തെരഞ്ഞെടുപ്പ് എന്നത് പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഒരു സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് ഒരു ഉൽസവവുമാണ്. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളിൽ ഇടപെടുമെന്ന് പറയുന്നതുപോലെ, രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കാത്തവരിലും തെരഞ്ഞെടുപ്പിന്റെ നാടകീയത താൽപര്യമുണർത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും അനിശ്ചിതത്വങ്ങളും അവരിലും ആവേശമുണ്ടാക്കും. രാഷ്ട്രീയ കക്ഷികളും മുന്നണികളും എല്ലാം ഉൾപ്പെട്ട മൽസരമാണെങ്കിലും തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്നവരും ഇടപെടും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കും. ചിലർ തെരഞ്ഞെടുപ്പ് തന്നെ ഒരു പ്രഹസനമാണെന്നും വ്യവസ്ഥയെ ഇതേ പോലെ നിലനിർത്താനുളള പരിപാടിയാണെന്നും പറഞ്ഞ് അതിനെ വിമർശിക്കുകയും ചെയ്യും. അങ്ങനെ ആരും അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാറില്ലെന്ന് പൊതുവായി പറയാം.
കേരളത്തിന്റെ കക്ഷിരാഷ്ട്രീയ പോരാട്ടമെന്നത് രണ്ട് മുന്നണികൾ തമ്മിലുള്ള മൽസരമാണ്. മൂന്നാമതൊരാൾ ശക്തമായി രംഗത്തുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കാണുന്ന ഒരു വ്യത്യാസം തുടർഭരണ സാധ്യത എൽ.ഡി.എഫ് നിലനിർത്തുന്നു എന്നതാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ മേൽക്കൈയ്ക്ക് ശേഷവും ഇടതുപക്ഷത്തിന് മുൻകൈ നിലനിർത്താൻ പറ്റുന്നുവെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ നടത്തിയ സർവേകൾ വ്യക്തമാക്കുന്നത്. ഇത് കേരളത്തിൽ അങ്ങനെ പതിവുള്ള സംഗതിയല്ല. ഈ ആത്മവിശ്വാസത്തിൽ നിന്നാവണം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി എട്ട് മന്ത്രിമാരെയും പകുതിയോളം എം.എൽ.എമാരെയും മാറ്റി പുതിയൊരു പരീക്ഷണത്തിന് മുതിർന്നത്. പ്രത്യേകിച്ചും സി.പി.ഐയും സി.പി.എമ്മുമാണ് എം.എൽ.എമാരെയും മന്ത്രിമാരെയും മാറ്റി പരീക്ഷണത്തിന് സ്വയം സജ്ജമായത്.
എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ഒരു തുടർഭരണ സാധ്യത നിലനിൽക്കുന്നത് എന്നതിന് പല കാരണങ്ങൾ സർവ്വെ നടത്തിയവർ പറയുന്നുണ്ട്. പ്രളയ കാലത്തും കോവിഡ് ലോക്ഡൗൺ കാലത്തും നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വവുമെല്ലാം ഇതിന് കാരണമായി സർവ്വെക്കാരും മുഖ്യധാര മാധ്യമങ്ങളും കണ്ടെത്തുന്നു. നിയോ ലിബറൽ കാലത്തിന് വെൽഫയർ സംവിധാനത്തിലൂടെ ഇടതു സർക്കാർ ഒരു ബദൽ അവതരിപ്പിച്ചുവെന്ന് സി.പി.എം വാദിക്കുന്നു. ഇടതുബദൽ പല രീതിയിലും വ്യത്യസ്തമാണെന്ന് ഉത്തർപ്രദേശിന്റെയും ഗുജറാത്തിന്റെയും ഉദാഹരണങ്ങളിലൂടെ സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വികസനത്തിന്റെയും ക്ഷേമപരിപാടികളുടെയും കാര്യം പറഞ്ഞാണ് ഇടതുപക്ഷം മുഖ്യമായും വോട്ടുപിടിക്കുന്നത്. ഇത് പക്ഷെ കേരളത്തിൽ ഇടതുപാർട്ടികൾ മാത്രം ചെയ്യുന്നതല്ല. ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പാർട്ടികൾ വോട്ടു പിടിക്കുന്നത് വികസനത്തെക്കുറിച്ച് പറഞ്ഞു തന്നെയാണ്.
അങ്ങേയറ്റം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും രാഷ്ട്രീയമായ കാരണങ്ങളാൽ ഈ സർക്കാരിന്റെ നയങ്ങളും സമീപനങ്ങളെയും കുറിച്ച് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് ഉന്നയിച്ചതിനെക്കാൾ ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ പല ഇടതുപക്ഷ അനുഭാവികളിൽനിന്നും ഈ സർക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്
സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള വ്യത്യസ്ത അനുഭവങ്ങളിലൂടെയാണ് കേരളം കഴിഞ്ഞ അഞ്ച് വർഷം കടന്നു പോയത്. രണ്ട് പ്രളയവും കോവിഡും മാത്രമല്ല, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സംസ്ഥാനത്തിന്റ അനുഭവവും ഈ അഞ്ച് വർഷക്കാലം സവിശേഷതകളുള്ളതായിരുന്നു. ആരാധകരാൽ വാഴ്ത്തപ്പെടുകയും വിമർശകരാൽ രൂക്ഷമായി എതിർക്കപ്പെടുകയും ചെയ്ത സർക്കാർ. ഈ സർക്കാരിനെ നയിക്കുന്ന പിണറായി വിജയനെ ക്യാപ്റ്റനെന്നും ഇരട്ട ചങ്കനെന്നും വിളിച്ചുകൊണ്ട്, മുഖ്യധാര ഇടതുപക്ഷ പാർട്ടികൾ പോലും ഇതുവരെ നടത്താത്ത രീതിയിൽ, ബിംബവൽക്കരണവും നടന്നു. മോദിക്ക് ബദൽ പിണറായി എന്ന ദ്വന്ദത്തിലേക്ക് രാഷ്ട്രീയ ചർച്ചകളുടെ സ്വാഭാവത്തെ പോലും മാറ്റാനുള്ള ശ്രമവും നടന്നു. അതേ തീവ്രതയോടെ തന്നെ പല കോണുകളിൽനിന്നും പിണറായി വിജയൻ സർക്കാർ എതിർക്കപ്പെടുകയും ചെയ്തു. എതിർപ്പുകൾ മുന്നണി രാഷ്ട്രീയത്തിലെ എതിരാളികളിൽനിന്ന് മാത്രമായിരുന്നില്ല.
ബംഗാളിലെ ബുദ്ധദേവ് ഭട്ടചാര്യയുടെ കാലത്തെ സർക്കാർ അന്ന് നേരിട്ടതു പോലെ, മുഖ്യധാര ഇടതുപക്ഷ പാർട്ടികളുടെ പുറത്തുനിൽക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും ഏറ്റവും ശക്തമായ വിമർശനങ്ങൾ നേരിടേണ്ടിവന്ന സർക്കാർ കൂടിയാണ് പിണറായി വിജയന്റേത്. അതായത് അങ്ങേയറ്റം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും രാഷ്ട്രീയമായ കാരണങ്ങളാൽ ഈ സർക്കാരിന്റെ നയങ്ങളും സമീപനങ്ങളെയും കുറിച്ച് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് ഉന്നയിച്ചതിനെക്കാൾ ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ പല ഇടതുപക്ഷ അനുഭാവികളിൽനിന്നും ഈ സർക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്. വികസനത്തോടുള്ള സി.പി.എം സർക്കാരിന്റെ കാഴ്ചപ്പാടും, അതിന്റെ പരിസ്ഥിതി സമീപനങ്ങളും രാഷ്ട്രീയ വിമതന്മാരോടുള്ള നിലപാടുകളുമാണ് പ്രധാനമായും ഇടതുപക്ഷക്കാരായ വിമർശകരുടെ എതിർപ്പിന് വിധേയമായത്. അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാർ എടുത്ത നിലപാടുകളെ ഇവരൊക്കെ വലിയ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ ഹിന്ദുത്വ വിരുദ്ധരുടെയും പിന്തുണ സർക്കാരിന് കിട്ടിയെന്നത് അതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു.
കേരളത്തിലെ ഭൂ പ്രശ്‌നം മുഴുവൻ ഭൂപരിഷ്‌ക്കരണത്തോടെ പരിഹരിക്കപ്പെട്ടുവെന്ന യാന്ത്രിക നിലപാടാണ് സി.പി.എം സ്വീകരിച്ചുപോരാറുള്ളത്. ജീവിക്കാനുള്ള ഭൂമിയല്ല, ഇനി എല്ലാവർക്കും വീട് മാത്രമാണ് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അതിന്റെ ക്ഷേമ പരിപാടികൾ നടപ്പിലാക്കിയത്
എന്നാൽ സവിശേഷമായ ഒരു കാഴ്ച തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ കഴിയുന്നുണ്ട്. കേരളത്തിന്റെ മുഖ്യധാരയ്ക്ക് പുറത്തുനിൽക്കുന്നുവെന്ന് തങ്ങളുടെ വിവിധ വിഷയങ്ങളിലെ നിലപാടുകളുടെ അടിസ്ഥാനത്തിൽ അവകാശപ്പെട്ടവരിൽ ചിലരെങ്കിലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആരാധകരായി പരിവർത്തിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അത്. എന്തുകൊണ്ടാണ് ഇടതുപക്ഷത്തുനിന്ന് എൽ.ഡി.എഫ് സർക്കാരിനെ വിമർശിച്ചവർ തെരഞ്ഞെടുപ്പ് കാലത്ത് വലതുപക്ഷത്തിന്റെ ആരാധകരായി പോകുന്നതെന്ന ചോദ്യം ഒരു രാഷ്ട്രീയ സമൂഹം എന്ന രീതിയിൽ കേരളം അഭിമുഖീകരിക്കേണ്ടതാണെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിന്റെ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയപ്പെടുന്നതിലൂടെ, ഇടതുപക്ഷ സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ട ഇടതുപക്ഷത്തുനിന്നുള്ള വിമർശനങ്ങളുടെ ക്രെഡിബിലിറ്റി തന്നെയാണ് ഇവർ ഇല്ലാതാക്കുന്നത്. അത് ഒരു രാഷ്ട്രീയ നീക്കം തന്നെയാണ്.
പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായ 2011 ലെ തെരഞ്ഞെടുപ്പിനുശേഷം പലതരം വിലയിരുത്തലുകൾ പല ഭാഗത്തുനിന്നുണ്ടായി. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മാത്രമല്ല, ആ പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ബുദ്ധിജീവികളും, സി.പി.എമ്മിന്റെ കടുത്ത വിമർശകരായ മാർക്‌സിസ്റ്റുകളുമെല്ലാം അന്ന് ബംഗാളിൽ ഇടതുപക്ഷത്തിന്റെ തകർച്ചയെ വിലയിരുത്തുകയുണ്ടായി. അന്ന് പ്രഭാത് പട്‌നായിക് എഴുതിയ, പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട ലേഖനത്തിൽ (The Left in Decline- Economic And Political Weekly- 2011) ഈ തിരിച്ചടിയെ അദ്ദേഹം വിശദീകരിച്ചത് എംപിരിസൈസേഷൻ എന്ന ഒരു വാക്ക് ഉപയോഗിച്ചാണ്. മുതലാളിത്തത്തെ മറികടക്കാൻ ശേഷിയില്ലാത്ത ഒരു രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായതാണ് തിരിച്ചടിക്ക് കാരണമായതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.
കേരളത്തിലെ ഇടതു സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെക്കുറിച്ച് സമാനമായ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ വികസന നയം നിയോ ലിബറൽ വികസന സമീപനം തന്നെയാണെന്നത് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. മറ്റൊന്ന് വിമത രാഷ്ട്രീയത്തോട് ഇടതു സർക്കാർ സ്വീകരിച്ച സമീപനമാണ്. എട്ട് മാവോയിസ്റ്റുകളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പല സമയങ്ങളിലായി യു.എ.പി.എ ചുമത്തപ്പെട്ടവർ വേറെ. ലഘുലേഖകൾ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തിയതിനെ പോലും ന്യായീകരിക്കുന്ന നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത്തരം സമീപനങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വ സർക്കാരുകൾ സ്വീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ല. അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും രാഷ്ട്രീയമായ തെറ്റ് സി.പി.എമ്മോ സർക്കാരോ കണ്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി.
പരിസ്ഥിതിയോടുള്ള സമീപനത്തിന്റെ കാര്യത്തിലും സമാന രീതിതന്നെയായിരുന്നു കേരളത്തിലെ ഇടതു സർക്കാരിന്റെത്. കേരളത്തിലെ ഭൂ പ്രശ്‌നം മുഴുവൻ ഭൂപരിഷ്‌ക്കരണത്തോടെ പരിഹരിക്കപ്പെട്ടുവെന്ന യാന്ത്രിക നിലപാടാണ് സി.പി.എം സ്വീകരിച്ചുപോരാറുള്ളത്. ജീവിക്കാനുള്ള ഭൂമിയല്ല, ഇനി എല്ലാവർക്കും വീട് മാത്രമാണ് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അതിന്റെ ക്ഷേമ പരിപാടികൾ നടപ്പിലാക്കിയത്. അഞ്ച് ലക്ഷം ഏക്കർ പാട്ടക്കാലവധി കഴിഞ്ഞ ഭൂമി കേരളത്തിലുണ്ടെന്ന സർക്കാർ ഉദ്യോഗസ്ഥന്റെ തന്നെ റിപ്പോർട്ടുള്ളപ്പോഴാണ് കേരളത്തിൽ നടക്കുന്ന ഭൂ സമരങ്ങളോടുളള ഇടതുപക്ഷത്തിന്റെ ഈ സമീപന എന്നതാണ് വൈരുദ്ധ്യം. അതായത് വികസനത്തിന്റെ കാര്യത്തിലും, രാഷ്ട്രീയ എതിരാളികളോടുള്ള സമീപനത്തിന്റെ കാര്യത്തിലായാലും കേരളത്തിലെ സി.പി.എം സ്വീകരിച്ചത് ഇടതുപക്ഷ സമീപനമല്ലെന്ന വിമർശനം കാര്യമായി തന്നെ നിലനിൽക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുവിമർശകർക്ക് എന്താണ് സംഭവിക്കുന്നത്? അവരിൽ പലരും കേരളത്തിൽ വലതുപക്ഷത്തിന്റെ ആരാധാകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്
ഇതിനുപുറമെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് മാറ്റിയ വിഷയം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തെ കേരളത്തിന്റെ നവോത്ഥാന ശ്രമങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച സർക്കാർ തന്നെയാണ്, ഇപ്പോൾ ആചാര സംരക്ഷകരായി രംഗത്തുവന്നിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇസ്ലാമോഫോബിക്ക് ആയ പ്രസ്താവനകൾ സി.പി.എമ്മിന്റെ നേതാക്കൾ തുടർച്ചയായി നടത്തിയതും ഈയടുത്ത കാലത്തുതന്നെ. ഇത്തരം നിലപാടുകൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിന്റെ പ്രയോജനവാദപരമായ യുക്തികൾക്കപ്പുറത്തുനിന്ന് ശക്തമായ വിമർശനം സർക്കാറിനെതിരെ ഉന്നയിക്കപ്പെടുകയുണ്ടായി. യഥാർത്ഥത്തിൽ സർക്കാരിന്റെ മേൽ സൂചിപ്പിച്ച സമീപനങ്ങൾക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഈ ഭാഗത്തുനിന്നുതന്നെയാണ് ഉണ്ടായത്. അല്ലാതെ യു.ഡി.എഫിന്റെ ഭാഗത്തുനിന്നായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്താണ് വിമർശകർക്ക് സംഭവിക്കുന്നത്? വിമർശനം ഉന്നയിച്ചവരിൽ പലരും കേരളത്തിൽ വലതുപക്ഷത്തിന്റെ ആരാധാകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും വ്യാപകമായി യു.എ.പി.എ പോലുള്ള മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾ ചുമത്തുന്നതിനെയും എതിർത്തവർ യു.ഡി.എഫിനെ രാഷ്ട്രീയമായി സഹായിക്കുന്ന നിലയിലേക്ക് മാറുന്നു. ഇന്ത്യയിൽ യു.എ.പി.എ നിയമം കൊണ്ടുവരികയും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സ്വാഭാവികമെന്ന മട്ടിൽ നടപ്പിലാക്കുകയും ചെയ്ത കോൺഗ്രസിന് വേണ്ടിയാണ് ഇപ്പോൾ ഇവരുടെ രാഷ്ട്രീയ ബോധം ഉണർന്നു പ്രവർത്തിക്കുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ നവലിബറൽ നയങ്ങളെ എതിർത്തവർ ആ നയങ്ങളുടെ ഉപാസകരെയാണ് ഇപ്പോൾ രാഷ്ട്രീയമായി പുണരുന്നത്. ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ വളർച്ചയിൽ കോൺഗ്രസ് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ആർക്കെങ്കിലും മറച്ചുപിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ ഇക്കാര്യത്തിലെ സ്ഥിതി വ്യത്യസ്തമല്ല.
വിമോചന സമരത്തിന് ശേഷം കേരളത്തിൽ നടന്ന ഏറ്റവും പ്രതിലോമകരമായ കലാപമായി വിശേഷിപ്പിക്കാവുന്ന ശബരിമലയിലെ സവർണ ലഹളയ്ക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസ് പാർട്ടിയാണ്. അന്നത്തെ ലഹളയുടെ രാഷ്ട്രീയ പ്രയോജനം കോൺഗ്രസിനാണ് ലഭിച്ചതെങ്കിലും അതുണ്ടാക്കിയെടുക്കാൻ ശ്രമിച്ച ഹിന്ദുത്വ പൊതുബോധത്തിന്റെ ഗുണഭോക്താക്കൾ കേരളത്തിലെ സംഘ്പരിവാർ തന്നെയായിരിക്കും എന്ന കാര്യത്തിലും സംശയമില്ല. ആ കോൺഗ്രസ് പാർട്ടിയെ ചേർത്തുപിടിച്ചാണ് ഈ സി.പി.എം വിമർശകർ ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിനൊരുങ്ങുന്നത് എന്നതാണ് തമാശ. ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നവരിൽ ഇടതുപക്ഷക്കാർ മാത്രമല്ല, അംബേദ്ക്കറിസ്റ്റുകളായ ചിലരും ഉണ്ട്. മായാവതി മുതൽ സി.കെ. ജാനുവരെയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ ചില ധാരകളിൽ പെട്ടവർ പലപ്പോഴും ഹിന്ദുത്വവുമായി രാഷ്ട്രീയ സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നതുകൊണ്ട് അവരുടെ നിലപാടിൽ അത്ഭുതപ്പെടേണ്ടതില്ല.
രാഷ്ട്രീയ നിലപാടിലെ സത്യസന്ധതയുമായി ബന്ധപ്പെട്ട ധാർമികമായ ഒരു വിഷയം മാത്രമല്ല, ഈ സമീപനങ്ങൾ സൃഷ്ടിക്കുന്നത്. രാഷ്ട്രീയ വിമർശനങ്ങളുടെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കളിക്കപ്പുറത്തുനിന്ന് കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു വിമർശനവും സാധ്യമല്ലെന്ന് വരുത്തി തീർക്കുക കൂടിയാണ് ഇവർ ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ വിമർശനങ്ങളെയും മുന്നണി രാഷ്ട്രീയത്തിന്റെ ബൈനറിയിൽ പെടുത്തി, മറ്റൊരു വിമർശനം പോലും യഥാർത്ഥത്തിൽ ഇല്ലെന്ന് വരുത്തി തീർക്കുന്ന രാഷ്ട്രീയ യുക്തിയാണ് വലതുപക്ഷത്തിന്റെ ആരാധകരായ "ഇടതു' വിമർശകർ നടത്തികൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പലരുടെയും രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നുവെന്ന് മാത്രം.▮