വാസ്തവത്തിൽ സർക്കാരിനെതിരെയാണോ വിചാരണക്കോടതിക്കെതിരെയാണോ അതിജീവിതയുടെ ഹർജി

ദിലീപ്​ കേസിൽ, അതിജീവിത ഹൈകോടതിയിൽ നൽകിയ ഹർജിയിലെ ആക്ഷേപങ്ങളിൽ പൊതുസമൂഹം ചർച്ച ചെയ്തത് ഭരണമുന്നണിയിലെ പ്രമുഖർക്ക് പ്രതി ദിലീപുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം മാത്രം. മറ്റെന്തെല്ലാം കാര്യങ്ങൾ കൂടി ഹർജിയിലൂടെ അതിജീവിത മുന്നോട്ടുവച്ചുവെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്. അതിജീവിതയുടെ ആവശ്യങ്ങൾ കേസിലെ സമീപകാല സംഭവ വികാസങ്ങൾക്കൊപ്പം കൂട്ടിവായിക്കണം.

മാനതകളില്ലാത്ത കുറ്റകൃത്യങ്ങളാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും തുടർന്നും സംഭവിച്ചത്. കേട്ടുകേൾവിയും മുൻപരിചയവുമില്ലാത്ത ആക്ഷേപങ്ങൾ നിരന്തരം ഉയരുന്നു. റേപ്പിന്​ ക്വട്ടേഷൻ നൽകുക, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാന പ്രതിയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തുക, ഗൂഡാലോചന മുന്നോട്ട് പോകെത്തന്നെ തെളിവ് സഹിതം പിടിക്കപ്പെടുക തുടങ്ങിയവ മറ്റൊരു കേസിലും കേട്ടിട്ടില്ല.

വിചാരണ കോടതിക്കും ഭരണമുന്നണിക്കുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തി അതിജീവിത തന്നെ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിലെ ആക്ഷേപങ്ങളിൽ പൊതുസമൂഹം ചർച്ച ചെയ്തത് ഭരണമുന്നണിയിലെ പ്രമുഖർക്ക് പ്രതി ദിലീപുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം മാത്രം. മറ്റെന്തെല്ലാം കാര്യങ്ങൾ കൂടി ഹർജിയിലൂടെ അതിജീവിത മുന്നോട്ട് വച്ചുവെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്. അതിജീവിതയുടെ ആവശ്യങ്ങൾ കേസിലെ സമീപകാല സംഭവ വികാസങ്ങൾക്കൊപ്പം കൂട്ടിവായിക്കണം.

ഭരണമുന്നണിക്കെതിരായ ആക്ഷേപം

തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ, നീതി നിർവ്വഹണ സംവിധാനത്തിൽ ഇടപെട്ടു തുടങ്ങിയവയാണ് ദിലീപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ഹർജിയിൽ ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ. ഇതിൽ പലതിലും അഭിഭാഷകരുടെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുണ്ടെന്നും അവർ പറയുന്നു. കേസിൽ അഭിഭാഷകർ പ്രതിയാകുമെന്ന സാഹചര്യം വന്നതോടെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉന്നത സ്വാധീനമുള്ള വ്യക്തിയും എട്ടാം പ്രതിയുമായ ദിലീപ് നടത്തുന്നത്. ഇതിനായി ഭരണകക്ഷിയിലെ നേതാക്കളുമായുള്ള സ്വാധീനം ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഗുരുതര ആരോപണം.

അവിശുദ്ധ ബന്ധം വഴി തുടരന്വേഷണത്തെ സ്വാധീനിക്കുകയും പ്രാഥമിക ഘട്ടത്തിൽത്തന്നെ അന്വേഷണം അവസാനിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് ഹർജിയുടെ സംഗ്രഹത്തിൽ പറയുന്നു. അന്വേഷണ സമയപരിധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷനും അന്വേഷണ സംഘവും ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പാതിവഴിയിൽ നിർത്താൻ അന്വേഷണ സംഘത്തിന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീഷണിയുണ്ട്. പാതിവെന്ത രീതിയിലാണ് തുടരന്വേഷണത്തിന്റെ അന്വേഷണ റിപ്പോർട്ട് നൽകിയത്. എല്ലാ ധാർമ്മികതയും ലംഘിച്ചാണ് ദിലീപിന്റെ അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ഇടപെട്ടത്. തെളിവുകൾ നശിപ്പിക്കാനും നിയമ നിർവ്വഹണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചു. ഇതിന്റെ തെളിവുകൾ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ട്.

ദീലിപിന്റെ അഭിഭാഷകരിലേക്ക് അന്വേഷണം എത്തിക്കാൻ അന്വേഷണ സംഘം ശ്രമിച്ചു, എന്നാൽ നീക്കം പരാജയപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വാങ്ങാനും അന്വേഷണം അവസാനിപ്പിക്കാനും സീനിയർ അഭിഭാഷകൻ ശ്രമിച്ചു. ദൃശ്യങ്ങൾ ചോർന്നതും തെളിവ് നശിപ്പിച്ചതും മെമ്മറി കാർഡിലെ വിവരങ്ങൾ ചോർത്തിയതും ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടന്നിട്ടില്ല. ആയതിനാൽ ഗുരുതര കുറ്റകൃത്യത്തിലെ അതിജീവതയ്ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട നീതി ഉൾപ്പടെയുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവതയും അതിജീവിതയുടെ അഭിഭാഷകരും ആവശ്യപ്പെടുന്നത്.

അഡ്വ. സുജേഷ് മേനോൻ (വലത്), ദിലീപ്, കാവ്യ മാധവൻ, അഡ്വ. ഫിലിപ് പി വർഗീസ് എന്നിവർ അഡ്വ. രാമൻ പിളളയ്‌ക്കൊപ്പം. നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപ് ബി. രാമൻപിള്ളയെ സന്ദർശിച്ചപ്പോൾ പകർത്തിയത് (2017)

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സംസ്ഥാന സർക്കാർ പിന്തുണ നൽകിയെന്നും ശരിയായ അന്വേഷണം നടത്തിയെന്നും അതിജീവിത പറയുന്നു. എന്നാൽ തുടരന്വേഷണം അട്ടിമറിക്കാൻ നേരിട്ടും അടുപ്പക്കാർ വഴിയും ദിലീപ് നിയമ വിരുദ്ധമായി ഇടപെട്ടു. ഭരണമുന്നണിയിലെ ചില രാഷ്ട്രീയ നേതാക്കൾ വഴിയായിരുന്നു ദിലീപിന്റെ ഇടപെടൽ. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അന്വേഷണത്തിനായി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷൻ തന്നെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഭീഷണിയുണ്ട്. പൂർത്തിയാക്കാത്ത അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇത് ഭരണ മുന്നണിയും പ്രതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നുവെന്നുമാണ് ആരോപണം.

വിചാരണ കോടതിക്കെതിരെയും

ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവത വിചാരണാ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

2020 ജനുവരി മുപ്പതിനാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആരംഭിച്ചത്. ഹർജിക്കാരി ഉൾപ്പടെയുള്ള സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചില്ല. മെമ്മറി കാർഡിലെ വിവരങ്ങൾ നശിപ്പിച്ചത് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ച് ഒരക്ഷരവും വിചാരണ കോടതി ജഡ്ജി പറഞ്ഞില്ല. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നതുസംബന്ധിച്ച് ഫൊറൻസിക് ലബോറട്ടറി റിപ്പോർട്ട് ലഭിച്ചിട്ടും ജഡ്ജി, കുറ്റക്കാരെ കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പകർത്തിയെന്ന് ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്തത് ജഡ്ജിയുടെ വീഴ്ചയാണ്.

2017 ഫെബ്രുവരി 18നുശേഷം മെമ്മറി കാർഡിലെ ഏതെങ്കിലും ഫോൾഡർ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? അതിലെ വിവരങ്ങൾ ആരെങ്കിലും പകർത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത് 2022 മാർച്ച് നാലിന്. എന്നാൽ നാളിതുവരെ ഇക്കാര്യത്തിൽ ഒരുനടപടിയും വിചാരണ കോടതി ജഡ്ജി സ്വീകരിച്ചിട്ടില്ല. ഇനിയും അന്വേഷണം നടത്താതിരുന്നാൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂപോലും തിരുത്തപ്പെടാമെന്നുമാണ് അതിജീവിതയുടെ ഗൗരവതരമായ ആശങ്ക.

3 അതിജീവിതയ്ക്ക് ആശ്വാസമേകുന്ന നടപടിയായാണ് വനിതാ ജഡ്ജിയെ വിചാരണയുടെ ചുമതല ഏൽപ്പിച്ചത്. തനിക്കെതിരായ ലൈംഗിക അതിക്രമത്തെ കുറിച്ച് കൂടുതൽ വ്യക്തതയോടെ പറയാനാകുമെന്ന് അതിജീവത കരുതി. എന്നാൽ അതുണ്ടായില്ല. രേഖകളിൽ വരവ് വയ്ക്കാൻ പോലും ഫോറൻസിക് ലാബ് റിപ്പോർട്ട് ജഡ്ജി സെക്ഷൻ ക്ലർക്കിന് നൽകിയില്ല. വിചാരണ കോടതി ജഡ്ജി സ്വീകരിക്കുന്ന നടപടികളിൽ സംശയമുണ്ട്. മെമ്മറി കാർഡിലെ വിവരങ്ങൾ നശിപ്പിക്കുന്നത് പ്രതിയെ സഹായിക്കും. തുടർ നടപടികളിൽ ഇത് പ്രതികൾക്ക് സഹായകരമായ നടപടിയാകും. ഇത് നീതിപൂർവ്വമുള്ള വിചാരണയ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും.

മെമ്മറി കാർഡ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് അതിജീവതയുടെ സ്വകാര്യത പോലെയുള്ള ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതൊരു ഗുരുതര കുറ്റകൃത്യവുമാണ്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയുക അതിജീവിതയുടെ മൗലികാവകാശമാണ്.

അന്വേഷണ സംഘത്തിന്റെ ഈ ആവശ്യം വിചാരണ കോടതി ജഡ്ജി തടയുന്നത് പ്രതികളെ സഹായിക്കുന്നതിനുവേണ്ടിയുള്ള നിഗൂഢ നീക്കമാണ്. വിചാരണാ കോടതി ജഡ്ജിയുടെ നിലപാടുകളെ അംഗീകരിച്ചു നൽകുന്നത് രാജ്യത്തെ നിയമ നിർവ്വഹണ സംവിധാനത്തിന് കളങ്കം ചാർത്തുന്നതാണ്. ജഡ്ജിയുടെ നീതിവിരുദ്ധ നിലപാടുകൾ മുൻനിർത്തിയാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടത്. തെളിവ് നശിപ്പിക്കലിന് ജഡ്ജി തന്നെ കൂട്ടുനിൽക്കുന്നത് ഗുരുതര കുറ്റമാണ്. ആയതിനാൽ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്.

അതിജീവിത തുറന്നുപറഞ്ഞത്

‘‘ഞാൻ അതിജീവിതയാണ്. 2020ൽ ഏഴ് മാസത്തിനിടെ പതിനഞ്ച് ദിവസം വിസ്താരത്തിനായി കോടതിയിൽ പോയി. ആ പതിനഞ്ച് ദിവസവും മാനസികാഘാതമുണ്ടാക്കിയ അനുഭവമായിരുന്നു ലഭിച്ചത്. വിസ്താരത്തിന്റെ നിമിഷങ്ങളിലെല്ലാം ഞാൻ ഒറ്റയ്ക്കായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഓരോ നിമിഷത്തിലും തെളിയിക്കാൻ ശ്രമിച്ചത്, തെറ്റൊന്നും ചെയ്തിട്ടില്ല, നിരപരാധിയാണ് എന്നാണ്. ഏഴ് വ്യത്യസ്ത അഭിഭാഷകരിൽ നിന്നും ചോദ്യങ്ങളും വിസ്താരവും ഞാൻ ഒറ്റയ്ക്കാണ് നേരിട്ടത്. അങ്ങേയറ്റം മനക്ലേശമുണ്ടായ നിമിഷങ്ങളായിരുന്നു. ഞാൻ നിരപരാധിയാണെന്ന് നിരന്തരം ബോധിപ്പിക്കേണ്ടിവന്നു. അതെന്റെ പോരാട്ടവും യുദ്ധവുമായിരുന്നു. അവസാന ദിവസം കോടതി മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ കരഞ്ഞു. താൻ ഇരയല്ല, അതിജീവതയാണ്’’- ദ ഗ്ലോബൽ ടൗൺ ഹാൾ എന്ന പരിപാടിയിൽ മാധ്യമ പ്രവർത്തക ബർഖ ദത്തിനോടും സമൂഹത്തോടും നടി വ്യക്തമാക്കി. വിചാരണ കോടതിക്ക് മുന്നിൽ വച്ച് അഭിഭാഷകരുടെ വിസ്താരത്തിനുപകരം വിചാരണ നേരിട്ടുവെന്നാണ് നടി അഭിമുഖത്തിൽ പറയാതെ പറഞ്ഞത്.

മാധ്യമ പ്രവർത്തക ബർഖ ദത്തിനോട് അതിജീവിത നടത്തിയ സംഭാഷണത്തിൽ നിന്ന്.

അതിജീവിതയ്ക്കൊപ്പമോ സർക്കാർ?

അതിജീവിതയക്കൊപ്പം എന്ന് ആവർത്തിച്ച് നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട് എൽ.ഡി.എഫ് സർക്കാർ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സർക്കാരും അന്വേഷണ സംഘവും അതീവ ജാഗ്രതോടെയാണ് മുന്നോട്ട് പോയത്. ദിലീപിനെതിരെ അതിജീവത മൊഴി നൽകിയിരുന്നില്ല. അന്വേഷണ സംഘമാണ് കേസിന്റെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിച്ചതും ദിലീപിനെ ചോദ്യം ചെയ്തതും. ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ദിലീപ് എന്ന ഉന്നത ബന്ധങ്ങളുള്ള, സ്വാധീനമുള്ള നടൻ അറസ്റ്റിലായി. 85 ദിവസം ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു. യു.ഡി.എഫ് സർക്കാരാണ് കേരളം ഭരിച്ചതെങ്കിൽ ദിലീപിലേക്ക് അന്വേഷണം പോലും എത്തുമായിരുന്നില്ല. ദിലീപ് അറസ്റ്റിലാകുമായിരുന്നില്ല. ദിലീപ് ജയിലഴിക്കുള്ളിലാകുമായിരുന്നില്ല. ഓരോ ഘട്ടത്തിലും അതിജീവതയുടെ താൽപര്യങ്ങൾ കൂടി സംരക്ഷിച്ചാണ് ഭരണകൂടം മുന്നോട്ടുപോയത്. അതിജീവതയുടെ കൂടി അഭിപ്രായം പരിഗണിച്ചായിരുന്നു പ്രോസിക്യൂട്ടർമാരുടെ നിയമനം.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അന്തിമ റിപ്പോർട്ട് നൽകുംവരെയും അന്വേഷണത്തെക്കുറിച്ച് അതിജീവിതയ്ക്ക് ആക്ഷേപമില്ല. വിചാരണയുടെ ഒരുഘട്ടത്തിലും പ്രൊസിക്യൂഷൻ നിലപാട് സംബന്ധിച്ച് അതിജീവിതയ്ക്ക് ആശങ്കപ്പെടേണ്ടിവന്നില്ല. (അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും വിമർശനങ്ങളും വിയോജിപ്പുകളും തുറന്നുപറയാനുള്ളമുള്ള അവകാശവും സ്വാതന്ത്ര്യവും അതിജീവിതയ്ക്കുണ്ട്. ആ അവസരങ്ങൾ വിനിയോഗിക്കുന്നതിനെ സ്വാഗതം ചെയ്യപ്പെടണം.) സർക്കാരിനെതിരായ വിമർശനവും ഏത് ഘട്ടത്തിലും കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടാൻ പ്രൊസിക്യൂഷൻ പരിശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. വിചാരണ നീതിപൂർവ്വമാകണം, വിചാരണ നിർത്തിവയ്ക്കണം, തുടരന്വേഷണത്തിനായി കൂടുതൽ സമയം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി പ്രൊസിക്യൂഷൻ മേൽക്കോടതികളെ സമീപിച്ചു.

പ്രൊസിക്യൂഷന്റെ ആക്ഷേപവും വിചാരണ കോടതി ജഡ്ജിക്കെതിരെയായിരുന്നു. കോടതിയുടെ നിലപാടിൽ നിരാശപൂണ്ട് രണ്ട് സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർമാരാണ് വിചാരണ നടപടികളിൽ നിന്ന് പിന്മാറിയത്. വിചാരണാ കോടതി ജഡ്ജി തെളിവുകൾ പരിഗണിക്കുന്നില്ലെന്നും തുടരന്വേഷണത്തിന് അനുമതി നൽകുന്നില്ലെന്നും മതിയായ സമയം നൽകുന്നില്ലെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ വിദഗ്ധ പരിശോധന ആവശ്യവും ഉയർത്തിയത് പ്രൊസിക്യൂഷനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും പ്രൊസിക്യൂഷൻ.

അതിജീവിതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ. (26-05-2022)

തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ ഉൾപ്പടെയുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായ അഭിഭാഷകരെ സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് അതിജീവതയുടെ ആക്ഷേപം. ആക്രമണ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ രക്ഷിക്കാൻ ഭരണകക്ഷിയിലെ ആരെങ്കിലും ഇടപെട്ടുവെന്ന് ഹർജിയിൽ പറയുന്നില്ല. സി.പി.എം നേതാക്കളോ, സർക്കാരിന്റെ ഭാഗമായ ആരെങ്കിലുമോ ഇടപെട്ടുവെന്നും അതിജീവതയ്ക്ക് ആക്ഷേപമില്ല. ഭരണമുന്നണിയിലെ നേതാക്കൾ എന്നത് ആരുമാകാം. അങ്ങനെ ഇടപെട്ടവർ ആരെങ്കിലുമുണ്ടെങ്കിൽ അക്കാര്യത്തിലും അന്വേഷണം നടക്കണം.

എല്ലാ ഘട്ടത്തിലും പരസ്യമായി നിലപാട് പ്രഖ്യാപിച്ച് അതിജീവിതയ്ക്കൊപ്പം ഭരണകൂടം നിന്നു. ഇനിയുമത് തുടരുമെന്നുതന്നെ കരുതണം. പ്രതിയായ ദിലീപിനെ ഒരുവേദിയിലും വിളിച്ച് ആദരിക്കാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ഭരണമുന്നണിയിലെ ആരും ഇതുവരെ തയ്യാറായിട്ടില്ല. ദിലീപിനെ പൊതുവേദിയിലേക്ക് ആനയിച്ച ആലുവ നഗരസഭാ ചെയർ പേഴ്സണ് രാജ്യസഭാ സീറ്റ് നൽകിയതും പ്രതിക്കുവേണ്ടി കരഞ്ഞ നടൻ ധർമ്മജൻ ബോൾഗാട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതും ഭരണമുന്നണിയല്ല. ഒരിക്കലും അതിജീവിതയ്ക്കെതിരായും പ്രതിക്ക് അനുകൂലമായും ഭരണമുന്നണി നിലപാട് എടുത്തിട്ടില്ല. അങ്ങനെ അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിൽ, ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലെങ്കിൽ പ്രൊസിക്യൂഷൻ ദിലീപിനെതിരെ നിരന്തരം കോടതി കയറുമായിരുന്നോ?

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് സർക്കാരോ വിചാരണാ കോടതിയോ?

നീതി നിർവ്വഹണത്തിൽ അനാവശ്യ ഇടപെടലുകൾ, തെളിവുകൾ നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നത് അഡ്വ. ബി. രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള ദിലീപിന്റെ അഭിഭാഷക സംഘമാണ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് രണ്ട് എഫ്​.ഐ.ആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അഡ്വ. ബി. രാമൻപിള്ളയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രിമിനൽ നടപടിക്രമം 160 അനുസരിച്ച് പൊലീസ് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് വിവരം പുറത്തുവന്നതോടെ ഹൈക്കോടതിയിലെ പ്രതിപക്ഷ അഭിഭാഷക സംഘടനകൾ ഉൾപ്പടെ പ്രതിഷേധമുയർത്തി. അഭിഭാഷകരുടെ തൊഴിൽ സ്വാതന്ത്ര്യം ഹനിക്കാനുള്ള പൊലീസ് ശ്രമമെന്നായിരുന്നു അഭിഭാഷക സംഘടനകളുടെ ആക്ഷേപം. കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് നോട്ടീസ് പിൻവലിച്ചു.

അഭിഭാഷകന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാനുള്ള അവകാശം അന്വേഷണ സംഘത്തിനുണ്ട്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് അഭിഭാഷകർക്ക് പ്രത്യേകം ഇളവില്ല. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമ്പോൾ കാട്ടേണ്ട ജാഗ്രത പാലിക്കാനായി പൊലീസ് തൽക്കാലത്തേക്ക് നിശ്ശബ്ദമായി എന്ന് കരുതണം. എന്നാൽ, ഉറപ്പായും മറ്റൊരു അവസരത്തിൽ കോടതി നിർദ്ദേശമുണ്ടായാൽ പൊലീസിന് മുതിർന്ന അഭിഭാഷകനെയും ഒഴിവാക്കാനാവില്ല. കേസ് ഡയറിയിലെ വിവരങ്ങൾ അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകേണ്ടിവരും. ഈ നിശ്ശബ്ദതയെയാണ് പ്രതിക്ക് ഭരണമുന്നണിയിലെ ചിലരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്ന് അതിജീവിതയുടെ അഭിഭാഷകർ ഹർജിയിലൂടെ വിശേഷിപ്പിച്ചത്. ഇന്നല്ലെങ്കിൽ നാളെ മറച്ചുവച്ച സത്യങ്ങൾ പുറത്തുവരും. എത്ര ഉന്നതരും നിയമത്തിന് വിധേയരാകേണ്ടിവരും.

ഹർജിയിലെ പരാമർശങ്ങൾ നീക്കിക്കിട്ടണമെന്നാണ് സർക്കാർ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചത്. അക്കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതി അതിജീവിതയുടെ അഭിഭാഷകർക്ക് വിട്ടുനൽകി. പരാമർശം പിൻവലിക്കുമോ എന്നകാര്യം വെള്ളിയാഴ്ച ഹർജി പരിഗണിക്കുമ്പോൾ അറിയാം. മാസങ്ങളായി വിചാരണാ കോടതിയിൽ നിന്ന് സംഭവിക്കുന്ന നീതി നിഷേധം പ്രൊസിക്യൂഷൻ നിരവധി തവണ മേൽക്കോടതികളെ അറിയിച്ചു. മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം ഗൗരവമായി എടുത്തില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം റിപ്പോർട്ടർ ചാനൽ മാത്രമാണ് സധൈര്യം വിഷയം ചർച്ച ചെയ്തത്.

പ്രൊസിക്യൂഷൻ നിരന്തരം ഉന്നയിച്ച ആക്ഷേപങ്ങൾ പൊതുസമൂഹത്തിന് മുന്നിലേക്കെത്തിക്കാൻ ഹർജിയിലൂടെ അഭിഭാഷകർ ശ്രമിച്ചുവെന്ന് കരുതണം. എന്നാൽ മാധ്യമങ്ങൾ ഭരണമുന്നണിക്ക് എതിരായ ആക്ഷേപം മാത്രമാണ് വാർത്തയാക്കിയത്. കോടതിക്കെതിരെ വസ്തുതാപരമായി മുന്നോട്ട് വച്ച ആക്ഷേപങ്ങൾ പോലും ചർച്ച ചെയ്തില്ല. വിചാരണ കോടതിക്കെതിരെ നാവനക്കാൻ പ്രതിപക്ഷം പോലും ശ്രമിച്ചില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ആയുധം മാത്രമായി പ്രതിപക്ഷം ഹർജിയെ കണ്ടു. അതിജീവിതയ്ക്ക് വേണ്ടി നീതിബോധത്തോടെയുള്ള സമീപനമാണ് പൊതുസമൂഹത്തിൽനിന്ന് ഉയർന്നുവരേണ്ടത് എന്നതിൽ സംശയമില്ല.

അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപുമായി ഭരണമുന്നണിയിലെ നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരാമർശത്തോട് മാത്രമാണ് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറലിന് വിയോജിപ്പ്. മറ്റെല്ലാ കാര്യങ്ങളും പ്രൊസിക്യൂഷൻ തന്നെ നേരത്തെ ഉയർത്തിയതാണ് എന്നതിനാൽ സർക്കാരും ഹർജിയോട് യോജിക്കുന്നു. അതിജീവിതയ്ക്ക് വ്യക്തിപരമായി അങ്ങനെയൊരു അഭിപ്രായം ഉണ്ടെന്നും പ്രൊസിക്യൂഷൻ കരുതുന്നില്ല. മാത്രമല്ല, മെമ്മറി കാർഡ് ഫൊറൻസിക് ലാബിലേക്ക് അയക്കാതെ അന്വേഷണം പൂർത്തിയാക്കരുതെന്നും ഇതിനായി പ്രൊസിക്യൂഷൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കണമെന്നുമാണ് അതിജീവിത നൽകിയ ഹർജിയിലെ സുപ്രധാന ആവശ്യം.

അന്വേഷണ കാലാവധി പൂർത്തിയാകുമ്പോൾ

തുടരന്വേഷണ കാലാവധി മെയ് 31ന് പൂർത്തിയാകും. എന്നാൽ അതിന് ശേഷവും അന്വേഷണം തുടരാനാകുമോയെന്ന കാര്യത്തിൽ സുപ്രീംകോടതി 2020 ജനുവരി 17ലെ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. സമയക്രമം നിശ്ചയിച്ചു എന്നതുകൊണ്ട് മാത്രം ദ്രുതഗതിയിൽ വിചാരണ തീർക്കേണ്ടതില്ലെന്നാണ് അന്നത്തെ വിധിന്യായത്തിൽ പറഞ്ഞത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാത്രമേ വിചാരണ നടപടികൾ തീർക്കാവൂ. തർക്കമില്ലാത്ത തരത്തിൽ അവസരങ്ങൾ നൽകണമെന്നുമാണ് സുപ്രിംകോടതിയുടെ നിലപാട്. അതായത്, മെയ് 31 കഴിഞ്ഞാലും തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി തേടി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഉന്നതവും ഉത്തമവുമായ നീതിബോധം പുലർത്തിയാൽ, അന്വേഷണവുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കാൻ വിചാരണ കോടതിക്ക് കഴിയില്ല.

Comments