ചു. മണ്ഡലങ്ങളിലെ യഥാർഥ പ്രശ്‌നങ്ങളെ അരികിലേക്കുതള്ളി. ജനങ്ങളോട് നേരിട്ട് സ്വന്തം രാഷ്ട്രീയം പറയാനാകാത്ത സി.പി.എമ്മിനെയും കോൺഗ്രസിനെയും ബി.ജെ.പിയെയുമാണ് ഈ ഇലക്ഷനിൽ കണ്ടത്. വാശിയും വിവാദവും വോട്ടാകുമായിരുന്നുവെങ്കിൽ ഇത്തവണ മൂന്നിടത്തും 100 ശതമാനം പോളിങ്ങുണ്ടാകുമായിരുന്നു.

പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. പി. സരിൻ പ്രചാരണത്തിനിടെ
പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. പി. സരിൻ പ്രചാരണത്തിനിടെ

എന്തു സംഭവിച്ചാലും സ്വന്തം കേഡർ വോട്ട് സുരക്ഷിതമായിരിക്കുമെന്ന 'കേഡർ ബാങ്ക് വോട്ടിങ് പാറ്റേൺ' അവകാശപ്പെടാൻ ഇന്ന് ഒരു രാഷ്ട്രീയപാർട്ടിക്കും കഴിയില്ല. കാരണം, സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും പരസ്പരം പ്രത്യയശാസ്ത്രപരമായ കൊടുക്കൽ വാങ്ങലുകൾ നടത്താമെന്നുവന്നിരിക്കുന്നു. അതായത്, ഈ മൂന്നു പാർട്ടിക്കാർക്കും ഒരാശയക്കുഴപ്പവുമില്ലാതെ പരസ്പരം വോട്ടു ചെയ്യാം. വോട്ടിങ് പ്രക്രിയ കുറെക്കൂടി ഫ്‌ളക്‌സിബ്ൾ ആയി എന്നർഥം. ഡോ. പി. സരിൻ വഴി കോൺഗ്രസ് വോട്ടുകളാണ് സി.പി.എം ലക്ഷ്യം. സന്ദീപ് വാര്യർ വഴി ബി.ജെ.പി വോട്ടുകൾ കോൺഗ്രസ് ലക്ഷ്യമാണ്. സി.പി.എമ്മിൽനിന്നും കോൺഗ്രസിൽനിന്നും ബി.ജെ.പിയും വോട്ട് പ്രതീക്ഷിക്കുന്നു. പ്രത്യയശാസ്ത്രബാധ്യതകളില്ലാത്ത ഈ പ്രതീക്ഷ മൂലമാണ്, പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ ഇന്ന് എല്ലാ പാർട്ടികളെയും ഒരേപോലെ ആശയങ്കയിലാക്കുന്നത്.

പ്രിയങ്ക കാമ്പയിനെത്തിയ ഓരോ ദിനവും കലാശക്കൊട്ടുദിനങ്ങളാക്കി മാധ്യമങ്ങൾ മാറ്റി. ഈ ആൾക്കൂട്ടം, ശരിക്കുമുള്ള രാഷ്ട്രീയ മനുഷ്യരായിരുന്നില്ല എന്ന് പോളിങ് ശതമാനം തെളിയിച്ചു.

ഈ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം എത്ര ശതമാനമുണ്ടായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്.

പ്രിയങ്ക ഗാന്ധിയുടെ സ്റ്റാർഡം മുൻനിർത്തി യു.ഡി.എഫിനുണ്ടാക്കാൻ കഴിഞ്ഞ ഹൈപ്പ്, വയനാട്ടിലെ പോളിങ് ശതമാനം ഉയർത്തുമെന്ന തോന്നലുണ്ടാക്കിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ ദൃശ്യത നാമമാത്രമാക്കി, പ്രിയങ്കയെ കാണാനെത്തുന്ന ആൾക്കൂട്ടങ്ങളിലും അവരുടെ വൈകാരിക പ്രകടനങ്ങളിലും ഫോക്കസ് ചെയ്തുള്ള വിഷ്വൽ സൂത്രമാണ് ദൃശ്യമാധ്യമങ്ങൾ പയറ്റിയത്. അങ്ങനെ പ്രിയങ്ക കാമ്പയിനെത്തിയ ഓരോ ദിനവും കലാശക്കൊട്ടുദിനങ്ങളാക്കി മാധ്യമങ്ങൾ മാറ്റി. ഈ ആൾക്കൂട്ടം, ശരിക്കുമുള്ള രാഷ്ട്രീയ മനുഷ്യരായിരുന്നില്ല എന്ന് പോളിങ് ശതമാനം തെളിയിച്ചു.

ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കാരണം, അവിടത്തെ മനുഷ്യർ, ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിനിടയിലെ കെട്ടുകാഴ്ചകൾ കൊണ്ട് മറച്ചുപിടിക്കാനാകാത്തതായിരുന്നു ആ കഠിന യാഥാർഥ്യം. 251 പേരുടെ മരണം, ഇപ്പോഴും മണ്ണിനടിയിലുള്ള 47 അജ്ഞാത മനുഷ്യർ, ഗുരുതരമായി പരിക്കേറ്റ 378 പേർ, തകർന്ന രണ്ടായിരത്തോളം വീടുകൾ. വാടകവീടുകളിൽ കഴിയുന്ന 980 കുടുംബങ്ങൾ. എഴുതിത്തള്ളാനുള്ള 35 കോടി രൂപ എന്ന തുച്ഛമായ തുകയും വച്ച് വിലപേശുന്ന ബാങ്കുകൾ. പുതിയ വായ്പകൾ ഇവർക്ക് നിഷേധിക്കുകയും ചെയ്യുന്നു. പുനരധിവാസ പദ്ധതി ഇപ്പോഴും പ്രതീക്ഷ മാത്രം. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്‌റ്റേറ്റ് ഉടമകളായ ഹാരിസണും എൽസ്റ്റണും കോടതിയിലാണ്. കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം പോലും നിഷേധിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സ്വന്തം പാർട്ടിയെ ഒരുതരത്തിലും പ്രതിനിധീകരിക്കാൻ അർഹതയില്ലാത്ത ഒരു സ്ഥാനാർഥിയെ സ്വന്തം പ്രവർത്തകർക്കുമേൽ അടിച്ചേൽപ്പിച്ച്, ഐഡിയോളജിയേക്കാൾ അവസരവാദമാണ് യഥാർഥ അടവുനയം എന്ന് സി.പി.എം തെളിയിച്ചു.

ഏതാനും മാസങ്ങൾക്കുശേഷം ആവർത്തിക്കപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പിനാൽ മായ്ച്ചുകളയാനാകാത്ത വസ്തുതകളാണിവ. ഈ പ്രതിസന്ധി പരിഹരിക്കുന്നതിൽ തോറ്റുപോയ രാഷ്ട്രീയ നേതൃത്വങ്ങളാണ് വയനാട്ടിലെ വോട്ടർമാർക്കുമുന്നിലുണ്ടായിരുന്നത്.

സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ചേലക്കരയാണ് ശരിക്കും സംസ്ഥാന ഭരണത്തിന്റെ വിധിയെഴുതാൻ പോകുന്നത് എന്നു പറയാം. യു.ഡി.എഫ് പറയുന്ന ഭരണവിരുദ്ധവികാരവും എൽ.ഡി.എഫ് പറയുന്ന ഭരണനേട്ടങ്ങളും വോട്ടർമാർക്ക് വിശ്വസനീയമായി അനുഭവപ്പെട്ടിരുന്നു എങ്കിൽ, കുറച്ചുകൂടി മനുഷ്യരെ പോളിങ് ബൂത്തിലെത്തിക്കാൻ ആ പാർട്ടികൾക്ക് കഴിയേണ്ടതായിരുന്നു.

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ
ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിന്റെ തന്നെ നിയമസഭാ ഇലക്ഷൻ ചരിത്രത്തിലെ ഏറ്റവും അരാഷ്ട്രീയമായ തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു പാലക്കാട്ട് നടന്നത്. ബി.ജെ.പിയുടെ മറ്റൊരു നിയമസഭാ എൻട്രി തടയാനുള്ള രാഷ്ട്രീയമത്സരം സൃഷ്ടിക്കുന്നതിനുപകരം തോറ്റാലും ഒടുവിൽ ബി.ജെ.പിയെ തന്നെ ജയിപ്പിച്ചെടുത്ത തെരഞ്ഞെടുപ്പായി എൽ.ഡി.എഫും യു.ഡി.എഫും പാലക്കാട്ടെ തെരഞ്ഞെടുപ്പിനെ മാറ്റി.

വ്യക്തിപരം മാത്രമായ ഈഗോയുടെ പേരിൽ പാർട്ടിയോട് ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ എന്ന ആർ.എസ്.എസുകാരനെ 24 മണിക്കൂറുകൊണ്ട് 'ക്രിസ്റ്റൽ ക്ലിയർ കോമ്രേഡാക്കാം' എന്ന ആത്മവിശ്വാസത്തിലേക്കുള്ള സി.പി.എമ്മിന്റെ മാറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നു.

സ്വന്തം പാർട്ടിയെ ഒരുതരത്തിലും പ്രതിനിധീകരിക്കാൻ അർഹതയില്ലാത്ത ഒരു സ്ഥാനാർഥിയെ സ്വന്തം പ്രവർത്തകർക്കുമേൽ അടിച്ചേൽപ്പിച്ച്, ഐഡിയോളജിയേക്കാൾ അവസരവാദമാണ് യഥാർഥ അടവുനയം എന്ന് സി.പി.എം തെളിയിച്ചു. വ്യക്തിപരം മാത്രമായ ഈഗോയുടെ പേരിൽ പാർട്ടിയോട് ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ എന്ന ആർ.എസ്.എസുകാരനെ 24 മണിക്കൂറുകൊണ്ട് 'ക്രിസ്റ്റൽ ക്ലിയർ കോമ്രേഡാക്കാം' എന്ന ആത്മവിശ്വാസത്തിലേക്കുള്ള സി.പി.എമ്മിന്റെ മാറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതു പറഞ്ഞ എ.കെ. ബാലൻ, ഈ പ്രക്രിയയെ വിശദീകരിച്ചത് ഇങ്ങനെയാണ്: ''മാർക്‌സിസം എന്നു പറയുന്നതുതന്നെ ഒരു വിൽപ്പനച്ചരക്കാണ്. അത് ആളുകൾ വാങ്ങണം''.

സന്ദീപ് വാര്യർ വഴി മാർക്‌സിസം വിൽക്കാനുള്ള ഭാഗ്യം പക്ഷെ, സി.പി.എമ്മിനെ തലനാരിഴക്കാണ് കൈവിട്ടത്. ഒരു രാത്രി കഴിഞ്ഞപ്പോൾ പൊടുന്നനെ വർഗീയതയുടെ കാളിയനായി സന്ദീപ് മാറി. ആ മാറ്റത്തെ ഇലക്ഷന്റെ തലേന്ന് അതേ വർഗീയവിദ്വേഷഛായയുള്ള പരസ്യങ്ങളിലൂടെ സി.പി.എം വിൽപ്പനച്ചരക്കാക്കുകയും ചെയ്തു.

വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി സത്യന്‍ മൊകേരി പ്രചാരണത്തിനിടെ
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി സത്യന്‍ മൊകേരി പ്രചാരണത്തിനിടെ

സന്ദീപ് വാര്യരെ ത്രിവർണ ഷാളണയിച്ച് സ്വീകരിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വവും, സി.പി.എമ്മിനെപ്പോലെ ഐഡിയോളജി തന്നെയാണ് സംസാരിച്ചത്. ബി.ജെ.പിയുടെ 'ഓപ്പറേഷൻ കമല'ക്കു പകരം ഞങ്ങൾ ചെറിയൊരു 'ഓപ്പറേഷൻ ഹസ്ത' പ്രയോഗിച്ചു എന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. കോൺഗ്രസിൽ ചേരാനുള്ള ന്യായമായി പറയാനുള്ള പ്രത്യയശാസ്ത്രപ്രസംഗവും സന്ദീപിനെ നന്നായി പഠിപ്പിച്ചുവിട്ടിരുന്നു എന്ന്, സന്ദീപിന്റെ ആ വാർത്താസമ്മേളനവും തെളിയിച്ചു. ആർ.എസ്.എസുകാരനായ സന്ദീപ് വാര്യരെ നമുക്ക് നേരെ ചൊവ്വേ തിരിച്ചറിയാൻ കഴിയുമായിരുന്നു. മഹാത്മാഗാന്ധിയുടെ പടം പതിച്ചുവച്ച കോൺഗ്രസ് ഓഫീസിലേക്ക് മാറുന്ന അതേ സന്ദീപ് വാര്യർ കുറെക്കൂടി അപകടകരമായ ഒരു പ്രാതിനിധ്യമായിരിക്കും.

ബി.ജെ.പി അതിശക്തമായ പൊട്ടൻഷ്യൽ ത്രട്ട് ആയി നിലനിൽക്കുന്ന നിയമസഭാ മണ്ഡലത്തിൽ, ആ പാർട്ടിക്ക് സർവ സ്വീകാര്യത നൽകുകയായിരുന്നു സി.പി.എമ്മും കോൺഗ്രസും. ഈ മൂന്നു പാർട്ടികളിൽ ആരു ജയിച്ചാലും ഒരേയൊരു ഐഡിയോളജിയാണ് ജയിക്കുന്നത് എന്ന അപകടകരമായ നോർമലൈസേഷനിലേക്ക് പാലക്കാട്ടെ വോട്ടർമാരെ നിർവീര്യരാക്കാൻ സി.പി.എമ്മിനും കോൺഗ്രസിനും കഴിഞ്ഞു.

ഏതാനും മാധ്യമങ്ങൾ സെറ്റ് ചെയ്ത അജണ്ടയിലൂടെ അടിസ്ഥാന പ്രശ്‌നങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുപിടിക്കുന്നതിൽ മൂന്ന് പാർട്ടികളും ജയിച്ചുകഴിഞ്ഞു. എന്തിനായിരുന്നു ഈ ഉപതെരഞ്ഞെടുപ്പുകൾ എന്ന ചോദ്യമുണ്ട്. ജനാധിപത്യത്തിലെ ചില പരീക്ഷണങ്ങൾ ഇത്തരം ഉപതെരഞ്ഞെടുപ്പുകളെ അനിവാര്യമാക്കും എന്ന ഉത്തരവും അതിന് നൽകാം. എന്നാൽ, ആ ഇലക്ഷനുകൾ ജനങ്ങളെ പ്രതിനിധീകരിക്കാത്ത ഒന്നാണെങ്കിലോ?

നാളെ ജയിക്കുന്നത് ഏത് പാർട്ടിയാണെങ്കിലും, ആ ജയത്തിന് സ്വന്തം പൊളിറ്റിക്കൽ ഐഡിയോളജിയെ എത്രമാത്രം പ്രതിനിധീകരിക്കാൻ കഴിയുമെന്നത് വലിയ ചോദ്യമായി നിലനിൽക്കും.

Comments