തദ്ദേശ തെരഞ്ഞെടുപ്പുഫലങ്ങൾക്ക്, തൊട്ടുപുറകേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവുമായി ബന്ധമുണ്ടോ? കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും അങ്ങനെയൊരു ബന്ധം കാണാം. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും മുന്നേറ്റമുണ്ടാക്കാനായ എൽ.ഡി.എഫാണ്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജയിച്ചത്. ഇതേ പാറ്റേൺ ഇത്തവണ ആവർത്തിച്ചാൽ, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് പ്രതീക്ഷാനിർഭരമായ ഒന്നായി മാറും.
സംസ്ഥാന ഭരണത്തിൽ മൂന്നാമൂഴം പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ്, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രൗണ്ട് വർക്ക് എന്ന നിലയ്ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. യു.ഡി.എഫിനും ഒരു മുന്നേറ്റം അനിവാര്യമായിരുന്നു. ബി.ജെ.പി ആകട്ടെ, സംസ്ഥാനത്ത് സ്വാധീനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അത് നൂറു ശതമാനം ഫലിച്ചു, നിരവധി നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പിയ്ക്ക് സീറ്റുകളുടെ എണ്ണം ഉയർത്താനും കഴിഞ്ഞു.

2010-നുശേഷം ഇതാദ്യമായാണ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയിൽ യു.ഡി.എഫിന് ഇത്ര മേൽക്കൈ ലഭിക്കുന്നത്.
യു.ഡി.എഫ് വിജയത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം, ഗ്രാമ- നഗര മേഖലകളിലുണ്ടായ മുന്നേറ്റമാണ്. ഒപ്പം, സ്വാധീനം നഷ്ടമായിരുന്ന ചില ജില്ലകളിലെ വിജയവും. 2010-നുശേഷം ഇതാദ്യമായാണ് ഇത്ര സമഗ്രമായ ഒരു വിജയം യു.ഡി.എഫിനുണ്ടാകുന്നത്:
941 ഗ്രാമപഞ്ചായത്തുകളിൽ 504.
143 ബ്ലോക്ക് പഞ്ചായത്തുകളിൽ 79.
14 ജില്ലാ പഞ്ചായത്തുകളിൽ 7.
86 മുനിസിപ്പാലിറ്റികളിൽ 54.
6 കോർപറേഷനുകളിൽ 4.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ തലങ്ങളിൽ വ്യക്തമായ ആധിപത്യമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. അവിടേക്കാണ് യു.ഡി.എഫ് അതിശക്തമായി തിരിച്ചെത്തിയിരിക്കുന്നത്. മാത്രമല്ല, നഗരസഭകളിലെ മുൻതൂക്കം വർധിപ്പിക്കാനുമായി.
ആനുകൂല്യ വിതരണം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതിലും രൂക്ഷമായ അടിസ്ഥാനതല പ്രശ്നങ്ങൾ ജനം അഭിമുഖീകരിക്കുന്നു എന്ന സൂചന തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിൽ പ്രകടമാണ്.
അപ്രതീക്ഷിത തിരിച്ചടിയിലുള്ള നിരാശ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളിലുണ്ട്. ആവശ്യമായ തിരുത്തലുകൾ വരുത്തും എന്നും ജനങ്ങളുടെയാകെ പിന്തുണ ആർജ്ജിച്ച് മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പോകുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനും തിരുത്തലിനെക്കുറിച്ച് പറയുന്നുണ്ട്: ''എന്തുകൊണ്ട് ഇത്തരമൊരു ജനവിധിയുണ്ടായി എന്നത് സൂക്ഷ്മതലത്തിൽ പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് തുടർ നിലപാടുകൾ സ്വീകരിക്കും. താഴെ തലം മുതൽ പരിശോധന നടത്തി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകും''.

തിരുത്തിനെക്കുറിച്ചുതന്നെയാണ് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്, യു.ഡി.എഫ് വർഗീയ ശക്തികളുമായി നീക്കുപോക്കുണ്ടാക്കി എന്ന ആരോപണവും അദ്ദേഹം ആവർത്തിക്കുന്നുണ്ട്. സർക്കാറിന്റെ ജനക്ഷേമ നടപടികൾ ജനങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ അദ്ദേഹത്തിനും സംശയമുണ്ട്.
റിസൽട്ടിൽ സമനില തെറ്റിയ നേതാക്കളും എൽ.ഡി.എഫിലുണ്ട്. 'നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ചശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു' എന്ന അധിക്ഷേപം എം.എം. മണി എം.എൽ.എ നടത്തി. ഈ കനത്ത തോൽവി എൽ.ഡി.എഫിനെ ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്നാണ് ഇത്തരം പ്രതികരണങ്ങൾ തെളിയിക്കുന്നത്.
റിസൽട്ടിൽ സമനില തെറ്റിയ നേതാക്കളും എൽ.ഡി.എഫിലുണ്ട്. 'നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ചശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു' എന്ന അധിക്ഷേപം എം.എം. മണി എം.എൽ.എ നടത്തി.
എൽ.ഡി.എഫിനെ സംബന്ധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ടെന്ന സമ്മതം കൂടിയാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണങ്ങൾ. തുടർഭരണവും പിന്നിട്ട്, മൂന്നാമൂഴത്തിന് കച്ച മുറുക്കുന്ന എൽ.ഡി.എഫ്, പിണറായി വിജയൻ സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളാണ് പ്രധാനമായും തദ്ദേശ തെരഞ്ഞെടുപ്പിൽ കാമ്പയിൻ ചെയ്തത്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം, ക്ഷേമപെൻഷൻ വർധന, സ്ത്രീകൾക്ക് സുരക്ഷാ പെൻഷൻ തുടങ്ങിയ വൻ പ്രഖ്യാപനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നടത്തിയത്. അതെല്ലാം വാങ്ങിയെടുത്തശേഷം വോട്ടർമാർ എത്ര പെട്ടെന്ന് മറന്നു എന്ന ഖേദമാണ് എം.എം. മണിയുടെ വാക്കുകളിലുള്ളത്. വോട്ടിംഗിനെ സ്വാധീനിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും പയറ്റുന്ന വെൽഫെയർ പൊളിറ്റിക്‌സ് എന്ന തന്ത്രം വേണ്ടത്ര ഫലിക്കാത്തതിലുള്ള രോഷം എൽ.ഡി.എഫ് പ്രതികരണങ്ങളിലുണ്ട്. ജനപക്ഷപ്രവർത്തനം എന്നാൽ ആനുകൂല്യ വിതരണമാണ് എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾക്കുള്ള തിരുത്തലെന്ന നിലയ്ക്കും ഈ റിസൽട്ടിനെ കാണാനാകുമോ എന്ന വിചാരത്തിനും പ്രസക്തിയുണ്ട്. ആനുകൂല്യ വിതരണം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതിലും രൂക്ഷമായ അടിസ്ഥാനതല പ്രശ്നങ്ങൾ ജനം അഭിമുഖീകരിക്കുന്നു എന്ന സൂചന തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിൽ പ്രകടമാണ്.
ഭരണവിരുദ്ധവികാരം എന്നത് പ്രതിപക്ഷത്തിന്റെ പതിവ് കാമ്പയിനാണെങ്കിലും ഇത്തവണ ജനം അതിൽ വിശ്വാസമർപ്പിച്ചു എന്ന് പ്രതിപക്ഷത്തിന് അവകാശപ്പെടാം. കാരണം, സർക്കാറിന്റെ ഭരണനടപടികൾ തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമായി കാമ്പയിൻ ചെയ്യപ്പെട്ടത് എന്നതുകൊണ്ടുതന്നെ.

യു.ഡി.എഫിൽ എല്ലാം ഭദ്രമായിരുന്നു എന്ന റിസൽട്ടാണോ ഇത്? തീർച്ചയായും അല്ല. യഥാർത്ഥത്തിൽ പ്രശ്നരഹിതമായ ഒരു മുന്നണിസംവിധാനമായല്ല യു.ഡി.എഫ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിലുണ്ടായിരുന്നത്. വിമതശല്യം മുതൽ സ്വന്തം എം.എൽ.എക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വരെ പലതരം വെല്ലുവിളികൾ, പ്രത്യേകിച്ച് കോൺഗ്രസിനു മുന്നിലുണ്ടായിരുന്നു. കെട്ടുറപ്പുള്ള ഒരു മുന്നണിയായി പലയിടത്തും യു.ഡി.എഫിന് നിൽക്കാനായിരുന്നില്ല. എന്നിട്ടും സംശയരഹിതമായി പ്രതിപക്ഷത്തെ തെരഞ്ഞെടുത്ത റിസൽട്ടുണ്ടായി എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അത്, സംസ്ഥാന സർക്കാറിനുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്.
കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ ബി.ജെ.പിയെ നേരിടാനാകുമെന്ന് തെളിയിച്ച വിജയങ്ങളാണ് കൊടുങ്ങല്ലൂർ, പന്തളം നഗരസഭകളിൽ എൽ.ഡി.എഫ് നേടിയത്.
തിരുവനന്തപുരം കോർപറേഷനിൽ മാത്രമല്ല, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബി.ജെ.പിയുണ്ടാക്കിയ മുന്നേറ്റം ഗൗരവപൂർവമായ വിശകലനം ആവശ്യപ്പെടുന്നു. തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കുക അവർ ഏറ്റവും പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് തങ്ങൾക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന സ്വാധീനമേഖലകൾ പ്രത്യേകമായി അടയാളപ്പെടുത്തിയാണ് അവർ തന്ത്രം മെനഞ്ഞത്. അത് പലയിടത്തും ജയം കണ്ടു. തിരുവനന്തപുരം കോർപറേഷൻ കഴിഞ്ഞാൽ തൃപ്പുണിത്തുറ നഗരസഭയിൽ എൽ.ഡി.എഫിനെ അട്ടിമറിയിലൂടെ മറികടക്കാനും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കഴിഞ്ഞതാണ് ഇതിൽ പ്രധാനം. എൻ.ഡി.എ 21 സീറ്റ് നേടിയപ്പോള്‍ എൽ.ഡി.എഫ് 20 സീറ്റുകളിൽ ഒതുങ്ങി. യു.ഡി.എഫിന് 16 സീറ്റ്. വിജയം ലക്ഷ്യമാക്കി എ ക്ലാസ് നഗരസഭയായി പ്രഖ്യാപിച്ചാണ് ബി.ജെ.പി തൃപ്പൂണിത്തുറയിൽ വൻ കാമ്പയിൻ അഴിച്ചുവിട്ടത്.
എന്നാൽ, കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ ബി.ജെ.പിയെ നേരിടാനാകുമെന്ന് തെളിയിച്ച വിജയങ്ങളാണ് കൊടുങ്ങല്ലൂർ, പന്തളം നഗരസഭകളിൽ എൽ.ഡി.എഫ് നേടിയത്. വിജയം ലക്ഷ്യമിട്ട് ബി.ജെ.പി കാമ്പയിൻ നടത്തിയ കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് അതിശക്തമായി ചെറുത്തുനിന്നു. 2020-ൽ ബി.ജെ.പി 21 വാർഡുകൾ നേടിയെങ്കിൽ ഇത്തവണ അത് 18 ആയി ചുരുക്കാൻ എൽ.ഡി.എഫിനായി. യു.ഡി.എഫിന് മൂന്ന് സീറ്റു മാത്രമുള്ള ഇവിടെ ബി.ജെ.പിയുടെ വർഗീയ കാമ്പയിനെ പ്രതിരോധിക്കാനായതിന്റെ പൂർണ ക്രെഡിറ്റ് എൽ.ഡി.എഫിനാണ്.
ബി.ജെ.പിയുടെ സിറ്റിങ് നഗരസഭയായ പന്തളത്തും എൽ.ഡി.എഫ് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള വർഗീയമായി അവതരിപ്പിച്ച് വോട്ടു നേടാനുള്ള ബി.ജെ.പി നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

ഇടതുപക്ഷത്തുനിന്നുള്ള സ്വാഭാവികമായ നിരാശാപ്രകടനങ്ങളേക്കാൾ അപകടകരമാണ് ശശി തരൂർ ‘ജനാധിപത്യത്തിന്റെ സൗന്ദര്യം’ എന്ന പേരിൽ ബി.ജെ.പിയ്ക്ക് വിരിക്കുന്ന കാവിപ്പരവതാനി. തിരുവനന്തപുരം നഗരസഭയിൽ 45 വർഷമായി എൽ.ഡി.എഫ് തുടർന്നുവരുന്ന ദുർഭരണത്തിനെതിരായി ബി.ജെ.പി നേടിയ വിജയത്തെ, സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ വിിജയത്തോടൊപ്പം ചേർത്തുവെച്ചാണ് അദ്ദേഹം ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ വിശദീകരിക്കുന്നത്. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും മറികടന്ന് ബി.ജെ.പി നേടിയ ഓരോ വിജയവും കോൺഗ്രസ് നേതാവ് ശശി തരൂർ പ്രകീർത്തിച്ച പോലെ, ‘ജനാധിപത്യത്തിന്റെ സൗന്ദര്യ’മാണോ എന്നത് ഇരു മുന്നണികളും ആത്മപരിശോധന നടത്തി തീരുമാനിക്കേണ്ട ഒന്നാണ്.
