അതിസങ്കീർണമായ അനുഭവങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കുറച്ചു ദിവസങ്ങളായി പലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത അതിക്രമങ്ങൾ ഒരു ജീവിവർഗമെന്ന നിലയിൽ മനുഷ്യരിൽ സ്വാഭാവികമായും ഉണ്ടെന്നു നാം കരുതുന്ന അടിസ്ഥാനപരമായ പല സ്വഭാവവിശേഷങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂലമായ വ്യതിയാനത്തിലേക്കുള്ള സൂചന കൂടിയാണ്.
മനുഷ്യന്റെ അതിക്രമങ്ങൾ ദിനേനയെന്നോണം കൂടുതൽ രൗദ്രഭാവം ആർജ്ജിക്കുകയാണ്. ഇത് ഒരു സമൂഹമെന്ന നിലയിലുള്ള മനുഷ്യന്റെ നിലനിൽപ്പിനെയും കെട്ടുറപ്പിനെയും അടിമുടി മാറ്റിമറിക്കുന്ന തരത്തിലേക്ക് വളരുമെന്നാണ് പല ചിന്തകരും മുന്നറിയിപ്പ് നൽകുന്നത്. അന്തർദേശീയ തലത്തിൽ നടമാടുന്ന ഇത്തരം അനുഭവങ്ങളുടെ കൂടിയോ കുറഞ്ഞോ ഉള്ള വക ഭേദങ്ങളാണ് പ്രാദേശിക-ദേശീയ തലങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന അതിക്രമവും ആ ദുരന്തത്തെ മുൻനിർത്തി സമൂഹത്തിൽ വിഭാഗീയതയും വെറുപ്പും ഉണ്ടാക്കാൻ ചിലർ നടത്തിയ ശ്രമങ്ങളും അതിന്റെ പ്രാദേശിക ഉദാഹരണങ്ങളാണ്. ചെറുതാണെങ്കിൽ പോലും പടിപടിയായി വളർന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ നമ്മെ കൂടുതൽ ജാഗരൂകരാക്കണം. ഛിദ്രീകരണ ശ്രമങ്ങളെ അതിജയിച്ച് കേരളം ഒറ്റമനസ്സായി മുന്നേറുമെന്നുള്ള കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന സർവകക്ഷി യോഗത്തിന്റെ ആഹ്വാനം നിത്യജീവിതത്തിൽ നാം കൈവരിക്കേണ്ട ആ ജാഗ്രതയെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. ആ ഓർമപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മലയാളികൾ ഇത്തവണ കേരളപ്പിറവി ആഘോഷിക്കുന്നത്.
മലയാള ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനമായി 1956- ൽ കേരളം രൂപപ്പെടുമ്പോൾ നമ്മുടെ മുന്നിൽ നാനാവിധ വെല്ലുവിളികളുണ്ടായിരുന്നു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ, ഭൂപ്രദേശങ്ങൾ, അവരുടെ വ്യത്യസ്തമായ ആവശ്യങ്ങളും താല്പര്യങ്ങളും. ഇതിനെയെല്ലാം അഭിമുഖീകരിച്ച് എങ്ങനെ ഒരു ഐക്യകേരളം സാധ്യമാക്കും എന്നതായിരുന്നു ആ വെല്ലുവിളിയുടെ മർമ്മം. ആ വെല്ലുവിളിയെ മറികടക്കാനുള്ള മലയാളികളുടെ കൂട്ടായ പരിശ്രമങ്ങളാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, സൗഹാർദ്ദം തുടങ്ങി സാമൂഹിക വികസന മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു പ്രദേശമായി ഇക്കാലയളവിൽ കേരളം മാറി.
മലയാളികൾ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ തന്നെയാണിവ. പല സാമൂഹിക വികസന മാനദണ്ഡങ്ങളുടെ കാര്യത്തിലും കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലാണ്. അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലുമതെ. എന്നാൽ സാമൂഹികവും പ്രാദേശികവുമായ അസമത്വങ്ങളെ സൂക്ഷ്മതലത്തിൽ വിലയിരുത്തിക്കൊണ്ടുള്ള ആനുപാതിക വിഭവ വിതരണം കൂടി സാധ്യമായാൽ മാത്രമേ ഈ നേട്ടങ്ങളെ ഒരു സുസ്ഥിര വികസന പ്രക്രിയയായി മാറ്റാൻ നമുക്ക് കഴിയുകയുള്ളൂ. ആ നിലക്കുള്ള വികസന കാഴ്ചപ്പാടുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടു മുന്നോട്ടു പോകാനായിരിക്കണം ഇനിയുള്ള നമ്മുടെ ശ്രദ്ധയും പരിശ്രമവും.
1947- ൽ ബ്രിട്ടീഷുകാരിൽ നിന്ന് നാം നേടിയെടുത്തത് രാഷ്ട്രീയസ്വാതന്ത്ര്യമാണ്. നമ്മുടെ ഭാവി തീരുമാനിക്കാനുള്ള സ്വയം നിർണയാവകാശമാണ് നാം അതിലൂടെ നേടിയെടുത്തത്. എന്നാൽ അടിസ്ഥാനപരമായ സ്വാതന്ത്ര്യം സാധ്യമാകുന്നത് വികസനത്തിലൂടെയാണ്. ഓരോ മനുഷ്യരും, സമൂഹങ്ങളും പ്രദേശങ്ങളും സ്വയം പര്യാപ്തമായിത്തീരും വിധത്തിൽ വികസനമെന്ന ബൃഹത്തായ ആശയത്തെ പ്രായോഗവത്കരിക്കുമ്പോഴാണ് ആ സ്വാതന്ത്ര്യം സ്വായത്തമാവുക. രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ആ നിലക്ക് പരിവർത്തനം ചെയ്യാൻ പൂർണാർത്ഥത്തിൽ കഴിഞ്ഞിട്ടുണ്ടോ എന്നത് നാം സ്വയം വിമർശനാത്മകമായി ഉന്നയിക്കേണ്ട ചോദ്യമാണ്. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ പല നിലക്കും കേരളം മുന്നോട്ടു പോയിട്ടുണ്ട് എന്നത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്താൽ നമുക്ക് മനസ്സിലാകും. കേരളത്തിനു പുറത്ത് വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മിക്കപ്പോഴും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്നുതന്നെ തുടങ്ങേണ്ടി വരുന്നു. ഒരു കുട്ടിയെ സ്കൂളിലെത്തിക്കാൻ ആ കുട്ടിയുടെ വീട്ടിലെ പ്രശ്നങ്ങൾ വരെ പരിഹരിച്ചുവേണം തുടങ്ങാൻ എന്നതാണ് മർകസിന്റെ അനുഭവം. അക്കാര്യങ്ങളിൽ മലയാളികൾ ഭാഗ്യവാന്മാരാണ്.
സൗഹാർദ്ദപരമായ സാമൂഹികാന്തരീക്ഷമാണ് ഇത്തരം സൗഭാഗ്യങ്ങളുടെ അടിസ്ഥാന പ്രേരണ. സൗഹൃദം ഉള്ളിടത്തേ വികസനം സാധ്യമാകൂ. സൗഹൃദം എന്നതിനെ പൊതുവിൽ സാമുദായിക സൗഹൃദം എന്ന നിലക്കാണ് നാം പരിചയപ്പെടുത്താറുള്ളത്. എന്നാൽ നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഛിദ്രതകൾ സാമുദായിക പശ്ചാത്തലങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതല്ല. അങ്ങനെ മാത്രം മനസ്സിലാക്കാൻ ശ്രമിക്കുന്നതും അതിനൊക്കെ മതങ്ങളെ പഴിചാരുന്നതും നാം നേരിടുന്ന പ്രശ്നങ്ങളെ യഥാവിധി പരിഹരിക്കാൻ സഹായിക്കില്ലെന്നു മാത്രമല്ല, യഥാർഥ പ്രശനങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള എളുപ്പ മാർഗ്ഗങ്ങളായിത്തീരുകയേ ഉള്ളൂ. പ്രാദേശികവും രാഷ്ട്രീയപരവും വർഗപരവുമായ ഛിദ്രതകൾ വരെ അക്കൂട്ടത്തിലുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുടെ പ്രേരണയും പശ്ചാത്തലങ്ങളും മറ്റു പലതുമാണ്. സാമുദായിക സംഘർഷങ്ങൾ എന്ന പേരിൽ നാം പുറമേക്ക് കാണുന്നവയുടെ അടിസ്ഥാന കാരണങ്ങൾ പലപ്പോഴും മതമോ സമുദായങ്ങളോ അല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹികവ്യവസ്ഥയായി നമ്മുടേത് വേഗത്തിൽ മാറുകയാണ്. ഇങ്ങനെ നമ്മുടെ സാമുഹിക രൂപീകരണ പ്രക്രിയ ദിനേന അതിസങ്കീർണമാകുന്നു. സൗഹാർദ്ദപരമായ സാമൂഹികാന്തരീക്ഷം എന്നതിനെ ഈ അതിസങ്കീർണമായ പശ്ചാത്തലത്തിൽ വേണം നാം മനസ്സിലാക്കാൻ. കാരുണ്യമെന്ന ഭാവത്തെ വീണ്ടെടുക്കുന്നതിലൂടെ മാത്രമേ സൗഹാർദ്ദത്തിന്റെ വിശാലമായ താല്പര്യം കൈവരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
കടലും മലയോര പ്രദേശങ്ങളുമാണ് കേരളത്തിന്റെ പ്രധാന അതിർത്തികൾ. പ്രകൃതിസമ്പത്തുകൊണ്ട് സമ്പന്നമാണ് നമ്മുടെ നാടും കാടും കടലും. കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ ഈ പ്രകൃതിവിഭവങ്ങളുടെ ലഭ്യതയിൽ വലിയ കുറവു വരുത്തും എന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നത്. സമീപ കാലത്തുണ്ടായ പ്രളയവും വരൾച്ചയും ഈ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന അനുഭവങ്ങളാണ്. മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനത്തിൽ നിന്നു മാറി, പ്രകൃതിയെ, അതുൾക്കൊള്ളുന്ന വിശാലമായ പ്രപഞ്ചത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള കാഴ്ചപ്പാടുകളിലേക്ക് ലോകമാകെ മാറിക്കൊണ്ടിരിക്കുകയാണ്.
ഭൂമിയാണ് വാസകേന്ദ്രമെന്നും മനുഷ്യനാണ് അവിടുത്തെ അധിപനെന്നുമുള്ള കാഴ്ചപ്പാടായിരുന്നു നമ്മുടെ ഭൂതകാലത്തെ ഭരിച്ചുകൊണ്ടിരുന്നത്. അതിൽ നിന്നു മാറി പ്രവിശാലമായ ഒരു പ്രപഞ്ച വീക്ഷണത്തിലൂടെ ഭൂമിയെയും മനുഷ്യനെയും മനസ്സിലാക്കാനാണ് നാം ഇപ്പോൾ ശ്രമിക്കുന്നത്. ഈ തിരിച്ചറിവ് മനുഷ്യന്റെ സുസ്ഥിരമായ നിലനിൽപ്പിനെ സംബന്ധിച്ച് പ്രധാനമാണ്. നാം ഇതുവരെയും അഭിമുഖീകരിക്കാത്ത, ഇതുവരെയും നാം മനസ്സിലാക്കാൻ ശ്രമിക്കാത്ത, നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത, നാം കാണാതിരുന്ന പല ചോദ്യങ്ങളേയും അഭിമുഖീകരിക്കാൻ ഈ തിരിച്ചറിവ് നമ്മെ സഹായിക്കും.
നാനാവിധത്തിലുള്ള ഇത്തരം തിരിച്ചറിവുകളിലൂടെ യാത്ര ചെയ്യാൻ നമ്മുടെ കേരളത്തിനു കഴിയട്ടെ.