കോട്ടയം എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ ബോർഡ് ഓഫ് സ്റ്റഡീസ് പ്രശ്‌നത്തിൽ അവിടുത്തെ അധ്യാപകനും സുഹൃത്തുമായ സജി മാത്യുവിന്റെ വ്യത്യസ്തമായ ഫേസ്ബുക്ക് പ്രതികരണം കണ്ടു. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ജനാധിപത്യത്തിന്റെ കാര്യമാണ് അദ്ദേഹം പ്രധാനമായി എടുത്തുപറയുന്നത്: ‘ലെറ്റേഴ്‌സിന്റെ അന്തർ വൈജ്ഞാനിക ബോധനരീതി പരിചയമുള്ള പുറത്തുനിന്നുള്ള ഏതാനും അക്കാദമിഷ്യൻസിനെ ഫാക്കൽറ്റി കൗൺസിൽ നിർദ്ദേശിച്ചുകൊണ്ട് Director (HoD) ഒരു ലിസ്റ്റ് തയ്യാറാക്കി സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അങ്ങനെ സമർപ്പിക്കപ്പെട്ട ലിസ്റ്റിൽനിന്ന് ലെറ്റേഴ്‌സിലുള്ള ഒരേയൊരു അധ്യാപികയെ ഒഴിവാക്കി പകരം ഒരു എഴുത്തുകാരിയെ ഉൾപ്പെടുത്തി അംഗീകരിച്ചു' എന്നാണ് വിശദീകരണം.
നിശ്ചയമായും ഒരു യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ നടപടി ക്രമങ്ങൾ അത്യന്തം നിർണായകമാണ്. വി.സിക്ക് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ചെയ്യാവുന്ന കാര്യമേ ഇതിലുള്ളൂ. അങ്ങനെ നടന്നിട്ടില്ലെങ്കിൽ നിയമപരമായി സാധുവാണെങ്കിലും (സമർപ്പിക്കപ്പെട്ട ലിസ്റ്റ് വി.സി വഴി ചാൻസലർ ആണല്ലോ അംഗീകരിക്കുന്നത് ) ജനാധിപത്യപരമല്ല. (എന്ത് പ്രതികരണമാണ് ഈ ആരോപിതമായ അധികാര പ്രയോഗത്തോട് സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകർ നടത്തിയിട്ടുള്ളത്? അതുമാത്രം പോസ്റ്റ് പറയുന്നില്ല.).
ഇനി ഒരേയൊരു സ്ത്രീയെ ഒഴിവാക്കി എന്നതിനെക്കുറിച്ച്. അവരെ നിലനിർത്തി പുരുഷന്മാരായ തങ്ങളിൽ ആരെയെങ്കിലും ഒഴിവാക്കണം എന്ന് പറയാൻ എന്തേ സജി മാത്യു അടക്കമുള്ള ഒരാണധ്യാപകനും തോന്നാത്തത് ?
മത്സ്യത്തൊഴിലാളികളും എഴുത്ത് തൊഴിലാളികളും
ഇതേതുടർന്ന് എന്താണ് വൈദഗ്ധ്യം (expertise) എന്ന സ്വന്തം കാഴ്ചപ്പാട് സജി മാത്യു വ്യക്തമാക്കുന്നു. അതിങ്ങനെയാണ്: ‘നിലവിലുള്ള കോഴ്‌സുകളുടെ പരിമിതികൾ, അതിന്റെ വികസനസാധ്യതകൾ, കാലാനുസൃതമായ പരിഷ്‌കാരം എന്നിവയൊക്കെ UGC നിർദ്ദേശിക്കുന്ന outcome framework കൾക്ക് അനുസൃതമായി ചർച്ച ചെയ്ത് മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുക എന്നതും ഈ ബോർഡ് ഓഫ് സ്റ്റഡീസിന്റെ കർത്തവ്യം ആണ്. ആയതിനാൽ ഇതിന് ആവശ്യമായ experts നെ ആണ് ആവശ്യം.'
പോസ്റ്റിനടിയിലുള്ള ഒരു കമന്റ്റിൽ ഈ വൈദഗ്ധ്യനിർവചനം വേറൊരാൾ ഒന്നൂകൂടി കൃത്യമാക്കിയിട്ടുണ്ട്: ‘ഒരു സർവകലാശാലയുടെ പഠനഗവേഷണ വിഭാഗത്തിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ അദ്ധ്യാപകർ അല്ലാത്തവർക്ക് കാര്യക്ഷമമായി ഒന്നും ചെയ്യാനില്ല'.
ഇതൊക്കെ വായിക്കുമ്പോൾ പെട്ടെന്നോർമ വന്നത് ഓഖി സമയത്ത് മൽസ്യത്തൊഴിലാളികളോട് ഇതിനു സമാനമായി പുച്ഛരസത്തിൽ പ്രതികരിച്ച ഇന്നാട്ടുകാരെയാണ്. കടലിൽ നിത്യവും പോവുന്ന തങ്ങൾക്കാണ് അതിൽ വൈദഗ്ധ്യം എന്ന അവരുടെ വാദം എല്ലാവരും ചിരിച്ചുതള്ളി. എന്നിട്ട് പ്രളയം വന്നപ്പോൾ ഈ ചിരിച്ചവന്മാരെയൊക്കെ അവർ വിദഗ്ധമായി കൈപിടിച്ചു രക്ഷിച്ചു. പ്രളയം കഴിഞ്ഞപ്പോൾ തഹസിൽദാർമാരും ഡിഗ്രികൾ വെള്ളം തട്ടാതെ സൂക്ഷിച്ച വിദഗ്ധരുമൊക്കെ തിരിച്ചുവന്നു സ്വയം കുത്തി നിറച്ച് കമ്മിറ്റികളുണ്ടാക്കി. നിങ്ങളുടെ പണിയൊക്കെ കൊള്ളാം, ഗംഭീരമാണ്. പക്ഷേ, അറിവ്, അത് ഞങ്ങളുണ്ടാക്കും! ഇതാണ് കാഴ്ചപ്പാട്. നോക്കൂ, അധ്യാപകരിലെ സ്ത്രീ ഒഴിവാകുന്നതിൽ കരളലിയുന്ന വേദന. എന്നാൽ പുറത്തുനിന്ന് വിദഗ്ധരെ നിർദേശിക്കുമ്പോൾ മൂന്നും പുരുഷന്മാർ! (ഒരു ചോദ്യത്തിനു മറുപടിയായി സജി മാത്യു പറയുന്നു: ‘ലെറ്റേഴ്‌സിൽ നിലവിലുള്ള അധ്യാപകരെ കൂടാതെ പ്രൊഫ. പി.പി. രവീന്ദ്രൻ (Rtd), പ്രൊഫ. ഉമർ തറമേൽ (Dept of Malayalam, University of Calicut), ഡോ. സി. ഗോപൻ (Dept of Theatre, SSUS,
Kalady) എന്നിവർ ആയിരുന്നു അയച്ച ലിസ്റ്റിൽ ഉള്ളത്.').
അക്കാദമിക രംഗത്ത് പുരുഷന്മാരല്ലാത്ത ഒരാൾക്ക് പോലും വേണ്ടത്ര വൈദഗ്ധ്യമില്ലാഞ്ഞിട്ടാണോ ഇത്? എന്തായാലും, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വിഷൻ ഇവരു പറയുംപോലെയല്ല. അതിനൊരു പ്രധാന കാരണം ഒരേസമയം അക്കാദമിക്കും എഴുത്തുകാരനുമായ ഒരാളാണ് അത് വിഭാവനം ചെയ്തത് എന്നതാണ്. എന്നിരിക്കിലും, ആൺമാത്രലോകം എന്ന പരിമിതിയിൽ നിന്ന് അനന്തമൂർത്തിയുടെ സ്ഥാപന നിർമ്മാണവും മുക്തമൊന്നുമായിരുന്നില്ല. പുറംലോകത്തോട് അയിത്തം അദ്ദേഹം കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടാണ് സ്റ്റാറ്റ്യൂട്ടിൽ വേറെ സ്ഥലത്തില്ലാത്ത സാധ്യതകളൊക്കെ ഉൾപ്പെട്ടത്. പ്രയോഗത്തിൽ പ്രമുഖ നിരൂപകരും തിയറ്റർ പ്രവർത്തകരുമൊക്കെ ഭാഗമായതും.
ഇന്നിപ്പോൾ, അനന്തമൂർത്തിയുടെ കാലത്തെ ലോകമല്ല. ലോകം മാറി. അറിവുൽപ്പാദനത്തിൽ പുരുഷന്മാരല്ലാത്തവർ സംഖ്യയിൽ തന്നെ വർധിച്ചു. ഗുണത്തിലും അവർക്കാണ് മുൻതൂക്കം. അതിനിടയിൽ ഇങ്ങനെ ആൺമാത്രനിർദേശങ്ങളുമായി എല്ലാക്കാലവും സുഖമായി കഴിഞ്ഞുകൂടാനൊന്നും സാധിക്കില്ല.
കേരളത്തിൽ ബോർഡ് ഓഫ് സ്റ്റഡീസുമായി ബന്ധപ്പെട്ട് അടുത്തയിടെ നടന്ന കാര്യങ്ങളിലെല്ലാം സ്ത്രീകളെ തുരത്താനാണ് ശ്രമം, അത് സിലബസ്സിൽ നിന്നായാലും ബോർഡിൽ നിന്നായാലും എന്നത് യാദൃച്ഛികമാണെന്നു തോന്നുന്നില്ല. പി.ഇ. ഉഷ, ജെ. ദേവിക, പ്രവീണ കോടോത്ത് എന്നിവരെ (ഒറ്റയടിക്ക് ) മലയാളം ഐച്ഛിക പേപ്പറായ ‘കേരളചിന്ത'യിൽ നിന്ന് തുരത്താൻ മുന്നിട്ടിറങ്ങിയ ഇടത് അധ്യാപകൻ ഇപ്പോൾ കാലിക്കറ്റിൽ ഒരു ബോഡി ഓഫ് സ്റ്റഡീസിന്റെ ചെയർമാനാണ്. അവരുടെ മാതൃക സ്വീകരിച്ച് അരുന്ധതി റോയിയെ ഇറക്കിവിടണം ബി.എ ഇംഗ്ലീഷ് സിലബസ്സിൽ നിന്ന് എന്ന് സംഘി അധ്യാപകർ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ മീരയെ ഓടിച്ചും വിട്ടു.
ലോകം അക്കാദമികളിൽ വന്നിടിക്കും. ഇടിച്ചിട്ടുണ്ട്. അങ്ങനെയാണ് ഫെമിനിസവും ദളിത് പഠനവും പരിസ്ഥിതി പഠനവുമൊക്കെ സിലബസ്സുകളിൽ ഇടം പിടിച്ചത്. അധ്യാപകരായ വിദഗ്ധരുടെ തലയിൽ ദിവ്യവെളിച്ചം വീശിയിട്ടല്ല. പുറംലോകം ആൺലോകങ്ങളുടെ സുരക്ഷിതമായ അകത്തളങ്ങളിൽ വന്നിടിച്ചതിന്റെ ലക്ഷണം മാത്രമാണ് കെ. ആർ. മീരയുടെ ബോർഡ് ഓഫ് സ്റ്റഡീസ് പ്രവേശനം. നിയമവും സാഹചര്യങ്ങളും അനുകൂലമായി ഉണ്ടായിട്ടും നാനോ ടെക്‌നോളജിക്കാരനായ വൈസ് ചാൻസലർ വേണ്ടി വന്നു ഇതിനു നിമിത്തമാവാൻ എന്നത് ലജ്ജാകരമാണ്. കെ.ആർ.മീര തന്നെ വേണമെന്നില്ല, ജോണി മിറാൻഡ ഇലക്ട്രിസിറ്റി ബോഡിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് ഉമർ തറമലിനോളമോ അതിലേറെയോ അർഹതയുണ്ട് ബോഡ് ഓഫ് സ്റ്റഡീസിൽ ഇരിക്കാൻ എന്നാണ് എന്റെ അഭിപ്രായം.
അവസാനമായി സജി മാത്യു ഇങ്ങനെയും പറയുന്നു: ‘ഒരു സാഹിത്യരചയിതാവ് കൂടി ആ ബോഡിയിൽ ഉണ്ടാവണം എന്നു സർവ്വകലാശാല തീരുമാനിച്ചാൽ അതിൽ സന്തോഷമേ ഉള്ളൂ. അങ്ങനെയൊരു പൊതുനയം സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിനായി എം. ജി. സർവ്വകലാശാല ഇന്നുവരെ രൂപീകരിച്ചിട്ടുള്ളതായി എന്റെ അറിവിലില്ല. ഉണ്ടെങ്കിൽ, അത്തരം എഴുത്തുകാരുടെ ഒരു ലിസ്റ്റ് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിനോട് ചോദിക്കുക എന്നതാണ് ശരി എന്നു ഞാൻ വിശ്വസിക്കുന്നു.'
തുടക്കം ഓട്ടോണമിയെക്കുറിച്ച് പറഞ്ഞാണെങ്കിൽ അവസാനം സർവകാലാശാല മേലെനിന്ന് ആവശ്യപ്പെട്ടില്ല എന്ന പരാതിയിലാണ്. സർവകലാശാല അങ്ങനെ ചെയ്യാഞ്ഞത് നന്നായി. അല്ലെങ്കിൽ തങ്ങൾക്കു പരിചയമുള്ള ആഢ്യന്മാരായ മൂന്നു പുരുഷകേസരികളെ ഇവർ നിർദേശിച്ചു കളഞ്ഞേനെ. ഈ പോക്കാണ് പോകുന്നതെങ്കിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് പരമ്പരാഗത മലയാളം, ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റുകളായി മാറുന്ന കാലം വിദൂരമല്ല. ‘പൊതുനയം' മതിയല്ലോ, എന്തിനാണ് സ്വന്തമായി ഒരു വിഷനും പ്രൊവിഷനും!
പ്രിയ ആണുങ്ങളെ, ഒരു സ്ത്രീയെ,
സ്വയം നവീകരിക്കാനുള്ള ഒരവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്,
എന്ന്,
നിങ്ങളേക്കാളൊക്കെ കുറവുകളുള്ള ഒരു കോളേജ് വാധ്യാർ.