ദേവികുളം: എം.ജി.ആറും ഇളയരാജയും കാമരാജും ഇന്ദിരാഗാന്ധിയും ഇളക്കിമറിച്ച മണ്ഡലം

Election Desk

കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും സവിശേഷതകളുള്ള ഒരു മണ്ഡലമാണ് ദേവികുളം. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് ഈ പട്ടികജാതി സംവരണ മണ്ഡലത്തിന്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു, ഒന്നര പതിറ്റാണ്ടായി സി.പി.എമ്മിന്റെ കൈയിലാണ്. 1991 മുതൽ 2001 വരെ കോൺഗ്രസിലെ എ.കെ. മണിയാണ് ജയിച്ചത്. പിന്നീട് മൂന്നുവട്ടം എൽ.ഡി.എഫിലെ എസ്. രാജേന്ദ്രന്റെ കാലമായിരുന്നു. 2016ൽ എ.കെ. മണിയെ 5782 വോട്ടിനാണ് തോൽപ്പിച്ചത്.

എം. ജി. ആർ / ചിത്രീകരണം: ദേവപ്രകാശ്
എം. ജി. ആർ / ചിത്രീകരണം: ദേവപ്രകാശ്

രാജേന്ദ്രൻ- മണി മൽസരം ഒരിക്കൽ കൂടി ആവർത്തിക്കേണ്ടതില്ലെന്ന് ഇരുമുന്നണികളിലും ആവശ്യമുയർന്നുകഴിഞ്ഞു. പുതുമുഖങ്ങൾക്കുവേണ്ടിയാണ് മുറവിളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരാണ് സി.പി.എം സാധ്യതാ ലിസ്റ്റിൽ. ദേവികുളത്ത് ആറുതവണ മൽസരിച്ച മണിയെ ഒരു കാരണവശാലും ഇത്തവണ ഇറക്കില്ലെന്ന വാശിയിലാണ് കോൺഗ്രസിലെ ഒരു വിഭാഗമെങ്കിലും, ഹൈക്കമാൻഡിനെപ്പോലും മറികടന്ന മണിയുടെ കഴിഞ്ഞ തവണത്തെ പൂഴിക്കടകൻ ഓർമിപ്പിക്കുകയാണ് മണിയുടെ ആരാധകർ. കഴിഞ്ഞ തവണ ഡി.സി.സി നൽകിയ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനായിരുന്ന മണിയെ പിന്തള്ളി, മൂന്നാമനായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ആർ. രാജാറാമാണ് ഹൈക്കമാൻഡ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. ലിസ്റ്റ് വന്നപ്പോൾ ദേവികുളത്തെ കോൺഗ്രസിലുണ്ടായത് വൻ ഭൂകമ്പം. മണിയുടെ ആരാധകർ തെരുവിലിറങ്ങി, പാർട്ടി ഓഫീസുകൾ പൂട്ടിച്ചു, രാജാറാമിനെ ഇറക്കിവിട്ടു. ഇതിനകം പ്രചാരണത്തിൽ മുന്നേറിയിരുന്ന രാജാറാമിന് ഒടുവിൽ രംഗമൊഴിഞ്ഞ് വീട്ടിലിരിക്കേണ്ടിവന്നു. ഓർമകളുണ്ടായിരിക്കണമെന്നാണ് ഇത്തവണയും മണി ഓർമിപ്പിക്കുന്നത്. യു.ഡി.എഫിലെ പടലപ്പിണക്കങ്ങൾ ഇല്ലാതായെന്നും വിജയസാധ്യതയുണ്ടെന്നുമാണ് സ്വന്തം തടി രക്ഷിക്കാനെന്ന വണ്ണം മണി പറയുന്നത്. എ.ഐ.സി.സിയുടെ കണക്കുകൂട്ടലിലും വിജയസാധ്യതയുള്ള സ്ഥാനാർഥി മണി തന്നെയാണ്.

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ഇത്തവണ മൽസരിക്കാനൊരുങ്ങുന്നുണ്ട്.

തമിഴ് വംശജർക്ക് മുൻതൂക്കമുള്ള ദേവികുളത്ത് സാമുദായിക സമവാക്യങ്ങളും പ്രധാനമാണ്. തമിഴ് വിഭാഗമായ പള്ളൻ വിഭാഗക്കാരാണ് മണിയും രാജേന്ദ്രനും. അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി, ബൈസൺ വാലി, ചിന്നക്കനാൽ പഞ്ചായത്തുകൾ അടങ്ങിയതാണ് മണ്ഡലം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയതകൾക്ക് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പുകളായിരുന്ന ദേവികുളത്തേത്. ദ്വയാംഗ മണ്ഡലമായാണ് തുടക്കം. സംവരണം ഉറപ്പാക്കാനായിരുന്നു ഈ സംവിധാനം. ഇവിടെനിന്ന് രണ്ട് എം.എൽ.എമാരെ തെരഞ്ഞെടുക്കാം. ഒരാൾ സംവരണ വിഭാഗവും മറ്റേയാൾ ജനറലും. കേരളത്തിൽ 12 ദ്വയാംഗ മണ്ഡലങ്ങളാണുണ്ടായിരുന്നത്.

1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് സി.പി.ഐ സ്ഥാനാർഥി റോസമ്മ പുന്നൂസായിരുന്നു. അവർ ജയിച്ച് കേരളത്തിലെ ആദ്യ എം.എൽ.എയായി, ആദ്യ വനിത എം.എൽ.എയും. ആദ്യ നിയമസഭയിലെ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോ ടേം സ്പീക്കറായിരുന്നു അവർ. എന്നാൽ, എതിർ സ്ഥാനാർഥി, കോൺഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളി എന്ന തെരഞ്ഞെടുപ്പുകേസിൽ അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പുകേസ്.

തുടർന്ന് 1958ൽ ഉപതെരഞ്ഞെടുപ്പ്. റോസമ്മ പുന്നൂസും ബി.കെ. നായരും സ്ഥാനാർഥികൾ.

കേരളത്തിലെ ആദ്യത്തെ ഈ ഉപതെരഞ്ഞെടുപ്പിനെപ്പോലെ ആവേശകരമായ ഒരു മൽസരം പീന്നിട് കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലുണ്ടായിട്ടില്ല എന്നുതന്നെപറയാം.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ഇ.എം.എസ് സർക്കാറിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. എ.കെ.ജിയുടെ നിർദേശപ്രകാരം ദേവികുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിന്റെ ഇലക്ഷൻ സെക്രട്ടറി. റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിന് എത്തിയവരുടെ നിര ഞെട്ടിപ്പിക്കുന്നതായിരുന്നു: സാക്ഷാൽ എം.ജി.ആർ അവരിൽ ഒരാൾ. ഈ സമയത്ത് മൂന്നാറിൽ 'മാലൈക്കള്ളൻ തങ്കയ്യ' എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയതായിരുന്നു അദ്ദേഹം. തമിഴ് വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിലേക്ക് വി.എസ് എം.ജി.ആറിനെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം കലാശക്കൊട്ടിന് കിടിലൻ പ്രസംഗങ്ങൾ നടത്തി. അന്ന് എം.ജി.ആർ നടത്തിയ പ്രസംഗത്തിന്റെ പത്രക്കട്ടിംഗുകൾ ദേവികുളത്തെ ചായക്കടകളുടെ ചില്ലലമാരകളിൽ ഏറെക്കാലമുണ്ടായിരുന്നു.

അദ്ദേഹം അന്ന് ഡി.എം.കെയിലായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ അത്ര സജീവമായിത്തുടങ്ങിയിട്ടില്ല. തീർന്നില്ല, പ്രചാരണത്തിന് പാട്ടുപാടാനെത്തി ഒരു 14 കാരൻ, ഇന്നത്തെ സാക്ഷാൽ ഇളയരാജ. ജ്യോതിബസു, രാജേശ്വര റാവു, എസ്.എ. ഡാങ്ക, പി. രാമമൂർത്തി, ജീവാനന്ദം... കമ്യൂണിസ്റ്റ് നേതാക്കളുടെ വലിയ പട തന്നെ ദേവികുളത്തെ ഇളക്കിമറിച്ചു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലും പ്രചാരണത്തിനിറക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇ.എം.എസ്. കോൺഗ്രസും വെറുതെയിരുന്നില്ല. കാമരാജും ഇന്ദിരാഗാന്ധിയുമാണ് ബി.കെ. നായരുടെ പ്രചാരണത്തിനെത്തിയത്. 1958 മേയിൽ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. റോസമ്മ പുന്നൂസിന് 7098 വോട്ടിന്റെ ഭൂരിപക്ഷം. ഒരേ സഭയിൽ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ച ആദ്യ എം.എൽ.എ കൂടിയായി അവർ.


Comments